ധൂർത്തടിക്കുകയാണോ കേരളം? കള്ളം പറയില്ല, കണക്കുകൾ

ഒറ്റതിരിഞ്ഞ് കേരളത്തെ ആക്രമിക്കുന്നതിന് കാരണമെന്താണ്? വൻകിട കുത്തക മാധ്യമങ്ങളും യൂണിയൻ ഗവൺമെന്റ് തന്നെയും ആക്രമണങ്ങൾ അഴിച്ചുവിട്ട് കേരളത്തെ അപകീർത്തിപ്പെടുത്തുന്നത് എന്തുകൊണ്ടാണ്? നിലവിലുള്ള സംവിധാനത്തിനകത്തുനിന്നുതന്നെ അത് പ്രതിരോധത്തിന്റെ ബദലുകൾ ഉയർത്തുന്നു എന്നത് തന്നെയാണ് കാരണം.

മ്പളം കൊടുത്ത് തുലയുകയാണോ കേരളം?
ആകെ വരുമാനത്തിന്റെ വലിയൊരു ഭാഗം  ശമ്പളത്തിനും പെൻഷനുമായി ചെലവാക്കുകയാണ് നമ്മൾ എന്നാണ് പരാതി. ധൂർത്തും കെടുകാര്യസ്ഥതയുമാണ് സർക്കാറിന്റെ മുഖമുദ്ര എന്നതാണ് ആക്ഷേപം.
പലിശ കൊടുത്ത് മുടിയുകയാണ് സംസ്ഥാനം എന്നതാണ് മറ്റൊരു വിമർശനം. എല്ലാത്തിനും കേന്ദ്രത്തെ ആശ്രയിക്കുന്നതിനുപകരം തനത് വരുമാനം കണ്ടെത്തുന്നില്ല എന്ന പരാതിയും വ്യാപകമാണ്.

ഇതിൽ ഓരോന്നും എടുത്ത് പരിശോധിച്ചു പോയാലേ നിജസ്ഥിതി ബോധ്യപ്പെടൂ.

മുഖ്യമന്ത്രി പിണറായി വിജയനും ധനമമന്ത്രി കെ.എന്‍ ബാലഗോപാലും നിയമസഭയില്‍. മന്ത്രിമാരായ വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സമീപം

ശമ്പളവും
പെൻഷനും

ശരിയാണ്, നല്ലൊരു തുക ശമ്പളത്തിനും പെൻഷനുമായി ചെലവാകുന്നുണ്ട്. പക്ഷേ ആർക്കാണ് ശമ്പളവും പെൻഷനും കൊടുക്കുന്നത്? നിങ്ങളുടെ വൃദ്ധമാതാപിതാക്കളെ ശുശ്രൂഷിക്കുന്ന ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ. നിങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന അധ്യാപകർ, നിങ്ങളുടെ ക്രമസമാധാന പാലനത്തിനെത്തുന്ന പോലീസുകാർ, തീപ്പിടുത്തത്തിന് ഓടിയെത്തുന്ന ഫയർ സർവീസ്. ഇതൊന്നും വേണ്ടെന്നുവെച്ചാൽ ചെലവ് കുറയും, ശമ്പളത്തുക പൂജ്യമാവും. പക്ഷേ അത് നടപ്പില്ലല്ലോ. അപ്പോൾ നാം പരിശോധനാ വിഷയമാക്കേണ്ടത് മറ്റു സംസ്ഥാനങ്ങളിലെ ചെലവുമായുള്ള താരതമ്യമാണ്.

വിദ്യാഭ്യാസത്തിന്റെ കാര്യം

ഇന്ത്യയിൽ ശരാശരി പ്രതിശീർഷ വിദ്യാഭ്യാസച്ചെലവ് 5300 രൂപയും പ്രതിശീർഷ ആരോഗ്യച്ചെലവ് 2300 രൂപയുമായിരിക്കെ, കേരളത്തിൽ ഇത് 7122 രൂപയും 2792 രൂപയുമാണ് എന്ന് State of the state Finances 2022-23 PRS Legislative research പറയുന്നു. എന്നു വെച്ചാൽ നമ്മുടെ പൊതുവിദ്യാഭ്യാസമേഖലക്കായി നാം കാശ് കൂടുതൽ ചെലവഴിക്കുന്നു എന്നും ആരോഗ്യമേഖലയിൽ നല്ല സർക്കാർ ഇടപെടൽ ഉണ്ടാവുന്നു എന്നുതന്നെയാണർത്ഥം. 2022-23 ൽ ശമ്പളച്ചെലവിനായി ബഡ്ജറ്റിൽ നീക്കിവെച്ച 42,080 കോടി രൂപയിൽ 20,593 കോടിയും (എന്നുവെച്ചാൽ പാതിയോളം സംഖ്യ) അദ്ധ്യാപകർക്ക് കൂലി കൊടുക്കുന്നതിനായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അതുകൂടി കാരണമാണ് വിദ്യാഭ്യാസ കാര്യത്തിൽ കേരളം ബഹുദൂരം മുന്നിൽ നിൽക്കുന്നത്. അതുകൊണ്ടാണ്, ബിരുദധാരി കളായ സ്ത്രീകളുടെ എണ്ണം ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം മാറിയത്. അതുകൊണ്ടാണ്, നമ്മുടെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഒഴുകിയെത്തുന്നത്. ഈ ഒഴുക്ക് തിരിച്ചാക്കിയാൽ മതി, അതിനുവേണ്ടി ചെലവാക്കുന്ന കാശ് ഗണ്യമായി വെട്ടിക്കുറയ്ക്കാനാവും. പക്ഷേ അത്തരമൊരു പിറകോട്ടടി സാധ്യമല്ലാത്ത രീതിയിൽ മാറിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ സമൂഹം എന്നതാണ് വസ്തുത.

2022-23 ൽ ശമ്പളച്ചെലവിനായി ബഡ്ജറ്റിൽ നീക്കിവെച്ച 42,080 കോടി രൂപയിൽ 20,593 കോടിയും (എന്നുവെച്ചാൽ പാതിയോളം സംഖ്യ) അദ്ധ്യാപകർക്ക് കൂലി കൊടുക്കുന്നതിനായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അതുകൂടി കാരണമാണ് വിദ്യാഭ്യാസ കാര്യത്തിൽ കേരളം ബഹുദൂരം മുന്നിൽ നിൽക്കുന്നത്. അതുകൊണ്ടാണ്, ബിരുദധാരി കളായ സ്ത്രീകളുടെ എണ്ണം ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം മാറിയത്.

ആരോഗ്യമേഖലയോ?

ആരോഗ്യ മേഖലയിലെ സ്ഥിതി ഒന്ന് സൂക്ഷ്മമായി വിലയിരുത്താം. ദേശീയ ആരോഗ്യ മിഷൻ പ്രസിദ്ധപ്പെടുത്തിയ Rural health statistics പ്രകാരം, കേരളത്തിൽ 1919 പേർക്ക് ഒരു സബ് സെന്റർ ഉള്ളപ്പോൾ ദേശീയ ശരാശരി ഇതിന്റെ മൂന്നിരട്ടിയാണ്. 5734 പേർക്ക് ഒരു സബ് സെന്ററാണ് ദേശീയ ശരാശരി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ 12, 844 പേർക്ക് ഒന്ന് എന്നതാണ് കേരളത്തിലെ സ്ഥിതി. അതിന്റെയും ഏതാണ്ട് മൂന്നിരട്ടിയാണ് ദേശീയ ശരാശരി. 35,602 എന്നതാണ് കൃത്യം കണക്ക്. എന്നുവെച്ചാൽ അഖിലേന്ത്യാ ശരാശരിയുടെ മൂന്നിരട്ടി സൗകര്യങ്ങളാണ് കേരളത്തിലുള്ളത് എന്നാണല്ലോ. അപ്പോൾ ചെലവും കൂടും. ഇത് തിരിച്ചിട്ടാൽ, വേണ്ട, മറ്റു സംസ്ഥാനങ്ങൾക്കൊപ്പമെത്തിച്ചാൽ, ഏറെ ലാഭിക്കാനാവും. പക്ഷേ കേരളത്തിന് അത് താങ്ങാനാവുമോ എന്നതാണ് ചോദ്യം. അങ്ങനെ വന്നാൽ, ശിശുമരണ നിരക്ക് വികസിത സമ്പന്ന രാജ്യങ്ങളുടെതിന് സമാനമായ കേരളത്തിലെ ആശുപത്രികൾ യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലെ ആശുപത്രികളുടെ നിലവാരത്തിലേക്കുയരും. ആശുപത്രികളിൽ പ്രാണവായു കിട്ടാതെ മരിക്കുന്ന കുട്ടികളുടെ എണ്ണം ഉത്തരപ്രദേശിലേതിന് തുല്യമാവും.

മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇതിങ്ങനെ  മാറിത്തീർന്നതിനുപിന്നിൽ ഈ ‘അധികച്ചെലവി’ന് വലിയ പങ്കുണ്ട്.

2017ല്‍ ഗോരാപൂരില്‍(ഉത്തര്‍പ്രദേശ്) ഓക്സിജന്‍ ലഭിക്കാതെ 60 കുട്ടികളുടെ മരണം നടന്ന സാഹചര്യത്തില്‍ കുട്ടിയുടെ മൃദദേഹവുമായി പോകുന്ന ബന്ധു.

ധൂർത്തിന്റെ കഥ

ഇനി ധൂർത്തിന്റെ കാര്യം. ആപേക്ഷികമാണ് ധൂർത്ത് എന്ന പ്രയോഗം തന്നെ. റബർ കർഷകർക്ക് സബ്സിഡി നൽകുന്നത് ധൂർത്തായി തോന്നാം, എം.ആർ.എഫ് കമ്പനി ഉടമകൾക്ക്. പൊതുവിതരണത്തിൽ സർക്കാർ ഇടപെടൽ മറ്റൊരു ധൂർത്തായി വിലയിരുത്താൻ അതിന്റെ വിലയറിയാത്തവർ മുഴുവനുമുണ്ടാവും. ശമ്പളം ധൂർത്താണ് ചിലർക്ക്. പെൻഷൻ അനാവശ്യ ധൂർത്താണ് പലർക്കും. മന്ത്രിമാരുടെയും സ്റ്റാഫിന്റെയും എണ്ണമാണ് ചിലർക്ക് ധൂർത്ത്. അർത്ഥശൂന്യമായ ഇത്തരം ധൂർത്ത് വിവാദങ്ങളിൽ മുമ്പിലാണ് വാഹന ധൂർത്ത്. സമീപകാലത്തായി ഏറ്റവും ശക്തമായി ഉയരുന്ന ഒരാക്ഷേപമാണത്.

എന്നാൽ, വാഹനം വാങ്ങാൻ 2021 - 22 കാലത്ത് ബജറ്റ് രേഖകളനുസരിച്ച് ചെലവായത് ആകെ ചെലവിന്റെ 0.014 ശതമാനമാണ്. 2020 - 21 ൽ ഇത് 0.019 ശതമാനമാണ് എന്ന് എ.ജിയുടെ ഓഡിറ്റ് കണക്കുകൾ പറയുന്നു. അതേ കണക്കുകളനുസരിച്ച് ഇതേ കാലത്തെ പെട്രോൾ- ഡീസൽ ചെലവ് 0.08 ശതമാനവും 0.07 ശതമാനവുമാണ്. യാത്രാപ്പടി യഥാക്രമം 0.06 ശതമാനവും 0.068 ശതമാനവുമാണ്. ഇമ്മാതിരി കണക്കുകളൊന്നും നോക്കാത്ത, കാണാത്ത സാധാരണ മനുഷ്യരാണ് പ്രതിപക്ഷമുയർത്തുന്ന അന്തസ്സാരശൂന്യമായ ആക്ഷേപങ്ങൾക്ക് അടിപ്പെട്ട് പോവുക.

മുടിക്കുന്ന പലിശ?

പലിശ കൊടുത്ത് മുടിയുന്നു എന്നാണ് കേരളത്തിനെതിരെയുള്ള പരാതി. പ്രതിപക്ഷ നേതാവ് മുതൽ ഭാണപക്ഷത്തുണ്ടാവേണ്ട ഗവർണറടക്കം ഈ പരാതിക്കൊപ്പമാണല്ലോ. എന്താണ് യാഥാർത്ഥ്യം? കേരള സർക്കാർ മാത്രമല്ല, യൂനിയൻ ഗവൺമെന്റും പലിശക്ക് വായ്പയെടുത്തിട്ടുണ്ടല്ലോ. അവിടെ അത് ആകെ ചെലവിന്റെ 22.46 ശതമാനമാണ്. എന്നാൽ കേരളത്തിൽ ഇത് 14.28 ശതമാനമാണ്. എന്നു വെച്ചാൽ  കേരളത്തിന്റെ പലിശച്ചെലവിനേക്കാൾ 57 ശതമാനം കൂടുതലാണ് യൂനിയൻ സർക്കാർ പലിശക്കായി ചെലവാക്കുന്നത് എന്നുതന്നെ. യൂനിയൻ ഗവൺമെന്റിന്റെ അനുവാദം വേണം സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ. പക്ഷേ ഓതിക്കോൻ മരമേറീട്ടും മുള്ളുന്നത് കണ്ടു നിൽക്കുകയാണ് വിമർശകർ. 

ധൂർത്ത് വിവാദങ്ങളിൽ മുമ്പിലാണ് വാഹന ധൂർത്ത്. സമീപകാലത്തായി ഏറ്റവും ശക്തമായി ഉയരുന്ന ഒരാക്ഷേപമാണത്.

കടമെടുക്കുന്നത് ഭാവിയിൽ വരുമാനം കൂട്ടുന്നതിനാണെങ്കിലോ? അതിനെയും എതിർത്തു തോൽപ്പിക്കാനാണ് യൂനിയൻ ഗവൺമെന്റിന്റെ ശ്രമം. കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാന വായ്പയായി കണക്കാക്കുന്ന മോദി സർക്കാർ തങ്ങൾ ദേശീയാപാതാ വികസനത്തിനായി എടുക്കുന്ന വായ്പ യൂണിയൻ സർക്കാറിന്റെ വായ്പയായല്ല പരിഗണിക്കുന്നത് എന്നതുകൂടി കൂട്ടി വായിച്ചാൽ കാര്യം വ്യക്തമാവും.

തനത് വരുമാനം കൂട്ടിക്കൂടേ?

എല്ലാത്തിനും യൂനിയൻ ഗവൺമെന്റിന് നേരെ കൈനീട്ടുന്നതിനു പകരം തനത് വരുമാനം കൂട്ടുന്നതിന് ശ്രമിക്കാനാണ് നോക്കേണ്ടത്, അക്കാര്യത്തിൽ വലിയ വീഴ്ചയാണ് കേരളം വരുത്തുന്നത് എന്ന ആക്ഷേപത്തിന്റെ യഥാർത്ഥ സ്ഥിതിയറിയാനും കണക്കുകളെത്തന്നെ ആശ്രയിക്കേണ്ടതുണ്ട്.

 2023 മാർച്ചിലെ സി എ ജി യുടെ താൽക്കാലിക കണക്കനുസരിച്ച് കേരളത്തിന്റെ തനതുവരുമാനം ആകെ വരവിന്റെ 59.51 ശതമാനം വരും. ഇതിനോട് കേന്ദ്രവിഹിതമായ 8.39, ഗ്രാന്റുകളായി കിട്ടുന്ന 17.52, വായ്പ 14.56 ശതമാനം വീതം കൂട്ടിയാൽ കിട്ടുന്നതാണ് ആകെ വരുമാനമായ 1,55,669 കോടി രൂപ. എന്നു വെച്ചാൽ 26 ശതമാനത്തിൽ താഴെയാണ് യൂണിയൻ സർക്കാറിൽ നിന്ന് ലഭിക്കുന്ന സഹായം എന്നു തന്നെ.

ഇതിൽ റവന്യൂ വരുമാനത്തിന്റെ സ്ഥിതിയോ? 2022-23 ലെ അക്കൗണ്ട്‌ ജനറലിന്റെ കണക്കുകൾ പ്രകാരം കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 70 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനമാണ്. ഇക്കാര്യത്തിൽ അഖിലേന്ത്യാ ശരാശരി 55 ആണ്. എന്നു വെച്ചാൽ ഇതര സംസ്ഥാനങ്ങളുടേതിനേക്കാൾ 15 ശതമാനം കൂടുതലാണ് കേരളത്തിന്റെ റവന്യൂ വരുമാനം എന്നു തന്നെ. ബീഹാറിൽ ഇത് 24 ശതമാനവും യു.പിയിൽ 47 ശതമാനവുമാണ് എന്നതുകൂടി ഇതിനോട് കൂട്ടിവായിക്കണം. ബീഹാറും യു.പിയും ദരിദ്ര സംസ്ഥാനങ്ങളാണ് എന്ന ന്യായം പറയാം. അത് നേരാണുതാനും. എന്നാൽ പഞ്ചാബോ? അവിടെ കേന്ദ്ര വിഹിതം 45, ഇവിടെ 26. ആ വിവേചനം കണക്കിലെടുക്കാതെയുള്ള ഏത് ആലോചനയും അർത്ഥശൂന്യമാണ്.
കണക്കുകൾ ഇങ്ങനെ നിന്ന് തിരിഞ്ഞു കൊത്തുമ്പോൾ വിമർശകർ ഉന്നയിക്കുന്ന ചോദ്യം നേരിട്ട് കേരളാ ഗവർണർ തന്നെ പരസ്യമായി ചോദിച്ചല്ലോ. 

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കള്ളും ലോട്ടറിയും?

ഗവർണർ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് ചോദിച്ചത്, ലോട്ടറിയും കള്ളും വിറ്റുണ്ടാക്കുന്ന പാപക്കാശല്ലേ അതെന്ന്! ലോട്ടറിയുടെ കാര്യം ആദ്യം പരിശോധിക്കാം. കേന്ദ്ര നിയമം അനുശാസിക്കുന്ന തനുസരിച്ച് ലോട്ടറി വിറ്റുവരവ് ഖജനാവിലേക്ക് അടയ്ക്കുന്നു എന്നത് ശരിയാണ്. സമ്മാനത്തിനും വിൽപ്പന കമീഷനുമായി അതിന്റെ 91.5 ശതമാനം ചെലവാകുന്നു എന്നാണ് കണക്ക്. അതിൽ നിന്ന് സർക്കാറിനുള്ള യഥാർത്ഥ വരുമാനം വെറും 3 ശതമാനമാണ് എന്നതാണ് വസ്തുത. 2022-23ൽ ലോട്ടറി വിൽപ്പന വരവ് 11,500 കോടി രൂപയാണ്. അതിന്റെ 3 ശതമാനമെന്നാൽ 345 കോടിയാണ്. പക്ഷേ അതോടൊപ്പം കൂട്ടേണ്ടതാണ് അതിന് കിട്ടുന്ന നികുതി. അത് 1500 കോടി വരും. രണ്ടും ചേർന്നാൽ 1845 കോടി. ഇത് നമ്മുടെ റവന്യൂ വരുമാനത്തിന്റെ 1.4 ശതമാനം മാത്രമാണ്. ഗവർണറാപ്പീസിൽ കണക്ക് മനസ്സിലാവുന്നവരെ നിയമിച്ചുകൊടുക്കാൻ സംസ്ഥാന സർക്കാർ മുൻ കൈയെടുത്താൽ വ്യാജ പ്രചാരണത്തിന്റെ വലിയൊരു ഉറവയാണ് അടയുക.

ആളുകളെ കുടിപ്പിച്ച് കൊല്ലുകയാണ് കേരളം എന്നാണ് പ്രചാരണം.
അത് ശരിയാണോ എന്ന് പരിശോധിക്കണമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലേതുമായി കേരളത്തിന്റെ എക്സൈസ്  വരുമാനത്തിന്റെ നില നോക്കേണ്ടിവരും. യോഗി ആദിത്യനാഥ് എന്ന സന്യാസി ഭരിക്കുന്ന യു.പിയിൽ കള്ളിന്റെ എക്സൈസ് വരുമാനം 31517 കോടി രൂപയാണ്. കേരളത്തിന്റെത് 2876 കോടി രൂപയും. മധ്യപ്രദേശിൽ 11873 കോടി രൂപയാണത്. റവന്യൂ വരുമാനത്തിന്റെ 21.8 ശതമാനമാണത് യു.പിയിൽ. മധ്യപ്രദേശിൽ 19.9 ശതമാനം. അതേയവസരം കേരളത്തിൽ അത് വെറും 3.1 ശതമാനമാണ്. ഗവർണർ സ്വന്തം നാട്ടിലെ കള്ള് വരുമാനം കുറച്ചിട്ട് വേണ്ടേ തന്റെ ചെലവ് നിറവേറ്റുന്ന കേരള സംസ്ഥാനത്തെ കുറ്റം പറയാൻ.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

എന്തുകൊണ്ടീ പക?

ഒറ്റതിരിഞ്ഞ് കേരളത്തെ ആക്രമിക്കുന്നതിനുള്ള കാരണമെന്താണ്? വൻകിട കുത്തക മാധ്യമങ്ങളും യൂണിയൻ ഗവൺമെന്റ് തന്നെയും വിവിധതരം ആക്രമണങ്ങൾ അഴിച്ചുവിട്ട് കേരളത്തെ അപകീർത്തിപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?

എല്ലാ അർത്ഥത്തിലും, നിലവിലുള്ള സംവിധാനത്തിനകത്തുനിന്നുതന്നെ അത് പ്രതിരോധത്തിന്റെ ബദലുകൾ ഉയർത്തുന്നു എന്നത് തന്നെയാണ് കാരണം. പൊതുമേഖലാ സ്ഥാപനങ്ങൾ തൂക്കി വിൽക്കണമെന്ന് യൂണിയൻ സർക്കാർ. അങ്ങനെ വിൽക്കരുത്, വിൽക്കുന്നെങ്കിൽ തങ്ങൾ അത് വാങ്ങും എന്ന് കേരളം.

വൈദ്യുതി മേഖലയിൽ ടോട്ടക്സ് മീറ്ററുകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ കേരളം ചെറുത്തു തോൽപ്പിച്ചത് സമീപകാലാനുഭവം.

സർക്കാർ പൊതുവിതരണത്തിൽ നിന്ന് പിന്മാറണം എന്ന് യൂണിയൻ ഗവൺമെന്റ്. മാർക്കറ്റിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിർത്തും എന്ന് കേരളം. വിദ്യാഭ്യാസവും ആരോഗ്യവുമെല്ലാം സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കണം എന്ന് യൂണിയൻ ഗവൺമെന്റ്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് കുട്ടികൾ ഒഴുകിയെത്തുംവിധം പൊതുവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തി കേരളം. പരിമിത വിഭവങ്ങളുടെ തടസ്സങ്ങളിൽ നിന്നെല്ലാം കുതറിമാറി ആശ്വാസ നടപടികളും ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കേരളത്തെ പാതാളക്കുഴിയിലേക്ക് ചവുട്ടിയാഴ്ത്താനാണ് പുതിയ വാമനവേഷങ്ങൾ ഒത്തുചേർന്ന് പരിശ്രമിക്കുന്നത്. എന്നാൽ വിട്ടുവീഴ്ചയില്ലാതെ ഒരു നവകേരളം കെട്ടിപ്പടുക്കാനാണ് കേരള സർക്കാർ പിടയുന്നത്.

അർഹതപ്പെട്ട വിഹിതം നിഷേധിച്ചും വരുമാനം പങ്കിടുന്നതിൽ വിവേചനം അടിച്ചേൽപ്പിച്ചും പരമാവധി തടസ്സങ്ങൾ സൃഷ്ടിച്ചും ഈ ജനകീയ ബദലിനെ ഞെരിച്ചമർത്താനുള്ള മൂലധന താൽപര്യത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. അക്കാര്യം പരമാവധി ജനങ്ങളിലേക്കെത്തിക്കാനാണ് കേരളത്തിലുടനീളം മന്ത്രിസഭ നേരിട്ടെത്തി നവകേരള സദസ്സുകൾ സംഘടിപ്പിക്കുന്നത്. മന്ത്രിമാരെല്ലാം കൂടി സഞ്ചരിക്കുന്ന ബസിന്റെ വിലയാണ് ഇപ്പോൾ ചർച്ചാവിഷയമാക്കി കോലാഹലം കൂട്ടുന്നത്. രണ്ട് നയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് യഥാർത്ഥ പ്രശ്നം.

Comments