മത ദേശീയവാദം: ലിബറലിസത്തിന്റെ അരുമ സന്തതി

നവ ലിബറലിസം: സർവാരാധനയുടെ പുറകിലെ ​രാഷ്​ട്രീയം- 7

മതങ്ങളെ സ്ഥാപനവൽക്കരിച്ചും ദേശീയവൽക്കരിച്ചും രാഷ്ട്രീയവൽക്കരിച്ചുമാണ് ലിബറൽ സ്വേച്ഛാധിപത്യം ഇന്ത്യാ മഹാരാജ്യത്തെ സ്വതന്ത്ര വാണിജ്യത്തിന്റെ സ്വൈര്യവിഹാരഭൂമിയാക്കിയത്

മേരിക്കകളിൽ പ്രത്യക്ഷമായ വംശഹത്യയിലൂടെ അധിനിവേശം സാധ്യമാക്കുകയും വർണമേധാവിത്വത്തിലൂടെ അധികാര പ്രയോഗത്തെ സാധൂകരിക്കുകയും ചെയ്തുവെങ്കിൽ, ഇന്ത്യയിലെ ലിബറൽ അധിനിവേശം പ്രധാനമായും അച്ചടി സാങ്കേതികവിദ്യ കൊണ്ടുള്ള പരോക്ഷമായ അധികാര നിർമാണ പ്രക്രിയ കൂടി ഉൾപ്പെട്ടതായിരുന്നു. പുരാണ സംസ്‌കൃത ഗ്രന്ഥങ്ങളുടെ തർജമകൾ, ചരിത്ര രചനകൾ, വിദ്യാഭ്യാസം, ആനുകാലികങ്ങൾ എന്നിങ്ങനെ അച്ചടിവിദ്യ ഉപയോഗിച്ച്​ ഇന്ത്യൻ സമൂഹത്തെ ‘കണ്ടുപിടിച്ചു' കൊണ്ടാണ് ഇവിടെ ലിബറൽ സാമ്രാജ്യത്വം അധികാരം ദൃഢപ്പെടുത്തിയത്. 16, 17 നൂറ്റാണ്ടുകളിൽ നിന്ന്​18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെത്തിയപ്പോൾ അച്ചടിവിദ്യ കൊണ്ടുള്ള പ്രജാ സ്വത്വ നിർമാണം കോളനി ലിബറലിസത്തിന്റെ മുഖ്യാവയവമായി വളർന്നു വികസിച്ചു കഴിഞ്ഞുവെന്നർത്ഥം.

കോളനികളിൽ ‘ആധിപത്യ ശൈലി, കാഴ്ചപ്പാട്, ലക്ഷ്യം എന്നിവകളിലൊക്കെ പുലർത്തുന്ന വൈവിധ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മുഖമുദ്രയായിരുന്നു.' അവർ പ്രാദേശിക യജമാനരെയും കച്ചവടക്കാരെയും സ്വാധീനിച്ചു, ഇവരുടെ അധികാരങ്ങൾ ബലപ്പെടുത്തി സൈനിക ഇടപെടലിനെ ലഘൂകരിച്ചു. അതോടൊപ്പം ഇന്ത്യൻ സമൂഹത്തിലെ ഉപരി- മധ്യവർഗങ്ങളിൽ, അച്ചടി സാങ്കേതികവിദ്യ ഉപയോഗിച്ച്​ ഇന്ത്യാചരിത്ര നിർമിതി വഴി പുതിയൊരു സ്വത്വബോധം സൃഷ്ടിക്കുകയും സമൂഹങ്ങളിൽ അശാന്തിയുടെ കൊടുങ്കാറ്റുകൾക്ക് നിരന്തരം അവസരമുണ്ടാക്കുകയും ചെയ്തു.

ഇന്ത്യയിലെ ലിബറൽ അധിനിവേശം പ്രധാനമായും അച്ചടി സാങ്കേതികവിദ്യ കൊണ്ടുള്ള പരോക്ഷമായ അധികാര നിർമാണ പ്രക്രിയ കൂടി ഉൾപ്പെട്ടതായിരുന്നു. / Representational image, courtesy: State Library Victoria

മതേതരമെന്നും യുക്തിസഹമെന്നും മാനുഷികമെന്നും പുറമേയ്ക്കു തോന്നിപ്പിക്കുന്നതും എന്നാൽ ഉള്ളടക്കത്തിൽ അന്ത്യന്തം കാല്പനികവുമായ ചരിത്രനിർമാണ വിദ്യ ഉപയോഗിച്ച്​, അപകർഷതയുടെ വിധേയത്വവും ഉത്ക്കർഷതയുടെ അഹംഭാവവും ഒരേസമയം ശരീരത്തിൽ പേറുന്ന പ്രജാസമൂഹത്തെ നിർമിച്ചുകൊണ്ടാണ് ലിബറൽ ഇംപീരിയലിസം ഇന്ത്യയിൽ നങ്കൂരമുറപ്പിക്കുന്നത്. അപ്പോൾ വാമൊഴി പാരമ്പര്യത്തിൽ നിന്നു മാറി, വരമൊഴിയിൽ കൊത്തിയ കാല്പനിക ചരിത്രസത്യങ്ങൾ പ്രജാ സ്വത്വരൂപീകരണത്തിന്റെ മൂശയായി രൂപപ്പെടുകയും ചെയ്തു.

ഇന്ത്യയിൽ ലിബറൽ സ്വേച്ഛാധിപത്യം സ്ഥാപിക്കുകയും പിന്നീട് അതിന്റെ പ്രജാസമ്മതി നേടിയെടുക്കുകയും ചെയ്യുന്നത് പ്രധാനമായും റിയലിസ്റ്റിക് - റൊമാന്റിക് ചരിത്രം കൊണ്ട് ഇന്ത്യൻ ഉപരി- മധ്യവർഗ പ്രജകളെ പ്രത്യേകമായി ഏകീകരിച്ചു കൊണ്ടായിരുന്നു.

സമൂഹത്തിന്റെ ഭൂതഭാവിവർത്തമാനങ്ങളെ മിത്തുകളിൽ നിന്നും പാരമ്പര്യ വിശ്വാസങ്ങളിൽ നിന്നും വിടുവിച്ച്​, പകരം വസ്തുനിഷ്ഠതയുടെ ഭാഷ ഉപയോഗിക്കുന്ന -നിഷ്​പക്ഷമെന്നു തോന്നുന്ന റിയലിസ്റ്റിക് ശൈലിയിലുള്ള കാല്പനിക ചരിത്ര നിർമാണം ലിബറലിസത്തിന്റെ മുന്തിയ ആയുധങ്ങളിൽ പ്രധാനമത്രേ. ‘ഇതാണ് നമ്മൾ, ഇതാണ് നമ്മുടെ യഥാർത്ഥ മുഖം' എന്നു ആദ്യമായി കണ്ണാടി നോക്കുന്നതുപോലെയോ ഫോട്ടോ കാണുന്നതു പോലെയോ, പ്രജാസമൂഹങ്ങളെ നിർമീക്കുന്നതാണീ വിദ്യ. അധികാരം അവർക്കാവശ്യമുള്ള പ്രജകളെ കൊത്തിയെടുത്ത ഉളിയായിരുന്നു ലിബറൽ (റിയലിസ്റ്റിക് - റൊമാന്റിക് ) ചരിത്രരചന. പാശ്ചാത്യ ലിബറൽ ഡമോക്രസിക്കു പകരമായി ഇന്ത്യയിൽ ലിബറൽ സ്വേച്ഛാധിപത്യം സ്ഥാപിക്കുകയും പിന്നീട് അതിന്റെ പ്രജാസമ്മതി നേടിയെടുക്കുകയും ചെയ്യുന്നത് പ്രധാനമായും റിയലിസ്റ്റിക് - റൊമാന്റിക് ചരിത്രം കൊണ്ട് ഇന്ത്യൻ ഉപരി- മധ്യവർഗ പ്രജകളെ പ്രത്യേകമായി ഏകീകരിച്ചു കൊണ്ടായിരുന്നു.

നിഷ്​പക്ഷമെന്നു തോന്നുന്ന റിയലിസ്റ്റിക് ശൈലിയിലുള്ള കാല്പനിക ചരിത്ര നിർമാണം ലിബറലിസത്തിന്റെ മുന്തിയ ആയുധങ്ങളിൽ പ്രധാനമത്രേ. / Photo: Illustration from 20th centuary book Vaimanika Shastra

അച്ചടി സാങ്കേതികവിദ്യയും സാക്ഷരതയും ഉപയോഗിച്ചുള്ള ചരിത്ര നിർമാണം വഴി, ഇന്ത്യയിലെ ഉപരി- മധ്യവർഗങ്ങൾ- പ്രാദേശിക ഭരണവർഗം, ജമീന്ദാർമാർ, കരാറുകാർ, കച്ചവടക്കാർ, പലിശക്കാർ , സർക്കാർ ജോലിക്കാർ എന്നിവർ- ലിബറൽ പ്രജാവൽക്കരണത്തിനു വിധേയമായപ്പോൾ അതിനു കീഴ്‌പ്പെടാതെ അതിനെ ആദ്യം മുതൽ ആദിവാസികളും ചെറുകിട കൃഷിക്കാരും എതിരിടുന്നുണ്ട്. ബ്രിട്ടനിൽ നിന്ന്​ ഇറക്കുമതി ചെയ്ത ലിബറൽ നിയമവാഴ്ച (Rule of Law) യുടെ ചട്ടക്കൂട്ട്, അതിലേക്കു ഫിറ്റു ചെയ്ത മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ, പുതുക്കിയ
ഭൂവുടമസ്ഥത, പുതിയ നികുതി സമ്പ്രദായം എന്നിവയെ യുക്തിസഹവും പുരോഗമനപരവുമാക്കുന്ന ചരിത്ര നിർമാണം കൊണ്ടൊന്നും വാമൊഴി സമൂഹങ്ങളുടെ പ്രാദേശിക സ്വയംഭരണത്തെ റെഗുലേറ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല. അതിനാൽ 1765 ൽ, ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യമായി നികുതി ഏർപ്പാടാക്കിയതിന്റെ അടുത്ത വർഷം തന്നെ, ബംഗാളിലെ ആദിവാസി വിഭാഗങ്ങളും കൃഷിക്കാരും അതിനെതിരെ പ്രക്ഷോഭം തുടങ്ങി. തുടർന്ന് 1800 നകം 10 ഓളം ആദിവാസി - കർഷക സ്വാതന്ത്ര്യ സമരങ്ങളാണ് ബംഗാൾ പ്രവിശ്യയിൽ ഉണ്ടായത്.

ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യമായി നികുതി ഏർപ്പാടാക്കിയതിന്റെ അടുത്ത വർഷം തന്നെ, ബംഗാളിലെ ആദിവാസി വിഭാഗങ്ങളും കൃഷിക്കാരും അതിനെതിരെ പ്രക്ഷോഭം തുടങ്ങി. / Representational image, Wikimedia Commons

എന്നാൽ, ഇന്ത്യയിലെ വരമൊഴി കേന്ദ്രിത സമൂഹങ്ങൾ കോളനിഭരണത്തിലെ പ്രജാവൽക്കരണ പ്രക്രിയയിൽ സജീവപങ്കാളികളായി മാറുകയും അതിന്റെ ലിബറൽയുക്തിയെ അപ്പാടെ സ്വാംശീകരിക്കുകയും ചെയ്തുപോന്നു. കാരണം ഒരു ചെറുവിഭാഗത്തിന്റേതു മാത്രമായിരുന്ന ബ്രാഹ്മണ സംഹിതകൾക്ക്​ ഇന്ത്യൻ സമൂഹത്തിന്മേൽ മുമ്പില്ലാതിരുന്ന അപ്രമാദിത്വം ലിബറൽ നിയമവാഴ്ചയിലൂടെ സാധ്യമായി.

സംസ്‌കൃതചിത്തരായ മനുഷ്യർ ജീവിക്കുന്നത്, മതമായാലും രാഷ്ട്രീയമായാലും കറകളഞ്ഞ ലിഖിത വ്യവസ്ഥകളെ പിന്തുടർന്നാകണം എന്നത് ലിബറൽ നാഗരിക ശാഠ്യമാണ്.

ഇന്ത്യൻ മധ്യവർഗത്തിന്റെ പങ്കാളിത്തത്തിൽ നടക്കുന്ന പ്രജാവൽക്കരണ പ്രക്രിയയിൽ രണ്ടു മുഖ്യധാരകൾ കാണാൻ കഴിയും. ഒന്നാമത്തേത് ‘ഏഷ്യാറ്റിക് സൊസൈറ്റി' തുടക്കമിട്ട, പ്രാചീന കൃതികളുടെ ഉത്ഘനനപ്രക്രിയ വഴിയുണ്ടാക്കിയ ചരിത്രബോധമാണ്. മനുസ്മൃതി, ഋഗ്വേദം മുതലായവയുടെ പരിഭാഷയും പഠനവും വഴി ഇന്ത്യൻ സുവർണകാല നിർമിതിയുടെ മാർഗമാണിത്. മനുസ്മൃതിയും ഇസ്​ലാമിക നിയമങ്ങളും അനുസരിച്ച്​ ആചാരങ്ങളും നിയമ വ്യവസ്ഥകളും ചിട്ടപ്പെടുത്തി അതിന് അണുവിട മാറ്റമില്ലാതെ ജീവിക്കുന്ന രണ്ടു മതസമൂഹമായി ഇന്ത്യക്കാരെ ‘കണ്ടുപിടിക്കുന്ന 'താണീ ചരിത്രനിർമാണ തലം. (യൂറോപ്പിൽ പോപ്പിനാൽ പുറപ്പെടുവിക്കുന്ന കത്തോലിക്കാ സഭയുടെ നിയമങ്ങൾക്കു സമാനമായി, ഇന്ത്യയിൽ വരമൊഴിയെ മുൻനിർത്തി കേന്ദ്രീകൃതമായ മതരൂപവും പൗരോഹിത്യവുമുള്ള സംഘടിതമായ ഹിന്ദുമതവും ഇസ്​ലാംമതവും സൃഷ്ടിക്കുക എന്നതായിരുന്നു മത- പുരാണ ഗ്രന്ഥങ്ങളുടെ ഉത്ഘനന ലക്ഷ്യം).

കൊൽക്കത്തിയിലെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ പഴയ ഓഫിസ് / Photo: Wikimedia Commons

‘നിയമങ്ങളെ അറിയുന്നതിന്​ ഹിന്ദു- മുസ്​ലിം വരേണ്യവിഭാഗത്തിന്റെ സഹായത്താൽ കോളനി മേധാവികൾ നടത്തിയ (കൃതികളുടെ ) തെരഞ്ഞെടുക്കൽ പ്രക്രിയ പരമ്പരാഗത നിയമങ്ങളുടെ ബ്രാഹ്മണവൽക്കരണത്തിനും ഇസ്​ലാംവൽക്കരണത്തിനും വഴി വെട്ടി'യെന്ന് അബ്ദുള്ള അഹമ്മദ് അൻ-നൈം (Abdullahi Ahmed An-Na'im) നിരീക്ഷിക്കുന്നത് കൃത്യമാണ്. സർ വില്യം ജോൺസ് (Sir William Jones) ബംഗാളിൽ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേറ്റെടുത്ത അതേവർഷം (1792) തന്നെ, മുസ്​ലിം നിയമം ഉണ്ടാക്കുന്നതിന്​ അൽ സിർജിയ (Al Sirjjiyah) യും ഹിന്ദുനിയമത്തിനായി,1794 ൽ മനുസ്മൃതിയും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുകയുണ്ടായി. നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന ധാർമികവും സാമൂഹികവും മതപരവുമായ വിഭിന്ന വ്യവസ്ഥകളെ , എന്തായിരിക്കണം ഹിന്ദു/മുസ്​ലിം എന്ന തങ്ങളുടെ മുൻവിധികൾക്കനുസരിച്ച്​ കോളനിഭരണം വെട്ടിക്കുറച്ചുവെന്നും അബ്ദുള്ള അഹമ്മദ് പറയുന്നു.

പരമ്പരാഗത ജാതിമേന്മാവാദത്തിന്​യുക്തിസഹവും ചരിത്രപരവുമായ അടിത്തറയിട്ട്​, അതിനെ ഒരിക്കലും മായാത്ത അഹംബോധവും അധികാരഗർവ്വുമാക്കി മാറ്റി, മനുസ്മൃതി അധിഷ്ഠിത ഹിന്ദുകോഡ്.

സംസ്‌കൃതചിത്തരായ മനുഷ്യർ ജീവിക്കുന്നത്, മതമായാലും രാഷ്ട്രീയമായാലും കറകളഞ്ഞ ലിഖിത വ്യവസ്ഥകളെ പിന്തുടർന്നാകണം എന്നത് ലിബറൽ നാഗരിക ശാഠ്യമാണ്. അതിനാൽ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന വിഭിന്നവും വൈവിധ്യ പൂർണവും പ്രാദേശികവും വികേന്ദ്രീകൃതവും സർവ്വോപരി വാമൊഴിനിഷ്ഠവുമായ നീതിന്യായ സംവിധാനങ്ങൾ അവ്യവസ്ഥിതവും അരാജകവും അപരിഷ്‌കൃതവുമെന്നാരോപിച്ച്​, ഇന്ത്യയിൽ കമ്പനി ഭരണത്തിന്റെ ദൗത്യം മറ്റൊന്നുമല്ല, നിയമവാഴ്ച ഉറപ്പാക്കുകയാണെന്ന്​ ബ്രിട്ടീഷ് പാർലമെൻറ്​ തീരുമാനിക്കുന്ന (റെഗുലേറ്റിംഗ് ആക്ട് 1773) തോടെയാണ് ഇംഗ്ലീഷ് നീതിന്യായ ചട്ടക്കൂടിനകത്തേക്ക്​ മനുസ്മൃതിയെ ആധാരമാക്കി ഹിന്ദുനിയമത്തെ പ്രതിഷ്ഠിക്കുന്നത്. ബ്രാഹ്മണമതത്തെ ഹിന്ദുമതമാക്കുകയും, അതിന് ഇന്ത്യയുടെ ദേശീയ സാംസ്‌ക്കാരിക പരിവേഷം വരുത്തുകയും, മനുസ്മൃതി പ്രകാരം ഹിന്ദു കോഡ് നിർമിച്ച്​ മതത്തെ പൂർണമായി രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തു ലിബറൽ നീതിന്യായ വ്യവസ്ഥ. അങ്ങനെ പരമ്പരാഗത ജാതിമേന്മാവാദത്തിന്​യുക്തിസഹവും ചരിത്രപരവുമായ അടിത്തറയിട്ട്​, അതിനെ ഒരിക്കലും മായാത്ത അഹംബോധവും അധികാരഗർവ്വുമാക്കി മാറ്റി, മനുസ്മൃതി അധിഷ്ഠിത ഹിന്ദുകോഡ്.

ബ്രാഹ്മണമതത്തെ ഹിന്ദുമതമാക്കുകയും, മനുസ്മൃതി പ്രകാരം ഹിന്ദു കോഡ് നിർമിച്ച്​ മതത്തെ പൂർണമായി രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തു ലിബറൽ നീതിന്യായ വ്യവസ്ഥ.

ഡൊണാൾഡ് ഡേവിസ് (Donald R. Davis) എഴുതുന്നു: ‘ഏതെങ്കിലും ഒരു ഭരണകൂടമോ ഭരണാധികാരിയോ, ധർമശാസ്ത്രങ്ങൾ (മനുസ്മൃതി) കർക്കശമായി പ്രചരിപ്പിച്ചതായിട്ടോ പ്രയോഗിച്ചതായിട്ടോ ചരിത്രപരമായ യാതൊരു തെളിവും ഇല്ല. ധർമശാസ്ത്രങ്ങൾ നിയമസംഹിതയാണെന്നും അതിന്റെ കർത്താക്കൾ നിയമദാതാക്കളാണെന്നും കരുതുന്നത് അതിന്റെ ചരിത്രത്തെപ്പറ്റിയുള്ള വലിയ തെറ്റിദ്ധാരണയത്രേ.'

തൊട്ടുകൂടായ്മ , ജാതിചിന്ത, സംസ്‌കൃതാഭിമുഖ്യം എന്നിവയുള്ള ബ്രാഹ്മണരായിരുന്നു ഇംഗ്ലീഷ് ഭരണത്തിൽ നീതിന്യായ വ്യവസ്ഥ നിർമ്മിക്കുന്നതിനുള്ള സഹായികളും മാതൃകയും. മാറ്റത്തിനു വിധേയമാകാത്ത ഇവരുടെ പാരമ്പര്യ ജീവിതമാണ് ഇന്ത്യയെപ്പറ്റിയുള്ള ഇംഗ്ലീഷ് ഭാവനയെയും എഴുത്തിനെയും നിർണയിച്ചതെന്ന് രാധിക ശേഷൻ ( Radhika Seshan) പറയുന്നുണ്ട്.

ഡൊണാൾഡ് ആർ. ഡേവിസ്

ഒരു സമൂഹത്തെയാകെ, അന്നുവരെ നിലവിലില്ലാതിരുന്ന ഏകീകൃതമായ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥയിലേക്കു പ്രജകളായി പരിവർത്തിപ്പിക്കണമെങ്കിൽ, അങ്ങനെയൊരു സുവർണകാലം ഇവിടെ നിലനിന്നിരുന്നു എന്നു രൂപകല്പന ചെയ്യേണ്ടതും അനിവാര്യമായിരുന്നു. ആ സുവർണകാലം കോളനി ഏകാധിപത്യത്തിലൂടെ പുനർജ്ജനിക്കുന്നു എന്നതാണ് മനുസ്മൃതിയെ രാഷ്ട്രഭരണത്തിന്റെ അടിത്തറയാക്കിയതിന്റെ രണ്ടാമത്തെ യുക്തി. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സർ വില്യം ജോൺസിൽ തുടങ്ങി , 50 വർഷങ്ങൾക്കുശേഷം, പ്രാചീന ഇന്ത്യൻ സംസ്‌കാരത്തെപ്പറ്റിയുള്ള പാണ്ഡിത്യത്തിന്റെ അവസാന വാക്കായി അറിയപ്പെട്ട മാക്‌സ് മുള്ളറിൽ (1823 - 1900) എത്തിയപ്പോൾ, ഈ പ്രാചീന സംസ്‌കൃതിപ്രണയം അതിന്റെ ഉച്ചകോടിയിൽ എത്തുന്നുണ്ട്. ഇന്ത്യയ്ക്കു മഹത്തായൊരു ഭൂതകാലമുണ്ടായിരുന്നു എന്നു മാത്രമല്ല, ആ സുവർണകാലം മുസ്​ലിം അധിനിവേശത്താൽ മൃതപ്രായമായെങ്കിലും, അതിന്റെ ജീവചൈതന്യത്തെ നശിപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും, അതിനാൽ ദിവ്യചൈതന്യത്തെ പഴയ അതേ പ്രഭാവത്തിൽ വീണ്ടെടുക്കുകയാണ് ഇംഗ്ലീഷ് ഭരണത്തിന്റെ കടമയെന്നും മാക്‌സ് മുള്ളർ പറഞ്ഞു. ‘എ.ഡി.1000 മുതൽ ആധുനികകാലം വരെ മുസ്​ലിം ഭരണം ചെയ്ത ഭീകരതകളെയും അക്രമങ്ങളെയും കുറിച്ചുള്ള രേഖകൾ വായിച്ചപ്പോൾ എന്റെ അതിശയം ഇതായിരുന്നു- എത്രമാത്രം ദേശീയ നന്മയും സത്യസന്ധതയും (ഇന്ത്യയിൽ) നിലനിൽക്കണമായിരുന്നു. ഒരു മുഹമ്മദീയ ന്യായാധിപന്റെ മുമ്പിൽ ഒരു ഹിന്ദുവെന്ന പോലെ, പൂച്ചയുടെ മുമ്പിൽ എലി സത്യം പറയുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചേക്കാം.' തന്നെയുമല്ല, ‘ഇന്ത്യ ഒരിക്കൽ കീഴടക്കപ്പെട്ടു. ഇന്ത്യ തീർച്ചയായും വീണ്ടും കീഴടക്കപ്പെടണം. എന്നാൽ ഈ കീഴടക്കൽ വിദ്യാഭ്യാസം കൊണ്ടായിരിക്കണം. അതിൽ അവരുടെ പുരാതന സാഹിത്യം പഠിപ്പിച്ചാൽ അവർക്ക് ദേശീയ വികാരത്താൽ അഭിമാനവും ആത്മാഭിമാനവും ഉണർന്നെഴുന്നേൽക്കും.'

മാക്‌സ് മുള്ളർ

അതിലൂടെ പാശ്ചാത്യ ആശയങ്ങളിൽ മുക്കിയെടുത്ത പുതിയൊരു ദേശീയ സാഹിത്യം പൊട്ടിവിടരുമെന്നും, എന്നാൽ അതിന്റെ സ്വഭാവം തനി ഭാരതീയമായിരിക്കുമെന്നും, ഈ ദേശീയസാഹിത്യം പുതിയൊരു ദേശീയ ജീവിതവും സദാചാര മൂല്യങ്ങളും സൃഷ്ടിക്കുമെന്നും മാക്‌സ് മുള്ളർ ദീർഘദർശനം ചെയ്യുന്നുണ്ട്. തന്നെയുമല്ല പിന്നീട് ‘മതം അതിന്റെ കാര്യം സ്വയം നോക്കിക്കൊള്ളും.' അതുകൊണ്ട് ഇന്ത്യയിൽ നശിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുമതത്തെ രക്ഷിക്കാൻ യൂറോപ്യൻ ക്രിസ്തുമതത്തോട് മുള്ളർ ആഹ്വാനം ചെയ്യുന്നു.

‘ആര്യസംസ്‌ക്കാരപ്പൊലിമ പരത്തിയ സൂര്യൻ വിരക്തനായ് തീർന്നോരു വേളയിൽ'
എന്ന്​ കേരളത്തിലിരുന്ന്​, 20-ാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ തികഞ്ഞ കാല്പനികനും നിസ്വനുമായ പി. കുഞ്ഞിരാമൻ നായർ വ്യാകുലചിത്തനാകുമ്പോൾ, ജോൺസിൽ ആരംഭിച്ചു മാക്‌സ് മുള്ളറിലൂടെ കടന്നുപോകുന്ന കൊളോണിയൽ പ്രജാവൽക്കരണ പദ്ധതിയുടെ സമ്പൂർണ സാക്ഷാത്ക്കാരം കാണാനാവും. ഇതിനെയാണ് ‘പശു ചത്താലും മോരിലെ പുളി പോകില്ല' എന്നതു പോലെ കോളനിത്വം (coloniality) എന്ന്​ ലാറ്റിനമേരിക്കൻ ചിന്തകർ പേരിട്ടിരിക്കുന്നത്.

ആത്മീയതയിൽ ലയിച്ചു ജീവിച്ചിരുന്ന സുവർണ ഭൂതകാലം ഇന്ത്യയ്ക്കു നഷ്ടപ്പെട്ടുപോയി, അതിനെ പുനരാനയിക്കാൻ കോളനി സ്വേച്ഛാധിപത്യം ആവശ്യമായിരിക്കുന്നു എന്ന്​ രാജാറാം മോഹൻ റായിയെ പോലുള്ള പുരോഗമനവാദികൾ പറഞ്ഞിരുന്നു.

ഇന്ത്യൻ ഉപരിവർഗവുമായി ‘ആര്യൻ വംശ'മെന്ന പേരിൽ കോളനി മേധാവിത്വം സാഹോദര്യവും സമത്വവും പ്രഖ്യാപിക്കുന്നതിലൂടെയാണ് ഭൂതകാല മഹത്വത്തിൽ മുങ്ങിക്കുളിക്കുന്ന ഹിന്ദുമത പ്രജകൾ രൂപപ്പെടുന്നത്. ആത്മീയതയിൽ ലയിച്ചു ജീവിച്ചിരുന്ന സുവർണ ഭൂതകാലം ഇന്ത്യയ്ക്കു നഷ്ടപ്പെട്ടുപോയി, അതിനെ പുനരാനയിക്കാൻ കോളനി സ്വേച്ഛാധിപത്യം ആവശ്യമായിരിക്കുന്നു എന്ന് അക്കാലത്ത് രാജാറാം മോഹൻ റായിയെ പോലുള്ള പുരോഗമനവാദികൾ പറഞ്ഞിരുന്നു. ( ദൈവത്തിന്റെ പ്രത്യേകമായ ഇടപെടൽ- Divine Providence- ആയി ബ്രിട്ടീഷ് ഭരണത്തെ അദ്ദേഹം കണ്ടു). അതുപോലെ, ‘വേദങ്ങളിലേക്കു മടങ്ങാം' എന്ന ആഹ്വാനത്തെ യൂറോപ്പിലെ പ്രൊട്ടസ്റ്റൻറ്​ വിപ്ലവത്തിന്റെ ഇന്ത്യൻ പാരഡിയായി കാണാവുന്നതാണ്. അവിടെ മതത്തെ ‘പ്രത്യക്ഷത്തിൽ’ രാഷ്ട്രീയത്തിൽ നിന്ന്​ വേർപെടുത്തി മതേതര രാഷ്ട്രീയത്തിന്​ ലിബറൽ മതപരിഷ്‌ക്കരണം മുൻകൈയെടുത്തെങ്കിൽ, ഇവിടെ ലിബറൽ സ്വേച്ഛാധിപത്യം സമൂഹത്തെയാകെ, ക്രൈസ്തവ സഭകളുടെ ശൈലിയിൽ മതവൽക്കരിക്കുകയും, മതത്തെ അതുവഴി രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തിരിക്കുന്നു.

ഇന്ത്യൻ കൊക്കകോള പോലെ, മതവികാരം ദേശീയതയാക്കി പരിവർത്തിപ്പിക്കുന്ന ഖരമാലിന്യങ്ങൾ ചേർന്ന ലിബറൽ ദ്രാവകമാണ് ഇന്ത്യാചരിത്ര വിദ്യാഭ്യാസത്തിലൂടെ എല്ലാവരുടെയും ഉള്ളിലെത്തിയത്.

കൊക്കകോള കമ്പനി യൂറോപ്പിലും ഇന്ത്യയിലും ഉല്പാദിപ്പിക്കുന്ന പാനിയം പുറമേക്ക്​ ഒന്നാണെങ്കിലും, പ്ലാച്ചിമട സമരത്തെ തുടർന്ന്​ ‘സെന്റർ ഫോർ സയൻസ് ആൻറ്​ എൻവയൺമെൻറ്​' നടത്തിയ പരിശോധനയിൽ കണ്ടത്, യൂറോപ്പിലും മറ്റും ഇറക്കുന്ന കോളയിൽ കീടനാശിനി അംശവും കാഡ്മിയം തുടങ്ങിയ ഖരമാലിന്യങ്ങളും കാണുന്നില്ലെന്നാണ്. നേരെ മറിച്ച്​, ഇന്ത്യൻ കൊക്കകോള പോലെ, മതവികാരം ദേശീയതയാക്കി പരിവർത്തിപ്പിക്കുന്ന ഖരമാലിന്യങ്ങൾ ചേർന്ന ലിബറൽ ദ്രാവകമാണ് ഇന്ത്യാചരിത്ര വിദ്യാഭ്യാസത്തിലൂടെ എല്ലാവരുടെയും ഉള്ളിലെത്തിയത്. അതുകൊണ്ട് ഭക്തകവിയെന്നും വിശേഷിപ്പിക്കപ്പെട്ട കുഞ്ഞിരാമൻ നായർ മാത്രമല്ല, ‘പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ' എന്നെഴുതിയ വയലാറും, ഇന്ത്യയുടേതായി 19-ാം നൂറ്റാണ്ടിൽ പണി പൂർത്തിയാക്കിയ പ്രാചീന സുവർണകാലത്തിൽ അഭിമാനിക്കുന്നു. (‘എന്റെ പൂർവികരശ്വഹൃദയജ്ഞ - രെന്റെ പൂർവികർ വിശ്വവിജയികൾ ' -അശ്വമേധം)

വയലാർ രാമവർമ്മ

ലിബറൽ സ്വേച്ഛാധിപത്യത്തിന്റെ ഒത്ത നടുക്കുതന്നെ മതപരമായ അസ്തിത്വത്തിൽ പ്രജകളെ തളച്ചിടുക വഴി, സമൂഹത്തിൽ വ്യക്തിത്വപ്രകാശനത്തിന്റെ അവസരങ്ങളെ കോളനി ഭരണം മുരടിപ്പിച്ചുനിർത്തി. അഥവാ, വ്യക്തിത്വ പ്രകാശനത്തിന്റെ ഏതു ഘട്ടത്തിലും അറിഞ്ഞോ അറിയാതെയോ ബ്രാഹ്മണമതവുമായി താദാത്മ്യപ്പെടാതെ നമുക്കു മറ്റു മാർഗ്ഗമില്ലാതായി. അതിനാൽ ബ്രിട്ടീഷ് സ്വേച്ഛാഭരണം ഇന്ത്യയിൽ നിലനിൽക്കേണ്ടത് ശ്രുതിസ്മൃതികളാൽ സുവർണപ്രകാശം ചൊരിഞ്ഞ ഭൂതകാലത്തെ പുനഃപ്രതിഷ്ഠിക്കുന്നതിനുള്ള അനിവാര്യതയായി ചാതുർവർണ്യാഭിമാന സമൂഹങ്ങൾ നോക്കിക്കണ്ടു. ഇപ്രകാരം സ്വതന്ത്ര വ്യാപാരവും (ഇത് 19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തുടങ്ങുന്നുണ്ട്) ഹിന്ദുകോഡ് / മുസ്​ലിം കോഡ് എന്ന മതശാസനാ നിയമ വ്യവസ്ഥയും സ്വേച്ഛാധിപത്യവും ഒരു കുടക്കീഴിൽ സ്വൈര്യവിഹാരം നടത്തുന്നത് കോളനി ഭരണത്തിന്റെ തുടക്കം മുതൽ കാണാം. അതായത്, മതത്തിൽ അധിഷ്ഠിതമായ പ്രജാസ്വത്വം നിർമിക്കുക എന്നത് ബ്രിട്ടീഷിന്ത്യയിൽ സ്വതന്ത്ര വ്യാപാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും മുന്നുപാധിയാണ്.

അധമജാതികളായ ഹിന്ദുവിനെയും മുസ്​ലിമിനെയും ഭരിച്ചാൽ മാത്രം പോരാ, അവരെ സംസ്‌കൃതചിത്തരാക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് ഉന്നത ജാതിയായ വെളുത്ത വർഗത്തിന്റേതെന്ന്​മില്ലിന്റെ ഇന്ത്യാ ചരിത്രം ചൂണ്ടിക്കാട്ടി.

പ്രജാവൽക്കരണത്തിന്റെ ഒന്നാമത്തെ ധാര ഭാരതീയ പ്രാദേശിക വൈവിധ്യങ്ങളെ വാമൊഴി അപരിഷ്‌കൃതമെന്നാക്ഷേപിച്ച്​, അവയ്ക്കുമേൽ ബ്രാഹ്മണമതത്തിന്റെ വരമൊഴി അധിനിവേശം നടത്തി, അതിനെ രാഷ്ട്രീയ- നിയമവൽക്കരിച്ച്​, ഭൂതകാല ഹൈന്ദവമഹത്വത്തെ നിർമിച്ചെങ്കിൽ, പ്രജാവൽക്കരണത്തിന്റെ രണ്ടാമത്തെ വഴി അതിന്​ എതിർദിശയിലുള്ളതത്രേ. ഒന്നാമത്തേത്, പാരമ്പര്യത്തിൽ അന്തരംഗം അഭിമാനപൂരിതമായി, ചാതുർവർണ്യത്തിൽ ശാസ്ത്രീയതയും ശാശ്വതമൂല്യവും ആരോപിക്കുന്ന സ്ഥാനത്ത്, രണ്ടാമത്തേത് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അരാജകത്വവും കൊടികുത്തി വാഴുന്ന ഇന്ത്യയെയാണ് അവതരിപ്പിച്ചത്. റെഗുലേക്റ്റിംഗ് ആക്ടുകൾക്കു മുമ്പുള്ള ഇന്ത്യൻ സാമൂഹ്യ- രാഷ്ട്രീയചരിത്രത്തെ പുരോഗമനം തീണ്ടാത്ത രണ്ടു മതഭരണ കാലങ്ങളായി- ഹിന്ദു ഭരണം, ഇസ്​ലാം ഭരണം- വിഭജിച്ച ജെയിംസ് മില്ലിന്റെ ഇന്ത്യാചരിത്രം (The History of British India - 1817) ആണ് ഈ ബോധനിർമിതിയുടെ പ്രഭവം. ആദ്യത്തെ പ്രാചീന ഇന്ത്യാ ചരിത്രം, ആര്യന്മാർ എന്ന ഒറ്റ വർഗ്ഗത്തെ യൂറോപ്പിലും ഇന്ത്യയിലും സഹോദര ഭാവത്തിൽ കണ്ടുപിടിക്കുകയും, പ്രാചീന ഹൈന്ദവ സംസ്‌ക്കാരത്തെ വാനോളം ആദരിക്കുകയും, അതിനൊത്ത പുണ്യപുരാണ ജീവിതം വർത്തമാനത്തിലേയ്ക്കു മനുസ്മൃതിയിലൂടെ പുനരാനയിക്കുകയും ചെയ്തതിനു വിപരീതമായി, ഇന്ത്യയെന്നാൽ കാലത്തിനൊത്ത് മാറാത്ത അപരിഷ്‌കൃത മതസമൂഹമായി തീർന്നു, ജെയിംസ് മിൽ ചരിത്രത്തിൽ. അധമജാതികളായ ഹിന്ദുവിനെയും മുസ്​ലിമിനെയും ഭരിച്ചാൽ മാത്രം പോരാ, അവരെ സംസ്‌കൃതചിത്തരാക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് ഉന്നത ജാതിയായ വെളുത്ത വർഗത്തിന്റേതെന്ന്​മില്ലിന്റെ ഇന്ത്യാ ചരിത്രം ചൂണ്ടിക്കാട്ടി. ഇതോടെ ചാതുർവർണ്യത്തിനു മുകളിൽ, വെളുത്ത ഭരണവർഗം വർണവിവേചനത്തിന്റെ ഒരു മേൽത്തട്ടു കൂടി കൂട്ടിച്ചേർത്തു വെച്ചു.

ജെയിംസ് മില്ല്

വർണവിവേചനത്തിന്റെ ഈ ലിബറൽ ധാര 1773 ലെ റെഗുലേക്ടിംഗ് ആക്ടു മുതൽ തന്നെ മുളയിട്ടിരുന്നു. അതിൽ ഇന്ത്യൻ കോടതി നിയമങ്ങളിൽ നിന്ന്​ബ്രിട്ടീഷുകാരെ ഒഴിവാക്കി. എന്നാൽ കോൺവാലിസ് പ്രഭുവിന്റെ കാല (1786-1793 ) മായപ്പോൾ അത്​ കുറേക്കൂടി വളർന്നു, ഉന്നതോദ്യോഗങ്ങൾ പൂർണമായും ഇംഗ്ലീഷുകാർക്കു മാത്രമായി നിജപ്പെടുത്തി. 18-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ഇംഗ്ലീഷ് ആണുങ്ങൾ ഇന്ത്യൻ സ്ത്രീകളെ ഭാര്യമാരാക്കുന്നത് അസാധാരണമായിരുന്നില്ല. ഇവരിൽ പിറന്ന ആഗ്ലോ -ഇന്ത്യക്കാർക്ക് ഉന്നതോദ്യോഗങ്ങളും കിട്ടിയിരുന്നു. എന്നാൽ, 1791 ലെ ബ്രിട്ടീഷ് ഓഡർ പ്രകാരം അത്തരം സന്തതികളെ ഉന്നത സ്ഥാനങ്ങളിൽ നിന്ന്​ വിലക്കുകയും, ഇംഗ്ലീഷ് ജോലിക്കാർ ഇന്ത്യൻ സ്ത്രീകളുമായി അടുക്കുന്നതു തടയുകയും, ഇംഗ്ലണ്ടിൽ നിന്നും ഭാര്യമാർക്കൊപ്പം വരാൻ അവരെ നിർബ്ബന്ധിക്കുകയും ചെയ്തു.

ലിബറലിസമെന്നാൽ സ്വന്തം സ്വാതന്ത്ര്യാവകാശം ഉയർത്തിപ്പിടിക്കുക മാത്രമല്ല, മറ്റുള്ളവരെ സ്വതന്ത്രരാക്കാനുള്ള - പുരോഗമിപ്പിക്കാനുള്ള അവകാശം കൂടിയാണ്.

അധിനിവേശ ഭരണത്തിന്റെ നീതീകരണത്തിനായി 18-ാം നൂറ്റാണ്ടിൽ, ജ്ഞാനോദയകാലത്ത് രൂപപ്പെടുത്തിയെടുത്ത ചരിത്രബോധമാണ് ജെയിംസ് മില്ലിന്റെ ഇന്ത്യാചരിത്ര നിർമാണത്തിന്റെ അടിസ്ഥാന സാമഗ്രി. അതനുസരിച്ച് മനുഷ്യവർഗ്ഗം നാലുഘട്ടങ്ങളിലൂടെ (വേട്ടയാടൽ, കാലിമേച്ചിൽ, കൃഷി, കച്ചവടം) പടിപടിയായി പുരോഗമിക്കുന്നവരത്രേ. അതുകൊണ്ട് , സ്വയംഭരണത്തിനു അപ്രാപ്തരായി താഴത്തെ പടിയിൽ അസംസ്‌കൃത രൂപത്തിൽ കിടക്കുന്ന ഇന്ത്യക്കാരെ, ശക്തമായ അധികാരം ഉപയോഗിച്ച്​ മാലിന്യങ്ങൾ നീക്കി, കലർപ്പില്ലാത്ത ലോഹമായി അടിച്ചുപരത്തി, ഉയർന്ന പടിയിലേക്കു മൂല്യവത്താക്കേണ്ട ഉത്തരവാദിത്വമാണ് തന്റെ ചരിത്രരചനയിലൂടെ മിൽ സ്ഥാപിച്ചെടുത്തത്. ഹിന്ദുക്കൾ ജന്മനാ ചതിയന്മാരും വഞ്ചകരും ആത്മാർത്ഥതയില്ലാത്തവരുമാകുന്നു. അവർ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കില്ല. വേശ്യാവൃത്തി ഹിന്ദുക്കളിലും മുസ്​ലിംകളിലും സാധാരണം തന്നെ. എന്നാൽ മുസ്​ലിംകൾ പണമുണ്ടാക്കാനും സുഖിക്കാനും മുന്നിലാണ്. ഹിന്ദുക്കളാകട്ടെ നാണംകെട്ടവരെ പോലെ അടിമകളെയും അതിശയിപ്പിക്കുമെന്നും മിൽ എഴുതിയത് ഇന്ത്യയിലെ ലിബറൽ ഇംപീരിയലിസത്തിന്റെ അനിവാര്യത, പ്രധാനമായും ബ്രിട്ടീഷ് സമൂഹത്തിനു ബോധ്യമാകുന്നതിനത്രേ. കാരണം ഇതെല്ലാം ഇന്ത്യയിൽ വരാതെ തന്നെ യൂറോപ്യൻ എഴുത്തുകൾ വെച്ച് അദ്ദേഹം നിർമിച്ചെടുക്കുകയായിരുന്നു.

വാറൻ ഹേസ്റ്റിംഗ്‌സ്, കോൺവാലിസ് പ്രഭു

മാക്‌സ് മുള്ളർ ജെയിംസ് മില്ലിനെ വിമർശിക്കുന്നുണ്ടെങ്കിലും രണ്ടുപേർക്കും കോളനി സ്വേച്ഛാധിപത്യം അത്യാവശ്യമാണെന്നതിൽ ഐക്യമുണ്ട്. ഒരാൾക്ക് അത് ഹിന്ദുവിന്റെ, 3000 വർഷം മുമ്പുള്ള മഹനീയ നാളുകളിലേയ്ക്ക്​ ഇന്ത്യയെ തിരികെ കൊണ്ടുപോകാനാണെങ്കിൽ, മറ്റേയാൾക്ക് കാട്ടാളത്തത്തിൽ നിന്ന്​കച്ചവടത്തിലേക്ക്​ ഈ രാജ്യത്തെ പുരോഗമിപ്പിക്കാനത്രേ. ആദ്യത്തെ മാർഗത്തിന്​ രാഷ്ട്രീയമായി തുടക്കമിട്ടത് വാറൻ ഹേസ്റ്റിംഗ്‌സും രണ്ടാം മാർഗത്തിന്​ നാന്ദി കുറിച്ചത് കോൺവാലിസ് പ്രഭുവുമാകുന്നു. ഒരു വശത്ത് സ്തുതിച്ചും മറുവശത്ത് അവഹേളിച്ചും നടത്തിയ ഭരണത്തിലൂടെ രണ്ടിന്റെയും അനുപാത വ്യത്യാസങ്ങളോടെ പല വിഭാഗങ്ങൾ നിർമിക്കപ്പെട്ടെങ്കിലും, ആർക്കും തങ്ങളുടെ പ്രജാസ്വത്വം സമ്മാനിച്ച യജമാനനെ തള്ളിക്കളയുക എളുപ്പമല്ല.

ഇന്ത്യ മനുഷ്യത്വരഹിതമായ മതാന്ധതയുടെ പ്രാകൃത ലോകമാണെന്ന വർണമേധാവിത്വ ചരിത്രം വന്നുകഴിഞ്ഞെങ്കിലും, അതിനെ തിരസ്‌ക്കരിക്കാൻ, ഇന്ത്യയുടെ ആത്മീയമൂല്യ സംശുദ്ധി മാതൃകാപരമാണെന്നു ഘോഷിക്കുന്നവർ ‘ആര്യചരിത്ര' നിർമാണത്തിലൂടെ പ്രബലശക്തിയായി, കോളനിവാഴ്ചയുമായി അധികാര വേഴ്ചയുറപ്പിച്ചുകഴിഞ്ഞിരുന്നു.

പരസ്പരമുള്ള വ്യാപാര ഇടപാടുകൾക്ക് അതീതമായി, ഇന്ത്യയിലെ ഉല്പാദനപ്രക്രിയയെ നിയന്ത്രിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്ന സ്വതന്ത്രവ്യാപാരത്തിന്റെ ലിബറലിസത്തിലേയ്ക്കു ബ്രിട്ടീഷ് സാമ്രാജ്യം വളർന്നു വരുന്നതിന്റെ പ്രകടമായ സാംസ്‌ക്കാരിക ലക്ഷണങ്ങളാണ് കോൺവാലിസ് മുതൽ ജെയിംസ് മിൽ വരെയുള്ള ദശകങ്ങളിലെ വർണമഹത്വവാദത്തിൽ തെളിഞ്ഞു വരുന്നത്. ലിബറലിസമെന്നാൽ സ്വന്തം സ്വാതന്ത്ര്യാവകാശം ഉയർത്തിപ്പിടിക്കുക മാത്രമല്ല, മറ്റുള്ളവരെ സ്വതന്ത്രരാക്കാനുള്ള - പുരോഗമിപ്പിക്കാനുള്ള അവകാശം കൂടിയാണ്. സ്വതന്ത്ര വ്യാപാരത്തിൽ മറ്റുള്ളവരെ ബലം പ്രയോഗിച്ചു പങ്കാളികളാക്കുന്നത് അവരെ സ്വതന്ത്രാത്മാക്കളാക്കുന്നതിനാകുന്നു എന്നതാണ് ലിബറൽ യുക്തി. അതുകൊണ്ടാണ് പ്രാകൃതത്വത്തിൽ കിടക്കുന്ന ഇന്ത്യക്കാരെ ബലാൽക്കാരമായി പുരോഗമിപ്പിക്കുന്നതിന്​ ലിബറൽ ഇംപീരിയലിസം അനിവാര്യമാണെന്ന്​ ജെയിംസ് മിൽ സ്ഥാപിക്കുന്നത്. ലിബറലിസം ജന്മനാ സാമ്രാജ്യത്വ അധിനിവേശ പ്രകൃതം ഉള്ളിൽ പേറുന്നതാണ്. ലിബറൽ ഭരണ വ്യവസ്ഥ ഇല്ലാത്ത രാജ്യങ്ങളെ അധികാരം പ്രയോഗിച്ചു കീഴ്പ്പെടുത്തി ലിബറൽ ഭരണക്രമം നടപ്പിലാക്കുന്നത് തങ്ങളുടെ ജന്മാവകാശമായി - പുരോഗമനപരമായ കർത്തവ്യമായി യൂറോപ്യൻ ലിബറലിസം വ്യാജബോധം വെച്ചുപുലർത്തുന്നു.

സ്വാമി വിവേകാനന്ദൻ

ഇന്ത്യ മനുഷ്യത്വരഹിതമായ മതാന്ധതയുടെ പ്രാകൃത ലോകമാണെന്ന വർണമേധാവിത്വ ചരിത്രം വന്നുകഴിഞ്ഞെങ്കിലും, അതിനെ തിരസ്‌ക്കരിക്കാൻ, ഇന്ത്യയുടെ ആത്മീയമൂല്യ സംശുദ്ധി മാതൃകാപരമാണെന്നു ഘോഷിക്കുന്നവർ ‘ആര്യചരിത്ര' നിർമാണത്തിലൂടെ പ്രബലശക്തിയായി, കോളനിവാഴ്ചയുമായി അധികാര വേഴ്ചയുറപ്പിച്ചുകഴിഞ്ഞിരുന്നു. മാത്രമല്ല അതൊരു ദേശഭക്തി പ്രസ്ഥാനമായി മാക്‌സ് മുള്ളറിന്റെ വേദോപനിഷത്ത് പ്രകീർത്തനങ്ങളിലൂടെ ഇന്ത്യയെങ്ങും ചാതുർവർണ്യ ജാതികളിൽ അടിയുറയ്ക്കുകയും ചെയ്തു. ‘വേദങ്ങളുടെ വിവർത്തനം ഇനി മുതൽ ഇന്ത്യയുടെ ഭാഗധേയത്തെക്കുറിച്ചും ആ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ വളർച്ചയെക്കുറിച്ചും നന്നായി പറയും. അതവരുടെ മതത്തിന്റെ നാരായവേരാണ്. അവരുടെ അടിസ്ഥാനം ഏതാണെന്നു അവരെ കാണിച്ചാൽ, എനിക്കുറപ്പാണ്, കഴിഞ്ഞ 3000 വർഷമായി അവരിൽ വന്നു കൂടിയതിനെയൊക്കെ പിഴുതുകളയാനുള്ള ഒരേയൊരു വഴി ഇതാണ്. ദൈവം അനുശാസിക്കുന്ന കർമ്മം ചെയ്യാൻ ഒരു വൻ ഉണരേണ്ടതുണ്ട്’ - ഇങ്ങനെ മാക്‌സ് മുള്ളർ പറയുമ്പോൾ മതാധിഷ്ഠിതമായ ഒരു ദേശ-രാഷ്ട്രത്തിലേക്ക്​ ഇന്ത്യയെ പിച്ചവെപ്പിക്കുന്നതു കാണാം. ബ്രാഹ്മണമതത്തിന്റേതു മാത്രമായ വേദങ്ങളെ വിശാലമായ ഭൂപ്രദേശത്തിന്റെ വൈകാരിക ബിംബമാക്കുന്നതിന്റെ ലക്ഷ്യം ഇതല്ലാതെ മറ്റെന്താണ്? ഭരണകൂടം എന്ന രാഷ്ട്രീയവും ഭൂപരവുമായ യാഥാർത്ഥ്യത്തിലേക്ക് രാഷ്ട്രം എന്ന സാംസ്‌കാരിക- വൈകാരിക നിർമിതിയെ വിളക്കിച്ചേർത്ത് ഹിന്ദുരാഷ്ട്ര വാദത്തിനും അതിന്റെ തിരിച്ചടിയായി മുസ്​ലിം രാഷ്ട്രവാദത്തിനും വേണ്ട ചാല് കീറുന്നത് ഇപ്രകാരമത്രേ.

1896 ൽ ബ്രിട്ടനിലെത്തിയ വിവേകാനന്ദൻ മാക്‌സ് മുള്ളറെ, അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു കണ്ടതിനെ അനുസ്മരിച്ചുകൊണ്ടെഴുതിയത്, ‘ഇദ്ദേഹം നരച്ച മുടിയുള്ള ശാന്തനും സൗമ്യനും ആത്മീയ ചൈതന്യവുമുള്ള സന്യാസി' എന്നാണ്. ആ കൂടിക്കാഴ്ച, ബ്രഹ്മർഷിമാരും രാജർഷിമാരും വാനപ്രസ്ഥവും അരുന്ധതിയും വസിഷ്ഠനുമുള്ള ഇന്ത്യയുടെ സുവർണദിനങ്ങളിലേക്ക്​, തന്നെ തിരികെ കൊണ്ടുപോയെന്നും വിവേകാനന്ദൻ എഴുതി.

മുഹമ്മദലി ജിന്ന, അല്ലാമാ മുഹമ്മദ് ഇഖ്ബാൽ

അതുകൊണ്ട് ജയിംസ് മിൽ തുടക്കമിട്ട ഇന്ത്യാ അവഹേളന ധാര മതദേശീയതയെ പ്രബലമാക്കുകയാണ് ഫലത്തിൽ ചെയ്തത്. മാത്രമല്ല ഇന്ത്യക്കാരെ മതേതരത്വവും ജനായത്തവും പരിശീലിപ്പിച്ച്​ ബ്രിട്ടീഷുകാരെപ്പോലെ സംസ്‌കൃത സമൂഹമാക്കണമെന്ന്​ ജെയിംസ് മില്ലിന്റെ വർണമഹത്വ ചരിത്രം ആവശ്യപ്പെട്ടെങ്കിലും, ഹിന്ദുകോഡും മുസ്​ലിം കോഡും ഒഴിവാക്കാൻ ബ്രിട്ടീഷ് പാർലമെന്റ്​ തയ്യാറായില്ല. ഫലത്തിൽ ഇംഗ്ലീഷ് വർണമഹത്വ ചരിത്രം ഉപയോഗിക്കപ്പെട്ടത് കോളനി സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്യുന്ന ആദിവാസി - കർഷക സമരങ്ങളെ അതിക്രൂരമായി അടിച്ചമർത്തുന്നതിനുള്ള കരിനിയമങ്ങൾക്കുളള ലൈസൻസായിട്ടാണ്. കാരണം പ്രാകൃതത്വത്തിൽ കഴിയുന്ന ഇന്ത്യൻ ജനതയെ അവരുടെ ശിശുസഹജമായ ദുശാഠ്യങ്ങളിൽ നിന്ന്​ മോചിപ്പിച്ച്​, ഇംഗ്ലണ്ടിനെ പോലെ ലിബറൽ ജനായത്ത വ്യവസ്ഥയിലേക്കു കൊണ്ടുവരാൻ - നേരെയാക്കിയെടുക്കാൻ കർക്കശമായ നിയമങ്ങളും മർദ്ദനങ്ങളുമല്ലാതെ മറ്റു മാർഗ്ഗമില്ല!

തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ ദേശീയവാദം വളർന്നത് വർഗ്ഗീയതയുടെ രൂപത്തിലാണെന്നും 19-ാം നൂറ്റാണ്ടിലെ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളും 20-ാം നൂറ്റാണ്ടിലെ ദേശീയ പ്രസ്ഥാനവും വർഗ്ഗീയബോധത്തിൽ നിന്ന്​ മുക്തമല്ല എന്നും രാധിക ശേഷൻ പറയുന്നുണ്ട്.

തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ ദേശീയവാദം വളർന്നത് വർഗ്ഗീയതയുടെ രൂപത്തിലാണെന്നും 19-ാം നൂറ്റാണ്ടിലെ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളും 20-ാം നൂറ്റാണ്ടിലെ ദേശീയ പ്രസ്ഥാനവും വർഗ്ഗീയബോധത്തിൽ നിന്ന്​ മുക്തമല്ല എന്നും രാധിക ശേഷൻ പറയുന്നുണ്ട്. 1930 ൽ സാമുദായിക ഐക്യത്തിനായി നിലകൊള്ളണമെന്നു ഗാന്ധിജി ആവശ്യപ്പെട്ടപ്പോൾ, പടിഞ്ഞാറൻ രീതിയിലുള്ള മതേതര ദേശരാഷ്ട്രം ഇന്ത്യയിൽ പ്രായോഗികമല്ല എന്ന്​ ഉറുദു കവി മുഹമ്മദ് ഇക്ബാൽ വാദിച്ചതിനും, മുസ്​ലിംകൾ പ്രത്യേക സംസ്‌ക്കാരവും ഭാഷയും സാഹിത്യവും കലയും ചരിത്രവും പാരമ്പര്യവുമുള്ള രാഷ്ട്രമാണെന്ന്​ 1940 ൽ മുഹമ്മദലി ജിന്ന പ്രഖ്യാപിച്ചതിനും പ്രേരണയാകുന്നത്,1770 കളിൽ തീകൊളുത്തി വിട്ട ഹിന്ദു/ മുസ്​ലിം നിയമം തുടങ്ങി ആര്യവംശം, മുസ്​ലിം ആക്രമണം , ബനാറസ് ഹിന്ദു സർവ്വകലാശാല, അലിഗഡ് മുസ്​ലിം യൂണിവേഴ്‌സിറ്റി എന്നിങ്ങനെ കത്തിപ്പടർന്ന പ്രജാസ്വത്വ നിർമാണമത്രേ. അതിന്റെ ഒന്നാമങ്കം തീരുന്നതാകട്ടെ ഇന്ത്യാ-പാക് വിഭജനത്തിലെത്തി പൊട്ടിത്തെറിയിലും.

ഇപ്രകാരം മതങ്ങളെ സ്ഥാപനവൽക്കരിച്ചും ദേശീയവൽക്കരിച്ചും രാഷ്ട്രീയവൽക്കരിച്ചുമാണ് ലിബറൽ സ്വേച്ഛാധിപത്യം ഇന്ത്യാ മഹാരാജ്യത്തെ സ്വതന്ത്ര വാണിജ്യത്തിന്റെ സ്വൈര്യവിഹാരഭൂമിയാക്കിയത്. ▮

(തുടരും)


അശോകകുമാർ വി.

അധ്യാപകൻ. സാഹിത്യം, പരിസ്​ഥിതി, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments