പ്രകൃതിനീതിക്കു ദാക്ഷിണ്യമില്ല

നവ ലിബറലിസം

ഇന്ത്യയിൽ 1992 ൽ മിശ്രസമ്പദ്ഘടന പൊളിച്ചുകളഞ്ഞ്​, തൽസ്ഥലത്ത്​ നവ ലിബറൽ സമ്പദ്​വ്യവസ്ഥയുടെ പണി തുടങ്ങുന്നതിനും, 2015 ആയപ്പോൾ കേന്ദ്ര പ്ലാനിംഗ് കമീഷൻ പിരിച്ചുവിട്ട്, നിതി ആയോഗ് ഉദ്ഘാടനം ചെയ്യുന്നതിനും മുന്നേ, ഈ ലോകനിർമിതിയുടെ കല്ലും മണ്ണും ആശയങ്ങളായി നമ്മിൽ കുടിയേറിയിട്ടുണ്ട്.

വ ലിബറലിസം മതമൗലികവാദം പോലെ ഒരു തീവ്രപ്രമാണമായതിനാൽ ‘വിപണി മൗലികവാദം' (Market Fundamentalism) എന്ന പേര് ഇതിന്​അന്വർത്ഥമാണെന്ന്​ സാമൂഹ്യശാസ്ത്രജ്ഞരായ മാർഗരറ്റ് ആർ. സൊമേഴ്‌സും ഫ്രെഡ് എൽ. ബ്ലോക്കും (Margaret R. Somers and Fred L. Block) പറയുന്നു. ഈ തീവ്രാശയസംഹിതകളുടെ അശരീരിസമാനമായ മതബോധനം ലോകത്തിന്റെ സിരകളെ ചൂടുപിടിപ്പിച്ചപ്പോഴാണ് നവലിബറൽ സാമ്പത്തിക നയങ്ങൾ നമ്മുടെ വാതിലിൽ വന്നു മുട്ടിവിളിച്ചതും, കാത്തിരുന്ന അതിഥിയെപ്പോലെ നാം അവയെ സത്ക്കരിക്കാൻ തുടങ്ങിയതും.

സമകാലിക യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനങ്ങളായി മാത്രം ആശയലോകത്തെ കാണുന്ന പരമ്പരാഗത സ്ഥിതിസമത്വ സാമൂഹ്യശാസ്ത്ര രീതി വെച്ച് നവലിബറൽ നയങ്ങളുടെ വരവിനെ മനസ്സിലാക്കാൻ കഴിയില്ലെന്നും അതിനുപകരം, ആശയങ്ങളെ, വരുംലോകത്തെ നിർമിച്ചെടുക്കുന്ന വികാരവിചാര പദ്ധതികളായി മനസ്സിലാക്കണമെന്നും സൊമേഴ്‌സും ബ്ലോക്കും തിരിച്ചറിയുന്നുണ്ട്. ഉദാഹരണമായി, കുറഞ്ഞ പക്ഷം നാല്പതുവർഷത്തോളം അണ്ടർഗ്രൗണ്ടിലെന്ന പോലെ തീവ്രഹിന്ദുത്വാശയങ്ങൾ ഭക്തിയുമായി മിശ്രണം ചെയ്ത്​ ജനഹൃദയങ്ങളിൽ പുരട്ടി, ഇന്ത്യൻ മതേതരത്വത്തിന്റെ അടിവേരു കരണ്ടതുകൊണ്ടാണ് 1992ൽ ബാബറി മസ്ജിദ് നിലംപൊത്തിയത്. തുടർന്നുള്ള ഇരുപതുവർഷം മതം, അധികാരം, ഭക്തി, ഭയം ഇവ ഇന്ത്യൻ ജുഡീഷ്യറിയെയും പൊതിഞ്ഞുമൂടിയപ്പോൾ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം പണി നടന്നു.

ബാബറി മസ്ജിദ് തകർക്കുന്ന കർസേവകർ

പ്രത്യയശാസ്ത്രമെന്നത് നമ്മെ പൊതിഞ്ഞുനിന്ന്​ കാഴ്ചയുടെ യാഥാർത്ഥ്യത്തെ അപവർത്തനം ചെയ്യിച്ച്​, നമുക്കൊപ്പം സഞ്ചരിക്കുന്ന മൂടൽമഞ്ഞാണ്. ഇന്ത്യയിൽ 1992 ൽ തന്നെ മിശ്രസമ്പദ്ഘടനയെ പൊളിച്ചുകളഞ്ഞ്​, തൽസ്ഥലത്ത്​ നവ ലിബറൽ സമ്പദ്​വ്യവസ്ഥയുടെ പണി തുടങ്ങുന്നതിനും, 2015 ആയപ്പോൾ കേന്ദ്ര പ്ലാനിംഗ് കമീഷൻ പിരിച്ചുവിട്ട്, അവിടെ നിതി ആയോഗ് ഉദ്ഘാടനം ചെയ്യുന്നതിനും മുന്നേ തന്നെ, ഈ ലോകനിർമിതിയുടെ കല്ലും മണ്ണും ആശയങ്ങളായി നമ്മിൽ കുടിയേറിയിട്ടുണ്ട്. ഭരണകൂടം, സമൂഹം, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നിവയാൽ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ആശയങ്ങൾ, പൊതു ആഖ്യാനങ്ങൾ, വിശദീകരണ സംവിധാനങ്ങൾ എന്നിവയെല്ലാം ചേർന്ന വികാര വിചാര സമ്മിശ്രമായ അറിവിന്റെ ഈ വ്യവസ്ഥയെ സാമ്പത്തിക സാമൂഹ്യശാസ്ത്ര (Economic Sociology) ത്തിന്റെ ഭാഷയിൽ ‘ആശയപരമായ ഉൾക്കൊള്ളൽ' (Ideational Embeddedness) എന്ന്​ സൊമേഴ്‌സും ബ്ലോക്കും പേരിട്ടിരിക്കുന്നു: ‘ആശയങ്ങൾക്ക് രാഷ്ട്രീയഭാവിക്കുമേൽ സ്വതന്ത്രമായ സ്വാധീനമുണ്ട്.'

സോഷ്യലിസ്റ്റ് ലോകനിർമാണത്തിന്റെ തോൽവികൾ ചൂണ്ടിക്കാട്ടി, മനുഷ്യസമൂഹത്തിന്​ അതിന്റെ ഭാവിയെ ശുഭകരമായി നിർമിക്കാൻ കഴിയുമെന്ന യുറോപ്യൻ ജ്ഞാനോദയ പാരമ്പര്യത്തിന്റെ ദൃഢ ബോധ്യത്തെ നവ ലിബറലുകൾ അട്ടിമറിച്ചു.

പ്രധാനമായും രണ്ടു ദിശകളിലായിട്ടാണ് നവ ലിബറലിസത്തിന്റെ അനൗപചാരിക വിദ്യാഭ്യാസ പരിപാടി നിർവ്വഹിക്കപ്പെടുന്നത്. ഒന്നാമത്തേത്, എതിർസ്ഥാനത്തു നിൽക്കുന്ന ബുദ്ധിജീവി സമൂഹങ്ങളെ ലക്ഷ്യം വെച്ചുള്ള, താത്ത്വികവും സൈദ്ധാന്തികവുമായ പോരാട്ടമാണെങ്കിൽ, രണ്ടാമത്തേത്, ബഹുജനങ്ങളെ ലാക്കാക്കിയുള്ള നവ ലിബറൽ മിഷനറി പ്രചാരവേലയാണ്. ഈ പ്രത്യയശാസ്ത്ര പദ്ധതികൾ രണ്ടും കൃത്യമായ കേന്ദ്രത്തിൽ നിന്ന്​ നിശ്ചിതമായ സിലബസോടെ, മതപ്രചാരണം പോലെയോ പ്രകടമായ രാഷ്ട്രീയാദർശങ്ങൾ പോലെയോ നടത്തപ്പെടുന്നതായി തോന്നിപ്പിക്കത്തക്ക വിധത്തിലാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. രാഷ്ടീയേതരമെന്നും നിഷ്​പക്ഷമെന്നും ധരിപ്പിക്കത്തക്ക വിധം വികേന്ദ്രീകൃതമായി അവ നമ്മിലേക്കെത്തുന്നു. അതായത്, പ്രത്യയശാസ്ത്രപരമായ ഉറച്ച അടിത്തറ പണിതുകൊണ്ടാണ്, അതിനു മുകളിൽ നവലിബറൽ സാമ്പത്തിക നയങ്ങൾ പടുത്തുയർത്തുന്നത്. അപ്പോഴേക്കും അടിത്തറ സാമ്പത്തികമേഖലയാണെന്നു പറഞ്ഞുപഠിപ്പിച്ചിരുന്ന സോവിയറ്റ് സോഷ്യലിസ്റ്റ് ഘടന തകർന്നുവീഴുന്നുണ്ടായിരുന്നു.

മാർഗരറ്റ് ആർ. സൊമേഴ്‌സ് ഫ്രെഡ് എൽ. ബ്ലോക്ക്

സോഷ്യലിസ്റ്റ് ലോകനിർമാണത്തിന്റെ തോൽവികൾ ചൂണ്ടിക്കാട്ടി, മനുഷ്യസമൂഹത്തിന്​ അതിന്റെ ഭാവിയെ ശുഭകരമായി നിർമിക്കാൻ കഴിയുമെന്ന യുറോപ്യൻ ജ്ഞാനോദയ പാരമ്പര്യത്തിന്റെ ദൃഢ ബോധ്യത്തെ നവ ലിബറലുകൾ അട്ടിമറിച്ചു. അതോടൊപ്പം ഈ ശുഭവിശ്വാസത്തിനാലംബമായി നിന്ന ഭൗതികശാസ്ത്രത്തിന്റെ ജ്ഞാനോല്പാദന രീതികളെയും സാമൂഹ്യലോകത്തുനിന്ന്​അവർ റദ്ദാക്കിക്കളഞ്ഞു. അങ്ങനെ, നാച്വറലിസത്തെയും പോസിറ്റിവിസത്തെയും സാമൂഹ്യശാസ്ത്രങ്ങളിൽ നിന്നകറ്റി നിർത്തിയ നവലിബറലുകൾ തൽസ്ഥാനത്ത് സോഷ്യൽ നാച്വറലിസത്തെ അവരോധിക്കുകയായിരുന്നു. അതായത് ലിബറലിസത്തിനും സ്ഥിതിസമത്വവാദത്തിനും നാച്വറലിസം സാമൂഹ്യമായ അറിവുല്പാദന മാതൃക മാത്രമായിരുന്നെങ്കിൽ, നവലിബറലിസത്തിൽ നാച്വറലിസം അതിന്റെ ജ്ഞാനസത്ത തന്നെയായി വന്നു. ചുരുക്കത്തിൽ, ജീവശാസ്ത്രത്തിന്റെ ജ്ഞാനസ്വരൂപത്തെ മാനവസമുദായത്തിലേക്ക്​ ആവാഹിച്ച്​, സയൻസും സമൂഹവും തമ്മിലുള്ള എല്ലാ വിടവുകളും നികത്തുകയാണവർ ചെയ്തത്. ബയോളജിയെ സാമൂഹ്യശാസ്ത്രത്തിലേക്ക്​ കൂട്ടിക്കലർത്തിയപ്പോൾ അവർ സ്ഥിതിസമത്വവാദികളേക്കാൾ മുന്തിയ ഒന്നാം നമ്പർ ശാസ്ത്രജീവിതക്കാരായി, ശാസ്ത്രത്തിന്മേലുള്ള പാരമ്പര്യാവകാശം സോഷ്യലിസ്റ്റുകളിൽ നിന്ന്​പിടിച്ചെടുത്തവരായി മാറി. കേരളത്തിൽ, ‘ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന്​ഊന്നുന്ന സ്ഥിതിസമത്വ ചേരിയുടെ മാതൃകയായി എം. പി. പരമേശ്വരനെ കാണാമെങ്കിൽ, ഈ പാരമ്പര്യത്തിൽ നിന്ന്​ ഇന്ന്​ ശാസ്ത്രത്തിന്റെ കുത്തക ജീവശാസ്ത്രവും സാമൂഹ്യശാസ്ത്രവും കൂട്ടിക്കുഴച്ചു വിളമ്പിത്തരുന്ന നവ യുക്തി-പരിണാമ വാദികൾ ( നവ ലിബറലുകൾ) തട്ടിയെടുത്തിട്ടുണ്ട്.

നാച്വറലിസ്റ്റുകൾ മനുഷ്യസമൂഹത്തെ പ്രകൃതിയെ ‘പോലെ' എന്ന ഉപമാലങ്കാരത്തോളമേ എത്തിയിരുന്നുള്ളുവെങ്കിൽ, നവ ലിബറലുകൾ പ്രകൃതി ‘ആകുന്നു' സമൂഹം എന്ന രൂപകാലങ്കാരത്തിലേക്ക്​ കടന്നുകയറിയെന്നർത്ഥം.

മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ലിബറൽ സോഷ്യലിസ്റ്റ് സാമൂഹ്യജീവിതത്തിന്റെ ശാസ്ത്രം ന്യൂട്ടോണിയൻ ഫിസിക്‌സ് ആയിരുന്നെങ്കിൽ, നവ ലിബറൽ സൈദ്ധാന്തിക മണ്ഡലത്തിൽ എത്തുമ്പോൾ അത് ഡാർവ്വിന്റെ ജീവപരിണാമവാദമായി തീർന്നു. നാച്വറലിസ്റ്റുകൾ മനുഷ്യസമൂഹത്തെ പ്രകൃതിയെ ‘പോലെ' എന്ന ഉപമാലങ്കാരത്തോളമേ എത്തിയിരുന്നുള്ളുവെങ്കിൽ, നവ ലിബറലുകൾ പ്രകൃതി ‘ആകുന്നു' സമൂഹം എന്ന രൂപകാലങ്കാരത്തിലേക്ക്​ കടന്നുകയറിയെന്നർത്ഥം. നാച്വറലിസത്തിൽ നിന്ന്​ സോഷ്യൽ നാച്വറലിസത്തിലേക്കുള്ള അടിസ്ഥാനപരമായ ഈ ചുവടുമാറ്റം നവലിബറലിസത്തിന്റെ അതിജീവനശേഷിയുടെ ആധാരമാണ്.

സർ ഐസക് ന്യൂട്ടൺ, ചാൾസ് ഡാർവിൻ

സോഷ്യൽ നാച്വറലിസത്തിലേക്കുള്ള ആശയ നിർമ്മിതിയുടെ വിത്തുകൾ കിളിർപ്പിച്ചെടുക്കുന്നത് 200വർഷം മുമ്പ്, 1790 ലെ ആദ്യത്തെ ബംഗാൾ മഹാക്ഷാമത്തിനു ശേഷമത്രേ. ബ്രിട്ടനിൽ സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യ പ്രൊഫസറായ തോമസ് റോബർട്ട് മാൽത്തുസാണ് ഇതിന്റെ പ്രോത്ഘാടകൻ. അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തന്നെ കണക്കു പ്രകാരം ഒരുകോടി മനുഷ്യർ ബംഗാളിൽ വിശന്നു മരിച്ചു. കമ്പനി ഭരണം ആരംഭിച്ച്​, 13-ാം വർഷത്തിലെ ഈ മഹാക്ഷാമത്തിൽ അവിടെ, എട്ടിൽ മൂന്നുപേർ എന്ന കണത്തിന്​ മരിച്ചെന്നാണ് തിരുത്തിയ മറ്റൊരു കണക്ക്. നികുതി പിരിവ് 30% വരെ വർദ്ധിപ്പിച്ചതും ധാന്യങ്ങൾ ഇന്ത്യയിലെ കമ്പനിപട്ടാളത്തിനായി നിർബന്ധപൂർവ്വം പിടിച്ചെടുത്തതും ക്ഷാമത്തിന്റെ മുഖ്യകാരണങ്ങളിൽ പെടുന്നു. ഇതേ സമയം ഇംഗ്ലണ്ടിനെ അന്ന് നയിച്ചിരുന്നത്, പരമാവധി കയറ്റുമതിയും കുറച്ചുമാത്രം ഇറക്കുമതിയും നടത്തി, വാണിജ്യം വഴി രാജ്യത്ത് ധനം സമാഹരിക്കുന്ന മെർക്കന്റിലിസമെന്ന സമ്പദ് വ്യവസ്ഥാ സിദ്ധാന്തമായിരുന്നു.

ലിബറൽ സോഷ്യലിസ്റ്റ് സാമൂഹ്യജീവിതത്തിന്റെ ശാസ്ത്രം ന്യൂട്ടോണിയൻ ഫിസിക്‌സ് ആയിരുന്നെങ്കിൽ, നവ ലിബറൽ സൈദ്ധാന്തിക മണ്ഡലത്തിൽ എത്തുമ്പോൾ അത് ഡാർവ്വിന്റെ ജീവപരിണാമവാദമായി തീർന്നു.

കയറ്റുമതി കൂട്ടണമെങ്കിൽ ഉല്പാദനം ഉയർത്തേണ്ടതുള്ളതിനാൽ മനുഷ്യാധ്വാനമായിരുന്നു മെർക്കന്റിലിസത്തിന്റെ ആധാരശില. അതിനാൽ, ജനങ്ങളായിരുന്നു രാജ്യത്തിന്റെ സമ്പത്ത് (‘People are the wealth of a nation'). അങ്ങനെയാണ് 1601 മുതൽ, എലിസബത്തൻ ഭരണകാലത്ത് ഇംഗ്ലീഷ് പാർലമെൻറ്​ ‘ദരിദ്ര നിയമം' കൊണ്ടുവരുന്നതും അഗതികൾക്കും അനാഥർക്കും ആഹാരവും പാർപ്പിടവും ഏർപ്പാടാക്കി, അവരെ പണിയെടുപ്പിക്കുന്ന ‘വർക്ക് ഹൗസു'കൾ ഇടവക തോറും ഉണ്ടാക്കുന്നതും. എന്നാൽ കമ്പനിഭരണം തുടങ്ങിയപ്പോൾ തന്നെ, ലക്ഷങ്ങൾ ഇന്ത്യയിൽ വിശന്നു മരിക്കുമ്പോൾ, ഇംഗ്ലീഷ് ഭരണകൂടത്തിന്റെ മെർക്കന്റിലിസ്റ്റ് ജീവകാരുണ്യത്തിന്റെ ഇന്ത്യൻ പതിപ്പിറക്കാൻ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒട്ടുമേ തയ്യാറായില്ല.

എന്തുകൊണ്ട് ക്ഷാമബാധിതമായ ഇന്ത്യയിൽ ഇംഗ്ലീഷ് ഭരണം ജീവകാരുണ്യം നടപ്പാക്കുന്നില്ല എന്ന മതാത്മകവും (ഇംഗ്ലണ്ടിൽ വർക്കുഹൗസുകളുടെ നടത്തിപ്പ് പള്ളികൾ വഴിയായിരുന്നു. ‘ദൈവം നീതിമാൻ', ‘ദൈവം നല്ലവൻ' എന്നീ ഫലകങ്ങൾ വർക്ക് ഹൗസുകളിൽ പതിച്ചിരുന്നു) യൂറോപ്യൻ ജ്ഞാനോദയത്താൽ ശക്തി പ്രാപിച്ച മതേതരവും മാനുഷികവുമായ ചോദ്യത്തിനുള്ള മറുപടിയായി, കമ്പനിയുടെ ഇന്ത്യൻ ഭരണനയത്തെ പ്രതിക്കൂട്ടിൽ നിന്ന്​ രക്ഷിക്കുന്നതിനാണ് മാൽത്തൂസ് തന്റെ ‘An Essay on the Principle of Population' (1798) എഴുതുന്നത്.

ഇംഗ്ലണ്ടിലെ ആദ്യകാലത്തെ വർക്ക് ഹൗസുകളിലൊന്ന് / Photo: workhouses.org.uk

ഈ പുസ്തകത്തിൽ മാനവസമൂഹത്തെ പ്രകൃതിയുമായി സമീകരിക്കുന്ന സോഷ്യൽ നാച്വറലിസം ആദ്യമായി മുളപൊട്ടുന്നതു കാണാം. ജനസംഖ്യയാണ് നാടിന്റെ സമ്പത്തെന്ന മെർക്കന്റിലിസ്റ്റ് മുദ്രാവാക്യത്തെ മാൽത്തൂസിന്റെ പുസ്തകം മലർത്തിയടിച്ചു. ലോക ജനസംഖ്യാ ദിനത്തിൽ ‘ജനപ്പെരുപ്പത്തിന്റെ പ്രശ്‌നങ്ങൾ' എന്ന വിഷയത്തിൽ രണ്ടുപേജിൽ കവിയാതെ ഉപന്യസിക്കാൻ മത്സരം നടത്തിക്കൊണ്ട് നമ്മുടെ വിദ്യാലയങ്ങളിൽ ഇന്നും മാൽത്തൂസിന്റെ ആത്മാവ് ചുറ്റിത്തിരിയുന്നുണ്ട്. അപ്പോൾ മതാത്മകവും മതേതരവുമായ എല്ലാവിധ ധാർമികതയും സാമ്പത്തികശാസ്ത്രത്തിൽ നിന്ന്​ ‘ശാസ്ത്രീയ'മായി ഉച്ചാടനം ചെയ്യപ്പെട്ടു.

തന്റെ സാമ്പത്തിക സിദ്ധാന്തത്തിന്റെ ആണിക്കല്ലായി പ്രകൃതിയെ കുടിയിരുത്തിയ മാൽത്തൂസ്, ലോകത്തിന്റെ രക്ഷയും ശിക്ഷയും ദൈവത്തിൽ നിന്നും ഭരണകൂടത്തിൽ നിന്നും എടുത്തുമാറ്റി അവയെ പ്രകൃതിയുടെ വികൃതിയാക്കി മാറ്റി.

മതവാദികളുടെ ദൈവനീതിക്കും മതനിഷേധികളുടെ മാനുഷികനീതിക്കും പകരം, അവയെ അപ്രസക്തമാക്കുന്ന പ്രകൃതിയുടെ അന്തിമമായ നീതി, മാനവലോകത്തിനു മേൽ സ്ഥാപിക്കുന്ന വീക്ഷണപരമായ അടിസ്ഥാന മാറ്റത്തിനാണ് (Paradigm shift), പോപ്പിന്റെ അധികാരത്തെ നിരസിച്ച് മതനവീകരണത്തെ സ്വാംശീകരിച്ച ആഗ്ലിക്കൻ സഭയിലെ പാതിരിയായ മാൽത്തൂസ് ജനസംഖ്യാ സിദ്ധാന്തം വഴി കളമൊരുക്കിയത്. തന്റെ സാമ്പത്തിക സിദ്ധാന്തത്തിന്റെ ആണിക്കല്ലായി പ്രകൃതിയെ കുടിയിരുത്തിയ മാൽത്തൂസ്, ലോകത്തിന്റെ രക്ഷയും ശിക്ഷയും ദൈവത്തിൽ നിന്നും ഭരണകൂടത്തിൽ നിന്നും എടുത്തുമാറ്റി അവയെ പ്രകൃതിയുടെ വികൃതിയാക്കി മാറ്റി. അങ്ങനെ പട്ടിണി, ദാരിദ്ര്യം, ക്ഷാമം, യുദ്ധം എന്നിവയെല്ലാം പ്രകൃതിയുടെ അതിസമർത്ഥവും അത്ഭുതകരവുമായ അതിജീവനതന്ത്രമല്ലാതെ മറ്റൊന്നുമല്ലെന്നു വന്നു. എവിടെ ജനങ്ങൾ അനിയന്ത്രിതമായി പെരുകുന്നോ അവിടെ, ധർമസംസ്ഥാപനാർത്ഥം മഹാമാരികളായും ക്ഷാമദുരിതങ്ങളായും പ്രകൃതി അവതരിച്ച്​ സന്തതി നിഗ്രഹം വരുത്തി ലോകത്തെ സംതുലിതമായി പരിപാലിക്കുമെന്ന്​ മാൽത്തൂസ് സിദ്ധാന്തിച്ചതോടെ, തത്ത്വചിന്തയും സാമൂഹ്യശാസ്ത്രവും സാമ്പത്തികശാസ്ത്രവുമെല്ലാം, ആത്യന്തികമായി ജീവശാസ്ത്രത്തിൽ വന്ന്​ ദണ്ഡനമസ്‌ക്കാരം ചെയ്ത്​, അതിൽ വിലയം പ്രാപിച്ച്​മോക്ഷപ്രാപ്തി നേടി.

റോബർട്ട് മാൽത്തൂസ്

ജ്ഞാനോദയ മൂല്യങ്ങളുടെ മെർക്കന്റിലിസത്തിൽ ദാരിദ്ര്യം മനുഷ്യന്റെ ഭരണ സ്ഥാപനപരമായ തോൽവിയുടെ അടയാളമായി വിലയിരുത്തിയപ്പോൾ, അതിനെ തള്ളിക്കളഞ്ഞ മാൽത്തൂസിന്റെ തിയറി വിഭവദാരിദ്ര്യത്തെ പ്രകൃതിയുടെ സ്ഥായീഭാവമായി നമ്മെ പഠിപ്പിക്കുന്നു. അന്നുതൊട്ട്​, ദുർലഭമായ വിഭവങ്ങൾക്കു വേണ്ടി സദാ തമ്മിൽ തല്ലുന്ന ജീവലോകത്തിലെ ഒരംഗം മാത്രമായി, എല്ലാ ജീവികളെയും മാതിരി തിന്നാനും ഇണ ചേരാനും പോരടിക്കുന്ന പക്കാ ഇരുകാലികളായി മാറി നമ്മൾ. ഈ തമ്മിലടി, മറ്റു ജന്തുജാതികളോടും ഇതര മനുഷ്യരോടും മാത്രമല്ല നടക്കുന്നത്. നമ്മുടെ തീറ്റയും വേഴ്ചയും തമ്മിലും പൊരിഞ്ഞ യുദ്ധം മാൽത്തൂസ് കാട്ടിത്തന്നു. തിന്നുന്തോറും കൂടുതൽ ശക്തിയിൽ തമ്മിൽ പുണർന്നു കുറേ മക്കളെ പെറ്റുകൂട്ടുകയും, വീണ്ടും വാശിയോടെ തിന്നു, വർദ്ധിതവീര്യം നേടി, അകത്താക്കിയതിന്റെ പത്തിരട്ടി സന്തതികളെ പ്രസവിക്കുകയും ചെയ്യുന്നവരായി മനുഷ്യർ. ഇങ്ങനെ പെരുപ്പം അതിരുകടന്നു, വിഭവങ്ങൾ അമ്പേ തീരുമെന്നാകുമ്പോൾ, സർവ്വനാശം വരാതിരിക്കാൻ ക്ഷാമം, യുദ്ധം, രോഗം എന്നിങ്ങനെ വേഷപ്പകർച്ചയാടി സംഹാരക്രിയ നടത്തി ഒന്നുമറിയാത്തവളായി, നിർവ്വികാരയായി ചരിക്കുന്ന പ്രകൃതിയുടെ സുന്ദരചിത്രം മാൽത്തൂസ് എഴുതി വെച്ചു.

മനുഷ്യസമൂഹത്തെയും ഭരിക്കേണ്ടത് മാനുഷികമായ വികാരചപലതകളുടെ പക്ഷപാതമില്ലാതെ, ക്രൂരമായ നിഷ്പക്ഷത കുടികൊള്ളുന്ന പ്രകൃതി തന്നെ വേണമെന്ന മാൽത്തൂസിന്റെ വാദത്തെ, ഇന്ത്യയിൽ മഹാക്ഷാമങ്ങളുടെ ഭരണം നടത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനി ആർപ്പും കുരവയുമായി മാലയിട്ടു സ്വീകരിച്ചു.

ഈ സാമ്പത്തിക തത്ത്വചിന്തയിൽ, ഡിമാന്റും സപ്ലൈയും തമ്മിലെ തുലനമറിയാത്ത മനുഷ്യൻ വിവരദോഷിയും, കിറുകൃത്യമായി ഇവയെ സംതുലിതമാക്കുന്ന പ്രകൃതി അതീവ ബുദ്ധിമതിയുമാണ്. നമ്മളല്ല പ്രകൃതിയാണ് ഉത്തമ ഭരണാധികാരി. അവളുടെ ഇച്ഛകൾ അനുസരിക്കുക. അവളുടെ മാർഗത്തിൽ തടസ്സം നിന്നാൽ അതാകും സർവ്വനാശമാകുക. മനുഷ്യനിർമിതമായ നന്മക്കും തിന്മക്കും യുക്തിക്കും അയുക്തിക്കും അപ്പുറമാണ് പ്രകൃതിയുടെ വിളയാട്ടങ്ങൾ. അതിനാൽ നമ്മുടെ തുച്ഛബുദ്ധികൊണ്ട് മാനവലോകത്തിൽ ഇടപെടരുത്. ബംഗാളിൽ ലക്ഷക്കണക്കിനുപേർ ഭക്ഷണം കിട്ടാതെ വഴിയിൽ മരിച്ചുവീഴുന്നത്, അവിടങ്ങളിൽ വിഭവങ്ങൾ ദുർലഭവും ജനങ്ങൾ ആവശ്യത്തിലേറെയും ആയിപ്പോയതിനാൽ അതു നിയന്ത്രിക്കാൻ, പ്രകൃതി ക്ഷാമരോഗാദികൾ അഴിച്ചുവിട്ടതിനാലാണെന്നു മനസ്സിലാക്കുക. അവിടെ ഇംഗ്ലീഷ് ഭരണമാതൃക പിൻപറ്റി, ജീവകാരുണ്യത്തിന്റെ ഭക്ഷണം വിതരണം ചെയ്താൽ അത് വലിയ ദുരന്തത്തിലാകും കലാശിക്കുക.

ബംഗാൾ ക്ഷാമകാലത്ത് വില്ലബീ വാലസ് ഹൂപ്പർ പകർത്തിയ ചിത്രം / Photo: Wikimedia Commons

മനുഷ്യർ തനി ജന്തുക്കൾ മാത്രമായതിനാൽ, മനുഷ്യസമൂഹത്തെയും ഭരിക്കേണ്ടത് മാനുഷികമായ വികാരചപലതകളുടെ പക്ഷപാതമില്ലാതെ, ക്രൂരമായ നിഷ്പക്ഷത കുടികൊള്ളുന്ന പ്രകൃതി തന്നെ വേണമെന്ന മാൽത്തൂസിന്റെ വാദത്തെ, ഇന്ത്യയിൽ മഹാക്ഷാമങ്ങളുടെ ഭരണം നടത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനി ആർപ്പും കുരവയുമായി മാലയിട്ടു സ്വീകരിച്ചുവെന്നു പറയേണ്ടതില്ലല്ലോ. കൂടാതെ കോളനിവാഴ്ചയിൽ ആറാടിയ യൂറോപ്പിനാകെ മാൽത്തൂസ്, ഞൊടിയിടയിൽ പുതിയ സത്യവേദ പുസ്തകമായി. സർവ്വകലാശാലകളിൽ പഠിച്ചിറങ്ങുന്ന അധിനിവേശ വ്യവസ്ഥയുടെ ഉദ്യോഗസ്ഥർ, ബിസിനസുകാർ, ഭരണക്കാർ, നാനാശാസ്ത്ര വിശാരദർ എന്നീ നൂതനവർഗത്തിനും സാമൂഹ്യമായ എല്ലാ കൊള്ളരുതായ്മകൾക്കും, ‘ഈ രക്തത്തിൽ എനിക്കു പങ്കില്ല' എന്ന്​ നിഷ്‌ക്കരുണം കൈകഴുകി തുടയ്ക്കാനുള്ള തൂവാലയാണ് മാൽത്തൂസ് തുന്നിക്കൊടുത്തത്. ഈ പുതിയ തുണി അവർക്കിഷ്ടപ്പെടാൻ കാരണം, അവരുടെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ യുക്തിയോടു ചേർന്നു നിൽക്കുന്ന വിധം ബയോളജിയുടെ നൂലുകൾകൊണ്ട്​ അലങ്കൃതമായി ചെയ്തതായിരുന്നു അത്. ‘ദൈവനീതി'യുടെ സ്ഥാനത്ത് ‘പ്രകൃതിനീതി' എന്നു മാറിയ പ്രയോഗം, ശാസ്ത്രം പഠിച്ച വിധിവാദികളെയും അല്ലാത്തവരെയും ഒരേപോലെ വീഴ്ത്തുന്നതാണല്ലോ. ‘ദൈവം മരിച്ചു' എന്ന വരുംകാലത്തിന്റെ നീത്​ഷേ (Nietzsche) പ്രസ്താവനയെ മുൻകൂട്ടി കണ്ട്, ഓടുന്ന പട്ടിക്കു ഒരുമുഴം മുമ്പേ എറിയുകയായിരുന്നു മാൽത്തൂസ്.

നീത്​ഷേ

ബംഗാളിൽ ഭരണം ബയോളജി നടത്തിക്കൊള്ളും, മനുഷ്യർക്കതിൽ റോളൊന്നുമില്ലെന്നു വാദിച്ച്​ കമ്പനിവാഴ്ചയെ രക്ഷപ്പെടുത്താനെത്തിയതിനു പാരിതോഷികമായി, ഇംഗ്ലണ്ടിൽ കമ്പനി സ്ഥാപിച്ച ‘ഈസ്റ്റ് ഇന്ത്യാ കോളേജി'ൽ മാൽത്തൂസ് 1805ൽ പ്രൊഫസറായി നിയമിക്കപ്പെട്ടു. അവിടെ മാൽത്തൂസിന്റെ ജോലി മറ്റൊന്നുമായിരുന്നില്ല, ഇന്ത്യയിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥർക്ക്​ ജീവശാസ്ത്രത്തിന്റെ ഭരണിയിലിട്ടു സംരക്ഷിച്ച തന്റെ പുത്തൻ സാമൂഹ്യപാഠങ്ങൾ പഠിപ്പിക്കലായിരുന്നു. മഹാക്ഷാമങ്ങളും ലക്ഷക്കണക്കിനു മരണങ്ങളും പിന്നീട് തുടർക്കഥയായപ്പോൾ, ‘ഇന്ത്യൻ ഭരണം പാപ്പരായാലും, ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കണമെന്ന ഇംഗ്ലീഷ് പൊതുജനത്തിന്റെ വിലകുറഞ്ഞ വികാരം അതിന്റെ വില കൊടുക്കട്ടെ. എന്തൊക്കെ സംഭവിച്ചാലും സർക്കാർ ഭക്ഷ്യവില കുറയ്ക്കുന്ന പ്രശ്‌നമില്ല. പകരം എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തണമെന്ന്​’ കവിയും സഹൃദയനും വൈസ്രോയിയുമായ എഡ്വേഡ് ലിട്ടൺ (Edward Robert Lytton) മദ്രാസിലെ മഹാക്ഷാമകാലത്ത് (മരണം 82 ലക്ഷം) മനഃസാക്ഷിക്കുത്തില്ലാതെ പ്രതികരിക്കുന്നതിന്​, അദ്ദേഹത്തിനു ശാസ്ത്രീയ പിൻബലം കൊടുത്തത്​ മാൽത്തൂസ്യൻ തിയറിയല്ലാതെ മറ്റെന്താണ്? പ്രകൃതി ഭരിക്കട്ടെ എന്ന ഈ പ്രത്യയശാസ്ത്രം Laissez-faire സാമ്പത്തികനയമായി കോളനിവാഴ്ചയിലൊട്ടാകെ പ്രയോഗിച്ചതിനാലാണ്, ഇന്ത്യക്കാർ ‘എലികളെപ്പോലെ പെറ്റുകൂട്ടും' എന്നു വിൻസ്റ്റൺ ചർച്ചിൽ 1943ലെ ബംഗാൾ മഹാക്ഷാമത്തെ അപഹസിച്ചത്.

വിൻസ്റ്റൺ ചർച്ചിൽ

മെർക്കന്റിലിസത്തിൽ നിന്ന്​ തികച്ചും വേറിട്ടുകൊണ്ട്, സ്റ്റേറ്റിന്​സാമൂഹ്യക്ഷേമത്തിലോ അതിനനുഗണമായ വ്യാപാരനിയന്ത്രണത്തിലോ യാതൊരു പങ്കും ആവശ്യമില്ലാത്ത നിർദ്ദയഭരണം, 18-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾ മുതൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിൽ തുടക്കമിട്ടപ്പോൾ, അതുവഴി മഹാക്ഷാമങ്ങളുടെ നടനവേദിയാക്കി ഇന്ത്യയെ മാറ്റിയപ്പോൾ, നവ ലിബറലിസത്തിന്റെ ഒന്നാം പരീക്ഷണശാലയായി ഇവിടം മാറുകയായിരുന്നു. അതിന്റെ ന്യായീകരണത്തിനുള്ള തത്ത്വചിന്തയാണ്, സാമ്പത്തികശാസ്ത്രത്തിന്റെ അടിത്തറയായി പ്രകൃതിനിയമത്തെ സ്ഥാപിക്കുന്ന മാൽത്തൂസ്യൻ സോഷ്യൽ നാച്വറലിസം. ജീവശാസ്ത്രം വലിയ മുന്നേറ്റം നടത്താത്ത അന്ന്, പ്രകൃതിനിയമത്തെപ്പറ്റി തിയറിറ്റിക്കൽ റിയലിസമായി മാൽത്തൂസ് മുന്നോട്ടുവെച്ച സിദ്ധാന്തങ്ങൾ, പിന്നീട് പരിണാമവാദത്തിലൂടെ തെളിവുകളായി പുറത്തേക്കു വന്നപ്പോൾ, അതിന്റെ വളർച്ചയ്‌ക്കൊപ്പം അതിൽ പറ്റിപ്പിടിച്ചുകൊണ്ട് സോഷ്യൽ നാച്വറലിസവും പടർന്നുകയറി.

രണ്ടു ലോകയുദ്ധങ്ങൾക്കും സ്ഥിതിസമത്വവാദത്തിന്റെ പിന്നോട്ടുപോക്കിനും ശേഷമുള്ള ലോകത്തെ ആശയാധിപത്യത്തിന്റെ ചരിത്രമെന്നാൽ, സോഷ്യൽ നാച്വറലിസം എന്ന തത്ത്വചിന്തയെ അമേരിക്കൻ സർവ്വകലാശാലകളിലെ എല്ലാ വിഷയങ്ങളിലേക്കും ബലൂണിൽ കാറ്റെന്ന പോലെ കടത്തിവിട്ട് പുതിയ പാഠ്യവിഷയങ്ങൾ നിർമിച്ച്​, കൗതുകം നൽകുന്ന വർണശബളിമ നമുക്കു സമ്മാനിക്കുന്നതിന്റേതാണ്. അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി സാമ്പത്തികശാസ്ത്രത്തിൽ മാൽത്തൂസ് അതിനു മാതൃക കാണിച്ചപ്പോൾ, ഇന്നു സാമൂഹ്യശാസ്ത്രത്തിൽ അത് സോഷ്യോബയോളജിയായും (സോഷ്യൽ ഡാർവ്വിനിസം എന്ന വംശീയവാദത്തിന്റെ പരിഷ്‌ക്കരിച്ച പേര്) രാഷ്ട്രമീമാംസയിൽ അത് ബയോപോളിറ്റിക്‌സ് ആയും ആശയങ്ങളുടെ ധൃതരാഷ്ട്രാലിംഗനം നൽകുന്നു. ▮

(തുടരും)

Comments