പകർച്ചവ്യാധികളും രോഗഭീതിയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് അടിത്തട്ടിലെ മനുഷ്യരെയാണ്. കോഴിക്കോട്ട് നാലാമത്തെ തവണയും എത്തിയ നിപ എന്ന പകർച്ചവ്യാധി സൃഷ്ടിച്ച സാമ്പത്തികമായ പ്രത്യാഘാതം, ജില്ലയിലെ ചെറുകിട വ്യാപാരികളെയും തൊഴിലാളികളെയുമാണ് ഏറെയും ബാധിച്ചത്.
പഴം വിപണി, ചെറുകിട വ്യാപാരം, ഹോട്ടൽ മേഖല എന്നിവയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. പഴം തീനി വവ്വാലുകളാണ് നിപ വൈറസ് പടർത്തുന്നതെന്ന ഭീതി നിലനിൽക്കുന്നതുകൊണ്ടുതന്നെ, പഴ വിപണി ശൂന്യമായി. വിപണിയിലെ പഴങ്ങൾ രോഗകാരണമാകില്ല എന്ന് ആരോഗ്യവിദഗ്ധർ ഉറപ്പുനൽകുന്നുണ്ടെങ്കിലും സാധാരണ ഉപഭോക്താക്കളുടെ ഭീതി ഒഴിഞ്ഞിട്ടില്ല. ഇതേതുടർന്ന് പഴങ്ങളുടെ ഹോൾസെയിൽ കച്ചവടം നടക്കുന്ന പാളയം മാർക്കറ്റടക്കം ഇപ്പോൾ ശൂന്യമായി കിടക്കുകയാണ്. ഇത് പഴവിപണിയിൽ കനത്ത നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. പഴങ്ങൾ കുറഞ്ഞ വിലക്ക് വിൽക്കാൻ നിർബന്ധിതരായെന്ന് കച്ചവടക്കാർ പറയുന്നു.