‘അന്തർദേശീയം' എന്ന പ്രയോഗത്തിനു പകരം ‘ലോകം' എന്ന പ്രയോഗം യാദൃച്ഛികമായി വരുന്നതല്ല. നവലിബറലിസം തെക്കൻ രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും അംഗീകരിച്ചിട്ടില്ല.
ലോകം ആദ്യമായി ‘വേൾഡ് ' എന്ന പദത്തിൽ നിന്ന് ‘ഇന്റർനാഷണൽ' എന്ന പ്രയോഗത്തിലേക്കു സംക്രമിക്കുന്ന കാലമാണ് 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. രണ്ടു ലോകയുദ്ധങ്ങൾ കൊണ്ട് സാമ്രാജ്യങ്ങളുടെ കോളനിവാഴ്ച തകരുകയും അവയുടെ കാൽക്കീഴിൽ നിന്ന് പുതിയ രാഷ്ട്രങ്ങൾ സ്വതന്ത്രമാവുകയും ചെയ്തു അപ്പോൾ.
‘ഭൂപടങ്ങളിലൊരിന്ത്യ നിവർന്നൂ ജീവിതങ്ങൾ തുടലൂരിയെറിഞ്ഞൂ ചൂണ്ടിൽ ഗാഥകൾ കരങ്ങളിലീപ്പൂ - ച്ചെണ്ടുകൾ പുതിയ പൗരനുണർന്നൂ.’
എന്നിങ്ങനെ ഇന്ത്യക്കാർ മാത്രമല്ല, എല്ലാ വൻകരകളിലും പുതിയ രാഷ്ട്രങ്ങളും അവയുടെ പൗരസമൂഹവും വിരിഞ്ഞിറങ്ങിയ കാലമാണ് 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി.
മാത്രമല്ല, 20-ാം നൂറ്റാണ്ടോടെ പാശ്ചാത്യ ലിബറൽ ഇംപീരിയൽ ശക്തികളുടെ ആധിപത്യയുഗത്തിന് അർദ്ധവിരാമം സംഭവിക്കുകയും തൽസ്ഥാനത്ത് മൂന്നു അധികാര സ്വരൂപങ്ങളായി ലോകം വിഭജിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അതിൽ ഒന്നാമത്തേത് ലിബറൽ ഇംപീരിയലിസത്തിന്റെ അധിനിവേശ യുക്തിയെ പ്രതിനിധാനം ചെയ്യുന്ന യൂറോ- അമേരിക്കൻ ഒന്നാംലോകവും രണ്ടാമത്തേത് സോഷ്യലിസത്തെ മുൻനിർത്തി പുതിയ അധിനിവേശ നീതിയെ സ്ഥാപിക്കുന്ന റഷ്യൻ ഭരണകൂടവുമാണ്. ഈ രണ്ടു ചേരികളിലും പെടാത്ത കോളനിവിരുദ്ധ ജനായത്ത രാഷ്ട്രങ്ങളായിരുന്നു മൂന്നാം ചേരി.
ലിബറൽ ഇംപീരിയലിസത്തിന് രണ്ടു ലോകയുദ്ധങ്ങളോടെ, കൈയിൽ നിന്ന് പോയത് ജനായത്ത രാഷ്ട്രങ്ങളായി മാറിയ, അവരുടെ മുൻ കോളനികളായ പുതിയ മൂന്നാം ലോകത്തെയാണ്. യഥാർത്ഥത്തിൽ സമത്വത്തിന്റെ സായുധ സോവിയറ്റ് സ്വരൂപത്തേക്കാൾ ലിബറൽ ഇംപീരിയലിസത്തിന്റെ ഉറക്കം കെടുത്തിയത് തങ്ങളുടെ സ്വൈര്യവിഹാര ഭൂമികയായ മൂന്നാം ലോകത്തിന്റെ നഷ്ടമായിരുന്നു. കാരണം, സാമ്രാജ്യങ്ങൾ തമ്മിലുള്ള കിടമത്സരം ആധുനിക ലോകചരിത്രത്തിൽ പുത്തരിയേയല്ല. എന്നാൽ ഉപഗ്രഹങ്ങളായി മാത്രം അസ്തിത്വം, സാമ്രാജ്യത്വത്താൽ കല്പിച്ചരുളിയ കോളനിസമൂഹം സ്വതന്ത്രമാകുന്നതും, അതിനേക്കാൾ അവ ജനായത്ത ഭരണകൂടങ്ങളായി വ്യക്തിത്വമാർജ്ജിക്കുന്നതും സാമ്രാജ്യത്വത്തിന്റെ നിലനില്പിനെ തന്നെ അപമാനിക്കുന്നതും അതിനെ അട്ടിമറിക്കാൻ പോന്നതുമാണ്. അതുകൊണ്ട് നവലിബറലിസത്തിന്റെ ചരിത്രം സമത്വവാദത്തിന്റെ സായുധ അധിനിവേശ ചേരിയായ സോവിയറ്റ് റഷ്യയോടെന്നതിനേക്കാൾ, ജനായത്തത്തിന്റെയും കോളനിവിരുദ്ധതയുടെയും നിരായുധീകരണത്തിന്റെയും ചേരിചേരായ്മയുടെയും പതാകാവാഹകരായി മാറിയ മൂന്നാംലോക രാഷ്ട്രങ്ങളുമായുള്ള സംഘർഷത്തിന്റേതാണ്. അതായത്, റഷ്യയെയോ അതിന്റെ ഉപഗ്രഹങ്ങളെയോ ചൊല്ലി ആകുലപ്പെടേണ്ട ആവശ്യകത ലിബറൽ ഇംപീരിയലിസത്തിനില്ലായിരുന്നു. കാരണം അവയായിരുന്നില്ല, ആഫ്രോ - ഏഷ്യൻ ഭൂഖണ്ഡങ്ങളായിരുന്നു 20-ാം നൂറ്റാണ്ടിൽ ലിബറൽ ഇംപീരിയലിസത്തിന്റെ സർവ്വവിധത്തിലുമുള്ള കൈമോശം.
ചേരിചേരാ പ്രസ്ഥാനത്തിലേക്കു നയിച്ച ‘ആഫ്രോ- ഏഷ്യൻ കോൺഫറൻസിന്റെ ലക്ഷ്യം തന്നെ പഴയ കോളനിവാഴ്ചയെയും പുതിയ കോളനി ശൈലിയെയും എതിർത്ത് രാഷ്ട്രങ്ങൾ തമ്മിൽ സാമ്പത്തികവും സാംസ്‌കാരികവുമായ സഹകരണം ഉറപ്പിക്കുക എന്നതായിരുന്നു.
1950- കളോടെ ഐക്യരാഷ്ട്ര സഭയിൽ മുഴങ്ങിയ ശബ്ദം ഇതാണ്: ‘ഞങ്ങൾ ലിബറൽ ചേരിയിലോ സോഷ്യലിസ്റ്റ് ചേരിയോ അല്ല, ഞങ്ങൾ ഇടതു- വലതു വൻശക്തികളോട് നിരായുധീകരണം ഒരേപോലെ ആവശ്യപ്പെടുന്നു, വർണവിവേചനത്തെ ഞങ്ങൾ അപലപിക്കുന്നു, എല്ലാവിധ അധിനിവേശത്തെയും ഞങ്ങൾ എതിർക്കുന്നു. നമുക്കു വേണ്ടത് രാഷ്ട്രങ്ങൾ തമ്മിൽ സാമ്പത്തിക - സാമൂഹിക നീതിയിൽ അധിഷ്ഠിതമായ പുതിയൊരു ബന്ധമാണ്’- സർവ്വ തലസ്പർശിയായ ജനായത്തത്തിന്റെ മൂന്നാംലോക ശബ്ദം. ഐക്യരാഷ്ട്ര സഭയിൽ രണ്ടു ചേരികളിലും പെടാത്ത, ഭൂരിപക്ഷം വരുന്ന ഈ 120 രാഷ്ട്രങ്ങളുടെ പുതിയ രാഷ്ട്രീയ- സാമ്പത്തിക നയങ്ങളായിരുന്നു ലിബറൽ ഇംപീരിയലിസത്തിന് യഥാർത്ഥ വെല്ലുവിളി. സഭയിലെ മൂന്നിൽ രണ്ടു ഭാഗം വരുന്ന ഈ രാഷ്ട്രങ്ങൾ ലോകജനതയുടെ 55% ത്തിന്റെ പ്രതിനിധികളായിരുന്നു. ലോക സമാധാനത്തിന്റെ ശത്രുക്കളായ കോളനിവാഴ്ച, ആയുധപ്പന്തയം, വർണവെറി എന്നീ ത്രിദോഷങ്ങളെ അവർ എതിർത്തു. കൊറിയൻ യുദ്ധം ചൂണ്ടിക്കാട്ടി അവർ വൻശക്തികളോടു പറഞ്ഞു, ‘രാഷ്ട്രങ്ങളെ വീണ്ടും വീണ്ടും വെട്ടി മുറിയ്ക്കുന്നതു വഴിയല്ല, പകരം ഒരു രാഷ്ട്രത്തിനുമേൽ മറ്റൊന്നിന്റെ ആധിപത്യം അവസാനിപ്പിച്ച്, കൂട്ടായ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കിയാലേ ലോക സമാധാനം സാധ്യമാകൂ.' ചേരിചേരാ പ്രസ്ഥാനത്തിലേക്കു നയിച്ച ‘ആഫ്രോ- ഏഷ്യൻ കോൺഫറൻസിന്റെ (1955) ലക്ഷ്യം തന്നെ പഴയ കോളനിവാഴ്ചയെയും പുതിയ കോളനി ശൈലിയെയും എതിർത്ത് രാഷ്ട്രങ്ങൾ തമ്മിൽ സാമ്പത്തികവും സാംസ്‌കാരികവുമായ സഹകരണം ഉറപ്പിക്കുക എന്നതായിരുന്നു.
ഇരുചേരിയിലും പെടാതെ സ്വതന്ത്ര വ്യക്തിത്വം പ്രഖ്യാപിച്ച ഈ മൂന്നാംലോകമാണ് 1960 ൽ യു.എൻ. പൊതുസഭയിൽ ലിബറൽ കോളനിവാഴ്ചയെ ചരിത്രത്തിൽ നിന്നു തന്നെ തുടച്ചുനീക്കുന്ന സുപ്രധാന പ്രമേയം (‘Declaration on the Granting of Independence to Colonial Countries and Peoples,' ) പാസാക്കുന്നതിന് കാരണമായത്. മാത്രമല്ല, യൂറോപ്യൻ അധിനിവേശത്തിന്റെ ന്യായീകരണമായി, ലിബറൽ സ്വേച്ഛാധിപത്യം അന്നേവരെ അവതരിപ്പിച്ച കപടയുക്തിയെ നിരസിച്ച് യു.എൻ. പ്രമേയം ഇപ്രകാരം പ്രഖ്യാപിച്ചു: ‘രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ ഒരിക്കലും സ്വയം നിർണയാവകാശവും സ്വാതന്ത്ര്യവും വെച്ചു താമസിപ്പിക്കുന്നതിനുള്ള മുൻകൂർ ജാമ്യമാക്കാൻ പാടില്ല.' (ആഫ്രോ-ഏഷ്യൻ ജനതക്ക് സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനുമുള്ള പാകത വന്നിട്ടില്ല എന്നതായിരുന്നല്ലോ സ്വാതന്ത്ര്യപ്രാപ്തിക്കുള്ള സാമ്രാജ്യത്വ തടസ്സവാദം.
മൂന്നാംലോക ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണം, അവയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും ലിബറൽ സാമ്രാജ്യത്വം അടിച്ചേൽപ്പിക്കുന്ന നീതിനിഷ്ഠമല്ലാത്ത സ്വതന്ത്ര വ്യാപാരമാണെന്ന് കെയ്‌റോ പ്രഖ്യാപനം ചൂണ്ടിക്കാട്ടി.
അന്ന് ആഫ്രോ- ഏഷ്യൻ മുൻകൈയിൽ ആരംഭിച്ച ചേരിചേരാ പ്രസ്ഥാനം, ലിബറൽ - സോഷ്യലിസ്റ്റ് സായുധ വൈരുദ്ധ്യങ്ങൾക്കു നടുവിൽ കോളനിവാഴ്ച, സാമ്രാജ്യത്വം, വർണവിവേചനം എന്നിവയ്‌ക്കെതിരെ ജനായത്തത്തിന്റെ അഹിംസാത്മക ശക്തിയായി ഇരുചേരികളെയും രാഷ്ട്രീയമായി നിഷ്പ്രഭമാക്കിയെന്നു മാത്രമല്ല, ലോകത്തിലെ വൻശക്തികളും അവയെ വലംവെയ്ക്കാൻ മാത്രം വിധിക്കപ്പെട്ട രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക അസമത്വത്തിന്റെ ചരിത്രപരമായ യഥാർത്ഥ കാരണങ്ങളിലേയ്ക്ക് ലോകശ്രദ്ധ ക്ഷണിക്കുക കൂടി ചെയ്തു. ‘നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' കുറത്തി കരനാഥന്മാരോട് വിരൽ ചൂണ്ടി ഓർമിപ്പിച്ചതുപോലെ, മൂന്നാംലോകത്തിന്റെ തൊലി കറുത്ത പ്രതിനിധികൾ യു എൻ. സഭാതലത്തിൽ സാമ്രാജ്യത്വ മേലാളന്മാരോട് ആഗോള സാമ്പത്തികാസമത്വത്തിന്റെ കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ കാലമായിരുന്നു 1960 കൾ.
കോളനിയടിമത്തത്തിൽ നിന്നുമുള്ള രാഷ്ട്രീയമോചനം പൂർണാർത്ഥത്തിൽ ഫലവത്താകണമെങ്കിൽ, ലിബറൽ ഇംപീരിയൽ ശക്തികളോട് അപ്പോഴും തുടരുന്ന സാമ്പത്തികാടിമത്തം അവസാനിപ്പിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് അഥവാ, വൻശക്തികളുടെ കെട്ടുപൊട്ടിക്കുന്ന സ്വതന്ത്രമായ സാമ്പത്തികനയം മൂന്നാംലോക സമൂഹങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിർത്താൻ അനുപക്ഷണീയമാണെന്ന ബോധ്യത്തിൽ നിന്നാണ് ചേരിചേരാ പ്രസ്ഥാനം ഉദയം ചെയ്യുന്നതെന്ന് 1961 ൽ ഈ കൂട്ടായ്മ ഔപചാരികമായി നിലവിൽ വന്നതിനു മുമ്പും പിമ്പുമുള്ള ചരിത്രം വ്യക്തമാക്കുന്നുണ്ട്. 1962 ൽ ഐക്യരാഷ്ട്ര സഭ കെയ്‌റോയിൽ സംഘടിപ്പിച്ച സമ്മേളനം (Conference on the Problems of Economic Development) കാണിക്കുന്നത്, ലോകരാഷ്ട്രങ്ങളുടെ ഈ ആഗോളവേദിയെ, രാഷ്ട്രങ്ങൾ തമ്മിൽ നിലനിൽക്കുന്ന അതിരു കടന്ന സാമ്പത്തിക ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നീതിപീഠമാക്കി മൂന്നാംലോക രാജ്യങ്ങൾ പരിവർത്തിപ്പിക്കാൻ തുടങ്ങി എന്നതാണ്. മാത്രമല്ല ആഫ്രോ- ഏഷ്യൻ- ലാറ്റിനമേരിക്കൻ സംഖ്യം ദൃഢപ്പെടുന്നതും ഈ സമ്മേളനത്തിൽ കാണാം. ഈ കൂട്ടായ്മയെ വിഘടിപ്പിക്കാനായി, ലാറ്റിനമേരിക്കയെ കൂടെ നിർത്താൻ 1961 ൽ അമേരിക്ക കൊണ്ടുവന്ന സഹായ വാഗ്ദാനങ്ങൾക്കു (Alliance for Progress) വശത്താകാതെയാണ് മൂന്നു വൻകരകളുടെ ഐക്യം 1962 ൽ കെയ്‌റോയിൽ സാക്ഷാത്ക്കരിക്കുന്നത്. കെയ്‌റോ സമ്മേളനത്തിൽ, മൂന്നാംലോകങ്ങൾക്കു മേൽ അന്താരാഷ്ട്ര വാണിജ്യത്തിന്റെ മറപറ്റി നടക്കുന്ന സാമ്പത്തിക ആധിപത്യം അവസാനിപ്പിച്ച്, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുന്ന വിധത്തിൽ ആഗോള വാണിജ്യശൈലി പൊളിച്ചെഴുതുന്നതിനായി ഒരു പ്രഖ്യാപനവും (Cairo Declaration of Developing Countries ) അന്ന് യു.എൻ. നടത്തി.
മൂന്നാംലോക ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണം, അവയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും ലിബറൽ സാമ്രാജ്യത്വം അടിച്ചേൽപ്പിക്കുന്ന നീതിനിഷ്ഠമല്ലാത്ത സ്വതന്ത്ര വ്യാപാരമാണെന്ന് കെയ്‌റോ പ്രഖ്യാപനം ചൂണ്ടിക്കാട്ടി. തന്നെയുമല്ല, ആധുനിക ചരിത്രത്തിലാദ്യമായി, യൂറോപ്യനല്ലാത്ത ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ -അർജന്റീനക്കാരനായ റൗൾ പ്രബിഷ് (Raúl Prebisch ) മൂന്നാംലോകത്തിന്റെ കണ്ണിലൂടെ, കോളനിവ്യവസ്ഥ അരക്കിട്ടുറപ്പിച്ച ലിബറൽ സ്വതന്ത്ര വ്യാപാരത്തിന്റെ തമോഗർത്തങ്ങളെ തുറന്നുകാട്ടുകയും, അതിനു പകരമായി, അന്തർദേശീയ സാമ്പത്തിക നീതിയുടെ പുതിയൊരു വാണിജ്യ വസന്തത്തെ മുന്നോട്ടു വെയ്ക്കുകയും ചെയ്തു അന്ന്.
ചേരിചേരാനയത്തിനു സമാന്തരമായി സോഷ്യലിസ്റ്റ് സർവ്വാധിപത്യത്തെയും ലിബറൽ സ്വേച്ഛാധിപത്യത്തെയും തിരസ്‌ക്കരിക്കുന്ന മൂന്നാം സാമ്പത്തിക മാർഗമായിരുന്നു, അന്നത്തെ യൂറോ- അമേരിക്കൻ സാമ്പത്തിക വിദഗ്ധരുടെ വായടപ്പിക്കുന്ന ധിക്ഷണയോടെ പ്രബിഷ് മുന്നോട്ടു വെച്ചത്. സ്വതന്ത്ര വ്യാപരമെന്ന പേരിൽ സമ്പന്നരാഷ്ട്രങ്ങൾ മൂന്നാം ലോക രാഷ്ട്രങ്ങളുമായി നടത്തുന്ന വ്യാപാരത്തിൽ, മൂന്നാംലോക രാജ്യങ്ങൾക്കു വന്നു ചേർന്നതും വരാനിരിക്കുന്നതുമായ ധനനഷ്ടത്തിന് സമ്പന്നരാഷ്ട്രങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വതന്ത്ര വ്യാപാരമെന്നത് തുല്യനിലയിലുള്ളവർ തമ്മിലേ സാധ്യമാകൂ എന്നും, ഇന്നത്തെ അന്താരാഷ്ട്ര വ്യവസ്ഥ അടിമുടി അസന്തുലിതമാണെന്നും ഇന്നത്തെ മാർക്കറ്റിനെ ഭരിക്കുന്നത് സ്വാതന്ത്ര്യമല്ല അധികാരമാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ, അന്നേവരെയില്ലാത്ത അന്തർദേശീയ വ്യാപാരനീതി മൂന്നാംലോക സമൂഹം സ്വപ്നം കണ്ടു.
മൂന്നാംലോകത്തെ അരികിലേയ്ക്കു തള്ളിമാറ്റുന്ന ആഗോള സാമ്പത്തിക ക്രമത്തിലെ വ്യവസ്ഥാപിത യാഥാസ്ഥിതികത്വത്തിന്റെ അധികാരഘടനയെ റൗൾ പ്രബിഷ് ചോദ്യം ചെയ്തു.
‘ഞാൻ പറയുന്നത് വസ്തുനിഷ്ഠമാണ്, എന്നാലത് നിഷ്പക്ഷമല്ല' എന്നു തുറന്നടിച്ച്, മൂന്നാംലോകത്തെ അരികിലേയ്ക്കു തള്ളിമാറ്റുന്ന ആഗോള സാമ്പത്തിക ക്രമത്തിലെ വ്യവസ്ഥാപിത യാഥാസ്ഥിതികത്വത്തിന്റെ അധികാരഘടനയെ റൗൾ പ്രബിഷ് ചോദ്യം ചെയ്തു. ലിബറൽ ‘അന്തർദേശീയ വാണിജ്യത്തിലെ കറൻസി അധികാരമാണ്' അതിൽ പരസ്പര സമത്വമോ സ്വാതന്ത്ര്യമോ ഇല്ലാത്തതിനാൽ, അതിനു പകരം പരസ്പര ഉത്തരവാദിത്തത്തോടെയുള്ള, ദീർഘകാല താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയ സുസ്ഥിരവും നീതിപൂർവകവും ആയ ആഗോള സാമ്പത്തിക ക്രമം അദ്ദേഹം വിഭാവനം ചെയ്തു. അമേരിക്കൻ നയത്തെയും സോവിയറ്റ് രീതിയെയും ഒരേ പോലെ എതിർത്തതിനാൽ അദ്ദേഹം ഇരുകൂട്ടർക്കും അനഭിമതനുമായിരുന്നു.
കുറഞ്ഞ വിലക്ക് കാർഷികോല്പന്നങ്ങളും അസംസ്‌കൃത വിഭവങ്ങളും മാത്രം കയറ്റുമതി ചെയ്യുന്നവരാക്കി മൂന്നാംലോകത്തെ അന്താരാഷ്ട്ര വാണിജ്യശക്തികൾ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ സമ്പന്ന രാഷ്ട്രങ്ങളാകട്ടെ നിർമിത ഉപകരണങ്ങൾ മൂന്നാംലോകത്തിലേക്ക് കൂടിയ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നു. ഇതാണ് അന്താരാഷ്ട്ര വാണിജ്യത്തിലെ കൊളോണിയൽ അനീതിയെന്ന് റൗൾ പ്രബീഷ് പറഞ്ഞു. ഇന്നും മാറ്റമില്ലാതെ തുടരുന്ന അസന്തുലിതമായ ഈ വാണിജ്യനീതിയെയും അതിനെ ശാശ്വതമാക്കുന്ന സ്ഥാപന വ്യവസ്ഥകളെയും മാറ്റിമറിയ്ക്കാനാണ് അദ്ദേഹം അന്ന് തുനിഞ്ഞത്.
കെയ്‌റോ പ്രഖ്യാപനത്തെ തുടർന്ന് ചേരിചേരാ പ്രസ്ഥാനത്തിന്റെ മുൻകൈയിൽ തന്നെ, 1964 ൽ മൂന്നാം ലോകരാഷ്ട്രങ്ങളുടെ മറ്റൊരു കൂട്ടായ്മ - ജി. 77- രൂപീകൃതമായി. ഈ ആഫ്രോ - ഏഷ്യൻ - ലാറ്റിനമേരിക്കൻ സംഘടനാ രൂപത്തിന്റെ പ്രഥമലക്ഷ്യം, മൂന്നാംലോക ജനതയെ എക്കാലവും ദരിദ്രരായി തന്നെ നിലനിർത്തുന്ന ലിബറൽ അന്താരാഷ്ട വ്യാപാരശൈലിക്ക് അന്ത്യം കുറിച്ച്, സാമ്പത്തിക സ്വയംനിർണയം സാധ്യമാക്കുന്ന സമത്വാധിഷ്ഠിതമായ ആഗോള വാണിജ്യക്രമം സ്ഥാപിക്കുക എന്നതായിരുന്നു. അതിന്റെ ഫലമായിട്ടാണ് ഭൂഗോളത്തിന്റെ വടക്കേ പാതിയിലെ സമ്പന്ന രാഷ്ട്രങ്ങൾ, കാലാകാലങ്ങളായി തെക്കേ പാതിയിലെ ദരിദ്രരാഷ്ട്രങ്ങളെ പാപ്പരാക്കുന്ന വ്യാപാര നിയമങ്ങൾക്കും (ഗാട്ട് കരാർ ) അതിനു വേണ്ടിയുള്ള യൂറോ കേന്ദ്രിത സ്ഥാപനങ്ങൾക്കും (ഐ.എം.എഫ്, ലോകബാങ്ക്) പകരം, നീതിപൂർവ്വകമായ പുതിയ വാണിജ്യനയം നടപ്പിലാക്കുന്നതിനായി ഒരു അന്തർദേശീയ സംഘടന (United Nations Conference on Trade and Development- UNCTAD) തന്നെ ഐക്യരാഷ്ട്ര സഭ 1964 ൽ രൂപീകരിച്ചത്. ഇതിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി റൗൾ പ്രബീഷിനെ നിയമിക്കുകയും ചെയ്തു. 1960-70 കാലത്ത് ഈ സംഘടനയിലൂടെ മൂന്നാംലോക പ്രതിനിധിയായി നിന്ന് റൗൾ പ്രബിഷ് ഒരു വാണിജ്യനയം മുന്നോട്ടുവച്ചു. കാർഷിക വിഭവങ്ങൾ മാത്രം കയറ്റുമതി ചെയ്യാതെ വ്യാവസായിക നിർമ്മിത ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ ശ്രദ്ധയൂന്നിയ ഒന്നായിരുന്നു ഇത്. പല ആഫ്രോ - ഏഷ്യൻ - ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഈ നയം സ്വീകരിക്കുന്നുണ്ട്.
സാമ്പത്തികശാസ്ത്രത്തിലേയ്ക്കു കാരുണ്യത്തെ സന്നിവേശിപ്പിച്ച്, അതിനെ സാർവ്വമാനവികമാക്കുന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ ‘പുതിയ അന്തർദേശീയ ധനക്രമം എന്ന സ്വപ്നം ഉടച്ചു കളയുന്ന അട്ടിമറികൾ 1973 ൽ തന്നെ സടകുടഞ്ഞെഴുന്നേറ്റു.
1973 ൽ അൾജിയേഴ്‌സിൽ കൂടിയ ചേരിചേരാ പ്രസ്ഥാനത്തിന്റെ സമ്മേളനത്തിൽ വെച്ച്, കാലാകാലങ്ങളായി തടസമേതുമില്ലാതെ തുടർന്നുപോന്ന ലിബറൽ സ്വതന്ത്ര വ്യാപാരത്തിനു ബദലായി, പുതിയൊരു അന്തർദേശീയ സാമ്പത്തിക ക്രമം (New International Economic Order- NIEO) തന്നെ മൂർത്തമായ പദ്ധതിയായി മൂന്നാംലോക രാജ്യങ്ങൾ മുന്നോട്ടു വെച്ചു.
(ഇന്നത്തെ നവലിബറൽ ആഗോള വ്യവസ്ഥയെ ‘നവ ലോകക്രമം' (The New World Order) എന്നു വിളിക്കുന്നതു ശ്രദ്ധിക്കുക. ‘അന്തർദേശീയം' എന്ന പ്രയോഗത്തിനു പകരം ‘ലോകം' എന്ന പ്രയോഗം യാദൃച്ഛികമായി വരുന്നതല്ല. നവലിബറലിസം തെക്കൻ രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും അംഗീകരിച്ചിട്ടില്ല. തങ്ങൾക്ക് വിലക്കുകളേതുമില്ലാതെ സാമ്പത്തികാധിപത്യം സാധ്യമാകുന്ന -രാഷ്ട്രാതിർത്തികൾ ബാധകമാകാത്ത ലോകമാണ് നവലിബറലിസം വരച്ചു വെച്ചിരിക്കുന്നത്. അതായത് രാഷ്ട്രങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോകം മൊത്തം അവരുടേതാണ്).
ഇപ്രകാരം ലോക ധനവിനിമയ ചരിത്രത്തെ കോളനിയുഗത്തിന്റെ പ്രേതഭൂമിയിൽ നിന്ന് ആഗോള മാനുഷികതയിലേക്കും, ലിബറൽ സാമ്പത്തികശാസ്ത്രത്തെ നിർദ്ദയമായ ധനാപഹരണ മോഹത്തിൽ നിന്നും ധാർമ്മികതയുടെ നീതിപീഠത്തിലേക്കും ഗതിമാറ്റി ഒഴുക്കിയതുകൊണ്ടാണ് റൗൾ പ്രബിഷിന് ഇന്ത്യാ ഗവൺമെൻറ് ജവഹർലാൽ നെഹ്രു അവാർഡ് (Jawaharlal Nehru Award for International Understanding- 1974) നൽകി ആദരിച്ചത്. അന്ന് ഒരു ഇന്ത്യൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ‘പുതിയ അന്തർദേശീയ സാമ്പത്തിക ക്രമം' പ്രാവർത്തികമാകാനുള്ള തടസങ്ങളെപ്പറ്റി പ്രബിഷ് ആകുലനാകുന്നുണ്ട്. ലിബറലിസത്തെ വിമർശിച്ച് അദ്ദേഹം പറഞ്ഞു, ‘എന്റെ അഭിപ്രായത്തിൽ ധനതത്ത്വശാസ്ത്രത്തിന്റെ ആധാരം ധാർമികമൂല്യങ്ങളായിരിക്കണം. സമ്പത്തിന്റെ പുനർവിതരണം എന്നത് ധാർമിക വിഷയമാണ്. സാമ്പത്തിക ശക്തികളെ സ്വതന്ത്രമാക്കിവിട്ടതുകൊണ്ട് അതിനു പരിഹാരമുണ്ടാകില്ല. നിങ്ങൾക്ക് അതിനു വേണ്ടത് കാരുണ്യമാണ്. '
ഏതായാലും സാമ്പത്തിക ശാസ്ത്രത്തിലേയ്ക്കു കാരുണ്യത്തെ സന്നിവേശിപ്പിച്ച്, അതിനെ സാർവ്വമാനവികമാക്കുന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ ‘പുതിയ അന്തർദേശീയ ധനക്രമം ' എന്ന സ്വപ്നം ഉടച്ചു കളയുന്ന അട്ടിമറികൾ 1973 ൽ തന്നെ സടകുടഞ്ഞെഴുന്നേറ്റു.
1970 ൽ ചിലിയിൽ സൽവദോർ അലണ്ടെ (Salvador Allende) പ്രസിഡന്റായി വന്നതോടെ ചേരിചേരാ പ്രസ്ഥാനത്തിൽ ലാറ്റിനമേരിക്കയുടെ പങ്കാളിത്തം കൂടുതൽ സജീവമായി. അമേരിക്കയുടെ സ്വതന്ത്ര വ്യാപാര സംഖ്യത്തെയും ഗാട്ട് കരാറിനെയും പരസ്യമായി വിമർശിച്ച അലണ്ടെ, അവയ്ക്കു വിപരീതമായി ആഗോള വാണിജ്യനീതി ഉറപ്പാക്കുന്ന UNCTAD യുടെ ശക്തനായ വക്താവായിരുന്നു. തന്നെയുമല്ല, മൂന്നാം ലോകങ്ങൾക്കു വേണ്ടി റൗൾ പ്രബീഷ് ആവിഷ്‌കരിച്ച സാമ്പത്തിക പദ്ധതികളുടെ പ്രയോഗഭൂമിയുമായിരുന്നു അക്കാലത്ത് ചിലിയും. അതിനാൽ, 1973 ൽ പട്ടാള അട്ടിമറിയിലൂടെ അലണ്ടെയുടെ ജനായത്ത സർക്കാരിനെ സി.ഐ. എ പുറത്താക്കുകയും, അഗസ്റ്റോ പിനോഷെയുടെ (Augusto Pinochet) ഏകാധിപത്യ ഭരണത്തിൽ നവലിബറലിസം അതിന്റെ പുറപ്പാട്, നാം ഇന്നു കാണുന്ന അതിന്റെ എല്ലാവിധ വിനാശക മുഖത്തോടെയും ചിലിയിൽ ആടാൻ തുടങ്ങുകയും ചെയ്തു. 1986 ആയപ്പോൾ, അറ്റ്‌ലാന്റിക് സാഗരത്തിന്റെ അക്കരെയും ഇക്കരെയും ഇരുന്ന് റൊണൾഡ് റെയ്ഗനും മാർഗരറ്റ് താച്ചറും ഒരേ സ്ഥായിയിൽ നവലിബറൽ ലോകക്രമത്തിലേക്കുള്ള ആർപ്പുവിളികൾ മുഴക്കുകയും, ഒരു കോറസ് എന്ന പോലെ എല്ലാ വൻകരകളും അതേറ്റു പാടാൻ നിർബ്ബന്ധിതമാവുകയും ചെയ്തു.
ഇന്ന് ആഗോള സാമ്പത്തിക ബന്ധങ്ങളെപ്പറ്റിയുള്ള പാഠപുസ്തകങ്ങളിൽ നിന്ന്, ഒറ്റരാത്രി കൊണ്ടെന്നപോലെ പ്രബീഷ് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ചിലിയിലെ സൈനിക അട്ടിമറി വരുത്തുന്ന ഭയാശങ്കകൾ, 1974 ൽ നെഹ്രു പ്രൈസ് വാങ്ങിയപ്പോൾ റൗൾ പ്രബിഷ് നൽകിയ ഡൽഹി അഭിമുഖത്തിൽ അന്തർലീനമാണ്. അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ എഡ്ഗാർ ജെ. ഡാസ്മൻ (EDGAR J. DOSMAN ) പറയുന്നു: ‘റൗൾ പ്രബീഷുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഐക്യരാഷ്ട്ര സഭയിൽ നിന്ന് അകാരണമായി നഷ്ടപ്പെട്ടിരിക്കുന്നു.' കരുണാരഹിതമായ യൂറോ ലിബറൽ അധിനിവേശയുക്തിയെ തറപറ്റിക്കാൻ മൂന്നാംലോകം എന്ന രാഷ്ട്രീയപദ്ധതിയിൽ നിന്ന് ഉയർന്നുവന്ന കനിവിന്റെ സമഭാവനകൾ മേലിൽ ആർക്കും പ്രചോദനമാകരുതെന്ന് ശത്രുക്കൾക്കു നല്ല കരുതലുണ്ട്. ഇന്ന് ആഗോള സാമ്പത്തിക ബന്ധങ്ങളെപ്പറ്റിയുള്ള പാഠപുസ്തകങ്ങളിൽ നിന്ന്, ഒറ്റരാത്രി കൊണ്ടെന്നപോലെ പ്രബീഷ് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയിൽ നവലിബറലിസം അതിന്റെ ഉച്ചസ്ഥായിൽ അരങ്ങു കീഴടക്കുമ്പോൾ, ഏവരാലും ഏറ്റവും കൂടുതൽ കരിവാരി തേയ്ക്കുന്ന മുഖവും ചേരിചേരാ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ മുമ്പനായ ജവഹർലാൽ നെഹ്രുവാണല്ലോ. ▮
(തുടരും)