നവ ലിബറലിസം:സർവാരാധനയുടെ പുറകിലെ
​രാഷ്​ട്രീയം

പ്രത്യയശാസ്ത്രപരമായി പല ചേരികളിലാണെങ്കിലും, നവ ലിബറൽ വികസന - സാമ്പത്തിക പദ്ധതികളോട് ഏവരും ഐക്യപ്പെട്ടിരിക്കുന്നു. അങ്ങനെ, നവ ലിബറലിസം എന്നാൽ കാലം കാത്തിരുന്ന അജയ്യമായ സാമ്പത്തിക വ്യവസ്ഥ എന്ന ആശയം ആവർത്തിച്ചു സമൂഹഹൃദയത്തിൽ ഉറപ്പിക്കപ്പെടുന്നു. വികസനത്തിന്റെ കാര്യത്തിൽ ‘ഞങ്ങൾക്ക് രാഷ്ട്രീയമില്ല’ എന്ന പൊതുസമ്മതി രൂപപ്പെടുത്തിയെടുക്കുന്ന നവ ലിബറലിസത്തിന്റെ പല തലങ്ങളിലുള്ള ഇടപെടലുകളെക്കുറിച്ച്​ ഒരു വിമർശന പഠനം.

ഗോളീകരണം എന്ന ചെല്ലപ്പേരിൽ ലോകം താലോലിക്കുന്ന നവ ലിബറലിസം നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത് പുത്തൻ സാമ്പത്തികപരിഷ്‌ക്കാരങ്ങൾ എന്ന മട്ടിലാണ്. ലോകരാഷ്ട്രങ്ങൾ സമ്പദ്ഘടനയിൽ വരുത്തിയ പൊളിച്ചെഴുത്തുകൾ എന്ന നിലയിൽ, തികച്ചും കാലോചിതവും അനിവാര്യവുമായ സാമ്പത്തിക പുരോഗമന നടപടിയായി നവ ലിബറലിസം പരക്കെ അംഗീകൃതമായിരിക്കുന്നു. സർവ്വവ്യാപിയും സർവാരാധ്യവുമായ ഈ ആഗോള വ്യവസ്ഥയെ മുതലാളിത്ത അമേരിക്കയും കമ്യൂണിസ്റ്റ് ചൈനയും ഒരേ പോലെ ആശ്ലേഷിക്കുന്നതെന്തു കൊണ്ട്? ഇസ്​ലാമിക് സ്റ്റേറ്റ് വാദികളും മതശത്രുവായ സി. രവിചന്ദ്രനും, കെ. റെയിലിന്​ സ്വാഗതമരുളുന്ന ദലിത് ഇടതുപക്ഷക്കാരനായ കെ.കെ. കൊച്ചും, കവി എസ്. ജോസഫും വിഴിഞ്ഞം പോർട്ടിനായോ ചുങ്കം പിരിക്കുന്ന ഹൈവേക്കായോ ഒന്നിക്കുന്ന എല്ലാ പാർട്ടികളും നവ ലിബറൽ സാമ്പത്തിക നയങ്ങളെ ചരിത്രത്തിന്റെ അനിവാര്യതയായോ ആവശ്യകതയായോ അനിഷേധ്യതയായോ ശിരസ്സാവഹിച്ച്​ അതിന്റെ സാമന്തന്മാരായി തീർന്നിട്ടുള്ളതെന്തുകൊണ്ട്? എന്തുകൊണ്ടാണ് വികസനത്തിന്റെ കാര്യത്തിൽ ‘ഞങ്ങൾക്ക് രാഷ്ട്രീയമില്ല’ എന്ന്​ശശി തരൂരും പിണറായി വിജയനും നിതിൻ ഗഡ്ഗരിയും തോളോടു തോളുരുമി ഒരേപോലെ പറയുന്നത്? അതായത്, പ്രത്യയശാസ്ത്രപരമായി പല ചേരികളിലാണെങ്കിലും, നവ ലിബറൽ വികസന - സാമ്പത്തിക പദ്ധതികളോട് ഏവരും ഐക്യപ്പെട്ടിരിക്കുന്നു. അങ്ങനെ, നവ ലിബറലിസം എന്നാൽ കാലം കാത്തിരുന്ന അജയ്യമായ സാമ്പത്തിക വ്യവസ്ഥ എന്ന ആശയം ആവർത്തിച്ചു സമൂഹഹൃദയത്തിൽ ഉറപ്പിക്കപ്പെടുന്നു.

‘ഋതുവായ പെണ്ണിനും തെണ്ടിക്കും ചുടലപ്പണിക്കാരനും ആഭാസനും അഗ്‌നിഹോത്രിക്കും ഹരിനാമകീർത്തനം ചൊല്ലാം’ എന്ന് എഴുത്തച്ഛൻ പാടിയ പോലെ, മതവാദിക്കും മതേതരർക്കും മതവിരോധിക്കും മാനുഷികമായ ഉല്പാദന അനിവാര്യതയായി, കറൻസിയെന്ന പോലെയോ ഭക്ഷണമെന്ന പോലെയോ ജീവവായു പോലെയോ പ്രത്യയശാസ്ത്രനിരപേക്ഷമായി നവലിബറലിസം വികസനത്തിന്റെ കീർത്തനമാലയാണിപ്പോൾ. അത് അത്രമേൽ നിഷ്പക്ഷവും സർവ്വോപകാരദായകവും, ഒരു ചെടിയുടെ പ്രകൃത്യാലുള്ള വളർച്ച പോലെ അത്രമേൽ സ്വാഭാവികവുമായി എല്ലാവർക്കും അനുഭവപ്പെടുകയാണിന്ന്.

നവ ലിബറൽ വികസന - സാമ്പത്തിക പദ്ധതികളോട് ഏവരും ഐക്യപ്പെട്ടിരിക്കുന്നു. അങ്ങനെ, നവ ലിബറലിസം എന്നാൽ കാലം കാത്തിരുന്ന അജയ്യമായ സാമ്പത്തിക വ്യവസ്ഥ എന്ന ആശയം ആവർത്തിച്ചു സമൂഹഹൃദയത്തിൽ ഉറപ്പിക്കപ്പെടുന്നു. Photo : Kerala Rail Development Corporation Limited, FB page

എന്നാൽ, 1980 കളിൽ ചരിത്രത്തിന്റെ അനിവാര്യതയെന്ന വിധം വന്നു ചേർന്ന സർവ്വാശ്ലേഷിയായ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ എന്ന നിലയ്ക്കപ്പുറം നവ ലിബറലിസം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും അതിന്റെ തത്വചിന്തയുമാണ്. ഈ പ്രത്യയശാസ്ത്രത്തിനകത്താണ് മത്സ്യം വെള്ളത്തിലെന്നപോലെ ലോകം സഞ്ചരിക്കുന്നത്. അഥവാ ഭൂഗോളത്തെ പൊതിഞ്ഞ നവ ലിബറൽ വായുമണ്ഡലത്തിലൂടെയാണ് ഇന്നു ഞാൻ എന്നെയും അപരലോകത്തെയും അനുഭവിക്കുന്നത്. ലോകത്തെ നോക്കി കാണുന്ന ഒരു ബോധമണ്ഡല പദ്ധതിയെന്ന നിലയിൽ നവ ലിബറലിസത്തെ തിരിച്ചറിയുമ്പോൾ നാം നമ്മെ തന്നെ മനസ്സിലാക്കാൻ തുടങ്ങുന്നു. നവ ലിബറലിസം നമ്മളെ ഊട്ടി വളർത്തുന്നതിനാലും, നാം തിരികെ നന്ദിപൂർവ്വം അതിനായി അതിലപ്പുറം സമർപ്പിക്കുന്നതിനാലും, അങ്ങനെ അതും നമ്മളും രണ്ടല്ലാത്തതിനാലും, അതിന്റെ ഗർഭപാത്രത്തിൽ നിന്ന്​ പുറത്തുവരുക അത്ര എളുപ്പമല്ലാതെയുമായിരിക്കുന്നു. നമ്മൾ നിയോ ലിബറലിസത്തിന്റെ നിത്യകാമുകരാണ്.

ഭരണകൂടം പ്രതിക്കൂട്ടിൽ

രാക്ഷസാകാരം പൂണ്ട്, മനുഷ്യന്റെ അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും ചവച്ചു തുപ്പുന്ന ഭരണകൂട ഭീകരതയിൽ നിന്ന്​ ലോകജനതയെ മോചിപ്പിക്കുക എന്നതായിരുന്നു നവ ലിബറലിസത്തിന്റെ രാഷ്ട്രീയവാഗ്ദാനം. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ കെട്ടിപ്പടുത്ത്, തുടർന്ന് കമ്യൂണിസ്റ്റ് സ്വർഗ്ഗത്തിലെത്തുമ്പോൾ ഭരണകൂടം തന്നെ കൊഴിഞ്ഞു വീണ് മനുഷ്യർ സ്വതന്ത്രരാകും എന്നായിരുന്നല്ലോ കാൾ മാർക്‌സ് പ്രവചിച്ചത്.

കാൾ മാർക്സ്

എന്നാലോ, പരലോകത്ത് ദൈവത്തിന്റെ മടിയിലിരിക്കണമെങ്കിൽ, ഇഹലോകത്ത് സ്വയം ത്യജിക്കണമെന്നു മതങ്ങൾ ആവശ്യപ്പെടുന്നതുപോല, ഭരണകൂടത്തിന്റെ ചൊൽപ്പടിക്ക്​ നിശ്ശബ്ദം ക്യൂ നിന്നാലേ സോഷ്യലിസവും തുടർന്നുള്ള ഭരണകൂടരഹിത പ്രഭാതവും പൊട്ടി വിരിയൂ എന്നതായിരുന്നു 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ മനുഷ്യയാതന. എന്നാൽ ഇത്തരം ചാട്ടവാറടികളോ കൊല്ലാക്കൊലകളോ നിരോധനങ്ങളോ കുഴിച്ചുമൂടലുകളോ ഭരണകൂടത്തിൽ നിന്ന്​ പൗരഗണങ്ങൾ അനുഭവിക്കാതെ തന്നെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പറുദീസയിലേക്ക്​ ഉടലോടെ ആരോഹണം സാധ്യമാകുന്നു എന്നതാണ് നവ ലിബറലിസത്തിന്റെ പ്രേമവശ്യത. സ്റ്റാലിന്റെയോ ഹിറ്റ്‌ലറുടെയോ ഭരണകൂട നരഹത്യയില്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തിന്റെ കൈയെത്തും ദൂരമായി നവ ലിബറലിസം ഹതാശമായ ഹൃദയങ്ങളെ പുളകിതരാക്കി. ആരാണ് ആധുനിക ലോകത്തിന്റെ ശത്രു എന്നു ചോദിച്ചാൽ, നമ്മുടെ ഉള്ളിൽ ഉത്തരത്തിന് പറ്റിയ വാക്കു കിട്ടാതെ നാം പതറുമ്പോൾ, നവ ലിബറലിസം നമ്മെ തുണയ്ക്കുകയും, സോവിയറ്റ് റഷ്യയെയും ജർമ്മൻ മതിലിനെയും ചൂണ്ടിക്കാട്ടി പറയുകയും ചെയ്യും, ഭരണകൂടമാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെയും അവസാനത്തെയും ശത്രു.

ഒരേ സമയം നവ ലിബറലിസം മതനിഷേധിയായ ചൈനക്കും മതരാഷ്ട്രമായ സൗദി അറേബ്യയ്ക്കും തർക്കമേതുമില്ലാതെ പ്രതിശ്രുത വധുവാണ്. കാരണം ദൈവത്തിനും ഭരണകൂടത്തിനും അതീതമായ ഒരേയൊരു പ്രപഞ്ച സത്യമാണ് നവ ലിബറലിസത്തിൽ മാർക്കറ്റ് .

മനുഷ്യകർമങ്ങളെ പാവകളിയിലെന്നപോലെ പിന്നിൽ നിന്ന്​ നൂലുകൾ കൊണ്ട് സ്റ്റേറ്റ് നിയന്ത്രിക്കുന്നതിനെ നവ ലിബറലിസം എതിർക്കുന്നു. മനുഷ്യർ സ്വേച്ഛാപരമായി ചരിക്കട്ടെ. അർഹതയുള്ളവ അതിജീവിക്കട്ടെ. അതുകൊണ്ടാണ്, ഭരണകൂടത്തോട് തങ്ങളെ രക്ഷിക്കണമെന്നുപറഞ്ഞ് കർഷകർ സമരത്തിനിറങ്ങിയപ്പോൾ, നവ ലിബലറലിസത്തിന്റെ നാസ്തികരൂപമായ രവിചന്ദ്രൻ, അതിനെ അപലപിച്ച്​ തൽക്ഷണം വീഡിയോ ഇറക്കിയത്. അർഹതയുള്ളവർ അതിജീവിക്കട്ടെ, പ്രകൃതി നിർദ്ധാരണത്താൽ കരുത്തുറ്റ തലമുറകളുടെ ഭാവിനിര ഉണ്ടാകട്ടെ. അതാണ് പരിണാമശാസ്ത്രത്തിന്റെ ഒന്നാംപാഠം. ഒറ്റക്കാലുകാരും ഇരുകാലുകാരും ഒന്നിച്ചോടട്ടെ, നല്ല ഇരുകാലികളെ പ്രകൃതി നിർദ്ധരിച്ചെടുക്കട്ടെ, നാളെ ബലിഷ്ഠരായ ഇരുകാലി സമൂഹം പ്രാപ്യമാകട്ടെ.

കർഷക സമരത്തിനെതിരെ സി. രവിചന്ദ്രൻ നടത്തിയ യൂട്യൂബ് പ്രഭാഷണത്തിൽ നിന്ന്

സർക്കാർ പരിരക്ഷകളും എഫ്.സി.ഐ. ഭക്ഷ്യസംഭരണവും താങ്ങുവിലയും എടുത്തുകളഞ്ഞ്, ആ കളത്തിൽ കർഷകരും അദാനിയും നേർക്കുനേർ വിലപേശട്ടെ. കാരണം പ്രകൃതിനിർദ്ധാരണത്തിന്റെ സ്വാഭാവിക വളർച്ചയാണ് മാർക്കറ്റ്. പ്രകൃതിയും മാർക്കറ്റും അതിനാൽ ഒരേ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുമ്പോൾ സ്വതന്ത്ര ലോകം സാക്ഷാത്ക്കരിക്കപ്പെടുന്നു. പ്രകൃതി അതിന്റെ തന്നെ നിയമങ്ങളാൽ സ്വയം ചരിക്കുന്നതു പോലെ, ഓരോ ജീവകണവും (Selfish Gene) അതിജീവനത്തിനായി സ്വതന്ത്രമായി മത്സരിക്കുന്നതുപോലെ മാർക്കറ്റിനെയും പ്രകൃതിയേയും ഒന്നാക്കുന്ന, ഒന്നു മറ്റൊന്നിന്റെ തുടർച്ചയാകുന്ന ലോകവീക്ഷണമാണ് നവ ലിബറലിസം.

പ്രകൃതിശാസ്ത്രത്തിന്റെ ദയാഹീനമായ നിഷ്പക്ഷതയിൽ അഭിരമിക്കുന്ന നാസ്തിക സമൂഹവും ദൈവനീതിയുടെ വിധി വിളയാട്ടത്തിൽ മനം പൂണ്ടിരിക്കുന്ന വിശ്വാസിയും നവ ലിബറലിസത്തിന്റെ അന്ധ പ്രത്യയശാസ്ത്രത്തിൽ രണ്ടിലൊന്നാലോച്ചിക്കാതെ ആമഗ്‌നരാകുന്നു.

പ്രകൃതിയുടെ സംവിധാന പദവിയിൽ നിന്ന്​ ദൈവത്തെ പരിണാമശാസ്ത്രം നിഷ്‌ക്കാസിതമാക്കിയെങ്കിൽ എല്ലാ ദൈവനിഷേധികളോടു മാത്രമല്ല, ഈ ആധുനിക ശാസ്ത്രലോകത്ത് അതിന്റെ അത്ഭുത ഫലസിദ്ധികൾ ആസ്വദിക്കുന്നതിനാൽ, ഇഹത്തിൽ ദൈവത്തിന്റെ റോള് ശാസ്ത്രത്തിനൊപ്പിച്ചു നേർപ്പിച്ചെടുത്ത മത വിശ്വാസികളോടും നവ ലിബറലിസം പറയുന്നു, എങ്കിൽ എന്തിനാണ് ഈ ലിബറൽ ശാസ്ത്രസമൂഹത്തിൽ ഭരണകൂടം എന്ന ദൈവം? വരൂ, നാസ്തികർക്കും അസ്തികർക്കും ഒരുമിച്ചു ചേർന്ന്​ പ്രകൃതിയുടെ മറ്റൊരു പേരായ മാർക്കറ്റിൽ നിന്ന്​ ഭരണകൂടത്തെയും ഒഴിവാക്കുകയോ അതിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുകയോ ചെയ്യാം. അങ്ങനെ പ്രകൃതിയെയും മനുഷ്യപ്രകൃതിയായ മാർക്കറ്റിനെയും നിലനില്പിനായുള്ള സമരം മാത്രം ഭരിക്കട്ടെ. അതിനാൽ ഒരേ സമയം നവ ലിബറലിസം മതനിഷേധിയായ ചൈനക്കും മതരാഷ്ട്രമായ സൗദി അറേബ്യയ്ക്കും തർക്കമേതുമില്ലാതെ പ്രതിശ്രുത വധുവാണ്. കാരണം ദൈവത്തിനും ഭരണകൂടത്തിനും അതീതമായ ഒരേയൊരു പ്രപഞ്ച സത്യമാണ് നവ ലിബറലിസത്തിൽ മാർക്കറ്റ് .

കർഷക പ്രക്ഷോഭത്തിൽ നിന്ന് / Photo: Wikimedia Commons

സോഷ്യൽ നാച്വറലിസം

പ്രകൃതി ആരോടും പ്രത്യേക മമത കാട്ടാതെ ഓരോ ജീവിയെയും അതിജീവനത്തിനായി അഴിച്ചുവിട്ടിരിക്കുന്നതുപോലെ, അങ്ങനെ സഹ മത്സരാർത്ഥികളോട് പോരടിച്ചു വിജയിച്ചരുളിയ മനുഷ്യവർഗ്ഗത്തെ പോലെ, മാർക്കറ്റാകുന്ന ലോക കളത്തിൽ അതിന്റെ പ്രകൃതിനിയമങ്ങൾ മാത്രം അവശേഷിക്കുകയും, അതുവഴി കരുത്താർജ്ജിച്ചു നേടുന്നവരാൽ മാനവലോകം ഭാസുരമാകട്ടെ എന്ന കരുണാരഹിതമായ കേവല യുക്തിയുടെ പ്രത്യയശാസ്ത്രമാണ് നവലിബറലിസം. അതുകൊണ്ട് പ്രകൃതിശാസ്ത്രത്തിന്റെ ദയാഹീനമായ നിഷ്പക്ഷതയിൽ അഭിരമിക്കുന്ന നാസ്തിക സമൂഹവും ദൈവനീതിയുടെ വിധി വിളയാട്ടത്തിൽ മനം പൂണ്ടിരിക്കുന്ന വിശ്വാസിയും നവ ലിബറലിസത്തിന്റെ അന്ധ പ്രത്യയശാസ്ത്രത്തിൽ രണ്ടിലൊന്നാലോച്ചിക്കാതെ ആമഗ്‌നരാകുന്നു.

മാർക്‌സ് പറഞ്ഞതു പോലെ, ‘യൂറോപ്പിനെ കമ്യൂണിസമെന്ന ഭൂതം ബാധിക്കുന്നു' എന്നത് അന്നത്തെ ലോകം തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ, നവലിബറലിസം എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രവും അതിന്റെ ലോകവീക്ഷണവും മാനവരാശിയെ ആകെ ആവേശിച്ചത് നാം അറിയുന്നേയില്ല. അതുകൊണ്ടു തന്നെ ഈ ബാധയൊഴിപ്പിക്കാൻ നാം ചികിത്സ തേടുന്നുമില്ല. അത് അത്രമേൽ രഹസ്യമായും അദൃശ്യമായും നമ്മുടെ സാമാന്യ യുക്തിയായി തന്നെയാണ് ലോകത്തെ ചൂഴ്ന്നിരിക്കുന്നത്. സെൽഫിഷ് ജീൻ (1976) എന്ന പേരിൽ റിച്ചാഡ് ഡോകിൻസിന്റെ (Richard Dawkins) ബയോളജി പുസ്തകരൂപത്തിൽ നവലിബറലിസം യുക്തിബോധമുള്ളവരെ പിടികൂടുമെന്നും നാം കരുതുന്നില്ല.

റിച്ചാഡ് ഡോക്കിൻസ്

നമ്മളെല്ലാം ജീവശാസ്ത്രപരമായി ഓരോ ജീനിലും ‘സ്വാർത്ഥരായതിനാൽ നമുക്ക് ഉദാരമനസ്‌ക്കതയും പരോപകാരവും പഠിപ്പിക്കാം' എന്ന്​ ഡോക്കിൻസ് ജനിതക ജീവശാസ്ത്രം വെച്ച് സ്ഥാപിക്കുമ്പോൾ, (‘അരുളുള്ളവനാണു ജീവി, അരുളില്ലയതെങ്കിൽ അസ്ഥിതോൽ സിരനാറുന്നൊരുടമ്പു താനവൻ' - അനുകമ്പാദശകം - എന്ന ഗുരുവചനത്തിന്റെ കടയ്ക്കൽ കത്തി വെച്ചുകൊണ്ട് ) ജീവശാസ്ത്രത്തെ പ്രത്യയശാസ്ത്രമായും പ്രത്യയശാസ്ത്രത്തെ ജീവശാസ്ത്രമായും വേഷം മാറ്റുന്ന മാജിക് അഭ്യസ്തവിദ്യരുടെ ആധുനിക ലോകത്തിന് സ്വതസിദ്ധമായ ശാസ്ത്രാഭിമുഖ്യത്താൽ കണ്ടുപിടിക്കാനാവില്ലല്ലോ. ‘കാര്യപ്രാപ്തിയുള്ള' സ്വാർത്ഥ ജീനിനെ മർഡോക് ആയും കാർഗിലായും അദാനിയായും ഷെൽ കമ്പനിയായും മക് ഡൊണാൾഡായും അതിജീവനത്തിന്റെ മാനുഷിക രണഭൂമിയായ ലോകകമ്പോളത്തിലേക്ക് പ്രതിഷ്ഠിക്കുന്ന മൂലധനാധികാരത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് നവ ലിബറലിസം. കറൻസിയും കമ്മോഡിറ്റിയും മാത്രം തഴച്ചുവളരുന്ന മാർക്കറ്റെന്ന കാന്താരത്തിൽ സംരംഭകരായും ഉപഭോക്താക്കളായും അങ്കം വെട്ടുന്ന ഇരുസ്വത്വങ്ങളേ മനുഷ്യരെന്ന ഈ സെൽഫിഷ് പരമാണുക്കൾക്ക് നവലിബറലിസം കല്പിച്ചരുളിയിട്ടുള്ളൂ.

മാൽത്തൂസിയൻ വാദികൾ ഡാർവിനിസത്തെ വളച്ചൊടിച്ചു പടർത്തിവിട്ട പ്രത്യയശാസ്ത്രമാണ് വംശമേന്മാവാദമായും അല്ലെങ്കിൽ സോഷ്യൽ ഡാർവിനിസമായും, അർഹതയുള്ളവ അതിജീവികട്ടെ എന്ന ക്യാപ്ഷനോടുകൂടി നവലിബറലിസത്തിന്റെ അകക്കാമ്പിലും പതിച്ചുവെച്ചിരിക്കുന്നത്.

വിഭവദുർലഭമായ ഈ ലോകത്ത് , ഇരപിടിക്കാനും ഇണചേരാനും അതുവഴി വംശം വർദ്ധിപ്പിക്കാനും മത്സരിക്കുന്ന ജന്തുവർഗ്ഗത്തിലൊന്നായി മാത്രം മനുഷ്യരെ ന്യൂനീകരിച്ച്, വെറും ബയോളജിയിലേക്ക് മനുഷ്യാസ്തിത്വത്തെ സങ്കോചിപ്പിക്കുന്ന സാഹിത്യ പദ്ധതിയാണ് നവലിബറലിസം. ഇതിന്റെ പ്രഭവ ബുദ്ധികളിലൊരാളായ ജോസഫ് ടൗൺ സെൻറ്​ ( Joseph Townsend 1739 - 1816 ), ഇംഗ്ലണ്ട് ഭരണകൂടം പാവങ്ങളുടെ സംരക്ഷണം മുൻനിർത്തി ഉണ്ടാക്കിയ നിയമ (Poor Law) ത്തിനെതിരെ പറഞ്ഞതിങ്ങനെയാണ്: ‘ഒരു ദ്വീപിൽ ആടുകളെയും നായ്ക്കളെയും വിട്ടയച്ചാൽ അവയിലെ ദുർബ്ബലരെല്ലാം പ്രകൃതിനിയമത്തിനു വിധേയരായി കൊന്നു വീഴ്ത്തപ്പെടും. ഒടുവിൽ ഊർജ്ജസ്വലരും കരുത്തരും അതിജീവിക്കും.' അതുകൊണ്ട് വിശപ്പിന്റെ വറചട്ടിയിൽ നിന്ന്​ ഭരണകൂടം പാവങ്ങളെ രക്ഷപ്പെടുത്താൻ തുനിയുന്നത് പ്രകൃതിനിശ്ചയത്തിനു വിപരീതമാണ്. കാരണം വിശപ്പ് മനുഷ്യരെ അധ്വാനികളും മെരുങ്ങിയവരും മര്യാദക്കാരും വിശ്വസ്തരും മാന്യരും കീഴ്‌പ്പെട്ടവരും അനുസരണക്കാരുമാക്കി മാറ്റുന്നു. വിശപ്പ് നല്ല സമൂഹസൃഷ്ടിക്കായി പ്രകൃതി നിശ്ചയിച്ച അഗ്‌നിപരീക്ഷയായതിനാൽ, അതിൽ നിന്ന്​ പാവങ്ങളെ തുണച്ചാൽ സുന്ദരസമൂഹം എങ്ങനെ സാധ്യമാകും? പാവങ്ങൾക്കുള്ള സർക്കാർ താങ്ങുകൾ സമൂഹത്തെ തന്നെ അപകടത്തിലാക്കുമെന്ന് ജോസഫ് ടൗൺസെന്റിനൊപ്പം അന്ന് റോബർട്ട് മാൽത്തൂസും ആരോപിക്കുകയുണ്ടായി.

റോബർട്ട് മാൽത്തൂസ്, ജോസഫ് ടൗൺസെന്റ്

ദരിദ്രർ പെറ്റുപെരുകുമ്പോൾ അവരുടെ പെരുപ്പം നിയന്ത്രിച്ച്​ സമൂഹത്തെ സുസ്ഥിരമാക്കാൻ പ്രകൃതി തന്നെ ഒരുക്കുന്ന സംഹാരതന്ത്രമാണ് പട്ടിണിയും രോഗങ്ങളും ഏറ്റവും ഒടുവിൽ ക്ഷാമങ്ങളും എന്നു മാൽത്തൂസ് ജനസംഖ്യാശാസ്ത്രം സിദ്ധാന്തിച്ചു. അതിജീവന സമരത്തിലൂടെ ജീവികളിൽ അനുഗുണമായ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ പുതിയ ജീവികൾ ഉണ്ടാകുമെന്ന പരിണാമശാസ്ത്രത്തിലേക്കെത്താൻ ചാൾസ് ഡാർവിനെ ചിന്തിപ്പിക്കാൻ പോലും മാൽത്തൂസിയൻ പ്രകൃതി നിയന്ത്രണവാദം സഹായിക്കുകയുണ്ടായി. പിന്നീട് തിരികെ മാൽത്തൂസിയൻ വാദികൾ ഡാർവിനിസത്തെ വളച്ചൊടിച്ചു പടർത്തിവിട്ട പ്രത്യയശാസ്ത്രമാണ് വംശ മേന്മാവാദമായും അല്ലെങ്കിൽ സോഷ്യൽ ഡാർവിനിസമായും, അർഹതയുള്ളവ അതിജീവികട്ടെ എന്ന ക്യാപ്ഷനോടുകൂടി നവലിബറലിസത്തിന്റെ അകക്കാമ്പിലും പതിച്ചുവെച്ചിരിക്കുന്നത്.

രണ്ടാം ലോകയുദ്ധാനന്തരം ലോകരാഷ്ട്രങ്ങളിൽ പ്രബലമായി വന്ന ആധുനിക ക്ഷേമരാഷ്ട്ര ( Modern Welfare State) പദ്ധതികളെല്ലാം റദ്ദാക്കി, അവയെ മാർക്കറ്റിന്റെ മത്സരക്കളത്തിലേക്കു നിർബാധം അഴിച്ചു വിടണമെന്ന് നവലിബറലിസത്തിന്റെ താത്വികാചാര്യനായ ഫ്രെഡറിക് ഹയക് (Friedrich Hayek 1899 - 1992 ) മുന്നോട്ടു വെയ്ക്കുന്നതും, 200 വർഷം മുമ്പ് ജോസഫ് ടൗൺ സെന്റും മാൽത്തൂസും സോഷ്യൽ ഡാർവിനിസ്റ്റുകളും കൊണ്ടുവന്ന, ജീവശാസ്ത്രവും സാമൂഹ്യശാസ്ത്രവും കൂട്ടിക്കുഴച്ച അതേ തത്വവാദമത്രേ. 18-ാം നൂറ്റാണ്ടിന്റെ ഒടുവിൽ നിന്ന്​ 20-ാം നൂറ്റാണ്ടിന്റെ ഒടുവിലേക്കെത്തിയപ്പോൾ സോഷ്യൽ നാച്വറലിസം എന്ന ഈ നവലിബറൽ തത്ത്വശാസ്ത്രം ബദ്ധവൈരികളായ മതവാദികളെയും നാസ്തിക സംഘങ്ങളെയും ഇടതു വലതു രാഷ്ട്രീയത്തെയും പക്ഷ-നിഷ്പക്ഷ ചിന്തകരെയും എഴുത്തുകാരെയും ഒരേ പോലെ ആവേശിച്ചു അതിന്റെ അനുയായികളാക്കി മാറ്റിയിരിക്കുന്നു.

ഫ്രെഡറിക് ഹയക്

കാരണം നമ്മൾ ജീവിക്കുന്നത് ശാസ്ത്രയുഗത്തിലാണ്. പരിണാമ ശാസ്ത്രം, ജനിതകവിദ്യ എന്നിവയെല്ലാം അറിവിന്റെ ശ്വസനപ്രകിയയാണ് നമുക്കിപ്പോൾ. അതുകൊണ്ട് ബയോളജിയിൽ നിന്നും സോഷ്യോളജിയിലേക്കും തിരിച്ചും ഉള്ള കോൺക്രീറ്റ് പാലം അത്രമേൽ സുദൃഢമായിരിക്കുന്നു. മാത്രമല്ല ഒന്നായിത്തീർന്ന ഇരുകരകളിൽ നിന്നും രാഷ്ട്രീയദർശനത്തിലേക്കും സാമ്പത്തികശാസ്ത്രത്തിലേക്കും സർക്കാർ പോളിസികളിലേക്കുമുള്ള സഞ്ചാരമാകട്ടെ അത്രമേൽ സുഗമവും സുഖകരവുമായ വിനോദ സഞ്ചാരവുമായിട്ടുണ്ട്. ▮

(തുടരും)

Comments