അറിവിന്റെ ആപൽക്കരമായ തൂവൽസ്പർശം

നവ ലിബറലിസം: സർവാരാധനയുടെ പുറകിലെ ​രാഷ്​ട്രീയം- 11

നവ ലിബറലസം ഏതു കാറ്റിലും കോളിലും തകരാതെ മുന്നേറുന്നതിന്റെ കാരണങ്ങളിൽ പ്രധാനമായ ഒന്ന്, ബൗദ്ധിക സംഭരണികൾ കൊണ്ട് നിർമിക്കപ്പെട്ട അറിവിന്റെ വലക്കണ്ണികളുടെ അമൂർത്ത സാന്നിദ്ധ്യമാണ്.

നായത്തമെന്നാൽ ആയുധം താഴെ വെച്ച്, മനുഷ്യർക്കു മാത്രം സാധ്യമാകുന്ന ഭാഷയിൽ അറിവുകൊണ്ട് പോരടിച്ച്​ അധികാരം കരസ്ഥമാക്കലാണ്. വിഭിന്നങ്ങളായ ആശയങ്ങളുടെ തുറന്ന സംവാദവേദിയാണ് ജനായത്തം. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും തത്വത്തിൽ അംഗീകരിച്ചു കഴിഞ്ഞാൽ അധികാരത്തിലേയ്ക്കുള്ള പാതയിൽ അറിവാണ് തുണ. ജനായത്തലോകത്ത് രാഷ്ട്രത്തിനുള്ളിലും രാഷ്ട്രാന്തരമായും അധികാര വിപുലനത്തിനുള്ള മാർഗ്ഗങ്ങളിൽ സുപ്രധാനമായിത്തീരുന്നു അറിവ്.

ജനായത്തത്തിനായുള്ള ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയനെ തോല്പിച്ച വാട്ടർലു യുദ്ധത്തിനും യൂറോപ്പിൽ സമാധാനം കൊണ്ടുവരുന്നതിനുള്ള വാഴ്‌സാ കോൺഗ്രസിനും (1814 -1815 ) ശേഷം, രാഷ്ട്ര ഐക്യത്തിനും ഇതര രാഷ്ട്രങ്ങൾക്കു മേലുളള ആധിപത്യത്തിനും ആയുധം പോലെ തന്നെ അതിപ്രധാനമാണ് മൃദുശക്തി (Soft Power) യായ ‘അറിവ്' എന്ന്​ യൂറോപ്യൻ രാഷ്ട്രങ്ങൾ തിരിച്ചറിയുന്നുണ്ട്. അന്ന് ലോകാധിപത്യ മത്സരത്തിൽ മറ്റു യൂറോപ്യൻ ശക്തികളേക്കാൾ ഏറെ പിന്നിലായിരുന്ന ജർമനിയാണ് അറിവിന്റെ അധികാരമൂല്യം ആദ്യമേ തിരിച്ചറിയുന്നത്. വിദ്യാഭ്യാസത്തെ, ചരിത്രത്തിലാദ്യമായി ദേശസാൽക്കരിച്ച്​ അറിവിന്റെ ഉല്പാദനത്തെയും വിതരണത്തെയും ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തിലും മേൽനോട്ടത്തിലുമാക്കി അന്ന് പ്രഷ്യൻ ഗവൺമെൻറ്​. പ്രൈമറി, സെക്കന്ററി, ഉന്നതതലം എന്നിങ്ങനെയുള്ള ഘട്ടങ്ങൾ കൊണ്ടുവരിക, വിദ്യാഭ്യാസം സാർവ്വത്രികമാക്കുക, അത് സ്റ്റേറ്റിന്റെ പ്രധാനപ്പെട്ട ചുമതലയാക്കുക, പരീക്ഷകൾ, പാഠപുസ്തകങ്ങൾ എന്നിവ ഏർപ്പാടാക്കുക എന്നിങ്ങനെ വിദ്യാഭ്യാസത്തെ നിലാവാരപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്​ത്​ അറിവിന്റെ മൊത്തവിതരണക്കാരായി പ്രഷ്യൻ ഭരണകൂടം. അതിലുപരി, സർവ്വകലാശാലകളെ ബിരുദദാന കേന്ദ്രങ്ങൾക്കപ്പുറം പുത്തൻ അറിവ് നിർമ്മാണ കേന്ദ്രങ്ങളും ഗവേഷണശാലകളുമാക്കി. അവിടെ ആദ്യമായി പി.എച്ഡി കൊണ്ടു വരുന്നതും പ്രഷ്യയാണ്. അതിനായി ഗവേഷണബിരുദം നൽകുന്ന ലോകത്തിലെ ആദ്യ സർവ്വകലാശാലയായി, സർക്കാർ തലത്തിൽ ബെർലിൻ യൂണിവേഴ്‌സിറ്റിയും (Humboldt University of Berlin) അവിടെ സ്ഥാപിക്കപ്പെട്ടു. ഇങ്ങനെ പുത്തൻ അറിവിന്റെ സ്വതന്ത്ര നിർമാണം, ദേശാഭിമാനം, ദേശാന്തര അധിനിവേശം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പ്രഷ്യൻ വിദ്യാഭ്യാസപരിഷ്‌ക്കാരങ്ങളെ പിൽക്കാലത്ത് എല്ലാ ദേശരാഷ്ട്രങ്ങളും അനുകരിക്കുന്നതാണ് ലോക വിദ്യാഭ്യാസ ചരിത്രത്തിലെ ഇന്നത്തെ അധ്യായം.

ബെർലിൻ യൂണിവേഴ്‌സിറ്റി /Photo: Wikimedia Commons
ബെർലിൻ യൂണിവേഴ്‌സിറ്റി /Photo: Wikimedia Commons

ജനായത്ത ഭാവിലോകത്ത് അറിവിൽ മുന്നേറ്റമില്ലാതെ ആധിപത്യത്തിലും മുമ്പിലെത്താൻ പറ്റില്ലെന്നു തിരിച്ചറിയുന്ന ജർമനിയിൽ, 18-ാം നൂറ്റാണ്ടിന്റെ അവസാനം തന്നെ അറിവിന്റെ ഉപാസകരായ ഒരു പുതിയ വർഗം ( Cultural Elites) സമ്പന്ന സമൂഹത്തിനുള്ളിൽ ഉയർന്നുവന്നു. ബഹുജന പങ്കാളിത്തം ഭരണത്തിൽ അനിവാര്യമാകുന്ന രാഷ്ട്രീയ മാറ്റങ്ങളിൽ അധികാരത്തിന്റെ പരമ്പരാഗത ശക്തിസ്രോതസുകളായ ആയുധം, ധനം, സാമൂഹ്യപദവി എന്നിവയ്‌ക്കൊപ്പം അറിവും കൂട്ടിച്ചേർക്കപ്പെടുന്നതു കൊണ്ടാണ് പണത്തേക്കാൾ പ്രധാനമാണ് അറിവെന്നറിയുന്ന ഈ പുതിയ വർഗം രൂപം കൊള്ളുന്നത്. അതായത്, പുതിയ കണ്ടുപിടുത്തങ്ങളിലൂടെ ഉല്പാദന വ്യവസ്ഥയിൽ ദ്രുതഗതിയിൽ മാറ്റം സംഭവിക്കുന്ന ലോകത്ത് അറിവിന്റെ ആധിപത്യമൂല്യം ആയുധശക്തിയെന്ന പോലെ നിർണായകമായി തീരുന്നു. അറിവുനിർമാണത്തിൽ മാത്രം ബദ്ധശ്രദ്ധരായ ഈ വർഗ്ഗമാണ് ദേശരാഷ്ട്രം (Nation State) എന്ന ആശയ പദ്ധതിയുടെയും അതിനെ കേന്ദ്രമാക്കിയ വാണിജ്യ- വ്യവസായ സാമ്രാജ്യ വിപുലീകരണത്തിന്റെയും ചാലകശക്തി. ഇവരുടെ ബൗദ്ധിക സംഭാവനകളെ പരമാവധി സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യം കൂടി വെച്ചാണ് യൂണിവേഴ്‌സിറ്റികൾ ഗവേഷണശാലകളായി ജർമനിയിൽ വികസിക്കുന്നത്. ഉയർന്ന അക്കാദമിക് വിദ്യാഭ്യാസം, മറ്റു സാമൂഹ്യ വിഭാഗങ്ങളിൽ നിന്ന്​ അകൽച്ച, ധനത്തേക്കാൾ സാമൂഹ്യപദവിയിൽ താൽപര്യം എന്നിങ്ങനെ ഭരണചക്രം തിരിക്കുന്ന സവിശേഷ വർഗമാണിവർ.

സയൻസിലും സാമൂഹ്യശാസ്ത്രങ്ങളിലും ദശകങ്ങൾ കൊണ്ട് അറിവിന്റെ വിസ്‌ഫോടനങ്ങൾക്കു തിരികൊളുത്തിയ ജർമനി ആ നൂറ്റാണ്ടിന്റെ അവസാനമെത്തുമ്പോൾ, ലോകാധീശത്വത്തിൽ എതിരാളിയില്ലാത്ത ബ്രിട്ടനുമായി നേർക്കുനേർ നിൽക്കുന്ന സാമ്രാജ്യശക്തിയായി.

19-ാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ജർമനിയിൽ, രാജാവിന്റെ അധികാരങ്ങൾക്കുമേൽ ഭരണപരിഷ്‌ക്കാരത്തിന്റെ ഭാഗമായി മന്ത്രാലയങ്ങളും ഉപദേശക സമിതികളും എല്ലാം അടങ്ങുന്ന പുതിയ ഉന്നതോദ്യോഗസ്ഥ വൃന്ദം ഉടലെടുത്തപ്പോൾ, ഈ വരേണ്യ ജ്ഞാനവർഗ്ഗം ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറി. അവർ ബിരുദപഠനത്തിലും ഗവേഷണങ്ങളിലും വ്യാപൃതരായി പരീക്ഷകൾ ജയിക്കുകയും, തുടർന്ന് ജനായത്ത പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ബ്യൂറോക്രസിയിൽ ഉന്നത ഉദ്യോഗങ്ങളിൽ പ്രതിഷ്ഠിതരാവുകയും, ജ്ഞാനാന്വേഷണത്തിന്റെ സ്വതന്ത്രലോകത്ത് നിർവിഘ്‌നം സഞ്ചരിക്കുകയും ചെയ്തു. അങ്ങനെ സയൻസിലും സാമൂഹ്യശാസ്ത്രങ്ങളിലും ദശകങ്ങൾ കൊണ്ട് അറിവിന്റെ വിസ്‌ഫോടനങ്ങൾക്കു തിരികൊളുത്തിയ ജർമനി ആ നൂറ്റാണ്ടിന്റെ അവസാനമെത്തുമ്പോൾ, ലോകാധീശത്വത്തിൽ എതിരാളിയില്ലാത്ത ബ്രിട്ടനുമായി നേർക്കുനേർ നിൽക്കുന്ന സാമ്രാജ്യശക്തിയായി. ഇത് അടുത്ത നൂറ്റാണ്ടോടെ ഒന്നാം ലോകയുദ്ധമായും തുടർന്ന് ഹിറ്റ്‌ലർ നേതൃത്വം നൽകിയ രണ്ടാം ലോകയുദ്ധമായും പരിണമിക്കുന്നുണ്ടല്ലോ.

ഹിറ്റ്ലറും നാസി പാർട്ടി പ്രസ് ചീഫായ ഡീട്രിച്ചും
ഹിറ്റ്ലറും നാസി പാർട്ടി പ്രസ് ചീഫായ ഡീട്രിച്ചും

അറിവിന്റെയും അധികാരത്തിന്റെയും പ്രത്യക്ഷ സമന്വയം അഥവാ വിദ്യാഭ്യാസത്തിന്റെ ദേശസാൽക്കരണം അഴിച്ചുവിട്ട സാധ്യതകളുടെയും പരിമിതികളുടെയും നേർചിത്രം പ്രഷ്യൻ പൊതുവിദ്യാഭ്യാസം ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു വശത്ത് വിലക്കുകളില്ലാതെ സംവാദത്തിന്റെ സ്വതന്ത്ര വൻകരകളിലേക്കു നീന്തിയെത്താനും, പുത്തൻ വൈജ്ഞാനിക ലോകങ്ങൾ കണ്ടെത്താനുമുള്ള തുറന്ന വേദിയായി ജർമൻ സർവ്വകലാശാലകൾ മാറി. ലോകം കണ്ട ജ്ഞാനാന്വേഷികൾ അവിടെ ഉദിച്ചുയർന്നു. മറുവശത്ത് ദേശീയ വിദ്യാഭ്യാസം ദേശാഭിമാനത്തെ ആളിക്കത്തിക്കുകയും ഒടുവിൽ ഫാഷിസത്തിന്റെ ദുരന്തപൂർണമായ ദ്വിഗ്വിജയത്തിലും നരനായാട്ടിലും അത് പര്യവസാനിക്കുകയും ചെയ്തു.

കോളനി രാഷ്ട്രങ്ങളിൽ ജനായത്ത ഭരണകൂടങ്ങൾ സ്ഥാപിതമാകുന്നതോടെയാണ് അക്രമാസക്തമായ ദേശാഭിമാനത്തിൽ നിന്നും സാമ്രാജ്യത്വ വിധേയത്വത്തിൽ നിന്നും അറിവ് കൂടുതൽ ജനായത്തവൽക്കരണത്തിനു വിധേയമാകുന്നത്.

രണ്ടാം ലോകയുദ്ധത്തിന്റെ ഒടുവിലാകട്ടെ, സാമ്രാജ്യങ്ങളുടെ അറിവിന്റെയും ആയുധത്തിന്റെയും ബലം മൂന്നാംലോക ജനാധിപത്യത്തിനായുളള സ്വാതന്ത്ര്യസമരങ്ങളിൽ കടപുഴകി വീഴുകയും, സാമ്രാജ്യത്വ ദേശീയതയുടെ ബലാൽക്കാരത്തിൽ നിന്ന്​ അറിവ് മൂന്നാംലോക രാഷ്ട്രങ്ങളിൽ ജനായത്ത ദേശീയതയിലേക്ക് വിമോചിതമാവുകയും ചെയ്തു. കോളനി രാഷ്ട്രങ്ങളിൽ ജനായത്ത ഭരണകൂടങ്ങൾ സ്ഥാപിതമാകുന്നതോടെയാണ് അക്രമാസക്തമായ ദേശാഭിമാനത്തിൽ നിന്നും സാമ്രാജ്യത്വ വിധേയത്വത്തിൽ നിന്നും അറിവ് കൂടുതൽ ജനായത്തവൽക്കരണത്തിനു വിധേയമാകുന്നത്. അതുകൊണ്ടാണ് സാഹോദര്യം, സ്വാതന്ത്ര്യം, സമത്വം ഇവയ്ക്കു വിലങ്ങുതടിയായി നിൽക്കുന്ന വംശീയവാദം, കോളനിവാഴ്ച, ആയുധപ്പന്തയം എന്നിവയെ മൂന്നാംലോക രാഷ്ട്രങ്ങൾ അന്തർദേശീയ ലോകത്ത് ചോദ്യം ചെയ്യുന്നത്.

ഗമാൽ അബ്ദുൽ നാസർ, ജവഹർലാൽ നെഹ്റു, ജോസിപ് ബ്രോസ് ടിറ്റോ
ഗമാൽ അബ്ദുൽ നാസർ, ജവഹർലാൽ നെഹ്റു, ജോസിപ് ബ്രോസ് ടിറ്റോ

അറിവും ജനായത്തവും തമ്മിലുള്ള ഐക്യം എല്ലാവിധ അധികാര കേന്ദ്രീകരണത്തെയും പിന്മടക്കുന്നതാണ്. മൂന്നാംലോക രാഷ്ട്രങ്ങൾ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ, ഇവിടങ്ങളിൽ സർവ്വകലശാലകൾ പുതിയ ജനായത്ത വ്യവസ്ഥയിലേക്കു സംക്രമിച്ചു. അതോടെ, അറിവിന്റെ വിമോചനാത്മകമായ ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങി. അധികാരത്തിന്റെ ആഗോള ബലതന്ത്രങ്ങളെ ചോദ്യം ചെയ്യും വിധം മൂന്നാംലോക സർവ്വകലാശാലകൾ സ്വതന്ത്രമാകുന്നതിന്റെ അപകടം മുന്നിൽ കണ്ടാണ് സർവ്വകലാശാലകളുടെ മതിലുകൾ പൊളിച്ച്​ അറിവിന്റെ പുതിയ സ്വകാര്യ നിർമാണ കേന്ദ്രങ്ങൾ - ബൗദ്ധിക സംഭരണികൾ- 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അമേരിക്കൻ നാടുകളിൽ ആരംഭിക്കുന്നത്. (അവിടെ വൻവ്യവസായികൾ തന്നെ മുന്നിട്ടിറങ്ങി സ്ഥാപിച്ച കോണഗി ഇൻസ്റ്റിറ്റ്യൂഷൻ - 1902, റോക്‌ഫെല്ലർ ഫൗണ്ടേഷൻ -1912, ഫോഡ് ഫൗണ്ടേഷൻ - 1936 എന്നിവ ഉദാഹരണം.) അറിവിന്റെ ദേശസാൽക്കരണം വഴി പ്രഷ്യൻ മാതൃകയിലുള്ള വിദ്യാഭ്യാസം ദേശീയതയെ സംരക്ഷിക്കുന്നതിന്​ ഉതകുന്നതായതിനാൽ, ദേശീയ സ്വയം നിർണയാവകാശത്തിന്​ വില കല്പിക്കാത്ത അറിവു നിർമാണ കേന്ദ്രങ്ങൾ വഴി മാത്രമേ നവ ലിബറൽ ലോകക്രമം നടപ്പിലാക്കാൻ കഴിയൂ. അതുകൊണ്ടാണ് ദേശീയതകളെ അതിലംഘിച്ച്​ ആഗോള വിദ്യാഭ്യാസം നൽകുന്ന അറിവു നിർമാണശാലകളായി തിങ്ക് ടാങ്കുകൾ പ്രവർത്തിക്കുന്നത്.

ദേശരാഷ്ട്രങ്ങൾക്കതീതമായി നിൽക്കുന്ന ആഗോളീകൃത അറിവ് നിർമാണ ശൃംഖലകളാണ് നവ ലിബറൽ ബൗദ്ധിക സംഭരണികൾ. അവ എല്ലാ ദേശീയ സർവ്വകലാശാലകളെയും നിഷ് പ്രഭമാക്കുന്ന അതീത ആഗോള ജ്ഞാനോല്പാദന കേന്ദ്രങ്ങളായി നിലകൊള്ളുന്നു.

കോളനി വിരുദ്ധ സമരങ്ങൾ തീവ്രമാവുകയും സാമ്രാജ്യത്വത്തിന്റെ വീര്യം കുറയുകയും ചെയ്യുന്ന ഒന്നാം ലോകയുദ്ധത്തിനുശേഷമുള്ള നാളുകളിൽ, പുതിയ ദേശരാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യവും സ്വയം നിർണായകാവകാശവും സ്വതന്ത്ര വ്യാപാരത്തിന് പരിക്കേൽപ്പിക്കുമെന്ന് ലിബറൽ ധനകാര്യ വക്താക്കാൾ മുൻകൂട്ടി കാണുന്നുണ്ട്. ദേശീയവാദം ഒരു വശത്ത് രാഷ്ട്രത്തിന്റെ ആഭ്യന്തരോല്പാദനക്കുതിപ്പിനു കാരണമാകുമ്പോൾ തന്നെ, അത് അന്യദേശങ്ങളുടെ അധിനിവേശത്തെ നിഷേധിക്കുകയും ചെയ്യുന്നതിനാൽ രാഷ്ട്രാതിർത്തികളെ ദേദിക്കുന്ന ആഗോള സ്വതന്ത്ര വിപണിക്ക് ഭീഷണിയാണ്. അതിനാൽ രാഷ്ട്രീയമായി അതിർത്തികൾ നിർണയിക്കപ്പെട്ട ദേശരാഷ്ട്രങ്ങൾക്ക് അതീതമായ ഒരു ആഗോള സാമ്പത്തിക - രാഷ്ട്രീയ ക്രമത്തിനായി ലിബറലുകൾ സംഘടിക്കുന്നതിൽ നിന്നാണ് നവ ലിബറലിസം ഉത്ഭവിക്കുന്നത്. ഇപ്രകാരം രാഷ്ട്രാതിർത്തികളെ അതിലംഘിക്കാനുള്ള മുഖ്യായുധം അറിവല്ലാതെ മറ്റൊന്നുമായിരുന്നില്ല, മാറിയ ലോക പരിതസ്ഥിതിയിൽ.

അറിവുല്പാദനത്തിനായി ദേശീയമായി ഭരണകൂട നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പൊതുവിടങ്ങളായ സർവ്വകലാശാലകളെ ഉപേക്ഷിച്ച്​, സാമൂഹ്യശാസ്ത്ര വിഷയങ്ങളുടെ, അതായത്​, ഭരണവുമായി നേരിട്ടു ബന്ധപ്പെട്ട വിഷയങ്ങളുടെ, ഗവേഷണത്തിന്റെ പരോക്ഷമായ സ്വകാര്യവൽക്കരണമാണ് ബൗദ്ധിക സംഭരണികൾ നിർവ്വഹിക്കുന്നത്.

ഹോളിവുഡ് സിനിമകളിൽ അത്ഭുത കഥാപാത്രങ്ങൾ ചുവരുകളെയും മറ്റും തകർക്കാതെ തന്നെ അകത്തേക്കു കയറുന്നതു പോലെ, രാഷ്ട്രാതിർത്തികൾക്കു യാതൊരു പോറലും വരുത്താതെ നവലിബറൽ അറിവിനെ ഭരണകൂടങ്ങളിലേക്കും സമൂഹത്തിലേക്കും കടത്തിവിടുന്ന പുതിയ ആധിപത്യ വ്യൂഹമാണ് തിങ്ക് ടാങ്കുകൾ. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലെ അറിവുകൾ ഉപയോഗിച്ചാണ് ഈ നുഴഞ്ഞുകയറ്റം സാധ്യമാക്കുന്നത്. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളീകരണം എന്നീ നവ ലിബറൽ ചിട്ടവട്ടങ്ങൾ മൂലധനത്തിലും വിഭവങ്ങളിലും പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായി അതിനുള്ള കളമൊരുക്കം നടത്തുന്നതിലേയ്ക്ക്, സാമൂഹ്യശാസ്ത്ര വിജ്ഞാനോല്പാദന മേഖലയിൽ ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും ആഗോളീകരണവും ബൗദ്ധിക സംഭരണികൾ സ്ഥാപിച്ച്​ നടപ്പിലാക്കുന്നു.

Photo: Screengrab from What If
Photo: Screengrab from What If

അറിവുല്പാദനത്തിനായി ദേശീയമായി ഭരണകൂട നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പൊതുവിടങ്ങളായ സർവ്വകലാശാലകളെ ഉപേക്ഷിച്ച്​, സാമൂഹ്യശാസ്ത്ര വിഷയങ്ങളുടെ, അതായത്​, ഭരണവുമായി നേരിട്ടു ബന്ധപ്പെട്ട വിഷയങ്ങളുടെ, ഗവേഷണത്തിന്റെ പരോക്ഷമായ സ്വകാര്യവൽക്കരണമാണ് ബൗദ്ധിക സംഭരണികൾ നിർവ്വഹിക്കുന്നത്. സർവ്വകലാശാലാ ഗവേഷണം അക്കാദമിക് സ്വാതന്ത്ര്യമുള്ളതും സാമൂഹ്യതാൽപര്യത്തെ മുൻനിർത്തിയതുമാകുമ്പോൾ, വ്യവസായികളാൽ സ്‌പോൺസർ ചെയ്യപ്പെടുന്ന തിങ്ക് ടാങ്ക് ഗവേഷണം സ്വകാര്യതാൽപ്പര്യങ്ങൾക്കൊത്ത് അക്കാദമിക് സ്വാതന്ത്ര്യത്തെ അരികിലേയ്ക്കു മാറ്റിനിർത്തുന്നു. മാത്രമല്ല അവ ‘സ്വതന്ത്രമായ' അറിവിന്റെ സ്വകാര്യ കുത്തകകളായി ഭരണകൂടങ്ങൾക്കുമേൽ സ്വാധീനം ഉറപ്പിക്കുകയും ചെയ്യുന്നു. അറിവ് നിർമിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നുള്ള ഉദാരവൽക്കരണം നടപ്പിലാക്കിക്കൊണ്ട് സർവ്വകാലാശാലകളേക്കാൾ കാര്യക്ഷമത തങ്ങൾക്കാണെന്ന് അവയ്ക്കു പുറംമേനി നടിക്കാനും കഴിയുന്നുണ്ട്.

തങ്ങൾ ഉല്പാദിപ്പിച്ച അറിവുകളും ആശയങ്ങളും കൊണ്ട് ഭരണകൂടങ്ങളെ സ്വാധീനിക്കുക വഴി, അറിവിനെ ഭരണകൂടങ്ങളുടേതാക്കി സാമൂഹ്യവൽക്കരിക്കുന്ന അധികാര പ്രക്രിയയാണ് രാഷ്ട്രീയത്തിന്റെ തലച്ചോറായി മാറുന്ന ബൗദ്ധിക സംഭരണികൾ നിർവഹിക്കുന്നത്.

അറിവിനെ ജനായത്ത സ്ഥാപനങ്ങളിൽ നിന്ന്​ ‘സ്വതന്ത്ര'മാക്കുക, അതിനെ മൂലധന ശക്തികൾ ഫണ്ടു ചെയ്യുന്ന സ്ഥാപനങ്ങളായി സ്വകാര്യവൽക്കരിക്കുക, അപ്രകാരം നിർമിക്കപ്പെടുന്ന സാമൂഹശാസ്ത്ര വിഷയങ്ങളെ തിരിച്ച് ഭരണകൂടം, സർവ്വകലാശാലകൾ, മാധ്യമങ്ങൾ, സമൂഹം എന്നിവയിലേക്കു പ്രസരിപ്പിച്ചു ആഗോളീകരിക്കുക- ഇതാണ് ബൗദ്ധിക ടാങ്കുകളുടെ ധർമം. തങ്ങൾ ഉല്പാദിപ്പിച്ച അറിവുകളും ആശയങ്ങളും കൊണ്ട് ഭരണകൂടങ്ങളെ സ്വാധീനിക്കുക (Advocacy) വഴി, അറിവിനെ ഭരണകൂടങ്ങളുടേതാക്കി സാമൂഹ്യവൽക്കരിക്കുന്ന അധികാര പ്രക്രിയയാണ് രാഷ്ട്രീയത്തിന്റെ തലച്ചോറായി മാറുന്ന ബൗദ്ധിക സംഭരണികൾ നിർവഹിക്കുന്നത്.

Photo: cpr.unu.edu
Photo: cpr.unu.edu

എപ്പോൾ, എങ്ങനെ, എന്തുകൊണ്ട് എന്നു തിട്ടപ്പെടുത്താനാവാത്തവിധം നവലിബറലിസം വന്നത്, 1900 മുതൽ പലഘട്ടങ്ങളിലായി സ്ഥാപിക്കപ്പെട്ട തിങ്ക് ടാങ്കുകൾ ഉല്പാദിപ്പിച്ച അറിവുകളുടെ രൂപത്തിൽ, തികച്ചും പിൻവാതിലിലൂടെ അരൂപിയായിട്ടാണ്. ഓടുകൾ തല്ലിപ്പൊളിച്ചിട്ടിരിക്കുന്നതും മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നതും എല്ലാം അലങ്കോലപ്പെടുത്തിയിരിക്കുന്നതും കുട്ടിച്ചാത്തൻ ആക്രമണം പോലെ അനുഭവവേദ്യമാകുന്നുവെങ്കിലും, ആളെ പിടികൂടാൻ കഴിയാതെ കർത്തൃത്വം അജ്ഞാതമായതാണ് നവലിബറൽ അധിനിവേശം. കാരണം അതിന്റെ വരവ്, മറ്റൊരു വഴിക്ക് ബൗദ്ധിക ടാങ്കുകൾ ഭരണകൂടത്തിനും അക്കാദമിക് ലോകത്തിനും പൗരസമൂഹത്തിനും മാധ്യമങ്ങൾക്കും നൽകിയ അറിവിന്റെ നിഷ്‌ക്കപട രൂപത്തിലത്രേ.

ഏതെങ്കിലും ഒരു ഭരണകൂടത്തിനായി മാത്രമുള്ള തലച്ചോറല്ല, ഭരണകൂടങ്ങളുടെ ഇന്റർനാഷണൽ തലച്ചോറായിട്ടാണ് ബൗദ്ധിക സംഭരണികൾ പ്രവർത്തിക്കുന്നത്.

അറിവാണ് നവലിബറൽ യുഗത്തിൽ നമ്മെ ആവേശിക്കുന്നത്. അത് തിങ്ക് ടാങ്കുകളിൽ നിന്ന്​ യൂണിവേഴ്‌സിറ്റികളിലും രാഷ്ട്രീയ മേഖലയിലും മാധ്യമലോകത്തും ഒരേസമയം വിതരണം ചെയ്യുന്ന ജ്ഞാനാധിനിവേശമാണ്. ചിന്തിക്കുക, കണ്ടുപിടിക്കുക, നിർവ്വഹിക്കുക എന്നീ ഭരണകൂട ഉത്തരവാദിത്വങ്ങളുടെ ഔട്ട്‌സോഴ്‌സിങ്ങാണ് ബൗദ്ധിക സംഭരണികൾ വഴി സാധ്യമായത്. അത് ഏതെങ്കിലും ഒരു ഭരണകൂടത്തിനായി മാത്രമുള്ള തലച്ചോറല്ല, ഭരണകൂടങ്ങളുടെ ഇന്റർനാഷണൽ തലച്ചോറായിട്ടാണ് ബൗദ്ധിക സംഭരണികൾ പ്രവർത്തിക്കുന്നത്. അങ്ങനെ അറിവു കൊണ്ടുള്ള കൂട്ട ബലാൽസംഗത്തിന് സമൂഹമൊന്നാകെ വിധേയമാകുമ്പോൾ നവലിബറലിസം സംഭവിക്കുന്നു.

ഭരണകൂടത്തിന്റെ നിയോലിബറൽ നയങ്ങൾക്കെതിരെ ചിലിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്.  / Photo: Wikimedia Commons
ഭരണകൂടത്തിന്റെ നിയോലിബറൽ നയങ്ങൾക്കെതിരെ ചിലിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്. / Photo: Wikimedia Commons

ബൗദ്ധിക ടാങ്കുകളുടെ സുപ്രധാന ഗവേഷണരംഗം സാമൂഹ്യശാസ്ത്ര വിഷയങ്ങളാകുന്നതിനും കാരണമുണ്ട്. ശാസ്ത്രജ്ഞാനത്തിന്റെ ഉല്പാദനവും പ്രയോഗവും നിശ്ചയിക്കുന്നത് സാമൂഹ്യമായ വിവിധ ബന്ധങ്ങൾക്കകത്താണ്. ശാസ്ത്രഗവേഷണത്തിന്റെ മുൻഗണനാക്രമം നിർണയിക്കപ്പെടുന്നത് സാമൂഹ്യമായ കാഴ്ചപ്പാടുകളുടെ കണ്ണടയിൽ കൂടിയായതിനാൽ, അത്തരം കണ്ണടകൾക്കാവശ്യമായ ലെൻസുകളുടെ നിർമാണ വിതരണ മേഖലകളായ സാമ്പത്തികശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സോഷ്യോളജി എന്നിങ്ങനെയുള്ള സാമൂഹികമായ അറിവുകളുടെയും ആശയങ്ങളുടെയും ഗവേഷണ രംഗത്തെയാണ് ബൗദ്ധിക ടാങ്കുകൾ കീഴടക്കിയിരിക്കുന്നത്. അതുകൊണ്ടാണ് അന്ന്, 1945 ൽ രാഷ്ട്രീയത്തിലിറങ്ങാൻ തുനിഞ്ഞ ആന്റണി ഫിഷറിനോട് ഭരണകൂടത്തെയും നിയന്ത്രിക്കുന്ന സ്വതന്ത്ര ഗവേഷണ- സ്വാധീന സ്ഥാപനങ്ങൾ തുറക്കാൻ, നവലിബറലിസത്തിന്റെ നേതൃത്വത്തിൽ മുമ്പനായ ഫ്രെഡറിക് ഹയക് ആവശ്യപ്പെട്ടത്. മത്സ്യം പിടിക്കാൻ മെനക്കെടുന്ന മുക്കുവരോട്, അവർക്ക് അതിനു പകരം മനുഷ്യരെ പിടിക്കുന്ന വിദ്യ കാട്ടിത്തരാം എന്ന്​ യേശു ഉപദേശിച്ചത് ഓർക്കുക. അതുപോലെ അന്താരാഷ്ട്ര ഭരണകൂടങ്ങളെയാകെ നയപരമായി സ്വാധീനിക്കുന്ന അറിവിന്റെ നിർമാണ- വിതരണ വലകളാണ് ഈ ബൗദ്ധിക സംഭരണികൾ. രാഷ്ട്രാതിർത്തികളെയും രാഷ്ട്രങ്ങളുടെ സ്വത്വഭേദങ്ങളെയും നിലനിർത്തിക്കൊണ്ടുതന്നെ, ഈ അതിർത്തികളെയെല്ലാം മായ്ച്ചുകളയുന്ന ആഗോള രാഷ്ട്രീയ സമ്പദ്​വ്യവസ്​ഥയുടെ പുരോഹിതസമൂഹമാണ് ഈ സ്ഥാപനങ്ങൾ. അവരവരുടെ തനിമ പ്രകടിപ്പിക്കാൻ വ്യത്യസ്ത വേഷങ്ങൾ ധരിച്ച്​ദേവാലയത്തിൽ വന്നു മുട്ടുകുത്തുന്നവരെ പോലെ, ആഗോളമായി കെട്ടിപ്പടുത്തിരിക്കുന്ന ഈ നവ ലിബറൽ രാഷ്ട്രീയ സമ്പദ്ക്രമത്തിന്റെ വിശുദ്ധ കുർബ്ബാന കൊള്ളാൻ പല നിറമുള്ള പതാകകൾ പറത്തുന്ന രാഷ്ട്രങ്ങളും നിർബ്ബന്ധിതരാണിന്ന്.

ആന്റണി ഫിഷർ
ആന്റണി ഫിഷർ

ആന്റണി ഫിഷർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ ഫ്രെഡറിക് ഹയക് തടയുന്നതിനും പകരം സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ സ്വകാര്യ ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കൂ എന്നുപദേശിക്കുന്നതിനും മറ്റൊരു പ്രധാന കാരണമുണ്ട്​. രാഷ്ട്രീയത്തിൽ പക്ഷപാതിത്വമുള്ളതിനാൽ രാഷ്ട്രീയക്കാരുടെ അറിവുകളും പക്ഷപാതപരമായിരിക്കും എന്ന സാമൂഹ്യ ധാരണയെ മറികടക്കുന്നതിനാണിത്​. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കതീതമായ മായം കലരാത്ത അറിവു നിർമാണശാലകൾ സ്ഥാപിച്ചാൽ, അത്തരം അറിവുകളുടെ നിഷ്പക്ഷതയും വിശുദ്ധിയും ഉയർത്തിപ്പിടിച്ച്​, പക്ഷം തിരിഞ്ഞ്​ വാഗ്വാദം നടത്തുന്ന പാർലമെന്ററി രാഷ്ട്രീയത്തിൽ ഏതു കക്ഷിക്കും അനുസരിക്കേണ്ടി വരുന്ന പക്ഷമില്ലാത്ത അറിവ് നൽകി പൊതുസമ്മതി സാധ്യമാക്കാം. അങ്ങനെ ഏതു കക്ഷിക്കും അനുസരിക്കേണ്ട സാമൂഹ്യസത്യത്തിന്റെ ഉല്പാദനശാലകൾ എന്ന കപടബോധമാണ് ബൗദ്ധിക ടാങ്കുകൾ സൃഷ്ടിക്കുന്നത്.

ബൗദ്ധിക സംഭരണികൾ സർവകലാശാലകളുടെ അറിവു നിർമ്മാണ പ്രവർത്തനത്തെ അനുകരിച്ച്​ അറിവുസ്വകാര്യവൽക്കരണത്തിന്റെ പുത്തൻ അധ്യായം തന്നെ രചിച്ചിരിക്കുന്നു.

യഥാർത്ഥത്തിൽ ജനായത്ത സംവിധാനത്തിനകത്ത് മൂന്നാംലോക രാജ്യങ്ങളിൽ പൊതുനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സർവ്വകലാശാലകൾ നടത്തുന്ന ഗവേഷണങ്ങളുടെ നീതിനിഷ്ഠയിൽ വിറളി പൂണ്ടതിനാലാണ് പൊതുതാൽപര്യങ്ങൾ ബാധിക്കാത്ത സ്വകാര്യ ഗവേഷണശാലകൾ നിലവിൽ വരുന്നത്. അവ സിവിൽ സമൂഹത്തിൽ മറഞ്ഞിരുന്ന് സോഷ്യൽ ഓഡിറ്റിംഗിനു വിധേയമാകാത്ത അറിവിന്റെ ഏകാധിപത്യശാലകളായി പ്രവർത്തിക്കുന്നു. മാത്രമല്ല, ഇവർ പഴയ അറിവുകളെ പുതിയ കുപ്പിയാലാക്കുന്ന തന്ത്രശാലികളാണെന്നും ഈ അറിവുകൾ തികച്ചും പക്ഷപാതപരമാണെന്നും ഡയനാ സ്റ്റോൺ (Diane Stone) ചൂണ്ടിക്കാട്ടുന്നു.

തത്യാന ബെയ്ജനോവ, ഡയനാ സ്റ്റോൺ
തത്യാന ബെയ്ജനോവ, ഡയനാ സ്റ്റോൺ

ബൗദ്ധിക സംഭരണികൾ സർവകലാശാലകളുടെ അറിവു നിർമ്മാണ പ്രവർത്തനത്തെ അനുകരിച്ച്​ അറിവുസ്വകാര്യവൽക്കരണത്തിന്റെ പുത്തൻ അധ്യായം തന്നെ രചിച്ചിരിക്കുന്നു. ഗവേഷണവും സർക്കാർ നയങ്ങളുടെ വിശകലനവുമാണ് ഇവയുടെ രണ്ടു പ്രവർത്തന മേഖലകൾ. അക്കാദമിക് കാര്യങ്ങളിലെ മികവ്, ബൗദ്ധിക സ്വാതന്ത്ര്യം, ഡോക്ടറേറ്റ് നേടിയവർക്കുള്ള തൊഴിൽ മേഖല എന്നിങ്ങനെ യൂണിവേഴ്‌സിറ്റകളുടെ ഘടന നമുക്കിവയിൽ കാണാമെങ്കിലും, ഭരണനയങ്ങൾ രൂപീകരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനും യൂണിവേഴ്‌സിറ്റികൾക്കും ഇടയിൽ പുതുതായി വന്ന ഒരു ഇടനിലക്കാരന്റെ റോളാണ് തിങ്ക് ടാങ്കുകൾ വഹിക്കുന്നതെന്നു തത്യാന ബെയ്ജനോവ (Tatyana Bajenova ) പറയുന്നു. അവർ അമൂർത്തമായ ആശയങ്ങളെ പ്രായോഗികമായ ഭരണ നയപരിപാടികളാക്കി ഭരണനേതൃത്വത്തിനു നൽകുന്നു. അതേപോലെ, ഇത്തരം വിവരങ്ങൾ മാധ്യമങ്ങൾക്കു കൈമാറുന്നു. ഒപ്പം സർവ്വകലാശാലകളുമായി - അക്കാദമിക് സമൂഹവുമായി- ഇവർ സജീവബന്ധം നിലനിർത്തുന്നു. ഭരണവർഗം, ബിസിനസ്​ ലോകം, മാധ്യമങ്ങൾ, പൊതുസമൂഹം എന്നിങ്ങനെ ഓരോ വിഭാഗങ്ങളെയും ബന്ധപ്പെടുന്നതിനും കൂട്ടിയിണക്കുന്നതിനും പ്രത്യേകം വൈദഗ്ധ്യം ഇവർക്കുണ്ട്.

ബൗദ്ധിക സംഭരണികൾ ഗവേഷണ ബിരുദധാരികളുടെ നവ ലിബറൽ തൊഴിൽ മേഖലയായതിനാൽ അറിവു നിർമാണവർഗ്ഗത്തെ അപ്പാടെ സ്വതന്ത്ര വിപണിയുടെ നടത്തിപ്പുകാരാക്കി, അവരുടെ സർഗ്ഗാത്മകതയെ നിശ്ചിതപാതയിലൂടെ മാത്രം സഞ്ചരിക്കുന്ന വിധത്തിൽ നിയന്ത്രിക്കുവാൻ സാധിക്കുന്നു. സാമൂഹ്യ അതിജീവനത്തിന്റെ നാനാമുഖമായ സാധ്യതകളിലേക്കുള്ള യാത്രയെ ഛിദ്രമാക്കുകയാണ് ഇതു വഴി തിങ്ക് ടാങ്കുകൾ ചെയ്യുന്നത്. മനുഷ്യരുടെ സർഗ്ഗാത്മകതയും ഭാവനാശേഷിയും നവ ലിബറൽ ആശയ പോരാട്ടത്തിനായി മൊത്തമായും ചില്ലറയായും ബൗദ്ധിക സംഭരണികളിലൂടെ വിലയ്‌ക്കെടുത്തിരിക്കുന്നു.

രണ്ടാം ലോക യുദ്ധത്തിൽ ഉപയോഗിച്ച ടാങ്ക് / Photo: Wikimedia Commons
രണ്ടാം ലോക യുദ്ധത്തിൽ ഉപയോഗിച്ച ടാങ്ക് / Photo: Wikimedia Commons

തിങ്ക് ടാങ്ക് എന്ന ഇംഗ്ലീഷ് വ്യവഹാരത്തിൽ അധികാരത്തിന്റെ രണ്ടു പ്രയോഗങ്ങളും - ആയുധവും അറിവും- സമ്മേളിക്കുന്നതു കാണാം. ‘തിങ്ക് 'എന്നത് അറിവിനെ കുറിക്കുമ്പോൾ ‘ടാങ്ക് 'എന്നത് സായുധമായ ആധുനിക യുദ്ധവാഹനമാണ്. ഒന്നാം ലോകയുദ്ധാരംഭത്തിൽ, 1915 ലാണ് ആദ്യമായി സായുധ യുദ്ധവാഹനങ്ങൾ ഉപയോഗിക്കപ്പെടുന്നത്. അന്ന് ഇത്തരം യന്ത്രവാഹനത്തെ സൂചിപ്പിക്കാൻ ഒരു രഹസ്യഭാഷ ആവശ്യമായി വന്നപ്പോൾ ബ്രിട്ടീഷ് സൈനികനേതൃത്വം ജലസംഭരണി എന്നർത്ഥം വരുന്ന ‘ടാങ്ക് 'മതിയെന്നു തീരുമാനിച്ചു. പിന്നീടത് എല്ലാ ഭാഷയിലും സായുധ യുദ്ധവാഹനത്തിന്റെ പേരായി. രണ്ടാംലോക യുദ്ധമായപ്പോൾ സൈനികതന്ത്രങ്ങൾ മെനയാൻ രഹസ്യമായി കൂടിച്ചേരുന്ന കേന്ദ്രത്തെ തിങ്ക് ടാങ്ക് എന്നു പറഞ്ഞു വന്നു. 1980-90കൾ മുതലാണ് സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണം നടത്തുകയും ഭരണകൂടങ്ങളെ നയപരമായി കാര്യങ്ങളിൽ സ്വാധീനിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ തിങ്ക് ടാങ്കുകൾ എന്നു വിളിക്കുന്നത്.

നവ ലിബറലസം ഏതു കാറ്റിലും കോളിലും തകരാതെ മുന്നേറുന്നതിന്റെ കാരണങ്ങളിൽ പ്രധാനമായ ഒന്ന്, ബൗദ്ധിക സംഭരണികൾ കൊണ്ട് നിർമിക്കപ്പെട്ട അറിവിന്റെ വലക്കണ്ണികളുടെ അമൂർത്ത സാന്നിദ്ധ്യമാണ്. പരസ്യവാക്യം പോലെയും നാം എത്തുമ്പോൾ താനേ തുറക്കുന്ന ചില്ലുവാതിലുകൾ പോലെയും അവിടെ പുഞ്ചിരിയോടെ നമ്മെ സ്വീകരിക്കുന്ന സെയിൽസ് ആതിഥേയരെപ്പോലെയും അത്രമേൽ മൃദുവാണ് അറിവിന്റെ തലോടൽ. ‘സന്ധ്യമയങ്ങും നേരം' എന്ന സിനിമയിൽ കൊടിയേറ്റം ഗോപിയുടെ നായക കഥാപാത്രം എഴുത്തുതൂവൽ കൊണ്ട് ഭാര്യയെ ഇക്കിളിയിട്ടു കൊല്ലുന്നതോർക്കുക. ▮

(തുടരും)


അശോകകുമാർ വി.

അധ്യാപകൻ. സാഹിത്യം, പരിസ്​ഥിതി, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments