കേന്ദ്രബജറ്റിൽ തെളിഞ്ഞിരിക്കുന്ന ചതിയുടെ പെരുംചുഴികൾ

“ആണ്ടറുതി പ്രഖ്യാപനമായ ബജറ്റിലെ ബഡായിയുടെ ആമുഖപ്പായൽ നീക്കി ആഴത്തിലിറങ്ങിയാലേ അതിലെ ചതിയുടെ പെരും ചുഴികൾ തിരിയുകയുള്ളൂ. വർഗ പക്ഷപാതിത്വവും ജനവിരുദ്ധതയും സാമ്രാജ്യത്വ ദാസ്യവും തെളിഞ്ഞ് നിൽക്കുന്നുണ്ടതിൽ,” കേന്ദ്രബജറ്റിനെ വിലയിരുത്തി എ.കെ. രമേശ് എഴുതുന്നു.

ങ്ങനെ ധനമന്ത്രിയുടെ ഇക്കൊല്ലത്തെ ആണ്ടറുതി പ്രഖ്യാപനവും വന്നു. രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട്, ലഭ്യമായതും ആക്കാവുന്നതുമായ വിഭവങ്ങൾ കൃത്യമായെങ്ങനെ ആ വർഷം ചെലവാക്കും എന്ന് തീരുമാനിച്ച്, അതനുസരിച്ചാണ് ഇനി ധനവിനിയോഗം എന്ന് പാർലമെൻ്റിനെയും ജനങ്ങളെയും ബോധിപ്പിക്കാൻ സർക്കാർ വർഷാവർഷം അവതരിപ്പിക്കുന്ന വരവ് ചെലവ് കണക്കിനാണല്ലോ ബജറ്റ് എന്നു പറയുക. എന്നാൽ കണക്കിൽ കാട്ടിയതൊക്കെ കാട്ടാൻ മാത്രമുള്ളതാണ്, ചെലവാക്കാനല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു സമയത്ത്, പാർലമെൻ്റ് പാസ്സാക്കിയ ബജറ്റുമായി യാതൊരു ബന്ധവുമില്ലാതെ ഓഫ് ബജറ്റ് നികുതികൾ അടിക്കടി അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു കാലത്ത്, നിർമലാ സീതാരാമൻ അവതരിപ്പിച്ച രേഖയെ ആണ്ടറുതി പ്രഖ്യാപനമെന്നേ വിളിക്കാനാവൂ. ബജറ്റിന്റെ പഴയ സാങ്ക്റ്റിറ്റിയൊക്കെ എന്നേ ഞങ്ങൾ ആറ്റിൽക്കളഞ്ഞു എന്നാണ് അവരുടെ ഓരോ ബജറ്റും പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. ബജറ്റ് എസ്റ്റിമേറ്റിൽ പറഞ്ഞ സംഖ്യയുടെ ഒരു വലിയ ഭാഗം ചെലവാക്കാതെ അവതരിപ്പിക്കുന്ന റിവൈസ്ഡ് എസ്റ്റിമേറ്റിൽ പിന്നെയും വെട്ടിക്കുറവ് വരുത്തി പുതിയ വർഷം വേറെയൊരു എസ്റ്റിമേറ്റുണ്ടാക്കുന്നത് വീണ്ടും വെട്ടിച്ചുരുക്കാൻ വേണ്ടിയാണ് എന്നു വന്നാൽ? അതാണ് ഇക്കുറിയും സംഭവിച്ചത്. പാർലമെൻ്ററി പ്രവർത്തനരീതി തന്നെ മാറിമറിഞ്ഞു പോയ ഒരു കാലത്ത്, വലിച്ചുവാരി കെട്ടിക്കൂട്ടി അവതരിപ്പിച്ച ഈ കണക്കിന് പഴയ ബജറ്റ് സങ്കൽപനവുമായി ബന്ധമൊന്നുമില്ലെങ്കിലും അത് നൽകുന്ന സൂചനകൾ വായിച്ചെടുത്താൽ സർക്കാരിന്റെ മനസ്സിലിരിപ്പ് മനസ്സിലാക്കാം എന്നു മാത്രം.

വികസിത ഭാരതം?

വികസിതഭാരതത്തിന്റെ 6 സവിശേഷതകൾ നിർവചിച്ചു കൊണ്ടാണ് ധനമന്ത്രി ഇത്തവണ ബജറ്റവതരിപ്പിച്ചത്. 2047 ആവുമ്പോഴേക്കും വികസിച്ച് വികസിച്ച് ഇത്രയും കാര്യങ്ങൾ ആർജിക്കുമത്രെ!

  1. ദാരിദ്ര്യമില്ലാത്ത നാട്,

  2. നൂറു ശതമാനം മെച്ചപ്പെട്ട സ്കൂൾ വിദ്യാഭ്യാസം

  3. ഗുണമേന്മയുള്ളതും പ്രാപ്യതയുള്ളതുമായ സമഗ്ര ആരോഗ്യ പരിരക്ഷ

  4. അർത്ഥപൂർണമായ തൊഴിൽ ലഭിക്കുന്ന പരിപൂർണവൈദഗ്ധ്യമുള്ള തൊഴിൽ ശക്തി.

  5. സ്ത്രീകളിൽ 70 ശതമാനത്തിനും സാമ്പത്തിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കൽ

  6. നമ്മുടെ രാജ്യത്തെ ലോകത്തിന്റെ 'ഭക്ഷണക്കൊട്ട' യാക്കാനാവുന്ന കർഷക സമൂഹം.

ദരിദ്രർ, യുവാക്കൾ, അന്നദാതാക്കൾ, സ്ത്രീകൾ എന്നിങ്ങനെ 4 വിഭാഗങ്ങളിൽ ഊന്നിക്കൊണ്ടുള്ള 10 വിശാലമേഖലകളിലെ വികസന പദ്ധതികളാണ് ബജറ്റിൽ ഉൾക്കൊള്ളിക്കുന്നത് എന്നാണ് ആമുഖഭാഷണം.

(ഗരീബ്, യൂത്ത്, അന്നദാതാ ആൻ്റ് നാരി എന്ന് മണി പ്രവാള പ്രയോഗം. ഇതിൽ മസ്ദൂറിനെ കൃത്യമായും ഒഴിവാക്കിയിട്ടുണ്ട് കേട്ടോ.)

അവ പട്ടികപ്പെടുത്തിയത് ഇങ്ങനെ:

  1. കാർഷിക വളർച്ചയും ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുക

  2. ഗ്രാമീണ സമ്പൽസമൃദ്ധിയും മാറ്റങ്ങൾ ഉൾക്കൊള്ളലും

  3. ഉൾക്കൊള്ളലിന്റെ വളർച്ചാപാതയിൽ എല്ലാവരെയും ഒന്നിച്ചുകൂട്ടൽ

  4. ഉൽപാദനം കൂട്ടുകയും ഇന്ത്യയിലുണ്ടാക്കൽ (Make In India) വർദ്ധിപ്പിക്കുകയും ചെയ്യുക.

  5. എം.എസ്.എം.ഇകളെ പിന്തുണയ്ക്കുക.

  6. തൊഴിൽ അധിഷ്ഠിത വികസനം ഉറപ്പാക്കുക

  7. ജനങ്ങളിലും സമ്പദ് വ്യവസ്ഥയിലും നവീനതയിലും നിക്ഷേപിക്കുക

  8. ഊർജ്ജ സപ്ലൈ ഉറപ്പാക്കുക

  9. കയറ്റുമതി പ്രോത്സാഹി പ്പിക്കുക

  10. പുതിയ കണ്ടുപിടുത്തങ്ങൾ പോഷിപ്പിക്കുക.

ഈ ആറും പത്തും ആടുന്ന ചക്ക് തിരിക്കാൻ തങ്ങളുടെ കയ്യിലുള്ള ശക്തിയേറിയ എഞ്ചിനുകളാണത്രെ കൃഷി, എംഎസ്എംഇ, നിക്ഷേപങ്ങൾ, കയറ്റുമതി എന്ന നാലിനങ്ങൾ. (സത്യമായും, അങ്ങനെ തന്നെയാണ് ധനമന്ത്രി മൊഴിഞ്ഞത്). അവിടെയും നിൽക്കുന്നില്ല സാഹിത്യം. ഇതിനുള്ള ഇന്ധനം സമം നമ്മുടെ പരിഷ്കാരങ്ങൾ എന്നും അതിന്റെ മാർഗനിർദേശക ആദർശം സമം ഉൾക്കൊള്ളലിമ എന്നും ലക്ഷ്യം സമം വികസിത ഭാരതം എന്നും കൂടി ( The fuel: our Reforms, Our guiding spirit: Inclusivity, And the destination: Viksit Bharat ) അക്കമിട്ട് പറയുന്നുണ്ട് ധനമന്ത്രി. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം?

ദരിദ്രർ, യുവാക്കൾ, അന്നദാതാക്കൾ, സ്ത്രീകൾ എന്നിങ്ങനെ 4 വിഭാഗങ്ങളിൽ ഊന്നിക്കൊണ്ടുള്ള 10 വിശാലമേഖലകളിലെ വികസന പദ്ധതികളാണ് ബജറ്റിൽ ഉൾക്കൊള്ളിക്കുന്നത് എന്നാണ് ആമുഖഭാഷണം.  / Photo: Sean Ellis
ദരിദ്രർ, യുവാക്കൾ, അന്നദാതാക്കൾ, സ്ത്രീകൾ എന്നിങ്ങനെ 4 വിഭാഗങ്ങളിൽ ഊന്നിക്കൊണ്ടുള്ള 10 വിശാലമേഖലകളിലെ വികസന പദ്ധതികളാണ് ബജറ്റിൽ ഉൾക്കൊള്ളിക്കുന്നത് എന്നാണ് ആമുഖഭാഷണം. / Photo: Sean Ellis

ഉള്ളിലേക്കിറങ്ങിയാൽ…

ബഡായിയുടെ ഈ ആമുഖപ്പായൽ നീക്കി ആഴത്തിലിറങ്ങിയാലേ തിരിയൂ അതിലെ ചതിയുടെ പെരും ചുഴികൾ, സമീപനത്തിലെ വർഗ പക്ഷപാതിത്വം. നിർദേശങ്ങളിലെ ജനവിരുദ്ധതയും സാമ്രാജ്യത്വ ദാസ്യവും! "ഒരാറ് പ്രവൃത്തി രംഗത്ത് പരിവർത്തനാത്മകമായ പരിഷ്കാരങ്ങൾക്ക് തുടക്കമിടാനാണ് ഈ ബജറ്റ് ലക്ഷ്യം വെക്കുന്നത്" എന്നും പറഞ്ഞ് വീണ്ടും കൊടുക്കുന്ന ആറിനം ഇപ്പറഞ്ഞവയാണ്:

1) നികുതി, 2) ഊർജമേഖല, 3) നഗരവികസനം, 4) ഖനനം, 5) ധനമേഖല, 6) കാര്യനിർവഹണ പരിഷ്കാരങ്ങൾ (Regulatory Reforms). പരിവർത്തനാത്മകമായ പരിഷ്കാരങ്ങൾ എന്നാൽ മറയില്ലാത്ത നവലിബറൽ അക്രാമക സമീപനം തന്നെ! ഇത്രയും വായിച്ചു കേൾക്കുമ്പോൾ മേശയിലിടിച്ച് ട്രഷറി ബെഞ്ചംഗങ്ങളുടെ കൈകകൾ കഴച്ചു കാണും. ഇനിയൊന്ന് മയങ്ങാമെന്ന് കരുതുമ്പോഴാവും കണക്ക് കൊണ്ടുള്ള ചതുരംഗക്കളി. പൊതിഞ്ഞു കെട്ടിയവതരിപ്പിക്കുന്ന കുത്തകാനുകൂല സമീപനങ്ങൾ. മറയില്ലാത്ത സാമ്രാജ്യത്വ വിധേയത്വം…

ഇക്കണോമിക് സർവേ പറഞ്ഞത്

കഴിഞ്ഞ 5 വർഷമായി ജനങ്ങളുടെ സമ്പാദ്യം കുറഞ്ഞുവരികയാണ് എന്ന കാര്യം ഇക്കണോമിക് സർവേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോർപറേറ്റ് ലാഭവിഹിതം 22.3 ശതമാനം കണ്ട് വർദ്ധിച്ചു വരുന്നുണ്ടെങ്കിലും തൊഴിൽശക്തി കുറഞ്ഞുവരികയാണ് എന്നും അത് ആശങ്കപ്പെടുന്നുണ്ട്. തൊഴിലാളികളുടെ കൂലിയും സ്ഥാപനങ്ങളുടെ ലാഭവും തമ്മിലുള്ള വിടവ് പെരുകുന്നതായും സർവേ വേവലാതിപ്പെടുന്നുണ്ട്. പണ്ട് ഫോർഡ് പറഞ്ഞ ഒരു ന്യായമുണ്ട്, കൂലി കൂട്ടിക്കൊടുക്കുന്നതിനെതിരെ മറ്റു മുതലാളിമാർ പരാതിപ്പെട്ടപ്പോൾ, തനിക്ക് തന്റെ കസ്റ്റമേഴ്സിന്റെ എണ്ണം ചുരുക്കാൻ താൽപര്യമില്ല എന്ന്. വാങ്ങാനാളില്ലെങ്കിൽ ഉൽപ്പാദിപ്പിച്ചിട്ട് എന്തു കാര്യം എന്ന ചോദ്യം തന്നെയാണ് ഇക്കണോമിക് സർവേയും അറിയാതെ ചോദിച്ചു പോയത്. എന്നാൽ അടിസ്ഥാനപരമായ ആ ചോദ്യം, ഡിമാൻ്റില്ലെങ്കിൽ പിന്നെന്ത് സപ്ലൈ എന്ന കാര്യം മറന്നാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. പണപ്പെരുപ്പം കൂടി വരുന്നു, വിദേശ നാണയശേഖരത്തിൽ വലിയ ഇടിവുണ്ടാകുന്നു, രൂപയുടെ വിനിമയമൂല്യം കുറയുകയാണ് എന്നീ യാഥാർത്ഥ്യങ്ങൾ കൂടി ഇതോട് കൂട്ടിച്ചേർത്തു വേണം ബജറ്റ് വായിക്കാൻ. അപ്പോഴേ തിരിയൂ, എത്ര യാഥാർത്ഥ്യ ബോധമില്ലാത്ത പാഴ്‌വാക്കുകളാണ് അതിൽ കുത്തി നിറച്ചത് എന്ന്.

ഹെന്റി ഫോർഡ്
ഹെന്റി ഫോർഡ്

ദാരിദ്ര്യമില്ലാനാടിന് ഇതിനുമേൽ ഇനിയെന്ത്?

‘Garib’, ‘Youth’, ‘Annadata’ ‘Nari’ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള 10 വിശാലമേഖലകളിലായാണ് ഈ ബജറ്റിലെ വികസന നടപടികൾ എന്നാണ് അതിന്റെ ആറാം ഖണ്ഡിക പറയുന്നത്. ആകയാൽ അതിനെ മുൻനിർത്തിയാവാം ആലോചന. ആദ്യവിഷയം ഗരീബാണല്ലോ. ദരിദ്രരുടെ ആദ്യവേവലാതി ഭക്ഷണമാണല്ലോ. ഭക്ഷ്യമേഖലയ്ക്ക് കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ചത് 2.05 ലക്ഷം കോടി രൂപയായിരുന്നു. (അത്രയും ചെലവാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ട് റിവൈസ്ഡ് എസ്റ്റിമേറ്റിൽ 7830 കോടി രൂപ കുറച്ചു കളയുകയായിരുന്നു.) എന്നാൽ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 8.4 ശതമാനം ഭക്ഷ്യവിലക്കയറ്റം ഉള്ള ഒരു നാട്ടിൽ കഴിഞ്ഞ വർഷത്തെ 2.05 ലക്ഷം കോടി രൂപ എന്നാൽ ഈ വർഷത്തെ 2,22,222 കോടിയാണ്. പക്ഷേ, അത് കഴിഞ്ഞ വർഷത്തേക്കാൾ 2000 കോടി രൂപ കുറച്ച് 2,03,000 കോടിയാക്കിയാണ് ബജറ്റിൽ നീക്കിവെച്ചത്. എന്നുവെച്ചാൽ ഭക്ഷ്യമേഖലയിൽ മാത്രം വെട്ടിക്കുറച്ചത് 19,222 കോടി രൂപ. ഇത് 142 കോടി ഇന്ത്യക്കാർക്കുമായി വീതിച്ചാൽ ഒരാൾക്ക് വരുന്ന നഷ്ടം വെറും 135 രൂപ മാത്രം. ഇന്ത്യയിൽ അതിദരിദ്രർ 12.9 കോടിയേ വരൂ എന്നാണ് 2024 ഒക്ടോബർ 15-ന്റെ ലോക ബാങ്ക് റിപ്പോർട്ട്. ഈ കുറവ് അക്കൂട്ടർക്ക് മാത്രമായി കണക്കാക്കിയാൽ ഒരാൾക്ക് വരുന്ന നഷ്ടം 1490 രൂപ മാത്രം! ദരിദ്രർക്കായി ഒരു ധനമന്ത്രിക്ക് ഇത്രയൊക്കെ യല്ലാതെ മറ്റെന്ത് ചെയ്യാനാവും? വെറുതെയാണോ മുൻഗണന നൽകുന്ന 4 വിഭാഗങ്ങളിൽ ദരിദ്രർക്ക് ഒന്നാം സ്ഥാനം നൽകിയത്?

ഗരീബ് കഴിഞ്ഞാൽ യൂത്ത്

യൂത്ത് എന്നാൽ യുവത. അവരുടെ കാര്യത്തിൽ ഇക്കണോമിക് സർവേയ്ക്ക് സഹതാപമുണ്ട്. സ്ഥിരവരുമാനമുള്ള ജോലികൾ മുമ്പ് 22.8 ശതമാനമായിരുന്നത് ഇപ്പോൾ 21.7 ആയി കുറഞ്ഞ കാര്യം സർവേ വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ നിയോലിബറൽ കാലത്ത് അത് പിന്തുടരുന്ന ഒരു ധനമന്ത്രിക്ക് സഹതപിക്കാൻ അവകാശമില്ലല്ലോ. അതുകൊണ്ടാണ് കോർപ്പറേറ്റ് ലാഭം 22 ശതമാനത്തിലേറെ വർദ്ധിച്ചപ്പോഴും ജീവനക്കാരുടെ എണ്ണവും കൂലിയും കുറയുന്നില്ല എന്ന സർവേയുടെ കണ്ടെത്തൽ കണ്ട ഭാവം നടിക്കാൻ ധനമന്ത്രിക്ക് കഴിയാതെ പോയത്. തൊഴിലില്ലായ്മ ഒരു പ്രശ്നമേ ആയി അവർക്ക് തോന്നാത്തതിൽ അത്ഭുതമില്ല. താൽക്കാലികവൽക്കരണവും കരാർവൽക്കരണവും തൊഴിൽ മേഖലയുടെ മുഖമുദ്രയാക്കി കോടിക്കണക്കിന് തൊഴിലന്വേഷകരെ കൊടുംചൂഷണത്തിന് വലിച്ചെറിയുന്ന ഒരു സർക്കാറിൽ നിന്ന് യൂത്തിന് പ്രതീക്ഷിക്കാൻ ഒന്നും തന്നെയില്ല എന്ന് നേരത്തേ തെളിഞ്ഞതാണ്. എന്നാൽ കഴിഞ്ഞ വർഷം യുവജനങ്ങളെ പറ്റിക്കാനായി പ്രഖ്യാപിച്ച ഇൻ്റേൺഷിപ്പ് പദ്ധതി പോലും ഇത്തവണ ഉപേക്ഷിച്ചിരിക്കുകയാണ്.

യൂത്ത് എന്നാൽ യുവത. അവരുടെ കാര്യത്തിൽ ഇക്കണോമിക് സർവേയ്ക്ക് സഹതാപമുണ്ട്. സ്ഥിരവരുമാനമുള്ള ജോലികൾ മുമ്പ് 22.8 ശതമാനമായിരുന്നത് ഇപ്പോൾ 21.7 ആയി കുറഞ്ഞ കാര്യം സർവേ വെളിപ്പെടുത്തുന്നുണ്ട്.  / Photo: The Ken
യൂത്ത് എന്നാൽ യുവത. അവരുടെ കാര്യത്തിൽ ഇക്കണോമിക് സർവേയ്ക്ക് സഹതാപമുണ്ട്. സ്ഥിരവരുമാനമുള്ള ജോലികൾ മുമ്പ് 22.8 ശതമാനമായിരുന്നത് ഇപ്പോൾ 21.7 ആയി കുറഞ്ഞ കാര്യം സർവേ വെളിപ്പെടുത്തുന്നുണ്ട്. / Photo: The Ken

അന്നദാതാക്കൾക്ക് എന്തിന് അന്നം?

യൂത്ത് കഴിഞ്ഞാൽ പിന്നെ പട്ടികപ്പെടുത്തിയത് അന്നദാതാ ആണല്ലോ. ആ സംസ്കൃതത്തിന്റെ മലയാളം മാമുണ്ണാൻ നെല്ലും ഗോതമ്പും ഉൽപാദിപ്പിക്കുന്ന കർഷകർ എന്നു തന്നെ. ഒന്നാം മോദു സർക്കാർ അധികാരത്തിലേറിയത് കർഷകരുടെ വരുമാനം സ്വാമിനാഥൻ കമ്മിറ്റി പറഞ്ഞതിൻപടി വർദ്ധിപ്പിക്കും എന്ന് തെരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ്. ആ കമ്മിറ്റി പറഞ്ഞത് C2 +50 ശതമാനമെങ്കിലും വേണം ഉൽപ്പന്നവില എന്നാണ്. സർക്കാർ അതപ്പടി വിഴുങ്ങിയതിനെത്തുടർന്നാണ് താങ്ങുവില പ്രഖ്യാപിക്കലടക്കമുള്ള ആവശ്യങ്ങളുയർത്തി കർഷകർ പ്രക്ഷോഭത്തിലിറങ്ങിയത്. കർഷക വിരുദ്ധ നിയമങ്ങൾ പാസ്സാക്കി യുദ്ധപ്രഖ്യാപനം നടത്തിയ സർക്കാരിനെതിരെ മുഴുവൻ കർഷക സംഘടനകളും യാതനാപൂർണവും ദൈർഘ്യമേറിയതുമായ ഐതിഹാസിക പ്രക്ഷോഭത്തിൽ അണിനിരന്നതോടെ കുത്തകാനുകൂല, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായി. ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്തു. ചർച്ചയിൽ തീർപ്പാക്കിയ കാര്യം ഇപ്പോഴും അതെഴുതിയ കടലാസിൽത്തന്നെ. ഏട്ടിലെ പശു പുല്ലു തിന്നാനാവാതെ താങ്ങുവിലയായി മഷിയുണങ്ങാതെ നീറിക്കഴിയുന്നു.

കഴിഞ്ഞ വർഷത്തെ റിവൈസ്ഡ് എസ്റ്റിമേറ്റിനേക്കാളും 5000 കോടി കുറവായ സംഖ്യ മാത്രമാണ് കൃഷിക്കും അനുബന്ധ മേഖലക്കുമായി വകയിരുത്തിയത്. വിള ഇൻഷൂറൻസ് പദ്ധതിക്കുള്ള വിഹിതം 3620 കോടിയാണ് വെട്ടിച്ചുരുക്കിയത്. കഴിഞ്ഞ വർഷത്തെ 15864 കോടിയുടെ 22.8 ശതമാനമാണ് അതുവഴി കർഷകരിൽ നിന്ന് ഇക്കുറി ഊറ്റിയെടുക്കുന്നത്. എന്നാൽ കാർഷികാദായം കുറവാണെങ്കിൽ താമരക്കുരുവിയി(മഖാനയി)-ലേക്ക് തിരിഞ്ഞോളൂ, ആ പഞ്ചനക്ഷത്ര ഹോട്ടൽ വിഭവത്തിന് നല്ല കയറ്റുമതി സാധ്യതയുണ്ട്, എന്ന പ്രലോഭനവുമുണ്ട് ബജറ്റിൽ. തെരഞ്ഞെടുപ്പ് കൃഷിയിൽ ലാഭമുണ്ടാക്കാനായി ബീഹാറിൽ ഒരു മഖാനാബോർഡ് ഉണ്ടാക്കും എന്ന പ്രഖ്യാപനവും നടത്തുന്നുണ്ട് ധനമന്ത്രി. പിന്നെന്തിന് താങ്ങുവില എന്നാണ് ചോദ്യം.

ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയത് കർഷകരുടെ വരുമാനം സ്വാമിനാഥൻ കമ്മിറ്റി പറഞ്ഞതിൻപടി വർദ്ധിപ്പിക്കും എന്ന് തെരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ്.
ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയത് കർഷകരുടെ വരുമാനം സ്വാമിനാഥൻ കമ്മിറ്റി പറഞ്ഞതിൻപടി വർദ്ധിപ്പിക്കും എന്ന് തെരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ്.

നാരീശക്തി?

പട്ടികയിൽ നാരി നാലാം സ്ഥാനത്താണ്. പട്ടികയിൽ സ്ഥാനമുണ്ടെങ്കിലും അകത്ത് ഇടമില്ല എന്ന് ബജറ്റ് രേഖ വായിച്ചാൽ മനസ്സിലാവും. പരാമർശമില്ലാതല്ല, ഗ്രാമീണ സമൃദ്ധിയും ശാക്തീകരണവും കെട്ടിപ്പടുക്കാനായി ഒരു പദ്ധതിയുണ്ട്. ഗ്രാമീണ വനിതകളുടെ സംരംഭകത്വ വികസനവും തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും ത്വരിതപ്പെടുത്താനുള്ള പരിപാടിയും അതിലുണ്ടത്രെ. ഗ്രാമീണ യുവാക്കളുടെയും യുവകർഷകരുടെയും നാമമാത്ര കർഷകരുടെയും കൂട്ടത്തിൽ ഗ്രാമീണ വനിതകളുടെ പേരും പറയുന്നുണ്ടെന്ന് മാത്രം. അതും നടപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്. ചില്ലറക്കാശ് അതിന് കൊടുത്തെങ്കിലായി. പക്ഷേ അതിന്റെ ലക്ഷ്യം സ്ത്രീകളുടെ ഉന്നമനമല്ല. ‘To address under employment in agriculture through states’ ആണ്. അതിൽ ചില്ലറച്ചിലത് സ്ത്രീകളിലേക്കും അരിച്ചിറങ്ങും എന്നു മാത്രം. ദോഷം പറയരുതല്ലോ, സാക്ഷം അംഗൻവാടി & പോഷൺ 2.0 എന്നൊരു പദ്ധതിയുടെ ഗുണം 8 കോടി കുട്ടികൾക്കും 1 കോടി ഗർഭിണികൾക്കും കിട്ടും എന്ന് പറയുന്നുണ്ട് ബജറ്റ്. ബജറ്റാനുകൂല്യം കിട്ടാൻ ഗർഭിണിയാവണം എന്നുമാത്രം.

ബജറ്റിന്റെ ഫിലോസഫി

നവലിബറൽ നയങ്ങൾ നടപ്പാക്കുന്നവർക്കുള്ള ലക്ഷണമൊത്ത ഒരു മികച്ച ബജറ്റാണിത്. സർക്കാർ ചെലവുകൾ വെട്ടിച്ചുരുക്കുക, വൻകിട നാടൻ മറുനാടൻ കുത്തകകൾക്കിണങ്ങിയ നടപടികൾ സ്വീകരിക്കുക, സമൂഹത്തിലെ അഭിപ്രായ രൂപീകരണക്കാരായ ഇടത്തരക്കാരെ സുഖിപ്പിച്ചു നിർത്തുക, കണ്ണും പൂട്ടിയുള്ള സ്വകാര്യവൽക്കരണം ഉറപ്പാക്കുക, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ നിന്ന് സർക്കാർ ക്രമേണ തടിയൂരുക എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ച കാട്ടാത്ത ബജറ്റാണിത്. കെയ്നീഷ്യൻ സാമ്പത്തിക നയങ്ങളോട് വിട പറഞ്ഞിരിക്കുന്നു എന്നത് അമർത്തിപ്പറയുകയാണ്, ദേശീയ തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തേണ്ട ഒരു കാലത്ത്, പണ്ടേ നിലച്ചുപോയ സൂചി ഇപ്പോഴും 86,000 കോടി രൂപയിൽ തടഞ്ഞു നിർത്തുക വഴി. വിദ്യാഭ്യാസത്തിനുള്ള വകയിരുത്തൽ കഴിഞ്ഞ വർഷത്തെ 1.26 ലക്ഷം കോടിയിൽ തന്നെ തട്ടിത്തടഞ്ഞ് നിൽക്കുകയാണ്. വിലക്കയറ്റത്തോത് കൂട്ടി കണക്കാക്കിയാൽ 3012 കോടി കൂടി എന്നാണ് കണക്ക്. 2.3 ശതമാനം വർദ്ധനവുണ്ട്. 5.4 ശതമാനമാണ് വിലക്കയറ്റം. എന്നു വെച്ചാൽ കഴിഞ്ഞ വർഷത്തെ പണിയിൽ ഒരിഞ്ചധികം വരാതെ നോക്കിയാൽത്തന്നെ, ഇനിയും വേണം ഒരു 3792 കോടി. അത്രയും കിട്ടിയില്ലെങ്കിൽ പിറകോട്ട് തിരിച്ചു നടക്കും വിദ്യാഭ്യാസ മേഖല എന്നർത്ഥം.

2020-21 വർഷം ആരോഗ്യമേഖലയിൽ ചെലവാക്കിയതിലും 4.7 ശതമാനം കുറവാണ് ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയത്. കഴിഞ്ഞ വർഷം മൊത്തം ബജറ്റിന്റെ 2.26 ശതമാനമാണ് ആരോഗ്യമേഖലക്ക് നീക്കിവെച്ചതെങ്കിൽ, ഇക്കുറി അത് 2.05 ശതമാനമാക്കി കുറച്ചിരിക്കുന്നു. സർക്കാറിന്റെ ക്രമേണയുള്ള തടിയൂരലിന് വേഗത കൂടി വരുന്നു എന്നർത്ഥം. സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചു കൊണ്ട് ഫെഡറൽ തത്വങ്ങളാകെ കാറ്റിൽ പറത്തുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് പണസഞ്ചിയുടെ ചരടഴിച്ച് അതപ്പടി ബീഹാറിലേക്ക് ചൊരിയുന്ന അശ്ലീലകരമായ പ്രവണതയും കാഴ്ചവെക്കുന്നുണ്ട് ഈ ബജറ്റ്.

പക്ഷേ, ചരിത്രം നിർമലാ സീതാരാമനെ കുറ്റക്കാരിയെന്നു വിശേഷിപ്പിക്കുക, ഇതിൻെറയൊന്നും പേരിൽ ആവണമെന്നില്ല. ഇൻഷുറൻസ് മേഖല വിദേശത്തെ കള്ളക്കറക്കു കമ്പനികൾക്ക് തുറന്നിട്ടു കൊടുക്കുന്നതിനെയും, മുമ്പത്തെ 180 കുറ്റകൃത്യങ്ങൾക്ക് പുറമെ ഇപ്പോൾ ഈ ബജറ്റ് വഴി മറ്റൊരു 100 എണ്ണത്തെയും ഡീ ക്രിമിനലൈസ് ചെയ്ത് മുതലാളിമാരെ കുറ്റവിമുക്തരാക്കുന്നതിനെയും പൊറുത്തു കൊടുക്കാനായി എന്നു വരാം. പക്ഷേ ആറ്റമിക് എനർജി ആക്ടും അതുമായി ബന്ധപ്പെട്ട സിവിൽ ബാധ്യതാ നിയമവും ഭേദഗതി ചെയ്യുക എന്ന ആ ഒരൊറ്റ നിദേശം മതി, വരും കാല തലമുറകൾ നിർമലാ സീതാരാമനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിക്കാൻ. അമേരിക്കയിലെ വൻകിട കുത്തകക്കമ്പനികൾ ഇന്ത്യയിൽ സ്ഥാപിക്കാനിരിക്കുന്ന ആണവ റിയാക്ടറുകൾ പൊട്ടിച്ചോർന്നൊലിച്ച് ജനങ്ങളെയാകെ റേഡിയേഷനിൽ കുളിപ്പിച്ചാലും ആ കമ്പനികൾക്കുള്ള ബാധ്യത ഒഴിവാക്കിക്കൊടുക്കുന്ന ഒരു നിയമത്തിനാണ് ബജറ്റിലൂടെ അംഗീകാരം തേടാൻ ശ്രമിക്കുന്നത്. ഈ ബജറ്റിന്റെ ഏറ്റവും വലിയ സവിശേഷത ഈ കുറ്റകരമായ നീക്കം തന്നെയാണ്. മൂലധനത്തിന് ദേശസ്നേഹമില്ല, മൂലധന താൽപര്യത്തിനും എന്നു തന്നെയാണ് ഈ ബജറ്റും തെളിയിക്കുന്നത്.


Summary: How finance minister Nirmala Sitharaman's Union Budget 2025 totally ignores common people's needs, a detailed analysis by AK Ramesh.


എ.കെ. രമേശ്

എഴുത്തുകാരൻ, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ കൃതികൾ

Comments