തീ കൊണ്ടു വരച്ച ആഫ്രോ- ഏഷ്യൻ ഭൂപടങ്ങൾ

നവ ലിബറലിസം: സർവാരാധനയുടെ പുറകിലെ ​രാഷ്​ട്രീയം- 8

സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, സിറിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിങ്ങനെ മതം, ഭീകരവാദം, രാഷ്ട്രീയം, ഏകാധിപത്യം എന്നിവ കുട്ടിക്കുഴച്ചു ചുട്ടെടുത്ത ഉരുക്കു ഭരണകൂടങ്ങൾ ഏഷ്യൻ ഭൂഖണ്ഡത്തിൽ ഒന്നൊന്നായി സ്ഥാപിക്കുന്നതിനുള്ള കളമൊരുക്കിയാണ് അന്ന് ബ്രിട്ടനും ഇന്നു അമേരിക്കയും ചുക്കാൻ പിടിക്കുന്ന ലിബറലിസം അതിന്റെ ജൈത്രയാത്ര നടത്തുന്നത്.

നായത്ത സ്വാതന്ത്ര്യസമരങ്ങളെ നിഷ്‌ക്കരുണം അടിച്ചമർത്തിയും ഈ പ്രക്ഷോഭങ്ങളെ മതം, വംശം, ഗോത്രം എന്നിവയിലേയ്ക്കു വെട്ടിയൊതുക്കി ഏകാധിപത്യ ഭരണകൂടങ്ങൾ സ്ഥാപിച്ചും അവയുടെ മറപറ്റി ലിബറലിസം അമരത്വം ആർജ്ജിക്കുന്നു എന്നതാണ് ചരിത്രസത്യം. നിങ്ങൾക്ക്​വ്യക്തിസ്വാതന്ത്ര്യവാദിയും സ്വതന്ത്ര വാണിജ്യവാദിയുമായി പ്രശോഭിക്കണമെങ്കിൽ മറ്റുള്ളവരുടെ സ്വാതന്ത്ര്യവും സ്വതന്ത്രവാണിജ്യവും ഹനിക്കാതെ സാധ്യമല്ല എന്നതാണ് ഇതിലെ വൈരുദ്ധ്യം. ലിബറൽ ജനായത്ത ഇംഗ്ലണ്ടിലെ നടപ്പാതകൾ മാലിന്യമുക്തമായിരിക്കുന്നു എന്നു പ്രശംസിക്കപ്പെടണമെങ്കിൽ, അവിടെയുള്ള മാലിന്യങ്ങൾ സ്വേച്ഛാധിപത്യ ഫിലിപ്പൈൻസിലേക്കോ തായ്​ലാൻറിലേക്കോ കയറ്റിവിടാതെ കഴിയില്ല എന്നതാണ്​ ഈ വൈപരീത്യം. എന്നാൽ ലിബറൽ അധിനിവേശത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രചരണയുക്തിയാകട്ടെ, അത് ലോകത്തെയെല്ലാം ജനായത്ത മാർഗത്തിലേക്കു ശുചീകരിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുന്നു എന്നതത്രേ.

ഒന്നാം ലോകയുദ്ധകാലത്ത് ഓ​ട്ടോമൻ സാമ്രാജ്യത്തിനെതിരെ അറബി ദേശീയവാദത്തെ പിന്തുണച്ച്​ പടിഞ്ഞാറൻ ഏഷ്യയിൽ ബ്രിട്ടൻ നടത്തിയ കരുനീക്കങ്ങൾ കലാശിക്കുന്നത് അവിടങ്ങളിൽ മതാധിഷ്ഠിത ഏകാധിപത്യ ദേശരാഷ്ട്രങ്ങളുടെ സംസ്ഥാപനത്തിലാണ്​.

ഇന്ത്യയിൽ ജനായത്ത സ്വയംഭരണ പ്രക്ഷോഭത്തിലേക്ക്​ മതദേശീയവാദത്തിന്റെ മാലിന്യം കൂട്ടിക്കലർത്തി, അത് രക്തപങ്കിലമായ ഇന്ത്യാ- പാക് വിഭജനത്തിൽ പര്യവസാനിപ്പിക്കുന്നത്​ വിഭാവനം ചെയ്യുന്ന 20-ാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളിൽ തന്നെ, മതദേശീയവാദത്തെ ലിബറലിസവുമായി കണ്ണിചേർക്കുന്ന കുടില കൗശലം ബ്രിട്ടീഷ് സാമ്രാജ്യത്വം പടിഞ്ഞാറൻ ഏഷ്യയിലും പ്രയോഗിക്കുന്നുണ്ട്. ഒന്നാം ലോകയുദ്ധകാലത്ത് ഓ​ട്ടോമൻ സാമ്രാജ്യത്തിനെതിരെ അറബി ദേശീയവാദത്തെ പിന്തുണച്ച്​ പടിഞ്ഞാറൻ ഏഷ്യയിൽ ബ്രിട്ടൻ നടത്തിയ കരുനീക്കങ്ങൾ കലാശിക്കുന്നത് അവിടങ്ങളിൽ മതാധിഷ്ഠിത ഏകാധിപത്യ ദേശരാഷ്ട്രങ്ങളുടെ സംസ്ഥാപനത്തിലത്രേ. തുടർന്നിങ്ങോട്ട് പടിഞ്ഞാറൻ ഏഷ്യയുടെ ഇന്നേവരെയുള്ള ചരിത്രം നമ്മോടു പറയുന്ന ഒരു കാര്യമുണ്ട്​: മതവും ഏകാധിപത്യവും ദേശീയതയും സ്വതന്ത്ര വ്യാപാരത്തിന്​ സർവ്വസമ്മതമായ വിധത്തിൽ പരസ്പരം തിരിച്ചറിയാനാകാത്ത വിധം മിശ്രണം ചെയ്തിരിക്കുന്ന ഇന്നത്തെ അറേബ്യൻ രാഷ്ട്രങ്ങൾ, ഒന്നാം ലോകയുദ്ധകാലത്ത് ലിബറൽ വാഴ്ചയുടെ കാലാതിവർത്തിത്വത്തിനായി ബ്രിട്ടൻ വിജയകരമായി സൃഷ്ടിച്ചുവെച്ച പശ്ചാത്തല ഭൂമിയാണെന്ന്.

ഇന്ത്യ-പാക് വിഭജന കാലത്തെ ഒരു അഭയാർഥി ട്രെയിൻ / Photo: Wikimedia Commons

സ്വന്തം തട്ടകത്തിൽ അയർലന്റിന്റെ ദേശീയ വിമോചനസമരത്തെ കാലങ്ങളായി അവഗണിക്കുകയും നിർവീര്യമാക്കുകയും ചെയ്ത അതേ ബ്രിട്ടീഷ് ലിബറലിസമാണ് തുർക്കിക്കെതിരെ അറബ് ദേശീയ യുദ്ധത്തിൽ ആളും അർത്ഥവും തന്ത്രവുമായി ഒപ്പം നിന്നതെന്നോർക്കുക. മാത്രമല്ല, അറബിനാടുകളിലും ലോകമെങ്ങും, ലിബറൽ സാമ്രാജ്യത്വം തേരാളിയായി മുന്നിൽ നിന്ന അറബ് വിമോചനയുദ്ധത്തെ ഐതിഹാസിക സ്വാതന്ത്ര്യ പോരാട്ടമായി ഇന്നും വാഴ്ത്തുകയും ചെയ്യുന്നു. ഓട്ടോമൻ ഭരണത്തിൽ നിന്ന്​ അറേബ്യയെ സ്വതന്ത്രമാക്കുന്നതിനു സൈനികനായകത്വം വഹിച്ച ടി. ഇ. ലോറൻസ് (T.E. Lawrence) യുദ്ധചരിത്രത്തിലെ തന്നെ ധീരനും വീരനും നിസ്വാർത്ഥനുമായ അത്യത്ഭുത നായകകഥാപാത്രമായി മാനിതനാണിന്നും. ‘നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയവരിൽ ഒരാളായി ഞാൻ അയാളെ കാണുന്നു. ഇനിയൊരിക്കലും അയാളെപ്പോലൊരാളെ നാം കാണുകയില്ല. അയാളുടെ പേര് ചരിത്രത്തിൽ നിലനിൽക്കും. അത് യുദ്ധത്തിന്റെ ചരിത്രത്തിൽ ജീവിക്കും. അറേബ്യയുടെ ഇതിഹാസങ്ങളിൽ ജീവിക്കും' എന്നാണ് വിൻസ്റ്റൺ ചർച്ചിൽ ലോറൻസിനെ പ്രശംസിക്കുന്നത്.

മത- വംശ- ദേശ ഭേദങ്ങൾക്കതീതമായി ലോകജനതയെ അടിമത്തത്തിൽ നിന്ന്​മോചിപ്പിക്കാനുള്ള പാശ്ചാത്യ ലിബറൽ വിശാല മാനുഷികതയുടെ കാൽക്കൽ ഇതരലോകങ്ങൾ ദണ്ഡനമസ്‌കാരം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

1962 ൽ ഇറങ്ങിയ ‘ലോറൻസ് ഓഫ് അറേബ്യ' എന്ന സിനിമ അറബ് വിമോചന പോരാട്ടത്തിന്​ ധീരനായകത്വം വഹിച്ച ഇംഗ്ലീഷ് നായകൻ ലോറൻസിന്റെ ഗാഥ ലോകമെങ്ങും എത്തിച്ചപ്പോൾ, ആ സിനിമയുടെ കലാവശ്യതക്കൊപ്പം മർദ്ദിതസമൂഹങ്ങളെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന ലിബറൽ രാഷ്ട്രീയ മഹാമനസ്‌ക്കതയുടെയും വാഴ്ത്തുകാരായി മാറി ആസ്വാദക ലോകം. നമ്മൾ അറബികളുടെ സ്വാതന്ത്ര്യത്തിനായി മുന്നിൽ നിൽക്കേണ്ടതില്ല, നമ്മൾ അവരെ സഹായിച്ചാൽ മാത്രം മതി എന്ന്​ ലോറൻസ് പറയുമ്പോൾ (‘Do not try and do too much with your own hands. Better the Arabs do it tolerably than you do it perfectly. It is their war, and you are to help them, not win it for them.' ), മത- വംശ- ദേശ ഭേദങ്ങൾക്കതീതമായി ലോകജനതയെ അടിമത്തത്തിൽ നിന്ന്​ മോചിപ്പിക്കാനുള്ള പാശ്ചാത്യ ലിബറൽ വിശാല മാനുഷികതയുടെ കാൽക്കൽ ഇതരലോകങ്ങൾ ദണ്ഡനമസ്‌കാരം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

ടി. ഇ. ലോറൻസ്

യഥാർത്ഥത്തിൽ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രൂപം കൊണ്ട അറബ് ദേശീയബോധം സ്വതന്ത്രവും വ്യതിരിക്തവുമായ ഒരു രാഷ്ട്രീയ വിമോചന പ്രസ്ഥാനമേ ആയിരുന്നില്ല. അത് ഓ​ട്ടോമൻ ഭരണത്തിനുള്ളിൽ തന്നെ രാഷ്ട്രീയ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള ഒരു ജനായത്ത അവകാശവാദം മാത്രമായിരുന്നു. ഒന്നാം ലോകയുദ്ധാരംഭം വരെ ഓ​ട്ടോമൻ സാമ്രാജ്യത്തിനകത്ത് അറബ് ജനതയുടെ സാമൂഹികാസ്തിത്വം കുടുംബമോ ഗോത്രമോ മതമോ ആയിരുന്നു. എന്നാൽ ഒന്നാം ലോകയുദ്ധത്തിൽ ഓ​ട്ടോമൻ ഭരണകൂടം ബ്രിട്ടന്റെ എതിരാളിയായ ജർമനിക്കൊപ്പം ചേർന്നതു മുതലാണ്, അറബ് സംസ്‌ക്കാരത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയവാദം, തുർക്കിക്കെതിരെ വിമോചന സൈനികനീക്കമായി ബ്രിട്ടന്റെ കാർമികത്വത്തിൽ ഗതിമാറ്റപ്പെടുന്നത്. ഓ​ട്ടോമൻ സാമ്രാജ്യത്തിലെ പ്രാദേശിക ഭരണനേതൃത്വങ്ങളുമായി ബ്രിട്ടൻ തയ്യാറാക്കിയ അധികാരകൈമാറ്റ കരാറിന്റെയും സൈനിക സംഖ്യത്തിന്റെയും ഭാഗമായി, ജനകീയാടിത്തറ യാതൊന്നുമില്ലാതെ, മുകളിൽ നിന്ന്​ പൊട്ടിപ്പുറപ്പെട്ടതായിരുന്നു അറബ് ദേശരാഷ്ട്ര വാദം. അറബ് മേഖലയിൽ ലിബറൽ കോളനിവാഴ്ചയുടെ ആർത്തി നുഴഞ്ഞുകയറി അധികാരം പങ്കുവെയ്ക്കുന്നതിന്റെ ആരംഭമായിരുന്നു അറബ് ദേശീയവാദമെന്ന്​ മുഹമ്മദ് അലി അൽ-റാസൻ (Mohamad Ali Al- Rousan ) എഴുതുന്നു.

തുർക്കിക്കു കീഴിലെ അറേബ്യൻ പ്രാദേശിക ഭരണനേതൃത്വങ്ങൾക്ക് അതേവരെ കിട്ടാക്കനിയായ പദവിയും അധികാരവും സമ്പത്തും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു അറബ് രാഷ്ട്ര നിർമിതിയെന്ന സ്വപ്നപദ്ധതിയിലേക്ക് പ്രാദേശിക ഭരണാധികാരികളെ ലിബറൽ സാമ്രാജ്യത്വം അണിനിരത്തിയത്.

ഇന്നും അറബ് രാഷ്ട്രങ്ങൾ ഈ സായുധസമരത്തെ അവരുടെ വിദ്യാഭ്യാസം, മാധ്യമങ്ങൾ എന്നിവ വഴി, ആദർശാത്മക പരിവേഷത്തോടെ ദേശഭക്തി സൃഷ്ടിക്കുന്നതിനുള്ള ചരിത്രസംഭവമായി അവതരിപ്പിച്ചുവരുന്നുണ്ട്. തുർക്കിക്കു കീഴിലെ അറേബ്യൻ പ്രാദേശിക ഭരണനേതൃത്വങ്ങൾക്ക് അതേവരെ കിട്ടാക്കനിയായ പദവിയും അധികാരവും സമ്പത്തും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു അറബ് രാഷ്ട്ര നിർമിതിയെന്ന സ്വപ്നപദ്ധതിയിലേക്ക് പ്രാദേശിക ഭരണാധികാരികളെ ലിബറൽ സാമ്രാജ്യത്വം അണിനിരത്തിയത്. അതുകൊണ്ടാണ് അറബ് ദേശീയവാദം ജനാഭിലാഷങ്ങളുടെ പിൻബലമേതുമില്ലാത്ത ‘ഒരു മിത്താ'ണെന്ന്​ പീറ്റർ വെയ്‌നെ (Peter wien) നെ ഉദ്ധരിച്ച്​ അലിയ എൽ ബക്രി ( Alia El Bakri ) പറയുന്നത്.

ഓട്ടോമാൻ ഭരണത്തിനെതിരെയുള്ള അറബ് സമരത്തിന്റെ ഭാഗമായ ബെദൂയിൻ ഗോത്രക്കാർ. / Photo: Library of Congress

ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ് -അറബ് സൈനിക സംഖ്യം ഓ​ട്ടോമൻ സാമ്രാജ്യത്തിന്റെ ശൈഥില്യം പരിപൂർണമാക്കിയെങ്കിലും, അറബ് ദേശരാഷ്ട്രങ്ങൾ എന്ന വാഗ്ദാനം പാലിക്കപ്പെടുകയുണ്ടായില്ല. പകരം, യുദ്ധാനന്തരം പടിഞ്ഞാറൻ ഏഷ്യയിൽ മതത്തിലും രാജവാഴ്ചയിലും കെട്ടിപ്പടുത്ത ദേശരാഷ്ട്രങ്ങളുടെ, ഒരിക്കലും അവസാനിക്കാത്ത തീപിടിച്ച ഭൂപടങ്ങൾക്ക് ലിബറൽ സാമ്രാജ്യത്വം ജന്മം കൊടുക്കുകയാണു ചെയ്തത്. അതിൽ ഏറ്റവും അപലപനീയമായത് ഓ​ട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ പ്രാദേശിക ഗോത്രമായി അധികാരം കൈയാളിയിരുന്ന സൗദ് ഗോത്രത്തിനായി സൗദി അറേബ്യയെന്ന പുതിയ അറബ്
രാഷ്ട്രം യുദ്ധാനന്തരം രൂപീകരിക്കുന്നതായിരുന്നു. സൗദി ഭരണാധികാരിയുമായി ബ്രിട്ടൻ ഉണ്ടാക്കിയ രണ്ടു ഉടമ്പടികളാണ് (Treaty of Darin - 1915, Treaty of Jeddah - 1927) ഇന്നു കാണുന്ന സൗദി അറേബ്യയെ നിർമിക്കുന്നതിൽ കാതലായ പങ്കുവഹിച്ചത്. ഈ കരാറുകൾ വഴി ബ്രിട്ടന്റെ സംരക്ഷണവും സാമ്പത്തിക സഹായവും ആയുധ -സൈനിക സഹായവും സൗദിക്കു വന്നുചേർന്നു.

18-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സൗദ് ഗോത്രവുമായി താദാത്മ്യം പ്രാപിച്ച ‘വഹാബിസം' എന്ന ഇസ്​ലാം തീവ്രവാദത്തെ, അറേബ്യയിലെ പ്രബലമായ ഒരു പുതിയ രാഷ്ട്രത്തിന്റെ അടിസ്ഥാന ആദർശശിലയാക്കുന്നതിനുള്ള മണ്ണൊരുക്കലാണ് ബ്രിട്ടൻ അന്ന് ചെയ്തുവെച്ചത്.

18-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സൗദ് ഗോത്രവുമായി താദാത്മ്യം പ്രാപിച്ച ‘വഹാബിസം' എന്ന ഇസ്​ലാം തീവ്രവാദത്തെ, അറേബ്യയിലെ പ്രബലമായ ഒരു പുതിയ രാഷ്ട്രത്തിന്റെ അടിസ്ഥാന ആദർശശിലയാക്കുന്നതിനുള്ള മണ്ണൊരുക്കലാണ് ബ്രിട്ടൻ അന്ന് ചെയ്തുവെച്ചത്. പിന്നീട് സൗദിയുടെ ഇതേ വഹാബിസത്തിൽ പിറന്ന സന്തതികളെയാണ്, റഷ്യൻ സാന്നിധ്യത്തെ നിഷ്‌ക്കാസനം ചെയ്യാൻ സൗദിയിൽ നിന്ന്​ പരിശീലനം നൽകി, അഫ്ഗാനിസ്ഥാനിൽ അമേരിക്ക സന്നിവേശിപ്പിച്ചതും, അതിപ്പോൾ അതിതീവ്രമായി പരിണമിച്ച് വഹാബിസത്തിന്റെ തനിസ്വരൂപം പുറത്തെടുത്ത് താലിബാനായി മാനവസ്വാതന്ത്ര്യത്തിനുമേൽ ചുടലനൃത്തം ചവിട്ടുന്നതും. വേൾഡ് ട്രേഡ് സെന്ററിലെ ഭീകരാക്രമണത്തെപ്പറ്റി മറ്റു പലരെയും പോലെ അമേരിക്കൻ സെനറ്ററായ ചാൾസ് ഷൂമാർ (Charles Schumer) പറയുന്നു: ‘മറ്റെന്തിനും മേലെ ഭീകരവാദത്തിന്റെ അടിസ്ഥാനകാരണം സൗദി അറേബ്യ പ്രചരിപ്പിക്കുന്ന വഹാബിസമാണ്.'

അബ്ദുൽ അസീസ് അൽ സൗദ്, 'ഇബ്നു സൗദ്' / Photo: Wikimedia Commons

ഇന്നും സൗദി വിദ്യാലയങ്ങളിൽ സർക്കാർ മേൽനോട്ടത്തിൽ വഹാബിസം നിർബ്ബന്ധമായി പഠിപ്പിക്കുന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കുന്ന അംഗീകൃത പാഠപുസ്തകങ്ങൾ വഹാബിസത്തിന്റെ ഉദ്‌ബോധനങ്ങളാണ്. ‘വഹാബിസം മതവിദ്യാലയങ്ങളെ നിർമിച്ചു, മത വിദ്യാലയങ്ങൾ ജിഹാദികളെ സൃഷ്ടിച്ചു, അങ്ങനെ ഒസാമ ബിൻ ലാദനും സെപ്റ്റംബർ 11 ലെ കുറ്റവാളികളും ഉണ്ടായെ' ന്നും, അതിനാൽ അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം സൗദി അറേബ്യയ്ക്കാണെന്നും, അവർ വിചാരണ ചെയ്യപ്പെടണമെന്നും, ആ രാഷ്ട്രം ഇരകൾക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും ചില അമേരിക്കൻ ബുദ്ധിജീവികൾ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ അന്നത്തെ ബ്രിട്ടീഷ് ലിബറലിസത്തിനെന്ന പോലെ ഇന്നത്തെ അമേരിക്കൻ നവലിബറലിസത്തിനും സൗദി അറേബ്യയില്ലെങ്കിൽ പടിഞ്ഞാറൻ ഏഷ്യയിൽ സ്വതന്ത്ര വ്യാപാരമില്ലല്ലോ.

കാരെൻ ആംസ്‌ട്രോഗ് / Photo: Wikimedia Commons

ബ്രിട്ടീഷ് എഴുത്തുകാരി കാരെൻ ആംസ്‌ട്രോഗ് (Karen Armstrong ) പറയുന്നു: ‘മധ്യ പൗരസ്ത്യ രാജ്യങ്ങളിൽ നമ്മുടെ കൊളോണിയൽ നീക്കുപോക്കുകളും, നമ്മൾ നിർമിച്ച ഭരണകൂടങ്ങളുടെ സ്വാഭാവികമായ അസ്ഥിരതയും, നമ്മൾ പിന്താങ്ങുന്ന സ്വേച്ഛാധിപത്യ സർക്കാരുകളും ചേർന്ന് ആ മേഖലയിലെ സമൂഹ്യക്രമത്തിൽ ഭീകരമായ ശിഥിലീകരണം വരുത്തിയിട്ടുണ്ട്... അത്തരം (സ്വേച്ഛാ) ഭരണകൂടങ്ങളിലൊന്ന് സൗദി അറേബ്യയാണ്. ഇവർ മനുഷ്യാവകാശങ്ങളെ മാനിക്കുന്നില്ലെന്നതു മാത്രമല്ല, 1970കൾ മുതൽ ഈ രാജ്യമാണ് മിഡിൽ ഈസ്റ്റിലെ പാശ്ചാത്യ രാജ്യങ്ങളുടെ വിദേശനയത്തിന്റെ കേന്ദ്രം. അതുകൊണ്ട് ഇവർ മുസ്​ലിംകളെ വഹാബിസവൽക്കരിക്കുന്നത് (‘Wahhabisation') പാശ്ചാത്യശക്തികൾ തന്ത്രപരമായി കണ്ടില്ലെന്നു വെയ്ക്കുകയാണ്.'

ഇതോടൊപ്പം ഒരിക്കലും അവസാനിക്കാത്ത രാഷ്ട്രീയ - മത സംഘർഷങ്ങൾക്കും മനുഷ്യാവകാശ നിഷേധങ്ങൾക്കും വെടിമരുന്നു നിറയ്ക്കുന്നതിനായി ഇസ്രായേൽ എന്ന ജൂതരാഷ്ട്രത്തെ പടിഞ്ഞാറൻ ഏഷ്യയിൽ സ്ഥാപിച്ചതും ലിബറൽ സാമ്രാജ്യത്വമാണല്ലോ. ജനസമ്മതിയും ജനായത്തവും ലവലേശവും മാനിക്കാതെ സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, സിറിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിങ്ങനെ മതം, ഭീകരവാദം, രാഷ്ട്രീയം, ഏകാധിപത്യം എന്നിവ കുട്ടിക്കുഴച്ചു ചുട്ടെടുത്ത ഉരുക്കു ഭരണകൂടങ്ങൾ ഏഷ്യൻ ഭൂഖണ്ഡത്തിൽ ഒന്നൊന്നായി സ്ഥാപിക്കുന്നതിനുള്ള കളമൊരുക്കിയാണ് അന്ന് ബ്രിട്ടനും ഇന്നു അമേരിക്കയും ചുക്കാൻ പിടിക്കുന്ന ലിബറലിസം അതിന്റെ ജൈത്രയാത്ര നടത്തുന്നത്.

ഇസ്രയേലിനെതിരെ പോരാടുന്ന പലസ്തീൻ യുവാക്കൾ / Photo: unsplash.com

ഏഷ്യയിൽ മതമായിരുന്നു പ്രജാസ്വത്വ നിർമാണത്തിന്റെ ലിബറൽ മൂശയെങ്കിൽ, ആഫ്രിക്കയിലെത്തുമ്പോൾ മതത്തെ പിന്നിലാക്കി വംശീയത (ethnicity) യായി ലിബറൽ അധിനിവേശത്തെ ചിരസ്ഥായിയാക്കി നിർത്തുന്നതിനുള്ള പ്രധാനപ്പെട്ട സാംസ്‌ക്കാരിക മാധ്യമം. ബ്രിട്ടീഷ് വാഴ്ചക്കുമുമ്പ് ആഫ്രിക്കൻ സംസ്‌ക്കാരത്തിൽ വംശീയതയെന്നാൽ വ്യക്തമായി നിർവ്വചിക്കപ്പെട്ടതോ ദൃഢതയുള്ളതോ ആയിരുന്നില്ല. ഗോത്രനേതൃത്വങ്ങളാകട്ടെ അമിതാധികാരം പ്രയോഗിക്കാനാവുന്ന വിധം മിക്കയിടങ്ങളിലും കേന്ദ്രീകൃതവുമായിരുന്നില്ല. കോളനിഭരണത്തിനു മുന്നേ മിക്ക ആഫ്രിക്കൻ സമൂഹങ്ങളും ചെറിയ ചെറിയ ഗ്രൂപ്പുകളായാണ് കഴിഞ്ഞിരുന്നത്. ചിലയിടങ്ങളിൽ കേന്ദ്രീകൃത ഭരണനേതൃത്വം തന്നെ ഉണ്ടായിരുന്നില്ല. ജനങ്ങൾക്കാകട്ടെ ദുർഭരണ നേതൃത്വങ്ങളെ വിട്ട് മറ്റു പ്രദേശങ്ങളിൽ കുടിയേറാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇത്തരം പ്രാദേശിക ഭരണങ്ങളേറെയും ജനായത്തപരമായിരുന്നില്ലെങ്കിലും നിരന്തര ശത്രുതാപരമോ അക്രമാസക്തമോ ആയിരുന്നില്ല. ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള സംവിധാനങ്ങളും നിലവിലുണ്ടായിരുന്നു.

ആഫ്രിക്കയെന്നാൽ ഇന്നും വംശീയ സംഘർഷങ്ങളാൽ അശാന്തിയുടെ നിലയ്ക്കാത്ത അശരണവിലാപങ്ങളാകാൻ കാരണം, അവിടങ്ങളിൽ ലിബറൽ ഇംപീരിയലിസം തീർത്തുവെച്ച പ്രജാസ്വത്വ നിർമാണ ശൈലിയത്രേ.

എന്നാൽ ലിബറൽ ഏകാധിപത്യം ഗോത്രങ്ങളുടെ ചലനാത്മകതയെയും അധികാര വികേന്ദ്രീകരണ രീതിയെയും അട്ടിമറിച്ചു, അവയെ ഇംപീരിയൽ ഭരണകൂടവുമായി കൂട്ടിച്ചേർത്തു, അതുവരെയില്ലാത്ത അധികാര ദുശ്ശീലങ്ങൾക്കു ഗോത്രനേതൃത്വങ്ങളിൽ സ്ഥിരപ്രതിഷ്ഠയുണ്ടാക്കി. അതുവഴി ആഫ്രിക്കയിലെ ബ്രിട്ടീഷ് കോളനികളിൽ ഇന്ത്യയിലെ നാട്ടുരാജ്യങ്ങ (Princely states) ളുടേതുപോലെ ‘പരോക്ഷ ഭരണ' (Indirect Rule) മാണ് ലിബറൽ സ്വേച്ഛാധിപത്യം വളരെ വിജയകരമായി നടത്തിയത്. ഈ ഭരണതന്ത്രത്തെപ്പറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി സാലിസ്ബറി (Marquess of Salisbury) അഭിപ്രായപ്പെട്ടു: ‘പകുതി മാത്രം പരിഷ്‌കൃതരായ ജാതികളെ ഭരിക്കാൻ നേരിട്ടുള്ള ഭരണത്തേക്കാൾ പരോക്ഷ ഭരണമാണ് ഉത്തമം. അത് ചെലവ് കുറഞ്ഞതും ലളിതവും അവരുടെ ആത്മാഭിമാനത്തിനു മുറിവേല്പിക്കാത്തതും അവർക്ക് പൊതു സ്ഥാപനങ്ങളിൽ കൂടുതൽ ജോലികൾ കൊടുക്കുന്നതും അവരോട് വെളുത്ത വർഗ്ഗക്കാരുടെ അനാവശ്യമായ ബന്ധങ്ങളെ ഒഴിവാക്കുന്നതുമാണ്.'

മാർക്വസ് സാലിസ്ബറി

1880- കൾ മുതൽ ആഫ്രിക്കയെ പങ്കിട്ടെടുത്ത കോളനിശക്തികളിൽ മുന്നിലുള്ള ബ്രിട്ടൻ, ഫ്രാൻസ് എന്നിവരുടെ ആഫ്രിക്കൻ പ്രജാസ്വത്വ
രൂപീകരണത്തിലെ വ്യത്യസ്തതകളെ താരതമ്യം ചെയ്യുന്ന പഠനങ്ങൾ പറയുന്നു: ആഫ്രിക്കയെന്നാൽ ഇന്നും വംശീയ സംഘർഷങ്ങളാൽ അശാന്തിയുടെ നിലയ്ക്കാത്ത അശരണവിലാപങ്ങളാകാൻ കാരണം, അവിടങ്ങളിൽ ലിബറൽ ഇംപീരിയലിസം തീർത്തുവെച്ച പ്രജാസ്വത്വ നിർമാണ ശൈലിയത്രേ. ബ്രിട്ടീഷ് ലിബറൽ സ്വേച്ഛാധിപത്യം ഒരിക്കലും തദ്ദേശീയരെ മനുഷ്യരായി പരിഗണിക്കാത്തതായതിനാൽ, അവരെ പരമ്പരാഗത ഗോത്രരീതികളിൽ നിന്ന്​പുറത്തുവരാൻ അനുവദിച്ചില്ല. ജനങ്ങൾക്കുമേൽ ഗോത്രമേധാവികളെ ഉപയോഗിച്ച്​പരോക്ഷ ഭരണം നടത്തിയ നാടുകളിൽ, സ്വാതന്ത്ര്യാനന്തരം ന്യൂനപക്ഷ ഗോത്രങ്ങൾ അഹിംസാമാർഗത്തിൽ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുമ്പോൾ, അതിനെ അടിച്ചമർത്തുന്നതിനാൽ ഗത്യന്തരമില്ലാതെ, അവർ സായുധ കലാപത്തിലേക്കിറങ്ങുകയും ആഭ്യന്തര സംഘർഷങ്ങൾ അവസാനമില്ലാതെ തുടരുകയും ചെയ്യുന്നു.

ആഫ്രിക്കൻ പ്രജാസ്വത്വ രൂപീകരണത്തിന്റെ വെളിച്ചത്തിൽ, ഇംഗ്ലീഷുകാർ പരോക്ഷ ഭരണം നടത്തിയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലെയും കൊച്ചിയിലേയും, നേരിട്ടു ഭരണം നടത്തിയ മലബാറിലെയും പ്രജാസ്വത്വ വ്യത്യാസങ്ങൾ പഠനാർഹമാണ്.

ഇംപീരിയൽ മാതൃകയിൽ അതേ കരിനിയമങ്ങൾ കൊണ്ട് ജനകീയ പ്രതിഷേധങ്ങളെ തദ്ദേശീയ ഏകാധിപതികൾ അടിച്ചമർത്തുന്നതായി ഇതേപ്പറ്റി ‘ദെ കോൺവർസേഷൻ ' എഡിറ്റർ ജോ ആഡെടുൻജി (Jo Adetunji ) എഴുതുന്നു. എന്നാൽ ഫ്രഞ്ച് അധീന നാടുകളിലെ ഭരണം ഗോത്രത്തലവന്മാർ മുഖേനയല്ലാതെ നേരിട്ടായിരുന്നു. ഫ്രഞ്ചുകാർ തങ്ങളുടെ സംസ്‌ക്കാരം സ്വാംശീകരിക്കുന്നവരെ തങ്ങൾക്കൊപ്പം ഉയർത്തിക്കൊണ്ടുവരുന്ന മാനുഷിക പരിഗണന കാട്ടുകയും ചെയ്തിരുന്നു. അതിനാൽ അത്തരം നാടുകളിൽ, ഫ്രാൻസിൽ നിന്ന്​ സ്വാതന്ത്ര്യം നേടിയതിനു ശേഷം, ഗോത്രങ്ങൾ അതേ ഫ്രഞ്ചുശൈലിയിൽ തങ്ങളുടെ അവകാശങ്ങൾ മിക്കവാറും അക്രമരഹിതമായി നേടിയെടുത്തു. (ആഫ്രിക്കൻ പ്രജാസ്വത്വ രൂപീകരണത്തിന്റെ വെളിച്ചത്തിൽ, ഇംഗ്ലീഷുകാർ പരോക്ഷ ഭരണം നടത്തിയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലെയും കൊച്ചിയിലേയും, നേരിട്ടു ഭരണം നടത്തിയ മലബാറിലെയും പ്രജാസ്വത്വ വ്യത്യാസങ്ങൾ പഠനാർഹമാണ്. പ്രത്യേകിച്ച് ജാതിമത സംഘടനകളുടെ മേധാവിത്വം, ഉദ്യോഗ മത്സരബുദ്ധി എന്നിങ്ങനെ തെക്കൻ കേരളത്തിലെ പ്രത്യേകതകൾ അത്​ പുറത്തു കൊണ്ടുവന്നേക്കും)

ബ്രിട്ടീഷ് വിരുദ്ധ മൗ മൗ പ്രക്ഷോഭകാരികളെ ചോദ്യം ചെയ്യുന്ന പൊലീസ്

ആഫ്രിക്കൻ വ്യക്തിത്വത്തെ ഒരിക്കലും വംശീയബോധത്തിൽ നിന്ന്​ രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം ഗോത്രനേതൃത്വത്തിന്റെ അനുസരണയുള്ള കുഞ്ഞാടുകളാക്കി മാറ്റിക്കൊണ്ടാണ് ബ്രിട്ടീഷ് ലിബറലിസത്തിന്റെ പരോക്ഷ ഭരണം പ്രവർത്തിച്ചത്. വംശീയതയുടെ പ്രകടമായ ചിഹ്നങ്ങൾ വ്യക്തമല്ലാതിരുന്ന ജനസമൂഹങ്ങൾക്കുമേൽ, അവർ പുതിയ ഗോത്രവിഭജന മാനദണ്ഡങ്ങൾ കണ്ടുപിടിക്കുകയും, അതിനുമേൽ ഗോത്രത്തലവന്മാരെ അവരോധിക്കുകയും ചെയ്തുകൊണ്ട് വംശീയതയെ സ്ഥാപനവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തു. ഇംപീരിയലിസം വംശീയതകളെ നിർമിക്കുകയും പാരമ്പര്യങ്ങളെ ‘കണ്ടുപിടിക്കുക്ക'യും ചെയ്യുന്നതായി ബ്രൂസ് ബെർമൻ (Bruce J Berman) പറയുന്നു. തന്നെയുമല്ല, ഗോത്രങ്ങൾക്കിടയിൽ സംഘർഷങ്ങളെ ലഘൂകരിക്കുന്നതിന്​ ഏർപ്പാടാക്കിയിരുന്ന സഹകരണത്തിന്റെ പരമ്പരാഗത സംവിധാനങ്ങളെ ലിബറൽ ഏകാധിപത്യത്തിലെ പുതിയ നിയമങ്ങൾ നിശ്ചേതനമാക്കിത്തീർത്തു. പരമ്പരാഗതമായി നിലവിലിരുന്ന അധികാരബന്ധങ്ങളിൽ നിന്ന്​ ശക്തരായ ആളുകളെ കണ്ടെത്തുക, അവരെ പുതിയ ഭരണാധികാരത്തിന്റെ തലപ്പത്തു പ്രതിഷ്ഠിക്കുക, അത്തരം അധികാര ഘടനകൾ ഇല്ലാത്ത ഗോത്രങ്ങളിൽ കരുത്തുള്ള നേതൃത്വത്തെ സൃഷ്ടിക്കുക, ഗോത്രങ്ങൾക്കിടയിൽ മാത്സര്യ- വിദ്വേഷാദി സംഘർഷങ്ങൾ വളർത്തുക എന്നീ തന്ത്രങ്ങളിലൂടെയാണ് ഇംപീരിയൽ ഇംഗ്ലണ്ടിന്റെ പരോക്ഷ ഭരണം ആഫ്രിക്കയിൽ നിർവ്വഹിക്കപ്പെട്ടത്.

ഗോത്രത്തലവന്മാരിലൂടെ ഗോത്രങ്ങൾക്കിടയിൽ പരസ്പര ആധിപത്യവും അക്രമവും വളർത്തി അധികാരം കൊണ്ടാടിയതിനാൽ, സ്വാതന്ത്ര്യാനന്തരം ഇന്നോളം, അണയാത്ത വംശീയ അടിച്ചമർത്തലുകൾക്കും കലാപങ്ങൾക്കും ദുർഭരണങ്ങൾക്കും നിത്യവേദിയായി തീർന്നിരിക്കുന്നു ആധുനിക ആഫ്രിക്കൻ രാഷ്ട്രങ്ങൾ. ലിബറൽ കോളനിവാഴ്ച പരിചിതമാക്കിയ കേന്ദ്രീകൃത അധികാര ഘടന, ഉദ്യോഗസ്ഥ മേധാവിത്വം, സായുധസൈന്യം എന്നിവ ലഭ്യമായതോടെ ഇംപീരിയലിസം വളർത്തി വിട്ട വംശീയ ഏകാധിപത്യത്തിൽ നിന്നും ആഫ്രിക്കക്ക് മോചനം എളുപ്പമല്ലാതായിരിക്കുന്നു.

നൈജീരിയൻ ആഭ്യന്തരയുദ്ധത്തിൻറെ ഭാഗമായി മാർച്ച് ചെയ്യുന്ന പട്ടാളം / Photo: Wikimedia Commons

ലിബറൽ കോളനിയുഗം നടപ്പിലാക്കിയ പരോക്ഷ ഭരണം ആളിക്കത്തിച്ച ഗോത്ര സംഘർഷങ്ങൾക്ക് ഉത്തമോദാഹരണമത്രേ, നൈജീരിയ സ്വതന്ത്രമായതിനെ തുടർന്നു അവിടെയുണ്ടായ ആഭ്യന്തര യുദ്ധം ( Biafra war 1967-1970). ബ്രിട്ടീഷ്‌കാലം മുതൽ അധികാരശക്തികളായി പന്തലിച്ച ഹൗസ (Housa) ഗോത്ര ഭരണകൂടം, സ്വതന്ത്ര്യാനന്തരം അവഗണിക്കപ്പെട്ടു കഴിഞ്ഞ ഇഗ്‌ബോ (igbo) ഗോത്രങ്ങളിൽ 10 ലക്ഷം പേരെ അന്ന് പട്ടിണിക്കിട്ടുകൊന്നു. നൈജീരിയയെപ്പറ്റി മെരിമാ അലിയും സംഘവും നടത്തിയ പഠനത്തിൽ പറയുന്നു, നൈജീരിയയിലെ പുതിയ ദേശീയ ഭരണകൂടവും ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളുടെ പാത പിന്തുടരുന്നതാണ് സൗകര്യമെന്നു കരുതുന്നു. അവരും ഗോത്രവിഭാഗീയതയെ ജനങ്ങളെ ഭിന്നിപ്പിച്ചു വരുതിയിൽ നിർത്തുന്നതിനുള്ള ഉപാധിയായി സ്വീകരിക്കുന്നു. 1994 ൽ
റുവാണ്ടയിലാകട്ടെ, ഭരണകൂടം സ്‌പോൺസർ ചെയ്ത ഗോത്രോന്മൂലന പദ്ധതിയിൽ ഹൂറ്റൂ (Hutu) വംശജരാൽ എട്ടു ലക്ഷം ടൂട്‌സി (Tutsi) കൾ കൊല്ലപ്പെട്ടു. 2017 ൽ പോലും ആഫ്രിക്കയിലാകെ ആഭ്യന്തര സംഘർഷങ്ങളിൽ 7500 പേർ മരിച്ചിട്ടുണ്ട്.

ജനങ്ങൾക്ക് ഉപജീവന വിഭവങ്ങൾ കരസ്ഥമാക്കണമെങ്കിൽ അതിനുള്ള ഒരേയൊരു വഴിയായി തീർന്നു, പൊളിറ്റിക്കൽ ട്രൈബലിസം. ഭരണകൂടത്താൽ വ്യക്തി അംഗീകരിക്കപ്പെടുന്നത്, അയാൾ വംശീയതയെ പ്രതിനിധാനം ചെയ്യുമ്പോൾ മാത്രമായി മാറി.

ആഫ്രിക്കയിൽ കോളനിയുഗത്തിലെ ഗോത്രത്തലവന്മാരെ വെച്ചുള്ള ഒളിഭരണം, അങ്ങനെ വംശീയ ഏകാധിപത്യത്തിന്റെ പുതിയ രാഷ്ട്രീയ പാരമ്പര്യത്തിനു കളമൊരുക്കി. ജനങ്ങൾക്ക് ഉപജീവന വിഭവങ്ങൾ കരസ്ഥമാക്കണമെങ്കിൽ അതിനുള്ള ഒരേയൊരു വഴിയായി തീർന്നു, പൊളിറ്റിക്കൽ ട്രൈബലിസം. ഭരണകൂടത്താൽ വ്യക്തി അംഗീകരിക്കപ്പെടുന്നത്, അയാൾ വംശീയതയെ പ്രതിനിധാനം ചെയ്യുമ്പോൾ മാത്രമായി മാറി. മാത്രമല്ല, മുമ്പ് ഗോത്ര ഭരണനേതൃത്വവും സമൂഹവും തമ്മിലുള്ള പരമ്പരാഗത കരാറുകൾ അപ്പോൾ അപ്രസക്തമായി തീർന്നു. സമൂഹത്തിൽ വന്നുചേർന്ന മാറ്റങ്ങൾ കൃഷി, തൊഴിൽ, ഉദ്യോഗം, വിദ്യാഭ്യാസം, സമ്പത്ത് എന്നിവയിലെല്ലാം അതേവരെയില്ലാത്ത വിധം അസമത്വം സാർവ്വത്രികമാക്കി. ഗോത്രങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിക്കുകയും ചെയ്തു. ലിബറലിസത്തിന്റെ പാർലമെന്ററി സംവിധാനങ്ങളെ ബോധപൂർവ്വം അകറ്റിനിർത്തി ഗോത്രനേതൃത്വത്തെ ഏകാധിപത്യം പരിശീലിപ്പിച്ചതിന്റെ ഫലമായി, ആഫ്രിക്കയിൽ ‘കരുത്തുറ്റ നേതാവി 'ന്റെ ഏകപാർട്ടി ജനാധിപത്യം വേരുറച്ചു. അതോടൊപ്പം, അന്താരാഷ്ട്ര അക്രമ സമ്പദ് വ്യവസ്ഥ (മയക്കുമരുന്ന്,ആയുധക്കടത്ത് എന്നിവ) യുമായി രാഷ്ട്രീയം കണ്ണി ചേർക്കപ്പെട്ടു. ഭരണകൂടം, സമൂഹം ഇവയുടെ സ്ഥായീഭാവം നിഷ്ഠൂരമായ അക്രമമായി തീർന്നു. അധികാരത്തിനായി ഇത്തരം നേതൃത്വങ്ങൾ പരസ്പരം കൊമ്പുകോർക്കുമ്പോൾ തങ്ങൾക്ക്​ തൽപ്പരരെ വാഴിക്കുന്നതിനായി തെരഞ്ഞെടുപ്പുകളിൽ- പ്രത്യേകിച്ച് കെനിയ, നൈജീരിയ എന്നിവിടങ്ങളിൽ- പാശ്ചാത്യ ശക്തികൾ ഇടപെടുകയും ചെയ്തു.

നയാമത വംശഹത്യാ സ്മാരകത്തിൽ സൂക്ഷിച്ചിരിക്കുന്ന തലയോട്ടികൾ / Photo: Wikimedia Commons

സ്വാതന്ത്ര്യപൂർവ്വ കാലങ്ങളിൽ ഒരു നൂറ്റാണ്ടോളം യൂറോപ്യൻ വംശീയ ലിബറലിസം നീണാൾ വാണത് ആഫ്രോ- ഏഷ്യൻ കോളനികളിൽ ജാതി, മതം, വംശീയത എന്നീ വികാരങ്ങളാൽ മനുഷ്യചിന്തയെ നിർവീര്യമാക്കി ശത്രുതയും അക്രമവും അകക്കാമ്പായ ഏകാധിപത്യ ദുഷിപ്പുകൾ പ്രജകളിൽ വളർത്തിക്കൊണ്ടുമായിരുന്നു. ലിബറൽ ഏകാധിപത്യത്തിനെതിരെ അടിത്തട്ടിൽ നിന്നുമുണ്ടായ ജനായത്ത ജനകീയോർജ്ജമാണ് 1940 കളിൽ ആഫ്രോ- ഏഷ്യൻ സ്വാതന്ത്ര്യ സമരങ്ങളായി മാറിയതും ലിബറലിസത്തെ ചരിത്രത്തിൽ നിന്നും ഇടവേളയിലെന്നപോലെ മാറ്റിനിർത്തിയതും. ജനായത്ത സ്വാതന്ത്ര്യത്തിന്റെ ഈ മധുവിധു കാലത്തിന് 1970 കൾ മുതൽ നിറം മങ്ങിവരികയാണ്. വീണ്ടും, മുൻ കോളനികളാകുന്ന പ്രാന്തരാഷ്ട്രങ്ങളിൽ കോളനിത്വത്തിന്റെ വിട്ടുപോകാത്ത ദുശ്ശീലങ്ങളിൽ നിന്ന്​ മത- വംശീയ വെറികളെ പെറ്റുപെരുകിച്ചും, ലിബറലിസത്തിന്റെ ഈറ്റില്ലങ്ങളായ പാശ്ചാത്യ ദേശങ്ങളിൽ വർണവിവേചനം ആന്തരികമായി വളർത്തി വലുതാക്കിയും നവലിബറലിസം ഇപ്പോൾ അതിന്റെ അശ്വമേധത്തിലാണ്. ചൈനയിലും റഷ്യയിലും ഇന്ത്യയിലും അമേരിക്കയിലും എവിടെയും അത് മുകളിൽ നിന്ന്​ താഴേക്കുള്ള ആജ്ഞയായി -ഒടുങ്ങാത്ത അധികാര കേന്ദ്രീകരണമായും അഹംഭാവത്തിന്റെ ദേശീയതയായും - സ്വേച്ഛാധിപത്യ നവലിബറലിസമായി ജനങ്ങളിൽ വേരാഴ്ത്തുന്നു. ▮

(തുടരും)


അശോകകുമാർ വി.

അധ്യാപകൻ. സാഹിത്യം, പരിസ്​ഥിതി, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments