സോഷ്യോ ബയോളജി: നവലിബറൽ മിഷണറി വേല

നവ ലിബറലിസം: സർവാരാധനയുടെ പുറകിലെ ​രാഷ്​ട്രീയം- 5

മനുഷ്യരുടെ ജനിതക ജാതകം നമ്മുടെ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക ഘടനയെ നിർണയിക്കുന്നുവെന്ന ഉത്താരാധുനിക വിധിവാദശാസ്ത്രമായ സോഷ്യോബയോളജിയാൽ നിർമിതമായ ബയോപൊളിറ്റിക്‌സാണ് നവലിബറലിസം.

ബംഗാൾ മഹാക്ഷാമത്തെ തുടർന്ന്​ കമ്പനിഭരണത്തിന്റെ മനുഷ്യത്വരാഹിത്യം വിമർശന വിധേയമായതിനു സമാനമായ ആരോപണം കോളനിയുഗത്തിന്റെ ആദ്യദശകങ്ങളിൽ തന്നെ പടിഞ്ഞാറൻ യൂറോപ്പിന്​ പൊല്ലാപ്പാകുകയുണ്ടായി. 16-ാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ സ്പാനിഷ് അധിനിവേശ സംഘത്തോടൊപ്പം കച്ചവടക്കാരനായും, പിന്നീട് മിഷണറിയായും കരീബിയൻ ദ്വീപുകളിലെത്തിയ ബാർത്തലോമ ഡ ലാസ് കാസസ് (Bartolomé de las Casas) അവിടെ വെച്ച്​, സ്വന്തം കൂട്ടത്തിൽപ്പെട്ട അടിമക്കച്ചവട മുതലാളിമാരുടെ കുമ്പസാരം കേൾക്കാൻ തയ്യാറാകാത്തതായിരുന്നു ഇതിന്റെ തുടക്കം. പകരം അവരോട് ലാസ് കാസസ് ചോദിച്ചു, ‘നിങ്ങൾ എന്ത് നീതിയെ മുൻനിർത്തിയാണ് ഈ (റെഡ്) ഇന്ത്യക്കാരെ ഇത്രയും ക്രൂരവും ഭീകരവുമായ അടിമത്തത്തിൽ നിർത്തുന്നത് എന്ന് എന്നോട് പറയൂ? സ്വന്തം മണ്ണിൽ സ്വസ്ഥമായും സമാധാനപരമായും താമസിച്ചിരുന്ന ഈ ജനങ്ങൾക്കെതിരെ എന്ത് അധികാരത്തിലാണ് നിങ്ങൾ ഇത്രയും മ്ലേച്ഛമായ യുദ്ധങ്ങൾ നടത്തിയത്? ഇതുവരെ കേട്ടിട്ടില്ലാത്ത കൊലപാതകങ്ങളിലൂടെയും കശാപ്പുകളിലൂടെയും നിങ്ങൾ അവരെ നശിപ്പിച്ചു. അവരെ ഇത്രയധികം അടിച്ചമർത്തി അവശരാക്കുന്നതെന്തിനാണ്? നിങ്ങൾക്കു ദിവസവും സ്വർണ്ണം കുഴിച്ചെടുത്തു സ്വന്തമാക്കാൻ വേണ്ടി, വേണ്ടത്ര ഭക്ഷണം നൽകാതെയോ, അവർക്ക് നൽകുന്ന അമിതമായ അധ്വാനത്താൽ, അസുഖങ്ങൾ ഭേദമാക്കാതെയോ അവർ മരിക്കുന്നു; അല്ലെങ്കിൽ നിങ്ങൾ അവരെ കൊല്ലുന്നു.'

ബാർത്തലോമ ഡ ലാസ് കാസസ്

സ്പാനിഷ് അധിനിവേശത്തിന്റെ നരഹത്യക്കെതിരെ വിരൽ ചൂണ്ടാൻ ബാർത്തലോമ ഡ ലാസ് കാസസിനെ പ്രേരിപ്പിച്ചത് മറ്റൊരു മിഷണറിയായ അന്റോണിയോ ഡ മൊണ്ടെസിനോസ് (Antonio de Montesinos) ആണ്. തദ്ദേശീയ ജനങ്ങളെ അടിമയാക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നതിനെതിരെ, ‘ഈ നിരപരാധികളായ ജനങ്ങളിൽ ഇവർ ചെയ്യുന്ന ക്രൂരതയും സ്വേച്ഛാധിപത്യവും കാരണം ഇവരെല്ലാം മാരകമായ പാപത്തിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു' എന്നു പരസ്യമായി ആദ്യം ശബ്ദിച്ചത്​ അദ്ദേഹമാണ്. 1540- ൽ ഇദ്ദേഹത്തെ പര്യവേഷകനായ ഒരു സ്പാനിഷ് ഓഫിസർ കൊന്നു. കാരണം, ഇവരുടെ ക്രൂരതയ്‌ക്കെതിരെ ഈ മിഷണറിമാർ യൂറോപ്യൻ ലോകത്തും കത്തോലിക്കാ സഭയിലും റോമാചക്രവർത്തിയിലും ക്യാമ്പയിൻ നടത്തുകയും റെഡ് ഇന്ത്യക്കാരെ വേട്ടയാടുന്നവരെ സഭയിൽ നിന്ന്​ പുറത്താക്കുമെന്ന ഇടയലേഖനങ്ങൾ, 1537 ൽ പോപ്പിനെക്കൊണ്ട് പുറപ്പെടുവിക്കുകയും ചെയ്​തു. അതിൽ പറഞ്ഞത്, ‘ഇന്ത്യക്കാർ അന്യജാതിക്കാരാണെങ്കിലും മനുഷ്യർ തന്നെയാണ്, അവർക്കു സ്വാതന്ത്ര്യത്തിനും സ്വകാര്യസ്വത്തിനും അവകാശമുണ്ട്​' എന്നാണ്.

പ്രൊട്ടസ്റ്റന്റുകൾ രാഷ്ട്രീയ ഭരണകൂടത്തെ ആത്മീയ മതത്തിന്റെ പിടയിൽ നിന്ന്​വിടുവിച്ചു, പകരം ആത്മീയതയെ ഭരണകൂടത്തിന്റെ ഇച്ഛകൾ അനുസരിക്കുന്ന ദാസ്യവേലയാക്കി മറിച്ചിട്ടു.

മതാത്മക മനുഷ്യത്വത്തിൽ ഉറച്ചുനിന്ന്​ ചില മിഷണറി ‘കിറുക്ക'ന്മാർ- സ്പാനിഷ് ഇംപീരിയൽ ചരിത്രകാരന്മാർ ഇവരെ അങ്ങനെയാണ് വിലയിരുത്തിയത്- അന്നുന്നയിച്ച ചോദ്യങ്ങളെ മറ്റു മിഷണറിമാർ, സഭകൾ, (കത്തോലിക്കാ സഭ, കച്ചവടക്കാരുടെയും രാജാക്കളുടെയും സമ്മർദ്ദങ്ങൾക്കു വഴങ്ങി റെഡ് ഇന്ത്യക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവുകൾ പിൻവലിക്കുന്നുണ്ട്) അധിനിവേശ സിംഹാസനങ്ങൾ, പുത്തൻ വ്യാപാര വാണിജ്യ സംരംഭകർ ഇവർ ഒത്തുചേർന്നു സർവ്വവിധത്തിലും അടിച്ചമർത്തി, സ്‌പെയിനിന്റെ അതേ പാതയിൽ മറ്റുള്ള രാജ്യങ്ങളും കോളനിവാഴ്ചയിൽ കിടമത്സരം നടത്തി ഭൂഖണ്ഡങ്ങളെ കീറിമുറിച്ചെടുത്തെങ്കിലും, സഭയ്ക്കും യൂറോപ്യൻ മാനുഷികതയ്ക്കും കൃത്യമായ ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുക എന്നത് അധിനിവേശ വ്യവസ്ഥയുടെ കീറാമുട്ടിയായി നിന്നു. കാരണം അലക്‌സാണ്ടർ, മുഗളന്മാർ എന്നിങ്ങനെ ചരിത്രത്തിലുടനീളം കാണുന്ന വലുതോ ചെറുതോ ആയ സൈനികനീക്കത്തിന്റെയും സാമന്തവൽക്കരണത്തിന്റെയും പട്ടികയിലൊന്നും പെടുത്താവുന്നതായിരുന്നില്ല അമേരിക്കകളിലെ കൈയേറ്റം.

Photo: Wikimedia Commons

മിഷണറിമാരുടെ ചോദ്യങ്ങളിൽ നിന്ന്​ തലയൂരുന്നതിനുള്ള അടിയന്തിര മാർഗം വ്യവസായ വാണിജ്യാദികളുടെ ഇടമായ രാഷ്ട്രീയഭരണത്തിനുമേൽ ആത്മീയ സഭയ്ക്കുള്ള അപ്രാമാദിത്വത്തെ റദ്ദാക്കുക എന്നതായിരുന്നു. അറ്റ്‌ലാന്റിക്കിനക്കരെ അധിനിവേശ നൃശംസത പൊടിപൊടിക്കുന്ന അതേ വേളയിൽ, ഇക്കരെ പ്രൊട്ടസ്റ്റൻറ്​ മതനവീകരണക്കാർ, എല്ലാ ലോകത്തിനും മേലുള്ള പോപ്പിന്റെ സർവ്വാധികാരത്തെ വെല്ലുവിളിച്ചത് യാദൃച്ഛികമല്ല. പ്രൊട്ടസ്റ്റന്റുകൾ രാഷ്ട്രീയ ഭരണകൂടത്തെ ആത്മീയ മതത്തിന്റെ പിടയിൽ നിന്ന്​ വിടുവിച്ചു, പകരം ആത്മീയതയെ ഭരണകൂടത്തിന്റെ ഇച്ഛകൾ അനുസരിക്കുന്ന ദാസ്യവേലയാക്കി മറിച്ചിട്ടു. അതോടെ പോപ്പിന്റെ സമ്മതപത്രമില്ലാതെ തന്നെ ഏതൊരു രാജാവിനും അമേരിക്കൻ കോളനികൾ വെട്ടിപ്പിടിക്കാമെന്നായി. ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമൻ (ഭരണകാലം: 1509-1547 ) പോപ്പിനെ ധിക്കരിച്ചു, കത്തോലിക്കാ സഭയുമായുള്ള സകലബന്ധവും വിച്ഛേദിച്ചു, ‘ചർച്ച് ഓഫ് ഇംഗ്ലണ്ടി' ന്റെ പരമാധികാരിയായി സ്വയം അവരോധിതനായതിനുശേഷമാണ്, അയർലന്റിനെ ആദ്യത്തെ കോളനിയാക്കുന്നതും തുടർന്നുള്ള നാളുകളിൽ ഇംഗ്ലീഷ് അധിനിവേശം അമേരിക്കകളിലേക്കു പടർത്തുന്നതും.

ഹെന്റി എട്ടാമന്റെ ഛായാചിത്രം / Photo: Wikipedia

ഹെന്റി എട്ടാമനും മതനവീകരണക്കാരും കൂടി മതവും ഭരണകൂടവും രണ്ടാക്കി വിഭജിച്ചു. കോളനിവാഴ്ചയുടെ സംരംഭകശക്തികളെ ആത്മീയ മാനുഷികതയുടെ വിചാരണകളിൽ നിന്ന്​ സ്വതന്ത്രമാക്കുന്നതോടെ, അധിനിവേശ ഹിംസയെ ന്യായീകരിക്കാൻ മതസംഹിതകളെ കൈവിട്ട്,​ മതേതരമായ ഉത്തരങ്ങൾ തിരയാനുള്ള സ്വാതന്ത്ര്യം വാണിജ്യ നായകത്വത്തിനു വന്നുചേർന്നു. പ്രൊട്ടസ്റ്റന്റുകൾ പോപ്പിനെതിരെ ആഞ്ഞടിച്ചത്, തങ്ങൾക്ക്​ വത്തിക്കാനിൽ നിന്നുള്ള തിട്ടൂരങ്ങളല്ല, ദൈവവചനങ്ങളുടെ സത്യവേദങ്ങളാണ് അനുസരണയുടെയും വിശ്വാസത്തിന്റെയും പ്രമാണമെന്നു ശഠിച്ചുകൊണ്ടാണ്. വിശുദ്ധ ഗ്രന്ഥത്തിന്റെ സംശുദ്ധമായ അർത്ഥങ്ങളിലേക്ക്​ - അതിന്റെ തനി പ്രകൃതത്തിലേക്ക്​, കടന്നുചെല്ലാൻ ഏതൊരു വിശ്വാസിക്കും കഴിയുമെന്ന്​മതനവീകരണക്കാർ ഉദ്‌ഘോഷിച്ചതോടെ, അതിന്റെ തുടർച്ചയായി സഭയുടെ റെഡിമെയ്ഡ് സത്യങ്ങളെ അതിലംഘിച്ച്​ മനുഷ്യന്റെയും ഭൂലോകത്തിന്റെയും കൂടി തനി പ്രകൃതം കണ്ടെത്തലും ആരംഭിച്ചു. പ്രൊട്ടസ്റ്റന്റു പാതിരിമാർ തന്നെ മനുഷ്യപ്രകൃതത്തെയും ലോകപ്രകൃതത്തെയും പറ്റി, മാനുഷിക മൂല്യങ്ങളുടെ ഭാരം പേറാത്ത ശാസ്ത്രീയമായ അർത്ഥോല്പാദനത്തിനു നേതൃത്വം നൽകുന്ന ഗവേഷകരായി, കോളനിവാഴ്ചയുടെ മുന്നോട്ടുപോക്കിനുള്ള കണ്ടുപിടുത്തങ്ങൾക്കു വഴിതെളിച്ചു കൊടുത്തു.

തോമസ് ഹോബ്‌സ് / Photo: Wikipedia

അങ്ങനെയാണ് ബാർത്തലോമ ഡ ലാസ് കാസസ് തൊടുത്തുവിട്ട ആത്മീയ മാനുഷികമൂല്യങ്ങളുടെ സത്യം (റെഡ് ഇന്ത്യക്കാരെപ്പറ്റി ലാസ് കാസസ് യൂറോപ്പിനെ ഓർമിപ്പിച്ചത്, ‘ലോകത്തെ എല്ലാ ജനങ്ങളും മനുഷ്യരാകുന്നു' എന്നാണ്) നിരസിക്കാൻ, മാനുഷികതയുടെ ഭാരം ഒട്ടും പേറാത്ത ശാസ്ത്രീയ മതേതര സത്യം കണ്ടുപിടിക്കുന്നതിന്​ യൂറോപ്പിന്​ കുറേക്കൂടി കാത്തിരിക്കേണ്ടി വന്നത്. ലാസ് കാസസ് മരിച്ചു നൂറുവർഷമായപ്പോൾ, ആധുനിക രാഷ്ട്രീയ തത്ത്വചിന്തയുടെ സ്ഥാപകനായന തോമസ് ഹോബ്‌സ് (Thomas Hobbes:1588-1679), ദൈവത്തിന്റെ പ്രതിരൂപമായി ചിത്രികരിക്കപ്പെട്ട മനുഷ്യപ്രകൃതത്തിനു പകരം, മൂല്യനിരപേക്ഷവും ശാസ്ത്രീയവുമായ മനുഷ്യ പ്രകൃതിയെ കണ്ടുപിടിച്ചു. അതിൽ എല്ലാ ആദിമവാസികളും പ്രകൃത്യാ സ്വാർത്ഥരും വൃത്തികെട്ടവരും ക്രൂരരും തമ്മിൽ സദാ പോരടിക്കുന്നവരുമാണ്. എന്നാൽ അത് സർവ്വനാശത്തിനു കാരണമാകുമെന്നു മനസ്സിലാക്കി, മനുഷ്യർ തമ്മിൽ വിട്ടുവീഴ്ചക്കു തയ്യാറായി, എല്ലാവരെയും നിയന്ത്രിക്കാനായി ഭരണകൂടമുണ്ടാക്കി. അവകാശങ്ങളും കടമകളും ഭരണകൂടത്തിനും വ്യക്തികൾക്കും വന്നുചേർന്നു. അങ്ങനെ ബ്രിട്ടൻ, സ്‌പെയിൻ, പോർച്ചുഗീസ്, ഫ്രാൻസ് എന്നീ പരമാധികാര രാഷ്ട്രങ്ങൾ യൂറോപ്പിലുണ്ടായി. എന്നാൽ റെഡ് ഇന്ത്യക്കാർക്കു ബ്രിട്ടീഷുകാരെ പോലെ ഭരണകൂടമില്ല; അവർ പഴയ പ്രാകൃതലോകത്താണ് (State of Nature). അതിനാൽ അവർക്ക്​ സ്വകാര്യസ്വത്തിലും മറ്റൊന്നിലും അവകാശവും ഇല്ല. (‘ഇന്ത്യക്കാർ അന്യജാതിക്കാർ ആണെങ്കിലും മനുഷ്യർ തന്നെയാണ്, അവർക്കു സ്വാതന്ത്ര്യത്തിനും സ്വകാര്യസ്വത്തിനും അവകാശമുണ്ടെ'ന്ന് പോപ്പ് ഇറക്കിയ ലേഖനത്തിനു മറുപടിയാണിത്)

മുന്നിൽ കാണുന്ന തടസ്സങ്ങളെ ഇല്ലാതാക്കുന്നത് സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യപ്രകൃതമായതിനാൽ, കോളനി അധിനിവേശം മനുഷ്യപ്രകൃതത്തിന്റെ അനിവാര്യഫലമാണെന്നു കൂടി ഹോബ്‌സ് പറയുന്നു. അതായത് ഭരണകൂടങ്ങൾ ഉള്ള പടിഞ്ഞാറൻ യൂറോപ്പിലുള്ളവർ മാത്രമേ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും അർഹിക്കുന്ന മനുഷ്യരെന്ന അർത്ഥം പേറുന്നുള്ളൂ; അവർക്കിടയിൽ മാത്രമേ അധിനിവേശ നിഷ്ഠൂരത ഒഴിവാക്കേണ്ടതുള്ളൂ.

റോബർട്ട് മാൽത്തൂസ് / Photo: Wikipedia

മൂല്യനിരപേക്ഷവും മതനിരപേക്ഷവും ശാസ്ത്രീയവും നിഷ്പക്ഷവുമെന്നു പുറമേ തോന്നുന്നതും, എന്നാൽ അധിനിവേശത്തിന്​ അനുഗുണമായ മൂല്യവ്യവസ്ഥയുള്ളതുമായ പ്രകൃതിവിജ്ഞാനത്തെ സാമ്പത്തികശാസ്ത്രത്തിലേക്കു സന്നിവേശിപ്പിച്ച്​ റോബർട്ട് മാൽത്തൂസ് ബംഗാൾ ക്ഷാമത്തെ ന്യായീകരിച്ചു, ഇംഗ്ലീഷ് കമ്പനിയെ കുറ്റവിമുക്തരാക്കുന്നതിന്​ ഒരു നൂറ്റാണ്ടു മുന്നേതന്നെ, റെഡ് ഇന്ത്യൻ കൂട്ടക്കുരുതികളെ നീതികരിക്കാനായി രാഷ്ട്രമീംമാസയിലേക്കു മനുഷ്യപ്രകൃതത്തിന്റെ ശാസ്ത്രത്തെ കൂട്ടിവിളക്കുകയാണ് തോമസ് ഹോബ്‌സ് ചെയ്തത്. ഹോബ്‌സിൽ മനുഷ്യന്റെ സ്ഥായീഭാവം യുദ്ധമാണെങ്കിൽ, മനുഷ്യൻ പ്രകൃതിയുടെ ഭാഗമായതിനാൽ പ്രകൃതിയുടെയും സ്ഥായീഭാവം മാൽത്തൂസിനും യുദ്ധമാകാതെ വയ്യ. ജീവശാസ്ത്രത്തിന്റെ അസംസ്‌കൃത വിഭവങ്ങളിലേക്കു രാഷ്ട്രീയ സാമ്പത്തിക ജീവിതത്തെ (Political economy) സമ്മിശ്രണം ചെയ്യുക വഴി, ഇന്നു അധിനിവേശത്തിന്റെ ആധുനികോത്തര രൂപമായ നവ ലിബറലിസത്തെ താങ്ങി നിർത്തുന്നതും, ശാസ്ത്രീയമെന്നും മൂല്യനിരപേക്ഷമെന്നും ഭാവിക്കുന്നതുമായ സോഷ്യോബയോളജിയ്ക്കു വിത്തുവിതയ്ക്കുകയാണ് ഹോബ്‌സും മാൽത്തൂസും ചെയ്തത്.

സോഷ്യോബയോളജിയുടെ രാഷ്ട്രീയ സിദ്ധാന്തമായ നവലിബറലിസത്തെ ‘ഡാർവീനിയൻ യാഥാസ്ഥിതികത്വം' എന്നാണ്​ ആൺഹാറ്റ്​ പുതിയ പേരിട്ടത്​.

പരിണാമശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി സാമൂഹ്യ വ്യവഹാരങ്ങളെ (Social Behaviour) വിശദീകരിക്കുകയും പഠിക്കുകയും ചെയ്യുന്ന ജീവശാസ്ത്രശാഖയാണ് സോഷ്യോബയോളജി. എന്നുവെച്ചാൽ മനുഷ്യസമൂഹത്തെ മറ്റു ജീവസമൂഹങ്ങളിലൊന്നു മാത്രമായി കണ്ടാൽ മതിയെന്നു സോഷ്യോബയോളജിസ്റ്റുകൾ നമ്മെ നിർബ്ബന്ധിക്കുന്നു. മനുഷ്യൻ ഒരു സാമൂഹ്യജീവിയല്ല, ജീവപരിണാമ നിയമങ്ങളുടെ വെറും അടിമയായ ഒരു പ്രകൃതിജീവി (natural being) മാത്രമാണവർക്ക്. ഇതാണ് പരിണാമശാസ്ത്രം കാണിക്കുന്നതെന്നും, ഇതിനെ അംഗീകരിക്കാത്തവർ മതപരമോ രാഷ്ട്രീയമോ ധാർമ്മികമോ ആയ മുൻവിധികളാൽ അന്ധത ബാധിച്ച്​, സത്യത്തെ നിരസിക്കുന്ന ശാസ്ത്രവിരോധികളാണെന്നും സോഷ്യോബയോളജിയുടെ രാഷ്ട്രീയ സൈദ്ധാന്തികൻ ലാറി ആൺഹാറ്റ് (Larry Arnhart) പറയുന്നു. ‘പരമ്പരാഗത യാഥാസ്ഥിതികർക്കും ക്ലാസിക്കൽ ലിബറലുകൾക്കും ചാൾസ് ഡാർവിനെ ആവശ്യമാണ്. ബർക്കിയൻ യാഥാസ്ഥിതികർക്കും (ഫ്രഞ്ചുവിപ്ലവത്തെ എതിർത്ത Edmund Burke ന്റെ പാരമ്പര്യം) ലോക്കീൻ ലിബറലുകൾക്കും (ലിബറലിസത്തിന്റെ പിതാവ് John Locke ന്റെ ഇന്നത്തെ പിൻതുടർച്ചക്കാരായ എല്ലാ നവലിബറലുകൾക്കും എന്നുകൂടി അറിയുക) ഡാർവിനെ ആവശ്യമുണ്ട്. കാരണം മനുഷ്യപ്രകൃതത്തെപ്പറ്റിയുള്ള ഡാർവീനിയൻ ശാസ്ത്രം മനുഷ്യന്റെ അപൂർണതയെക്കുറിച്ചുള്ള അവരുടെ സത്യവീക്ഷണത്തെ പിന്തുണയ്ക്കുന്നുവെന്ന്​, നവലിബറലിസ ആചാര്യൻ ഫ്രഡറിക് ഹയകിന്റെ പിൻഗാമിയായി അമേരിക്കയിൽ വാഴ്ത്തപ്പെടുന്ന ആൺഹാറ്റ് ബോധവൽക്കരിക്കുന്നുണ്ട്.

ലാറി ആൺഹാറ്റ്, എഡ്മണ്ട് ബർക്ക്, ജോൺ ലോക്ക്, ഫ്രഡറിക് ഹയക്

സോഷ്യോബയോളജിയുടെ രാഷ്ട്രീയ സിദ്ധാന്തമായ നവലിബറലിസത്തെ ‘ഡാർവീനിയൻ യാഥാസ്ഥിതികത്വം' (Darwinian Conservatism) എന്നാണ്​ ആൺഹാറ്റ്​ പുതിയ പേരിട്ടത്​. കാരണം, തങ്ങൾ നവലിബറലുകളാണെന്നു ഇവരാരും സ്വയം വിശേഷിപ്പിക്കാറില്ല. അതിന്റെ മനുഷ്യവിരുദ്ധ ഉള്ളിലിരുപ്പുകൾ വിമർശനങ്ങളിലൂടെ അത്രമേൽ നഗ്‌നമാക്കപ്പെട്ടതിനാൽ, ലജ്ജ കൂടാതെ സ്വയം വിശേഷിപ്പിക്കാൻ, ശാസ്ത്രത്തിലും വിശ്വാസത്തിലും ഒരേസമയം കാലൂന്നുന്ന ഇരുതലമൂർച്ഛയുള്ള 'ഡാർവീനിയൻ യാഥാസ്ഥിതികത്വം' എന്ന പ്രയോഗം സമർത്ഥമായി നിർമ്മിച്ചിരിക്കുന്നു. ആൺഹാറ്റ് എഴുതുന്നു: ‘ഇടതുപക്ഷം പരമ്പരാഗതമായി അനുമാനിക്കുന്നത് മനുഷ്യപ്രകൃതം വളരെ ഇഴയടുപ്പമുള്ളതും പൂർണതയുള്ളതും ഏത് ദിശയിലും രൂപപ്പെടുത്താവുന്നതുമാണ് എന്നാണ്. മനുഷ്യന്റെ പരിണാമചരിത്രത്തിൽ പ്രകൃതി നിർദ്ധാരണം രൂപപ്പെടുത്തിയ സാമൂഹ്യവാസനകളിൽ നിന്നും ധാർമികബോധത്തിൽ നിന്നുമാണ് സ്വതസിദ്ധമായ ക്രമം മനുഷ്യരിൽ സംഭവിച്ചതെന്ന ഡാർവിൻ ബയോളജി യാഥാസ്ഥിതിക സാമൂഹ്യചിന്തകളെയാണ് ശരിവെക്കുന്നത്.' കൂടാതെ ഇദ്ദേഹം നമ്മോടു ജനപ്രിയഭാഷയിൽ പറയുന്നുണ്ട്, ‘മാൽത്തൂസ് അന്നു പറഞ്ഞത് ഇന്നും ശരിയായിരിക്കുന്നു, ജനപ്പെരുപ്പമാണ് പരിസ്ഥിതിനാശത്തിനു കാരണം.'

പരിണാമത്തെ പ്രതീകവൽക്കരിക്കുന്ന കുരങ്ങന്റെ ശരീരമുള്ള ഡാർവിന്റെ കാരിക്കേച്ചർ / Photo: Wikipedia

പണ്ട് പോപ്പിന്റെ അനുഗ്രഹാശിസുകളുമായി ക്രിസ്റ്റഫർ കൊളംബസും വാസ്‌ക്കോ ഡ ഗാമയും പര്യവേഷണത്തിനിറങ്ങിയപ്പോൾ, കൂടെ മിഷണറിമാരും ഉണ്ടായിരുന്നു. എന്നാൽ, നവലിബറലിസം 30 വർഷം മുമ്പ് ഭൗതികമായി അവതരിക്കുന്നതിനും മുന്നേ, നവലിബറൽ പ്രേഷിതവേല പോപ്പുലർ സയൻസിലൂടെ, ഇ. ഒ. വിൽസൺ 1975 ൽ എഴുതിയ സോഷ്യോബയോളജിയുടെ ബൈബിൾ (Sociobiology: The New Synthesis) പ്രസിദ്ധീകരിച്ചപ്പോൾ മുതൽ ആരംഭിച്ചു. നവലിബറലിസം വളർന്നതിനൊപ്പം വിൽസന്റെ പുസ്തകവും പ്രാധാന്യം നേടി, അതിന്റെ 25-ാം വാർഷിക പതിപ്പ് 2000ൽ പുറത്തിറക്കി. ലോകസമ്പദ്ഘടനയുടെ മഹനീയമായ 30 വർഷങ്ങൾ (glorious thirty) എന്നറിയപ്പെടുന്ന, 1945 മുതൽ 1975 വരെയുള്ള- തൊഴിലും കൂലിയും ഉപഭോഗവും സാമൂഹ്യക്ഷേമവും ഏറ്റവും ഉയർന്നിരുന്ന- കാലത്തിനുശേഷം, സാമ്പത്തിക പ്രതിസന്ധിയിലേക്ക്​ പടിഞ്ഞാറൻ നാടുകൾ നീങ്ങിത്തുടങ്ങുമ്പോഴാണ് കെയ്‌നീഷ്യൻ ഇക്കണോമിക്‌സിന്റെ ക്ഷേമനടപടികളെ വിമർശിച്ച്​ നവലിബറൽ സാമ്പത്തികവാദം ആശയപ്രചാരണം തുടങ്ങുന്നതെന്നും ഓർക്കേണ്ടതാണ്. ഇര ക്ഷീണിക്കുന്നതും നോക്കി പിന്നാലെ വിടാതെ കൂടി, അവസരം ഒത്തുവന്നപ്പോൾ ചാടി വീണു, രാകിമൂർച്ചകൂട്ടി വെച്ചിരുന്ന സർവ്വായുധങ്ങളും ഒന്നിച്ചു പ്രയോഗിക്കുന്നതിന്റെ നാന്ദിയാണ് 1975 കാലം.

നിലവിലെ സാമൂഹ്യസ്ഥിതിയെ സാധൂകരിക്കാൻ നിരവധി കപട പഠനങ്ങൾ പോപ്പുലർ മീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണെന്ന്​ ഗൂൾഡും കൂട്ടരും പറയുന്നുണ്ട്.​

1978 ൽ വിൽസന്റെ രണ്ടാമത്തെ പുസ്തകം- ‘ഓൺ ഹ്യൂമൺ നേച്ചർ'- പുറത്തുവന്നപ്പോൾ ലോകപ്രശസ്ത ജീവശാസ്ത്രജ്ഞനായ സ്റ്റീവൻ ജെയ് ഗൂൾഡിന്റെ (Stephen jay Gould) നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രസംഘം അതേപ്പറ്റി ഒരു പ്രതികരണം, ‘സോഷ്യോബയോളജിയുടെ രാഷ്ട്രീയം' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അതിൽ പറയുന്നു: ‘‘വിൽസന്റെ ‘Sociobiology: The New Synthesis' നെപ്പറ്റി ഒരു കത്ത്, ഞങ്ങളിൽ കുറേപേർ മൂന്നു വർഷം മുന്നേ, റിവ്യൂ ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഈ പുതിയ മേഖലയുടെ രാഷ്ട്രീയ ഉള്ളടക്കമെന്തെന്നു ഞങ്ങൾ പറഞ്ഞിരുന്നു. സാമൂഹ്യനയങ്ങളെ ന്യായീകരിക്കാൻ കപടമായ ശാസ്ത്ര ആശയങ്ങൾ (pseudo scientific ideas) ഒരിക്കൽക്കൂടി പൊതുരംഗത്ത് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയെപ്പറ്റി ഞങ്ങൾ അന്ന് ആശങ്കപ്പെടുകയുണ്ടായി. തുടർന്നുള്ള വർഷങ്ങളിലെ സംഭവങ്ങൾ ഞങ്ങളുടെ അന്നത്തെ പേടികളെ പൂർണമായും ശരിവെയ്ക്കുന്നതാണ്.’’

ഇ. ഒ. വിൽസൺ

നിലവിലെ സാമൂഹ്യസ്ഥിതിയെ സാധൂകരിക്കാൻ നിരവധി കപട പഠനങ്ങൾ പോപ്പുലർ മീഡിയയിൽ ഇതേ മാതിരി വന്നുകൊണ്ടിരിക്കുകയാണെന്ന്​ ഗൂൾഡും കൂട്ടരും പറയുന്നുണ്ട്.​ ഉദാഹരണത്തിന് ‘ബിസിനസ്​ വീക്ക് 'എന്ന മാസികയിൽ വന്ന ‘സ്വതന്ത്ര വിപണിയുടെ ജനിതക പ്രതിരോധം' (A Genetic Defence of Free Market) എന്ന ലേഖനം. മാത്രമല്ല, ഈ ലേഖനത്തിലെ ഒരു ഭാഗവും അവർ എടുത്തുകാട്ടുന്നു. മനുഷ്യരിൽ ‘ജനിതകപരമായി പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്നതിനേക്കാൾ സ്വാർത്ഥതയും മത്സരബുദ്ധിയും കുറയ്ക്കാൻ നിർബന്ധിക്കുന്ന സർക്കാർ പദ്ധതികൾ പരാജയപ്പെടുമെന്നുള്ളതു മുൻനിശ്ചിതമാണെന്ന്​ ബയോഇക്കണോമിക്‌സ് പറയുന്നു'.

ആണിന്റെയും പെണ്ണിന്റെയും ജീനുകളിൽ നിന്ന്​ പുരുഷാധിപത്യത്തിനു കാരണം വായിച്ചെടുക്കുന്ന ലേഖനങ്ങൾ, എഴുപതുകളിലെ സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങൾക്കു സമാന്തരമായി വരുന്നതും ഈ ശാസ്ത്രജ്ഞർ നമ്മെ ഓർമ്മപ്പെടുത്തുന്നു. ‘ആണിനും പെണ്ണിനും ഒരേ വിദ്യാഭ്യാസവും അവസരങ്ങളും കൊടുത്താലും രാഷ്ട്രീയത്തിലും ബിസിനസിലും സയൻസിലും ആണുങ്ങൾ തന്നെ മുന്നിലായിരിക്കു'മെന്ന്​ ‘ഓൺ ഹ്യൂമൺ നേച്ചറി'ൽ ജനിതക പരിണാമത്തിന്റെ കവടി നിരത്തി വിൽസൺ ഗണിച്ചെടുത്തതിനെയും ഇവർ വിവസ്ത്രമാക്കുന്നുണ്ട്.

ഇന്ന്​ ബയോപൊളിറ്റിക്‌സ് എന്നാൽ, ‘തികച്ചും ശാസ്ത്രീയമാണ്, നിഷ്പക്ഷവുമാണ്'എന്ന പരസ്യപ്രചാരണങ്ങളോടെ, വക്രീകരിച്ച ബയോളജിയും ജനിതകശാസ്ത്രവും സർവ്വകലാശാലകളിൽ നിന്ന്​ കയറ്റുമതി ചെയ്ത്, നവലിബറലിസത്തിന്റെ താത്ത്വികാടിത്തറ പണിയുന്ന മിഷണറി പ്രേഷിതവേലയത്രേ.

മനുഷ്യരുടെ ജനിതക ജാതകം നമ്മുടെ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക ഘടനയെ നിർണയിക്കുന്നുവെന്ന ഉത്താരാധുനിക വിധിവാദശാസ്ത്രമായ സോഷ്യോബയോളജിയാൽ നിർമിതമായ ബയോപൊളിറ്റിക്‌സാണ് നവലിബറലിസം. ബയോപോളിറ്റിക്‌സ് 17-ാം നൂറ്റാണ്ടോടെ ലിബറലിസത്താൽ ഉറവയെടുത്തതായി മീഷേൽ ഫുക്കോ പറയുന്നുണ്ട്. ഇതിന്റെ വളർച്ച മുറ്റിയ ഉദാഹരണങ്ങളായി ജനനമരണ നിരക്ക്, സന്താനോല്പാദന നിരക്ക് തുടങ്ങിയ ഭരണകൂട കണക്കെടുപ്പുകളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്​. എങ്കിലും, ഇന്ന്​ബയോപൊളിറ്റിക്‌സ് എന്നാൽ, ‘തികച്ചും ശാസ്ത്രീയമാണ്, നിഷ്പക്ഷവുമാണ്'എന്ന പരസ്യപ്രചാരണങ്ങളോടെ, വക്രീകരിച്ച ബയോളജിയും ജനിതകശാസ്ത്രവും സർവ്വകലാശാലകളിൽ നിന്ന്​ കയറ്റുമതി ചെയ്ത്, നവലിബറലിസത്തിന്റെ താത്ത്വികാടിത്തറ പണിയുന്ന മിഷണറി പ്രേഷിതവേലയത്രേ. ഫുക്കോ പറയുന്ന ബയോപൊളിറ്റിക്‌സ് ഭരണകൂടത്തിന്റെ അനുഷ്ഠാന കർമങ്ങളിലൂടെ സമൂഹത്തിന്റെ ബോധത്തിൽ ചേക്കേറി, നമ്മെ ആന്തരികമായി ഭരിക്കുന്നുവെങ്കിൽ, ഇന്ന്​ നവ ലിബറലിസത്തിൽ അത്തരം വേലകളും പ്രൈവറ്റൈസ് ചെയ്യപ്പെട്ട്, കുറേക്കൂടി പ്രൊഫഷണലായി അമേരിക്കൻ യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസർമാർ വഴി, മറഞ്ഞിരിക്കുന്ന ഏജൻസികളുടെ ഫണ്ടിങ്ങോടെ യുക്തിവാദം, ശാസ്ത്രബോധനം, സ്വതന്ത്രചിന്ത എന്നീ വേഷങ്ങളിലാണ് നമുക്കുള്ളിൽ മുട്ടയിട്ടു പെരുകുന്നത്. അതുവഴി നമ്മളെല്ലാവരും പ്രകൃതിനിയമത്തിനു കീഴ്‌പ്പെട്ട സ്വാർത്ഥരായ വെറും ഇരുകാലികളാണെന്ന ബോധം നമ്മെ വിഴുങ്ങുന്നു. എന്നാൽ എല്ലാം മുന്നത്തേതിലും ഗംഭീരമായി, ആർക്കും ഒരുപിടിയും തരാതെ നാച്വറലായി, പ്രോഗ്രസീവായി സംഭവിക്കുന്നു! അത്രമാത്രം നാം പാകപ്പെട്ടതിനാലല്ലേ ‘ഡാർവീനിയൻ യാഥാസ്ഥിതികത്വ'മെന്ന്​ നവലിബറലിസത്തിനു പേരുമാറ്റാനുള്ള ചങ്കൂറ്റം ലാറി ആൺഹാറ്റിന് ഉണ്ടായത്.

Photo: Pexels

ഡാർവീനിയൻ യാഥാസ്ഥിതികത്വത്തിലേക്ക്​, നമ്മുടെ മുഴുവൻ സമ്മതത്തോടെ തന്നെ നമ്മെ മാർഗ്ഗം കൂട്ടിയിരിക്കുന്നു. കാരണം ലോകത്തെമ്പാടും മധ്യവർഗ സമൂഹം കൂടിക്കൊണ്ടിരിക്കുന്നു എന്നതിനർത്ഥം, കലാലയവിദ്യാഭ്യാസം കിട്ടിയവരുടെ എണ്ണവും കൂടുന്നൂ എന്നാണല്ലോ. ഈ പുത്തൻ വർഗത്തിന്​, അവർ പാരമ്പര്യവാദികളോ പുരോഗമനക്കാരോ ഏതുമാകട്ടെ, കോൾമയിർ കൊള്ളാൻ പരിണാമ ജീവശാസ്ത്രം, പരിണാമ ജനിറ്റിക്‌സ്, പരിണാമ ഇക്കണോമിക്‌സ്, പരിണാമ മനഃശ്ശാസ്ത്രം, പ്രണയത്തിന്റെ പരിണാമശാസ്ത്രം, മദ്യപാനത്തിന്റെ ജനിറ്റിക്‌സ് എന്നിങ്ങനെയുള്ള പുതുകൗതുകങ്ങളല്ലാതെ മറ്റെന്താണുള്ളത്?

പരിണാമനിയമങ്ങൾ അനുസരിച്ച്​ സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിച്ചാണ് അംബാനിയും കോർപ്പറേറ്റുകളും ഉയർന്നുവന്നതെന്ന്​ നവലിബറൽ യുക്തിവാദികൾ പറയുന്നു.

സി. രവിചന്ദ്രൻ സംവരണത്തെ എതിർക്കുന്നത്​ അദ്ദേഹം ഡാർവീനിയൻ കൺസർവേറ്റീവ് ആയതുകൊണ്ടാണ്. അതുപ്രകാരം, സവർണരോടു മത്സരിച്ചു തന്നെ വേണം ആദിവാസികൾ സർക്കാർ ഉദ്യോഗം കരസ്ഥമാക്കേണ്ടത്. ഇങ്ങനെ പരിണാമനിയമങ്ങൾ അനുസരിച്ച്​ സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിച്ചാണ് അംബാനിയും കോർപ്പറേറ്റുകളും ഉയർന്നുവന്നതെന്ന്​ നവലിബറൽ യുക്തിവാദികൾ പറയുന്നു. രവിചന്ദ്രനെ പോലെ മൈത്രേയനും, എൻഡോസൾഫാനെ പോലുള്ള വിഷങ്ങൾ നിരുപദ്രവകാരികളാണെന്നും, ‘സൈലൻറ്​ സ്​പ്രിംഗി’ൽ റെയ്ചൽ കാഴ്‌സൺ പറഞ്ഞതു പോലെയായിരുന്നെങ്കിൽ, അമേരിക്കയിൽ എല്ലാ സ്ത്രീകളും സ്തനാർബുദം വന്നു മരിച്ചേനേയെന്നു പരിഹസിക്കുന്നതിനും കാരണം, അദ്ദേഹവും പലപ്പോഴും ചവുട്ടി നിൽക്കുന്നത് ബയോളജിക്കൽ ഡിറ്റർമിനിസമായ സോഷ്യോബയോളജിയിലാണ് എന്നതാണ്​. തലച്ചോറിലെ ന്യൂറോണുകളിൽ ഡോപമിന്റെ (dopamine) അളവ് കുറഞ്ഞപ്പോൾ, ചില അവിശ്വാസികൾ കടുത്ത ഈശ്വരവിശാസികളായി മാറുന്നു എന്നു പറയുന്നതിലൂടെ, ഒരോ കാലത്തും, ഒരോ സമൂഹങ്ങളിലും വിശ്വാസം നിർമ്മിക്കപ്പെടുന്നതിന്റ നിരവധി സാമൂഹ്യഘടകങ്ങളെ, അറിഞ്ഞോ അറിയാതെയോ മറക്കാൻ പ്രേരിപ്പിക്കുന്ന എതിരൻ കതിരവനും സോഷ്യോബയോളജിയിൽ നിന്ന്​ രക്ഷ കിട്ടുന്നില്ല.

റെയ്ചൽ കാഴ്‌സൺ

കാരണം നവലിബറൽ മലവെള്ളത്തിൽ താത്ത്വികാടിത്തറ ഒലിച്ചുപോയ സ്ഥിതിസമത്വവാദികൾ, അധികാരത്തിനു മുന്നിൽ ആത്മീയതയെ തീറെഴുതിയവർ, അരാജകവാദികൾ, യുക്തിവാദികൾ- ഇവരൊക്കെ സ്വയം കുഴിച്ചു കുഴിച്ച്​എത്തിച്ചേരുന്നത്, അവരവിലും അന്യരിലും ത്രസിച്ചുനിൽക്കുന്ന സ്വാർത്ഥതയുടെ ജനിതക ജാതകത്തിലാണ്. തന്റെയും ലോകത്തിന്റെയും വ്യവസ്ഥയെ ജീനി (gene) ലേക്കു സംപ്രേക്ഷണം ചെയ്ത്​ മനഃസമാധാനം തരാൻ ഈ നവലിബറൽ ബയോപൊളിറ്റിക്‌സിനല്ലാതെ മറ്റൊന്നിനും കഴിയില്ലിന്ന്. ഇതിൽ നിന്ന്​പ്രസരിക്കുന്ന ഊർജ്ജമാണ്, നമുക്കിടയിലും, നമുക്കും ഭരണകൂടത്തിനുമിടയിലും, നമുക്കും പ്രകൃതിക്കുമിടയിലും ബയോപവർ (biopower) ആയി അധികാരബന്ധങ്ങളെ ഉറപ്പിക്കുന്നത്. ▮

(തുടരും)

Comments