സാമ്പത്തികോല്പാദനത്തിനായി ബാഹ്യലോകത്തെ ശാസ്ത്രമുപയോഗിച്ചു വരുതിയിലാക്കണമെന്നതിൽ ലിബറലിസത്തിനും സോഷ്യലിസത്തിനും അഭിപ്രായവ്യത്യാസമില്ല. ഉടമസ്ഥതയും നടത്തിപ്പും സ്റ്റേറ്റിനു വേണോ സംരംഭകർക്കുവേണോ എന്നതിലാണ് ഭിന്നത.
കോളനിവാഴ്ചയിലൂടെ കരസ്ഥമാക്കിയ സമ്പത്ത് ജ്ഞാനോദയത്തിലേക്കും വ്യവസായ വിപ്ലവത്തിലേക്കും ശാസ്ത്ര പുരോഗതിയിലേക്കും അതുവഴി ഐഹിക സമൃദ്ധിയിലേക്കും യൂറോപ്പിനെ നയിച്ചപ്പോൾ, ഈ സമ്പൽസമൃദ്ധിയുടെ അവകാശത്തെ ചൊല്ലി രണ്ടുവിധ കാഴ്ചപ്പാടുകൾ 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഉയർന്നുവന്നു.
ഒന്നാമത്തേത്, വ്യവസായ വിപ്ലവത്തിനായി പണം മുടക്കുന്നയാളുടെ പക്ഷത്തുനിന്ന്, വ്യക്തിസ്വാതന്ത്ര്യത്തിന് സവിശേഷസ്ഥാനം കല്പിക്കുന്ന ലിബറൽ വ്യക്തിവാദമായിരുന്നെങ്കിൽ, രണ്ടാമത്തേത് അയാൾക്കു കീഴിൽ പണിയെടുക്കുന്നവരുടെ ഭാഗം പിടിക്കുന്ന സമത്വവാദ ലോകവീക്ഷണമായിരുന്നു. സമ്പത്തിന്റെ സമാഹരണത്തിന് ഏതൊരാൾക്കും സ്വാതന്ത്ര്യം നൽകിയാലേ സാർവ്വത്രിക പുരോഗതി സാധ്യമാകൂ എന്ന് വ്യക്തിസ്വാതന്ത്ര്യവാദികൾ തർക്കിച്ചെങ്കിൽ, സ്വാതന്ത്ര്യത്തെക്കാളുപരി വ്യക്തികൾക്കിടയിൽ സമത്വം കൈവന്നാലേ സ്വാതന്ത്ര്യം സാധ്യമാകൂ എന്ന് സമത്വവാദികൾ ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യമാണോ സമത്വമാണോ വലുത് എന്ന് ഇരുചേരി വടംവലിക്കാരും കാലുറപ്പിച്ചു നിന്നതാകട്ടെ ഒരൊറ്റ മണ്ണിലാണ്; കോളനികളിൽ നിന്ന് വാരിക്കൂട്ടിയ സമ്പത്തും ജ്ഞാനോദയവും വ്യവസായവിപ്ലവവും കൂടിച്ചേർന്നുണ്ടാക്കിയ നാച്വറലിസം, പോസിറ്റിവിസം എന്നീ തത്വചിന്താപദ്ധതികളിൽ.
സമ്പത്തും സയൻസും കണ്ടുപിടുത്തങ്ങളും ചേർന്ന് ദൈവനിശ്ചിതമായ പഴയ ലോകത്തെ പാടേ പൊളിച്ചു കളഞ്ഞ്, പകരം അതുവരെ അചിന്ത്യമായ പുതിയൊരു ലോകം നിർമിക്കുന്നതിന് വെള്ളവും വളവുമായി വന്ന ദർശനമാണ് നാച്വറലിസം. ഇതിന്റെ വേരുകൾ പൊട്ടിമുളയ്ക്കുന്നത്, യൂറോപ്യൻ അധിനിവേശത്തിന്റെ ഭാഗമായി കോളനികളിലെ ഭൗതിക പ്രകൃതിയെ അളന്നുതിട്ടപ്പെടുത്തുകയും അടയാളപ്പെടുത്തുകയും തരംതിരിക്കുകയും ചെയ്യുന്ന ശാസ്ത്രപഠനമെന്ന നിലയിലാണ്. കോളനികളിലെ ഭൗതികസമ്പത്തിനെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ അവിടുത്തെ പ്രകൃതിയെ മാറ്റിത്തീർത്ത് കൂടുതൽ സമ്പത്ത് ഉല്പാദിക്കുന്നതിനും ഈ സാമ്പത്തികോന്നതി യൂറോപ്പിൽ വീണ്ടും വിജാഞാനവർദ്ധവിനു വഴിവെട്ടുന്നതിനും കാരണമായി. പ്രകൃതിപഠനത്തിന്റെയും അതിനനുസരിച്ച് പ്രകൃതിയെ മാറ്റിത്തീർക്കുന്നതിന്റേതുമായ സാമ്പത്തിക പ്രകിയയുടെ അവിഭാജ്യ തത്ത്വചിന്തയാണ് നാച്വറലിസം. ജി. ശങ്കരക്കുറുപ്പ് എഴുതിയ പോലെ ‘പ്രകൃതിയെ കറവപ്പയ്യാക്കി മൂക്കിൽ കയറിട്ടു' നിർത്തുന്ന ആധുനിക ശാസ്ത്രവിജയം തത്ത്വചിന്തയിൽ നങ്കൂരമിട്ടപ്പോൾ നാച്വറലിസം ഉണ്ടായി.
മനുഷ്യവർഗവും പ്രകൃതിസൃഷ്ടികളിലൊന്നായതിനാൽ, പ്രകൃതിയുടെ ചലനനിയമങ്ങൾ പഠിച്ച് അതിന്റെ ഭാവിമാറ്റങ്ങൾ പ്രവചിക്കുന്നതു പോലെ, സമൂഹത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കി അനുഗുണമായ സമൂഹസൃഷ്ടി സാധ്യമാണെന്ന് പോസിറ്റിവിസം അനുശാസിച്ചു.
ആത്മീയസഭയോ ദൈവദത്ത സംഹിതകളോ അല്ല പ്രകൃതിയെ നിയന്ത്രിക്കുന്നത്, പ്രകൃതി അതിന്റെ തന്നെ നിയമങ്ങൾക്കനുസരിച്ചാണ് ചരിക്കുന്നത് എന്ന്സയൻസിലൂടെ നാച്വറലിസം സ്ഥാപിച്ചതോടെ മതസംഹിതകൾ പ്രകൃതിക്കുമേൽ അലങ്കരിച്ചിരുന്ന അഭൗമമായ പരമപവിത്രത ആവിയായി. ദൈവങ്ങൾക്ക്ലോകത്തിനുമേലുള്ള ജന്മം തീറാധാരം പ്രകൃതിശാസ്ത്രങ്ങളാൽ റദ്ദാക്കപ്പെട്ടപ്പോൾ, ലോകം മനുഷ്യനാൽ പര്യവേഷണം ചെയ്ത് കീഴടക്കപ്പെടേണ്ട ഭൗതികമായ ഒരു വെല്ലുവിളി- രഹസ്യങ്ങളുടെ ചുരുൾ- മാത്രമായി. അപ്പോൾ, മതസങ്കീർത്തനങ്ങൾ മനഃപ്പാഠമാക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തേക്കാൾ ഉന്നതമാണ് ശാസ്ത്രീയാന്വേഷണത്തിലൂടെ ബാഹ്യലോകത്തെ അളന്നു തിട്ടപ്പെടുത്തി മാറ്റിമറിക്കുമ്പോൾ മനുഷ്യനു കിട്ടുന്ന അനുഭൂതി എന്നു വന്നു. പര്യവേഷണം നടത്തേണ്ടതും കീഴടക്കേണ്ടതുമായ വേദപുസ്തകമായി, ദൈവത്തെ തള്ളിമാറ്റി, പ്രകൃതി മനുഷ്യന്റെ നേർവൈരുദ്ധ്യമായി മാറി. മനുഷ്യനന്മക്കുതകാതെ അലസയായി കാട്ടിലൂടെ ആർത്തൊഴുകുന്ന കാളിന്ദിയെ, ബലരാമൻ തന്റെ കലപ്പ കൊണ്ടുണ്ടാക്കിയ ചാലിലൂടെ അനുസരണയുള്ളവളാക്കി ഒഴുക്കിക്കൊണ്ടുവന്നു. അമ്പാടിയെ വരൾച്ചയിൽ നിന്ന് രക്ഷിക്കുന്നതും, ആദ്യത്തെ കർഷകരാജാവായി ബലരാമൻ ശോഭിക്കുന്നതും ജലസേചനം എന്ന കവിതയിൽ വൈലോപ്പിള്ളി വർണിക്കുന്നതോർക്കുക. സാമ്പത്തികോല്പാദനത്തിനായി ബാഹ്യലോകത്തെ ശാസ്ത്രമുപയോഗിച്ചു വരുതിയിലാക്കണമെന്നതിൽ ലിബറലിസത്തിനും സോഷ്യലിസത്തിനും അഭിപ്രായവ്യത്യാസമില്ല. കാളിന്ദിയുടെ ഉടമസ്ഥതയും നടത്തിപ്പും സ്റ്റേറ്റിനു വേണോ സംരംഭകർക്കുവേണോ എന്നതിലാണ് ഭിന്നത.
പ്രകൃതിയെ മനുഷ്യേച്ഛക്കൊത്ത് ശാസ്ത്രീയമായി പുനഃസംഘടിപ്പിച്ച് പുതിയ ഉല്പന്നങ്ങൾ വാർത്തെടുക്കുന്നതുപോലെ സമൂഹത്തെയും ഉടച്ചുവാർക്കാം. കാരണം, മനുഷ്യവർഗവും പ്രകൃതിസൃഷ്ടികളിലൊന്നായതിനാൽ, പ്രകൃതിയുടെ ചലനനിയമങ്ങൾ പഠിച്ച് അതിന്റെ ഭാവിമാറ്റങ്ങൾ പ്രവചിക്കുന്നതു പോലെ, സമൂഹത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കി അനുഗുണമായ സമൂഹസൃഷ്ടി സാധ്യമാണെന്ന് പോസിറ്റിവിസം അനുശാസിച്ചു. ബാഹ്യലോകത്തിനുമേൽ ഭൗതികാതീത ശക്തികൾക്കുള്ള എല്ലാ കെട്ടുപാടുകളെയും നാച്വറലിസം അവസാനിപ്പിച്ചെങ്കിൽ മനുഷ്യസമൂഹത്തിനുമേൽ അത്തരം ശക്തികളുടെ എല്ലാ ഇടപാടുകളെയും പോസിറ്റിവിസവും തള്ളിക്കളഞ്ഞു.
ആധുനിക ശാസ്ത്രം വരച്ചിട്ട നാച്വറലിസത്തിന്റെയും പോസിറ്റിവിസത്തിന്റെയും കളിത്തട്ടിലാണ് വ്യക്തിസ്വാതന്ത്ര്യമാണ് പരമോന്നതമൂല്യമെന്ന് ലിബറൽ സ്വാതന്ത്ര്യവാദികളും അതല്ല സാമൂഹ്യസമത്വമാണ് ഏറ്റവും ഉദാത്തമെന്ന് സമത്വവാദികളും പരസ്പരം കൊമ്പുകോർത്തത്.
ഇപ്രകാരം പ്രകൃതിപഠനം പോലെ സമൂഹത്തെപ്പറ്റിയുള്ള അറിവുല്പാദനവും സയൻസിന്റെ ജ്ഞാനസമ്പാദന മാതൃകയിൽ, പോസിറ്റിവിസത്താൽ ക്രമവൽക്കരണത്തിനു വിധേയമായി. പരീക്ഷണ നിരീക്ഷണങ്ങൾ, തെളിവുകൾ, യുക്തിബോധം, ശാസ്ത്രീയമായ പ്രവചനശേഷി എന്നിങ്ങനെ ആധുനിക ശാസ്ത്രം വരച്ചിട്ട നാച്വറലിസത്തിന്റെയും പോസിറ്റിവിസത്തിന്റെയും ഈ കളിത്തട്ടിലാണ് വ്യക്തിസ്വാതന്ത്ര്യമാണ് പരമോന്നതമൂല്യമെന്ന് ലിബറൽ സ്വാതന്ത്ര്യവാദികളും അതല്ല സാമൂഹ്യസമത്വമാണ് ഏറ്റവും ഉദാത്തമെന്ന് സമത്വവാദികളും പരസ്പരം കൊമ്പുകോർത്തത്.
സമത്വവാദത്തിന്റെ മുന്നേറ്റം
19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതലുള്ള നൂറുവർഷം ലോകം കാണുന്നത് നാച്വറലിസത്തെയും പോസിറ്റിവിസത്തെയും അടിസ്ഥാനമാക്കി സാമ്പത്തികശാസ്ത്രം, രാഷ്ട്രമീംമാംസ എന്നീ രംഗങ്ങളിൽ അടിസ്ഥാനപരമായ അഴിച്ചുപണികൾക്ക് മേൽക്കൈ നേടിയ സമത്വവാദികളുടെ മുന്നേറ്റമാണ്. പ്രകൃതി ശാസ്ത്രത്തിലെന്ന പോലെ സമൂഹത്തെ പറ്റി ശാസ്ത്രീയമായി പഠിക്കുകയും സാമൂഹ്യമാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കുകയും കുറ്റമറ്റ സാമൂഹ്യഘടനക്കായി ഫലപ്രദമായ പദ്ധതികൾ ഭരണകൂടം ആസൂത്രണം ചെയ്യുകയും വേണമെന്ന് സമത്വവാദികൾ ആവശ്യപ്പെട്ടു. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഭരണകൂടത്തിന്റെ കർത്തൃത്വത്തിൽ ഹ്രസ്വ- ദീർഘകാല ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്ത് വിജയം കൊയ്യുന്ന സോവിയറ്റ് റഷ്യയുടെ പഞ്ചവത്സരപദ്ധതികൾ മാനവരാശിയുടെ ചരിത്രത്തിലെ അഭൂതപൂർവ്വമായ ശുഭപ്രതീക്ഷയാകുന്നതങ്ങനെയാണ്. ഇതിന് വഴിവെളിച്ചമായി നിന്ന കാൾ മാർക്‌സിന്റെ രാഷ്ട്രീയ ദർശനത്തിന് എംഗൽസ് പേരിട്ടതുതന്നെ ശാസ്ത്രീയ സോഷ്യലിസം എന്നാണല്ലോ. സമൂഹനിർമിതിയിൽ ഭരണകൂടത്തിന്റെ നേതൃപരമായ പങ്കിനെപറ്റി സോവിയറ്റ് സമത്വവാദ ദർശനങ്ങളുടെ പ്രഭാവലയത്തിനകത്തു നിന്നുകൊണ്ടാണ് നാച്വറലിസ്റ്റായ ജവഹർലാൽ നെഹ്രു ഇന്ത്യൻ പഞ്ചവത്സരപദ്ധതികൾക്ക് അടിത്തറയിടുന്നത്. അതേ കാലത്തുതന്നെയാണ് വൈലോപ്പിള്ളി ജലസേചനം എഴുതി അതിൽ ബലരാമനെ ആദ്യ കർഷകരാജാവെന്നു വിശേഷിപ്പിക്കുന്നത്.
ലിബറലിസം വളർത്തിവിട്ട വിപണിമാത്സര്യത്തിന്റെ യുദ്ധദാരിദ്ര്യാദികളാൽ നട്ടംതിരിയുന്ന യൂറോപ്പിലെ ശാസ്ത്രസമൂഹത്തിനുമുന്നിൽ, ആധുനിക ശാസ്ത്രമാകുന്ന അശ്വങ്ങളാൽ പുരോഗതിയിലേക്കു കുതിക്കുന്ന സോവിയറ്റ് യൂണിയൻ ഭീഷണിയും അത്ഭുതവും ആദരവുമായി തീർന്ന കാലമായിരുന്നു അത്. 1928 ൽ സോവിയറ്റ് യൂണിയൻ ഒന്നാം പഞ്ചവത്സര പദ്ധതി തുടങ്ങിയപ്പോൾ മുതൽ തന്നെ, ലിബറലിസം വരുത്തിവെച്ച കലുഷിതമായ സാമൂഹ്യ അനീതികൾക്കുള്ള പ്രതിവിധിയായി ഈ ആസൂത്രണ സമ്പദ്ഘടനയെ ബ്രിട്ടനിലെ രാഷ്ട്രീയപാർട്ടികൾ മാത്രമല്ല ശാസ്ത്രജ്ഞരും വ്യവസായികൾ പോലും നോക്കിക്കണ്ടു. 1931 ൽ ലണ്ടനിൽ കൂടിയ രണ്ടാം അന്താരാഷ്ട്ര ശാസ്ത്രചരിത്ര കോൺഗ്രസിൽ സോവിയറ്റ് ശാസ്ത്രജ്ഞർക്ക് പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം കൊടുക്കേണ്ടി വരുന്നതങ്ങനെയാണ്.
ശാസ്ത്രചരിത്രമെന്നത് പ്രതിഭകളായ ശാസ്ത്രജ്ഞരുടെയും അവരുടെ കണ്ടുപിടുത്തങ്ങളുടെയും ചരിത്രമെന്ന മട്ടിൽ, വ്യക്തിവാദ ശൈലിയിൽ യൂറോ-അമേരിക്കൻ പ്രതിനിധികൾ ശാസ്ത്രചരിത്ര കോൺഗ്രസിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചപ്പോൾ, മാനവസമൂഹത്തിന്റെ വികാസചരിത്രത്തിന്റെ ഭാഗമായി, സ്ഥിതിസമത്വ സിദ്ധാന്തത്തിൽ നിന്നുകൊണ്ട് റഷ്യൻ ഫിസിയോളജിസ്റ്റായ ബോറിസ് സവഡോസ്‌കി (Boris Mikhailovich Zavadovsky) ശാസ്ത്രത്തിന്റെ ബദൽ ചരിത്രം മുന്നോട്ടുവെച്ചു. ശാസ്ത്രം സമൂഹ്യമാറ്റത്തിന്റെ സംഘർഷങ്ങൾക്കുള്ളിലാണ് നിലകൊള്ളുന്നതെന്നും, ലിബറലിസത്തിന്റെ വിപണി താൽപര്യങ്ങളിൽ മുരടിച്ചു കിടക്കുന്ന ശാസ്ത്രം സ്വതന്ത്രമാകുന്നത് സോഷ്യലിസ്റ്റ് രാഷ്ട്രീയ സമൂഹത്തിലാണെന്നും, അവിടെയാണ് ശാസ്ത്രം യഥാർത്ഥത്തിൽ സാമൂഹ്യവിപ്ലവത്തിന്റെ ആയുധമായി മാറുന്നതെന്നും അതിനാൽ, ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ശാസ്ത്രരംഗവും ആസൂത്രണത്തിനു വിധേയമാകേണ്ടതുണ്ടെന്നും സോവിയറ്റ് റഷ്യയുടെ ശാസ്ത്രക്കുതിപ്പുകൾ ചൂണ്ടിക്കാട്ടി നികോലായ് ബുഖാറിൻ (Nikolai Bukharin) നയിച്ച സോഷ്യലിസ്റ്റ് സംഘം ലിബറൽ ശാസ്ത്രജ്ഞർക്കുമേൽ ആശയാധിപത്യം ഉറപ്പിച്ചു.
ശാസ്ത്രവും അതിന്റെ നേട്ടങ്ങളും സോഷ്യലിസ്റ്റ് സമൂഹത്തിൽ മാത്രമേ മാനവരാശിയുടെ പൊതുനന്മക്കുപകരിക്കുന്നതായി മാറൂ എന്ന കാഴ്ചപ്പാട് ബർണാലിന്റെ മുൻകൈയിൽ പ്രചരിപ്പിക്കപ്പെട്ടു.
ഇപ്രകാരം കോളനിവാഴ്ച വഴി യൂറോപ്യൻ ജ്ഞാനോദയത്തിൽ തുടങ്ങി വ്യവസായ വിപ്ലവത്തിലെത്തി പാശ്ചാത്യലോകത്തിന്റെ ഒസ്യത്തായിത്തീർന്ന സയൻസിന്റെയും അതിന്റെ ശാസ്ത്രീയ ദർശനങ്ങളുടെയും യഥാർത്ഥമായ അനന്തരാവകാശി ലിബറലിസമല്ല, പകരം സോഷ്യലിസമാണെന്നു സ്ഥാപിക്കപ്പെട്ടതോടെ, അന്നേവരെ ശാസ്ത്രത്തിലും നാച്വറലിസത്തിലും പോസിറ്റിവിസത്തിലും ആശയാടിത്തറ കെട്ടിപ്പൊക്കിയിരുന്ന ലിബറലിസം തൂണുകൾ പിഴുതുമാറ്റപ്പെട്ട മേൽപ്പുര പോലെ നിലംപൊത്തുന്ന ഗതിയിലെത്തി. അതായത്, സമ്പത്ത് സമാഹരിക്കുന്നതിനുള്ള സംരംഭകരുടെ സ്വാതന്ത്ര്യത്തിനു മാത്രം മൂല്യം കല്പിക്കുന്ന ലിബറലിസം അശാസ്ത്രീയമായ സാമ്പത്തിക -രാഷ്ട്രീയ സിദ്ധാന്തമായതിനാൽ സയൻസിന്റെ സ്വതന്ത്ര വികാസത്തിനുതന്നെ തടസ്സമാണെന്നു കുറ്റപ്പെടുത്തി സോഷ്യലിസ്റ്റ് തൽപ്പരരായ ജെ.ഡി. ബർണാൽ, ജോസഫ് നീഡം ( J. D. Bernal, Joseph Needham) എന്നിവരടങ്ങിയ ശാസ്ത്രസമൂഹം പാശ്ചാത്യലോകത്തു മുന്നോട്ടു വന്നു. ശാസ്ത്രവും അതിന്റെ നേട്ടങ്ങളും സോഷ്യലിസ്റ്റ് സമൂഹത്തിൽ മാത്രമേ മാനവരാശിയുടെ പൊതുനന്മക്കുപകരിക്കുന്നതായി മാറൂ എന്ന കാഴ്ചപ്പാട് ബർണാലിന്റെ മുൻകൈയിൽ പ്രചരിപ്പിക്കപ്പെട്ടു.
യൂറോപ്യൻ ബുദ്ധിജീവികൾക്കിടയിൽ ലിബറലിസത്തിനു വന്നുചേർന്ന ഈ ആപൽസന്ധിയിൽ, ഇനി അതിന്റെ തനിസ്വരൂപത്തിൽ നിലനില്പ് അസാധ്യമായതിനാൽ, സോഷ്യലിസ്റ്റുകളെ പോലെ നമ്മളും ഭരണകൂടത്തിന്റെ മുൻകൈയിൽ സാമൂഹ്യപ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി പഠിച്ച്, പദ്ധതികൾ ആസൂത്രണം ചെയ്‌തേ നിർവ്വാഹമുള്ളൂ എന്ന് ഹരോൾഡ് മാക്മില്ലൻ തുടങ്ങിയ ബ്രിട്ടീഷ് രാഷ്ട്രീയനേതൃത്വത്തിലുള്ളവരും കെയ്ൻസിനെ പോലെ പോസിറ്റീവ് സാമ്പത്തികശാസ്ത്രജ്ഞരും തിരിച്ചറിയുന്നുണ്ട്. അങ്ങനെയാണ് ലിബറലിസവും സ്ഥിതിസമത്വവാദവും സമന്വയിപ്പിക്കുന്ന ക്ഷേമരാഷ്ട്രം അല്ലെങ്കിൽ മിശ്ര സമ്പദ് വ്യവസ്ഥ അഥവാ ഇംബഡഡ് ലിബറലിസം വിട്ടുവീഴ്ചയുടെ അനിവാര്യതയായി മാറിയത്. കാരണം ലിബറലുകളും സോഷ്യലിസ്റ്റുകളും നാച്വറലിസത്തിന്റെയും പോസിറ്റിവിസത്തിന്റെയും സന്തതികളായതിനാൽ ശാസ്ത്രീയമായി ശരിയെന്നു തെളിഞ്ഞിരിക്കുന്ന സോവിയറ്റ് ആസൂത്രണ മാതൃകയെ അംഗീകരിക്കാതെ വേറേ വഴിയില്ലല്ലോ.
ലിബറലിസം തികച്ചും ശാസ്ത്രീയമാണെന്നു തെളിയിച്ച്, അതിനെ അനശ്വരമാക്കുന്നതിനുള്ള പ്രത്യയശാസ്ത്ര നിർമാണ പദ്ധതികൾക്ക്, 1930 കളിൽ ഇംഗ്ലണ്ട് കേന്ദ്രമാക്കി ലിബറൽ ബുദ്ധിജീവിക്കൂട്ടായ്മകൾ രൂപപ്പെട്ടുവന്നു. ശാസ്ത്രീയ സോഷ്യലിസത്തിന് ബദലായി ‘ശാസ്ത്രീയ ലിബറലിസം' നിർമിച്ചെടുക്കുക എന്നതായിരുന്നു അവരുടെ ചരിത്രദൗത്യം.
യാതൊന്നിന്റെയും കലർപ്പില്ലാത്ത തനതുശുദ്ധിയിൽ ലിബറലിസത്തിന്പുനരവതരിക്കണമെങ്കിൽ, അതിനുള്ള ഒരേയൊരുവഴി ലിബറലിസം ശാസ്ത്രീയമാണെന്നും സ്ഥിതിസമത്വവാദം അശാസ്ത്രീയമാണെന്നും തിരിച്ചു സ്ഥാപിക്കുക എന്നതാകുന്നു. ഒരുവശത്ത് തൊട്ടു മുന്നിലെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ട്, ലിബറലിസ്റ്റുകൾ കെയ്‌നീഷ്യൻ സാമ്പത്തിക നടപടികളിലൂടെ ഭരണകൂടത്തിന്റെ പങ്കാളിത്തം ശക്തമാക്കുന്ന ക്ഷേമരാഷ്ട്ര പ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങിയെങ്കിൽ, അതേ കാലത്തുതന്നെ ലിബറലിസം തികച്ചും ശാസ്ത്രീയമാണെന്നു തെളിയിച്ച്, അതിനെ അനശ്വരമാക്കുന്നതിനുള്ള പ്രത്യയശാസ്ത്ര നിർമാണ പദ്ധതികൾക്ക്, 1930 കളിൽ ഇംഗ്ലണ്ട് കേന്ദ്രമാക്കി ലിബറൽ ബുദ്ധിജീവിക്കൂട്ടായ്മകൾ രൂപപ്പെട്ടുവന്നു. ശാസ്ത്രീയ സോഷ്യലിസത്തിന് ബദലായി ‘ശാസ്ത്രീയ ലിബറലിസം' നിർമിച്ചെടുക്കുക എന്നതായിരുന്നു അവരുടെ ചരിത്രദൗത്യം.
ശാസ്ത്രത്തിന്റെ സ്വാതന്ത്ര്യം
സാമ്രാജ്യത്വത്തിന്റെ ക്രൂരതകളാലും ലോകയുദ്ധത്താലും സാമ്പത്തിക മാന്ദ്യത്താലും ധാർമികശക്തി നഷ്ടപ്പെട്ട യൂറോപ്പിനെ അതിന്റെ ജ്ഞാനോദയ മൂല്യങ്ങളോടെ വീണ്ടെടുക്കുന്നതിനായി തത്ത്വചിന്തകരും ശാസ്ത്രജ്ഞരും ചേർന്ന്1924 ൽ രൂപീകരിച്ച വിയന്ന സർക്കിളിന്റെ അടിസ്ഥാന പ്രമാണങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് പഴയ ലിബറലിസം ‘ശാസ്ത്രീയ ലിബറലിസ'മായി പുനർജ്ജനിക്കുന്നത്. സയൻസായാലും സാമൂഹ്യശാസ്ത്രങ്ങളായാലും എല്ലാ അറിവിന്റെയും ഉരകല്ല് വ്യക്തിഗതമായ അനുഭവങ്ങളല്ല പകരം, പൊതുവായി നടത്തുന്ന ശാസ്ത്രീയ പഠനങ്ങളും പരിശോധനയും യുക്തിസഹമായ തീർപ്പുകല്പിക്കലും മാത്രമാണെന്ന ലോജിക്കൽ പോസിറ്റിവിസമായിരുന്നു വിയന്ന സർക്കിളിന്റെ ഫിലോസഫി.
ശാസ്ത്രമെന്നത് നിരന്തരം തെറ്റുതിരുത്തപ്പെട്ടു മുന്നേറുന്ന അറിവിന്റെ ചരിത്രമായതിനാൽ തിരുത്തപ്പെടാൻ തയ്യാറല്ലാത്ത അന്തിമസത്യങ്ങൾ ശാസ്ത്രീയമല്ല, അശാസ്ത്രീയമാണെന്നു വാദിച്ച് കാൾ പോപ്പർ സോവിയറ്റ് സോഷ്യലിസത്തിന്റെ ശാസ്ത്രീയതയെ നിരസിച്ചു.
എന്താണ് സയൻസ്, എങ്ങനെയാണ് സയൻസ് അറിവ് ഉല്പാദിപ്പിക്കുന്നത് എന്നീ ചോദ്യങ്ങൾക്ക് പോസിറ്റിവിസം നൽകുന്ന ഉത്തരങ്ങളെ ഖണ്ഡിക്കുന്ന സയൻസിന്റെ പുതിയ ദർശനം കാൾ പോപ്പർ വിയന്ന സർക്കിളിനെതിരെ പ്രസിദ്ധീകരിച്ചതോടെ (The Logic of Scientific Discovery-1935) ലിബറലിസം നാച്വറലിസത്തോടും പോസിറ്റിവിസത്തോടും ഗുഡ്‌ബൈ പറഞ്ഞ്, ചരിത്രത്തിൽ ആദ്യമായി സ്വന്തമായിട്ടുള്ള ഫിലോസഫിയിൽ ഉയിർത്തെഴുന്നേറ്റ്, നവ ലിബറലിസമായി മാറുന്നതിന് തുടക്കമിട്ടു. ‘സിദ്ധാന്തവും അനുഭവവും നിരന്തരം പരസ്പരം വിമർശനം നടത്തി പരിഷ്‌ക്കരിക്കപ്പെടുന്നതിനാൽ സയൻസിൽ പരമമായി ഒന്നുമില്ല, ശാസ്ത്രം കുടികൊള്ളുന്നത് കടുപ്പമുള്ള പാറമേലല്ല പകരം, അതിന്റെ ഉറച്ച സിദ്ധാന്തങ്ങൾ നിൽക്കുന്നത് ചതുപ്പിന്മേലാണ്' എന്ന് സയൻസ് നിർമ്മിക്കുന്ന അറിവിന്റെ അനിശ്ചിതത്വത്തെപ്പറ്റി കാൾ പോപ്പർ പറഞ്ഞപ്പോൾ, ആ അമ്പു ചെന്നു കൊണ്ടത് മനുഷ്യർക്ക് ബാഹ്യലോകത്തെ വസ്തുനിഷ്ഠമായി പൂർണമായും മനസ്സിലാക്കാം എന്ന പോസിറ്റിവിസ്റ്റ് ദൃഢവിശ്വാസത്തിൽ മാത്രമല്ല, പൊതുവായി സമാഹരിക്കുന്ന അപൂർണമായ അറിവുകളുടെ അടിസ്ഥാനത്തിൽ ഭാവിയെ മുന്നിൽക്കണ്ട് ഭരണകൂടം ആസൂത്രണം ചെയ്യുന്ന പദ്ധതികളുടെ ഫലശൂന്യതയിലേക്കു കൂടിയാണ്.
ശാസ്ത്രമെന്നത് നിരന്തരം തെറ്റുതിരുത്തപ്പെട്ടു മുന്നേറുന്ന അറിവിന്റെ ചരിത്രമായതിനാൽ തിരുത്തപ്പെടാൻ തയ്യാറല്ലാത്ത അന്തിമസത്യങ്ങൾ ശാസ്ത്രീയമല്ല, അശാസ്ത്രീയമാണെന്നു വാദിച്ച് കാൾ പോപ്പർ സോവിയറ്റ് സോഷ്യലിസത്തിന്റെ ശാസ്ത്രീയതയെ നിരസിച്ചു. അതുകൊണ്ട് കപടശാസ്ത്ര ഗണത്തിൽ പെടുത്താവുന്ന സാമൂഹ്യസിദ്ധാന്തങ്ങളെ താലോലിക്കുന്ന ഭരണകൂടങ്ങളിൽ നിന്ന് സയൻസിനെ സ്വതന്ത്രമാക്കുകയാണ് വേണ്ടതെന്നും, അല്ലാത്തപക്ഷം ഭരണകൂട ഇടപെടൽ മൂലം ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയും ആധികാരികതയും സാമൂഹ്യപ്രസക്തിയും നഷ്ടപ്പെടുമെന്നും പോപ്പർ പറഞ്ഞു. ശാസ്ത്രവിജ്ഞാനം സാമൂഹ്യമായി നിർണയിക്കപ്പെടുന്നുവെങ്കിലും അറിവ് ഉല്പാദിപ്പിക്കപ്പെടുന്നത് വ്യക്തികൾ തമ്മിലുള്ള കൊടുക്കൽവാങ്ങലിലൂടെ യുക്തിപരമായിട്ടായതിനാൽ, ശാസ്ത്രവളർച്ച ഭരണ രാഷ്ട്രീയ താൽപ്പര്യങ്ങളെ ആശ്രയിച്ചല്ല എന്നും സമൂഹത്തിലുള്ള സ്വതന്ത്ര സ്ഥാപനങ്ങൾ വഴിയാണെന്നും ചൂണ്ടിക്കാട്ടി നവ ലിബറൽ ശാസ്ത്രചിന്തകർ അറിവിന്റെ രാഷ്ട്രീയം അവതരിപ്പിച്ചു.
‘ശാസ്ത്രത്തിനെതിരെയുള്ള ആക്രമണം എല്ലാ ആശയങ്ങൾക്കും എതിരെയുള്ള യുദ്ധമാണ്. ശാസ്ത്രത്തിന്റെ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണം സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഏകാധിപത്യത്തിന്റെ ആക്രമണമാണ്’ എന്ന് മൈക്കൾ പൊളാനി പറയുന്നുണ്ട്. നാസി ഭരണത്തിലും സോവിയറ്റ് സർവ്വാധിപത്യത്തിലും ശാസ്ത്രകാരന്മാരുടെ സ്വാതന്ത്ര്യം സ്റ്റേറ്റിനാൽ അടിച്ചമർത്തപ്പെടുന്നതും ശാസ്ത്രീയ സത്യങ്ങൾ വളച്ചൊടിക്കപ്പെടുന്നതുമായ ഉദാഹരണങ്ങൾ ഫ്രെഡറിക് ഹയകും മൈക്കൾ പൊളാനിയും എടുത്തുകാട്ടി. ‘സാമൂഹ്യമാറ്റത്തിന്റെ വയറ്റാട്ടിയാണ് ശാസ്ത്രം' എന്ന പോസിറ്റിവിസ്റ്റ് നിലപാടിനെ അവർ എതിർക്കുയും ശാസ്ത്രാന്വേഷകരുടെ സർവ്വതന്ത്ര സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്തു. മാത്രമല്ല, 1941 ൽ മൈക്കൾ പൊളാനി മുൻകൈയെടുത്ത് ‘സൊസൈറ്റി ഫോർ ഫ്രീഡം ഇൻ സയൻസ് ' എന്ന സംഘടനയും സ്ഥാപിതമായി.
സാമൂഹ്യപ്രക്രിയകൾ പ്രവചനാത്മകമല്ല, അനിശ്ചിതത്വം നിറഞ്ഞതാണ്. ഇപ്രകാരം സമൂഹത്തെ പറ്റിയുള്ള പോസിറ്റിവിസ്റ്റ് ദർശനത്തോട് നവ ലിബറലുകൾ വിടപറഞ്ഞുകൊണ്ട് സ്ഥിതിസമത്വവാദികളുടെ പഞ്ചവത്സര പദ്ധതികളെ കപടശാസ്ത്രമെന്നാക്ഷേപിച്ചു.
സയൻസിന്റെ രംഗത്ത് ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം തിയറിയും അഴിച്ചുവിട്ട, യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടുപോകാത്തതും സുനിശ്ചിത പ്രവചനങ്ങളെ അപ്രസക്തമാക്കുന്നതുമായ കണ്ടെത്തലുകൾ വെച്ച്, സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിലും തികച്ചും വസ്തുനിഷ്ഠവും പ്രവചനാത്മകവുമായ ഉത്തരങ്ങൾ അസാധ്യമാണെന്ന് നവ ലിബറലുകൾ വാദിച്ചു. മാത്രമല്ല, ഭൗതികലോകം പോലെ അറിയാനോ കൈകാര്യം ചെയ്യാനോ എഞ്ചിനീയറിംഗ് നടത്താനോ സാധ്യമല്ലാത്ത അനിശ്ചിതത്വമാണ് സമൂഹം. ഭൗതികശാസ്ത്രത്തിന്റെ അതേ മാതൃക സാമൂഹ്യവിഷയങ്ങളിൽ അപ്രസക്തമായതിനാൽ കേന്ദ്രീകൃത ഭരണകൂടം മുകളിൽ നിന്ന് നടപ്പിലാക്കുന്ന
ശാസ്ത്രീയമായ പ്ലാനിംഗ് തന്നെ അസംബന്ധമായി അവർ കണ്ടു.
സാമൂഹ്യജ്ഞാനം സയൻസ് പോലെ വ്യക്തവും ഏകവും വസ്തുനിഷ്ഠവുമല്ല. അത് അവ്യക്തവും വൈവിധ്യമുള്ളതും വ്യക്തിനിഷ്ഠവുമാണെന്ന് ഹയക് പറഞ്ഞു. അത്തരം അറിവുകളെ സമാഹരിച്ച് പരിശോധിച്ച്, അവയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പ്ലാനിംഗ് അശാസ്ത്രീയമാണ്. സ്റ്റേറ്റിനും പ്ലാനിങ് ബോർഡിനും ക്ഷേമകാര്യ സാമ്പത്തികശാസ്ത്രത്തിനും, സമാഹരിച്ച അറിവുകൾ വെച്ച് എത്രത്തോളം സമൂഹത്തെപ്പറ്റി പ്രവചിക്കാനാവുമെന്നു ഹയക് ചോദിക്കുന്നു. കാരണം, സാമൂഹ്യഘടനയും അതിന്റെ പ്രവർത്തനങ്ങളും അവയെപ്പറ്റിയുള്ള അറിവും അത്രമേൽ സങ്കീർണവും അപൂർണവും അവ്യക്തവുമാണ്. മനുഷ്യരുടെ പ്രവർത്തനങ്ങളെ മാത്രമേ നിരീക്ഷിക്കാൻ കഴിയൂ. അവരുടെ ബോധത്തിന്റെ ഉള്ളറകളിലേക്കു കടക്കാൻ കഴിയില്ല. അതിനാൽ, സാമൂഹ്യപ്രക്രിയകൾ പ്രവചനാത്മകമല്ല, അനിശ്ചിതത്വം നിറഞ്ഞതാണ്. ഇപ്രകാരം സമൂഹത്തെ പറ്റിയുള്ള പോസിറ്റിവിസ്റ്റ് ദർശനത്തോട് നവ ലിബറലുകൾ വിടപറഞ്ഞുകൊണ്ട് സ്ഥിതിസമത്വവാദികളുടെ പഞ്ചവത്സര പദ്ധതികളെ കപടശാസ്ത്രമെന്നു ആക്ഷേപിച്ചു.
സമൂഹത്തിന്റെ ഗതിവിഗതികൾ പൂർണമായി മനസ്സിലാക്കാൻ നമുക്കു സാധ്യമല്ല എന്നു വാദിക്കുമ്പോൾ നവലിബറലുകൾ നമ്മെ ക്ഷണിക്കുന്നത്,
‘അനന്തമജ്ഞാതമവർണ്ണനീയം ഈലോക ഗോളം തിരിയുന്ന മാർഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു’
എന്ന വിധത്തിലുള്ള, വിനയാന്വിതമെന്നു പുറമേ തോന്നിപ്പിക്കുന്ന, കാപട്യം പുരണ്ട സന്ദേഹവാദ (skepticism) ത്തിലേക്കാണ്. അതിനാൽ മനുഷ്യനു കരണീയം, മാനവചരിത്രത്തിൽ സ്വയംഭൂവായി അവതരിച്ച വിപണിയുടെ ഇച്ഛകളെ പിൻപറ്റുക മാത്രമാണെന്നും അവർ പറയുന്നു. മനുഷ്യർക്കുതമ്മിൽ ആശയവിനിമയത്തിന് ഉപാധിയായി അർത്ഥപൂർണമായി ഭാഷ വ്യവസ്ഥപ്പെട്ടതുപോലെ, ഏവർക്കും സമ്പൽസമൃദ്ധിയും സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യാനായി ഉദയംചെയ്ത വിപണി വ്യവസ്ഥയെ അനുഗമിക്കാം എന്നു മോഹിപ്പിച്ചുകൊണ്ട് നവ ലിബറലുകൾ നമ്മെ വ്യവസ്ഥാവാദ (Conventionalism) ത്തിലേക്കു കൂടി നയിക്കുന്നുവെന്ന് മാർട്ടിൻ ബെദലീം (Martin Beddeleem) പറയുന്നുണ്ട്. ▮
(തുടരും)