ചാൾസ് ഡിക്കൻസ്

ലിബറലിസം: ശുദ്ധികലശവും​പുനഃപ്രതിഷ്ഠയും

നവ ലിബറലിസം: സർവാരാധനയുടെ പുറകിലെ ​രാഷ്​ട്രീയം- 2

താലിബാനിസമോ കമ്യൂണിസമോ ഗാന്ധിസമോ നമുക്ക് മുന്നിലെത്തുന്നത് താടിയോ കൊടിയോ തൊപ്പിയോ പൂർവ്വനിശ്ചിത ചിഹ്നങ്ങളോ വഹിച്ചാണെങ്കിൽ നവ ലിബറലിസം അരൂപിയായതിനാൽ ഏത് ശരീരവും അതിന് താവളമാണ്.

ചാൾസ് ഡിക്കൻസിന്റെ വിഖ്യാത നോവൽ ഒലിവർ ട്വിസ്റ്റ് ജനിക്കുന്നത്,19-ാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ബ്രിട്ടീഷ് ഭരണകൂടം ദരിദ്രക്ഷേമ നിയമങ്ങളിൽ (Poor Laws) വെള്ളം ചേർത്ത് സ്റ്റേറ്റിന്റെ ചുമതലയിൽനിന്ന് പിൻവാങ്ങിയതിലുള്ള പ്രതിഷേധമായിട്ടാണ്. ശാസ്ത്രകണ്ടുപിടിത്തങ്ങളും വ്യവസായ വിപ്ലവവും കൈകോർത്ത്​ ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നെറുകയിലെ തങ്കപ്പതക്കമാക്കി മിന്നിത്തിളക്കിയ കാലം. ആഡം സ്മിത്ത് പറഞ്ഞതുപോലെ, സാമ്പത്തികോന്നതി രാഷ്ട്രത്തിന്റെ പരമോന്നത ലക്ഷ്യമായി പരിലസിക്കുന്നു. ലണ്ടനിൽ, അനാഥരെയും ആലംബഹീനരെയും അവശരെയും സർക്കാർ സഹായത്താൽ സംരക്ഷിക്കുന്ന ഇടവക കേന്ദ്രമായ വർക്ക് ഹൗസിൽ, തനിക്ക് ‘അല്പം കൂടി കഞ്ഞി വേണം’ എന്ന് ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരനായ ഒലിവറിന് ക്രൂരമായ ശിക്ഷകളാണ് ഏൽക്കേണ്ടിവന്നത്.

കഥയിൽ 1830- ലാണ് അനാഥനായി ഒലിവർ പിറക്കുന്നത്. പരമ്പരാഗത പ്രഭു സമൂഹത്തെ തള്ളി മാറ്റി, ആദ്യമായി മാഞ്ചസ്റ്ററിലെയും മറ്റും വ്യവസായ പ്രമുഖർക്ക് പങ്കാളിത്തം കൈവന്ന ഇംഗ്ലീഷ് പാർലമെൻറ്​, ദരിദ്ര സംരക്ഷണ നിയമം ഭേദഗതി ചെയ്​ത്​ സ്റ്റേറ്റിന്റെ ക്ഷേമപ്രവർത്തനങ്ങൾ വെട്ടിക്കുറച്ച്, ചെലവ് ചുരുക്കലിന് തുടക്കമിടുന്നതാകട്ടെ 1834- ലും. ഇതിന്റെ ആഘാതങ്ങൾ അതേപടി ഏറ്റുവാങ്ങുന്ന അടിത്തട്ടുസമൂഹമാണ് ഡിക്കൻസിന്റെ നോവൽ. ക്ഷേമകാര്യങ്ങളിൽ നിന്നും സർക്കാരിന്റെ പിന്മാറ്റത്തിനെതിരെ ജനങ്ങളിൽനിന്നുണ്ടായ രോഷത്തെ സാഹിത്യത്തിലേക്ക് പരാവർത്തനം ചെയ്തുകൊണ്ട്, അഭയമറ്റവരുടെ ദാരുണ നഗര ജീവിതം 1837 മുതൽ 1839 വരെ ഒലിവർ ട്വിസ്റ്റ് എന്ന തുടർക്കഥയായി ചാൾസ് ഡിക്കൻസ് പ്രസിദ്ധീകരിച്ചു.

ഒലിവർ ട്വിസ്റ്റിന്റെ ആദ്യ പതിപ്പിൽ നിന്ന് / Photo: Wikipedia

ജനക്ഷേമത്തേക്കാൾ വലുതാണ് രാഷ്ട്രത്തിന്റെ സാമ്പത്തിക ഉയർച്ച എന്ന ലിബറൽ കാഴ്ചപ്പാടിന്റെ ആദ്യത്തെ കണ്ണടച്ചുള്ള പ്രയോഗമായിരുന്നു ഇംഗ്ലണ്ടിലെ ദരിദ്രക്ഷേമ പരിഷ്‌ക്കരണ നിയമം. തുടർന്ന് ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ, സാമ്പത്തിക നരവംശ സൈദ്ധാന്തികനായ കാൾ പൊളാനി (Karl Polanyi 1886-1964) 1834 നെ വിലയിരുത്തുന്നത് സ്വതന്ത്രമായ വിപണി സമ്പദ് വ്യവസ്ഥ ഉദയം ചെയ്ത ചരിത്രമുഹൂർത്തമായിട്ടാണ്. കാരണം, അന്നാണ് ആഡം സ്മിത്തിന്റെയും മാൽത്തൂസിന്റെയും റിക്കാഡോയുടെയും വാക്കുകൾക്കു ചെവികൊടുത്തുകൊണ്ട്, ദരിദ്രരെയാകെ അവരുടെ വിധിക്കുകീഴ്‌പ്പെടാൻ വിട്ടുകൊടുക്കുന്ന നിയമഭേദഗതി ബ്രിട്ടീഷ് പാർലമെൻറ്​ പാസാക്കുന്നത്. അതായത്, ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തിന്റെ മുഖത്ത് കരിവാരിത്തേച്ച്​, പച്ചയായ ലിബറലിസത്തിലേക്ക് ബ്രിട്ടൻ പിച്ചവെക്കുന്നത് 1834 മുതലത്രേ. പിന്നീടങ്ങോട്ട് നൂറുവർഷത്തിലേറെ, മഹാ സാമ്പത്തിക മാന്ദ്യം (Great Depression) വരെ എത്തുന്ന ഒന്നാം ലിബറലിസത്തിന്റെ മൂലധന താണ്ഡവത്തോട് മൂന്നു വിധത്തിലാണ് ലോകം പ്രതികരിച്ചത്.

ഭരണകൂടത്തിന്റെ സാമൂഹ്യക്ഷേമ ഇടപെടൽ മുഖമുദ്രയാക്കുന്നതും ഭരണകൂടത്താൽ വലയം ചെയ്തിരിക്കുന്നതുമായ ഇംബഡഡ് ലിബറലിസം (Embedded Liberalism) രണ്ടാംലോകയുദ്ധത്തോടെ ഭൂജാതമായി.

ആദ്യമായി, സ്വകാര്യ സ്വത്തിനും സ്വതന്ത്ര വിപണിക്കും എതിരെ യൂറോപ്പ് കേന്ദ്രീകരിച്ച് കൂലിത്തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന സംഘടിത മുന്നേറ്റങ്ങൾ. രണ്ടാമതായി, ഇന്ത്യ മാതിരിയുള്ള കോളനി രാജ്യങ്ങളിൽ നിന്നും മൂലധനത്തിന്റെ ആഗോള അധിനിവേശത്തിനെതിര പൊട്ടിപ്പടർന്ന സ്വാതന്ത്ര്യസമരങ്ങൾ. അവസാനമായി, ലിബറൽ അധികാരക്കോയ്മക്കു ഭീഷണിയായ ഈ രണ്ട് ബഹുജന പ്രസ്ഥാനങ്ങൾക്കെതിരെ, അവയെ ഛിന്നഭിന്നവും നിർവീര്യവും ആക്കുന്നതിനുവേണ്ടി, വെളുത്ത വർഗ്ഗക്കാരന്റെ വംശമഹിമ ആയുധമാക്കുന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം.

ലണ്ടനിലെ ഒരു വർക്ക് ഹൗസിനു മുന്നിൽ തടിച്ചുകൂടിയ തൊഴിലില്ലാത്തവർ-1930 / Photo: Wikipedia

ഒരുവശത്ത്, ഫാഷിസത്തിനു കീഴിൽ ശ്വാസമെടുക്കാനുള്ള ജൈവസ്വാതന്ത്ര്യം ഗ്യാസ് ചേംബറിലെ മരണമായിത്തീരുന്ന ഏകാധിപത്യ ഭീകരത. മറുവശത്ത്, 1834- ൽ തുടക്കമിട്ട ലിബറൽ പ്രത്യയശാസ്ത്രത്തിന്റെ സമ്പൂർണ പരാജയരൂപമായി കലാശിച്ച ആഗോള സാമ്പത്തിക തകർച്ച ചവച്ചുതുപ്പിയിട്ട രോഗ ദാരിദ്ര്യക്ഷാമകാലങ്ങൾ. അതും പോരാഞ്ഞ്, സാമ്രാജ്യത്വ അധിനിവേശത്തിന്റെ കിടമത്സരം ഒന്നാംലോകയുദ്ധം എന്ന മഹാമാരിയായി പെയ്തത്. ഇത് മൂന്നും ചേർന്ന് ലിബറലിസത്തിന്റെ തനി സ്വരൂപം ചരിത്രത്തിലാദ്യമായി ലോക മനഃസാക്ഷിയിൽ ചോദ്യങ്ങളുയർത്തിയപ്പോൾ, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉത്തരങ്ങൾക്കായി ലിബറൽ വാഗ്ദാനങ്ങളെ ഉപേക്ഷിച്ച് ലോകം സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ ആകൃഷ്ടമായി.

ജെ.എം. കെയിൻസ്

ധനാർജ്ജനമല്ലാതെ മറ്റൊന്നിനും വിലകൽപ്പിക്കാത്ത സ്വാർത്ഥ വ്യക്തികേന്ദ്രീകൃതമായ കമ്പോള മാത്സര്യത്തിനുപകരം, സോവിയറ്റ് സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ മറ്റൊരു വാഗ്ദത്തഭൂമിയായി മാനവരാശിയെ മാടി വിളിക്കുന്ന നവയുഗമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി. ലിബറലിസം എന്നാൽ ഏറ്റവും ഒടുവിൽ, വംശമഹത്വ സിദ്ധാന്തം ആവേശിച്ച് ഫാഷിസമായി ഉറഞ്ഞു തുള്ളും എന്ന കുറ്റാരോപണത്തോടും, അതിന്​ മറുമരുന്നായി സോഷ്യലിസത്തോട് അഭിനിവേശം പുലർത്തുന്ന ലോകരാഷ്ട്രീയ കാലാവസ്ഥയോടും, ലിബറൽ തത്വചിന്തയും അതിന്റെ രാഷ്ട്രീയ സാമ്പത്തിക പരിപാടികളും പ്രതികരിച്ചത് രണ്ടു രൂപത്തിലാണ്. ഒന്നാമത്തേത്, തൽക്ഷണ നടപടി എന്ന രീതിയിലാണെങ്കിൽ, രണ്ടാമത്തേത് ശാശ്വത പദ്ധതി എന്ന രൂപത്തിലാണ്. ഇതിൽ ലിബറലിസത്തിന് സ്വത്വരമാർഗ്ഗം എന്ന നിലയിൽ കൃത്രിമശ്വാസം നൽകി കാത്തുരക്ഷിച്ചത് ജെ.എം. കെയിൻസിന്റെ സാമ്പത്തിക മാർഗനിർദ്ദേശങ്ങളായിരുന്നെങ്കിൽ, ലിബറലിസത്തെ താത്വികമായും രാഷ്ട്രീയമായും പുതിയ മജ്ജയും മാംസവും നൽകി പുനഃസൃഷ്ടിച്ച്​ നാം ഇന്ന് കാണുന്ന നവ ലിബറലിസമാക്കി മാറ്റിയവരിൽ മുമ്പൻ ഫ്രഡറിക് ഹയക് ആകുന്നു: ‘പാവങ്ങളെ സംരക്ഷിക്കേണ്ടത് ഭരണകൂടമല്ല, പണക്കാരാണ്. പണക്കാരുടെ സാമ്പത്തിക വളർച്ചയാണ് പാവങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നത്. പാവങ്ങളുടെ പെരുപ്പം പണക്കാരുടെ വളർച്ചയ്ക്ക്- രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് - തടസ്സമാവുകയാണെങ്കിൽ അത്തരം പാവങ്ങൾ കുറെ നശിച്ചോട്ടെ, കാരണം പാവങ്ങൾ മൂലം പണക്കാർ നശിച്ചാൽ രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറ ആകെ തകർന്ന്​ സമൂഹം തന്നെ ഇല്ലാതാവും. അതിനാൽ രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് തടസ്സം വരുത്തുന്ന ഒന്നും ഭരണകൂടം ചെയ്യരുത്’-

ഫ്രഡറിക് ഹയക്

ലിബറലിസത്തിന്റെ കാതലായ ഈ സാമൂഹിക വീക്ഷണം ഇംഗ്ലണ്ടിലുണ്ടാക്കിയ ആദ്യതിരിച്ചടികൾ 1839 ൽ ചാൾസ് ഡിക്കൻസ് പൂർത്തിയാക്കിയ ഒലിവർ ട്വിസ്റ്റിൽ കാണാമെങ്കിൽ, ലിബറലിസത്തിന്റെ ഒരു നൂറ്റാണ്ട് കൃത്യം പൂർത്തിയാകുമ്പോൾ, അത് മഹാ സാമ്പത്തികമാന്ദ്യമായി യൂറോപ്പിനെ മാത്രമല്ല അമേരിക്കയെയും അപ്പാടെ വിഴുങ്ങിയതിന്റെ സാഹിത്യ പ്രകാശനമാണ് ജോൺ സ്റ്റാൻബക്ക് (John Steinbeck ) എഴുതിയ ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ ( The Grapes of wrath - 1939) എന്ന മറ്റൊരു വിഖ്യാത നോവൽ. ലിബറലിസ്റ്റ് സ്വാതന്ത്ര്യത്തിന്റെ പറുദീസയായ അമേരിക്കയിൽ, സ്വന്തം ഭൂമിയിൽ നിന്ന്​ പുറത്താക്കപ്പെട്ട്, തൊഴിൽ തേടി കാലിഫോർണിയയിലേക്കു പലായനം ചെയ്യുന്ന ദരിദ്രസമൂഹങ്ങളെ ബാങ്കുകൾ, ബിസിനസുകാർ, പുതിയ കാർഷിക ജന്മികൾ എന്നിവർ വേട്ടയാടുന്നതും അതിന് ഭരണകൂടം പിന്തുണ കൊടുക്കുന്നതുമാണ് ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങളിൽ നാം കാണുന്നത്.

ജോൺ സ്റ്റാൻബക്ക്

സ്റ്റാൻബക്ക് ഈ നോവൽ എഴുതിക്കൊണ്ടിരുന്ന അതേ സമയത്തുതന്നെ, മഹാ സാമ്പത്തികമാന്ദ്യത്താൽ അകമേ നിന്നും, സോഷ്യലിസ്റ്റ് - ബഹുജന ആശയങ്ങളാൽ പുറമേ നിന്നും ലിബറലിസം ശ്വാസം കിട്ടാതെ വലഞ്ഞപ്പോൾ, അതിന്റെ ജീവരക്ഷാ മന്ത്രവുമായി ജോൺ മെയ്‌നാഡ് കെയ്ൻസ് ( John Maynard Keynes) യൂറോ - അമേരിക്കൻ ഭരണകൂടങ്ങൾക്ക്​ കച്ചിത്തുരുമ്പായി മാറി. ഇംഗ്ലീഷ് ഭരണകൂടത്തിന്റെ ജനക്ഷേമ നടപടികൾ കാരണം പാവങ്ങൾ നന്നായി ഭക്ഷിക്കുകയും അതുവഴി കൂടുതൽ സന്താനങ്ങളെ പ്രസവിക്കുകയും അങ്ങനെ രാജ്യത്ത് ജനസംഖ്യാ വിസ്‌ഫോടനമുണ്ടാക്കി സ്വസ്ഥവും സമ്പന്നവുമായ സാമൂഹ്യ സുസ്ഥിതിയെ അമ്പേ തകർക്കുകയും ചെയ്യുമെന്ന മാൽത്തൂസിയൻ സാമ്പത്തിക ശാസ്ത്രമായിരുന്നു ലിബറലിസത്തിന്റെ അന്നേവരെയുള്ള വേദപുസ്തകങ്ങളിൽ ഒന്നെങ്കിൽ, ഈ മരുന്നും മന്ത്രവും തൽക്കാലം ഒഴിവാക്കണമെന്ന് കെയ്‌നീഷ്യൻ സാമ്പത്തിക ശാസ്ത്രം ആവശ്യപ്പെട്ടു. ഭരണകൂടം സാമൂഹ്യ ക്ഷേമത്തിൽ നിന്ന് പിന്മാറുകയല്ല പകരം, എല്ലാവർക്കും തൊഴിലും അതുവഴി കൂടുതൽ ഉൽപാദനവും അങ്ങനെ പരമാവധി ഉപഭോഗവും വർദ്ധിപ്പിച്ചാലേ ലിബറലിസ്റ്റ് ഭരണ വ്യവസ്ഥക്കു മേൽഗതിയുള്ളു എന്ന് കെയ്ൻസ് പ്രവചിച്ചു. അങ്ങനെ ഭരണകൂടത്തിന്റെ സാമൂഹ്യക്ഷേമ ഇടപെടൽ മുഖമുദ്രയാക്കുന്നതും ഭരണകൂടത്താൽ വലയം ചെയ്തിരിക്കുന്നതുമായ ഇംബഡഡ് ലിബറലിസം (Embedded Liberalism) രണ്ടാംലോകയുദ്ധത്തോടെ ഭൂജാതമായി.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന് ശേഷം അന്താരാഷ്ട്ര സാമ്പത്തിക ക്രമം നിയന്ത്രിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ന്യൂ ഹാംഷെയറിലെ ബ്രെട്ടൺ വുഡ്‌സിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് വാഷിംഗ്ടൺ ഹോട്ടലിൽ 44 സഖ്യരാജ്യങ്ങളിൽ നിന്നുള്ള 730 പ്രതിനിധികളുടെ ഒത്തുചേർന്ന യുണൈറ്റഡ് നേഷൻസ് മോണിറ്ററി ആൻഡ് ഫിനാൻഷ്യൽ കോൺഫറൻസ് എന്നറിയപ്പെടുന്ന ബ്രെട്ടൺ വുഡ്‌സ് കോൺഫറൻസ്.

എന്നാൽ, ലിബറലിസം കല്പാന്തകാലത്തോളം ചിരംജീവിയായി വിരാജിക്കുന്നതിനുള്ള സുദീർഘമായ കായകൽപ്പ ചികിത്സകൾക്ക്​ 1930 കളിൽ തന്നെ തുടക്കമിട്ടിരുന്നു. ഈ ആമൂലാഗ്ര നവീകരണപദ്ധതികൾ കെയ്ൻസിന്റേതു പോലെ അടിയന്തര രക്ഷയ്ക്കുള്ള സാമ്പത്തിക നടപടികൾ മാത്രമായിരുന്നില്ല. അത് തത്ത്വചിന്തയിലും രാഷ്ട്രമീമാംസയിലും സാമൂഹ്യശാസ്ത്രത്തിലും ആധുനിക സയൻസിലുമൊക്കെ വേരോട്ടമുണ്ടാക്കി. ക്ലാസിക്കൽ ലിബറലിസത്തിന്റേത്​ എല്ലാ ദൗർബല്യങ്ങളും മറികടന്ന് തനതായി ബലമാർജിച്ച സമഗ്രമായ ഒരു പ്രത്യയശാസ്ത്ര നിർമാണമായിരുന്നു. ഒന്നും രണ്ടും ലോക യുദ്ധങ്ങൾക്കിടയിലെ ചരിത്ര സങ്കീർണ്ണതകളിലിരുന്നുകൊണ്ട് തത്വചിന്ത, നരവംശശാസ്ത്രം, ആധുനിക ശാസ്ത്രം, സോഷ്യോളജി, മനഃശാസ്ത്രം എന്നീ രംഗങ്ങളിലെ തങ്ങളുടെ സമസ്ത വൈദഗ്ദ്ധ്യവും സമഗ്രമായി കൂട്ടിയിണക്കിയാണ് കാൾ പോപ്പർ, ഫ്രെഡറിക് ഹയക്, മൈക്കൾ പൊളാനി എന്നിങ്ങനെ നീണ്ടുപോകുന്ന അക്കാലത്തെ യൂറോപ്യൻ ബുദ്ധിജീവികൾ അതിസമർത്ഥമായി നവ ലിബറൽ പ്രത്യയശാസ്ത്രത്തിന് അസ്തിവാരം കീറിയത്. ക്ലാസിക്കൽ ലിബറലിസവും ഭൗതികവാദ സാമൂഹ്യദർശനങ്ങളും ഒരേപോലെ അവലംബമാക്കുന്ന തത്വചിന്തകളായ നാച്ചുറലിസം, പോസിറ്റിവിസം എന്നിവയെ മറികടന്ന്​, എന്നാൽ ആധുനിക ശാസ്ത്രത്തെ തന്നെ മുറുകെ പിടിച്ചുകൊണ്ടും, തികച്ചും തനതായ ഒരു ചിന്താ പദ്ധതിയിൽ നവ ലിബറലിസം വിരാട് രൂപമായി നിൽക്കുന്നു.

യുക്തിയിലും അയുക്തിയിലും വിശ്വാസത്തിലും അവിശ്വാസത്തിലും പാരമ്പര്യത്തിലും പുരോഗമനത്തിലും രണ്ടു കാലും ഒരേസമയം കുത്താൻ കഴിവുള്ള അസാധാരണമായ മെയ് വഴക്കമാണ് നവലിബറൽ പ്രത്യയശാസ്ത്രത്തിന്റെ അതിജീവനക്ഷമത

അങ്ങനെ, ആധുനിക ചിന്താമണ്ഡലങ്ങളുടെ എല്ലാ വാതിലുകളിലേക്കും ആരുമറിയാതെ അകത്തേക്ക് കടക്കുന്ന വായുപ്രവാഹമാണ് നവ ലിബറലിസം. താലിബാനിസമോ കമ്യൂണിസമോ ഗാന്ധിസമോ നമുക്ക് മുന്നിലെത്തുന്നത് താടിയോ കൊടിയോ തൊപ്പിയോ പൂർവ്വനിശ്ചിത ചിഹ്നങ്ങളോ വഹിച്ചാണെങ്കിൽ നവ ലിബറലിസം അരൂപിയായതിനാൽ ഏത് ശരീരവും അതിന് താവളമാണ്. ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല എന്നു ഘോഷിക്കുന്നതുപോലെ നവ ലിബറലിസത്തെ കൂടുവിട്ടു കൂടുമാറുന്ന നിത്യതയായി നാം വാഴ്ത്തുന്നു. യുക്തിയിലും അയുക്തിയിലും വിശ്വാസത്തിലും അവിശ്വാസത്തിലും പാരമ്പര്യത്തിലും പുരോഗമനത്തിലും രണ്ടു കാലും ഒരേസമയം കുത്താൻ കഴിവുള്ള അസാധാരണമായ മെയ് വഴക്കമാണ് നവലിബറൽ പ്രത്യയശാസ്ത്രത്തിന്റെ അതിജീവനക്ഷമത. ▮

(തുടരും)

Comments