നെറുകയിൽ ഒരു മായാമുദ്രയുമായാണ് ഒരു ശരാശരി മലയാളി പിറന്നു വീഴുന്നതെന്നാണ് എന്റെ വിശ്വാസം. കണ്ണും കാതും തെളിയുമ്പോൾ പച്ചപ്പുള്ള എവിടെയെങ്കിലും പോയി ഇര തേടാനുള്ള നിയോഗം. മറുകര കാണാനാവാത്ത ഏതു ജലപ്പരപ്പിനുമപ്പുറം ഒരു കര കാണാതിരിക്കില്ലെന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടു ആ ജലരാശി കടക്കാനായി അവർ കട്ടമരങ്ങളും മച്ചുവകളും പായ്ക്കപ്പലുകളുമിറക്കി. അദ്ധ്വാനികളായ അവർക്ക് കാറ്റും കടലോളങ്ങളും കാവൽ നിന്നു. ചിലർ ആഴിയുടെ അടിത്തട്ടിലേക്ക് ആണ്ടു പോയെങ്കിലും, കര കണ്ടവർക്ക് അതൊരു വിലയറിയാത്ത പച്ചപ്പായി. മുത്തും പൊന്നും വാരാൻ പോയവരായിരുന്നില്ല അവർ. പച്ചപ്പ് തേടിപ്പോയ കാലികളെപ്പോലെ പശിയടക്കാൻ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയവർ മാത്രം.
നാം മലയാളികളാകുന്നതിനും, കേരളമുണ്ടാകുന്നതിനും മുമ്പ്, സഹസ്രാബ്ദങ്ങൾക്ക് മുമ്പ്, കുരുമുളക് വാങ്ങാനെത്തിയ റോമാക്കാരുടെയും, ഗ്രീക്ക് നാവികരുടെയും കാലത്ത് തുടങ്ങിയതാണ് ഇത്തരം പോക്കുവരത്തുകൾ. അങ്ങനെ ആദ്യമായി കടൽ കടന്നു പോയവരുടെ പിൻമുറക്കാർ പോയത് ആകാശം വഴിയായിരുന്നു. അങ്ങനെ അവർ കുന്നും, മലയും, പുഴയും, കടലും, ആകാശവുമെല്ലാം താണ്ടി ഭൂഖണ്ഡങ്ങളിലൂടെ പരന്ന് പോയി. ചെന്നു കയറുന്നയിടങ്ങളിലെല്ലാം അവിടത്തുകാരെക്കാൾ വലിയ അവിടത്തുകാരായി. അവരുടെ മൊഴികൾക്ക് അവിടത്തുകാരുടേതിനേക്കാൾ ഇമ്പമുള്ളതായി.
സ്വാതന്ത്ര്യം കിട്ടുന്നതിന് വളരെ മുമ്പ് തന്നെ പത്താം ക്ലാസും ടൈപ്പിങ്ങും പഠിച്ച് മദിരാശിയിലും, ബോംബെയിലും, ഡൽഹിയിലുമൊക്കെ ജോലി തേടി പോയവർ പതിനായിരങ്ങളാണ്. അവരിൽ ചിലർ വളരെ വലിയ നിലയിലെത്തിയത് അവരുടെ കഴിവും അദ്ധ്വാനശീലവും, ഭാഗ്യവും കൊണ്ടു മാത്രമാണ്. കൂട്ടത്തിൽ ഭാഗ്യവാന്മാരായ ചിലർ കടൽ കടന്ന് മലയായിലും, പേർഷ്യയിലും, സിലോണിലുമൊക്കെ എത്തി.
എഴുപതുകളിലാണ് ഗൾഫിലേക്കു നേർവഴിക്കുള്ള പ്രയാണം തുടങ്ങിയത്... കുറെക്കഴിഞ്ഞപ്പോൾ അതൊരു നിലയ്ക്കാത്ത ഒഴുക്കായി. ഗൾഫ് രാജ്യങ്ങളിൽ ജോലി സാദ്ധ്യതകൾ കൂടി വന്നപ്പോൾ പൊരി വെയിലത്ത് അദ്ധ്വാനിച്ച് ഒഴിവുകാലം ആസ്വദിക്കാൻ വരുന്ന പാവം ഗൾഫീയൻ, വലിയ പെട്ടികളും വിസിആറും തൂക്കി വരുന്ന, ശരാശരി കോമഡി കഥാപാത്രമായി കമ്മേർഷ്യൽ സിനിമാക്കാർക്ക്...
പ്രവാസികൾക്ക് സ്വയം കൈകാര്യം ചെയ്യാവുന്ന ആദ്യത്തെ എൻ.ആർ.ഇ. അക്കൗണ്ട് ഞങ്ങൾ തുടങ്ങിയത് 1971ലാണെന്ന് ഞാൻ ഓർക്കുന്നു. അതും റിസർവ് ബാങ്കിന്റെ കർശനമായ നിയന്ത്രണങ്ങൾക്കുള്ളിൽ തന്നെ.
അതൊക്കെയൊരു കാലം! ആസ്ത്രിയൻ ഷില്ലിങ്ങും, ഇറ്റാലിയൻ ലിറയും തൊട്ട് സൗദി റിയാലും, കുവൈറ്റി ദിനാറും വരെ നിർബാധം കേരളത്തിലേക്കൊഴുകി. തെക്കുള്ള ചേടത്തിമാർ വെള്ളയുടുപ്പിട്ട തങ്ങളുടെ മാലാഖമാരെപ്പറ്റി മേനി പറഞ്ഞപ്പോൾ വടക്കുള്ള ഉമ്മമാർ എന്നോസികൾ വീശി അറബിക്കഥകൾ അയൽക്കാരുമായി പങ്കിട്ടു. അതൊക്കെ വാഴ്ത്തപ്പെടേണ്ടത് തന്നെ. കാരണം, അവരെയൊക്കെ അത്രയേറെ കഷ്ടപ്പെട്ട് വളർത്തിയ അമ്മമാരാണവർ.
പക്ഷെ, അവർ അയക്കുന്ന ഓരോ തുട്ടിനും വിയർപ്പിന്റെ വിലയുണ്ടായിരുന്നു. മണലാരണ്യങ്ങളിൽ, പൊരിവെയിലത്ത് പണിയെടുക്കുന്നവർ പണിപ്പെട്ട് അയക്കുന്ന ആ പണത്തിന്റെ ബലത്തിൽ ആദ്യകാലങ്ങളിൽ കുഗ്രാമങ്ങളിൽ വരെ മാളികകളുയർന്നു.
അവരുടെ ബന്ധുക്കൾ പണിയെടുക്കാൻ കൂട്ടാക്കാതെ ചെറുപട്ടണങ്ങളിലെ മാളുകളിലും, മൾട്ടി പ്ലക്‌സുകളിലും അലഞ്ഞു നടന്നു. അവർക്ക് വേണ്ടി പണിയെടുക്കാനായി ലക്ഷക്കണക്കിന് ബംഗാളികളും, ബിഹാറികളും കേരളത്തിലേക്ക് വണ്ടി കയറി. അങ്ങനെ അവർക്കിത് പച്ചപ്പുള്ള മേച്ചിൽപ്പുറങ്ങളായി. നാം അവരെ അതിഥികളാക്കി. ഇപ്പോൾ അവരുടെ സംഖ്യ 35 ലക്ഷം വരെയെത്തിയെന്ന് ചില കണക്കുകൾ പറയുന്നു- അതായത് കേരളത്തിലെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം.
മേലനങ്ങാതെ, വ്യായാമം പോലും ചെയ്യാതെ, തിന്നും കുടിച്ചും അർമാദിച്ചും മലയാളികളുടെ ചോരയിൽ പഞ്ചാരയും ഞരമ്പുകളിൽ ചോരയുടെ കയറിയിറക്കവുമുണ്ടായി. അവരുടെ പാവം മാനവഹൃദയം താമരക്കുമ്പിൾ പോലെ മൃദുവായി. ശരിയായ മദ്യം കിട്ടാതെ വന്നാൽ വ്യാജമദ്യം കഴിക്കാനും, ആത്മഹത്യ ചെയ്യാനും വരെ മടിയില്ലാത്തവരുടെ നാടായി ദൈവത്തിന്റെ സ്വന്തം നാട്...
ഇതിനിടയിൽ, മറ്റൊരു തലത്തിൽ പല തരം മാനേജ്‌മെന്റ് സ്ഥാപനങ്ങൾ ഉയർന്നു. തട്ടുകടകളേക്കാൾ കൂടുതൽ എഞ്ചീനീയറിംഗ് കോളേജുകളുണ്ടായി. യന്ത്രവിദ്യയറിയാത്ത എഞ്ചിനീയറിംഗ് ബിരുദധാരികൾ ബാങ്കുകളിൽ ക്ലാർക്കുമാരും, വൈദ്യുതി വകുപ്പിൽ ഓവർസീയർമാരുമായി.
രോഗികൾ കൂടി വന്നപ്പോൾ പഴയ താലൂക്കാശുപത്രികൾ കൂടാതെ കുറെയേറെ സൂപ്പർ സ്‌പെഷ്യാലിറ്റികൾ നിരന്നു. ഉണങ്ങാനിട്ട പച്ചക്കോണകം പോലെയൊരു സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടായി. അഞ്ചാമതൊന്ന് കൂടി ഓങ്ങി വച്ചതാണെങ്കിലും പല കാരണങ്ങളും കൊണ്ടും നടന്നില്ല.
അങ്ങനെ അങ്ങനെ ഒരു കാലം. ഇടയിലൂടെ പതിറ്റാണ്ടുകൾ കടന്നു പോയപ്പോൾ, കേരളത്തിന് ഷഷ്ഠിപൂർത്തി ആയപ്പോൾ, ഇപ്പോഴിത് അളക്കലിന്റെയും, ചൊരിയലിന്റെയും കാലമായി മാറിയിരിക്കുന്നു. മുറത്തിലിട്ട് പല തവണ ചേറ്റിക്കൊഴിച്ചു കഴിയുമ്പോൾ നെല്ലിനേക്കാൾ വളരെ കുറവാണ് പതിരെന്ന് സമാധാനിക്കാം, അഭിമാനിക്കാം. അതേസമയം, ആ നെന്മണികളുടെ ഇടയിലും ചില പൊട്ടകളും കാണുമെന്നും, നന്നായി വിളയാത്തവയ്ക്ക് ഈടും സ്വാദും കുറയുമെന്നും ഓർക്കാതെ വയ്യ.
ക്രൂരമായ ലളിതവൽക്കരണം കുറച്ചു കൂടിയെന്നറിയാം. സ്വാതന്ത്ര്യപ്പിറവിക്ക് മുമ്പ് പിറന്ന ഒരാളെന്ന നിലയിൽ ചിലതൊക്കെ ഉള്ളിൽ നിന്ന് തള്ളി വരുമ്പോൾ പുറത്തിടാതെ വയ്യ. ക്ഷമിക്കുക. ഇനി അല്പം കാര്യത്തിലേക്ക് വരാം.
കേരളം വളരുന്നുവെന്ന് ഒരു മഹാകവി പാടിയത് ദശകങ്ങൾക്ക് മുമ്പായിരുന്നു. ശരിയാണ്, കേരളം വളർന്നു, പല രംഗങ്ങളിലും അസൂയാവഹമായി വളർന്നുവെന്നത് നേരാണ്. മൊത്തത്തിൽ നോക്കുമ്പോൾ കോട്ടങ്ങളെക്കാൾ കൂടുതൽ നേട്ടങ്ങൾ തന്നെ. കൈ വിരലുകൾ മടക്കി നോക്കുമ്പോൾ എളുപ്പത്തിൽ മടങ്ങുന്നത് രണ്ടു മൂന്നെണ്ണമാണ്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം. ഉയർന്ന സാക്ഷരത. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും ആരോഗ്യ സംരക്ഷണവുമായി ചേർത്തു കാണുന്നതിൽ തെറ്റില്ല.
പരിമിതമായ വിഭവശേഷിയുള്ള ഒരു പ്രദേശത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ ശദ്ധ്ര ഏറ്റവും കൂടുതൽ ചെന്നേത്തേണ്ടത് മാനവശേഷി വികസനത്തിൽ തന്നെയാണെന്ന് നമ്മുടെ ഭരണ കൂടങ്ങളും പൊതു സമൂഹവും പണ്ടേ തിരിച്ചറിഞ്ഞു. ഈ മേഖലയിൽ നമ്മുടെ ക്രിസ്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ എടുത്തു പറയേണ്ടതുണ്ട്.
സ്വകാര്യ ആശുപത്രികൾക്ക് അവരുടേതായ അജണ്ടകൾ കണ്ടേക്കാമെങ്കിലും, ഇവിടത്തെ സാധാരണ സർക്കാർ ആശുപത്രികളുടെ നിലവാരം പണ്ടത്തേക്കാൾ വളരെയേറെ ഉയർന്നു കഴിഞ്ഞുവെന്നത് നേരാണ്. മെച്ചപ്പെട്ട സൗകര്യങ്ങളോടൊപ്പം മികച്ച ഡോക്ടർമാരുടെ സേവനവും കിട്ടുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. അങ്ങനെ പൊതുജനാരോഗ്യ രംഗത്ത് ഗണ്യമായ നേട്ടങ്ങൾ കൈ വരിക്കാൻ കഴിഞ്ഞതു കൊണ്ടാണ് ഭീഷണമായി പടർന്ന രണ്ടു മഹാമാരികളെ തടഞ്ഞു നിറുത്താനായത്. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുടെ നിലയുമായി താരതമ്യപ്പെടുത്താതെ വയ്യ.
സ്‌കൂൾ, കോളേജ് തലങ്ങളിൽ മികച്ച സർക്കാർ സ്ഥാപനങ്ങൾ നമുക്കുണ്ട്. സാധാരണക്കാരുടെ കുട്ടികൾക്കും പഠിച്ചുയരാൻ കൊള്ളാവുന്ന ചുറ്റുപാടുകൾ. സർക്കാർ സ്‌കൂളുകളിലെ ഇന്നത്തെ പ്രവേശനക്കണക്കുകൾ അത് ചൂണ്ടിക്കാണിക്കുന്നു. പക്ഷെ, മൊത്തം മികവിന്റെ കാര്യത്തിൽ ദേശീയ അന്തർദേശീയ തലത്തിലെ അളവുകോലുകൾ വച്ചു നോക്കുമ്പോൾ എടുത്തു കാണിക്കാവുന്ന സ്ഥാപനങ്ങൾ ഇല്ലെന്ന് തന്നെ പറയാവുന്നതാണ്. കുറച്ചൊക്കെ എടുത്തു പറയാവുന്നത് കൂട്ടത്തിൽ ഇളപ്പമായ കോഴിക്കോട് ഐ.ഐ.എമ്മിന്റെ പേരാണ്.
വിദേശബിരുദങ്ങൾക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിൽ നമ്മുടെ കുട്ടികൾ കിട്ടാവുന്ന വായ്പകളെല്ലാമെടുത്ത് ഡിഗോ ഗാർഷ്യ തൊട്ട് ടിംബക്ടു വരെ ചെന്നെത്തിയത് നാം കണ്ടു കഴിഞ്ഞു. ഇതിന്റെ വ്യാപ്തി കുറച്ചൊക്കെ മനസ്സിലാക്കാനായത് കൊറോണക്കാലത്ത് ലോകത്തിന്റെ അറിയാക്കോണുകളിൽ നിന്ന് മുറവിളികൾ കേൾക്കാൻ തുടങ്ങിയപ്പോഴാണ്. വിദേശരാജ്യങ്ങൾ പുറത്താക്കി, നിൽക്കക്കള്ളിയില്ലാതായപ്പോൾ അവരെ രക്ഷപ്പെടുത്തി കൊണ്ടുവരേണ്ട ചുമതല മാതൃരാജ്യത്തിനായി.
ഈ നാടിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് അടിസ്ഥാന മേഖലയിലെ (Primary sector) ഇടർച്ചയാണ്. കൃഷി ഏതാണ്ട് നശിച്ചു കഴിഞ്ഞതു കൊണ്ട് ഭക്ഷ്യധാന്യങ്ങൾക്ക് അന്യ സംസ്ഥാനങ്ങളെ ആശയ്രിക്കേണ്ടി വരുന്നു. മറ്റു അവശ്യ സാധനങ്ങളുടെയും സ്ഥിതി അതുപോലെ തന്നെ. ഉപ്പും മുളകും വരെ. അതുകൊണ്ട് കർണ്ണാടകമോ തമിഴ്‌നാടോ അതിർത്തി അടയ്ക്കുമ്പോൾ കേരളത്തിലെ അങ്ങാടികൾ വിറ കൊള്ളുന്നത് സ്വാഭാവികം.
പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കയർ, സമുദ്രാൽപ്പന്നങ്ങൾ തുടങ്ങിയവയും നാശത്തിന്റെ വക്കത്താണ്. ഒരു കാലത്ത് നല്ല നിലയിൽ നടന്നിരുന്ന പല പൊതുമേഖലാ ഫാക്റ്ററികളും അടച്ചുപൂട്ടി കഴിഞ്ഞിരിക്കുന്നു.
നമ്മുടെ പൊതുവെയുള്ള തൊഴിൽ സംസ്‌കാരത്തെ പേടിച്ച് സ്വകാര്യമേഖലയിലെ വമ്പന്മാർ ഇങ്ങോട്ടു തിരിഞ്ഞു നോക്കുമെന്ന് മോഹിക്കണ്ട. പിന്നെ ഭൂമി, വൈദ്യുതി തുടങ്ങിയ ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നമ്മുടെ പരിമിതികൾ വ്യക്തമാണ്. ചെറുകിട വ്യവസായങ്ങളുടെ കാര്യമാണെങ്കിൽ പൊതുവെ കഷ്ടമാണ്. പിന്നെ, ശേഷിക്കുന്നത് ഐ.ടിയും ടൂറിസവും മാത്രമാണ്. ഐ.ടി.യുടെ കാര്യത്തിൽ നാം കുറെയൊക്കെ ചെയ്തുവെന്നത് നേരാണ്. ഒരിത്തിരി വട്ടത്തിനുള്ളിൽ ഈ മഹാപ്രകൃതിയുടെ ഭാവപ്പകർപ്പുകളായ കാടും, കുന്നും, പുഴയും, കായലുമൊക്കെ ഒതുക്കി വച്ചിരിക്കുന്ന കേരളത്തെ അനുഭവിച്ചറിയാനായി വന്നെത്തുന്ന വിദേശികളും മറുനാട്ടുകാരും ദൈവത്തിന്റ സ്വന്തം നാടെന്ന പരസ്യ വാചകക്കാരന്റെ അവകാശവാദത്തിൽ അപാകതകൾ കണ്ടേക്കില്ല.
പക്ഷെ, പുറംലോകത്തിന്റെ മാറ്റങ്ങളെ, പുതിയ കാലത്തിന്റെ ചടുലതകളെ, അതിവേഗം എത്തിപ്പിടിക്കാനും, അതോട് ഏറ്റവും വേഗം സമരസപ്പെടാനുമുള്ള വ്യഗ്രതയിൽ തലമുറകളായി ആർജ്ജിച്ച പലതും കൈവിട്ടു പോകുന്നത് പലരും കാണാറില്ലെന്നതാണ് സത്യം. ദേശപ്പെരുമയും, ഊരുകളുടെ തനിമയും തേടി വരുന്നവർ ഈ കാണുന്നതൊക്കെ കുറെ പുറംകാഴ്ചകളാണെന്നും ഒരു ശരാശരി മലയാളിയുടെ മനസ്സിൽ നിന്ന് ഗൃഹാതുരത്വം ഉണർത്തുന്ന നാടൻ കാഴ്ചകളും, ഗ്രാമീണവിശുദ്ധിയുമൊക്കെ എന്നേ മാഞ്ഞു പോയിരിക്കുന്നു എന്നുമൊക്കെ തിരിച്ചറിയണമെന്നില്ല.
മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഗ്രാമങ്ങൾ ഇല്ലാതായിട്ട് നാളുകളേറെയായിരിക്കുന്നു. നഗരങ്ങളും, ഉപനഗരങ്ങളുമായി കേരളമങ്ങിനെ പടർന്നു പോകുമ്പോൾ എല്ലാ ആടയാഭരണങ്ങളുമണിഞ്ഞ കപടനാഗരികത ഒരു അഭിസാരികയുടെ ചാതുര്യത്തോടെ ശരാശരി മലയാളിയെ തന്റെ മായക്കാഴ്ചകളിൽ വരിഞ്ഞു കെട്ടിയിടുകയാണ്. ആവശ്യങ്ങളും ആർഭാടങ്ങളും തമ്മിലുള്ള അതിർവരമ്പ് നന്നെ നേർത്തതാകുമ്പോൾ മറ്റാരുടെയോ ജീവിതം ജീവിക്കാൻ മോഹിച്ച്, അതിൽ തോറ്റു പിൻവാങ്ങുന്നവരിൽ പലരും അഭയം തേടുന്നത് കൂട്ട ആത്മഹത്യകളിലും, വിവാഹമോനങ്ങളിലും, പലതരം കുറ്റകൃത്യങ്ങളിലുമാണ്.
ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന 'കേരള മോഡൽ വികസനത്തിൽ' ജലസമൃദ്ധിയുടെ നാട്ടിൽ, കുടിനീർ കിട്ടാത്ത ഗ്രാമങ്ങളുടെ എണ്ണം കൂടിവരുമ്പോൾ വെള്ളം വീഞ്ഞായി രൂപാന്തരപ്പെട്ട് ആളോഹരി മദ്യപാനത്തിന്റെ ശതമാനക്കണക്കുകൾ അമ്പരപ്പിക്കുന്ന വേഗത്തിൽ ഉയർന്നു കൊണ്ടിരിക്കുന്നു. ആളോഹരി മദ്യപാനം കൂടുമ്പോൾ ആളോഹരി കുറ്റകൃത്യങ്ങളും കൂടുന്നത് എത്രയോ സ്വാഭാവികം. ചെറുപ്പക്കാരുടെ ഇടയിൽ പെരുകിവരുന്ന കുറ്റവാസനയുടെ പുറകിൽ ആഢംബര ജീവിതത്തോടുള്ള ഭ്രമം തന്നെ. ഒരു പക്ഷെ, വരും ദശകങ്ങളിൽ കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും വഴി തെറ്റുന്ന ചെറുപ്പം സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങൾ തന്നെയാവും.
തീരെ തിരക്കില്ലാത്ത ഒരു നാൽക്കവലയിൽ വെറുതെ പകച്ചു നിൽക്കുകയാണ് ഇന്നത്തെ കേരളീയ സമൂഹം. എന്തിനോടും ഏതിനോടുമുള്ള തീവ്രമായ ആസക്തി നമ്മുടെ പൊതുസമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. കടുംനിറങ്ങളോട്, ശബ്ദഘോഷങ്ങളോട്, വേണ്ടതിലേറെ തുറന്നു കാട്ടപ്പെടുന്ന മേദസ്സിനോട്, ഭ്രമിപ്പിക്കുന്ന, മയക്കുന്ന എന്തിനോടുമുള്ള കഠിനമായ ആസക്തി.
പാർപ്പിടങ്ങൾ ഒരുക്കുന്നതിൽ തുടങ്ങി, ധരിക്കുന്ന വസ്ത്രങ്ങളിലും കഴിക്കുന്ന ആഹാരത്തിലും വരെ ആസക്തിയുടെ അംശം വല്ലാതെ കലർന്നു കഴിഞ്ഞിരിക്കുന്നു. ഇവയ്ക്കിടയിൽ ശാലീനമായ ഇളംനിറങ്ങളും, താഴ്ന്ന ശ്രുതിയും മുങ്ങിപ്പോകുകയാണ്. മത്സരയോട്ടത്തിൽ മുന്നിലെത്താനുള്ള വെപ്രാളത്തിൽ സ്വാർത്ഥത വർദ്ധിക്കുമ്പോൾ കുടുംബബന്ധങ്ങളും സൗഹൃദങ്ങളും അയയുന്നു. വൃദ്ധസദനങ്ങളും അബല മന്ദിരങ്ങളും പെരുകുന്നു.
ഇവയിൽ പലതും പരിഷ്‌കൃതരാജ്യങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന വികസിത രാജ്യങ്ങളിലെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട, ഒരു മൂന്നാംലോക രാജ്യത്തിന്റെ സാമൂഹ്യ സാംസ്‌കാരികഘടനയുമായി തീരെ പൊരുത്തപ്പെടാത്ത ചില കാഴ്ചകൾ തന്നെ.
പെരിയാർ ചുവന്നു കലങ്ങിയൊഴുകുമ്പോൾ, 'ആയിരം പാദസരങ്ങളും, പർവ്വതനിരയുടെ പനിനീരും', നന്മയുടെ അംശമുള്ള മറ്റു പലതും കവിസങ്കൽപ്പത്തിലേക്ക് ഒതുങ്ങിപ്പോകുന്നു. സാംക്രമിക രോഗങ്ങൾ പൊതു ജീവിതത്തെയാകെ താറുമാറാക്കിക്കൊണ്ടിരിക്കുമ്പോൾ കുന്നുകൂടുന്ന നഗരമാലിന്യങ്ങൾ നീക്കാൻ കോടതികൾ ഇടപെടണമെന്ന ഗതികേടിലേക്കുവരെ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനിയുള്ള ലോകം 'കൊറോണയ്ക്ക് മുമ്പും പിമ്പും എന്നും വിഭജിക്കപ്പെടാൻ പോകുമ്പോൾ ഇതൊരു വലിയ കാര്യം തന്നെയാണ്.
മറുനാട്ടിൽ ജോലി ചെയ്തിരുന്ന കാലത്ത് അവിടത്തെ ചില മറുനാടൻ സുഹൃത്തുക്കൾ തെല്ലൊരു പരിഹാസരൂപത്തിൽ പറയുന്നതു കേട്ടിട്ടുണ്ട്, ഒരു മലയാളിയെ മനസ്സിലാക്കാൻ വിഷമമാണെന്ന്. ഒരർത്ഥത്തിൽ ശരിയാണത്. അടുപ്പമുള്ളവരോടു പോലും സ്വന്തം മനസ്സ് തുറക്കാൻ മടിയാണ് മലയാളിക്ക്; ഒരു പക്ഷെ, സ്വന്തം കുടുംബാംഗങ്ങളോട് വരെ. എന്തിലും, ഏതിലും അൽപ്പമെങ്കിലും ഉള്ളിൽ പിടിച്ചു വെച്ചേ പറ്റൂ. ഉള്ള് തുറക്കാൻ മടിക്കുന്ന മലയാളി സ്വന്തം മനസ്സ് മാറുന്നത് കാണാതെ പോകുന്നത് സ്വാഭാവികമാണ്. എല്ലാറ്റിനേയും നിയന്ത്രിക്കാൻ കെൽപ്പുള്ള മനസ്സിന്റെ അപഥസഞ്ചാരങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞാലേ ഒരു ആരോഗ്യകരമായ സമൂഹം രൂപം കൊള്ളുകയുള്ളൂ. അങ്ങിനെയൊരു നല്ല കാലം ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.