പ്രകൃതി വിഭവ മൂല്യനിർണയത്തിൽ
​മുതലാളിത്തം തോൽക്കും, മാർക്​സിസമോ?

ഉൽപാദന വളർച്ചയുടെ മുന്നുപാധിയെന്ന നിലയിലുള്ള പ്രാകൃതിക വിഭവങ്ങളുടെ മൂല്യനിർണയത്തിൽ സംഭവിച്ച ഗുരുതര അലംഭാവം വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുന്നു, രാഷ്ട്രീയ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങൾ ഇവയെ എങ്ങിനെ വിശകലനം ചെയ്യുന്നുവെന്ന് പരിശോധിക്കപ്പെടുന്നു

ണ്ടര നൂറ്റാണ്ടിനുള്ളിലെ മുതലാളിത്ത വളർച്ചയും അതിനോടുള്ള പ്രതികരണമെന്ന നിലയിൽ വളർന്നുവന്ന സോഷ്യലിസ്റ്റ് പരീക്ഷണങ്ങളും അന്വേഷണങ്ങളും ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഒരു ദശാസന്ധിയിലാണ് ഇന്ന് ലോകം എത്തിനിൽക്കുന്നത്. ലാഭത്തെയും അതിന് മാത്രമായുള്ള ഉൽപാദന വളർച്ചയെയും ലക്ഷ്യമിട്ടുകൊണ്ടുള്ള മുതലാളിത്ത പ്രത്യയശാസ്ത്രം ഓരോ തവണയും അതിന്റെ പ്രതിസന്ധിയെ മറികടന്നത് പ്രകൃതി വിഭവങ്ങളുടെ കടുത്ത തോതിലുള്ള ചൂഷണത്തിലൂടെയും അതുവഴി പാരിസ്ഥിതിക സമൂഹങ്ങളെ അതത് ജൈവവ്യവസ്ഥയിൽ നിന്ന് അന്യവൽക്കരിക്കുന്നതിലൂടെയുമായിരുന്നു.

നിരന്തര വളർച്ച അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക മാതൃകകൾ അനിവാര്യമായും ചെന്നെത്തി നിൽക്കുന്ന പ്രതിസന്ധി മുതലാളിത്ത ഉൽപാദന വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. വ്യാവസായിക വികസനത്തിലൂടെയും അസമമായ സാമ്പത്തിക വളർച്ചയിലൂടെയും ഈ ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി ഗോളാതിർത്തികളെ മനുഷ്യൻ ഉല്ലംഘിച്ചിരിക്കുന്നു. അത് പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ച എന്ന ആശയത്തിന് പരിധികൾ സൃഷ്ടിച്ചിരിക്കുകയാണ്. പ്രകൃതി വിഭവങ്ങളുടെ മൂല്യനിർണയം നടത്തുന്നതിൽ മുതലാളിത്ത സാമ്പത്തിക സിദ്ധാന്തങ്ങൾ പരാജയപ്പെടുക തന്നെ ചെയ്യും. കാരണം അതിന്റെ അടിസ്ഥാനം തന്നെ പരമാവധി ലാഭം എന്ന കാഴ്ചപ്പാടിനെ ആധാരമാക്കിയുള്ളതാണ്.

അതേസമയം, മുതലാളിത്ത സാമ്പത്തിക യുക്തികൾക്കും ചൂഷണങ്ങൾക്കും പ്രത്യയശാസ്ത്രപരമായിത്തന്നെ എതിർചേരിയിൽ നിൽക്കുന്ന സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്കും അത്തരം പരീക്ഷണങ്ങൾക്ക് ചിന്താപരമായ പിൻബലം നൽകുന്ന മാർക്സിയൻ സാമ്പത്തിക ചിന്തകൾക്കും സമാനമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്നതെന്തുകൊണ്ടാണ്? മുതലാളിത്ത ഉൽപാദനക്രമത്തിൽ നിന്ന് ഒട്ടും ഭിന്നമല്ലാത്ത ഉൽപാദന സമ്പ്രദായത്തെ കൈയ്യേൽക്കേണ്ടി വന്നതെന്തുകൊണ്ടാണ്? വിഭവ വിനിയോഗത്തിലും ചരക്കുൽപ്പാദനത്തിലും സ്വാഭാവികമായും ഉൾച്ചേർന്ന വിഭവശോഷണം എന്ന പ്രതിസന്ധിയെ ഭൗതികശാസ്ത്ര നിയമങ്ങളുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ സാധിക്കാതെ പോയതെന്തുകൊണ്ടാണ്? പുതിയ കാലത്ത് വളർന്നുവികസിച്ചുവരുന്ന ഇക്കോളജിക്കൽ മാർക്സിസത്തിന് ഈയൊരു വിഷയത്തെ അഭിമുഖീകരിക്കുന്നതിൽ സംഭവിക്കുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്?

ഉൽപാദന വളർച്ചയുടെ മുന്നുപാധിയെന്ന നിലയിലുള്ള പ്രാകൃതിക വിഭവങ്ങളുടെ മൂല്യനിർണയത്തിൽ സംഭവിച്ച ഗുരുതര അലംഭാവം പ്രകൃതി വിഭവങ്ങളുടെ ധൂർത്തിനും ശോഷണത്തിനും വൻതോതിൽ കാരണമായിട്ടുണ്ട്. അവയെ വസ്തുനിഷ്ഠമായി വിലയിരുത്താനും രാഷ്ട്രീയ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങൾ ഇവയെ എങ്ങിനെ വിശകലനം ചെയ്യുന്നുവെന്ന് മനസ്സിലാക്കാനു​മുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

ഉൽപാദനത്തിന്റെ പാരിസ്ഥിതിക അതിരുകൾ

ഉൽപാദനത്തെയും അവയ്ക്ക് ബാധകമായ പാരിസ്ഥിതിക അതിരുകളെയും സംബന്ധിച്ച വിശകലനം ആരംഭിക്കുന്നതിന് മുമ്പ് ഉൽപാദനം എന്ന പ്രക്രിയയെ സംബന്ധിച്ച വ്യക്തമായ ധാരണ അനിവാര്യമാണ്. സാമ്പത്തിക പ്രവർത്തനങ്ങൾക്കിടയിൽ നാം നടത്തുന്ന ഉൽപാദന പ്രക്രിയ എന്നത് യഥാർത്ഥത്തിൽ എന്താണ്? പ്രകൃതിയിൽ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന പ്രാകൃതിക വസ്തുക്കളെ ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തിപ്പിക്കുക (transformation) എന്ന പ്രക്രിയയാണ് വാസ്തവത്തിൽ മനുഷ്യൻ ചെയ്യുന്നത്.

പാരിസ്ഥിതിക പ്രതിസന്ധികൾ ഒരു ആഗോള പ്രശ്നമായി ഉയർന്നുവരികയും നിലവിലുള്ള ഉൽപാദന-സാമ്പത്തിക പ്രവർത്തനങ്ങളുടെ അനിവാര്യപരിണതിയെന്ന നിലയിലുള്ള ഒന്നാണെന്ന ബോധം പൊതുവിൽ ഉയർന്നുവന്നിട്ടുണ്ട്.

ഈയൊരു പരിവർത്തന പ്രക്രിയയെ ഉൽപാദനമായി വ്യാഖ്യാനിക്കുക മാത്രമാണ് നാം ചെയ്യുന്നത്. പദാർത്ഥങ്ങളുടെയും ഊർജ്ജരൂപങ്ങളുടെയും പരിവർത്തന പ്രക്രിയയ്ക്കിടയിൽ സംഭവിക്കുന്ന, ഒഴിവാക്കാനോ തിരിച്ചുപിടിക്കാനോ സാധ്യമല്ലാത്ത, വിഭവശോഷണവും മാലിന്യോൽപാദനവുമടക്കമുള്ള നിരവധി പ്രശ്നങ്ങൾ അടങ്ങിയിരിക്കുന്നുണ്ട്.

www.cdyeta.wordpress.com
www.cdyeta.wordpress.com

ഉൽപാദനത്തിന്റെ പരിധിയോ മാനദണ്ഡമോ ആയി പ്രകൃതിയെ വിശകലനം ചെയ്യുന്നത് മൂലധന വിപുലീകരണത്തിന്റെയും സാങ്കേതിക മാറ്റത്തിന്റെയും നിലവിലെ സാഹചര്യങ്ങളിൽ വളർച്ചയുടെ പരിധിയെക്കുറിച്ചുള്ള ചോദ്യത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. പ്രകൃതി വിഭവ ആവശ്യകതകളുടെ അടിസ്ഥാനത്തിലും ഉൽപാദന, ഉപഭോഗ മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനും ലയിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ, വിഭവങ്ങളിൽ ഈ വികാസത്തിന്റെ സ്വാധീനം, ആഗോള പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവ വിശകലനം ചെയ്യുന്നതിനും ഇത് നമ്മെ നയിക്കുന്നു.

പാരിസ്ഥിതിക പ്രതിസന്ധി പൊതുവെ പ്രാദേശിക പ്രത്യാഘാതങ്ങളെന്ന നിലയിലാണ്, മറിച്ച് വളർച്ചയുടെ ഒരു പരിമിതിയായിട്ടല്ല, നാളിതുവരെ പരിഗണിക്കപ്പെട്ടതെന്ന് നാം ഓർത്തിരിക്കേണ്ടതുണ്ട്. എന്നാലിന്ന് പാരിസ്ഥിതിക പ്രതിസന്ധികൾ ഒരു ആഗോള പ്രശ്നമായി ഉയർന്നുവരികയും നിലവിലുള്ള ഉൽപാദന- സാമ്പത്തിക പ്രവർത്തനങ്ങളുടെ അനിവാര്യപരിണതിയെന്ന നിലയിലുള്ള ഒന്നാണെന്ന ബോധം പൊതുവിൽ ഉയർന്നുവന്നിട്ടുണ്ട്.

കാലാവസ്ഥ പ്രതിസന്ധി, വിഭവ ശോഷണം, പാരിസ്ഥിതിക അസന്തുലിതാവസ്ഥ, ഭക്ഷണ- പോഷകാഹാര പ്രതിസന്ധി, ദാരിദ്ര്യം, മഹാമാരികൾ തുടങ്ങിയ അന്തർദ്ദേശീയ മാനങ്ങളുള്ള പ്രശ്നങ്ങളായി അവതരിക്കപ്പെടാനും ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള വ്യവസ്ഥാചട്ടക്കൂടിൽ നിന്ന്​ പ്രതിസന്ധികളെ നേരിടാനുള്ള മൂലധനത്തിന്റെ പുതിയ തന്ത്രങ്ങളെ- സാങ്കേതിക നവീകരണം, പുതിയ ഉൽപ്പന്നങ്ങൾ, വിപണി വിപുലീകരണം, പരിസ്ഥിതി സംരക്ഷണം- ചോദ്യം ചെയ്യാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. അതോടൊപ്പം, വിഭവ വിനിയോഗത്തിലെ പ്രകടമായ വർഗ വിവേചനത്തിന്റെ വെളിച്ചത്തിൽ കൂടി വേണം ഈ പരിധികളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഏർപ്പെടാൻ. ഉൽപാദന പ്രക്രിയകൾക്ക് സ്വാഭാവിക പ്രപഞ്ച നിയമങ്ങൾ സൃഷ്ടിക്കുന്ന പരിധികളെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ വിഭവ വിനിയോഗത്തിലെ തുല്യതയെ സംബന്ധിച്ചും ഭാവിതലമുറകൾക്ക് വേണ്ടി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കപ്പെടുന്നതിനെക്കുറിച്ചും ഉള്ള വിചിന്തനങ്ങൾ പ്രധാനമാണ്. ഉൽപാദനോപാധികളുടെ സ്ഥായിത്വം, അവ പുതുക്കപ്പെടാൻ (Renew) ആവശ്യമായകാലം എന്നിവ കൂടി പരിഗണിക്കുന്ന ഉത്പാദന മാതൃകകൾ കണ്ടെത്താനുള്ള അന്വേഷണം ഇതേകാരണം കൊണ്ട് പ്രാധാന്യമർഹിക്കുന്നു.

അസന്തുലിത വികസനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ

സാമൂഹിക- സാമ്പത്തിക ഘടനകളുടെ രൂപീകരണങ്ങളിൽ മൂലധനത്തിന്റെ സ്വാധീനത്തെക്കുറിച്ച് വളരെ ആഴത്തിൽ ചർച്ച നടന്നിട്ടുണ്ട്. ആഗോള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും മാനവികതയുടെ പൊതുവായ ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള സംവാദങ്ങളും കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ നടന്നുകഴിഞ്ഞിരിക്കുന്നു. വികസന പ്രവർത്തനങ്ങളുടെ തിരിച്ചടികളെ സംബന്ധിച്ച ബോദ്ധ്യങ്ങളും ഇന്ന് പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

നഗര കേന്ദ്രീകൃത വ്യാവസായിക വളർച്ച, ഗ്രാമ- നഗര വിഭജനം, പ്രാദേശിക കുടിയേറ്റം എന്നിവയൊക്കെയും സാമൂഹിക ധ്രവീകരണത്തിന്റെ നേർക്കാഴ്ചകളാണ്.

വികസന മേഖലകളിലെ അസമത്വത്തെ സംബന്ധിച്ച സൈദ്ധാന്തിക- വസ്തുനിഷ്ഠ പഠനങ്ങളും സമ്പന്നരുടെയും ദരിദ്ര രാജ്യങ്ങളുടെയും പാരിസ്ഥിതിക പ്രശ്നങ്ങൾ തമ്മിലുള്ള വ്യത്യാസത്തെ ഊന്നിപ്പറയുന്നതിലേക്ക് എത്തിയിട്ടുണ്ട്. അതുപോലെ, രാജ്യങ്ങൾക്കിടയിൽ പാരിസ്ഥിതിക ചെലവുകളുടെ അസമമായ വിതരണം, വടക്കും തെക്കും തമ്മിലുള്ള അസമമായ കൈമാറ്റം വഴി സൃഷ്ടിക്കപ്പെടുന്ന സാമൂഹിക വർഗങ്ങൾ, അമിതമായി ചൂഷണം ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന വിഭവക്ഷയം, മലിനീകരണങ്ങൾ എന്നിവ ഇന്ന് പൊതുശ്രദ്ധയിലേക്ക് പതുക്കെയെങ്കിലും കടന്നുവരുന്നുണ്ട്. തെറ്റായ സാങ്കേതിക മാതൃകകൾ അവതരിപ്പിച്ചതിലൂടെ ഉണ്ടാകുന്ന വനനശീകരണം, മണ്ണൊലിപ്പ്, ലവണീകരണം, മരുവൽക്കരണം എന്നിവ മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠതയും അതുവഴി ഉൽപാദന ക്ഷമതയും കുറയുന്നതു പോലെ പരിസ്ഥിതി നശീകരണത്തിന്റെയും സാമൂഹിക ധ്രുവീകരണത്തിന്റെയും സംയോജിത ഫലങ്ങൾ കാണാൻ ഇത് നമ്മെ സഹായിക്കുന്നു.

System of a natural cycle of matter automatisms, the spiral wave-particle form, by Alexander Makeyev / Photo: Wikimedia Commons
System of a natural cycle of matter automatisms, the spiral wave-particle form, by Alexander Makeyev / Photo: Wikimedia Commons

നഗര കേന്ദ്രീകൃത വ്യാവസായിക വളർച്ച, ഗ്രാമ- നഗര വിഭജനം, പ്രാദേശിക കുടിയേറ്റം എന്നിവയൊക്കെയും സാമൂഹിക ധ്രവീകരണത്തിന്റെ നേർക്കാഴ്ചകളാണ്. ഇവയൊക്കെയും ഇപ്പോൾത്തന്നെ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നത് നാം കാണുന്നു. വിഭവാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന്​ അന്തർദ്ദേശീയവും ആഭ്യന്തരവുമായ കോളണികളുടെ രൂപീകരണത്തിക്ക് നയിക്കുന്നതും അതിന്റെ തിക്തഫലങ്ങൾ പേറാൻ തദ്ദേശീയ സമൂഹങ്ങളും ജൈവവ്യവസ്ഥയും നിർബന്ധിതമാക്കപ്പെടുകയും ചെയ്യുന്നത് പാരിസ്ഥിതിക സുസ്ഥിരതയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളെ കൂടുതൽ ദുർബലപ്പെടുത്തും. പാരിസ്ഥിതിക സുസ്ഥിരതയ്ക്കു വേണ്ടിയുള്ള തന്ത്രങ്ങൾ സംയോജിപ്പിക്കാൻ പ്രാപ്തിയുള്ള ഒരു ബദൽ ഉൽപാദന മാർഗത്തെക്കുറിച്ചും അതിന് അനുയോജ്യവും യുക്തിസഹവുമായ വിപണി രൂപീകരണത്തെക്കുറിച്ചും ചിന്തിച്ചുകൊണ്ടേ പരിസ്ഥിതി രാഷ്ട്രീയ സമ്പദ്​വ്യവസ്​ഥ കെട്ടിപ്പടുക്കാൻ കഴിയൂ.

നിയോക്ലാസിക്കൽ സാമ്പത്തിക സിദ്ധാന്തങ്ങൾ

പരിസ്ഥിതി നാശം, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം, എന്നിവയാണ് വർത്തമാന വ്യവസ്ഥയിൽ മൂലധന ശേഖരണ പ്രക്രിയയുടെ ഫലം. ഈയൊരു പ്രക്രിയയ്ക്കിടയിൽ സംഭവിക്കുന്ന, പൊതുവായി ഉപയുക്തമാക്കപ്പെടേണ്ടുന്ന, പ്രകൃതി വിഭവങ്ങളുടെ ക്ഷയം ഒരു പ്രധാന പ്രശ്നമായി കണക്കാക്കപ്പെടാത്തത്, അവയെ മൂലധനത്തിന്റെ വിശാലമായ പുനരുൽപാദനച്ചെലവ് എന്ന നിലയിൽ പരിഗണിക്കപ്പെടുന്നതുമൂലമാണ്. അതായത്, പാരിസ്ഥിതികവും സാമൂഹികവുമായ ചെലവുകൾ സാമ്പത്തിക ബാഹ്യമായ ഒന്നായിട്ടാണ് സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളിൽ പരിഗണിക്കപ്പെടുന്നതെന്നർത്ഥം.

മൂലധന ശേഖരണവുമായി ബന്ധപ്പെട്ട രണ്ട് പ്രക്രിയകളാണ് ഇതിലേക്ക് നയിക്കുന്നത്. ഒരുഭാഗത്ത്, പ്രാകൃതിക വിഭവങ്ങൾക്ക് ഒരു മൂല്യം നിർണ്ണയിക്കുന്നതിൽ പരാജയപ്പെടുന്നതിലൂടെ സംഭവിക്കുന്ന അമിത വിഭവ വിനിയോഗം. മൂലധനത്തിന്റെ വിപുല ശേഖരണം ലക്ഷ്യമിട്ടുകൊണ്ടുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ ഉൽപാദന-ഉപഭോഗത്തെ ത്വരിതപ്പെടുത്തുകയും പ്രകൃതിവിഭവങ്ങളുടെ വിപുലമായ ആവശ്യം (demand) സൃഷ്ടിക്കുകയും ചെയ്യുന്നു.

മറുവശത്ത്, സാങ്കേതിക വികാസങ്ങളിലൂടെ കൂടുതൽ വിനാശകരമായ ഉൽപാദന പ്രക്രിയകൾ സൃഷ്ടിക്കുകയും, പുനരുൽപ്പാദിപ്പിക്കാനാവാത്ത വിഭവങ്ങളുടെ ഊറ്റൽ (extraction) ത്വരിതപ്പെടുത്തുകയും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും പുനരുജ്ജീവനവും കണക്കിലെടുക്കാതെ ഹ്രസ്വകാല ലാഭം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഉൽപാദന മാതൃകകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. ഇത് പാരിസ്ഥിതിക തകർച്ചകളിലേക്കും പാരിസ്ഥിതിക സമൂഹങ്ങളെ അഭയാർത്ഥികളാക്കി മാറ്റുന്നതിലേക്കും നയിക്കുന്നു.

സാമ്പത്തിക പ്രവർത്തനങ്ങളുടെ ഫലമായി ഉറവെടുക്കുന്ന പാരിസ്ഥിതിക-സാമൂഹ്യ ചെലവുകളെ ആന്തരികവൽക്കരിക്കാനുള്ള ശ്രമങ്ങൾ പുതിയ കാലത്ത് നടന്നുവരുന്നതായി കാണാം. പുതുതായി ഉയർന്നുവരുന്ന രാഷ്ട്രീയ സമ്മർദ്ദങ്ങളോടുള്ള പ്രതികരണം എന്ന നിലയിൽ അവയെ ഉൾച്ചേർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, മൂലധന ശേഖരണത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഉപാധിയെന്ന നിലയിൽ മാത്രമാണ് അത് കടന്നുവരുന്നത്. അതേസമയം, പ്രാകൃതിക മൂലധനത്തിന്റെ യഥാർത്ഥ മൂല്യനിർണ്ണയത്തെ സംബന്ധിച്ചോ അവയ്ക്ക് മേലുള്ള പൊതുവായ ഉടമസ്ഥതയെ സംബന്ധിച്ചോ ഉള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്നതും കാണാൻ സാധിക്കും.

നിയോക്ലാസിക്കൽ സമീപനത്തിൽ പ്രാകൃതിക മൂലധനം (natural capital) എന്ന ആശയം സ്വാംശീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. അതിൽ പ്രകൃതിയും സാമ്പത്തിക പ്രവർത്തന മേഖലകളിലെ പരിസ്ഥിതിയും ഉൾപ്പെടുന്നു. എന്നാലതേസമയം നിരന്തരവും ക്രമാതീതവുമായ വളർച്ച (exponential growth) എന്ന കാഴ്ചപ്പാടിനകത്തു നിന്നുകൊണ്ട് ജൈവവ്യവസ്ഥകളുടെ സങ്കീർണതകളെയും അവ തമ്മിലുള്ള പരസ്പരാശ്രിതത്വങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള മൂല്യനിർണയം അതിന് അന്യമായിരിക്കും എന്നതും അത്രതന്നെ യാഥാർത്ഥ്യമാണ്. ഈയൊരു അടിസ്ഥാന പ്രശ്നത്തെ അംഗീകരിക്കുന്നതിൽ നിയോക്ലാസിക്കൽ സമ്പദ്ശാസ്ത്രകാരന്മാർ വിമുഖരാണ് എന്നതും വർത്തമാന സാമ്പത്തിക- വികസന നയങ്ങൾക്ക് ആധാരമായിട്ടുള്ളത്​ നിയോക്ലാസിക്കൽ സാമ്പത്തിക സിദ്ധാന്തങ്ങളാണ് എന്നതും വിഷമവൃത്തമായി തുടരുന്നുണ്ട്.

പ്രകൃതിയിൽ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന പ്രാകൃതിക വസ്തുക്കളെ ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തിപ്പിക്കുക (transformation) എന്ന പ്രക്രിയയാണ് വാസ്തവത്തിൽ മനുഷ്യൻ ചെയ്യുന്നത്.     David Shankbone, wikipedia
പ്രകൃതിയിൽ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന പ്രാകൃതിക വസ്തുക്കളെ ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തിപ്പിക്കുക (transformation) എന്ന പ്രക്രിയയാണ് വാസ്തവത്തിൽ മനുഷ്യൻ ചെയ്യുന്നത്. David Shankbone, wikipedia

പ്രകൃതിയെ കമ്പോള (അല്ലെങ്കിൽ ആസൂത്രണ) വിലകളിലേക്ക് വിളക്കിച്ചേർക്കാനുള്ള ശ്രമങ്ങൾക്ക് പരിമിതികൾ ഏറെയുണ്ട്. പ്രത്യേകിച്ചും മൂലധന ഇടപെടലുകൾ ഒരുഭാഗത്ത് അതിശക്തമായി തുടർന്നുകൊണ്ടിരിക്കുമ്പോൾ ജൈവവ്യവസ്ഥകളുടെ പുനരുജ്ജീവനം, പ്രകൃതി വിഭവങ്ങളുടെ പുതുക്കൽ, പ്രകൃതിയുടെ വാഹകശേഷി എന്നിവയുടെ കാര്യത്തിൽ.

തൊഴിൽ പ്രക്രിയയെയും മൂലധന ചാക്രികതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ആശയം എന്ന നിലയിൽ, അധ്വാന മൂല്യത്തെ, ഉപയോഗ മൂല്യങ്ങളുടെയും വിനിമയ മൂല്യങ്ങളുടെയും ഉൽപാദനത്തിന് കാരണമാകുന്ന പ്രാകൃതിക പ്രക്രിയകളെ ആന്തരികവത്കരിക്കുന്നതിൽ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ കഴിയില്ല. പ്രകൃതിയെ വ്യതിരിക്തവും ഏകതാനവുമായ മൂല്യ യൂണിറ്റുകളായി വിഭജിക്കാനാവില്ല, എന്നതുകൂടാതെ ഒന്നിലധികം പ്രകൃതി ചക്രങ്ങളെ (Natural Cycle) മൂലധന ചാക്രികതകളിലേക്ക് സ്വാംശീകരിക്കാൻ സാധ്യമല്ല എന്നതും ഇതിന് തടസ്സമായി നിൽക്കുന്നുണ്ട്.

അതിനാൽ, പ്രാകൃതിക മൂലധനത്തെ സംബന്ധിച്ച നിയോക്ലാസിക്കൽ സമീപനം, സാമ്പത്തിക പ്രവർത്തനങ്ങൾക്കിടയിലെ പാരിസ്ഥിതിക തകർച്ചകളെ ‘ബാഹ്യഘടകങ്ങൾ' എന്ന നിലയിൽ പരിഗണിക്കുകയും അവയുടെ സാമൂഹികവും പാരിസ്ഥികവുമായ ചെലവുകളെ ആന്തരികവൽക്കരിക്കാനുമുള്ള ശ്രമം, നിലവിലുള്ള പാരിസ്ഥിതിക പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിന് പരിഹാരമായിരിക്കുകയില്ല.

പ്രകൃതിവിഭവങ്ങളുടെ നാശം, തത്ഫലമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവ ഉൽപാദന ബന്ധത്തിന്റെ ഫലമായി കാണുന്നതിന് പരിസ്ഥിതി-രാഷ്ട്രീയ സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഉയർന്നുവരുന്നത് ഇവിടെയാണ്.
പുതിയ ഉൽപാദന- ഉപഭോഗ യുക്തിയെ അടിസ്ഥാനപ്പെടുത്തിയ ഒരു ഉൽപാദന സിദ്ധാന്തം വളർന്നുവരേണ്ടതുണ്ട്. തൊഴിൽ ശക്തികളോടൊപ്പം പ്രാകൃതികശക്തികളും ഉൽപാദന ശക്തികളുടെ വികാസത്തിൽ സഹായിക്കുകയും സമ്പത്തിന്റെ ഉൽപാദനത്തിനും വിതരണത്തിനും സംഭാവന നൽകുകയും ചെയ്യുന്നുണ്ടെന്ന ബോദ്ധ്യത്തിൽ നിന്നുകൊണ്ടായിരിക്കണം ഈ സിദ്ധാന്തം വളർന്നുവരേണ്ടത്. സാമൂഹിക സമത്വം, ജൈവ- വംശീയ വൈവിധ്യം, പാരിസ്ഥിതിക സന്തുലിതാവസ്ഥ, തലമുറകൾ തമ്മിലുള്ള സമത, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര വിതരണം എന്നിവയുടെ അടിത്തറയിലായിരിക്കണം അത് കെട്ടിപ്പൊക്കേണ്ടത്.

പരിസ്ഥിതി രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ ഉദയം

പരിസ്ഥിതി രാഷ്ട്രീയ സമ്പദ്ശാസ്ത്രം സാമ്പ്രദായിക ചിന്താമണ്ഡലങ്ങളിൽ നിന്ന് ഭിന്നമായ സമീപനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഉൽപാദന പ്രക്രിയകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഇന്റർ ഡിസിപ്ലിനറി ആയ ഒരു സമീപനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് അത് വിശ്വസിക്കുന്നു. ജൈവ ആവാസ വ്യവസ്ഥകളെ അതിന്റെ സങ്കീർണതകളിൽ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ തന്നെയും പരിസ്ഥിതിയെ അതിന്റെ കേവലതകൾക്കപ്പുറത്ത്, മനുഷ്യൻ സൃഷ്ടിച്ച രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളെക്കൂടി പരിഗണിച്ചുകൊണ്ട്, ഹ്യമൂൻ ഇക്കോളജി കൂടി ഉൾപ്പെടുന്ന, ഒരു പൊളിറ്റിക്കൽ ഇക്കോളജിയെ അത് മുന്നോട്ടുവെക്കുന്നു. നിലവിലുള്ള വിവിധ പ്രത്യയശാസ്ത്ര ധാരകളിൽ നിന്ന് സാമൂഹിക വിമർശനത്തിന്റെ തത്വങ്ങൾ കടമെടുത്ത് പാരിസ്ഥിതികേതര വിശകലനങ്ങളിലൂടെ നിലവിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ തന്നെ പാരിസ്ഥിതിക അസന്തുലിതാവസ്ഥയുടെയും അപചയത്തിന്റെയും പ്രക്രിയകളുടെ കാരണങ്ങളും വേരുകളും സാമൂഹിക ഫലങ്ങളും തേടുന്നു. ഇനിയും വികസിതമാകേണ്ട, വ്യക്തമായ ഒരു സൈദ്ധാന്തിക മാതൃകയുടെയും ശാസ്ത്രീയ അച്ചടക്കത്തിന്റെയും അന്വേഷണങ്ങൾ വർത്തമാനകാലത്ത് വ്യാപകമായി നടക്കുന്നുണ്ട്.

ഒരു വ്യക്തിക്ക് തുല്യവും സുസ്ഥിരവും നിലനിൽക്കുന്നതുമായ ഉൽപാദന പ്രക്രിയയ്ക്കുള്ള പാരിസ്ഥിതിക, ഊർജ്ജ അടിത്തറകൾ, വ്യവസ്ഥകൾ, സാധ്യതകൾ എന്നിവ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ഇനിയും മുന്നോട്ടുപോകേണ്ടതായിട്ടുണ്ട്.

അതേസമയം, ഉൽപാദനത്തിന്റെ പാരിസ്ഥിതികവും ഊർജ്ജപ്രവാഹ പുനഃക്രമീകരണവും ആയി ബന്ധപ്പെട്ട തത്വങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ വലിയ തോതിൽ മുന്നോട്ടുപോകാൻ അതിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സാമ്പത്തിക പ്രവർത്തനങ്ങളുടെ അനിവാര്യഫലമെന്ന നിലയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഊർജ്ജ ശോഷണത്തെ (energy dissipation) സംബന്ധിച്ച നിർണായക സിദ്ധാന്തം ഉൾച്ചേർത്ത ഒരു പുതിയ ഊർജ്ജ സാമ്പത്തിക ശാസ്ത്രം രൂപീകരിക്കാൻ അതിന് സാധിച്ചു. അതോടൊപ്പം തന്നെ നരവംശശാസ്ത്രപരമായ സമീപനങ്ങളിലൂടെ പാരിസ്ഥിതിക സമൂഹങ്ങളുടെ (Ecostyem Societies) യുക്തിഭദ്രതയെ അവയുടെ ഊർജ്ജപ്രവാഹ(Energetics)ത്തിന്റെ അടിസ്ഥാനത്തിൽ അത് വിശകലനം ചെയ്യുന്നു.

ഉപജീവന സമ്പദ്​വ്യവസ്​ഥയുടെ പാരിസ്ഥിതികാടിത്തറ എന്തെന്ന് വ്യക്തമാക്കാനുള്ള ശ്രമങ്ങൾ അതിൽ കാണാൻ കഴിയും. എന്നിരുന്നാലും ഒരു വ്യക്തിക്ക് തുല്യവും സുസ്ഥിരവും നിലനിൽക്കുന്നതുമായ ഉൽപാദന പ്രക്രിയയ്ക്കുള്ള പാരിസ്ഥിതിക, ഊർജ്ജ അടിത്തറകൾ, വ്യവസ്ഥകൾ, സാധ്യതകൾ എന്നിവ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ഇനിയും മുന്നോട്ടുപോകേണ്ടതായിട്ടുണ്ട്. രാഷ്ട്രീയ സമ്പദ്​വ്യവസ്​ഥയെ ഒരു പ്രത്യേക സാമൂഹ്യ ഉൽപാദന മേഖലയായി മാറ്റിസ്ഥാപിക്കുക എന്നതിനപ്പുറം പ്രകൃതി വ്യവസ്ഥകളുടെ സങ്കീർണ്ണതകളോട് പ്രതികരിക്കാൻ സജ്ജമാകുന്ന വിധത്തിൽ ഒരു പരിസ്ഥിതി രാഷ്ട്രീയ സമ്പദ്​വ്യവസ്ഥയുടെ രചനയാണ് ഇതുവഴി സങ്കൽപ്പിക്കപ്പെടുന്നത്.

നഗര കേന്ദ്രീകൃത വ്യാവസായിക വളർച്ച, ഗ്രാമ- നഗര വിഭജനം, പ്രാദേശിക കുടിയേറ്റം എന്നിവയൊക്കെയും സാമൂഹിക ധ്രവീകരണത്തിന്റെ നേർക്കാഴ്ചകളാണ്.     Photo: Wikimedia Commons
നഗര കേന്ദ്രീകൃത വ്യാവസായിക വളർച്ച, ഗ്രാമ- നഗര വിഭജനം, പ്രാദേശിക കുടിയേറ്റം എന്നിവയൊക്കെയും സാമൂഹിക ധ്രവീകരണത്തിന്റെ നേർക്കാഴ്ചകളാണ്. Photo: Wikimedia Commons

ഈയൊരു സങ്കല്പനം, വ്യവസ്ഥകൾക്ക് (system) ബാധകമായ താപഗതിക സിദ്ധാന്ത (thermodynamic theory) ങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ വരവിന് വഴിവെച്ചു. പ്രാകൃതിക, സാംസ്‌കാരിക, സാമൂഹിക പ്രക്രിയകളുടെ വൈവിധ്യം, സങ്കീർണ്ണതകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി, ഏകീകൃതവും അളവുപരവുമായ ആധുനിക യുക്തിക്ക് എതിരായി, തുറന്നതും, വൈവിധ്യത്തിലധിഷ്ഠിതവും, അനിശ്ചിതത്വത്തെ അംഗീകരിക്കുന്നതും, സഹവർത്തിത്വം- പരസ്പരാശ്രിതത്വം എന്നിവയെ ഉൾക്കൊള്ളുന്നതും ആയ ആശയങ്ങൾ ഇത് അവതരിപ്പിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളുടെ പരിഗണനയിലൂടെ ഉൽപാദനത്തിന്റെ നിർണ്ണായക വിശകലനം വികസിപ്പിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. മുകളിൽ സൂചിപ്പിച്ചവയ്ക്കൊപ്പം, അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങൾ കൂടി ഇവിടെ സൂചിപ്പിക്കുന്നു:

1. ഉൽപാദന യൂണിറ്റുകളെന്ന നിലയിലുള്ള സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങളുടെ രൂപീകരണം: ജൈവശാസ്ത്രപരമായ അമിത നിർണ്ണയം, ഉൽപാദനത്തിന്റെയും സാമൂഹിക പുനരുൽപാദനത്തിന്റെയും കേന്ദ്രീകരണം എന്നിവയേക്കാളുപരി സമൂഹം പ്രകൃതി എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ടായിരിക്കണം ഇത് സാധ്യമാക്കേണ്ടത്. ഒരു പാരിസ്ഥിതിക വീക്ഷണകോണിൽ നിന്ന്, മുതലാളിത്ത ഉൽപാദന പ്രക്രിയയിൽ പാരിസ്ഥിതിക അടിത്തറകളെയും വ്യവസ്ഥകളെയും മനസ്സിലാക്കുകയും ഉൽപാദനത്തിന്റെ പാരിസ്ഥിതിക യൂണിറ്റുകളെന്ന നിലയിൽ സാമൂഹിക സാമ്പത്തിക ഘടനകളെ വിശകലനം നടത്തുക എന്നതാണ് അതിന്റെ ലക്ഷ്യം.
അതിന്റെ ഏറ്റവും സാധാരണമായ രൂപത്തിൽ, വിവിധ തരം ഭൂവുടമസ്ഥത, വിഭവങ്ങളിലേക്കുള്ള സാമൂഹിക പ്രവേശനം, ഉൽപാദന പ്രക്രിയയകൾക്കിടയിലെ സമ്പത്തിന്റെ കേന്ദ്രീകരണം, ഉൽപ്പന്നങ്ങളുടെയും നിക്ഷേപത്തിന്റെയും വിപണി കൈമാറ്റം എന്നിവയെ ആശ്രയിച്ച് സാമൂഹിക രൂപവത്കരണത്തിന്റെ വിശാല മാതൃകകളിൽ സാമ്പത്തിക-പാരിസ്ഥിതിക രൂപങ്ങൾ ഉൾച്ചേർക്കേണ്ടതുണ്ട്. ഈ മാതൃകകൾ പ്രകൃതിയുമായുള്ള വ്യത്യസ്ത ബന്ധങ്ങളെക്കൂടി പരിഗണനാ വിഷയമാക്കേണ്ടതുണ്ട്. അതായത്, പാരിസ്ഥിതിക സേവനങ്ങൾ (Ecological Services), ഉൽപാദന പ്രക്രിയയിലെ പാരിസ്ഥിതിക സാധ്യതകൾ. പരിസ്ഥിതി മാനേജ്മെന്റ് എന്നിവകളെക്കൂടി പരിഗണിക്കുന്നതായിരിക്കണം

സമ്പദ്​വ്യവസ്ഥയും ഭൗമ-പാരിസ്ഥിതിക സംവിധാനങ്ങളും തമ്മിലുള്ള സഹവർത്തിത്വ പ്രക്രിയകൾ ഉൾക്കൊള്ളുന്ന ആസൂത്രണ രീതികളിലൂടെ അനന്യമായ പ്രകൃതി നിയമങ്ങളെ അംഗീകരിക്കുന്നവിധത്തിലുള്ള സാമ്പത്തിക സിദ്ധാന്തങ്ങൾക്ക് മാത്രമേ മാനവരാശിയുടെ നിലനിൽപ് സാധ്യമാക്കുവാൻ സാധിക്കൂ.

2. സാമൂഹിക-പാരിസ്ഥിതിക പ്രക്രിയകളുടെ ആഗോള സ്വഭാവത്തെയും പരസ്പര ബന്ധത്തെയും കുറിച്ചുള്ള ഒരു സാമൂഹിക വിശകലനം: ഉൽപാദനത്തിന്റെ സാമൂഹിക ബന്ധങ്ങളുടെ ഭൗതിക സ്വഭാവത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സാമൂഹിക സിദ്ധാന്തങ്ങൾ സ്വാഭാവികമായും പല പരിമിതികളും നേരിടുന്നുണ്ട്. അത് നിർണ്ണയത്തിന്റെയും കാര്യകാരണത്തിന്റെയും അവസ്ഥകളുടെയും ബന്ധങ്ങൾ നിർവ്വചിക്കുന്നതിൽ പരമപ്രധാനമാണെങ്കിൽ കൂടിയും. പ്രകൃതി-ജൈവ ശാസ്ത്രപരവും ഊർജ്ജ കേന്ദ്രീകൃതവുമായ സമീപനങ്ങളിൽ നിന്നും, ജൈവിക പരിണാമത്തിന്റെ വീക്ഷണകോണിൽ നിന്നും പാരിസ്ഥിതിക വീക്ഷണകോണിൽ നിന്നും സമൂഹവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്ന രീതിശാസ്ത്രം വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ ഉത്പാദന പ്രക്രിയയകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും സാമൂഹിക ബന്ധങ്ങളിൽ സൃഷ്ടിക്കുന്ന വിള്ളലുകളും പരിഗണിച്ചുകൊണ്ട് നിലനിൽക്കുന്ന പ്രബല സാമ്പത്തിക യുക്തികളിൽ നിന്നുള്ള പരിവർത്തനവും പുതിയ ഉത്പാദന യുക്തികൾ വളർത്തിയെടുക്കേണ്ടതുമുണ്ട്. ഇതിൽ സാങ്കേതികവും സാമൂഹികവുമായ പ്രക്രിയകളെ ഉൾച്ചേർക്കാൻ സാധിക്കണം.

3. വ്യവസ്ഥാ സിദ്ധാന്തത്തിന്റെ (System Theory) വികാസം: മൂലധനം/തൊഴിൽ ബന്ധം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തോടൊപ്പം സാംസ്‌കാരിക മൂല്യങ്ങൾ, പാരിസ്ഥിതിക ഉൽപാദനക്ഷമത, സാങ്കേതിക പുരോഗതി എന്നിവ സമന്വയിപ്പിക്കുന്ന ഉൽപാദന ബന്ധങ്ങളും തൊഴിൽ പ്രക്രിയകളും അടിസ്ഥാനമാക്കിയുള്ള സങ്കീർണ്ണമായ സാമൂഹിക-പാരിസ്ഥിതിക വ്യവസ്ഥകളുടെയും സാമ്പത്തിക മാതൃകകളുടെയും മുന്നോട്ടുപോക്ക് സാധ്യമാക്കുന്ന ഒരു വ്യവസ്ഥാ സിദ്ധാന്തം വികസിപ്പിക്കേണ്ടതുണ്ട്. സമ്പദ്​വ്യവസ്ഥയും ഭൗമ-പാരിസ്ഥിതിക സംവിധാനങ്ങളും തമ്മിലുള്ള സഹവർത്തിത്വ പ്രക്രിയകൾ ഉൾക്കൊള്ളുന്ന ആസൂത്രണ രീതികളിലൂടെ അനന്യമായ പ്രകൃതി നിയമങ്ങളെ അംഗീകരിക്കുന്നവിധത്തിലുള്ള സാമ്പത്തിക സിദ്ധാന്തങ്ങൾക്ക് മാത്രമേ മാനവരാശിയുടെ നിലനിൽപ് സാധ്യമാക്കുവാൻ സാധിക്കൂ. ▮

(ചരക്കുകളുടെ മൂല്യനിർണ്ണയത്തിൽ പ്രാകൃതിക മൂലധനത്തെ അല്ലെങ്കിൽ പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച് സാമ്പത്തിക ചിന്താപദ്ധതികൾ എങ്ങനെ കാണുന്നുവെന്നും പുതിയ ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ അവയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ടതെങ്ങിനെയെന്നും തുടർ ലേഖനങ്ങളിൽ വായിക്കാം.)

References 1. Marx, Karl., Capital, Vol.I, II, III (1887, 1894), Online edition marxist.org. 2. Marx, Karl., Theories of Surplus Value (1963), Vol.I, II, III, Progress Publishers, Moscow, 1963. 3. Nicholas Gergescue- Roegan (1971); The Entropy Law and the Economic Process, Harvard University Press. 4. Odum H.T.(1988), Self-Organization, Transformity, and. Information​​​​​​​, Science, Vol.242, p-1132-1139. 5. Vaclav Smill (2017); Energy and Civilization: A History, The MIT Press, Cambridge, London. 6. Vaclav Smill (2008); Energy in Nature and Society: General Energetics of Complex Systems, The MIT Press, Cambridge, London. 7. Karl Polanyi (!942); The Great Transformation: The Political and Economic Origins of Our Times, 8. Colin Read (2009); Global Financial Meltdown: How We Can Avoid the Next Economic Crisis, Palgrav mcmillan, Hampshire, USA. 9. Alfred Grainer, Willi Semmler (2008); The Global Environment, Natural Reosurces and Economic Growth, Oxford University Press, NewYork. 10. Anton Hemerijck (et al) (2008); Aftershocks: Economic Crisis and Institutional Choice; Amsterdam University Press, Amsterdam. 11. Margurete Kuczynski, Ronald L Meek, (eds) (1972) ; Quensay's Tableau Economique, Palgrav mcmillan. 12. Scott. Frey (et al) (2019); Ecologically Unequal Exchange: Environmental Injustice in Comparative and Historical Perspective, Palgrav Mcmillan, Switzerland. 13. Lessio F.J (1981); Energy Analysis and the Energy Theory of Value, The Energy Journal, Vol-2, No-1, IAEE. 14. Gilliland, M.W (1975); Energy Analysis and Public Policy, Science, Vol.189, Number 4208, September. 15. Chen, J. (2002), An Entropy Theory of Value, Social Science Research Network Education Paper Collection. 16. Cleveland, C.J (1999); Biophysical Economics, From Physio cracy to Ecological Economics and Industrial Energy, in Bio economics and Sustainability, Essays in honour of Nicholas Georgescue Roegan. 17. Ayres, R.U (1996); Eco-thermodynamics: Economics and The Second Law, INSEAD, France. 18. Honborg, A. (2014); Why Economics needs to be distinguished from Physics and The Economists need to talk to the Physicists: a response to Foster and Holleman, The Journal of Peasant Studies. 19. Flaschel (2013); The Source of aggregate profitability: Marx's Theory of Surplus Value revisited, European Journal of Economic Policies: Intervention, Vol.10, No.3. 20. Judosn, D.H (1984); The Convergence of Neo-Ricardian and Embodied Energy Theories of Value and Price, Ecological Economics, Elsevier Publishers, Amsterdam. 21. Bunker, G. Stephen (1984); Modes of Extraction, Unequal 22. Honborg, A.(1998); Towards an ecological theory of unequal exchange: articulating world system theory and ecological economics; Ecological Economics 25, 127-136. 23. Hornbrog, A. (2009); Zero-Sum World: Challenges in Conceptualizing Environmental Load Displacement and Ecologically Unequal Exchange in the World System, International Journal of Comparative Sociology 50(3-4):237-262. 24. O'Connor, J., (1988) Capitalism, Nature, Socialism: A Theoretical Introduction, CNS, Vol 1.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments