Photo: jordays

ഉഗാണ്ടയിലെ വാഴനാര് കേരളത്തിലെ വെളിച്ചെണ്ണയോട് പറയുന്നത്…

കോവിഡിനുശേഷം നമ്മുടെ നാട്ടിൽ സ്വയം തൊഴിൽ സംരംഭങ്ങൾ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, അയൽക്കൂട്ട - കുടുംബശ്രീ തലത്തിലും നാട്ടുസംരംഭങ്ങൾ വഴിയും ഉയർന്നു വരുന്ന അതിജീവനത്തിൻ്റെ പ്രാദേശിക ഉല്പാദനോപഭോഗ വ്യവസ്ഥയ്ക്ക് ഭരണകൂടത്തിൻ്റെ നിയമപരമായ പ്രോത്സാഹനവും പരിരക്ഷണവുമില്ലാതെ വിപണിയിലെ കോർപ്പറേറ്റുകളോട് പിടിച്ചുനിൽക്കാനാവില്ല. അവർക്കു ‘വിപണി സംവരണം’ കൂടിയേ കഴിയൂ- പ്രാദേശിക വിപണിയുടെ സാധ്യതകളെക്കുറിച്ച് എഴുതുന്നു അശോകകുമാർ വി.

ദി അമീൻ എന്ന ഭരണാധികാരിയെ പറ്റി ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. ആഫ്രിക്കൻ രാഷ്ട്രമായ ഉഗാണ്ടയെ അറിയുന്നതും ഇദി അമീൻ കാരണമാണ്. ആധുനിക ലോകത്തെ ഏറ്റവും ക്രൂരനായ ഏകാധിപതിയെന്ന് പശ്ചാത്യ മാധ്യമങ്ങൾ വഴി ഇദി അമീൻ അറിയപ്പെട്ടപ്പോൾ ഉഗാണ്ട കുപ്രസിദ്ധി നേടി.

ഏതായാലും ഉഗാണ്ടയെപ്പറ്റി നല്ലൊരു വാർത്ത വന്നിരിക്കുന്നു. ലോകത്തിൽ വാഴകൃഷിയിൽ രണ്ടാമത് നിൽക്കുന്ന രാജ്യമാണ് ഉഗാണ്ട (ഒന്നാമത് ഇന്ത്യയാണ്). അവിടെ ജനങ്ങളിൽ പകുതിപേരുടെയും മുഖ്യഭക്ഷണവും വാഴപ്പഴം തന്നെ. ലോകത്തിൽ ആളോഹരി നോക്കിയാൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉപയോഗിക്കുന്നത് ഉഗാണ്ടക്കാരാണ്; വർഷത്തിൽ 200- 400 കിലോഗ്രാം. പഴുത്ത പഴം കൊണ്ട് പലതരം വിഭവങ്ങൾ - കറി, വൈൻ, ജ്യൂസ്, ബിയർ, ഉണങ്ങിയ പലഹാരങ്ങൾ എന്നിവയെല്ലാം ഉണ്ടാക്കും അവർ. 75% ആളുകളും വാഴകൃഷിയിൽ ഏർപ്പെട്ടവരാണ്. വാഴപ്പഴ ഉല്പാദനത്തിൻ്റെ 70% അവർ ആഭ്യന്തരമായി ഉപയോഗിക്കുന്നു.

എന്നാലിപ്പോൾ പരിസരമലിനീകരണത്തിനു കാരണമായ വാഴത്തട വേസ്റ്റിൽ നിന്ന് നാരുകൾ എടുത്ത് പലതരം ഉല്പന്നങ്ങൾ നിർമിക്കുന്നതിൽ ഉഗാണ്ട ലോകപ്രശംസ നേടിയിരിക്കുന്നു. നമ്മുടെ നാട്ടിലും വാഴനാര് കൊണ്ടുള്ള ഉല്പന്നങ്ങൾ മുന്നേയുണ്ട്. കൂടുതൽ സമയവും അധ്വാനവും വേണ്ട ഈ പണി വളരെ എളുപ്പം ചെയ്യാനുള്ള ലഘുയന്ത്രങ്ങൾ ഉഗാണ്ടയിൽ വികസിപ്പിച്ചെടുത്തിരിക്കുന്നു. വാഴക്കൃഷിക്കാരും പ്രാദേശിക എഞ്ചിനീയർമാരും കൂടിച്ചേർന്നാണ് ഈ രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിട്ടുള്ളത്. ‘ടെക്സ്ഫാഡ്’ എന്ന പുതിയ സംരംഭം ചെറുകൃഷിക്കാരിൽ നിന്ന് വാഴത്തടകൾ വാങ്ങുന്നു. അവർക്കതിനു പണം കിട്ടുന്നു. വർഷത്തിൽ 30,000 ചതുരശ്ര അടി കാർപ്പെറ്റുകൾ അങ്ങനെ ഉഗാണ്ടയിൽ നിർമിക്കപ്പെടുന്നു.

കൂടാതെ ഫാഷൻ ഇൻഡസ്ട്രിക്കുവേണ്ടി കൃത്രിമ തലമുടി, കോട്ടൺ പോലുള്ള തുണിത്തരങ്ങൾ എന്നിവയും വാഴനാര് സംസ്ക്കരണം വഴി സൃഷ്ടിക്കുന്നുണ്ട്. വാഴനാരിൽ നിന്ന് ലെതറിനു പകരം വെയ്ക്കാവുന്ന ‘വീഗൻ ലെതർ’ (സസ്യനിർമ്മിത തുകൽ) കൊണ്ട് ഷൂസ്, ബെൽറ്റ്, വാലറ്റ്, ബാഗ് എന്നിവയും വിപണിയിൽ എത്തിക്കുന്നു. തന്നെയുമല്ല, വാഴനാരിൻ്റെ അവശിഷ്ടങ്ങൾ കൊണ്ട് ചാർക്കോൾ ഉണ്ടാക്കി, ആറുമണിക്കൂർ വരെ പുകയില്ലാത്ത ഇന്ധനവും കിട്ടുന്നുണ്ട്.

പരിസരമലിനീകരണത്തിനു കാരണമായ വാഴത്തട വേസ്റ്റിൽ നിന്ന് നാരുകൾ എടുത്ത് പലതരം ഉല്പന്നങ്ങൾ നിർമിക്കുന്നതിൽ ഉഗാണ്ട ലോകപ്രശംസ നേടിയിരിക്കുകയാണ്. /Photo: texfad.co.ug
പരിസരമലിനീകരണത്തിനു കാരണമായ വാഴത്തട വേസ്റ്റിൽ നിന്ന് നാരുകൾ എടുത്ത് പലതരം ഉല്പന്നങ്ങൾ നിർമിക്കുന്നതിൽ ഉഗാണ്ട ലോകപ്രശംസ നേടിയിരിക്കുകയാണ്. /Photo: texfad.co.ug

മാലിന്യത്തെ ഉല്പന്നമാക്കി നവീകരിക്കുന്ന ഗ്രാമീണ മാതൃകയാണ് ഉഗാണ്ടയുടേതെങ്കിൽ, കെട്ടിടനിർമ്മാണത്തിനുള്ള സാമഗ്രികൾ പുനരുപയോഗിക്കാൻ പാകത്തിൽ ആർക്കിടെക്ചർ മേഖലയെ നവീകരിക്കുന്ന ശൈലി നെതർലാൻ്റ്സ് തുടക്കം കുറിച്ചിരിക്കുന്നു. അവിടെ ബ്രുമെനിൽ (Brummen) ഒരു ടൗൺ ഹാൾ പണിതപ്പോൾ അതിനുപയോഗിച്ച സാധനങ്ങളിൽ 90%- വും വീണ്ടും ഉപയോഗിക്കാൻ പറ്റിയവയാണ്. പുനരുപയോഗം എളുപ്പമല്ലാത്ത കോൺക്രീറ്റ് പോലുള്ളവയ്ക്കു പകരം മരം കൊണ്ടുള്ളതും, സൗകര്യാനുസരണം അഴിച്ചെടുക്കാവുന്നവയുമാണ് കെട്ടിട ഭാഗങ്ങൾ. ലോകത്തിൽ ആദ്യമായി ‘മെറ്റീരിയൽസ് പാസ്പോർട്ട്’ (materials passport) കിട്ടിയിരിക്കുന്നു ഈ ടൗൺ ഹാളിന്. ‘മെറ്റീരിയൽസ് പാസ്പോർട്ട്’ എന്നാൽ നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ വിശദ വിവരമടങ്ങിയ രേഖ. അതിൽ ഏതെല്ലാം വസ്തുക്കൾ എങ്ങനെയെല്ലാം പുനരുപയോഗിക്കാം, പുനഃചംക്രമണം ചെയ്യാം, നവീകരിക്കാം എന്നീ വിവരങ്ങളുണ്ട്. അതായത് ഒരു നിർമ്മിതിയെ എപ്പോൾ വേണമെങ്കിലും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന സാധനസാമഗ്രികൾ ശേഖരിച്ചുവെച്ച ഒരു ഡിപ്പോ കൂടിയായി കണക്കാക്കുന്നു, ആർക്കിടെക്ചർ ഡിസൈനിംഗ്.

പുനരുപയോഗം സാധ്യമാക്കുന്ന കെട്ടിട നിർമ്മാണശൈലി സ്വീകരിക്കുമ്പോൾ നിർമ്മാണമേഖല മൂലം വന്നു ചേരുന്ന കാർബൺ പുറന്തള്ളലിൻ്റെ 38% കുറയ്ക്കാൻ കഴിയും.

വാഴത്തട വേസ്റ്റിൽ നിന്ന് നാരുകൾ എടുക്കുന്നു. /Photo: texfad.co.ug
വാഴത്തട വേസ്റ്റിൽ നിന്ന് നാരുകൾ എടുക്കുന്നു. /Photo: texfad.co.ug

വൈദ്യുതദീപങ്ങൾ സേവനമായി നൽകി (‘lighting-as-a-service’ -LaaS) ഡച്ച് മൾട്ടിനാഷണൽ കമ്പനിയായ സിഗ്നിഫൈ (Signify- ഫിലിപ്സിൻ്റെ പുതിയ പേര്) ബൾബുകളുടെ പുനരുപയോഗത്തിനു പുതിയ സാധ്യതകൾ തുറന്നിട്ടുണ്ടിപ്പോൾ. വാണിജ്യ / പൊതുസ്ഥാപന ഉപഭോക്താക്കളിൽ നിന്ന് സർവ്വീസ് ചാർജ്ജായി മാസഫീസ് വാങ്ങി പുനരുപയോഗിക്കാവുന്നതും പുനഃചംക്രമണം ചെയ്യാവുന്നതുമായ ബൾബുകളും മറ്റും ഈ കമ്പനി വാടകയ്ക്കു നൽകാൻ തുടങ്ങിയിരിക്കുന്നു. യു. എസിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും പ്രചാരമേറുന്ന ‘വൈദ്യുത ദീപങ്ങൾ വാടകക്ക്’ പദ്ധതി സിഗ്നിഫൈയെ പോലെ മറ്റു കമ്പനികളും ഏറ്റെടുക്കുന്നുണ്ട്.

രേഖീയ സമ്പദ്ഘടനയിൽ നിന്ന്
ചാക്രിക സമ്പദ്ഘടനയിലേക്ക്

ഉഗാണ്ടയിലെ വാഴനാര് ഉല്പന്നങ്ങളും നെതർലാൻ്റ്സിലെ ടൗൺ ഹാൾ നിർമ്മിതിയും ഡച്ച് കമ്പനി ഫിലിപ്സിൻ്റെ വൈദ്യുതദീപ വാടക സേവനസംരംഭവും പൊതുവായി ഒരു ദിശാമാറ്റത്തിൻ്റെ സൂചന നമുക്ക് തരുന്നു. ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള പാരസ്പര്യത്തെ തകർത്തുകളഞ്ഞതു വഴി ലോകത്തെ അത്യന്തം പ്രതിസന്ധിയിലാക്കിയ ആധുനിക സമ്പദ് വ്യവസ്ഥയുടെ പുനർവിചിന്തനം മേൽപ്പറഞ്ഞ ദിശാമാറ്റത്തിൽ ഉള്ളടങ്ങിയിരിക്കുന്നു.

ഉല്പാദനം പുനരുപഭോഗത്തെ കൂടി കണക്കിലെടുക്കുമ്പോൾ അത് കേവലമായ /യാന്ത്രികമായ ഉല്പാദനത്തിൽ നിന്ന് സ്വതന്ത്രമാകുന്നു. അതുപോലെ, ഉപഭോഗം പുനരുല്പാദനപരം കൂടിയാകുമ്പോഴാണ് വെറും ഉപഭോഗത്തിൽ നിന്ന് മുക്തമായി അത് ജൈവാത്മകമാകുന്നത്. ഉല്പാദനത്തിലേയ്ക്കു പുനരുപഭോഗത്തെയും ഉപഭോഗത്തിലേക്ക് പുനരുല്പാദനത്തെയും സമന്വയിപ്പിച്ച് ഉല്പാദന - ഉപഭോഗ യാന്ത്രികതയെ മറികടക്കുക എന്നതാണ് ആധുനിക സമ്പദ് വ്യവസ്ഥ സൃഷ്ടിച്ച വെല്ലുവിളി.

ആധുനിക ഉല്പാദന വ്യവസ്ഥ പുനരുല്പാദന- പുനരുപഭോഗ സാധ്യതകളെ ഇല്ലാതാക്കുന്നതിൻ്റെ ഒരു കാരണം, അത് ഉല്പാദന പ്രക്രിയയിൽ സൗകര്യം, സൗന്ദര്യം എന്നീ രണ്ടുതരം ഉപഭോഗ മൂല്യങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്നതാണ്. സൗകര്യവും സൗന്ദര്യവും വർദ്ധിപ്പിച്ച് ഉല്പന്നങ്ങൾ കൂടുതൽ സുഖകരമായ ഉപഭോഗം നൽകുന്നതാക്കുക, ഇതു മാത്രമാണ് ആധുനിക സമ്പദ് വ്യവസ്ഥയുടെ ലക്ഷ്യം. ഉല്പാദനോപഭോഗങ്ങളുടെ സൗകര്യത്തിലും സൗന്ദര്യത്തിലും മാത്രം ശ്രദ്ധിക്കുന്നതിനാൽ അതുവഴി വന്നുചേരുന്ന സാമൂഹ്യ - പാരിസ്ഥിതിക കുഴപ്പങ്ങൾ അവഗണിക്കപ്പെടുന്നു.

 നെതർലാൻ്റ്സിലെ  കുറിച്ച സാമഗ്രികൾ പുനരുപയോഗിക്കാൻ പാകത്തിൽ ആർക്കിടെക്ചർ മേഖലയെ നവീകരിക്കുന്ന ശൈലിയില്‍ പണിത ടൗൺ ഹാൾ./Photo:globalabc.org
നെതർലാൻ്റ്സിലെ കുറിച്ച സാമഗ്രികൾ പുനരുപയോഗിക്കാൻ പാകത്തിൽ ആർക്കിടെക്ചർ മേഖലയെ നവീകരിക്കുന്ന ശൈലിയില്‍ പണിത ടൗൺ ഹാൾ./Photo:globalabc.org

ആധുനിക സമ്പദ്ഘടന സാമൂഹ്യ - പാരിസ്ഥിതിക പ്രതിസന്ധികൾ വരുത്തിവെയ്ക്കുന്നതിൻ്റെ കാരണം അത് അത്യന്തം വ്യക്തി /പൗരത്വ കേന്ദ്രീകൃതമായ ഉല്പാദനോപഭോഗ ശൈലികളിൽ അധിഷ്ഠിതമായതിനാലാണ്. വ്യക്തിപരമായ സൗകര്യങ്ങൾക്കും സൗന്ദര്യാസ്വാദനത്തിനും ഊന്നൽ കൊടുക്കുന്നതിനാൽ ആധുനിക ഉല്പാദനവ്യവസ്ഥ സാമൂഹ്യ-പാരിസ്ഥിതിക തിരിച്ചടികളെ പറ്റി ചിന്തിക്കാനുള്ള ശീലം തന്നെ ഉല്പാദക - ഉപഭോഗ വർഗ്ഗത്തിൽ നിന്നും ചോർത്തിക്കളഞ്ഞിരിക്കുന്നു. അങ്ങനെ, വ്യക്തിയെന്നത് സാമൂഹ്യ - പാരിസ്ഥിതിക മണ്ഡലങ്ങളിൽ നിന്നും സർവ്വത്ര സ്വതന്ത്രമാണെന്ന മിഥ്യാബോധം ജനിപ്പിക്കുന്നു ആധുനിക സമ്പദ് വ്യവസ്ഥ.

ഉല്പാദനോപഭോഗങ്ങളുടെ പരമ്പരാഗതവും സാമൂഹ്യവുമായ വിലക്കുകളെ അതിലംഘിച്ചുകൊണ്ടാണ് ആധുനിക സമ്പദ്ഘടന രൂപീകൃതമായത്. വ്യക്തികളുടെ ഉല്പാദന- ഉപഭോഗ സ്വാതന്ത്ര്യമാണ് ഈ വ്യവസ്ഥയുടെ അടിത്തറ. അതിനാൽ വ്യക്തി സമൂഹ്യവിലക്കുകളെ ധിക്കരിക്കുന്നത് ഉല്പാദന-ഉപഭോഗങ്ങളിലൂടെയാണ്. ഇപ്രകാരം ആധുനിക ഉല്പാദനവ്യവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ മറ്റൊരു പേരു തന്നെയായി മാറിയിരിക്കുന്നു. ഒരാൾ മുതിർന്നു എന്നതിൻ്റെ തെളിവ് തന്നെ അയാൾക്ക് പ്രായപൂർത്തിയാകുമ്പോൾ കിട്ടുന്ന ഉപഭോഗ സ്വാതന്ത്ര്യമാണ്. പുകയില, മദ്യം എന്നിവയിൽ ഇതു പ്രകടമായി കാണാം.

ഇപ്രകാരം ആധുനിക ഉല്പാദനോപഭോഗങ്ങൾ സ്വാതന്ത്ര്യവും അതുവഴി വന്നു ചേരുന്ന വ്യക്തിത്വം /പൗരത്വവുമായി ബന്ധപ്പെട്ടാണു നിൽക്കുന്നത്. എന്നാൽ സാഹോദര്യം, സമത്വം എന്നീ മൂല്യങ്ങളെ അത് തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. വ്യക്തിയുടെ / പൗരത്വത്തിൻ്റെ സൗകര്യം, സൗന്ദര്യബോധം, സ്വാതന്ത്ര്യം എന്നിവയെ മാനിക്കുകയും എന്നാൽ സമത്വം, സാഹോദര്യം, സമൂഹം - പരിസ്ഥിതി എന്നീ മൂല്യങ്ങളെ നിരസിക്കുകയും ചെയ്യുന്നു ആധുനിക ഉല്പാദനവ്യവസ്ഥ. വ്യക്തികളെ അമിതമായി ലാളിച്ചു കൊണ്ടു നിലനിൽക്കുന്ന ഒരു വ്യവസ്ഥയായതിനാൽ, അതു വരുത്തിവെയ്ക്കുന്ന ആഘാതങ്ങൾ തിരിച്ചറിയാൻ തന്നെ ആധുനിക വ്യക്തിക്ക് അത്ര എളുപ്പമല്ല/ ബാധ്യതയില്ല.

വ്യക്തിസ്വാതന്ത്ര്യവും ഉല്പാദനോപഭോഗങ്ങളും സമീകരിക്കപ്പെട്ടിരിക്കുന്നതിനാൽ, നിരന്തരമായ ഉല്പാദനത്തിൻ്റെയും ഉപഭോഗത്തിൻ്റെയും വിപുലീകരണം വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ തന്നെ വികസനമാണ് ആധുനിക സമ്പദ് വ്യവസ്ഥയിൽ. വികസനം എന്നതിന് വ്യക്തിസ്വാതന്ത്ര്യം എന്നു കൂടി സാമ്പത്തിക / സാമൂഹ്യ ശാസ്ത്രങ്ങളിൽ പരോക്ഷമായി അർത്ഥമുണ്ട്. ഇപ്രകാരം ഉല്പാദനോപഭോഗങ്ങളുടെ നിരന്തര വികസനത്തിലൂടെ അവിരാമം വളരുന്ന വ്യക്തി /പൗരസ്വാതന്ത്ര്യത്തിലേക്ക് ആധുനിക സമ്പദ്ഘടന നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.

ഉഗാണ്ടയില്‍ വാഴനാര് കൊണ്ട് നിര്‍മിച്ച ഉല്പന്നങ്ങൾ
ഉഗാണ്ടയില്‍ വാഴനാര് കൊണ്ട് നിര്‍മിച്ച ഉല്പന്നങ്ങൾ

പ്രകൃതിപരവും സാമൂഹികവുമായ വിലക്കുകൾ ഓരോന്നായി മറികടന്ന് സ്വാതന്ത്ര്യത്തിൻ്റെ പുതിയ ലോകങ്ങളിലൂടെ നിർത്താതെയുള്ള പൗരസഞ്ചാരം സാധ്യമാക്കുന്ന ആധുനിക ഉല്പാദനക്രമം നേർരേഖ പോലെ നീണ്ടു പോകുന്ന സമ്പദ് വ്യവസ്ഥയാണ്. ഉല്പാദന - ഉപഭോഗ സ്വാതന്ത്ര്യത്തിൻ്റെ ഈ കൃത്രിമ പറുദീസ പ്രകൃതിയെയും മനുഷ്യരെയും അകാലത്തിൽ കിടപ്പുരോഗികളാക്കി മാറ്റി നിലനില്പിൻ്റെ സ്വാതന്ത്ര്യത്തെ തന്നെ നിശ്ചലമാക്കിക്കൊണ്ടിരിക്കുന്നു. ആഗോളതാപനം വഴി കാലാവസ്ഥാ മാറ്റത്താൽ സംഭവിക്കുന്ന ദുരന്തങ്ങളും ജീവിവംശനാശങ്ങളും അത്യുപഭോഗവും മലിനീകരണവും മൂലം വന്നുചേരുന്ന ശാരീരിക / മാനസിക അപഭ്രംശങ്ങളും പുനരുല്പാദനത്തെയും പുനരുപഭോഗത്തെയും വിലമതിക്കാത്ത രേഖീയ സമ്പദ്ക്രമ (Linear economy) ത്തിൻ്റെ ഭീകര തിരിച്ചടികളാണ്.

ആധുനിക സമ്പദ്ക്രമത്തിൻ്റെ ഭീകര തിരിച്ചടികളിൽ നിന്ന് രക്ഷ നേടാൻ ഉല്പാദനോപഭോഗ പ്രക്രിയയിൽ വ്യക്തിതല സൗകര്യം, സൗന്ദര്യം, ഇവയ്ക്കൊപ്പം പുനരുല്പാദനം പുനരുപഭോഗം എന്നീ മൂല്യങ്ങളെ കൂടി സമന്വയിപ്പിക്കണം. അപ്പോൾ നേർരേഖാ ഉല്പാദനക്രമം വളഞ്ഞ് ചാക്രികമായ സമ്പദ്ഘടന (Circular economy) യായി പരിണമിക്കും. ചാക്രികമായ ഉല്പാദന വ്യവസ്ഥ മാലിന്യങ്ങളെ വീണ്ടും ഉല്പാദനോപഭോഗ ചക്രത്തിൻ്റെ ഭാഗമാക്കി തീർക്കുന്നു.

രേഖീയ സമ്പദ്ക്രമവും ചാക്രിക സമ്പദ് ക്രമവും
രേഖീയ സമ്പദ്ക്രമവും ചാക്രിക സമ്പദ് ക്രമവും

ഉല്പാദിപ്പിക്കുക, ഉപഭോഗിക്കുക, വലിച്ചെറിയുക എന്ന കേവല വ്യക്തിനിഷ്ഠ സ്വാതന്ത്ര്യത്തിൽ കെട്ടിപ്പൊക്കിയതാണ് രേഖീയ സമ്പദ്ക്രമം. ചാക്രിക സമ്പദ് ക്രമമാകട്ടെ രൂപകല്പന, നിർമ്മാണം, വിതരണം, ഉപഭോഗം, സംസ്ക്കരണം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പുനരുപയോഗം, നവീകരികരണം, പുനരുല്പാദനം എന്നീ ലക്ഷ്യങ്ങളെ കൂടി ഉൾപ്പെടുത്തി വിഭവങ്ങളുടെ പുനഃചംക്രമണം ഉറപ്പാക്കുന്നു. മാലിന്യവും മലിനീകരണവും ഒഴിവാക്കുക, ഉല്പന്നങ്ങളും സാധനങ്ങളും സർക്കുലേറ്റ് ചെയ്യുക, പ്രകൃതിയെ പുനരുജ്ജീവിപ്പിക്കുക ഇതാണ് ചാക്രിക സമ്പദ് ക്രമത്തിൻ്റെ മൂന്നു തത്ത്വങ്ങൾ. കാലാവസ്ഥാമാറ്റം, ജൈവവൈവിധ്യനാശം , മാലിന്യങ്ങൾ, മലിനീകരണം, എന്നിവ വ്യക്തി - സമൂഹ -പരിസ്ഥിതി തലങ്ങളിൽ വരുത്തിവെയ്ക്കുന്ന തിരിച്ചടികളെ പ്രതിരോധിക്കാൻ, 10 % ഉപഭോഗവസ്തുക്കൾ നിർമ്മിക്കുമ്പോൾ 90% വേസ്റ്റ് ഉണ്ടാക്കുന്ന രേഖീയ സമ്പദ്ക്രമത്തിൽ നിന്നും സീറോ വേസ്റ്റിനെ ലക്ഷ്യമാക്കുന്ന ചാക്രിക സമ്പദ്ക്രമത്തിലേക്കു വഴിമാറി പോകേണ്ടിയിരിക്കുന്നു.

അപവളർച്ചയും
പ്രാദേശിക സമ്പദ് വ്യവസ്ഥയും

ചാക്രിക സമ്പദ്ഘടനയിലേക്കുള്ള ഗതിമാറ്റത്തിലൂടെ പാരിസ്ഥിതിക വിപത്തുകളും അതിൻ്റെ ഭാഗമായ സാമൂഹിക ദോഷങ്ങളും ഒരു പരിധിവരെ തടയാൻ കഴിയുമെങ്കിലും സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്ര്യം, മതസ്പർദ്ധ, തീവ്രവാദം, മതദേശീയവാദം, ഏകാധിപത്യം, മനുഷ്യാവകാശ ലംഘനങ്ങൾ, ജാതി പീഡനങ്ങൾ, കുടുംബ /അയൽപക്ക / പ്രാദേശിക സമൂഹ / സൗഹൃദ ബന്ധങ്ങളിലെ തകർച്ച, യുദ്ധങ്ങൾ എന്നിങ്ങനെ പലതും പരിഹരിക്കാൻ ചാക്രിക സമ്പദ്ഘടന കൊണ്ടുമാത്രം സാധ്യമല്ല. കാരണം നിലവിലെ രേഖീയ സമ്പദ്ക്രമം അതിരറ്റ മാലിന്യങ്ങളെ ഉല്പാദിപ്പിച്ചു പരിസ്ഥിതി -സാമൂഹ്യ വിപത്തുകൾ വരുത്തുന്നു എന്നതു കൂടാതെ അത് അത്യന്തം മൂലധന കേന്ദ്രീകൃതമായ ഒരു ഉല്പാദന വ്യവസ്ഥയുമാണ്.

അതിമൂലധന കേന്ദ്രീകൃതവും രേഖീയവുമായ സമ്പദ്ഘടനയിലെ ഉല്പാദനോപഭോഗങ്ങളിലൂടെ നേടുന്ന വ്യക്തി / പൗരസ്വാതന്ത്ര്യമാണ് ആധുനിക വ്യവസ്ഥയുടെ ആകർഷണശക്തി. വ്യക്തിസ്വാതന്ത്ര്യ പരിലാളനക്കു വേണ്ടിയുള്ള ഈ ഉല്പാദനോപഭോഗ പ്രക്രിയയിൽ സമത്വസാഹോദര്യ മൂല്യങ്ങളെ കാര്യമാക്കുന്നില്ല ആധുനിക സമ്പദ്ക്രമം. സമത്വസാഹോദര്യ മൂല്യങ്ങളെ വ്യക്തിസ്വാതന്ത്ര്യപ്രാപ്തിക്കിടയിൽ ഒഴിവാക്കേണ്ട മാലിന്യങ്ങളായി തള്ളിക്കൊണ്ടാണ് അതിമൂലധനകേന്ദ്രിതമായ രേഖീയ സമ്പദ്ഘടന ഉല്പന്നങ്ങളെ നമുക്ക് വെച്ചുനീട്ടുന്നത്.

ഉദാഹരണമായി ഇന്ത്യ ഇപ്പോൾ ഉപയോഗിക്കുന്ന ഭക്ഷ്യയെണ്ണയുടെ 70% വും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു (1980 കളുടെ അവസാനം വരെ ഇന്ത്യക്ക് ഏറെക്കുറെ ഭക്ഷ്യയെണ്ണയിൽ സ്വയം പര്യാപ്തതയുണ്ടായിരുന്നു). അതിനാൽ ഇന്ത്യയിലെ പ്രാദേശിക ഭക്ഷ്യയെണ്ണകൾക്ക് വിലയിടിഞ്ഞ്, കൃഷിക്കാർക്കു വരുമാനം കുറയുന്നു; എണ്ണക്കുരുക്കളുടെ കാർഷികരംഗം തകരുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലുമാകട്ടെ, പാമോയിൽ ഉണ്ടാക്കാൻ പാരിസ്ഥിതിക പ്രധാനമായ മഴക്കാടുകൾ വെട്ടി എണ്ണപ്പനയുടെ ഏകവിളത്തോട്ടങ്ങളും ഉണ്ടാക്കിയിരിക്കുന്നു.

ന്ത്യ ഇപ്പോൾ ഉപയോഗിക്കുന്ന ഭക്ഷ്യയെണ്ണയുടെ 70% വും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്./Photo: Malaysian Palm Oil Council
ന്ത്യ ഇപ്പോൾ ഉപയോഗിക്കുന്ന ഭക്ഷ്യയെണ്ണയുടെ 70% വും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്./Photo: Malaysian Palm Oil Council

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ എണ്ണപ്പന കൃഷിയും ആഗോള പാമോയിൽ വാണിജ്യവും ഏതാനും കമ്പനികളുടെ കൈപ്പടിയിലാണിപ്പോൾ. അതിൽ മുമ്പിലുള്ള അമേരിക്കൻ കമ്പനി കാർഗിൽ അവരുടെ വെബ്സൈറ്റിൽ മുകളിൽ തന്നെ പറയുന്നു, ‘Cargill is committed to producing and sourcing palm oil in an economical, environmentally sustainable and socially responsible manner. We are working toward a transparent, traceable and sustainable palm supply chain’.

പരിസ്ഥിതി സൗഹാർദ്ദവും സാമൂഹിക ഉത്തരവാദിത്വവും സുസ്ഥിര വികസനവുമെല്ലാം കാർഗിൽ പ്രഖ്യാപിക്കുമ്പോൾ, ഈ പരിഷ്കൃത പദങ്ങളുടെ പ്രകാശത്തിൻ്റെ മഞ്ഞളിപ്പിൽ, പാമോയിലിൻ്റെ ആഗോള അധിനിവേശം വഴി പ്രാദേശിക ഭക്ഷ്യയെണ്ണകളുടെ ഉല്പാദനോപഭോഗങ്ങളിൽ വന്നു ചേർന്ന തകർച്ചയും, അതുമൂലം നാട്ടുസമൂഹങ്ങളിൽ കാർഷിക ജൈവവൈവിധ്യം, സാമ്പത്തിക ഭദ്രത, തൊഴിൽ, സാമൂഹ്യസുരക്ഷ, ഭക്ഷ്യസംസ്ക്കാരം, ആരോഗ്യരക്ഷ എന്നിവയിൽ സംഭവിച്ച പ്രഹരങ്ങളും നമുക്കു കാണാൻ പറ്റാതെ വരും. കാർഗിൽ അവരുടെ ഉല്പാദന വിതരണ ശൃംഖലകളിൽ എത്ര തന്നെ പരിസ്ഥിതി സംരക്ഷണ- സാമൂഹ്യക്ഷേമ നടപടികൾ കൊണ്ടുവന്നാലും അവയൊന്നും കൊണ്ടു പരിഹരിക്കപ്പെടുന്നവയല്ല പ്രാദേശിക ഭക്ഷ്യയെണ്ണകളുടെ തിരോധാനത്താൽ വന്നു ചേരുന്ന സാമ്പത്തിക, സാമൂഹിക, കാർഷിക വൈവിധ്യ, ആരോഗ്യ സംബന്ധിയായ നാട്ടുചേതങ്ങൾ.

വർധിക്കുന്ന സ്വയം തൊഴിൽ
സംരംഭങ്ങൾ, പക്ഷേ…

കോവിഡിനുശേഷം നമ്മുടെ നാട്ടിൽ ധാരാളം സ്വയം തൊഴിൽ സംരംഭങ്ങൾ വർദ്ധിച്ചിട്ടുണ്ട്. മൂന്നു ചെറുസംരംഭങ്ങളെങ്കിലും ഞാൻ താമസിക്കുന്നതിൻ്റെ അഞ്ചു കി.മി. ചുറ്റളവിൽ വന്നിരിക്കുന്നു. അവർ നല്ല വെളിച്ചെണ്ണയും അരി /ഗോതമ്പ് / റാഗി പൊടികളും കറിപ്പൊടികളും ഉണ്ടാക്കി മായവും അപകടകരമായ പ്രിസർവേറ്റീവ്സും ചേർക്കാതെ നാട്ടുകാർക്ക് കൊടുക്കുന്നു. നാളികേരം നാട്ടിൽ നിന്നുതന്നെ ഇവർ സംഭരിക്കുന്നു. അത്രയും പ്രാദേശിക ഉല്പാദനവും ഉപഭോഗവും നടക്കുന്നു. പണം നാട്ടിൽ തന്നെ കറങ്ങുന്നു. അരിയും പറ്റാവുന്ന സാധനങ്ങളും കൂടി പ്രാദേശികമായി ഉല്പാദിപ്പിക്കണമെങ്കിൽ അതിന് വ്യക്തികൾക്ക് വലിയ പരിമിതിയുണ്ട്. ഇപ്പോൾ കാണുന്നത് വ്യക്തികൾ അവരാൽ കഴിയുന്ന വിധം, കുറഞ്ഞതെങ്കിലും സ്ഥിരവരുമാനം നൽകുന്ന പ്രാദേശിക ഉല്പാദനത്തിലേക്കും അതുവഴി പ്രാദേശികോപഭോഗത്തിലേക്കും നാട്ടു സമ്പദ് വ്യവസ്ഥയുടെ പുനർനിർമാണത്തിലേക്കും വരുന്നതാണ്.

എന്നാൽ, അയൽക്കൂട്ട - കുടുംബശ്രീ തലത്തിലും നാട്ടുസംരംഭങ്ങൾ വഴിയും ഉയർന്നു വരുന്ന അതിജീവനത്തിൻ്റെ പ്രാദേശിക ഉല്പാദനോപഭോഗ വ്യവസ്ഥയ്ക്കു പക്ഷേ, ഭരണകൂടത്തിൻ്റെ നിയമപരമായ പ്രോത്സാഹനവും പരിരക്ഷണവുമില്ലാതെ വിപണിയിലെ കോർപ്പറേറ്റുകളോട് പിടിച്ചുനിൽക്കാനാവില്ല. ദലിത്-പിന്നാക്ക സംവരണം പോലെ ലോക്കൽ ഉല്പാദനോപഭോഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിനു അവർക്കു ‘വിപണി സംവരണം’ കൂടിയേ കഴിയൂ.

പ്രാദേശിക സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുക എന്നാൽ ആഗോള വിപണിയിലൂടെ നിലനിർത്തിപ്പോരുന്ന തെക്കു- വടക്ക് സാമ്പത്തികാസമത്വത്തെ ചെറുക്കുക എന്നാണ്. കാർഗിൽ മാതിരിയുള്ള കമ്പനികൾ നിയന്ത്രിക്കുന്ന ആഗോള ഭക്ഷ്യവിപണി ഭൂഗോളത്തിലെ തെക്കൻ രാഷ്ട്രങ്ങളിൽ നിന്നും സമ്പത്തിനെ ഭൂഗോളത്തിലെ വടക്കൻ രാഷ്ട്രങ്ങളിലേക്ക് എത്തിച്ച്, വൻകരകൾ തമ്മിൽ സാമ്പത്തികാസമത്വവും, അതുവഴി ഉപഭോഗത്തിലെ അസന്തുലിതത്വവും സ്ഥായിയാക്കി മാറ്റുന്നു. വികസിതമെന്നു കൊണ്ടാടപ്പെടുന്ന വടക്കൻ രാഷ്ട്രങ്ങളുടെ അത്യുപഭോഗത്തിൻ്റെ ആണിക്കല്ലാണ് അതിമൂലധന കേന്ദ്രിതമായ ആഗോള വിപണി.

കുടുംബശ്രീ തലത്തിലുള്ള സംരംഭം
കുടുംബശ്രീ തലത്തിലുള്ള സംരംഭം

അതിമൂലധന കേന്ദ്രിത ആഗോള സമ്പദ്ഘടന തെക്ക് - വടക്ക് അസമത്വം മാത്രമല്ല രാഷ്ട്രങ്ങൾക്കുള്ളിൽ അസമത്വം പെരുപ്പിക്കുന്നതിനും ഇടവരുത്തുന്നു. ഇന്ത്യയിലേക്കുള്ള പാമോയിൽ ഇറക്കുമതിയുടെ കുത്തക അദാനിക്കാണ്. ഇപ്പോഴിതാ ഇന്ത്യയിലും പാമോയിൽ ഉല്പാദിപ്പിക്കാൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വനം വെട്ടിത്തെളിക്കുന്ന പദ്ധതിയും കേന്ദ്രം കൊണ്ടുവന്നിട്ടുണ്ട്. സ്വദേശി, സ്വാശ്രയത്വം, ദേശീയത എന്നിവയെ രാഷ്ട്രത്തിനകത്ത് സാമ്പത്തികാസമത്വവും ആശ്രിതത്വവും പ്രാദേശികോല്പാദന-ഉപഭോഗങ്ങളുടെ ചരമ ശ്രുശ്രൂഷയും നടത്തുന്നതിനുള്ള മുദ്രാവാക്യങ്ങളാക്കി ഉപയോഗിക്കുന്നു.

അതിമൂലധന കേന്ദ്രിതവും സ്വദേശി, സ്വാശ്രയത്വം, ദേശീയത, അന്താരാഷ്ട്ര സഹകരണം എന്നീ ലേബലുകളിൽ നടത്തപ്പെടുന്നതുമായ ആഗോള / ദേശരാഷ്ട്ര സമ്പദ്ക്രമം വരുത്തുന്ന സാമ്പത്തിക അസമത്വവും, അതുമൂലമുള്ള ഉപഭോഗ അസന്തുലിതത്വവുമാണ് ഇന്നത്തെ പാരിസ്ഥിതിക / സാമൂഹിക പ്രതിസന്ധികളുടെ മുഖ്യകാരണം. അതിനാൽ ചാക്രിക സമ്പദ്ക്രമം കൊണ്ടോ കോർപ്പറേറ്റ് പരിസ്ഥിതി ഉത്തരവാദിത്വം കൊണ്ടോ മാത്രം പരിഹരിക്കപ്പെടാവുന്നതല്ല ലോകഉപഭോഗ അസമത്വത്തിൻ്റെ തിരിച്ചടികൾ.

ഭൂവിഭവങ്ങളുടെ അമിതോപയോഗവും അതുവഴി സംഭവിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളും അളക്കുന്ന "ഗ്ലോബൽ ഫുട്ട് പ്രിൻ്റ് നെറ്റ് വർ"ക്കിൻ്റെ പഠനപ്രകാരം വികസിത രാഷ്ട്രങ്ങളിലെ മനുഷ്യർ അവരുടെ ഉപഭോഗത്തിന് 6.4 ഹെക്ടർ വീതം ഭൂപ്രദേശം ഉപയോഗിക്കുന്നു. എന്നാൽ വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് ഒരു ഹെക്ടർ മാത്രമാണ് ആളോഹരി ഉപയോഗം. ഇതിൽ തന്നെ ബംഗ്ലാദേശിലെ ഒരാൾ 0.56 ഹെക്ടർ മാത്രം ഉപയോഗിക്കുമ്പോൾ അമേരിക്കക്കാരിക്ക് / കാരന് 12.5 ഹെക്ടർ വേണം. ബംഗ്ലാദേശിയെക്കാൾ 22.3 മടങ്ങ് കൂടുതൽ ഹെക്ടർ സ്ഥലമാണ് അമേരിക്കക്കാരുടെ ഉപഭോഗം. റിപ്പോർട്ടു പ്രകാരം ഭൂമിയിൽ ശരാശരി ഒരാൾക്ക് ഉല്പാദന-ഉപഭോഗത്തിന് ലഭ്യമായ സ്ഥലമാകട്ടെ 2.1 ഹെക്ടറേയുള്ളൂ. മാതൃകാ യൂറോപ്യൻ സ്റ്റാൻ്റേഡിൽ ജീവിക്കാൻ ലോകത്ത് എല്ലാവർക്കും സാധിക്കണമെങ്കിൽ മൂന്നു മുതൽ എട്ടു ഭൂമികൾ നമുക്കാവശ്യമാണ്.

ലോക്കൽ ഇക്കോണമിയുടെ
പ്രാധാന്യം

രേഖീയവും അതിമൂലധന കേന്ദ്രിതവുമായ ആഗോള സമ്പദ്ക്രമം സൃഷ്ടിച്ച സാമ്പത്തിക അസമത്വമാണ് ഒരു വശത്ത് അത്യുപഭോഗവും മറുവശത്ത് ന്യൂനോപഭോഗവും നടത്തുന്ന അന്താരാഷ്ട്ര സംവിധാനത്തിനു കാരണം. അതിനാൽ ധനികരാഷ്ട്രങ്ങൾ അവരുടെ അത്യുപഭോഗത്തെ വെട്ടിക്കുറയ്ക്കാതെ പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രതിസന്ധികളെ മറികടക്കുക സാധ്യമല്ല. മുഖ്യമായും ധനികരാഷ്ട്രങ്ങൾ അവരുടെ അത്യുപഭോഗത്തെ വെട്ടിക്കുറക്കാൻ നിർദ്ദേശിക്കുന്ന സാമ്പത്തിക ക്രമത്തെയാണ് അപവളർച്ചാ സമ്പദ്ഘടന (Degrowth Economy) എന്നു പറയുന്നത്. അപവളർച്ച സാധ്യമാകണമെങ്കിൽ ഉല്പാദന - ഉപഭോഗങ്ങളെ പ്രാദേശികവൽക്കരിക്കുന്ന ലോക്കൽ ഇക്കോണമിയെ പുനരാനയിക്കുകയാണ് വേണ്ടത്. ലോക്കൽ ഇക്കോണമിക്കു മാത്രമേ ലോകതലത്തിലും ദേശരാഷ്ട്രത്തിനകത്തും വർദ്ധിച്ചുവരുന്ന സാമ്പത്തികാസമത്വത്തെ ചെറുക്കാൻ കഴിയൂ. അതിനാൽ ചാക്രിക സമ്പദ്ക്രമത്തിനൊപ്പം പ്രാദേശിക വിപണിയെ പ്രോത്സാഹിപ്പിക്കുന്ന അപവളർച്ചയുടെ സമ്പദ് വ്യവസ്ഥയെ സമന്വയിപ്പിക്കുമ്പോഴാണ് പാരിസ്ഥിതികവും സാമൂഹികവുമായ ദൂഷ്യങ്ങളെ പ്രതിരോധിക്കാൻ മാനവരാശിക്കു കഴിയുക.

സമത്വ -സാഹോദര്യ - സ്വാതന്ത്ര്യമൂല്യങ്ങൾ രാഷ്ട്രീയ വിഷയം മാത്രമല്ലെന്നും, അവ സാമ്പത്തികോല്പാദന- ഉപഭോഗശൈലിയുടെ തന്നെ ഭാഗമാകണമെന്നുമാണ്, മൂല്യബോധത്തെ ഉല്പാദനത്തിലും ഉപഭോഗത്തിലും ഉൾച്ചേർക്കുന്ന ചാക്രിക-അപവളർച്ചാ സമ്പദ്ഘടനകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. അതിനാൽ ലോകനന്മക്ക് ലിബറൽ രാഷ്ട്രീയമാണോ സോഷ്യലിസ്റ്റ് രാഷ്ട്രീയമാണോ അഭികാമ്യം എന്നതല്ല നാം നേരിടുന്ന ചോദ്യം. രണ്ടു രാഷ്ട്രീയ സിദ്ധാന്തങ്ങളും ഒരേപോലെ പുൽകുന്ന രേഖീയവും അതി മൂലധനകേന്ദ്രിതവും ആഗോളീകൃതവും ദേശരാഷ്ട്രാധിഷ്ഠിതവുമായ ആധുനിക സമ്പദ്ഘടനയെ പൊളിച്ചെഴുതുകയെന്നതാണ് പ്രധാനം. അതിമൂലധനവും ആഗോള / ദേശരാഷ്ട്ര വിപണികളും പ്രാദേശിക - പാരിസ്ഥിതിക സമ്പദ്ഘടനയ്ക്കു പ്രോത്സാഹനമായി മാറുകയാണ് വേണ്ടത്. അതിനുള്ള വഴി ചാക്രിക സമ്പദ്ക്രമവും പ്രാദേശിക സമ്പദ്ക്രമവും സമന്വയിപ്പിച്ചു പ്രയോഗത്തിൽ വരുത്തുക എന്നതാണ്. അതിനാകട്ടെ പരിസ്ഥിതി -സാമൂഹ്യ രാഷ്ട്രീയത്തിൻ്റെ വികേന്ദ്രീകൃതമായ പ്രാദേശിക നെറ്റ് വർക്കുകൾ അടിത്തട്ടിൽ നിന്ന് രൂപപ്പെടേണ്ടതുണ്ട്.

Comments