photo : unsplash.com

മഹാമാരികൾ പടരുന്ന ശരീരങ്ങൾ, ലോകങ്ങൾ

നുഷ്യരാശിയുടെ നാളിതുവരെയുള്ള ചരിത്രം മഹാമാരികൾക്കെതിരായ പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്. മനുഷ്യസമൂഹത്തിലാകെ രോഗം വ്യാപിപ്പിച്ചും ഒട്ടനവധി പേരുടെ ജീവനപഹരിച്ചും അക്ഷരാർത്ഥത്തിൽ സംഹാരതാണ്ഡവമാടിയാണ് പകർച്ചവ്യാധികൾ കടന്നുപോയിട്ടുള്ളത്. എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത രീതിയിൽ കോടാനുകോടിയാണ് രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും സംഖ്യ. രണ്ട് ലോക മഹായുദ്ധങ്ങൾ, വിവിധ രാജ്യങ്ങൾ തമ്മിലുണ്ടായ പ്രാദേശിക ഏറ്റുമുട്ടലുകൾ, ഭൂകമ്പം, പ്രളയം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ എന്നിവയുടെ ഫലമായി മരിച്ചവരേക്കാൾ എത്രയോ അധികമാളുകളുടെ ജീവനാണ് സാംക്രമിക രോഗങ്ങൾ അപഹരിച്ചെടുത്തിട്ടുള്ളത്.

ക്ലസ്റ്റർ, ഔട്ട് ബ്രേക്ക്. എപ്പിഡെമിക്ക്, പാൻഡമിക്ക്

പകർച്ചവ്യാധികൾ അത്ര ശ്രദ്ധിക്കപ്പെടാതെയാണ് പലപ്പോഴും പ്രത്യക്ഷപ്പെട്ട് തുടങ്ങുക; ഗ്രാമത്തിലോ, നഗരത്തിലോ ചുരുങ്ങിയ സമയത്തിനകം ഏതാനും പേരെ ബാധിച്ചുകൊണ്ടായിരിക്കും അതിന്റെ ആരംഭം. രോഗികളുടെ എണ്ണം ഒരു പരിധി വിടുമ്പോൾ അത് ഒരു "ക്ലസ്റ്റർ' (Cluster) അഥവാ ഒരു "ഗണം' ആയി മാറുന്നു. കൂടുതലാളുകളെ ബാധിച്ച് ക്ലസ്റ്ററുകളുടെ വലിപ്പം വർദ്ധിക്കുമ്പോൾ, അവ ഔട്ട്‌ബ്രേക്ക് (Outbreak: പൊട്ടിപ്പുറപ്പെടൽ) എന്ന നിലയിൽ ശ്രദ്ധിക്കപ്പെടും ഔട്ട്‌ബ്രേക്കിനെ തുടർന്ന് രോഗം ഒരു പ്രദേശത്തേയോ രാജ്യത്തേയോ കൂടുതൽ ജനങ്ങളെ ബാധിക്കുമ്പോൾ അതിനെ രോഗത്തിന്റെ അനിയന്ത്രിതമായ പൊട്ടിപ്പുറപ്പെടൽ എന്ന അർത്ഥത്തിൽ എപ്പിഡെമിക്ക് (Epidemic) എന്നു വിശേഷിപ്പിക്കുന്നു. പിന്നീട് രോഗം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോൾ മഹാമാരിയായി (Pandemic പാൻഡമിക്ക്) മാറുന്നു. പ്രാദേശികമായി ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന നിയന്ത്രണ പരിധിയിൽ വരുന്ന രോഗങ്ങളെ എൻഡമിക്ക് (Endemic) രോഗങ്ങൾ എന്നും വിശേഷിപ്പിക്കുന്നു. പാൻഡമിക്ക് (Pandemic) എന്ന ഇംഗ്ലീഷ് വാക്ക് പാൻഡമോസ് (Pandemos) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. ഗ്രീക്കിൽ പാൻ (Pan) എന്നാൽ എല്ലാം (All) എന്നും ഡെമോസ് (Demos) എന്നാൽ ജനങ്ങൾ (People) എന്നുമാണ് അർത്ഥം. അങ്ങനെയാണ് വളരെയധികം ആളുകളിലേക്ക് വ്യാപിക്കുന്ന രോഗത്തെ പാൻഡമിക്ക് എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്.

ജനസംഖ്യാവർധനവും, ജനത്തിരക്കുകളുള്ള നഗരങ്ങളുടെ ആവിർഭാവവും, രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ ഇടപാടുകളുടെ വർധനവും യാത്രാസൗകര്യം വർധിച്ചതുമെല്ലാം പകർച്ചവ്യാധികളെ അതിവേഗം വ്യാപിക്കുന്ന എപ്പിഡെമിക്കുകളും പാൻഡമിക്കുകളുമായി മാറ്റിത്തീർത്തു

പല മഹാമാരികളും നിയന്ത്രണ വിധേയമാക്കപ്പെട്ടതിനെ തുടർന്ന് എൻഡമിക്ക് രോഗങ്ങളായി മാറിയിട്ടുണ്ട്. ഒരു സമൂഹത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന രോഗാവിർഭാവത്തെയും വ്യാപനതോതിനെയും സംബന്ധിച്ച് മുൻകൂട്ടി ധാരണയുണ്ടെങ്കിൽ മാത്രമേ ഏത് രോഗം പ്രത്യേക്ഷപ്പെടുമ്പോഴും അത് അമിതമാണോ എന്ന് വിലയിരുത്താൻ കഴിയൂ. പരിചിതമായ രോഗലക്ഷണങ്ങൾ വ്യത്യസ്തമായ സ്വഭാവത്തോടെ കാണപ്പെടുക, പുതിയ ചില രോഗലക്ഷണങ്ങളോ ശാരീരിക വൈകല്യങ്ങളോ പ്രത്യക്ഷപ്പെടുക എന്നീ സാഹചര്യങ്ങളിലാണ് പുതിയൊരു രോഗം ആവിർഭവിച്ചു എന്ന സംശയം ഉണ്ടാവുക. ചൈനയിൽ കോവിഡ്, സാർസ് രോഗങ്ങളുടെ കാര്യത്തിൽ സാധാരണയിൽ നിന്ന്​ വ്യത്യസ്​തമായി ശ്വാസകോശ രോഗാണുബാധ കണ്ടപ്പോഴാണ് പുതിയ പകർച്ചവ്യാധിയെന്ന സംശയം ജനിച്ചത്. കോവിഡിന്റെ കാര്യത്തിൽ ആദ്യം വുഹാൻ എന്ന ചൈനീസ് നഗരത്തിലുണ്ടായ ഔട്ട്‌ബ്രേക്ക് ആണ് പിന്നീട് ഹെയ്‌ബെയ് പ്രവിശ്യയിൽ ഒരു എപ്പിഡെമിക്ക് ആയും രോഗം ബാധിച്ച ചൈനക്കാർ മറ്റ് രാജ്യങ്ങളിലേക്ക് യാത്രചെയ്തതിനെ തുടർന്ന് താമസിയാതെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ച് പാൻഡെമിക്ക് ആയും മാറിയത്.

കോവിഡ് 19 ആദ്യം റിപ്പോർട്ട് ചെയ്ത ചെെനയിലെ വുഹാൻ മാർക്കറ്റ് / ഫോട്ടോ : വിക്കിമീഡിയ

പകർച്ചവ്യാധികൾ മഹാമാരികളായി മാറുന്നത് പല സാഹചര്യങ്ങളും ഘടകങ്ങളും ഒരുമിച്ചുചേരുമ്പോഴാണ്. രോഗപ്രതിരോധ ശേഷി (Immunity) പൊതുസമൂഹത്തിൽ ഇതുവരെ സൃഷ്ടിക്കാത്ത പുതിയ (Novelty) രോഗങ്ങളാണ് മഹാമാരികളായി മാറുന്നത്. രോഗവ്യാപന നിരക്ക് (Infectivity) കൂടുതലും സ്‌ഫോടനാന്മകമായിരിക്കുക, ഉയർന്ന തീവ്രത (Virulence) ഉണ്ടായിരിക്കുക, ശ്വാസകോശ ബഹിർ സ്രവങ്ങൾ (Droplets), കണികകൾ (Aerosols), കുടിവെള്ളം എന്നിവയിലൂടെ പകരുക തുടങ്ങിയ സ്വഭാവവിശേഷങ്ങളുള്ള പകർച്ച വ്യാധികളാണ് മിക്കവാറും എപ്പിഡമിക്കുകളും പാൻഡമിക്കുകളുമായി മാറുന്നത്.

കോവിഡ് ബോധവത്കരണ സന്ദേശം പ്രദർശിപ്പിക്കുന്ന യു.കെയിലെ ട്രാഫിക് ഇൻഫർമേഷൻ സ്​ക്രീൻ

ജനസംഖ്യാവർധനവും, ജനത്തിരക്കുകളുള്ള നഗരങ്ങളുടെ ആവിർഭാവവും, രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ ഇടപാടുകളുടെ വർധനവും കടൽ- വായു മാർഗ്ഗങ്ങളിലുള്ള യാത്രാസൗകര്യങ്ങൾ വർധിച്ചതുമെല്ലാം പകർച്ചവ്യാധികളെ നിരവധി ജനവിഭാഗങ്ങളിലേക്കും പ്രദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്ന എപ്പിഡെമിക്കുകളും പാൻഡമിക്കുകളുമായി മാറ്റിത്തീർത്തു. ഏതെങ്കിലും രാജ്യത്തുണ്ടാകുന്ന വ്യാപനശേഷിയുള്ള രോഗങ്ങൾ കേവലം 72 മണിക്കൂറുകൊണ്ട് ലോകമെമ്പാടും വ്യാപിക്കാൻ സാധ്യതയുള്ളവയായി മാറിക്കഴിഞ്ഞെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

സൂക്ഷ്മ ജീവികൾ, വാഹകർ, വ്യാപകർ

വൈറസുകൾ മാത്രമല്ല പകർച്ചവ്യാധികൾക്ക് കാരണമാവുന്നത്. ബാക്ടീരിയകൾ, പാരസൈറ്റുകൾ തുടങ്ങിയ മറ്റ് സൂക്ഷ്മ ജീവികളും (Microbes) മഹാമാരികളുണ്ടാക്കാം. ലോകത്ത് ഏറ്റവുമധികമാളുകളെ കൊന്നൊടുക്കിയ പ്ലേഗും, ഇപ്പോഴും ദരിദ്രരാജ്യങ്ങളിൽ ആയിരക്കണക്കിനാളുകളുടെ മരണകാരണമായ കോളറയും ക്ഷയരോഗവും ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധികളാണ്. വസൂരി, ഫ്ളൂ, മീസിൽസ്, മഞ്ഞപ്പനി (Yellow Fever), പോളിയോ, എയ്ഡ്‌സ്, സാർസ് (SARS), മെഴ്‌സ് (MERS), എബോളാ, സീക്ക, നിപ്പ, കോവിഡ്, തുടങ്ങിയവ വൈറസ് രോഗങ്ങളാണ്.

1349ൽ യൂറോപ്പിൽ ബ്ലാക്ക് ഡെത്ത് എന്നറിയപ്പെട്ട പ്ലേഗ് മഹാമാരിയായി പടർന്നപ്പോൾ, ജൂതരെ ജീവനോടെ കത്തിക്കുന്നതിന്റെ ബ്രസ്സൽസിൽനിന്നുള്ള ചിത്രീകരണം. പ്ലേഗിനെ മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ മഹാമാരിയായാണ് കണക്കാക്കുന്നത്. യൂറോപ്പിൽ 1347- 51 കാലത്താണ് പ്ലേഗ് ഏറ്റവും മാരകമായത്. ജൂതരാണ് പ്ലേഗ് പടർത്തുന്നത് എന്ന പ്രചാരണത്തെതുടർന്നാണ് അവരെ കൂട്ടമായി കൊന്നൊടുക്കിയത്

പാരസൈറ്റുകളാണ് മലേറിയ, ഫൈലേറിയാസിസ് എന്നീ രോഗങ്ങളുണ്ടാക്കുന്നത്. മിക്ക മഹാമാരികളും മൃഗവാഹകരിൽ (Reservoir) നിന്ന്​ മനുഷ്യനിലേക്ക് എത്തുകയും പിന്നീട് മനുഷ്യരിൽ നിന്ന്​ മനുഷ്യരിലേക്ക് പടരുകയും ചെയ്യുന്നവയാണ്. ഒരാളിൽ നിന്ന്​ മറ്റൊരാളിലേക്ക്​ നേരിട്ട് പകരുകയും കൊതുക്, ചെള്ള്, തുടങ്ങിയ കീട രോഗാണുവാഹകർ (Vectors) വഴി മനുഷ്യർക്കിടയിൽ വ്യാപിക്കുകയും ചെയ്യുന്ന രോഗങ്ങളുണ്ട്. മലേറിയ, ഫൈലേറിയ, ഡങ്കി, ചിക്കുൻ ഗുനിയ, മഞ്ഞപ്പനി എന്നിവ കൊതുകകളാണ് പരത്തുന്നത്. പ്ലേഗ് ചെള്ളുകളാണ് പരത്തുന്നത്.

ഓരോ മഹാമാരിയും രോഗങ്ങളെ പൊതുവിലും പകർച്ചവ്യാധികളെ പ്രത്യേകിച്ചും അതിജീവിക്കുന്നതിനായി മനുഷ്യരെ ശാക്തീകരിക്കുന്ന വിജ്ഞാന ഉല്പാദനത്തിനും വിജ്ഞാന വളർച്ചക്കുമുള്ള സാഹചര്യം ഒരുക്കുന്നുണ്ട്

സാമൂഹ്യ ചലനങ്ങൾ

പൊതുജനാരോഗ്യ (Public Health) ഇടപെടലുകൾ, രോഗചികിത്സക്കുള്ള സവിശേഷ മരുന്നുകളുടെയും, രോഗം പ്രതിരോധത്തിനുള്ള വാക്‌സിനുകളുകളുടെയും കണ്ടെത്തൽ, സാമൂഹ്യ പ്രതിരോധ ശേഷിയുടെ (Herd Immunity) ആവിർഭാവം, രോഗാണുക്കളുടെ ഘടനയിൽ പരിണാമപരമായുണ്ടാവുന്ന അനുകൂല മാറ്റങ്ങൾ എന്നിവയെല്ലാം മഹാമാരികളുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിൽ സഹായിക്കുന്നു. മഹാമാരികൾ ഭയാനകമായി വ്യാപിച്ച് അനേകങ്ങളുടെ ജീവനപഹരിക്കുന്നതിനെ തടയുന്നത് ഇത്തരം ഒന്നിലേറെ ഘടകങ്ങളുടെ സാന്നിധ്യത്തിലൂടെയാണ്.

വസൂരിയുടെ വകഭേദമായ വേരിയോള മേജർ ബാധിച്ച കുട്ടി

ഓരോ മഹാമാരിയും രോഗങ്ങളെ പൊതുവിലും പകർച്ചവ്യാധികളെ പ്രത്യേകിച്ചും അതിജീവിക്കുന്നതിനായി മനുഷ്യരെ ശാക്തീകരിക്കുന്ന വിജ്ഞാന ഉല്പാദനത്തിനും വിജ്ഞാന വളർച്ചക്കുമുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. രോഗവ്യാപന ശാസ്ത്രം (Epidemiology), സൂക്ഷ്മജീവി ശാസ്ത്രം, (Microbiology) വാക്‌സിൻ ഗവേഷണം, ആന്റിബയോട്ടിക്കുകൾ, ആന്റി വൈറലുകൾ രോഗനിർണയ ചികിത്സാ ഉപകരണങ്ങൾ എന്നിവയുടെ കണ്ടെത്തലുകൾ എന്നിങ്ങനെ രോഗങ്ങളെ നേരിടുന്നതിനും അവയുടെ ആഘാതം പരിമിതപ്പെടുത്തുന്നതിനും മനുഷ്യരെ പ്രാപ്തരാക്കിയതും മഹാമാരികൾ ഉയർത്തിയ വെല്ലുവിളികളായിരുന്നു. മഹാമാരികാലത്ത് അങ്ങനെ വിവിധ മേഖലകളിലുള്ള വിജ്ഞാന ഉല്പാദനം ത്വരിതപ്പെടാറുണ്ട്. സംസ്‌കാരം, വിശ്വാസം, കല, സമൂഹ്യ- സാമ്പത്തിക മേഖലകൾ, ഭരണ സംവിധാനങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും മഹാമാരികൾ വമ്പിച്ച ചലനങ്ങൾ സൃഷ്ടിച്ചു. മഹാമാരിക്കാലത്തെ ജീവിതത്തെയും കാലഘട്ടത്തെയും പ്രതിഫലിപ്പിക്കുന്ന സാഹിത്യ കൃതികളും ചിത്രങ്ങളും സാഹിത്യ കലാരംഗങ്ങളെ സമ്പന്നമാക്കുകയും ഇത്തരം. സർഗാത്മക സൃഷ്ടികൾ പിൽക്കാലത്ത് പാൻഡമിക് സാഹിത്യം, പാൻഡമിക് ചിത്രരചന (Pandemic Literature, Pandemic Paintings) എന്നിങ്ങനെ അറിയപ്പെട്ട് തുടങ്ങുകയും ചെയ്തു.

രോഗം പടരുന്നത് തടയുന്നതിന്​ ഇപ്പോഴും ഫലവത്തായി പ്രയോഗിച്ച് വരുന്ന ക്വാറന്റൈൻ, അടച്ചിടൽ എന്നിവയെല്ലാം പ്രയോഗിച്ച് തുടങ്ങിയത് രോഗകാരണത്തെ സംബന്ധിച്ച് അബദ്ധജടിലമായ സിദ്ധാങ്ങൾ മേധാവിത്വം വഹിച്ചിരുന്ന കാലത്തായിരുന്നു

മഹാമാരികളോടുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പൊതുജനാരോഗ്യ സിദ്ധാന്തങ്ങളും രോഗവ്യാപന ശാസ്ത്രവും വളർന്ന് വികസിച്ചത്. രോഗങ്ങളുണ്ടാവുന്നതിനുള്ള കാരണങ്ങൾ ഹ്യൂമറുകളും മിയാസ്മകളുമൊക്കെയാണെന്നായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനംവരെയുണ്ടായിരുന്ന ധാരണ. പിത്തനീര് (Bile), ശ്ലേഷ്മം (Phlegm) എന്നിവയാണ് ഹ്യൂമറുകൾ (Humors). ജന്തുക്കളും സസ്യങ്ങളും ചീഞ്ഞ് ഉണ്ടാകുന്ന, മനുഷ്യശരീരത്തിന് ഹാനിയുണ്ടാക്കുന്ന അശുദ്ധ വാതകമാണ് മിയാസ്മ (Miasma). ഇത്തരം അശാസ്തീയ സിദ്ധാന്തങ്ങൾ നിലനിന്ന കാലത്ത് തന്നെയാണ് രോഗവ്യാപനം തടയുന്നതിനുള്ള ഫലപ്രദങ്ങളായ പല പൊതുജനാരോഗ്യ നടപടികളും രൂപപ്പെട്ടുവന്നതെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

രോഗസാധ്യതയുള്ളവരിൽ നിന്ന്​ മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയുന്നതിന്​ ഇപ്പോഴും ഫലവത്തായി പ്രയോഗിച്ച് വരുന്ന ക്വാറന്റൈൻ (Quarantine: സമ്പർക്ക വിലക്ക്), പരിമിതവും (Containment) സമ്പൂർണവുമായ അടച്ചിടൽ (Lockdown) എന്നിവയെല്ലാം പ്രയോഗിച്ച് തുടങ്ങിയത് രോഗകാരണത്തെ സംബന്ധിച്ച് അബദ്ധജടിലമായ സിദ്ധാങ്ങൾ മേധാവിത്വം വഹിച്ചിരുന്ന കാലത്തായിരുന്നു എന്നതാണ് രസകരമായ കാര്യം.

പൊതുജനാരോഗ്യ സിദ്ധാന്തങ്ങൾ

രോഗാണുക്കളെ കുറിച്ച് അറിവില്ലായിരുന്ന കാലത്താണ് "പ്യൂർപെറൽ ഫീവർ' (Puerperal Fever) എന്നറിയപ്പെട്ടിരുന്ന പ്രസവപ്പനി ബാധിച്ച് അമ്മമാർ മരിക്കുന്നത് തടയാൻ പ്രസവമെടുക്കുന്നവർ കൈകഴുകണമെന്ന് ഹംഗേറിയൻ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമായിരുന്ന ഇഗ്‌നാസ് ഫിലിപ്പ് സെമ്മൽവെയ്‌സ് (Ignaz Philipp Semmelweis: 1818-1865) നിഷ്‌കർഷിച്ചത്. ലണ്ടനിലെ തെംസ് നദിയിലെ ഒരു പ്രത്യേക ഭാഗത്തെ മലിനജലമുപയോഗിക്കുന്നവരിലാണ് ബ്രോട്ട് സ്റ്റ്രീറ്റ് എന്ന പ്രദേശത്ത് കോളറാ ബാധയുണ്ടാവുന്നതെന്ന് സൂക്ഷ്മമായ പഠനത്തിലൂടെ ബ്രിട്ടീഷ് അനസ്തീസിയ വിദഗ്ധൻ ജോൺ സ്‌നോ (1813-1858) കണ്ടെത്തിയതാണ് രോഗ്യവ്യപനശാസ്ത്രത്തിന് (Epidemiology) അടിത്തറ പാകിയത്. പൊതുജനാരോഗ്യ സിദ്ധാന്തങ്ങളുടെ പിതാവ് എന്നാണ് ജോൺ സ്‌നോ വിശേഷിപ്പിക്കപ്പെടുന്നത്.

ഇഗ്‌നാസ് ഫിലിപ്പ് സെമ്മൽവെയ്‌സ്

ജർമനിയിലെ പോളീഷ് ന്യൂനപക്ഷങ്ങൾ താമസിക്കുന്ന അപ്പർ സെലേഷ്യ എന്ന പ്രദേശത്ത് നിരവധി പേരുടെ മരണത്തിന് കാരണമായ ടൈഫസ് പകർച്ചവ്യാധി പടർന്ന് പിടിച്ചപ്പോൾ അതിനുള്ള പ്രതിവിധി കണ്ടെത്തുന്നതിന്​ ജ​ർമ്മൻ പത്തോളജിസ്റ്റ് റഡോൾഫ് വിർക്കോയാണ് നിയോഗിക്കപ്പെട്ടത്. ടൈഫസ് പോലുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നതിനുള്ള സാമൂഹ്യ സാമ്പത്തിക കാരണങ്ങൾ വ്യക്തമാക്കി റഡോൾഫ് വിർക്കോ (1821-1902) തയ്യാറാക്കിയ അപ്പർ സെലേസ (Upper Silesia Report) റിപ്പോർട്ടാണ് സാമൂഹ്യാരോഗ്യശാസ്ത്രത്തിന് (Social Medicine) ജന്മം നൽകിയത്. ടൈഫസ് കേവലം ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ലെന്നും അപ്പർ സെലേസ്യയുടെ അവികസിതാവസ്​ഥയുടെയും അവിടെ കഴിയുന്ന പോളിഷ് ന്യൂനപക്ഷങ്ങളുടെ നിരക്ഷരതയുടെയും പോഷണക്കുറവിന്റെയും പാർപ്പിട സൗകര്യമില്ലായ്മയുടെയുമെല്ലാം ഫലമായിട്ടാണ് ഇത്തരം പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നതെന്നും വിർക്കോ വ്യക്തമാക്കി. രോഗാവസ്ഥയുടെ സാമൂഹ്യ സാമ്പത്തിക ഘടങ്ങൾ (Socio Economic Determinants) ചൂണ്ടിക്കാണിച്ച് വിർക്കോ സാമൂഹ്യാരോഗ്യ ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ആവിഷ്‌കരിച്ചത് പിൽക്കാലത്ത് മഹാമാരികളെ നിയന്ത്രിക്കുന്നതിന്​ വഴികാട്ടിയായി.

പകർച്ച വ്യാധികളെ സംബന്ധിച്ച ശാസ്ത്രീയ അടിത്തറ വികസിപ്പിച്ചെടുക്കുന്നതിന് മുമ്പുതന്നെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും രോഗവ്യാപനത്തെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി ഉചിത നടപടികൾ സ്വീകരിച്ചും മഹാമാരികളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ മനുഷ്യർക്ക് കഴിഞ്ഞിരുന്നു

രോഗകാരണത്തെ സംബന്ധിച്ച അശാസ്ത്രീയ കാഴ്ചപ്പാടുകൾ അവസാനിപ്പിത് രോഗാണു സിദ്ധാന്തം (Germ Theory) അവതരിപ്പിക്കപ്പെട്ടതോടെയാണ്. രോഗാണു സിദ്ധാന്തത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ കണ്ടെത്തുകയും പ്രയോഗിക്കയും ചെയ്തവരിൽ പ്രമുഖർ ആന്റൺ വാൻ ല്യൂവൻഹോക്ക് ലൂയി പാസ്ചർ, ജോസഫ് ലിസ്റ്റർ, റോബർട്ട് കോക്ക് എന്നിവരാണ്. ഡച്ച് വ്യവസായിയും ശാസ്ത്രജ്ഞനുമായിരുന്ന ആന്റൺ വാൻ ല്യൂവൻഹോക്ക് (1632-1723) മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് 1674 ൽ സൂക്ഷ്മജീവികളെ നിരീക്ഷിച്ചതോടെയാണ് സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനശാഖയായ സൂക്ഷ്മജീവിശാസ്ത്രം (മൈക്രോബയോളജി) പ്രചുരപ്രചാരത്തിലായത്. ഭക്ഷണപദാർഥങ്ങൾ പുളിച്ചുപോകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണെന്ന് ഫ്രഞ്ച് രസതന്ത്രജ്ഞനും സൂക്ഷാണുശാസ്ത്രജ്ഞനുമായ ലൂയി പാസ്ചർ (1822-1895) തെളിയിച്ചു. നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മജീവികളാണ് പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് പാസ്ച്ചറാണ്.

ലൂയി പാസ്ചർ

പേ വിഷബാധ, ആന്തറാക്‌സ് എന്നിവക്ക്​ ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടുപിടിച്ചതും, സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ പ്രയോഗിച്ചതും ലൂയി പാസ്ചറായിരുന്നു. സൂക്ഷാണുശാസ്ത്രശാഖയുടെ പിതാക്കളിലൊരാളായ ജർമൻ ഭിഷഗ്വരൻ റോബർട്ട് കോക്ക് ((1843-1910) ക്ഷയം, ആന്ത്രാക്‌സ്, കോളറാ എന്നീ രോഗങ്ങൾക്ക് കാരണമായ രോഗാണുക്കളെ കണ്ടെത്തുകയും സൂക്ഷാണു ശാസ്ത്രശാഖക്ക് അടിത്തറപാകുകയും ചെയ്തു. ബ്രിട്ടീഷ് സർജൻ ജോസഫ് ലിസ്റ്റർ (1827-1912) ആണ് അണുവിമുക്ത ശസ്ത്രക്രിയയുടെ (Antiseptic Surgery) ഉപജ്ഞാതാവ്. അണുനാശക സ്വഭാവമുള്ള കാർബോളിക്ക് ആസിഡ് ഉപയോഗിച്ച് ശസ്ത്രക്രിയോപകരണങ്ങളും, മുറിവുകളും വൃത്തിയാക്കുക വഴി അണുബാധവിമുക്തവും സുരക്ഷിതവുമായ ശസ്ത്രക്രിയകൾ നടത്താൻ കഴിയും എന്ന് തെളിയിച്ചതാണ് ലിസ്ടറിനെ പ്രധാന സംഭാവന.

പകർച്ച വ്യാധികളെ സംബന്ധിച്ച ശാസ്ത്രീയ അടിത്തറ വികസിപ്പിച്ചെടുക്കുന്നതിന് മുമ്പുതന്നെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും രോഗവ്യാപനത്തെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി ഉചിത നടപടികൾ സ്വീകരിച്ചും മഹാമാരികളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ മനുഷ്യർക്ക് കഴിഞ്ഞിരുന്നതായി കാണാം.

പ്ലേഗിന്റെ ആഗോളചരിത്രവും വ്യാപനവും സൂചിപ്പിക്കുന്ന ചിത്രീകരണം

പൊതുജനാരോഗ്യ സിദ്ധാന്തങ്ങളും രോഗവ്യാപനശാസ്ത്രവും വളർന്നതോടെ പകർച്ചവ്യാധികളുടെ സവിശേഷ വ്യാപനരീതികൾ മനസ്സിലാക്കി ഉചിതമായ പ്രതിരോധ നടപടികൾ ആവിഷ്‌കരിക്കപ്പെട്ടു മാസ്‌ക് ധാരണം, ശരീരദൂരം പാലിക്കൽ, കൈ കഴുകൽ, ശുദ്ധജലം ഉപയോഗിക്കൽ, ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം, കൊതുക് നിർമാർജ്ജനം തുടങ്ങി വ്യക്തിതലത്തിലും സമൂഹത്തിലും പാലിക്കേണ്ട ആരോഗ്യകരമായ ജീവിതരീതിയിൽ പ്രചരിപ്പിക്കപ്പെട്ടു. എയ്ഡ്സിന്റെ കാര്യത്തിൽ ലൈംഗിക ജീവിതം, രക്തദാനം, മയക്കുമരുന്ന് ഉപയോഗം എന്നിവയിലെല്ലം ശ്രദ്ധിക്കേണ്ട ആരോഗ്യകരമായ സമീപനങ്ങൾ നിഷ്‌കർഷിക്കപ്പെട്ടു.

രോഗ ചികിത്സ, വാക്‌സിനുകൾ

പെനിസിലിൻ യാദൃച്ഛിമായി കണ്ടുപിടിച്ചതിനെ തുടർന്നാണ് ബാക്ടീരിയകളുടെ മേൽ മനുഷ്യാധിപത്യം സ്ഥാപിച്ച ആന്റിബയോട്ടിക്ക് വിപ്ലവത്തിന് തുടക്കം കുറിക്കപ്പെട്ടത്. അതോടെ മനുഷ്യർ നിസ്സഹായതോടെയും ഭീതിയോടെയും കീഴ്‌പ്പെട്ടിരുന്ന പ്ലേഗും കോളറയും ക്ഷയരോഗവുമെല്ലാം ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന രോഗങ്ങളായി. എന്നാൽ വൈറസുകൾക്കെതിരായ മരുന്നുകൾ കണ്ടെത്താൻ പിന്നെയും വർഷങ്ങളെടുത്തു. അമേരിക്കൻ ഫാർമക്കോളജിസ്റ്റ് വില്യം ഹെർമൻ പ്രുസോഫ് (William Herman Prusof: 1920-2011) വികസിപ്പിച്ചെടുത്ത ഐഡോക്‌സ് യൂറിഡിൻ (Idoxuridine) എന്ന ആന്റി വൈറൽ ഹെർപ്പിസ് വൈറസ് രോഗത്തിനായി 1963 ൽ ഉപയോഗിച്ച് തുടങ്ങിയതോടെ നിരവധി വൈറസ് രോഗ ചികിത്സക്കുള്ള മരുന്നുകൾ കണ്ടെത്തിതുടങ്ങി.

അമേരിക്കൻ ഫാർമക്കോളജിസ്റ്റ് വില്യം ഹെർമൻ പ്രുസോഫ്

പ്ലേഗ് മഹാമാരിക്കുശേഷം മനുഷ്യരാശിയെ അതിഭീതിയിലാഴ്ത്തിയ എയ്ഡ്‌സിന് ആദ്യകാലത്ത് മരുന്നോ ചികിത്സയോ ലഭ്യമായിരുന്നില്ല. മരുന്നില്ല ചികിത്സയില്ല (No Drug No Treatment) എന്നാണ് വൈദ്യവിദ്യാർത്ഥികളെപ്പോലും ധരിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് എയ്ഡ്‌സ് ചികിത്സക്കുള്ള ആന്റിവൈറലുകൾ ലഭ്യമായിത്തുടങ്ങി. ഇപ്പോൾ മറ്റ് പല രോഗങ്ങളെയും പോലെ പൂർണമായും ഭേദപ്പെടുത്താൻ ബുദ്ധിമുട്ടാണെങ്കിൽ പോലും നിയന്ത്രിച്ച് നിർത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ രോഗികൾക്കാവുന്ന മറ്റൊരു ദീർഘസ്ഥായി രോഗമായി (Chronic Disease) എയ്ഡ്‌സ് മാറിക്കഴിഞ്ഞിരിക്കുന്നു.

വൈറസുകൾ കണ്ടെത്തുന്നതിന് അരനൂറ്റാണ്ടെങ്കിലും മുൻപ് 1796 ലാണ് വസൂരിക്കുള്ള ഗോവസൂരി പ്രയോഗം എന്നറിയപ്പെട്ട വാക്‌സിനേഷൻ ബ്രിട്ടീഷ് ഭിഷഗ്വരൻ എഡ്വേർഡ് ജന്നർ (1749-1823) വികസിപ്പിച്ചെടുത്തത്. 1885ൽ ലൂയി പാസ്ചറും എമിലി രോക്‌സും (Pierre Paul Émile Roux 1853 –1933) കൂടി പേവിഷത്തിന്​ കുത്തിവെപ്പ് കണ്ടെത്തുകയും 1885 ജൂലൈ 6 ന് ജോസഫ് മീസ്റ്റർ എന്ന ഒമ്പതു വയസ്സുകാരനിൽ വിജയകരമായി പ്രയോഗിക്കയും ചെയ്തു, പിന്നീട് മഹാമാരികൾക്ക് കാരണമായ രോഗാണുക്കളെ കണ്ടെത്തിയതും അവയുടെ ജനിതക ഘടന നിർദ്ധാരണം ചെയ്യാൻ കഴിഞ്ഞതും രോഗചികിത്സക്കാവശ്യമായ മരുന്നുകളും പ്രതിരോധത്തിനാവശ്യമായ വാക്‌സിനുകളും വികസിപ്പിച്ചെടുക്കുന്നതിൽ വലിയ മുന്നേറ്റത്തിന് കാരണമായി.

വസൂരി വാക്‌സിൻ നൽകുന്നു

സ്പാനിഷ് ഫ്‌ളൂവിന് കാരണമായ എച്ച് 1 എൻ 1 വൈറസാണെന്ന് തിരിച്ചറിഞ്ഞത് 2005 ൽ മാത്രമായിരുന്നു. 1981 ൽ പ്രത്യക്ഷപ്പെട്ട എയിഡ്‌സ് രോഗത്തിന് കാരണമായ ഹ്യൂമൻ ഇമ്മ്യൂണോ ഡഫിഷ്യൻ‌സി വൈറസിനെ 1983 ൽ കണ്ടെത്താൻ കഴിഞ്ഞു. സാർസ് രോഗത്തിന് കാരണമായ സാർസ് കൊറോണാ വൈറസിനെ ഏതാനും മാസങ്ങൾക്കകം തന്നെ ഹോങ്ങ്‌കോങ്ങിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫക്ഷ്യസ് ഡിസീസസ് കണ്ടെത്തി. കോവിഡിനു കാരണമായ സാർസ് കൊറോണ വൈറസിനെ ഏതാനും ആഴ്ചകൾക്കകം തന്നെ ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തി ജനിതക ഘടന നിർധാരണം ചെയ്തു. ആധുനിക വാക്‌സിൻ ഗവേഷണം പുരോഗമിച്ചതോടെ, ഫ്‌ലൂ, മഞ്ഞപ്പനി, മീസിൽസ്, തുടങ്ങി നിരവധി പകർച്ചവ്യാധികൾക്ക് പിൽക്കാലത്ത് ഫലവത്തായ വാക്‌സിനുകൾ കണ്ടെത്താൻ കഴിഞ്ഞു.

വാക്‌സിനുകളുടെ അഭാവത്തിൽ സമൂഹത്തിലെ 60 ശതമാനം പേർക്ക് രോഗം വന്ന് ഭേദമായാൽ ആ സമൂഹം ഹേർഡ് ഇമ്മ്യൂണിറ്റി കൈവരിച്ച് രോഗം വ്യാപനം തടയും എന്ന് കരുതപ്പെടുന്നുണ്ട്

സാമൂഹ്യ പ്രതിരോധം, പ്രാദേശിക രോഗം

മഹാമാരി നിയന്ത്രണവുമായി ബന്ധപ്പെട്ട്​ ചർച്ച ചെയ്യപ്പെടുന്ന രണ്ട് വിഷയങ്ങളാണ് സാമൂഹ്യ പ്രതിരോധവും (Herd Immunity: ഹേർഡ് ഇമ്മ്യൂണിറ്റി) മഹാമാരി പ്രാദേശിക രോഗമായി (Endemic: എൻഡമിക്ക്) മാറാനുള്ള സാധ്യതയും. പകർച്ചവ്യാധി വന്ന് ഭേദമാവുന്നവരുടെ ശരീരത്തിൽ രോഗം പ്രതിരോധിക്കാനുള്ള പ്രതിവസ്തുക്കളുണ്ടാവും (Antibodies). പിന്നീട് രോഗമുണ്ടാവാതിരിക്കാനുള്ള കാരണമിതാണ്. വാക്‌സിനുകൾ നൽകുന്നത് കൃത്രിമമായി പ്രതിവസ്തുക്കൾ സൃഷ്ടിച്ചും ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ഭാവി രോഗ ബാധയെ ചെറുക്കുന്നതിന് പ്രാപ്തമാക്കിയും രോഗപ്രതിരോധ ശേഷിയുണ്ടാക്കുന്നതിനായിട്ടാണ്. വാക്‌സിനുകളുടെ അഭാവത്തിൽ സമൂഹത്തിലെ 60 ശതമാനം പേർക്ക് രോഗം വന്ന് ഭേദമായാൽ ആ സമൂഹം ഹേർഡ് ഇമ്മ്യൂണിറ്റി (സാമൂഹ്യ പ്രതിരോധം) കൈവരിച്ച് രോഗം വ്യാപനം തടയും എന്ന് കരുതപ്പെടുന്നുണ്ട്. അങ്ങിനെയെങ്കിൽ ബോധപൂർവ്വമായ സമൂഹ്യ ഇടപെടലിലൂടെ (Social Engineering) എന്തുകൊണ്ട് സാമൂഹ്യ പ്രതിരോധശേഷി വളർത്തിയെടുത്ത് കൂടാ എന്ന ആശയം പലരും മുന്നോട്ട് വെക്കുന്നുണ്ട്. പ്രായോഗികമായി നോക്കുമ്പോൾ മരണസാധ്യതയില്ലാത്തവരെ രോഗബാധിതരാക്കാൻ ബോധപൂർവം അനുവദിക്കുകയും മരണസാധ്യതയുള്ളവരെ സംരക്ഷിക്കുകയും ചെയ്താൽ സാമൂഹ്യ പ്രതിരോധം വലിയ പ്രത്യാഘാതമില്ലാതെ കൈവരിക്കാമെന്നാണ് ചില വിദഗ്ദർ വാദിച്ചത്. എന്നാൽ അപകടസാധ്യതയുള്ളവരെ രോഗം ബാധിക്കാനുള്ള സാധ്യത ഇത്തരമൊരു സമീപനം വർധിപ്പിക്കുമെന്നും അനേകങ്ങളെ മരണവക്​ത്രത്തിലേക്ക് നയിച്ച്​ സമൂഹത്തിന് കനത്ത വിലനൽകേണ്ടിവരുമെന്നും മറ്റുപലരും ചൂണ്ടിക്കാട്ടി. സാമൂഹ്യ ഇടപെടലിലൂടെയുള്ള സാമൂഹ്യപ്രതിരോധം വിവാദ വിഷയമായി തുടരുകയാണ്.

ഒരു കോവിഡ്​ 19 ​പരിശോധന കേന്ദ്രം Photo : unsplash.com

പരിണാമ പ്രക്രിയയിലൂടെ മഹാമാരികൾ പ്രാദേശിക രോഗങ്ങളായി മാറാനുള്ള സാധ്യത പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് ജീവജാലങ്ങളുടെ ശരീരത്തിൽ അവയുടെ പ്രതിരോധ സംവിധാനങ്ങളുമായി ഇണങ്ങി രോഗമുണ്ടാക്കാതെ കഴിഞ്ഞ് വന്നിരുന്ന രോഗാണുക്കളാണ് അവയിൽ നിന്ന്​ മനുഷ്യരിലെത്തി രോഗകാരണമാവുന്നത്. മനുഷ്യർക്കും വൈറസിന്റെ പ്രകൃത്യാലുള്ള ആതിഥേയ ജീവിക്കുമിടയിലുള്ള മധ്യവർത്തി ജീവിയുടെ (Intermediate Host) ശരീരത്തിൽ വച്ച് വൈറസിന്റെ തീവ്രത വർധിക്കുകയും (Amplification) അവ മനുഷ്യരിലെത്തി രോഗമുണ്ടാക്കുയും മനുഷ്യരിൽ നിന്ന്​ മനുഷ്യരിലേക്ക് വ്യാപിക്കയും ചെയ്യുന്നു. വൈറസിന് ഏത് ജീവിയിലെത്തുമ്പോഴും രണ്ട് ലക്ഷ്യങ്ങൾ മാത്രമാണുള്ളത്. അവയുടെ കോശങ്ങൾക്കുള്ളിലെ ജൈവഘടകങ്ങൾ പ്രയോജനപ്പെടുത്തി വിഭജിച്ച് പെരുകുക, മറ്റ് ജീവികളിലേക്ക് വ്യാപിക്കുക. (Replication and Transmission). ഇവ രണ്ടും മാത്രമാണ് വൈറസിന്റെ ലക്ഷ്യം തങ്ങൾ വസിക്കുന്ന ആതിഥേയ ജീവികളെ നശിപ്പിക്കുക എന്നത് അവയുടെ ലക്ഷ്യമല്ല. അങ്ങനെ സംഭവിച്ചാൽ അവയുടെ മുന്നോട്ടുള്ള പോക്കിന്റെ ഗതി മുട്ടും. മനുഷ്യരിലെത്തുന്ന വൈറസുകളുടെ ആദ്യഘട്ടത്തിലെ തീവ്രതയും (Virulence) വ്യാപനനിരക്കും വളരെ കൂടുതലായിരിക്കും. ഈ ഘട്ടത്തിൽ ആതിഥേയരായ മനുഷ്യരുടെ മരണനിരക്കും സ്വാഭാവികമായും കൂടുതലായിരിക്കും. മനുഷ്യർ രോഗവ്യാപനം തടയുന്നതിനും മറ്റുമുള്ള നടപടികളും ഈ അവസരത്തിൽ സ്വീകരിക്കും. ഇതെല്ലാം വൈറസിന്റെ വ്യാപന സാധ്യത കുറക്കും. ഈ സാഹചര്യം വൈറസിന്റെ തീവ്രത കുറയുന്നതിലേക്ക് നയിക്കും. അതിന് സഹായകരമായ ജനിതകമാറ്റത്തിന് (Mutation) അവ വിധേയരാകും. തീവ്രത കൂടിയവയും വൈറസിന്റെ അതിജീവനത്തിന് സഹായകരമല്ലാത്തവയുമായ ജനിതകമാറ്റങ്ങൾ പ്രകൃതി നിർധാരണ പ്രകാരം (Natural Selection) തിരസ്‌കരിക്കപ്പെടും, തീവ്രത കുറഞ്ഞവ മനുഷ്യ ശരീരവുമായി സമരസപ്പെട്ട് വ്യാപന നിരക്ക് കുറച്ചും മനുഷ്യർക്ക് ഹാനികരമാവാതെയും നിലനിൽക്കും, മനുഷ്യരുമായി ഒരുതരം പാരിസ്ഥിതീയ സന്തുലനാവസ്ഥ (Ecological Equilibrium) കൈവരിക്കും, പാൻഡമിക്ക് എൻഡമിക്കായി മാറും. ഇങ്ങനെയൊരു സ്ഥിതി വിശേഷം സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിരവധി ജന്തുജന്യ മഹാമാരികൾ ഇങ്ങനെയാണ് അവസാനിച്ചിട്ടുള്ളതെന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. എങ്കിലും ഈ സിദ്ധാന്തത്തെ തള്ളിക്കളയുന്ന വിദഗ്ധരുമുണ്ട്.

സമൂഹം മൊത്തമെടുക്കുമ്പോൾ കോളറയും ക്ഷയരോഗവും പോലുള്ള മഹാമാരികൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജീവിക്കാൻ വിധിക്കപ്പെട്ട ദരിദ്രരെയാണ് കൂടുതൽ ബാധിച്ചിട്ടുള്ളതെന്ന് കാണാം. പല രോഗങ്ങൾക്കും അടിസ്ഥാന കാരണം അതിന് വിധേയരാവുന്നവരുടെ ദരിദ്രാവസ്ഥയാണ്

സാമൂഹ്യ അസമത്വം

മഹാമാരികൾ സമൂഹത്തിലെ ഉച്ചനീചത്വമില്ലാതെ എല്ലാ ജനവിഭാഗങ്ങളേയും ഒരേപോലെ ബാധിക്കുന്ന പ്രതിഭാസങ്ങളാണെന്ന് കരുതുന്നവരുണ്ട്. ഒരു നിരീക്ഷകന്റെ ഭാഷയിൽ "Pandemics affect the Rich and the Poor, the Kings and the Emperors., the Pharaohs and the Prophets.' (മഹാമാരികൾ ദരിദ്രരേയും ധനികരേയും രാജാക്കന്മാരെയും ചക്രവർത്തികളെയും ഫറവോമാരെയും പ്രവാചകരേയും ഒരേപോലെ ബാധിക്കുന്നു.) വ്യക്തിതലത്തിൽ പകർച്ചവ്യാധികൾ ആരെയും ബാധിച്ചുവെന്ന് വരാം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണേയും അമേരിക്കൻ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെയും ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത്​ ഷാ​യെയും മറ്റ് പല രാഷ്ട്ര ഭരണാധികളെയും കോവിഡ് ബാധിക്കുകയുണ്ടായല്ലോ. എന്നാൽ സമൂഹം മൊത്തമെടുക്കുമ്പോൾ കോളറയും ക്ഷയരോഗവും പോലുള്ള മഹാമാരികൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജീവിക്കാൻ വിധിക്കപ്പെട്ട ദരിദ്രരെയാണ് കൂടുതൽ ബാധിച്ചിട്ടുള്ളതെന്ന് കാണാൻ കഴിയും. പല രോഗങ്ങൾക്കും അടിസ്ഥാന കാരണം അതിന് വിധേയരാവുന്നവരുടെ ദരിദ്രാവസ്ഥയാണ്. ദാരിദ്ര്യവും​ പോഷണക്കുറവും ദുസ്സഹ ജീവിതസാഹചര്യങ്ങളുമാണ് ഇവരെ രോഗങ്ങൾക്ക് വിധേയരാക്കുന്നത്.

തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിലെ ബ്ലാന്റിരെയിൽ എയ്ഡ്‌സ് രോഗികൾക്കായി ലോകാരോഗ്യ സംഘടന സ്ഥാപിച്ച ഹെൽത്ത് സെന്റർ

മാത്രമല്ല, മഹാമാരികൾ ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ല, സാമൂഹ്യ- സാമ്പത്തിക പ്രശ്‌നം കൂടിയാണ്. രോഗാവസ്ഥയുണ്ടാക്കുന്ന തൊഴിലില്ലായ്മയും മറ്റും വലിയൊരു ജനസമൂഹത്തെ ദരിദ്രവൽക്കരണ പ്രക്രിയക്ക് വിധേയരാക്കയും ചെയ്യുന്നു. ദാരിദ്ര്യം മൂലം രോഗവും രോഗം മൂലം ദാരിദ്ര്യവും എന്ന വിഷമവൃത്തത്തിലാണവർ. സാമ്പത്തിക സ്ഥിതി മാത്രമല്ല ലിംഗം, വർണം, വംശം, വാർധക്യം തുടങ്ങിയ ദോഷാവസ്ഥയും (Vulnerability) പകർച്ചവ്യാധികൾ വിവിധ ജനവിഭാഗങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ വ്യത്യസ്ഥമാക്കുന്നു. കടുത്ത അസമത്വങ്ങൾക്ക് കാരണമാവുന്നു. എപ്പോഴും കടുത്ത ദുരിതമനുഭവിക്കുന്നവർ സാമൂഹ്യ - സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ളവരും പ്രാന്തവൽക്കരിക്കപ്പെട്ടവരും വിവിധ കാരണങ്ങളാൽ വിവേചനം നേരിടുന്നവരുമായിരിക്കും

ശാസ്ത്ര വളർച്ചയുടെ ഫലമായി നിരവധി മഹാമാരികളെ നിയന്ത്രിക്കാനും ചിലവയെ നിർമ്മാർജ്ജനം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിൽ മുൻകാലങ്ങളെക്കാൾ നാലിരട്ടിയായിരുന്നു രോഗസംക്രമണം. 1980 കൾക്കുശേഷം മാത്രം മൂന്നിരട്ടിയോളമായിരുന്നു പല തരത്തിലുള്ള പകർച്ചവ്യാധികളുടെ പൊട്ടിപുറപ്പെടൽ. അതേയവസരം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പകർച്ചവ്യാധികൾ മൂലം മരിക്കുന്നവർ ഒരു ലക്ഷം പേരിൽ 800 പേർ ആയിരുന്നത് നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും 60 ആയി കുറഞ്ഞിരുന്നു. ഇനിയും ഏത് നിമിഷവും പുതിയ മഹാമാരികൾ ആവിർഭവിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചിക്കപ്പെടുന്നത്. ഒരു മഹാമാരി നിയന്ത്രണ വിധേയമായിക്കഴിഞ്ഞാൽ അടുത്ത വലിയ വ്യാധിയെന്തായിരിക്കും (Next Big One) എന്നത് സംബന്ധിച്ച് വിദഗ്ധർ പല പ്രവചനങ്ങളും നടത്താറുണ്ട്.

ലോകമെമ്പാടും വർഷം തോറും ഏഴു ലക്ഷം പേരുടെ ജീവനാണ് ആന്റിബയോട്ടിക്കുകളോടുള്ള രോഗാണുപ്രതിരോധം മൂലം നഷടപ്പെടുന്നത്. 2050 ഓടെ ഇങ്ങിനെ മരിക്കുന്നവരുടെ എണ്ണം 10 ലക്ഷമാകും. ഇതുമായി തട്ടിച്ച് നോക്കുമ്പോൾ കാൻസർ മൂലം എട്ടു ലക്ഷം പേർ മാത്രമാണ് മരിക്കുന്നതെന്നോർക്കണം

സൂക്ഷ്മാണു പ്രതിരോധം

മഹാമാരികളെ നിയന്ത്രിക്കുന്നതിനുള്ള സാധ്യതകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ തന്നെ അനഭിലഷണീയങ്ങളായ നിരവധി പ്രവണതകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉദാഹരണമായി, പകർച്ചവ്യാധികളുടെ മേൽ മനുഷ്യരുടെ വിജയത്തിനുള്ള പ്രധാനകാരണമായ ആന്റിബയോട്ടിക്കുകളുടെ കാര്യം നോക്കുക. മനുഷ്യരിലുള്ള ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗവും വളർത്തുവന്യമൃഗങ്ങളുടെ മാംസവും തൂക്കവും വളർച്ചയും വർധിപ്പിക്കുന്നതിന്​ ചിലതരം ആന്റി ബയോട്ടിക്കുകൾ വൻതോതിൽ ഉപയോഗിച്ച് വരുന്നതും ആന്റിബയോട്ടിക്കുകളോട് പ്രതിരോധം വളർത്തിയെടുത്ത രോഗാണുക്കളുടെ ആവിർഭാവത്തിന് കാരണമായിട്ടുണ്ട്. ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (Anti Microbial Resistance; AMR: സൂക്ഷ്മാണു പ്രതിരോധം) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മറ്റൊരു മഹാമാരിയായി പടർന്ന് പിടിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ലോകമെമ്പാടും വർഷം തോറും ഏഴു ലക്ഷം പേരുടെ ജീവനാണ് ആന്റിബയോട്ടിക്കുകളോടുള്ള രോഗാണുപ്രതിരോധം മൂലം നഷടപ്പെടുന്നത്. 2050 ഓടെ ഇങ്ങിനെ മരിക്കുന്നവരുടെ എണ്ണം 10 ലക്ഷമായി വർധിക്കും. ഇതുമായി തട്ടിച്ച് നോക്കുമ്പോൾ കാൻസർ മൂലം എട്ടു ലക്ഷം പേർ മാത്രമാണ് മരിക്കുന്നതെന്നോർക്കണം.

ഏകലോകം ഏകാരോഗ്യം

മഹാമാരികളിൽ ഭൂരിപക്ഷവും മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ എത്തിയ മൃഗജന്യ രോഗങ്ങളാണ്(Zoonoses). മറ്റ് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ വനനശീകരണത്തിന്റെ വികസനപ്രവർത്തനങ്ങളുടെയും മറ്റും ഫലമായി നശിപ്പിക്കപ്പെട്ടുവരുന്നതുമൂലം വവ്വാലുകളും മറ്റും മനുഷ്യവാസസ്ഥലങ്ങളിലേക്ക് കുടിയേറേണ്ടിവരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള മാംസവ്യവസായത്തിന്റെ ഭാഗമായി മൃഗങ്ങളുമായി മനുഷ്യർക്ക് കൂടുതൽ അടുത്ത് ബന്ധപ്പെടേണ്ടിവരുന്നുണ്ട്.

മനുഷ്യരുടെ ആരോഗ്യം മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യവും കൂടി പരിഗണിച്ചും പരിസ്ഥിതി സംരക്ഷിച്ച്കൊണ്ടുമുള്ള 'ഏകലോകം ഏകാരോഗ്യം' എന്ന ആശയം (One World One Health) ലോകമെമ്പാടും അംഗീകരിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്

ഇതിന്റെയെല്ലാം ഫലമായി മൃഗങ്ങളുടെ ശരീരത്തിൽ പലപ്പോഴും അവക്ക് രോഗമുണ്ടാക്കാതെ കഴിയുന്ന വൈറസുകൾ മനുഷ്യരിലേക്ക് നേരിട്ടോ, മറ്റേതെങ്കിലും ജന്തുക്കളിലേക്ക് എത്തുകയും ജനിതകവ്യതിയാനത്തിലൂടെ രോഗവ്യാപന സാധ്യത വർധിച്ച് മനുഷ്യരിലെത്തി പകർച്ചവ്യാധികൾക്ക് കാരണമാവുകയോ ചെയ്യുന്നു. പരിസ്ഥിതി വിനാശത്തിന്റെ ഫലമായുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനവും രോഗാവിർഭാവത്തിനും രോഗവ്യാപനത്തിനും അനുകൂല സാഹചര്യമൊരുക്കുന്നു. ഇതെല്ലാം കണക്കിലെടുത്ത് മനുഷ്യരുടെ ആരോഗ്യം മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യവും കൂടി പരിഗണിച്ച് കൊണ്ടും പരിസ്ഥിതി സംരക്ഷിച്ച്‌കൊണ്ടുമുള്ള ഏകലോകം ഏകാരോഗ്യം എന്ന ആശയം (One World One Health) ലോകമെമ്പാടും അംഗീകരിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ▮


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ, സംസ്​ഥാന പ്ലാനിങ്​ ബോർഡ്​ അംഗം, പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, ആഗോളവൽക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments