ഫാഷിസ്റ്റ് യുക്തിയുടെ
സമ്പദ്‍വ്യവസ്ഥ

ക്ഷേമപദ്ധതികളിലെ വെട്ടിക്കുറയ്ക്കലും നിയന്ത്രണങ്ങളിലെ വിപുലീകരണവും ചേർന്നുള്ള ഇരട്ടനീക്കം നവലിബറൽ ഭരണകൂടത്തിന്റെ അടിസ്ഥാന യുക്തിയെ വെളിപ്പെടുത്തുന്നതാണ്. സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുന്ന മേഖലകളിൽനിന്ന് ഭരണകൂടം പിൻവാങ്ങുകയും, അതേസമയം ക്രമസമാധാനപാലനത്തിനും സ്വത്ത് സംരക്ഷണത്തിനും മുൻഗണന നൽകുന്ന മേഖലകളിൽ സ്വന്തം സാന്നിധ്യം ശക്തമാക്കുകയും ചെയ്യുന്നു. ഇതിലൂടെ പൗരരും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ അത് പുനർനിർവചിക്കുന്നു- ഡോ. ടി.ടി. ശ്രീകുമാർ എഴുതുന്നു.

“Neoliberal ideology, so accurate in discerning the factors that hinder or promote economic development, is mistaken in suggesting that the “downsizing” of the state- its withdrawal from “inappropriate” activities- is automatically and obviously associated with a promise of greater freedom for citizens. For it is not only through the exercise of inappropriate and incidental activities that the state oppresses people, but also — and above all- through those that are most essential and proper to it: taxation, policing, justice, and public education. And these, rather than retreating in the new neoliberal framework, tend instead to grow disproportionately.”
― Olavo de Carvalho, O Jardim das Aflições

രാഷ്ട്രീയ സംവാദങ്ങളിലും പ്രത്യയശാസ്ത്രപരമായ വിവരണങ്ങളിലും പലപ്പോഴും നവലിബറൽ ഭരണകൂടം ഒരു ‘പിൻവാങ്ങുന്ന’ ഭരണകൂടമായാണ് അവതരിപ്പിക്കപ്പെടുന്നത്. സാമ്പത്തിക മാനേജ്‌മെന്റിൽനിന്ന് പിന്മാറുകയും സാമൂഹിക ഫലങ്ങൾ നിർണ്ണയിക്കാൻ കമ്പോളശക്തികളുടെ സ്വതന്ത്രമായ ഇടപെടലിനെ അനുവദിക്കുകയും ചെയ്യുന്ന, ആദ്യകാല മുതലാളിത്തത്തിന്റെ കാലത്തെ പ്രഹരശേഷി നഷ്ടപ്പെട്ട, ഏജൻസിയായി ഇത് ചിത്രീകരിക്കപ്പെടുന്നു. അതേസമയം വ്യക്തിവാദത്തിന്റെ കാഴ്ചപ്പാടിൽ ഇത് മനുഷ്യ സ്വാതന്ത്ര്യത്തിന്റെ, വ്യക്ത്യാന്തസ്സിന്റെ പ്രതീകമായും ആഘോഷിക്കപ്പെടുന്നു.

രാഷ്ട്രീയമായും സൈദ്ധാന്തികമായും പ്രാധാന്യമുള്ള ഒന്നാണ് ഈ സമീപനങ്ങളുടെ വിശകലനം. ഒരു വസ്തുത തുടക്കത്തിൽതന്നെ അടിവരയിട്ട് പറയേണ്ടതുണ്ട്: നവലിബറൽ ഭരണകൂടത്തിന്റെ കാര്യത്തിൽ സംഭവിക്കുന്നത് അധികാരത്തിന്റെ ശോഷണമല്ല, മറിച്ച് ഭരണകൂടാധികാരത്തിന്റെ സവിശേഷമായ പുനർക്രമീകരണമാണ്. മുകളിൽ ഉദ്ധരിച്ച കാർവാലോയുടെ നിഗമനത്തിന് സമാനമായ ഡേവിഡ് ഹാർവിയുടെ ശക്തമായ ഒരു നിരീക്ഷണമുണ്ട്: നിയോലിബറൽ ഭരണകൂടം സാമൂഹിക സമ്പദ്‍വ്യവസ്ഥയിൽ അതിന്റെ ഇടപെടലുകൾ ഉപേക്ഷിക്കുന്നില്ല; പകരം, മൂലധന സമാഹരണത്തിനുള്ള സാഹചര്യങ്ങൾ സുരക്ഷിതമാക്കുന്നതിനായി സ്ഥാപനങ്ങളെയും നിയമങ്ങളെയും ഭരണസംവിധാനങ്ങളെയും പുനർനിർമ്മിച്ച് മൂലധനത്തിന് അനുകൂലമായി ഇടപെടലുകളെ മാറ്റിയെടുക്കുകയാണ് ചെയ്യന്നത്. ജനാധിപത്യം, സമത്വം, സാമൂഹികക്ഷേമം എന്നിവ ബലികഴിച്ചാണെങ്കിൽപോലും വർഗാധിപത്യം പുനഃസ്ഥാപിക്കുകയും ദൃഢപ്പെടുത്തുകയും ചെയ്യുക എന്നതാണ് അതിന്റെ ആത്യന്തിക ധർമ്മം.

സാമ്പത്തിക അച്ചടക്കത്തിന്റെയും കാര്യക്ഷമതയുടെയും പേരിൽ ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സാമൂഹിക സുരക്ഷ എന്നിവയ്ക്കുള്ള പൊതുചെലവ് കുറയ്ക്കുന്നു. എന്നാൽ, ക്ഷേമപദ്ധതികളിൽനിന്നുള്ള ഈ പിൻവാങ്ങലിന് സമാനമായ ഒരു പിൻവാങ്ങൽ ബലപ്രയോഗത്തിന്റെയോ കർശന നിയന്ത്രണങ്ങളുടെയോ കാര്യത്തിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

നവലിബറൽ ഭരണകൂടത്തിന്റെ അന്തഃസത്തയിൽ ഒരു വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്. സ്വതന്ത്ര കമ്പോളത്തിന്റെയും പരിമിതമായ ഗവൺമെന്റിന്റെയും ഗുണങ്ങളെക്കുറിച്ച് അത് പ്രഘോഷിക്കുമ്പോഴും, പ്രായോഗികമായി അത് അങ്ങേയറ്റം സജീവവും ഇടപെടലുകൾ നടത്തുന്നതുമായ ഒരു സംവിധാനമാണ്. കമ്പോളങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന ഒരു സ്ഥാപനപരമായ ചട്ടക്കൂട് ഉറപ്പുനൽകുക എന്നതാണ് ഇതിന്റെ പ്രാഥമിക ധർമ്മം. സ്വകാര്യ സ്വത്തവകാശസംരക്ഷണം, കരാറുകൾ നടപ്പിലാക്കൽ, നിക്ഷേപത്തിന് അനുയോജ്യമായ നിയമപരവും നിയന്ത്രണപരവുമായ അന്തരീക്ഷം നിലനിർത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ കാഴ്ചപ്പാടിൽ, കമ്പോളങ്ങൾ സ്വയമേവയോ സ്വാഭാവികമായോ ഉണ്ടായ പ്രതിഭാസങ്ങളല്ല; മറിച്ച് അവ ഭരണകൂടം സജീവമായി നിർമ്മിച്ചെടുക്കുന്നതും നിലനിർത്തുന്നതുമാണ്. അങ്ങനെ നവലിബറൽ ഭരണകൂടം ഒരു 'കമ്പോള നിർമ്മാതാവ്' (market-maker) എന്ന പദവി ഏറ്റെടുക്കുകയും, പുതിയ മേഖലകളിലേക്ക് ചരക്കുവൽക്കരണത്തെ വ്യാപിപ്പിക്കുകയും സാമ്പത്തിക ജീവിതം മത്സരത്തിന്റെയും വിനിമയത്തിന്റെയും യുക്തിക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

അതേസമയം, നവലിബറൽ ഭരണകൂടം ‘വ്യക്തിപരമായ ഉത്തരവാദിത്വം’ എന്ന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും സാമൂഹികമായ പ്രതിസന്ധികളെ വ്യക്തിപരമായ പരാജയങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം, ആരോഗ്യ സംരക്ഷണത്തിനുള്ള അപര്യാപ്തത എന്നിവയൊന്നും ഇപ്പോൾ കൂട്ടായ പരിഹാരങ്ങൾ ആവശ്യമായ ഘടനാപരമായ പ്രശ്നങ്ങളായി കാണുന്നില്ല; മറിച്ച് അവ അപര്യാപ്തമായ പരിശ്രമത്തിന്റെയോ തെറ്റായ തെരഞ്ഞെടുപ്പുകളുടെയോ അല്ലെങ്കിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മയുടെയോ ഫലമായി വ്യാഖ്യാനിക്കപ്പെടുന്നു. ക്ഷേമപദ്ധതികളുടെ വെട്ടിക്കുറയ്ക്കലിനും സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെ തകർച്ചയ്ക്കും ഈ മാറ്റം കാരണമാകുന്നു. സാമ്പത്തിക അച്ചടക്കത്തിന്റെയും കാര്യക്ഷമതയുടെയും പേരിൽ ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സാമൂഹിക സുരക്ഷ എന്നിവയ്ക്കുള്ള പൊതുചെലവ് കുറയ്ക്കുന്നു. എന്നാൽ, ക്ഷേമപദ്ധതികളിൽനിന്നുള്ള ഈ പിൻവാങ്ങലിന് സമാനമായ ഒരു പിൻവാങ്ങൽ ബലപ്രയോഗത്തിന്റെയോ കർശന നിയന്ത്രണങ്ങളുടെയോ കാര്യത്തിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. നേരെമറിച്ച്, നവലിബറൽ ഭരണകൂടം പലപ്പോഴും അതിന്റെ ശിക്ഷാ- നിരീക്ഷണ സംവിധാനങ്ങൾ വിപുലീകരിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് കൂടുതൽ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

ഡേവിഡ് ഹാർവി
ഡേവിഡ് ഹാർവി

ഭരണകൂടം സ്വന്തം നയങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങളെ നേരിടാൻ ശ്രമിക്കുമ്പോൾ, ദരിദ്രരും തൊഴിലില്ലാത്തവരും സാമൂഹികമായി പുറന്തള്ളപ്പെട്ടവരും കടുത്ത പോലീസ് നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയരാകുന്നു. കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ (1848) നിരീക്ഷിച്ചതുപോലെ, ആധുനിക ഭരണകൂടത്തിന്റെ നിർവ്വാഹകസമിതി എന്നത് ആഗോള ബൂർഷ്വാസിയുടെ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു കമ്മിറ്റി മാത്രമായി മാറുകയാണ്. ഭരണകൂടനയങ്ങളും മൂലധന സമാഹരണ പ്രക്രിയയും തമ്മിലുള്ള ഈ ഐക്യം ഒരു അപവാദമല്ല, മറിച്ച് ഒരു ഘടനാപരമായ അനിവാര്യതയാണ്.

ക്ഷേമപദ്ധതികളിലെ വെട്ടിക്കുറയ്ക്കലും നിയന്ത്രണങ്ങളിലെ വിപുലീകരണവും ചേർന്നുള്ള ഇരട്ടനീക്കം നവലിബറൽ ഭരണകൂടത്തിന്റെ അടിസ്ഥാന യുക്തിയെ വെളിപ്പെടുത്തുന്നതാണ്. സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുന്ന മേഖലകളിൽനിന്ന് ഭരണകൂടം പിൻവാങ്ങുകയും, അതേസമയം ക്രമസമാധാനപാലനത്തിനും സ്വത്ത് സംരക്ഷണത്തിനും മുൻഗണനനൽകുന്ന മേഖലകളിൽ സ്വന്തം സാന്നിധ്യം ശക്തമാക്കുകയും ചെയ്യുന്നു. ഇതിലൂടെ പൗരന്മാരും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ അത് പുനർനിർവചിക്കുന്നു; അസമത്വങ്ങൾ ലഘൂകരിക്കുന്നതിനുപകരം അസമത്വങ്ങളെ നിയന്ത്രിക്കാനുള്ള ഒരു ഉപകരണമായി ഭരണകൂടത്തെ മാറ്റുന്നു. കമ്പോള കാര്യക്ഷമതയെയും സാമൂഹിക സംരക്ഷണത്തെയും സന്തുലിതമാക്കിയിരുന്ന രണ്ടാം ലോകയുദ്ധാനന്തര കാലഘട്ടത്തിലെ സാമൂഹികക്കരാർ ഇവിടെ തകർത്തുകൊണ്ട് വിപണിയെയും അതിന്റെ തീരുമാനങ്ങളെയും വിശുദ്ധമായി കാണുകയും വിയോജിപ്പുകളെ അച്ചടക്ക നടപടികളിലൂടെ അടിച്ചമർത്തുകയും ചെയ്യുന്ന ഒരു വ്യവസ്ഥയായി സ്വയം പരിവർത്തനം ചെയ്യുന്നു.

നവലിബറൽ ഭരണകൂടം തീർച്ചയായും നിഷ്പക്ഷമല്ല. അതിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ വ്യവസ്ഥിതിയുടെ തകർച്ചയ്ക്ക് ഭീഷണിയാകുമ്പോൾ അത് മൂലധന താൽപ്പര്യങ്ങളോട് ചേർന്നുനിൽക്കുകയും വ്യവസ്ഥിതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നു.

സാമ്പത്തിക പ്രതിസന്ധികളുടെ ഘട്ടങ്ങളിൽ നവലിബറൽ ഭരണകൂടത്തിന്റെ ഇത്തരം കോർപ്പറേറ്റ് പങ്കാളിത്തം കൂടുതൽ വ്യക്തമാകാറുണ്ട്. നവലിബറൽ പ്രത്യയശാസ്ത്രം കമ്പോളത്തിന്റെ സ്വയം നിയന്ത്രണത്തെയാണ് (market self-regulation) ഉയർത്തിപ്പിടിക്കുന്നതെങ്കിലും, പ്രായോഗികമായി സാമ്പത്തിക വ്യവസ്ഥകളെ സുസ്ഥിരമാക്കാനും മൂലധനത്തെ സംരക്ഷിക്കാനും ഭരണകൂടം നിർണ്ണായകമായി ഇടപെടുന്നു എന്നാണ് ഇതുവരെയുള്ള നിയോ ലിബറലിസത്തിന്റെ ചരിത്രം വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളിൽ ബാങ്കുകൾക്കും വൻകിട കോർപ്പറേഷനുകൾക്കും നൽകുന്ന സഹായധനങ്ങൾ (bailouts) ഈ വൈരുദ്ധ്യത്തിന്റെ ഉത്തമ നിദർശനങ്ങളാണ്. 2008-ൽഒബാമ ഭരണകൂടം ഫിനാൻഷ്യൽ പ്രതിസന്ധിയെ നേരിട്ടത്, അല്ലെങ്കിൽ അതിനെ നേരിടാൻ ബാങ്കുകളെ പ്രാപ്തരാക്കിയത്, ഈ സാമ്പത്തിക തന്ത്രം ഉപയോഗിച്ചാണ്.

അതായത്, തങ്ങളെ രക്ഷിക്കാനാണെങ്കിൽ പഴയ കെയ്നീഷ്യൻ തന്ത്രം ഉപയോഗിക്കുന്നത് അഭികാമ്യമാണെന്നു മാതമല്ല, അത് നിർബന്ധമായും ചെയ്യുകയും വേണമെന്നതാണ് മൂലധനത്തിന്റെ നിലപാട്. അതാണ് പുതിയ ഭരണകൂടത്തിന്റെ കർത്തവ്യം. ലാഭം സ്വകാര്യമായി തുടരുമ്പോഴും, നഷ്ടങ്ങൾ പൊതുവൽക്കരിക്കപ്പെടുകയും സാമ്പത്തിക അച്ചടക്ക നടപടികളിലൂടെ (austerity measures) അത് നികുതിദായകരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്യുന്നു. 2008- ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സാധാരണ പൗരർ തൊഴിലില്ലായ്മയും വീട് ജപ്തി ചെയ്യപ്പെടുന്ന അവസ്ഥയും പൊതുസേവനങ്ങളിലെ വെട്ടിക്കുറയ്ക്കലുകളും നേരിട്ടപ്പോൾ പോലും, ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ ഈ ഒബാമ മാതൃക അനുസരിച്ച് സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷിക്കാൻ വൻതോതിൽ വിഭവങ്ങൾ സമാഹരിച്ചു.

കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിരീക്ഷിച്ചതുപോലെ, ആധുനിക ഭരണകൂടത്തിന്റെ നിർവ്വാഹകസമിതി എന്നത് ആഗോള ബൂർഷ്വാസിയുടെ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു കമ്മിറ്റി മാത്രമായി മാറുകയാണ്.
കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിരീക്ഷിച്ചതുപോലെ, ആധുനിക ഭരണകൂടത്തിന്റെ നിർവ്വാഹകസമിതി എന്നത് ആഗോള ബൂർഷ്വാസിയുടെ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു കമ്മിറ്റി മാത്രമായി മാറുകയാണ്.

ഇത്തരം ഇടപെടലുകൾ തെളിയിക്കുന്നത് നവലിബറൽ ഭരണകൂടം തീർച്ചയായും നിഷ്പക്ഷമല്ല എന്നാണ്; അതിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ വ്യവസ്ഥിതിയുടെ തകർച്ചയ്ക്ക് ഭീഷണിയാകുമ്പോൾ അത് മൂലധന താൽപ്പര്യങ്ങളോട് ചേർന്നുനിൽക്കുകയും വ്യവസ്ഥിതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നു.

ഈ പൊരുത്തപ്പെടൽ ദേശീയ സാഹചര്യങ്ങളിൽമാത്രം ഒതുങ്ങുന്നില്ല, മറിച്ച് ആഗോളതലത്തിലേക്ക് വ്യാപിച്ചുകിടക്കുന്നു. അന്താരാഷ്ട്ര നാണയനിധി (IMF), ലോകബാങ്ക് (World Bank), ലോക വ്യാപാര സംഘടന (WTO) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിലൂടെ നവലിബറൽ ഭരണകൂട നടപടികൾ ഔദ്യോഗികമായി നടപ്പിലാക്കപ്പെടുന്നു. ഈ സ്ഥാപനങ്ങൾ വ്യാപാര ഉദാരവൽക്കരണം, സാമ്പത്തിക അച്ചടക്കം, സ്വകാര്യവൽക്കരണം തുടങ്ങിയ നയങ്ങളെ സാമ്പത്തിക സഹായത്തിനുള്ള നിബന്ധനകളായി മുന്നോട്ടുവെക്കുന്നു. ഘടനാപരമായ ക്രമീകരണ പരിപാടികളിലൂടെ (structural adjustment programs), പലപ്പോഴും ജനാധിപത്യ പ്രക്രിയകളെയും പ്രാദേശിക മുൻഗണനകളെയും മറികടന്ന് ദേശീയ സമ്പദ്‍വ്യവസ്ഥകളെ നവലിബറൽ തത്വങ്ങൾക്കനുസരിച്ച് അവ പുനർനിർമ്മിക്കുന്നു. ഇതിന്റെ ഫലമായി ദേശീയ പരമാധികാരം ആഗോള മൂലധനത്തിന്റെ താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടുകയും, ബഹുരാഷ്ട്ര കമ്പനികൾക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി നിക്ഷേപത്തിനായി പരസ്പരം മത്സരിക്കാൻ ഭരണകൂടങ്ങൾ നിർബന്ധിതരാകുകയും ചെയ്യുന്ന ആഗോള സാമ്പത്തികക്രമം അഭംഗുരം നിലനിർത്തുന്നു.

നവലിബറൽ ഭരണകൂടത്തിന്റെ സുപ്രധാനമായ ഒരു സവിശേഷത, കമ്പോളതത്വങ്ങൾ അത് പൂർണ്ണമായും ഏകപക്ഷീയമായ രീതിയിൽമാത്രം നടപ്പിലാക്കുന്നു എന്നതാണ്. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ, വിശേഷിച്ചും, ഒരു വ്യക്തി ഒരു വോട്ട് എന്ന തെരഞ്ഞെടുപ്പു സാഹചര്യത്തിൽ പാലിക്കേണ്ട ഭരണക്കരാർ പാലിക്കാൻ ഭരണകൂടത്തിന് കഴിയാതെവരുന്നു. അത് ദരിദ്രർക്കുള്ള സാമ്പത്തിക പിന്തുണകളും സംവരണ സംവിധാനങ്ങളും പിൻവലിക്കുന്നതിനെയും പൊതുസേവനങ്ങളെ തകർക്കുന്നതിനെയും ന്യായീകരിക്കാൻ കമ്പോളയുക്തിയെ കൂട്ടുപിടിക്കുമ്പോൾ തന്നെ, ശക്തരായ വിഭാഗങ്ങളുടെ താൽപര്യങ്ങൾ അപകടത്തിലാകുന്ന ഘട്ടങ്ങളിൽ ഈ കമ്പോള നിയമങ്ങൾ മാറ്റിവെക്കുകയോ കണ്ണടച്ച് ഇരുട്ടാക്കി അവഗണിക്കുകയോ ചെയ്യുന്നു.

നവലിബറലിസവും ജനാധിപത്യവും തമ്മിലുള്ള ബന്ധം അങ്ങേയറ്റം സങ്കീർണ്ണവും പ്രശ്നസങ്കുലവുമാണ്. നവലിബറൽ പ്രത്യയശാസ്ത്രം പലപ്പോഴും ലിബറൽ ജനാധിപത്യ മൂല്യങ്ങളുമായി ചേർന്നുനിൽക്കുന്നതായി തോന്നിപ്പിക്കുമെങ്കിലും, പ്രായോഗികതലത്തിൽ അത് ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

തന്ത്രപ്രധാനമായ വ്യവസായങ്ങളെയോ സാമ്പത്തിക സ്ഥാപനങ്ങളെയോ പിന്തുണയ്ക്കുന്നതിനായി സംരക്ഷണനയങ്ങളും (protectionism) സബ്‌സിഡികളും ഭരണകൂട ഇടപെടലുകളും യഥേഷ്ടം ഉപയോഗിക്കുന്നു. കർഷകർക്കും പാർശ്വവല്കൃതർക്കും ഈ ആനുകൂല്യം നിഷേധിക്കുന്നു. ഈ വിവേചനം നവലിബറലിസത്തിന്റെ പ്രത്യയശാസ്ത്രപരമായ സ്വഭാവത്തിന് അടിവരയിടുന്നതാണ്: സ്വതന്ത്ര കമ്പോളത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയല്ല, മറിച്ച് വർഗതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വഴക്കമുള്ള തന്ത്രം മാത്രമാണ് ഭരണകൂടത്തിനുള്ളത്. കമ്പോള സ്വാതന്ത്ര്യം എന്ന വാചാടോപം സമ്പത്തിനെ മുകളിലത്തെ തട്ടിലേക്ക് പുനർവിതരണം ചെയ്യുന്ന നയങ്ങളെ സാധൂകരിക്കാനാണ് ഉപയോഗിക്കുന്നത്. അതേസമയംതന്നെ കോർപ്പറേറ്റ് മൂലധനത്തെ സംരക്ഷിക്കാൻ ഭരണകൂടം നിശബ്ദമായി ഇടപെടുകയും ചെയ്യുന്നുണ്ട്.

നവലിബറലിസം അടിസ്ഥാനപരമായി ഒരു വർഗപദ്ധതിയാണെന്ന (class project) ഹാർവിയുടെ പ്രധാന സിദ്ധാന്തം ഈ ചലനാത്മകതയെ മനസ്സിലാക്കാൻ സഹായിക്കുന്നതാണ്. നവലിബറൽ ഭരണകൂടത്തിന്റെ നയങ്ങളും പ്രവർത്തനങ്ങളും വിഭവങ്ങളെ പൊതുമേഖലയിൽനിന്ന് സ്വകാര്യമേഖലയിലേക്കും, അധ്വാനിക്കുന്നവരിൽനിന്ന് മൂലധന ഉടമകളിലേക്കും, ഭൂരിപക്ഷത്തിൽനിന്ന് ന്യൂനപക്ഷത്തിലേക്കും വ്യവസ്ഥാപിതമായി മാറ്റുന്നു. നികുതി പരിഷ്കാരങ്ങൾ സമ്പന്നരെ കൂടുതൽ സഹായിക്കുന്നു, സാമ്പത്തിക ഉദാരവൽക്കരണം ഊഹക്കച്ചവടലാഭത്തിന് വഴിയൊരുക്കുന്നു, സ്വകാര്യവൽക്കരണം ലാഭത്തിനുള്ള പുതിയ വഴികൾ തുറക്കുന്നു. കാലക്രമേണ, ഈ പ്രക്രിയകൾ സമ്പത്തിന്റെയും അധികാരത്തിന്റെയും വൻതോതിലുള്ള കേന്ദ്രീകരണത്തിലേക്ക് നയിക്കുകയും യുദ്ധാനന്തര കാലഘട്ടത്തിലെ പുനർവിതരണ പ്രവണതകളെ അട്ടിമറിക്കുകയും ചെയ്യുന്നു. ഇവിടെ അസമത്വം എന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നല്ല, മറിച്ച് സാമ്പത്തിക- രാഷ്ട്രീയ സ്ഥാപനങ്ങളുടെ ബോധപൂർവമായ പുനർനിർമ്മാണത്തിലൂടെയുണ്ടാകുന്ന ഒരു ഘടനാപരമായ ഉൽപ്പന്നമാണ്.

അന്താരാഷ്ട്ര നാണയനിധി (IMF), ലോകബാങ്ക് (World Bank), ലോക വ്യാപാര സംഘടന (WTO) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിലൂടെ നവലിബറൽ ഭരണകൂട നടപടികൾ ഔദ്യോഗികമായി നടപ്പിലാക്കപ്പെടുന്നു.
അന്താരാഷ്ട്ര നാണയനിധി (IMF), ലോകബാങ്ക് (World Bank), ലോക വ്യാപാര സംഘടന (WTO) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിലൂടെ നവലിബറൽ ഭരണകൂട നടപടികൾ ഔദ്യോഗികമായി നടപ്പിലാക്കപ്പെടുന്നു.

ഈ പ്രക്രിയയിൽ അടിക്കടിയുണ്ടാവുന്ന പ്രതിസന്ധികൾ നിർണ്ണായകമായ പങ്കുവഹിക്കുന്നു. സാധാരണഗതിയിൽ വലിയ എതിർപ്പുകൾ നേരിടാൻ സാധ്യതയുള്ള നവലിബറൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള അവസരങ്ങളായി പലപ്പോഴും സാമ്പത്തിക തകർച്ചകൾ (അത് പണപ്പെരുപ്പമോ കടക്കെണിയോ സാമ്പത്തിക അസ്ഥിരതയോ ആകട്ടെ) ഉപയോഗിക്കപ്പെടുന്നു. പ്രതിസന്ധിയുടെ ഘട്ടങ്ങൾ അടിയന്തരമായ ഒരു സാഹചര്യം സൃഷ്ടിക്കുകയും പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന തോന്നൽ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് സ്വകാര്യവൽക്കരണം, നിയന്ത്രണങ്ങൾ നീക്കൽ (deregulation), സാമ്പത്തിക അച്ചടക്ക നടപടികൾ (austerity) തുടങ്ങിയ നയങ്ങൾ നടപ്പിലാക്കാൻ ഭരണാധികാരികളെ അനുവദിക്കുന്ന അരാഷ്ട്രീയാന്തരീക്ഷം കൃതൃമമായി ഉൽപ്പാദിപ്പിക്കുന്നു. ഒരിക്കൽ നടപ്പിലാക്കിക്കഴിഞ്ഞാൽ, ഈ പരിഷ്കാരങ്ങൾ സ്ഥാപനപരമായ ചട്ടക്കൂടിനെ അപ്പാടെ മാറ്റുകയും നവലിബറൽ യുക്തിയെ അവിടെ ഉറപ്പിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് മറ്റു ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നത് കൂടുതൽ പ്രയാസകരമാക്കുന്നു. അങ്ങനെ, നവലിബറൽ ഭരണകൂടം കേവലം നയങ്ങളിലൂടെ മാത്രമല്ല, മറിച്ച് പ്രതിസന്ധികളെ പരിവർത്തനത്തിനുള്ള തന്ത്രപരമായ ഉപാധികളായി ഉപയോഗിച്ചുകൊണ്ടും സ്വന്തം നിലനിൽപ്പിനുള്ള ലെജിറ്റിമസി, സാധൂകരണം, തേടുന്നുണ്ട്.

കമ്പോളഭരണവും (market governance) ജനാധിപത്യപരമായ ഉത്തരവാദിത്തവും തമ്മിലുള്ള സംഘർഷത്തെയാണ് നവലിബറൽ ഭരണകൂടം പ്രതിനിധീകരിക്കുന്നത്; ഇതിൽ പലപ്പോഴും മുൻഗണന ലഭിക്കുന്നത് കമ്പോളത്തിനാണ്.

കാൾ മാർക്‌സിനും ഫ്രെഡറിക് ഏംഗൽസിനും ഭരണകൂടം എന്നത് അടിസ്ഥാനപരമായി വർഗ്ഗ ആധിപത്യത്തിനുള്ള ഒരു ഉപകരണമായിരുന്നു; പരിഹരിക്കാനാവാത്ത സാമൂഹിക വൈരുദ്ധ്യങ്ങളിൽ നിന്നാണ് അത് ചരിത്രപരമായി രൂപപ്പെട്ടത്. തന്റെ 'സ്റ്റേറ്റ് ആൻഡ് റെവല്യൂഷൻ' (ഭരണകൂടവും വിപ്ലവവും) എന്ന കൃതിയിൽ വ്ലാദിമിർ ലെനിൻ ഈ വാദത്തെ കൂടുതൽ വിപുലീകരിക്കുന്നുണ്ട്. മുതലാളിത്ത ഭരണകൂടത്തെ വെറുതെ പരിഷ്കരിക്കാനാവില്ലെന്നും, പകരം അതിനെ തകർത്ത് പകരം ഒരു തൊഴിലാളിവർഗ്ഗ ഭരണകൂടം സ്ഥാപിക്കണമെന്നും അദ്ദേഹം വാദിച്ചു. വർഗ്ഗങ്ങൾ ഇല്ലാതാകുന്നതോടെ ഈ ഭരണകൂടം ക്രമേണ ഇല്ലാതാകുമെന്നും അദ്ദേഹം കരുതി എന്നത് സുവിദിതമാണ്. പിന്നീട് ഇറ്റാലിയൻ കമ്മ്യൂണിസ്റ്റായ അമദിയോ ബോർഡിഗ ലെനിന്റെ ഈ ഭരണകൂട സിദ്ധാന്തത്തെക്കുറിച്ച് വിപുലമായി ചിന്തിക്കുകയും, ലെനിനിസത്തിന്റെ വിപ്ലവകരവും പാർലമെന്ററി വിരുദ്ധവുമായ വശങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി മുതലാളിത്ത ഭരണകൂടത്തിന്റെ സ്ഥാപനപരമായ യുക്തികൾക്ക് വഴങ്ങിക്കൊടുക്കരുതെന്നും അതിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം വാദിച്ചുകൊണ്ടിരുന്നു.

അൽത്തൂസറിനുശേഷമുള്ള (Post-Althusserian) മാർക്സിസ്റ്റ് സ്റ്റേറ്റ് തിയറിയുടെ (theory of the State) പുനരുജ്ജീവിനം എന്നത്, ഭരണകൂടത്തെ കേവലം ഒരു വർഗ്ഗഭരണ ഉപകരണം മാത്രമായി കാണുന്ന രീതിയിൽനിന്നുള്ള നിർണ്ണായകമായ ഒരു മാറ്റത്തെ അടയാളപ്പെടുത്തിയിരുന്നു. പകരം, ഭരണകൂടത്തെ സാമൂഹികബന്ധങ്ങളുടെ സങ്കീർണ്ണവും ആപേക്ഷികമായി സ്വയംഭരണാധികാരമുള്ളതുമായ (relatively autonomous) ഒരു കൂട്ടായ്മയായാണ് ഇത് മനസ്സിലാക്കുന്നത്. മർദ്ദക ഭരണകൂട സംവിധാനങ്ങളും (repressive state apparatuses) പ്രത്യയശാസ്ത്രപരമായ ഭരണകൂട സംവിധാനങ്ങളും (ideological state apparatuses) തമ്മിലുള്ള ലൂയി അൽത്തൂസറുടെ വേർതിരിവിനെ (Althusser 1971) അടിസ്ഥാനമാക്കി, പിൽക്കാല സിദ്ധാന്തങ്ങൾ, ഭരണകൂടം കേവലം ബലപ്രയോഗത്തിലൂടെ മാത്രമല്ല, മറിച്ച് സമ്മതത്തിലൂടെയും (consent), സ്ഥാപനപരമായ ക്രമീകരണങ്ങളിലൂടെയും, വ്യക്തിനിഷ്ഠതയുടെ (subjectivity) നിർമ്മാണത്തിലൂടെയുമാണ് മുതലാളിത്ത ആധിപത്യം ഉറപ്പാക്കുന്നത് എന്ന നിഗമനത്തിന് ശക്തിപകരുന്ന വിശകലനങ്ങളിലേക്ക് നീങ്ങിയിരുന്നു.

ലൂയി അൽത്തൂസർ. നവലിബറലിസത്തെ ഭരണകൂടത്തിന്റെ പിൻവാങ്ങലായി കാണുന്നതിനു പകരം, ഭരണകൂടാധികാരത്തിന്റെ പുനഃക്രമീകരണമായാണ് പോസ്റ്റ്-അൽത്തൂസേറിയൻ സിദ്ധാന്തം വെളിപ്പെടുത്തുന്നത്.
ലൂയി അൽത്തൂസർ. നവലിബറലിസത്തെ ഭരണകൂടത്തിന്റെ പിൻവാങ്ങലായി കാണുന്നതിനു പകരം, ഭരണകൂടാധികാരത്തിന്റെ പുനഃക്രമീകരണമായാണ് പോസ്റ്റ്-അൽത്തൂസേറിയൻ സിദ്ധാന്തം വെളിപ്പെടുത്തുന്നത്.

ഭരണകൂടത്തെ "വർഗ്ഗബന്ധങ്ങളുടെ ഭൗതിക സാന്ദ്രത" (material condensation of class relations) എന്ന് വിശേഷിപ്പിച്ച നിക്കോസ് പൗലൻസാസിന്റെ (Nicos Poulantzas,) കാഴ്ചപ്പാട് ഈ പരിവർത്തനത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഭരണകൂടാധികാരം ആഭ്യന്തരമായി വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്നും അത് വിവിധ വർഗ്ഗങ്ങൾക്കിടയിലുള്ള പോരാട്ടങ്ങളാൽ രൂപപ്പെട്ടതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ചിന്താഗതിയെ ബോബ് ജെസ്സോപ്പിനെപ്പോലുള്ള പണ്ഡിതർ കൂടുതൽ വികസിപ്പിച്ചു. ജെസ്സോപ്പിന്റെ സ്ട്രാറ്റജിക്- റിലേഷണൽ സമീപനം (Jessop 1990, 2002) ഭരണകൂടത്തെ ഒരു പ്രത്യേക ഭൂപ്രദേശമായി സങ്കൽപ്പിക്കുന്നു; ഇത് ചില തന്ത്രങ്ങളെ- പ്രത്യേകിച്ച് മൂലധനവുമായി പൊരുത്തപ്പെടുന്നവയെ-അനുകൂലിക്കാനും മറ്റുള്ളവയെ നിയന്ത്രിക്കാനും തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നവലിബറലിസം ഭരണകൂടത്തെ ഇല്ലാതാക്കുന്നില്ല; മറിച്ച് ഭരണകൂട സ്ഥാപനങ്ങളെയും നിയമങ്ങളെയും പോലീസ് അധികാരത്തെയും സാമ്പത്തികനയങ്ങളെയും പ്രത്യയശാസ്ത്ര സംവിധാനങ്ങളെയും മൂലധന സമാഹരണത്തിനനുയോജ്യമായ രീതിയിൽ അത് പുനഃസംഘടിപ്പിക്കുകയാണ്.

നവലിബറലിസത്തെ മനസ്സിലാക്കുന്നതിൽ ഈ സിദ്ധാന്തങ്ങളുടെ പുനരുജ്ജീവിനം വളരെ പ്രധാനമായിരുന്നു. നവലിബറലിസത്തെ ഭരണകൂടത്തിന്റെ പിൻവാങ്ങലായി കാണുന്നതിനു പകരം, ഭരണകൂടാധികാരത്തിന്റെ പുനഃക്രമീകരണമായാണ് പോസ്റ്റ്-അൽത്തൂസേറിയൻ സിദ്ധാന്തം വെളിപ്പെടുത്തുന്നത്. സാമ്പത്തികവൽക്കരണം (financialization), സ്വകാര്യവൽക്കരണം, ആഗോള മൂലധനചലനം എന്നിവയെ അനുകൂലിക്കുന്നതിനായി ഭരണകൂടം നിയമപരവും സാമ്പത്തികവും ആശയപരവുമായ സാഹചര്യങ്ങളെ സജീവമായി പുനഃസംഘടിപ്പിക്കുന്നു (Harvey 2005).

അതേസമയം, മിഷേൽ ഫൂക്കോ 'ഗവേൺമെന്റാലിറ്റി' (Foucault 2008) എന്ന് വിളിക്കുന്ന പ്രക്രിയയിലൂടെ അത് വ്യക്തികളെ വിപണിയുക്തികൾ ഉൾക്കൊള്ളുന്ന സംരംഭകരും സ്വയംനിയന്ത്രിക്കുന്നവരുമായി മാറ്റിയെടുക്കുന്നു. ഈ സൈദ്ധാന്തിക മാറ്റത്തിന്റെ പ്രാധാന്യം എന്നത്, നവലിബറലിസം ബലപ്രയോഗം, സമ്മതം, സ്ഥാപനപരമായ തിരഞ്ഞെടുപ്പ് എന്നിവയുടെ സംയോജനത്തിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ചുതരുന്നു എന്നതാണ്. ഇവിടെ ജനാധിപത്യരൂപങ്ങൾ നിലനിൽക്കുമ്പോൾതന്നെ വർദ്ധിച്ചുവരുന്ന അസമത്വവും സ്വേച്ഛാധിപത്യ പ്രവണതകളും ഒപ്പം നിലനിൽക്കുന്നു.

ഈ അർത്ഥത്തിൽ, നവലിബറലിസത്തെ കേവലമായ ഒരു നയമാറ്റമായിട്ടല്ല, മറിച്ച് ഭരണകൂടരൂപങ്ങളിൽതന്നെ ആഴ്ന്നിറങ്ങിയ വ്യവസ്ഥാപിതമായ ഒരു വർഗ്ഗധിഷ്ഠിത പദ്ധതിയായാണ് പോസ്റ്റ്- അൽത്തൂസേറിയൻ മാർക്സിസ്റ്റ് സിദ്ധാന്തം മനസ്സിലാക്കുന്നത്‌. സമകാലിക മുതലാളിത്തത്തെ വിശകലനം ചെയ്യുന്നതിന് ഈ സമീപനം ഒഴിച്ചുകൂടാനാവാത്തതാണ്.

മാത്രമല്ല, നവലിബറലിസവും ജനാധിപത്യവും തമ്മിലുള്ള ബന്ധം അങ്ങേയറ്റം സങ്കീർണ്ണവും പ്രശ്നസങ്കുലവുമാണ്. നവലിബറൽ പ്രത്യയശാസ്ത്രം പലപ്പോഴും ലിബറൽ ജനാധിപത്യ മൂല്യങ്ങളുമായി ചേർന്നുനിൽക്കുന്നതായി തോന്നിപ്പിക്കുമെങ്കിലും, പ്രായോഗികതലത്തിൽ അത് ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട സമിതികളിൽനിന്ന് സാങ്കേതിക വിദഗ്ധർ നിയന്ത്രിക്കുന്ന ഏജൻസികളിലേക്കും (technocratic agencies), കേന്ദ്ര ബാങ്കുകളിലേക്കും, അന്താരാഷ്ട്ര സംഘടനകളിലേക്കും മാറ്റപ്പെടുന്നു. പൊതുവായ ചർച്ചകൾ പരിമിതപ്പെടുത്തുകയും സാമ്പത്തികനയങ്ങൾ ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പിന് പകരം സാങ്കേതികമായ അനിവാര്യതയായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

മുതലാളിത്ത ഭരണകൂടത്തിന്റെ സ്വഭാവം, വർഗാധികാരം, ഏകാധിപത്യം, ഫാഷിസം എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളെ മൗലികമായി പുനർനിർവചിച്ച മാർക്സിസ്റ്റ് പഠിതാവ് ആണ്  നിക്കോസ് പൗലന്റ്‌സാസ്.
മുതലാളിത്ത ഭരണകൂടത്തിന്റെ സ്വഭാവം, വർഗാധികാരം, ഏകാധിപത്യം, ഫാഷിസം എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളെ മൗലികമായി പുനർനിർവചിച്ച മാർക്സിസ്റ്റ് പഠിതാവ് ആണ് നിക്കോസ് പൗലന്റ്‌സാസ്.

പല സന്ദർഭങ്ങളിൽ, ചിലിയിൽ പിനോഷെയുടെ കീഴിലെന്നപോലെ, ഏകാധിപത്യപരമായ രീതികളിലൂടെയാണ് നവലിബറൽ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്. ഔദ്യോഗികമായി ജനാധിപത്യം നിലനിൽക്കുന്ന വ്യവസ്ഥകളിൽ പോലും, രാഷ്ട്രീയത്തിലെ പണക്കൊഴുപ്പും കോർപ്പറേറ്റുകളുടെ സ്വാധീനവും ജനകീയ പരമാധികാരമെന്ന തത്വത്തെ അട്ടിമറിക്കുന്നു. ചുരുക്കത്തിൽ, കമ്പോളഭരണവും (market governance) ജനാധിപത്യപരമായ ഉത്തരവാദിത്തവും തമ്മിലുള്ള സംഘർഷത്തെയാണ് നവലിബറൽ ഭരണകൂടം പ്രതിനിധീകരിക്കുന്നത്; ഇതിൽ പലപ്പോഴും മുൻഗണന ലഭിക്കുന്നത് കമ്പോളത്തിനാണ്.

അതുകൊണ്ടുതന്നെ, നവലിബറൽ ഭരണകൂടത്തെ നിഷ്‌ക്രിയമായോ അധികാരങ്ങൾ ശുഷ്കിച്ച ഒന്നായോ അല്ല മനസ്സിലാക്കേണ്ടത്, മറിച്ച് അധികാരത്തിന്റെ പുനർക്രമീകരണത്തിൽ സജീവമായി ഇടപെടുന്ന ഒരു സാധികാര കോർപറേറ്റ് ചങ്ങാത്ത സംവിധാനമായിട്ടാണ്. മൂലധന സമാഹരണത്തിന്റെ ആവശ്യകതകൾക്കനുസരിച്ച് സാമൂഹികബന്ധങ്ങളെ പുനർനിർമ്മിച്ചുകൊണ്ട് അത് കമ്പോളങ്ങളെ സൃഷ്ടിക്കുകയും തൊഴിലാളികളെ അച്ചടക്കം പഠിപ്പിക്കുകയും മൂലധനത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിന്റെ ഇടപെടലുകൾ നിശിതവും തന്ത്രപരവുമാണ്; അവ ലക്ഷ്യമിടുന്നത് വർഗാധിപത്യം പുനഃസ്ഥാപിക്കാനും അത് ദൃഢപ്പെടുത്താനുമാണ്. സ്വാതന്ത്ര്യവും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിന് പകരം, അസമത്വവും അരക്ഷിതാവസ്ഥയും ജനാധിപത്യജീവിതത്തിന്റെ തകർച്ചയും അടയാളപ്പെടുത്തിയ ഒരു ലോകത്തെയാണ് നവലിബറൽ ഭരണകൂടം സൃഷ്ടിക്കുന്നത്. നവലിബറലിസത്തിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കുക എന്നതിനർത്ഥം, അത് കേവലം ഒരു സാമ്പത്തിക സിദ്ധാന്തം മാത്രമല്ല, മറിച്ച് സമകാലിക മുതലാളിത്തത്തിന്റെ രൂപരേഖകൾ നിർണ്ണയിക്കുന്നത് തുടരുന്ന ഒരു സമഗ്ര രാഷ്ട്രീയപദ്ധതിയാണെന്ന് തിരിച്ചറിയുക എന്നതാണ്.

ഇരുപതാം നൂറ്റാണ്ടിലെ പ്രധാന രാഷ്ട്രീയചിന്തകരിൽ ഒരാളായിരുന്നു നേരത്തെ സൂചിപ്പിച്ച നിക്കോസ് പൗലന്റ്‌സാസ് (Nicos Poulantzas). മുതലാളിത്ത ഭരണകൂടത്തിന്റെ സ്വഭാവം, വർഗാധികാരം, ഏകാധിപത്യം, ഫാഷിസം എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളെ മൗലികമായി പുനർനിർവചിച്ച മാർക്സിസ്റ്റ് പഠിതാവ് കൂടിയായിരുന്നു അദ്ദേഹം. ഘടനാപരമായ മാർക്സിസത്തോട് (Structural Marxism), വിശേഷിച്ച് ലൂയി അൽത്തൂസറുടെ (Louis Althusser) സ്വാധീനത്തിൽ- സംവദിച്ചുകൊണ്ട്, ഭരണകൂടത്തെ ഭരണവർഗത്തിന്റെ ഒരു വെറും ഉപകരണം മാത്രമായി കാണുന്ന ഇൻസ്ട്രുമെന്റലിസ്റ്റ് (instrumentalist) കാഴ്ചപ്പാടുകൾക്ക് അപ്പുറത്തേക്ക് പൗലന്റ്‌സാസ് സഞ്ചരിച്ചുവന്നത് നമുടെ ചർച്ചയുടെ സന്ദർഭത്തിൽ വളരെ പ്രസക്തിയുള്ള ഒരു വസ്തുതയാണ്. Political Power and Social Classes (1968), Fascism and Dictatorship (1970), State, Power, Socialism (1978) തുടങ്ങിയ തന്റെ പ്രധാന കൃതികളിൽ, വിവിധ വർഗവിഭാഗങ്ങൾ തമ്മിലുള്ള ചലനാത്മകമായ ഇടപെടലുകളിലൂടെ രൂപപ്പെട്ട വർഗബന്ധങ്ങളുടെ ഒരു ഭൗതിക രൂപമായി (material condensation) ഭരണകൂടത്തെ അദ്ദേഹം വിഭാവനം ചെയ്തുവെന്നത് ശ്രദ്ധേയമാണ്. ഭരണകൂടം മൂലധനത്തിന്റെ ദീർഘകാല താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത് വെറും ബലപ്രയോഗത്തിലൂടെ മാത്രമല്ല, മറിച്ച് സങ്കീർണ്ണമായ സ്ഥാപനപരമായ ക്രമീകരണങ്ങളിലൂടെയും, പ്രത്യയശാസ്ത്രപരമായ സാധൂകരണത്തിലൂടെയും, തെരഞ്ഞെടുക്കപ്പെട്ട സ്വയംഭരണാധികാരത്തിലൂടെയുമാണെന്ന് (selective autonomy) അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുതലാളിത്ത മേധാവിത്വത്തിന്റെ (hegemony) പ്രതിസന്ധികളോടുള്ള സവിശേഷമായ പ്രതികരണമെന്ന നിലയിൽ ഫാഷിസത്തെക്കുറിച്ച് അദ്ദേഹം നടത്തിയ സൈദ്ധാന്തിക വിശകലനം ഏറെ ശ്രദ്ധേയമാണ്; വർഗാധിപത്യം പുനഃസംഘടിപ്പിക്കുന്നതിനായി അവിടെ സ്വേച്ഛാധിപത്യ ഭരണരൂപങ്ങൾ ഉയർന്നുവരുന്നു. ആധുനിക മുതലാളിത്തത്തെ മനസ്സിലാക്കുന്നതിൽ പൗലന്റ്‌സാസിന്റെ കൃതികൾ ഇന്നും നിർണ്ണായകമാണ്; പ്രത്യേകിച്ച്, അഴമേറിയ സാമൂഹികവൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യുന്നതിനിടയിൽ നവലിബറൽ ഭരണകൂടങ്ങൾ ജനാധിപത്യരൂപങ്ങളെ ഏകാധിപത്യ പ്രവണതകളുമായി എങ്ങനെ കൂട്ടിച്ചേർക്കുന്നു എന്ന് വിശകലനം ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ സമീപനങ്ങൾ പ്രസക്തമാവുന്നുണ്ട്.

നവലിബറൽ ഭരണകൂടം എല്ലായ്പ്പോഴും പരസ്യമായ ഒരു ഫാഷിസ്റ്റ് സ്വഭാവം കാണിച്ചെന്നുവരില്ല, പക്ഷേ അത് പലപ്പോഴും സ്വേച്ഛാധിപത്യ പ്രവണതകൾ (authoritarian tendencies) പുറപ്പെടുവിക്കുന്നു:

ഭരണകൂടം ഒരിക്കലും വർഗബന്ധങ്ങൾക്ക് മുകളിൽ നിൽക്കുന്ന നിഷ്പക്ഷമായ ഒരു സംവിധാനമല്ല. പൗലന്റ്‌സാസ് ഈ വാദത്തെ കൂടുതൽ വിപുലീകരിക്കുന്നു. മുതലാളിത്ത ഭരണകൂടം വർഗബന്ധങ്ങളുടെ ഭൗതികരൂപമാണ് (material condensation), അതായത്, പൊതുതാൽപ്പര്യത്തിന്റെ പ്രതിനിധിയായി സ്വയം ചമയുമ്പോഴും അത് ഭരണവർഗത്തിന്റെ ദീർഘകാല താൽപര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നവലിബറൽ ഭരണകൂടത്തെ മനസ്സിലാക്കുന്നതിൽ ഈ നിലപാട് നിർണ്ണായകമാണ്.

കാരണം, പൊതുവിൽ ലിബറൽ രാഷ്ട്രീയം വാദിക്കുന്നതുപോലെ, റീഗൻ- താച്ചർ തുടങ്ങിയവരുടെ പ്രസംഗങ്ങളിൽ അവർ നിരന്തരം ഊന്നിപ്പറഞ്ഞിരുന്നതുപോലെ, നവലിബറലിസം ഭരണകൂടത്തെ ഇല്ലാതാക്കുന്നില്ല; മറിച്ച് ഭരണകൂട സ്ഥാപനങ്ങളെയും നിയമങ്ങളെയും പോലീസ് അധികാരത്തെയും സാമ്പത്തികനയങ്ങളെയും പ്രത്യയശാസ്ത്ര സംവിധാനങ്ങളെയും മൂലധന സമാഹരണത്തിനനുയോജ്യമായ രീതിയിൽ അത് പുനഃസംഘടിപ്പിക്കുകയാണ്. ഈ അർത്ഥത്തിൽ, നവലിബറലിസം, നേരത്തെ സൂചിപ്പിച്ചതുപോലെ, വർഗാധികാരത്തെ കൂടുതൽ ഉറപ്പിക്കുന്നു എന്ന ഹാർവിയുടെ വാദം, ചിതറിക്കിടക്കുന്ന മൂലധന വിഭാഗങ്ങളെ ഏകീകരിക്കാനും കീഴാള വർഗങ്ങളെ അസംഘടിതരാക്കാനും ഭരണകൂടം പ്രവർത്തിക്കുന്നു എന്ന പൗലന്റ്‌സാസിന്റെ കാഴ്ചപ്പാടുമായി ചേർന്നുപോകുന്നതാണ്.

പൗലന്റ്‌സാസിന്റെ ഫാഷിസ്റ്റ് വിശകലനവും ഇവിടെ പ്രസക്തമാണ്. Fascism and Dictatorship എന്ന കൃതിയിൽ അദ്ദേഹം വാദിക്കുന്നത്, മൂലധനം നേരിട്ട് ഭരണകൂടത്തിന് കൽപ്പന നൽകുന്നതുകൊണ്ടല്ല ഫാഷിസം ഉണ്ടാകുന്നത് എന്നാണ്. മറിച്ച്, ഹെജിമണിയിലുണ്ടാകുന്ന, അധീശത്വത്തിലുണ്ടാകുന്ന, ഒരു സവിശേഷ പ്രതിസന്ധി പാർലമെന്ററി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും, തൊഴിലാളിവർഗത്തെ ഭിന്നിപ്പിക്കുകയും, പെറ്റി ബൂർഷ്വാസിയെ അണിനിരത്തുകയും, സ്വേച്ഛാധിപത്യപരമായ രാഷ്ട്രീയ പുനർനിർമ്മാണത്തിന് വഴിയൊരുക്കുകയും ചെയ്യുമ്പോഴാണ് ഫാഷിസം രൂപപ്പെടുന്നത്. പൗലന്റ്‌സാസിനെ സംബന്ധിച്ച്, ഫാഷിസം എന്നത് മുതലാളിത്ത ഭരണകൂടത്തിന്റെ ഒരു അസാധാരണ രൂപമാണ്; തൊഴിലാളിവർഗ സംഘടനകളെ തകർക്കുന്നതിലൂടെയും ദേശീയത, അക്രമം, ആൾക്കൂട്ടമുന്നേറ്റങ്ങൾ എന്നിവയിലൂടെ വർഗാധിപത്യം പുനഃസംഘടിപ്പിക്കുന്നതിലൂടെ അത് പ്രതിസന്ധികളെ സങ്കീർണമാക്കുന്നു. ഈ ഉൾക്കാഴ്ച നവലിബറലിസവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

നവലിബറൽ ഭരണകൂടം എല്ലായ്പ്പോഴും പരസ്യമായ ഒരു ഫാഷിസ്റ്റ് സ്വഭാവം കാണിച്ചെന്നുവരില്ല, പക്ഷേ അത് പലപ്പോഴും സ്വേച്ഛാധിപത്യ പ്രവണതകൾ (authoritarian tendencies) പുറപ്പെടുവിക്കുന്നു: ട്രേഡ് യൂണിയനുകളെ ദുർബലപ്പെടുത്തുക, വിയോജിപ്പുകളെ ക്രിമിനൽ കുറ്റമാക്കുക, നിരീക്ഷണം ശക്തമാക്കുക, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുക, ജനാധിപത്യപരമായ ചോദ്യങ്ങളെ ക്രമസമാധാന പ്രശ്നങ്ങളാക്കി മാറ്റുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നവലിബറൽ പരിഷ്കാരങ്ങൾ തൊഴിലില്ലായ്മയും അസമത്വവും കാർഷിക പ്രതിസന്ധിയും സാമൂഹിക അരക്ഷിതാവസ്ഥയും സൃഷ്ടിക്കുമ്പോൾ, സ്വന്തം നയങ്ങൾ മൂലമുണ്ടാകുന്ന ഈ ജനരോഷത്തെ ഭരണകൂടത്തിന് നിയന്ത്രിക്കേണ്ടിവരുന്നു. പ്രശ്നങ്ങളുടെ ഘടനാപരമായ കാരണങ്ങൾ പരിഹരിക്കുന്നതിനുപകരം, അത് ജനങ്ങളുടെ അതൃപ്തിയെ കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കും ക്ഷേമപദ്ധതികൾ കൈപ്പറ്റുന്നവർക്കും "ദേശവിരുദ്ധർക്കും" അല്ലെങ്കിൽ ആഭ്യന്തര ശത്രുക്കൾക്കുമെതിരെ തിരിച്ചുവിടുന്നു. അങ്ങനെ, നവലിബറൽ സ്വേച്ഛാധിപത്യത്തെ ഒരു യാദൃച്ഛികതയായല്ല, മറിച്ച് പ്രതിസന്ധിയിലായ മുതലാളിത്തത്തിന്റെ ഒരു രാഷ്ട്രീയരൂപമായി കാണുക എന്നതാണ് പ്രധാനമായിട്ടുള്ളത്.

നവലിബറൽ ഭരണകൂടം മൂലധനത്തിന് കമ്പോള സ്വാതന്ത്ര്യം ഉറപ്പാക്കുമ്പോൾതന്നെ തൊഴിലാളികളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു. കോർപ്പറേറ്റുകൾക്കുള്ള നിയമപരമായ ഇളവുകളും തൊഴിലാളികൾക്കുള്ള കർശനനിയന്ത്രണങ്ങളും, ദരിദ്രർക്കുള്ള സാമ്പത്തിക നിയന്ത്രണങ്ങളും മൂലധനത്തിനുള്ള സബ്‌സിഡികളും ഇതിൽ ഒരേസമയം അടങ്ങിയിരിക്കുന്നു. ഈ അർത്ഥത്തിൽ, നവലിബറലിസവും സ്വേച്ഛാധിപത്യവും പരസ്പരവിരുദ്ധമല്ല. പ്രതിസന്ധിഘട്ടങ്ങളിൽ അവ പരസ്പരം പൊരുത്തപ്പെടുന്നു: കമ്പോളം സ്വതന്ത്രമാക്കപ്പെടുമ്പോൾതന്നെ സമൂഹം കർശനമായ പോലീസ് നിയന്ത്രണത്തിലാവുന്നു.

 Fascism and Dictatorship എന്ന കൃതിയിൽ  പൗലന്റ്‌സാസ് വാദിക്കുന്നത്, മൂലധനം നേരിട്ട് ഭരണകൂടത്തിന് കൽപ്പന നൽകുന്നതുകൊണ്ടല്ല ഫാഷിസം ഉണ്ടാകുന്നത് എന്നാണ്.
Fascism and Dictatorship എന്ന കൃതിയിൽ പൗലന്റ്‌സാസ് വാദിക്കുന്നത്, മൂലധനം നേരിട്ട് ഭരണകൂടത്തിന് കൽപ്പന നൽകുന്നതുകൊണ്ടല്ല ഫാഷിസം ഉണ്ടാകുന്നത് എന്നാണ്.

ഫാഷിസത്തെക്കുറിച്ചുള്ള പൽമിറോ തൊലിയാറ്റിയുടെ (Palmiro Togliatti) വിശകലനം, നവലിബറലിസത്തിന്റെ സമകാലിക ചലനാത്മകതയെ മനസ്സിലാക്കുന്നതിന് വളരെ ഫലപ്രദമായ ഒരു ഒരു വിചാരമാതൃക നൽകുന്നുണ്ട്. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (PCI) ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളിലൊരാളും ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു പൽമിറോ തൊലിയാറ്റി. മാർക്സിസത്തിലുള്ള അദ്ദേഹത്തിൻറെ പ്രധാന സംഭാവനകളിലൊന്ന് വിപ്ലവസിദ്ധാന്തങ്ങളെ സങ്കീർണ്ണമായ ജനാധിപത്യ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താൻ നടത്തിയ സൈദ്ധാന്തിക പരിശ്രമമായിരുന്നു. അന്റോണിയോ ഗ്രാംഷിയുടെ അടുത്ത അനുയായിയായിരുന്ന തൊലിയാറ്റി, രണ്ടാംലോകയുദ്ധത്തിനുശേഷം പി.സി.ഐയെ (PCI) ഒരു വലിയ ജനകീയശക്തിയായി മാറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. സായുധവിപ്ലവത്തിന്റെ പാതകൾക്കുപകരം പാർലമെന്ററി ജനാധിപത്യത്തിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കാനും വിശാലമായ സഖ്യങ്ങൾ രൂപീകരിക്കാനും ജനകീയ ബോധവുമായി സംവദിക്കാനും അദ്ദേഹം ഊന്നൽ നൽകി. അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയതന്ത്രം "സോഷ്യലിസത്തിലേക്കുള്ള ഇറ്റാലിയൻ പാത" എന്ന് വിശേഷിപ്പിക്കപ്പെടുന്നു. തന്റെ സൈദ്ധാന്തിക രചനകളിൽ- പ്രത്യേകിച്ച് ഫാഷിസത്തെക്കുറിച്ചുള്ളവയിൽ- ഫാഷിസം എന്നത് കേവലം മുകളിൽനിന്ന് അടിച്ചേൽപ്പിക്കപ്പെട്ട ഒരു സ്വേച്ഛാധിപത്യമല്ലെന്നും, മറിച്ച് ജനകീയ സമ്മതം നേടിയെടുത്തുകൊണ്ട് ബൂർഷ്വാ അധികാരം പുനഃസംഘടിപ്പിക്കാൻ നടത്തിയ പ്രതിസന്ധി ഘട്ടത്തിലെ ശ്രമമാണെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. Lectures on Fascism എന്ന കൃതിയിൽ ഒരിടത്ത് അദ്ദേഹം പറയുന്നത് അത്ഭുതകരമായമായ രീതിയിൽ ബി ജെ പിയുടെ രാഷ്ട്രീയശൈലിയെ പ്രതിഫൽപ്പിക്കുന്നതാണ് (പേജ് 35):

Fascism's political plan broadened at this time...The mere destruction of the parties that opposed the open dictatorship of the most reactionary strata of the bourgeoisie no longer was enough; the fascist party also had to assimilate the cadres of these parties into its own ranks and thereby realize unity among the ruling classes from the organizational standpoint as well.

("ഈ സമയത്ത് ഫാസിസത്തിന്റെ രാഷ്ട്രീയപദ്ധതി കൂടുതൽ വിപുലീകരിക്കപ്പെട്ടു… ബുർഷ്വാസിയിലെ ഏറ്റവും പിന്തിരിപ്പൻ വിഭാഗങ്ങളുടെ പരസ്യമായ സ്വേച്ഛാധിപത്യത്തെ എതിർത്ത പാർട്ടികളെ വെറുതെ നശിപ്പിക്കുന്നത് മാത്രം മതിയാകുമായിരുന്നില്ല; ഫാസിസ്റ്റ് പാർട്ടിക്ക് ആ പാർട്ടികളിലെ കേഡർമാരെ സ്വന്തം നിരയിലേക്ക് ആകിരണം ചെയ്തുകൊണ്ട് ഭരണവർഗങ്ങൾക്കിടയിലുള്ള ഐക്യം സംഘടനാപരമായ തലത്തിലും യാഥാർത്ഥ്യമാക്കേണ്ടതുണ്ടായിരുന്നു.")

ഇത്തരത്തിൽ ക്രിയാത്മകമായി മാർക്സിസ്റ്റ് സിദ്ധാന്തത്തെ പ്രായോഗിക രാഷ്ട്രീയതന്ത്രവുമായി ബന്ധിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംഭാവന. അതോറിറ്റേറിയൻ-മുതലാളിത്തരൂപങ്ങളെ നേരിടുന്നതിൽ ചരിത്രപരമായ സവിശേഷതകൾക്കും പ്രത്യയശാസ്ത്രത്തിനും ജനാധിപത്യ സമരങ്ങൾക്കുമുള്ള പ്രാധാന്യത്തെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വ്യവസ്ഥാപിതമായ പ്രതിസന്ധികളുടെ ഘട്ടങ്ങളിൽ മുതലാളിത്തം രാഷ്ട്രീയാധികാരത്തെ എങ്ങനെ പുനഃസംഘടിപ്പിക്കുന്നു എന്ന വിശാലമായ പ്രശ്നപരിസരത്തിനുള്ളിലാണ് അദ്ദേഹം ഫാഷിസത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. ഫാഷിസത്തെക്കുറിച്ചുള്ള തന്റെ രചനകളിൽ-പ്രത്യേകിച്ച് Lectures on Fascism (1935) ഇംഗ്ലീഷ് വിവർത്തനം (1976), പിന്നീട് On Gramsci and Other Essays (1979) എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയ നിരീക്ഷണങ്ങൾ എന്നിവയിൽ-ഫാഷിസത്തെ ബലപ്രയോഗവും സമ്മതം നിർമ്മിക്കാനുള്ള സജീവമായ നീക്കങ്ങളും കൂട്ടിച്ചേർത്തുകൊണ്ടുള്ള വർഗാധികാരത്തിന്റെ പുനഃസംഘടനയായി മനസ്സിലാക്കണമെന്നതിന് തൊലിയാറ്റി നൽകിയ ഊന്നൽ സമകാലിക ഘട്ടത്തിൽ വിസ്മരിക്കാൻ കഴിയാത്ത ഉൾക്കാഴ്ച തന്നെയാണ്.

ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (PCI) ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളിലൊരാളും ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു പൽമിറോ തൊലിയാറ്റി.
ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (PCI) ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളിലൊരാളും ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു പൽമിറോ തൊലിയാറ്റി.

ഇത്തരമൊരു സാഹചര്യത്തിൽ, ഭരണകൂടം പിൻവാങ്ങുകയല്ല ചെയ്യുന്നത്; മറിച്ച് അതിന്റെ സ്ഥാപനപരമായ സംവിധാനങ്ങളെയും പ്രത്യയശാസ്ത്രപരമായ പ്രവർത്തനങ്ങളെയും ജനങ്ങളുമായുള്ള ബന്ധത്തെയും പുനർനിർമ്മിച്ചുകൊണ്ട് ആഴത്തിലുള്ള പരിവർത്തനത്തിന് വിധേയമാകുന്നു. തൊലിയാറ്റിയെ സംബന്ധിച്ച്, ഫാഷിസം എന്നത് മുകളിൽനിന്ന് അടിച്ചേൽപ്പിക്കപ്പെട്ട വെറുമൊരു ജനാധിപത്യലംഘനമല്ല; മറിച്ച്, മൂലധന സമാഹരണത്തിനും സാമൂഹികക്രമത്തിനും നിലവിലുള്ള പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങൾ അപര്യാപ്തമെന്ന് തെളിയുന്ന ഘട്ടത്തിൽ ബൂർഷ്വാഭരണകൂടം നടത്തുന്ന ചരിത്രപരമായ പ്രതികരണമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ഭരണകൂടം പിൻവാങ്ങുകയല്ല ചെയ്യുന്നത്; മറിച്ച് അതിന്റെ സ്ഥാപനപരമായ സംവിധാനങ്ങളെയും പ്രത്യയശാസ്ത്രപരമായ പ്രവർത്തനങ്ങളെയും ജനങ്ങളുമായുള്ള ബന്ധത്തെയും പുനർനിർമ്മിച്ച് ആഴത്തിലുള്ള പരിവർത്തനത്തിന് വിധേയമാകുന്നു.

നവലിബറലിസത്തെ വ്യാഖ്യാനിക്കുന്നതിൽ ഈ ഉൾക്കാഴ്ച നിർണ്ണായകമാണ്. പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ഫോർഡിസ്റ്റ്- കീൻസിയൻ മുതലാളിത്തം പ്രതിസന്ധിയിലായപ്പോൾ, നവലിബറൽ പ്രത്യയശാസ്ത്രം അവകാശപ്പെടുന്നതുപോലെ ഭരണകൂട അധികാരം കുറയുകയല്ല ചെയ്തത്; മറിച്ച് കമ്പോളകേന്ദ്രീകൃതമായ പുനർനിർമ്മാണത്തിനും വർഗാധികാരം ദൃഢപ്പെടുത്തുന്നതിനുമായി ഭരണകൂടം തന്ത്രപരമായി പുനർവിന്യസിക്കപ്പെടുകയാണ് ചെയ്തത്.

ബലപ്രയോഗവും സമ്മതവും (coercion and consent) ചേർന്നുള്ള ഇരട്ടനീക്കത്തെയാണ് തൊലിയാറ്റി പ്രധാനമായും എടുത്തുകാണിക്കുന്നത്. ഫാഷിസം കേവലം അടിച്ചമർത്തലിൽ മാത്രം അധിഷ്ഠിതമായിരുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു; ദേശീയത, ക്രമസമാധാനം, കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്നിവയുയർത്തി മധ്യവർഗത്തെയും തൊഴിലാളിവർഗത്തിന്റെ ഒരു ഭാഗത്തെയും ആകർഷിച്ചുകൊണ്ട് അത് സജീവമായ ഒരു ജനകീയ അടിത്തറ നിർമ്മിച്ചെടുക്കുന്നൂ. 'സാമാന്യബോധത്തിന്റെ' (common sense) പുനഃസംഘടനയിലൂടെ നിർമ്മിച്ചെടുത്ത ഈ സമ്മതം, ഭരണകൂടത്തിന്റെ ആധിപത്യം പുറത്തുനിന്നുള്ള അടിച്ചേൽപ്പിക്കലായല്ല, മറിച്ച് വ്യക്തിത്വത്തിന്റെ ഭാഗമായുള്ള ഒന്നായാണ് അനുഭവപ്പെട്ടത്. ഇതിന് സമാനമായ ഒരു ചലനാത്മകത നവലിബറൽ ഭരണകൂടങ്ങളിലും കാണാം. ഘടനാപരമായ അസമത്വങ്ങൾ വർദ്ധിക്കുമ്പോഴും വ്യക്തിപരമായ ഉത്തരവാദിത്തം, സംരംഭകത്വം, മെറിറ്റോക്രസി, ഉപഭോഗ സംസ്കാരം എന്നീ പ്രത്യയശാസ്ത്രങ്ങളിലൂടെ ഇവിടെ സമ്മതം നിർമ്മിക്കപ്പെടുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്ന മധ്യവർഗം, ഈ വ്യവസ്ഥിതിയുടെ ഗുണഭോക്താക്കളായും അത് നടപ്പിലാക്കുന്നവരായും പ്രവർത്തിക്കുന്നു. അങ്ങനെ ഭരണവർഗത്തിന്റെ നേരിട്ടുള്ള താൽപ്പര്യങ്ങൾക്കും അപ്പുറത്തേക്ക് സാമൂഹികശക്തികളെ അണിനിരത്താനുള്ള അതിന്റെ കഴിവിലാണ് നവലിബറലിസവും ഫാഷിസവും തമ്മിലുള്ള സാമ്യം തൊലിയാറ്റി കണ്ടെത്തുന്നത്.

സ്വേച്ഛാധിപത്യത്തിന്റെ അളവിൽ ഫാഷിസത്തിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുമ്പോഴും, അസ്ഥിരമായ സാഹചര്യങ്ങളിൽ വർഗാധികാരം നിലനിർത്തുക എന്ന അടിസ്ഥാന യുക്തി നവലിബറലിസം ഫാഷിസവുമായി പങ്കിടുന്നു.

ഫാഷിസം ജനാധിപത്യസ്ഥാപനങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുകയല്ല, മറിച്ച് അവയെ പൊള്ളയാക്കി മാറ്റുകയും പുനർനിർണ്ണയിക്കുകയും ചെയ്യുന്നുവെന്ന തൊലിയാറ്റിയുടെ വാദം അങ്ങേയറ്റം പ്രധാനമാണ്. ഭരണകൂടത്തിന്റെ ഔദ്യോഗികരൂപങ്ങൾ നിലനിന്നപ്പോഴും അവയുടെ ഉള്ളടക്കം മാറി; തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം കേന്ദ്രീകരിക്കപ്പെടുകയും ജനകീയ നിയന്ത്രണത്തിൽനിന്ന് മാറ്റപ്പെടുകയും ചെയ്യുന്നു (On Gramsci and Other Essays, 1979). നവലിബറൽ ഭരണക്രമത്തെ പരിശോധിക്കാനുള്ള ശക്തമായ ഒരു കാഴ്ചപ്പാട് ഇത് നൽകുന്നുണ്ട്. ഇവിടെ തിരഞ്ഞെടുപ്പ് (ജനാധിപത്യം) നിലനിൽക്കുമ്പോൾതന്നെ ജനാധിപത്യത്തിന്റെ അന്തസത്ത നിരന്തരം ചോർന്നുപോകുന്നു. സാമ്പത്തികനയങ്ങളും മറ്റും സാങ്കേതിക വിദഗ്ധ സമിതികൾ, കേന്ദ്രബാങ്കുകൾ, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ, കോർപ്പറേറ്റ് ശക്തികൾ എന്നിവരുടെ കൈകളിലേക്ക് പൂർണ്ണമായും മാറുന്നു. ഇതിന്റെ ഫലമായി, പുറമേ ജനാധിപത്യരൂപങ്ങൾ നിലനിൽക്കുമ്പോഴും ക്രിയാത്മകമായ ഇട്പെടലുകൾക്കുള്ള അവയുടെ ശേഷി വ്യവസ്ഥാപിതമായി ഇല്ലാതാക്കപ്പെടുന്നു. ഇതിനെയാണ് പല ചിന്തകരും ‘അതോറിറ്റേറിയൻ നവലിബറലിസം’ (authoritarian neoliberalism) എന്ന് വിശേഷിപ്പിക്കുന്നത്.

നവലിബറൽ ഘട്ടത്തിലെ സ്വേച്ഛാധിപത്യ പ്രവണതകളെ നേരിടാൻ വിശാലമായ ജനകീയ മുന്നണികൾ (popular fronts) വേണമെന്ന വാദവും മുതലാളിത്തത്തിന്റെ പ്രതിസന്ധികൾ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നുള്ളതാണ്. പ്രതിപക്ഷശക്തികളുടെ ഭിന്നതയും ജനകീയബോധത്തെ ശരിയായി സ്വാധീനിക്കാൻ കഴിയാത്തതും മൂലധനത്തിന് അനുകൂലമായ ഭരണകൂടങ്ങളുടെ നിലപാടുകളെ ചോദ്യംചെയ്യുന്നത് ദുഷ്കരമാക്കുന്നു. സമകാലിക നവലിബറൽ സാഹചര്യങ്ങളിൽ, സാമ്പത്തിക പുനർനിർമ്മാണത്തോടൊപ്പം ടെക്നോ-നാഷണലിസ്റ്റ്, മതഭൂരിപക്ഷ രാഷ്ട്രീയരൂപങ്ങൾ ഉയർന്നുവരുമ്പോൾ തൊലിയാറ്റിയുടെ നിഗമനങ്ങൾ കൂടുതൽ പ്രസക്തമാകുന്നുണ്ട്. ഇന്ന് അധികാരം ഉറപ്പിക്കപ്പെടുന്നത് കമ്പോളയുക്തിയെ സാംസ്കാരിക- രാഷ്ട്രീയ ആഖ്യാനങ്ങളുമായി കൂട്ടിച്ചേർത്തുകൊണ്ടാണ്. അതിനാൽ, സാമ്പത്തികവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ വിവിധതലങ്ങളിൽ പ്രവർത്തിച്ചാൽ മാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കൂ.

ചുരുക്കത്തിൽ, പ്രതിസന്ധികളെ നേരിടാൻ മുതലാളിത്തം അതിന്റെ രാഷ്ട്രീയ- സ്ഥാപന രൂപങ്ങളെ എങ്ങനെ പുനഃസംഘടിപ്പിക്കുന്നു എന്ന് സൈദ്ധാന്തികമായി വിശദീകരിച്ചതിലാണ് തൊലിയാറ്റിയുടെ പ്രസക്തി. നവലിബറലിസം എന്നത് കേവലം കമ്പോള സ്വാതന്ത്ര്യത്തിന്റെ പ്രത്യയശാസ്ത്രമല്ല, മറിച്ച് ഭരണകൂടത്തെ പുനഃസംഘടിപ്പിക്കുകയും സാമൂഹികബന്ധങ്ങളെ മാറ്റുകയും ബലപ്രയോഗവും സമ്മതവും തമ്മിലുള്ള സന്തുലിതാവസ്ഥ പുനർനിർണ്ണയിക്കുകയും ചെയ്യുന്ന ചരിത്രപരമായ ഒരു ഭരണരീതിയാണ്. സ്വേച്ഛാധിപത്യത്തിന്റെ അളവിൽ ഫാഷിസത്തിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുമ്പോഴും, അസ്ഥിരമായ സാഹചര്യങ്ങളിൽ വർഗാധികാരം നിലനിർത്തുക എന്ന അടിസ്ഥാന യുക്തി നവലിബറലിസം ഫാഷിസവുമായി പങ്കിടുന്നു. ഇത് തിരിച്ചറിയുക എന്നത് രണ്ട് വ്യത്യസ്ത ചരിത്ര പ്രതിഭാസങ്ങളെ ഒന്നായി കാണലല്ല, മറിച്ച് മുതലാളിത്തം ഓരോ കാലഘട്ടത്തിലും എങ്ങനെ സ്വയം മാറുന്നുവെന്നും എങ്ങനെ സ്വന്തം ആധിപത്യം ഉറപ്പിക്കുന്നുവെന്നുമുള്ള അടിസ്ഥാന സമസ്യകളെ ചരിത്രപരമായി മനസ്സിലാക്കുന്ന രാഷ്ട്രീയ നിലപാടാണ്.

റഫറൻസ്:

Althusser, L. (1971). Ideology and ideological state apparatuses (Notes towards an investigation). In L. Althusser, Lenin and philosophy and other essays (pp. 127–186). Monthly Review Press.

Bordiga, A. (2020). The democratic principle. In P. Basso (Ed.), The science and passion of communism: Selected writings of Amadeo Bordiga (1912–1965) (G. Donis & P. Camiller, Trans.). Leiden & Boston: Brill.

Foucault, M. (2008). The birth of biopolitics: Lectures at the Collège de France, 1978–1979 (G. Burchell, Trans.). Palgrave Macmillan.

Harvey, D. (2005). A brief history of neoliberalism. Oxford University Press.

Jessop, B. (1990). State theory: Putting the capitalist state in its place. Polity Press.

Jessop, B. (2002). The future of the capitalist state. Polity Press.

Lenin, V. I. (1977). The state and revolution. Moscow, USSR: Progress Publishers. (Original work published 1917)

Marx, K., & Engels, F. (2002). The Communist manifesto (S. Moore, Trans.). London, England: Penguin Books. (Original work published 1848)

Poulantzas, N. (1978). State, power, socialism (P. Camiller, Trans.). London, England: Verso.

Togliatti, P. (1976). Lectures on fascism. New York, NY: International Publishers.

Togliatti, P. (1979). On Gramsci and other writings (D. Forgacs, Ed.). London, England: Lawrence and Wishart.


Summary: Neoliberalism is not an ideology of market freedom. Dr TT Sreekumar writes about the economy of fascist logic.


ഡോ. ടി.ടി.​ ശ്രീകുമാർ

ഹൈദരാബാദ് ഇ.എഫ്.എൽ യൂണിവേഴ്‌സിറ്റിയിൽ കമ്യൂണിക്കേഷൻസ് ഡിപ്പാർട്ടുമെന്റിൽ പ്രൊഫസർ. രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനും. ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സിവിൽ സമൂഹം, വികസനാനന്തര സമൂഹം, സാഹിത്യം എന്നീ മേഖലകളിൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. പുനർവായനകളിലെ മാർക്‌സിസം, വായനയും പ്രതിരോധവും, നവ സാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സിവിൽ സമൂഹവും ഇടതുപക്ഷവും, ICTs & Development in India: Perspectives on the Rural Network Society തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments