'മോദിണോമിക്സ്':
ഡാറ്റകളുടെ അന്ധകാര യുഗം

‘‘ദാരിദ്ര്യത്തെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളില്ല; അതുകൊണ്ടുതന്നെ ദാരിദ്ര്യവുമില്ല'' (There is no poverty data; Therefore no poverty)- സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ തിങ്ക് ടാങ്കുകളിലൊരാളായ യാമിനി അയ്യര്‍, 2023 ഏപ്രില്‍ 30ന്, ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തില്‍ എഴുതിയ ഓപ്- എഡ് ആര്‍ട്ടിക്കളിന്റെ തലക്കുറിപ്പാണിത്.

പട്ടിണിയെ മാത്രം സംബന്ധിച്ച കാര്യമല്ലിത്. രാജ്യത്തിന്റെ സാമ്പത്തിക- സാമൂഹിക വികാസ സൂചിക തയ്യാറാക്കുന്നതിന് നിര്‍ബന്ധമായും നടത്തിയിരിക്കേണ്ട പല സര്‍വ്വേകളും സമയബന്ധിതമായി നടത്താതെ രാജ്യത്തെ സ്ഥിതിവിവര കണക്കുകളുടെ അന്ധകാര യുഗത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുകയാണ് മോദി സര്‍ക്കാര്‍.

യാമിനി അയ്യര്‍

ലോകത്തിനുതന്നെ അത്ഭുതമായി മാറിയിരുന്ന ഇന്ത്യയുടെ കാനേഷുമാരി (censuss) 2011-നുശേഷം നടന്നിട്ടില്ലെന്ന് നമുക്കറിയാം. ഇത്രയും വിശാലമായ ജനസംഖ്യാ കണക്കെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതെന്തുകൊണ്ടെന്നതിന് സര്‍ക്കാര്‍ നാളിതുവരെ യാതൊരു ഉത്തരവും നല്‍കിയിട്ടില്ല. 1881 മുതല്‍ക്ക് വളരെ കൃത്യതയോടെ നടന്നുകൊണ്ടിരിക്കുന്ന പൊതുകണക്കെടുപ്പിനാണ് സര്‍ക്കാര്‍ കടിഞ്ഞാണിട്ടിരിക്കുന്നത്

മറ്റൊരു സര്‍വ്വേ മേഖല ഉപഭോക്ത ചെലവുമായി ബന്ധപ്പെട്ടതാണ്. ജനങ്ങള്‍ക്കിടയിലെ ദാരിദ്ര്യത്തിന്റെ തോത് കണക്കാക്കുന്നതിന് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട സുപ്രധാന ഡാറ്റാ സെറ്റുകളില്‍ ഒന്നാണ് ഉപഭോക്തൃ ചെലവ് സര്‍വ്വേ അഥവാ കണ്‍സ്യൂമര്‍ എക്സപെന്‍ഡിച്ചര്‍ സര്‍വ്വേ (Consumer Exprentiture Survey- CES). ഇതുമായി ബന്ധപ്പെട്ട് നിലവില്‍ ഔദ്യോഗികമായി ഉപയോഗപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകള്‍ 2011-12 കാലയളവില്‍ നടത്തിയ സര്‍വ്വേയിലേതാണ്. അതിനുശേഷം ഈ രംഗത്ത് യാതൊരു സര്‍വ്വേയും നടത്തിയിട്ടില്ല.

ജനസംഖ്യാ കണക്കെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതെന്തുകൊണ്ടെന്നതിന് സര്‍ക്കാര്‍ നാളിതുവരെ യാതൊരു ഉത്തരവും നല്‍കിയിട്ടില്ല. / Photo: wallpaperflare

മൂന്നാമത്തെ മേഖല, രാജ്യവ്യാപകമായി നടത്തുന്ന സാമൂഹിക- സാമ്പത്തിക- ജാതി സെന്‍സസ് (Socio-Economic-Caste Censuss) ആണ്. ഈ സര്‍വ്വേ ഏറ്റവും ഒടുവിലായി നടത്തിയത് 2011-12 ലാണ് 2017 -18 വര്‍ഷത്തില്‍ ഇതുമായി ബന്ധപ്പെട്ട സര്‍വ്വേ നടക്കുകയുണ്ടായെങ്കിലും ഡാറ്റാ ഗുണനിലവാരത്തെ സംബന്ധിച്ച ആശങ്കകള്‍ കാരണം സര്‍വ്വേ മന്ത്രാലയം (Ministry of Statistical and Program Implementation-MoSPI) അത് ഉപയോഗപ്പെടുത്തുകയുണ്ടായില്ല.

കൃത്യവും കാലാനുസൃതവുമായ സ്ഥിതിവിവരക്കണക്കുകളുടെ അഭാവം ഉപഭോക്തൃ വില സൂചിക, ദാരിദ്ര സൂചിക എന്നിവ കണക്കാക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നത് സംശയരഹിതമായ കാര്യമാണ്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വേ കമ്മീഷനെപ്പോലുള്ള സ്വയംഭരണാധികാര സ്വഭാവമുള്ള സ്ഥാപനങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാർ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വേ കമ്മീഷനില്‍ നിന്നും രണ്ട് അംഗങ്ങള്‍ രാജിവെച്ചത് വിവാദമായിരുന്നത് ഓര്‍ക്കുക. കമ്മീഷനിലെ അനൗദ്യോഗിക അംഗങ്ങളായ പി.സി. മോഹനന്‍, ജെ.വി. മീനാക്ഷി എന്നിവര്‍ 2019-ല്‍ തല്‍സ്ഥാനം രാജിവെക്കുകയായിരുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം സംബന്ധിച്ച ബാക് സീരീസ് ഡാറ്റ പുറത്തുവിടുന്ന കാര്യത്തില്‍ നിതി ആയോഗ് ഇടപെടുന്നതിലും പി.സി. മോഹനന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

പി.സി. മോഹനന്‍, ജെ.വി. മീനാക്ഷി

2018 ഡിസംബറില്‍, ദേശീയ സാമ്പ്ള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ (NSSO) നടത്തിയ തൊഴില്‍ സര്‍വേ റിപ്പോര്‍ട്ട് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗീകരിച്ചുവെങ്കിലും ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ ആ റിപ്പോര്‍ട്ട് തടഞ്ഞുവെക്കുകയായിരുന്നു. ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്കില്‍ വര്‍ദ്ധനവ് കാണിക്കുന്നതായിരുന്നു ആ ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ (Periodic Labour Force Survey-PLFS) റിപ്പോര്‍ട്ട്. ഇതിന്റെ നിര്‍ണ്ണായക കണ്ടെത്തലുകള്‍ പത്രങ്ങള്‍ക്ക് ലഭിക്കുകയും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് (2019 ജനുവരി 30) അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കരട് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അന്നത്തെ നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് അവകാശപ്പെട്ടുവെങ്കിലും സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ ആക്ടിംഗ് ചെയര്‍മാന്‍ പദവിയിലുണ്ടായിരുന്ന പി. സി. മോഹനന്‍ റിപ്പോര്‍ട്ടിന് തന്റെ അംഗീകാരമുണ്ടെന്നുപറഞ്ഞ് അമിതാബ് കാന്തിന്റെ അഭിപ്രായത്തെ ഖണ്ഡിക്കുകയുണ്ടായി.

പണപ്പെരുപ്പം, ദാരിദ്ര്യം എന്നിവയുടെ തോത് കണക്കാക്കുന്നത് ഉപഭോക്തൃമേഖലയിലെ ചെലവ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ടുതന്നെ, സര്‍വേ ഫലങ്ങള്‍ പുറത്തുവിടാതെ മൂടിവെച്ചതിനാല്‍ കൃത്യമായ ഇതുസംബന്ധിച്ച് തയ്യാറാക്കാനും സാധ്യമല്ല.

ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്കില്‍ വര്‍ദ്ധനവ് കാണിക്കുന്നതായിരുന്നു തടഞ്ഞുവെക്കപ്പെട്ട ആ ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ട്. / Photo: ruralindiaonline.org

സര്‍വേയില്‍ സംഭവിച്ച പിഴവെന്താണെന്ന് വ്യക്തമാക്കാന്‍ MoSPI- ക്ക് കഴിഞ്ഞില്ല. പക്ഷേ സര്‍വ്വേയുടെ ഗുണനിലവാരത്തേക്കാള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ബാധിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് സര്‍വ്വേ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് പകല്‍പോലെ വ്യക്തമായ കാര്യമാണ്.

2019 നവംബറില്‍, ഗ്രാമീണ ഉപഭോഗവുമായി ബന്ധപ്പെട്ട മറ്റൊരു വിവാദവും മാധ്യമങ്ങളില്‍ കത്തിപ്പടരുകയുണ്ടായി. 2011-2012 കാലയളവ് തൊട്ട് ഗ്രാമീണ മേഖലയിലെ ഉപഭോഗം കുറഞ്ഞതായി 2017- 2018 ലെ ഗാര്‍ഹിക ഉപഭോക്തൃ ചെലവ് സര്‍വേ (സി ഇ എസ്) ഫലം കാണിക്കുന്നുവെന്നായിരുന്നു ആ വിവാദം.

വ്യാവസായിക ഉല്‍പ്പാദന സൂചികയും (Industrial Production Index- IPI) മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും (Gross Domestic Production-GDP) തുടങ്ങിയ സുപ്രധാന സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കുന്ന രീതിശാസ്ത്രത്തെ സംബന്ധിച്ച് സാമ്പത്തിക വിദഗ്ദ്ധര്‍ക്കിടയിലെ വിവാദം വര്‍ഷങ്ങളായി തുടരുകയാണ്. (കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം ഉയര്‍ത്തിയ വിഷയങ്ങള്‍ നേരത്തെ എഴുതിയത് കാണുക).

സുപ്രധാന സര്‍വ്വേകള്‍ നടത്താതെ സ്ഥിതിവിവരക്കണക്കുകളുടെ അന്ധകാരയുഗത്തിലേക്ക് രാജ്യത്തെ നയിക്കുന്നതില്‍ഭരണകൂടത്തെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്? വളരെ സുവ്യക്തമായും നമുക്കെത്തിച്ചേരാവുന്ന നിഗമനങ്ങളിലൊന്ന് രാജ്യത്തെ സാമൂഹിക-സാമ്പത്തിക മേഖലകളിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ സ്ഥിതിവിവരക്കണക്കുകളിലൂടെ പുറത്തെത്തിക്കാതിരിക്കുക എന്നതുതന്നെ. പട്ടിണിയും തൊഴിലില്ലായ്മയും ഇല്ലാതാക്കാന്‍ കഴിയില്ലെങ്കില്‍ അതുസംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിയുമല്ലോ.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments