കേരള ചരിത്രത്തിൽ ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കുമായി പ്രത്യേക വിഹിതം നീക്കിവെച്ചുകൊണ്ടുള്ള സമഗ്രമായ വയോജന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച ഈ ബഡ്ജറ്റിലെ വിഷയം അതിന്റെ കാലിക പ്രസക്തി കൊണ്ട് ഏറെ ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ ജനസംഖ്യാഘടന ദ്രുതഗതിയിലുള്ള പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ വയോജനക്ഷേമം ലക്ഷ്യമാക്കി നടപ്പാക്കാനുദ്ദേശിക്കുന്ന നിരവധി നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ മുന്നോട്ടുവെച്ചിരിക്കുന്നു. വരും വർഷങ്ങളിലും നമ്മുടെ ബഡ്ജറ്റിന്റെ സിംഹഭാഗം വയോജന സംരക്ഷണത്തിനായി നീക്കിവെക്കേണ്ടതിന്റെ ആവശ്യകതയിലേക്കുള്ള ചൂണ്ടുപലകയായി വേണം നിലവിലെ ബഡ്ജറ്റിൽ ഈ വിഭാഗത്തിന്റെ ഉന്നമനത്തിന് നല്കിയിരിക്കുന്ന പരിഗണനയെ നോക്കിക്കാണാൻ.
വയോജനങ്ങളുടെ സംഖ്യയിലുണ്ടായ വർദ്ധനവ് ഇത്തരം നയരൂപീകരണ സമീപനത്തിന്റെ ആവശ്യകതയെ വലിയ തോതിൽ സാധൂകരിച്ചിരിക്കുന്നതായി മനസ്സിലാക്കാം. ഒറ്റ മനസ്സോടെ നീങ്ങിയാൽ സംസ്ഥാന രാഷ്ട്രീയത്തിലെ ഗതി- വിഗതികളെ പോലും നിയന്ത്രിക്കുന്ന ചാലക ശക്തിയായി വയോധികർ മാറിയേക്കാം. വോട്ടുബാങ്ക് രാഷ്ട്രീയത്തെ സ്വാധീനിക്കാനായാൽ സാമൂഹിക സുരക്ഷയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നേടുന്നതിനുള്ള അവരുടെ വിലപേശൽ ശേഷി വർദ്ധിക്കുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചേക്കാം.
കേരള ജനതയുടെ ആശ്രിതനിരക്ക് വർദ്ധിക്കുന്നതും, വയോജന സമൂഹമായി കാലാന്തരത്തിൽ രൂപാന്തരപ്പെടുന്നതും ഉല്പാദന-സേവന-വിതരണ- സാമൂഹിക സുരക്ഷാ മേഖലകളിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.
വയോവൃദ്ധ കേരളം:
ആശങ്കയായി
സ്ഥിതിവിവര കണക്കുകൾ
ജനസംഖ്യാ പരിവർത്തനത്തിൽ കേരളത്തിന്റെ നേട്ടം ആഗോളതലത്തിൽ പോലും അംഗീകരിക്കപ്പെട്ടതാണ്. കുറഞ്ഞ പ്രത്യുല്പാദന-ശിശുമരണ നിരക്കും ഉയർന്ന ആയുർദൈർഘ്യവും മൂലം സംസ്ഥാനത്തെ ജനസംഖ്യാപരിവർത്തനത്തിൽ നിലവിൽ യൂറോപ്പിന് സമാനമായ 'വാർദ്ധക്യ സമൂഹമായി' (Ageing Society) മലയാളികൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റും (IIMAD), ന്യൂദൽഹി ആസ്ഥാനമായ പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (PFI) സംയുക്തമായി നടത്തിയ പുതിയ പഠനം ഈ വസ്തുതകളെ പിൻതാങ്ങുന്നതാണ്. Unravelling India’s Demographic Future: Population Projections for States and Union Territories, 2021-2051 എന്ന് നാമകരണം ചെയ്ത റിപ്പോർട്ടിലെ വയോജനസംഖ്യാകണക്കുകൾ പുതിയതായി അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിലെ വയോധികരുടെ പദ്ധതി രൂപീകരണവുമായി കൂട്ടിവായിക്കേണ്ടതാണ്.
പട്ടിക 1: കേരളത്തിലെ വയോജനങ്ങളുടെ എണ്ണവും അനുപാതവും, 2011-2051

പട്ടിക 1 പ്രകാരം കേരളത്തിലെ വയോജന ജനസംഖ്യയിൽ വരും ദശകങ്ങളിൽ വൻതോതിലുള്ള വർദ്ധനവ് ദൃശ്യമാകും. ഉദാഹരണമായി, 2011-ലെ സെൻസസ് കണക്കുകൾ പ്രകാരം 60 വയസ്സിന് മുകളിൽ 42 ലക്ഷം (12.6%) ആളുകൾ ഉണ്ടായിരുന്നത് ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ 108.6 ലക്ഷം (30.6%) ആയി ഉയരുമെന്ന് അനുമാനിക്കുന്നു. ചുരുക്കത്തിൽ, നാല് ദശാബ്ദത്തിനുള്ളിൽ വയോധികരുടെ എണ്ണം 150 ശതമാനത്തിലധികം വർദ്ധിക്കും. വന്ദ്യവയോധികർ (80+) സമാന കാലയളവിൽ 320 ശതമാനത്തിന്റെ (5.4 ലക്ഷത്തിൽ നിന്ന് 22.7 ലക്ഷം) വർദ്ധനവാണ് രേഖപ്പെടുത്തുവാൻ പോകുന്നത്. അതേസമയം, സംസ്ഥാനത്തെ ആകെ ജനസംഖ്യാ വളർച്ച ഈ കാലഘട്ടത്തിൽ ഏഴ് ശതമാനത്തിൽ (3.34 കോടിയിൽ നിന്ന് 3.55 കോടി) താഴെയായിരിക്കും. സംസ്ഥാനത്തെ ആകെ ആശ്രിതനിരക്ക് (100 തൊഴിൽസേനയിലുള്ളവർ തുണയ്‌ക്കേണ്ട ആശ്രിതരുടെ എണ്ണം) 2011-ലെ 56-ൽ നിന്ന് 2051 ആകുമ്പോഴേക്കും 77-ലേക്ക് കുതിച്ചുയരും.
2041-നു ശേഷം സംസ്ഥാനം ജനസംഖ്യാ പരിവർത്തനത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമായ നെഗറ്റീവ് ജനസംഖ്യാ വളർച്ചാ നിരക്ക് രേഖപ്പെടുത്തും. ഇത്തരത്തിൽ കേരള ജനതയുടെ ആശ്രിത നിരക്കുകൾ വർദ്ധിക്കുന്നതും, വയോജന സമൂഹമായി കാലാന്തരത്തിൽ രൂപാന്തരപ്പെടുന്നതും സംസ്ഥാനത്തിന്റെ ഉല്പാദന-സേവന-വിതരണ- സാമൂഹിക സുരക്ഷാ മേഖലകളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് അരങ്ങൊരുക്കും.
വാർഷിക പ്രതിശീർഷ വയോജന വിനിയോഗം 6963 രൂപയായിരിക്കും. ഇത് ഒരുപക്ഷേ സംസ്ഥാനങ്ങൾക്കിടയിൽ വയോജനങ്ങൾക്കായി മുടക്കുന്ന ഏറ്റവും ഉയർന്ന സർക്കാർ പ്രതിശീർഷ വിനിയോഗമാകാം.
സംസ്ഥാനത്തെ വയോജന ജനസംഖ്യാ ഘടനയുടെ ശ്രദ്ധേയമായ ഒരു വശം, അവരുടെ ലിംഗ-അനുപാതം എപ്പോഴും സ്ത്രീകൾക്ക് അനുകൂലമാണെന്നതാണ്. അതായത്, വയോജന വിഭാഗത്തിൽ സ്ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ കൂടുതലാണ്. ഉദാഹരണമായി, 2051-ൽ 60 വയസ്സിന് മുകളിലുള്ള 108.6 ലക്ഷത്തിൽ 44.8 ലക്ഷം പുരുഷൻമാരും 63.7 ലക്ഷം സ്ത്രീകളുമുണ്ടാകും. അതായത് ഓരോ 1000 വയോധികരായ പുരുഷൻമാർക്കും 1422 വയോധികരായ സ്ത്രീകൾ ഉണ്ടാകും. വന്ദ്യവയോധികരിൽ ഈ നിരക്ക് 1000 പുരുഷൻമാർക്ക് 1864 സ്ത്രീകൾ എന്ന നിലയിലേക്ക് ഉയരും.
2011-ലെ സെൻസസ്സിൽ 0-19 പ്രായം വരെ ആൺകുട്ടികളുടെ എണ്ണം പെൺകുട്ടികളുടെ എണ്ണത്തേക്കാൾ അധികമായിരുന്നു. സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷൻമാരേക്കാൾ ഉയർന്ന് നില്ക്കുന്നതാണ് ഈ ജനസംഖ്യാ പ്രതിഭാസത്തിനുള്ള മുഖ്യ കാരണം. സാമ്പിൾ രജിസ്ട്രെഷൻ സിസ്റ്റത്തിന്റെ പുതിയ കണക്കുകൾ പ്രകാരം (2019-23) സംസ്ഥാനത്തെ സ്ത്രീകൾ (78.4 വയസ്സ്) പുരുഷൻമാരേക്കാൾ (71.9 വയസ്സ്) ശരാശരി 6.5 വർഷം അധികം ജീവിക്കുന്നു. ആയുർദൈർഘ്യത്തിലുള്ള ഈ വിടവ് വരും കാലങ്ങളിലും തുടർന്നുപോകുമെന്നതിനാൽ സ്ത്രീവയോജനങ്ങളുടെ സംരക്ഷണം പ്രത്യേക ഊന്നൽ നല്കേണ്ട സമസ്യയാണ്.

2041-നു ശേഷം സംസ്ഥാനം ജനസംഖ്യാ പരിവർത്തനത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമായ നെഗറ്റീവ് ജനസംഖ്യാ വളർച്ചാ നിരക്ക് രേഖപ്പെടുത്തും. ഇത്തരത്തിൽ കേരള ജനതയുടെ ആശ്രിത നിരക്കുകൾ വർദ്ധിക്കുന്നതും, വയോജന സമൂഹമായി കാലാന്തരത്തിൽ രൂപാന്തരപ്പെടുന്നതും സംസ്ഥാനത്തിന്റെ ഉല്പാദന-സേവന-വിതരണ- സാമൂഹിക സുരക്ഷാ മേഖലകളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് അരങ്ങൊരുക്കും.
സംസ്ഥാനത്തെ വയോജന ജനസംഖ്യാ ഘടനയുടെ ശ്രദ്ധേയമായ ഒരു വശം, അവരുടെ ലിംഗ-അനുപാതം എപ്പോഴും സ്ത്രീകൾക്ക് അനുകൂലമാണെന്നതാണ്. അതായത്, വയോജന വിഭാഗത്തിൽ സ്ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ കൂടുതലാണ്. ഉദാഹരണമായി, 2051-ൽ 60 വയസ്സിന് മുകളിലുള്ള 108.6 ലക്ഷത്തിൽ 44.8 ലക്ഷം പുരുഷൻമാരും 63.7 ലക്ഷം സ്ത്രീകളുമുണ്ടാകും. അതായത് ഓരോ 1000 വയോധികരായ പുരുഷൻമാർക്കും 1422 വയോധികരായ സ്ത്രീകൾ ഉണ്ടാകും. വന്ദ്യവയോധികരിൽ ഈ നിരക്ക് 1000 പുരുഷൻമാർക്ക് 1864 സ്ത്രീകൾ എന്ന നിലയിലേക്ക് ഉയരും.
2011-ലെ സെൻസസ്സിൽ 0-19 പ്രായം വരെ ആൺകുട്ടികളുടെ എണ്ണം പെൺകുട്ടികളുടെ എണ്ണത്തേക്കാൾ അധികമായിരുന്നു. സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷൻമാരേക്കാൾ ഉയർന്ന് നില്ക്കുന്നതാണ് ഈ ജനസംഖ്യാ പ്രതിഭാസത്തിനുള്ള മുഖ്യ കാരണം. സാമ്പിൾ രജിസ്ട്രെഷൻ സിസ്റ്റത്തിന്റെ പുതിയ കണക്കുകൾ പ്രകാരം (2019-23) സംസ്ഥാനത്തെ സ്ത്രീകൾ (78.4 വയസ്സ്) പുരുഷൻമാരേക്കാൾ (71.9 വയസ്സ്) ശരാശരി 6.5 വർഷം അധികം ജീവിക്കുന്നു. ആയുർദൈർഘ്യത്തിലുള്ള ഈ വിടവ് വരും കാലങ്ങളിലും തുടർന്നുപോകുമെന്നതിനാൽ സ്ത്രീവയോജനങ്ങളുടെ സംരക്ഷണം പ്രത്യേക ഊന്നൽ നല്കേണ്ട സമസ്യയാണ്.
മുതിർന്ന പൗരരുടെ അനുഭവസമ്പത്ത് സംസ്ഥാനത്തിന്റെ ഉല്പാദനക്ഷമതയ്ക്കായി പ്രയോജനപ്പെടുത്തുന്ന 'സിൽവർ ഇക്കോണമി' (Silver Economy) എന്ന കാഴ്ചപ്പാട് ഇത്തവണത്തെ ബഡ്ജറ്റിന്റെ സുപ്രധാന സവിശേഷതയാണ്.
ബഡ്ജറ്റ് വിഹിതം
കേരള സംസ്ഥാനത്തിന്റെ ബജറ്റ് രേഖകൾ പ്രകാരം 2036-ൽ എത്തുമ്പോഴേക്കും ജനസംഖ്യയുടെ 22.8 ശതമാനവും മുതിർന്ന പൗരരായിരിക്കുമെന്നാണ് കരുതപ്പെടുന്നു. ഇത് മുകളിൽ സൂചിപ്പിച്ച ഏറ്റവും പുതിയ ജനസംഖ്യാപഠനപ്രവചന കണക്കുകളേക്കാൾ 0.6 ശതമാനം പോയന്റ് കുറവാണിത്. കോവിഡിന്റെ പ്രതിഫലനവും, കുടിയേറ്റമടക്കമുള്ള പ്രവണതകളും പുതിയ ജനസംഖ്യാ പ്രവചന കണക്കുകളിൽ ഉൾപ്പെട്ടതാകാം ഇതിനുള്ള കാരണം.
2026-27-ലെ കേരളത്തിലെ വയോജനബജറ്റിലെ പദ്ധതി ഇതര (Non-Plan) വിഹിതമായ 44,894.80 കോടി രൂപ മുതിർന്ന പൗരരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന വ്യത്യസ്‍ത പദ്ധതികൾക്കായി നീക്കിവെച്ചിരിക്കുന്നു (പട്ടിക 2).
ജനസംഖ്യാ പ്രവചന കണക്കുകൾ പ്രകാരം 2026-ൽ സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ള ജനങ്ങളുടെ എണ്ണം 66.4 ലക്ഷമാണ്. ഇതുപ്രകാരം വാർഷിക പ്രതിശീർഷ വയോജന വിനിയോഗം 6963 രൂപയായിരിക്കും. ഇത് ഒരുപക്ഷേ സംസ്ഥാനങ്ങൾക്കിടയിൽ വയോജനങ്ങൾക്കായി മുടക്കുന്ന ഏറ്റവും ഉയർന്ന സർക്കാർ പ്രതിശീർഷ വിനിയോഗമാകാം. സർവീസ് പെൻഷനുകൾക്കായി ബജറ്റിന്റെ സിംഹഭാഗവും (₹31,454 കോടി) നീക്കിവെക്കുമ്പോൾ (70 ശതമാനം), ₹11,591.33 കോടി രൂപയാണ് (25.8 ശതമാനം) സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വയോധികർക്ക് മരുന്നിനായും, ഭക്ഷണത്തിനായും മാറ്റിവെച്ചിരിക്കുന്നത്. ഏകദേശം ₹1,820 കോടി രൂപ (5 ശതമാനം) വിവിധ ക്ഷേമനിധി ബോർഡുകൾ വഴി അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും കലാകാരന്മാർക്കുമായി വിതരണം ചെയ്യാനായി നീക്കി വെച്ചിരിക്കുന്നു.
പട്ടിക 2: വയോജന ബജറ്റ് സംഗ്രഹം (രൂപ കോടിയിൽ) - 2026-27

ബജറ്റിലൂടെ സംസ്ഥാനത്തെ 75 ശതമാനത്തിലധികം മുതിർന്ന പൗരരെയും ദാരിദ്ര്യരേഖയ്ക്ക് മുകളിൽ നിർത്താൻ സാധിക്കുമെന്ന് ബഡ്ജറ്റ് കരുതുന്നു. വാർദ്ധക്യത്തെ വെറുമൊരു ബാധ്യതയായി കാണുന്നതിനുപകരം, അനുഭവസമ്പന്നരായ ഒരു സമൂഹത്തിന് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിലൂടെ 'സിൽവർ ഇക്കോണമി'യെ ശക്തിപ്പെടുത്താനുള്ള തീരുമാനം ശ്ലാഘനീയമാണ്. പെൻഷൻ വിതരണത്തെ കേവലം ഒരു ക്ഷേമപദ്ധതിയെന്നതിലുപരി മുതിർന്നവരുടെ അവകാശമായി അംഗീകരിക്കുന്നതിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ ഒരു സുസ്ഥിര വാർദ്ധക്യ സമൂഹ മാതൃക (Sustainable Ageing Society Model) കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ആദ്യ ചുവടുവെയ്പ്പായി ഇതിനെ വീക്ഷിക്കാം.
പ്രഖ്യാപിത പദ്ധതികൾ
2026-27-ലെ കേരളത്തിന്റെ വയോജന ബജറ്റ് ആരോഗ്യ സംരക്ഷണത്തിൽ ബഹുതല (Multi-tier) സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം. BPL വിഭാഗത്തിലെ വയോധികർക്കായി 50 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ന്യൂമോകോക്കൽ വാക്സിനേഷൻ പദ്ധതി രോഗപ്രതിരോധ രംഗത്തെ നിർണ്ണായകമായ ചുവടുവെപ്പാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) വഴി നൽകുന്ന 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ മുതിർന്ന പൗരന്മാരുടെ ചികിത്സക്കായി നീക്കിവെച്ചിരിക്കുന്നു. ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 44.2 ശതമാനവും വയോജനങ്ങളാണ് എന്നത് ശ്രദ്ധേയമാണ്.
വാർദ്ധക്യകാലത്തെ ഒറ്റപ്പെടൽ ഒഴിവാക്കാനും മാനസിക-ശാരീരിക പിന്തുണ ഉറപ്പാക്കാനും 'കെയർ ഇക്കോണമി' (Care Economy) എന്ന ആശയത്തിലൂന്നിയ വികേന്ദ്രീകൃത പരിചരണ സംവിധാനങ്ങൾക്ക് ബജറ്റ് ഊന്നൽ നൽകുന്നു. നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കുകൾ വഴി സേവനമെത്തിക്കുന്ന 'വയോമിത്രം' പദ്ധതിക്കായി 27.50 കോടി രൂപയും, പകൽവീടുകൾ വഴി സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്ന 'സായംപ്രഭ' പദ്ധതിക്കായി 14 കോടി രൂപയും വകകൊള്ളിച്ചിരിക്കുന്നു. ഇത്തരം കമ്മ്യൂണിറ്റി അധിഷ്ഠിത സംരംഭങ്ങൾ വയോജനങ്ങൾക്ക് അവരുടെ താമസസ്ഥലത്തിന് അടുത്ത് തന്നെ മികച്ച പരിചരണം ലഭ്യമാക്കാൻ സഹായകമായേക്കാം. അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ 8 കോടി രൂപ ചെലവിൽ 'ബാരിയർ ഫ്രീ കേരള' പദ്ധതി ബജറ്റ് വിഭാവനം ചെയ്യുന്നു. സർക്കാർ ഓഫീസുകൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ റാമ്പുകൾ, കൈപ്പിടികൾ, പ്രത്യേക ശൗചാലയങ്ങൾ എന്നിവ സ്ഥാപിച്ച് അവ വയോജന സൗഹൃദമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, താലൂക്ക് ആശുപത്രികളിൽ പ്രത്യേക ജെറിയാട്രിക് ക്ലിനിക്കുകൾ സ്ഥാപിക്കുന്നത് വഴി മുതിർന്ന പൗരന്മാർക്ക് കൂടുതൽ അനായാസമായി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ സാധിക്കും.
2026-27 ലെ വയോജന ബജറ്റ് വാർദ്ധക്യത്തെ ബാധ്യതയാകാതെ ആഘോഷമാക്കാനുള്ള ശ്രമമാണ്. വയോജനങ്ങളെ അനുഭവസമ്പത്തിന്റെ അടിത്തറയുള്ള സിൽവർ ഇക്കോണമി ആയി മാറ്റാനുള്ള ചുവടുവെപ്പ് ദേശീയ തലത്തിൽ തന്നെ ബൃഹത്തായ മാതൃകയായി മാറാം.
സുസ്ഥിര വാർദ്ധക്യ സമൂഹ മാതൃക
മാറുന്ന സാമൂഹിക ചുറ്റുപാടുകളെ ഉൾക്കൊള്ളുന്നതിനായി 30 കോടി രൂപ ചെലവിൽ ആധുനിക 'റിട്ടയർമെന്റ് ഹോമുകൾ' നിർമ്മിക്കാനും ഡിമെൻഷ്യ, അൽഷിമേഴ്സ് ബാധിതർക്കായി 'സ്മൃതിപഥം' എന്ന പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതോടൊപ്പം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുതിർന്നവർക്ക് തൊഴിലുറപ്പ് പദ്ധതി (MGNREGS) വഴി സുരക്ഷിതമായ വരുമാനം ഉറപ്പാക്കുന്നു.
കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളിൽ 37.72 ശതമാനവും വയോജനങ്ങളാണെന്നത് ഈ വിഭാഗത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തതയെയും ഉന്മേഷത്തെയും വലിയ രീതിയിൽ സ്വാധീനിക്കുന്നു. യുവാക്കളുടെ കുടിയേറ്റവും നഗരവൽക്കരണവും മൂലം ഒറ്റപ്പെട്ടുപോകുന്ന വയോധികരുടെ എണ്ണം വർദ്ധിക്കുന്നതാണ് കേരളം അഭിമുഖീകരിക്കുന്ന ഈ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി. ഇത് പരിഹരിക്കാൻ ഹോം-ബേസ്ഡ് കെയർ, മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ എന്നിവയെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സംയോജിപ്പിച്ച് വിപുലമായ ചികിത്സാ ശൃംഖല ഒരുക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരെയും ഹെൽപ്പ് ലൈൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് വികേന്ദ്രീകൃത പരിചരണ മാതൃകയാണ് (Decentralized Care Model) സംസ്ഥാനം ആവിഷ്കരിക്കുന്നത്.
വാർഡുതലത്തിലുള്ള വിവരശേഖരണത്തിലൂടെ മുതിർന്ന പൗരരുടെ ആരോഗ്യ-സാമൂഹികാവസ്ഥകൾ കൃത്യമായി തിരിച്ചറിയുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വിജയിക്കുന്നുണ്ട്. ആശ വർക്കർമാരുടെയും കുടുംബശ്രീയുടെയും സഹായത്തോടെ നടത്തുന്ന ഈ പ്രവർത്തനമാണ് വയോമിത്രം, സായംപ്രഭ തുടങ്ങിയ പദ്ധതികൾ അർഹരായവരിലേക്ക് കൃത്യമായി എത്തിക്കാൻ സഹായിക്കുന്നത്. മുതിർന്നവരുടെ ആവശ്യങ്ങൾ പ്രാദേശികമായി തിരിച്ചറിഞ്ഞ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് വഴി വയോജന സേവനങ്ങൾ കൂടുതൽ ഫലപ്രദമാക്കം.

സ്ത്രീ വയോജനങ്ങളും
സിൽവർ ഇക്കോണമിയും
മുതിർന്ന പൗരരുടെ അനുഭവസമ്പത്ത് സംസ്ഥാനത്തിന്റെ ഉല്പാദനക്ഷമതയ്ക്കായി പ്രയോജനപ്പെടുത്തുന്ന 'സിൽവർ ഇക്കോണമി' (Silver Economy) എന്ന കാഴ്ചപ്പാട് ഇത്തവണത്തെ ബഡ്ജറ്റിന്റെ സുപ്രധാന സവിശേഷതയാണ്. വിരമിച്ചവരുടെ പ്രൊഫഷണൽ വൈദഗ്ദ്ധ്യം സംരംഭകത്വ മേഖലയിൽ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'ന്യൂ ഇന്നിംഗ്സ്' (4 കോടി രൂപ), 'ഈസ്' (24.76 ലക്ഷം രൂപ) എന്നീ രണ്ട് പദ്ധതികൾ വയോജനങ്ങളെ സജീവ മാർഗനിർദ്ദേശികളായി ഉയർത്താനുള്ള നിർദ്ദേശമുണ്ട്. ഭർത്താക്കൻമാരുടെ ശരാശരി ആയുർദൈർഘ്യം കുറവായതിനാൽ ഇപ്പോൾ തന്നെ വലിയ വിഭാഗം സ്ത്രീകളും വയോജന കാലം വിധവകളായി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്. വരും വർഷങ്ങളിൽ ഇത്തരം സ്ത്രീകളുടെ അനുപാതം വീണ്ടും വർദ്ധിക്കാം. ഇവർക്ക് സാമ്പത്തിക-ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം സാമൂഹിക ഒറ്റപ്പെടലിൽനിന്നും ഏകാന്തതയിൽനിന്നും വിമുക്തരാക്കേണ്ടതായുണ്ട്.
വരും തലമുറയിലെ വയോധികർ അവരുടെ പിന്മുറക്കാരെ അപേക്ഷിച്ച് ഉയർന്ന വിദ്യാഭാസ യോഗ്യതയും, വൈദഗ്ദ്യമുള്ളവരുമായാതിനാൽ വയോധികരുടെ സേവനം കൂടി രാഷ്ട്ര നിർമ്മാണ പ്രക്രീയയിൽ സജീവമായി പങ്കാളികളാകാനുള്ള സാഹചര്യം കൂടി സംജാതമാക്കേണ്ടതായുണ്ട്. ഇതിനായി സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന 'കൂടെ' (Koode) എന്ന പദ്ധതിയിലൂടെ മുതിർന്ന പൗരന്മാരെ സ്മാർട്ട്ഫോൺ ഉപയോഗിക്കാനും ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ പ്രയോജനപ്പെടുത്താനും പരിശീലിപ്പിക്കുന്നു. സാങ്കേതിക വിദ്യയിലുള്ള ഈ അറിവും, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള ശേഷിയും വയോജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അവർ വേർപെട്ടു പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.
കുടുംബശ്രീ മിഷന്റെ സഹകരണത്തോട് കൂടി അനുയോജ്യമായ ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നത് വയോധികരായ ജീവനോപാധിയായും സാമൂഹിക ഒറ്റപ്പെടലുകളിൽനിന്ന് രക്ഷ നേടാനുള്ള ഉപാധിയായി മാറാം. വയോജനങ്ങളുടെ ആരോഗ്യവും സാമൂഹിക പിന്തുണയും സാമ്പത്തിക പങ്കാളിത്തവും സമന്വയിപ്പിച്ച്.
വയോജനങ്ങളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികൾ കാലത്തിന്റെ ആവശ്യകതയായി മാറുന്നു. ഇതിനായി തൊഴിൽ പരിശീലനത്തിനും നൈപുണ്യ ശേഷി ഉയർത്തുന്നതിനുമുള്ള കൂടുതൽ പദ്ധതികൾ കൂടി ആവിഷ്കരിക്കേണ്ടതായി വരും.
ചുരുക്കത്തിൽ, 2026-27 ലെ വയോജന ബജറ്റ് വാർദ്ധക്യത്തെ ഒരു ബാധ്യതയാകാതെ ആഘോഷമാക്കാനുള്ള ശ്രമമാണ്. വയോജനങ്ങളെ അനുഭവസമ്പത്തിന്റെ അടിത്തറയുള്ള ഒരു സിൽവർ ഇക്കോണമി ആയി മാറ്റാനുള്ള കേരളത്തിന്റെ ഈ ചുവടുവെപ്പ് ദേശീയ തലത്തിൽ തന്നെ ഒരു ബൃഹത്തായ മാതൃകയായി മാറാം. വയോജനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവർക്കായുള്ള ക്ഷേമ പദ്ധതികളിൽ നിന്ന് ഒരു സർക്കാരിനും പിന്നാക്കം പോകാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്.
വാർദ്ധക്യത്തെ അന്തസ്സോടെയും സന്തോഷത്തോടെയും നേരിടാൻ കഴിയുന്ന ഒരു സുസ്ഥിര സമൂഹം കെട്ടിപ്പടുക്കുക എന്നതായിരിക്കണം വരും സർക്കാരുകളുടെയും അന്തിമ ലക്ഷ്യം. ഇത്തരം സമീപനം കേരളത്തെ ആഗോളതലത്തിൽ ജനസംഖ്യാപരമായ പരിവർത്തനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ബൃഹത്തായ മാതൃകയായി മാറ്റാൻ സഹായകരമാകുമെന്ന് പ്രത്യാശിക്കാം.

