കൊറോണക്കാലത്തെ കൊള്ളയടി പാക്കേജ്

കൃത്യമായ നയ സമീപനവും ദേശീയ കോവിഡ് നിവാരണ പ്രവർത്തന പരിപാടിയും ആസൂത്രണം ചെയ്തിരുന്നെങ്കിൽ റിസർവ് ബാങ്കിന്റെയും ഭക്ഷ്യകോർപ്പറേഷനുകളുടെയും, ഭക്ഷണത്തിനുള്ള അവകാശം, ആരോഗ്യത്തിനുള്ള അവകാശം, ഉപജീവനത്തിനുള്ള അവകാശം എന്നീ നിയമങ്ങളുടെയും പിൻബലത്തോടെ കോവിഡ് ബാധയെ ഇന്ത്യയ്ക്ക് നിയന്ത്രിക്കാൻ കഴിയുമായിരുന്നു. ഇന്ന് ഇന്ത്യയിലെ പല നഗരങ്ങളും കോവിഡിന്റെ പിടിയിലാണ്. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഉപജീവിക്കാൻ കഴിയുംവിധം അവർക്ക് ഭക്ഷണവും പണവും മരുന്നും എത്തിക്കുന്ന പാക്കേജുകളായിരുന്നു ആവശ്യം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കോർപ്പറേറ്റുകൾക്ക് ലാഭമാക്കാവുന്ന പാക്കേജുകളാണ് കൊറോണയുടെ മറവിൽ കേന്ദ്രം കൊണ്ടുവന്നത്. 'സ്വാശ്രയ ഇന്ത്യയ്ക്ക്' എന്ന് കൊട്ടിഘോഷിച്ചു കേന്ദ്രം കൊണ്ടുവന്ന പാക്കേജിന്റെ അജണ്ടകൾ തുറന്നുകാട്ടുകയാണ് ലേഖകൻ

കോവിഡ് രോഗം ലോകത്താകെ വ്യാപിച്ചതോടെ, തദ്ദേശീയ സർക്കാരുകൾ, ജനങ്ങളുടെ ദൈനം ദിന ജീവിത കാര്യങ്ങളിൽ കൂടുതൽ ഇടപെടുകയും അതിനായുള്ള സാമ്പത്തിക പാക്കേജുകൾ നടപ്പാക്കുകയും ആരോഗ്യരംഗവും മറ്റും ദേശസാൽക്കരിക്കുകയുമാണ്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായാണ് ഇന്ത്യയിൽ കാര്യങ്ങൾ നടക്കുന്നത്. കോവിഡ് മഹാമാരിയുടെ പേരിൽ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക പേക്കേജിലൂടെ രാജ്യത്തെ പൊതു ആസ്തികളും മനുഷ്യാധ്വാനവും പ്രകൃതി വിഭവങ്ങളുമെല്ലാം വിദേശ-സ്വദേശ കമ്പനികൾക്ക് കൊള്ളയടിക്കാനാണ് കേന്ദ്ര സർക്കാർ അവസരമൊരുക്കിയത്. വിരോധാഭാസമെന്ന് പറയട്ടെ, ഈ ജനവിരുദ്ധ നടപടികൾക്ക് നൽകിയ പേര് രാജ്യത്തെ സ്വാശ്രയത്തിലേക്ക് നയിക്കുന്ന ഉത്തേജക പാക്കേജ് എന്നാണ്. സ്വാതന്ത്ര്യാനന്തര വിഭജനകാലത്തെ അനുസമരിപ്പിക്കും വിധം ജനങ്ങൾ പട്ടിണികൊണ്ടും രോഗങ്ങൾകൊണ്ടും തെരുവുകളിൽ മരിച്ചുവീഴുമ്പോഴാണ് ഈ രീതിയിലുള്ള ഉദാരീകരണ ഉത്തേജനം നടപ്പാക്കുന്നത്.

ദുരന്തകാലത്ത് ജനങ്ങളെ സഹായിക്കുക എന്നത് ഏതൊരു ജനാധിപത്യ സർക്കാരിന്റെയും കടമയാണ്. ദുരന്തം ഒരു രാജ്യത്ത് മാത്രമാകുമ്പോൾ ഇതര രാജ്യങ്ങൾ സഹായിക്കാറുണ്ട്. എന്നാൽ, ഇന്നത്തേതുപോലെ എല്ലാരാജ്യങ്ങളും ദുരന്തത്തിൽ അകപ്പെടുമ്പോൾ ദേശീയ സർക്കാരുകൾക്കാണ് പൂർണ്ണ ഉത്തരവാദിത്വം. കൊറോണ കാലത്തെ രോഗത്തിന്റെയും ജീവിതത്തിന്റേതുമായ രണ്ട് തരം ദുരിതങ്ങളാണ് ജനങ്ങൾക്കുണ്ടായത്. രോഗചികിത്സക്കും രോഗപ്രതിരോധത്തിനും വഴി കണ്ടെത്തുക; അതോടൊപ്പം ഉപജീവനത്തിനായുള്ള ഭക്ഷണം, വരുമാനം, പാർപ്പിടം എന്നിവയും സാധ്യമാവുക. ദരിദ്രഭൂരിപക്ഷത്തിന് ഇവരണ്ടുംനിഷേധിച്ച സ്ഥിതിയാണ് ഇന്ത്യയിൽ ഉണ്ടായത്. രോഗത്തിനെതിരായ അഖിലേന്ത്യാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത് തന്നെ വളരെ വൈകിയാണ്. അത് തന്നെ ഒരു ദേശീയ കർമ്മ പരിപാടി ആവിഷ്‌കരിച്ചു കൊണ്ടൊന്നുമായിരുന്നില്ലതാനും.കേവലം നാല് മണിക്കൂർ മാത്രം സമയം നൽകി സമ്പൂർണ്ണ "ലോക്ക്ഡൗൺ' പ്രഖ്യാപിക്കുകയായിരുന്നു.

എല്ലാ രീതിയിലും തകർന്നിരിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും മരുന്നും താമസവും പണവും ലഭ്യമാക്കലായിരുന്നു സാമ്പത്തിക പാക്കേജിന്റെ ഒന്നാമത്തെ ലക്ഷ്യമായി വരേണ്ടിയിരുന്നത്; അതുണ്ടായില്ല.

രോഗപ്രതിരോധത്തെ "ലോക്ക്ഡൗണി'ൽ ഒതുക്കിയപ്പോൾ അതുവഴി കൊട്ടിയടക്കപ്പെട്ടവരുടെ ഉപജീവനം പരിഗണിക്കപ്പെട്ടതേ ഇല്ല. ഓരോരുത്തരും എവിടെയാണോ അവിടെതന്നെ നിൽക്കാനായിരുന്നു സർക്കാർ പ്രഖ്യാപനം. ഇടത്തരക്കാരും സമ്പന്നരുമൊക്കെ അവരുടെ നല്ല വീടുകളിലായിരുന്നു. എന്നാൽ, ദരിദ്രകോടികൾ പ്രത്യേകിച്ചും വീട് വിട്ട് ഇതര പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ അവരുടെ ജോലിസ്ഥലത്തായിരുന്നു, "ലോക്ക് ഡൗൺ' ചെയ്തതോടെ, അവർക്ക് ജോലി ഇല്ലാതായി; കൂലി ഇല്ലാതായി, ഭക്ഷണം ഇല്ലാതായി, താമസം ഇല്ലാതായി, പൊതു ഗതാഗതം ഇല്ലാതായി, സ്വന്തം വീട്ടിലെ കാര്യങ്ങളിൽ അന്ധാളിപ്പുമായി, കുടിവെള്ളം പോലും കിട്ടാഞ്ഞതിനാൽ സോപ്പ് കൂട്ടി കൈകഴുകണമെന്ന് കരുതിയാൽ പോലും നടക്കാതായി. സാമൂഹ്യ അകലം പാലിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. പലരുടെ കൂടെയും സ്ത്രീകളും, കുട്ടികളും അടങ്ങുന്ന കുടുംബവുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തിൽ സാധാരണക്കാരായ ഈ മനുഷ്യൻ എന്ത് ചെയ്യണം? അവശേഷിക്കുന്ന ജീവനെങ്കിലും നിലനിർത്താൻ കഴിയുമോ എന്ന് തോന്നലിൽ അവർ പരക്കം പായുകയായിരുന്നു. നൂറുകണക്കിന് നാഴിക താണ്ടാൻ തീരുമാനിച്ച അവരിൽ ചിലർ പാതിവഴിയിൽ മരിച്ചു വീണു. എല്ലാ രീതിയിലും തകർന്നിരിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും മരുന്നും താമസവും പണവും ലഭ്യമാക്കലായിരുന്നു സാമ്പത്തിക പാക്കേജിന്റെ ഒന്നാമത്തെ ലക്ഷ്യമായി വരേണ്ടിയിരുന്നത്; അതുണ്ടായില്ല.

സന്നദ്ധ പ്രവർത്തകർ വിതരണം ചെയ്യുന്ന ഭക്ഷ്യസാമഗ്രികൾക്കായി ക്യൂ നിൽക്കുന്ന ജനങ്ങൾ
സന്നദ്ധ പ്രവർത്തകർ വിതരണം ചെയ്യുന്ന ഭക്ഷ്യസാമഗ്രികൾക്കായി ക്യൂ നിൽക്കുന്ന ജനങ്ങൾ

രണ്ടാമത് വേണ്ടിയിരുന്നത്, പണി നഷ്ടപ്പെട്ടതോടെയും യാത്ര അസാധ്യമായതോടെയും വീട്ടിൽ കുടുങ്ങിപ്പോയ ജനങ്ങളെ സഹായിക്കാനുള്ള നടപടികളായിരുന്നു. കർഷകതൊഴിലാളികൾ, നിർമ്മാണ തോഴിലാളികൾ, ഹോട്ടൽ തൊഴിലാളികൾ, പീടിക തൊഴിലാളികൾ, വാഹന തൊഴിലാളികൾ, സ്വയംതൊഴിലാളികൾ, ചെറുകിട സംരംഭകർ, വർക്ക്ഷാപ്പ് തൊഴിലാളികൾ എന്നിങ്ങനെ ആയിരക്കണക്കിന് ജനങ്ങൾ ഇതിൽപ്പെടുന്നു. അവർക്ക് താമസ സൗകര്യമുണ്ട്. എന്നാൽ അത്യാവശ്യത്തിന് പണം, ഭക്ഷണം, ചികിത്സ എന്നിവ അനിവാര്യമായിരുന്നു. അവരായിരുന്നു പേക്കേജിൽ പരിഗണിക്കപ്പെടേണ്ട രണ്ടാമത്തെ വിഭാഗം.

മൂന്നാമതായി പ്രദേശിക ആരോഗ്യരംഗത്തെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള മാർഗ്ഗങ്ങളായിരുന്നു വേണ്ടത്. നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തൽ, മരുന്നും ഉപകരണങ്ങളും എത്തിക്കൽ, താൽക്കാലിക സംവിധാനമൊരുക്കൽ, ജീവനക്കാരെ നിയമിക്കൽ, പരിശീലനം നൽകൽ എന്നിവയൊക്കെ നടക്കേണ്ടിയിരുന്നു. നാലാമതായി പ്രാദേശിക കമ്പോളത്തെ ചലിപ്പിക്കുന്നതിനായുള്ള ഉത്പാദന പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കലാണ്. അവിടെയാണ് കൃഷി, അനുബന്ധ രംഗങ്ങൾ, ചെറുസംരംഭങ്ങൾ, സ്വയംതൊഴിൽ, തൊഴിലുറപ്പ് പദ്ധതികൾ എന്നിവയൊക്കെ വരുന്നത്. ഒപ്പം, ഇവയെല്ലാം പ്രാവർത്തികമാക്കുന്ന പൊതു സുരക്ഷാ പരിപാടി, അതിന്റെ ഭാഗമായി രോഗവ്യാപനം ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കാൻ കഴിയുന്ന രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സമൂഹ പങ്കാളിത്തത്തോടെ സമാന്തരമായി നടത്തേണ്ടിയിരുന്നു.
ഇത്തരം കാര്യങ്ങളെ മുന്നിൽ കണ്ട് ഒരു ദേശീയ കർമ്മപദ്ധതി തയ്യാറാക്കാതെ "ലോക്ക്ഡൗൺ' പ്രഖ്യാപിച്ചതിനാൽ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ പാളിയാതാണ് ഇന്ത്യയിലെ അനുഭവം; എന്നാൽ രോഗം വലിയ തോതിൽ വ്യാപിച്ചുകഴിഞ്ഞു. രോഗം വന്നത് വിമാനം വഴിയാണെങ്കിലും സൈക്കിൾ യാത്രക്ക് പോലും ഗതിയില്ലാത്തവരാണ് റോഡിൽ മരിച്ചുവീണത്. രോഗം പിടികൂടിയവരിൽ ഏറെയും നഗരങ്ങളിലെ കൂലിവേലക്കാരും ചേരിനിവാസികളുമാണ്. ഇവിടെയാണ് ദീർഘസമീപനത്തോടെയുള്ള സാമ്പത്തിക പാക്കേജ് വേണ്ടിയിരുന്നത്.

ചികിത്സയ്ക്ക് നിലവിലുള്ള പൊതു സംവിധാനം മതിയാകാതെ വന്നപ്പോൾ ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ അവിടുത്തെ സ്വകാര്യ ആശുപത്രികൾ ദേശസാൽക്കരിക്കുകയായിരുന്നു. ഇതിൽ നിന്നൊക്കെ ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ടായിരുന്നു.

ഈ രീതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഉപജീവിക്കാൻ കഴിയും വിധം അവരിലേക്ക് പണവും, ഭക്ഷണവും മരുന്നും എത്തണമായിരുന്നു. നിത്യജീവിത അവസ്ഥകൾ ഇന്ത്യയിലേതുപോലെ പരിതാപകരമല്ലാത്ത രാജ്യങ്ങളിൽപോലും അവരുടെ ഉത്തേജക പാക്കേജിൽ ഇത്തരം കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പലരാജ്യങ്ങളും അവരുടെ ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്നും നാലിലൊന്നുമൊക്കെ ഇതിനായി നീക്കിവെച്ചു. യുഎസ്സ് 15%, യു.കെ 20%, ജപ്പാൻ 20%, മലേഷ്യ 16%, സിങ്കപ്പൂർ 13%, ജർമ്മനി 10-15% എന്നിങ്ങനെ കണക്കുകൾ കാണിക്കുന്നു. ചികിത്സ, ഭക്ഷണം, തൊഴിലില്ലായ്മ വേതനം, പലിശ എഴുതിതള്ളൽ, വായ്പയുടെ തിരിച്ചടവ്, നീട്ടിവെക്കൽ, വിൽക്കാനാവാത്ത കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള താൽക്കാലിക സഹായം എന്നിങ്ങനെ. ചികിത്സയ്ക്ക് നിലവിലുള്ള പൊതു സംവിധാനം മതിയാകാതെ വന്നപ്പോൾ ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ അവിടുത്തെ സ്വകാര്യ ആശുപത്രികൾ ദേശസാൽക്കരിക്കുകയായിരുന്നു. ഇതിൽ നിന്നൊക്കെ ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ടായിരുന്നു.

ഇന്ത്യയിലാകട്ടെ "ലോക്ക് ഡൗൺ'പ്രഖ്യാപിച്ചു, ജനങ്ങൾ പാലിക്കേണ്ട കാര്യങ്ങൾക്ക് വലിയ പ്രചാരണവും നൽകി. എന്നാൽ, കാര്യങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനസർക്കാരുകളെ ഏൽപ്പിച്ചു,അതിനുള്ള പണം സംസ്ഥാനങ്ങൾ കണ്ടെത്തണമെന്നായിരുന്നു സ്ഥിതി. പല ഭാഗത്തുനിന്നും സമ്മർദ്ദം വർദ്ധിച്ചതോടെ മാർച്ച് അവസാനം ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ (ദേശീയ വരുമാനത്തിന്റെ 0.7%) ഒരു സഹായം പ്രഖ്യാപിച്ചു. അതിൽതന്നെ, ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്നവ വളരെ കുറവായിരുന്നു. ഈ സ്ഥിതി വിവിധതരംസംഘർഷങ്ങൾക്കിടയാക്കി. എല്ലാ രംഗത്ത് നിന്നും സമ്മർദ്ദം കൂടിവന്നതോടെ ഏതാണ്ട് ഒന്നര മാസം കഴിഞ്ഞ് മെയ് 12 ന് രാത്രി പ്രധാനമന്ത്രി 20 ലക്ഷം കോടി രൂപ (GDP യുടെ 10-%) യുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. വിശദാംശങ്ങൾ ധനമന്ത്രി പിന്നീട് നൽകുമെന്നും പറഞ്ഞു.

ഏറെ പ്രതീക്ഷയോടേയും പ്രത്യാശയോടെയുമാണ് രാജ്യം ഈ പ്രഖ്യാപനത്തെ ഉൾക്കൊണ്ടത്. എന്നാൽ, ധനമന്ത്രി അഞ്ച് രംഗങ്ങളായി കാര്യങ്ങൾ പറഞ്ഞുതുടങ്ങിയതോടെ, പ്രത്യാശ ക്രമത്തിൽ ക്രമത്തിൽ നിരാശയായി മാറി. അവസാനം വഴിയിൽ കിടക്കുന്ന കോരന് കഞ്ഞി മാത്രം ബാക്കിയായി. സ്വന്തം ബംഗ്ലാവിലെ ചുമരും ചാരി നിന്ന കോർപ്പറേറ്റ് മുതലാളിക്ക് എല്ലാം കിട്ടി. പ്രത്യക്ഷമായി ആവശ്യപ്പെട്ടില്ലെങ്കിലും കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ മനസ്സറിയാവുന്ന കേന്ദ്രസർക്കാർ കാര്യങ്ങളൊക്കെ തളികയിൽ വെള്ളം എന്നപോലെ അവർക്ക് നൽകി. പൊതുമേഖലാ സ്ഥാപനങ്ങളുടെ മണ്ണ്, വിണ്ണ് എന്നിവയുടെ വിൽപന അടക്കം. ഇതൊക്കെ പേക്കേജിലേക്കുള്ള പണം കണ്ടെത്താനാണത്രെ.

അഞ്ച് ഘട്ടങ്ങളായാണ് ധനമന്ത്രി പാക്കേജ് പ്രഖ്യാപിച്ചതെന്ന് പറഞ്ഞല്ലോ. ഒന്നാമത്തേത് MSME, ബേങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ആദായനികുതി, പ്രൊവിഡന്റ് ഫണ്ട് എന്നിവയെപ്പറ്റിയായിരുന്നു. രണ്ടും മൂന്നും ഘട്ടം കാർഷിക മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു. നാലാമത്തേതിൽ വൻകിട വ്യവസായങ്ങൾ, ഖനനം, ഗവേഷണം എന്നിവ ഉൾപ്പെട്ടിരുന്നു. അവസാനത്തേതിലും ആരോഗവും, തൊഴിലുറപ്പും ഉൾച്ചേർത്തു. സംസ്ഥാനങ്ങളുടെ വായ്പാ പരിധിയും ഉയർത്തി.

കോവിഡ് പാക്കേജ് പ്രഖ്യാപിക്കുന്ന ധനമന്ത്രി
കോവിഡ് പാക്കേജ് പ്രഖ്യാപിക്കുന്ന ധനമന്ത്രി

ഈ പ്രഖ്യാപനങ്ങളിലൂടെ പൊതുവായൊന്ന് കണ്ണോടിച്ചാൽ തന്നെ അതിന്റെ ക്രൂരത വ്യക്തമാകും. പലതും ഇന്നത്തെ ധനമന്ത്രി തന്നെ 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പറഞ്ഞവയാണ്. അതായത് കൊറോണ വന്നില്ലെങ്കിലും നടപ്പാക്കാമെന്ന് പറഞ്ഞവ. ചിലതൊക്കെ കുറെക്കാലമായി പറഞ്ഞതും നടപ്പാക്കിയതും നടപ്പാക്കാൻ കഴിയാതെ വന്നതുമായ നയപ്രഖ്യാപനങ്ങളുടെ ആവർത്തനമാണ്. ഭൂരിഭാഗവും ഉദാരീകരണത്തിന്റെ ഭാഗമായി നടന്നു വരുന്ന കോർപ്പറേറ്റ് പ്രീണന നടപടികളാണ്. മറ്റ് ചിലവ പ്രകൃതി വിഭവങ്ങൾ കയ്യേറാൻ മുതലാളിമാർക്ക് ഒത്താശ ചെയ്യുന്നതാണ്. ശൂന്യാവകാശ ഗവേഷണത്തിലും ആയുധ നിർമ്മാണത്തിലും വിദേശ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് വേറെ ചിലത്. ചുരുക്കത്തിൽ ബഹുഭൂരിഭാഗം നിർദ്ദേശങ്ങളും കൊറോണയാൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളിലേക്ക് പണവും ഭക്ഷണവും മരുന്നും എത്തിക്കുന്ന അടിയന്തിര പ്രവർത്തനങ്ങളല്ല.

കോർപ്പറേറ്റുകൾക്ക് രാജ്യത്തെ പകുത്തു നൽകുന്നതാണ് പുതിയ സാമ്പത്തിക പാക്കേജ്. ഏറ്റവും നല്ല ഉദാഹരണം, ഇതിലെ ആരോഗ്യ ചെലവാണ്. കേവലം 15,000 കോടി (GDP യുടെ 0.07%) മൊത്തം നീക്കിവെച്ചതിൽ തന്നെ 8100 കോടി സ്വകാര്യ ആശുപത്രികളുടെ പശ്ചാത്തല വികസനത്തെ സഹായിക്കാനാണ്.

ദീർഘകാലാടിസ്ഥാനത്തിൽ കോർപ്പറേറ്റുകൾക്ക് ലാഭമാക്കാവുന്നവയാണ്. ജനങ്ങൾക്ക് വേണ്ടി എന്ന് കരുതുന്ന MSME കൃഷി അംഗങ്ങൾക്ക് തന്നെ പണം വകയിരുത്തിയിരുന്നില്ല. അതൊക്കെ ബാങ്കുകൾ വായ്പയായി നൽകാനാണ് ഉദ്ദേശിച്ചത്. ബേങ്കുകളാകട്ടെ തികച്ചും ജനവിരുദ്ധമായ രീതിയിൽ കുറെക്കാലമായി ആഗോളവത്ക്കരണ പാക്കേജുകളാണ് നടപ്പാക്കി വരുന്നത്.

ദേശീയ വരുമാനത്തിന്റെ 10% അഥവാ 20 ലക്ഷം കോടി രൂപ എന്നതിൽ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ചെലവായി ഏതാണ്ട് രണ്ട് - രണ്ടര ലക്ഷം കോടിരൂപ, അഥവാ ദേശീയ വരുമാനത്തിന്റെ 1.2% മാത്രമാണെന്നാണ് രാജ്യത്തെ വിദഗ്ധരായ കോർപ്പറേറ്റ് കണക്കെഴുത്തുകാർ പോലും കണക്കാക്കിയിരിക്കുന്നത്. ചിലരുടെ കണക്കിൽ ഇത് കേവലം 0.8% മാത്രമാണ്. ചുരുക്കത്തിൽ, എന്താണോ കൊറോണ ബാധിച്ച് നരകിക്കുന്ന ജനങ്ങൾക്ക് വേണ്ടത്, അവർ പ്രതീക്ഷിക്കുന്നത്; അതിന്റെ ചെലവിൽ കോർപ്പറേറ്റുകൾക്ക് രാജ്യത്തെ പകുത്തു നൽകുന്നതാണ് പുതിയ സാമ്പത്തിക പാക്കേജ്. ഏറ്റവും നല്ല ഉദാഹരണം, ഇതിലെ ആരോഗ്യ ചെലവാണ്. കേവലം 15,000 കോടി (GDP യുടെ 0.07%) മൊത്തം നീക്കിവെച്ചതിൽ തന്നെ 8100 കോടി സ്വകാര്യ ആശുപത്രികളുടെ പശ്ചാത്തല വികസനത്തെ സഹായിക്കാനാണ്.

നമുക്ക് കുറച്ചുകൂടി വിശദാംശങ്ങൾ പരിശോധിക്കാം. ഒന്നാമത്തേത്, MSME, MBFC ആദായനികുതി, ഇ.പി.എഫ്, റിട്ടേൺസ് സമർപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിൽ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയിൽ 3 ലക്ഷം രൂപ വരെ വായ്പ നൽകുന്നതിനായി ശുപാർശയുണ്ട്. ചെറുകിട വ്യവസായങ്ങൾക്ക് മൂലധന സഹായമായി 30,000 കോടി രൂപ നീക്കി വെച്ചിരുന്നു. ഒപ്പംതന്നെ ബാങ്ക് ഇതര സ്ഥാപനങ്ങൾക്കുള്ള സഹായം വഴി ഭവന നിർമ്മാണത്തിനും മറ്റും ഉണ്ടാകുന്ന സാധ്യതയാണ്. വൈദ്യുത കമ്പനികൾക്കുള്ള 90,000 കോടി സഹായവും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. കാർഷിക രംഗത്താണെങ്കിൽ പശ്ചാത്തല വികസനത്തിനാണ് ഊന്നൽ. വിപണി പരിഷ്‌കാരം, ധാന്യ സൂക്ഷിപ്പ് സംവിധാനം, അവശ്യവസ്തു നിയമഭേദഗതി, ധാന്യകുത്തകൾക്ക് കരിഞ്ചന്തയിൽ യഥേഷ്ടം ധാന്യം സൂക്ഷിക്കാനുള്ള അവസരം. സർക്കാർ കമ്പോളത്തിൽ ഇടപെടില്ലെന്ന ഉറപ്പ്, സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളിലെ നിയമ നിർമ്മാണം എന്നിങ്ങനെ പോകുന്നു കാര്യങ്ങൾ. ഇതിൽ പ്രധാനപ്പെട്ടതാണ് അവശ്യവസ്തു നിയമഭേദഗതി.

നാലാത്തേതിലെ വ്യവസായം, ഖനനം എന്നിവയിലാണ് വലിയ കൊള്ളയടി നടക്കുന്നത്. ആയുധ നിർമ്മാണം, ശൂന്യാകാശ ഗവേഷണം എന്നിവയിലൊക്കെയുള്ള വർദ്ധിച്ച വിദേശ മൂലധന പങ്കാളിത്തമാണ് ഒരിനം. ഖനനം വഴി പ്രകൃതി വിഭവ കൊള്ള നടത്താനുള്ള സ്വകാര്യ കമ്പനികൾക്കുള്ള അനുമതിയാണ് മറ്റൊരിനം. ഈ പാക്കേജിനൊപ്പം, ബി.ജെ.പി. ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമ ഭേദഗതികൾ കൂടി കണക്കിലെടുക്കണം. അവ തൊഴിൽ, പരിസ്ഥിതി, നിയമങ്ങളിൽ വരുത്തുന്ന ഭേദഗതികളാണ്. തൊഴിൽ സമയം ദീർഘിപ്പിച്ച് സ്വകാര്യ മേഖലകൾക്ക് തൊഴിലാളികളെ ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്നു. ഇതോടൊപ്പമാണ് പൊതുമേഖലയിൽ സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി കുറക്കുന്നത്. എന്ത് കൂലിയിലും പണിയെടുക്കാനും, വിശപ്പടക്കാനായി എന്തെങ്കിലും കിട്ടാനും പാടുപെടുന്ന പാവപ്പെട്ട തൊഴിലാളികളുടെ കരുതൽ സേനയെ മുന്നിൽ കണ്ട് അവർക്കെതിരെ മറ്റൊരുതരം കൊറോണയുടെ അക്രമണം അഴിച്ചുവിടുകയാണ്.

കേന്ദ്ര ധനകാര്യമന്ത്രാലയം
കേന്ദ്ര ധനകാര്യമന്ത്രാലയം

ഇതെല്ലാം സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്, ഇതിനകം തന്നെ നടപ്പാക്കി പരാജയപ്പെട്ട മെയ്ക്ക് ഇൻ ഇന്ത്യ എന്ന പ്രചാരണ മുദ്രാവാക്യത്തിൽ ""സ്വാശ്രയ ഇന്ത്യ''യെപ്പറ്റി പറഞ്ഞു കൊണ്ടാണെന്നതിൽ ജനങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം. ജനങ്ങൾക്ക് എന്തെങ്കിലും ആശ്വാസം ഉണ്ടെങ്കിൽ അത് ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി അധികം വിഭാവനം ചെയ്യുന്ന 40,000 കോടി രൂപയാണ്. ഇതിൽ 11,000 കോടി കഴിഞ്ഞ വർഷത്തെ കുടിശ്ശികയാണ്. അത് കഴിച്ചാൽ 29,000 കോടി രൂപയുടെ കൂലി സമൂഹത്തിലേക്ക് വരും. അത്രയും നല്ലത്. അതും ഈ സാമ്പത്തിക വർഷത്തിൽ നടത്തി തീർത്താൽ മതി. അതിനുള്ള പണം പോലും സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകാൻ തയ്യാറായിട്ടില്ല. ചിലപ്പോൾ മൊത്തം കുടിശ്ശിക 51,000 കോടി ആയി വർദ്ധിക്കാനും സാധ്യതയുണ്ട്. ഒരു അതിഥി തൊഴിലാളിക്ക് 2 മാസത്തേക്ക് 5 കി.ഗ്രാം ധാന്യവും അവരുടെ കുടുംബത്തിന് മാസത്തേക്ക് ഒരു കിലോഗ്രാം പയറും നൽകാനുള്ള നിർദ്ദേശം വളരെ പരിമിതമാണെങ്കിലും സ്വാഗതാർഹമാണ്. ""ഒരു രാജ്യം ഒരു റേഷൻ കാർഡ്'' എന്നത്, ഇനിയും ഏറെ സമയം വേണ്ട ഒരു നിർദ്ദേശമാണ്. എങ്കിലും ഗുണകരമായേക്കാമെന്ന് പ്രത്യാശിക്കാം.

പൊതുവിൽ പരിശോധിച്ചാൽ, കഷ്ടപ്പെടുന്ന ജനങ്ങളിലേക്ക് പണം എത്തുന്നില്ല. പലപ്പോഴായി പറഞ്ഞ് പരാജയപ്പെട്ട കാര്യങ്ങൾ ആവർത്തിക്കുന്നു. കോർപ്പറേറ്റുമായി ചേർന്ന് കൊള്ള നടത്താൻ അവസരമൊരുക്കുന്നു. കാര്യങ്ങളെ ബേങ്ക് വായ്പയുമായി വൻതോതിൽ ബന്ധിപ്പിക്കുന്നു, ദീർഘകാല നയപ്രഖ്യാപനങ്ങളായി മിക്കവയും മാറുന്നു, ആഗോളവത്ക്കരണം-സ്വകാര്യവത്ക്കരണ നയങ്ങളെ വീണ്ടും ശക്തിപ്പെടുത്തുന്നു.

പ്രകൃതി വിഭവങ്ങൾ സ്വന്തക്കാർക്കായി തീരെഴുതുന്നു, എല്ലാം കൂടി ""സ്വാശ്രയത്വ''ത്തിന്റെ പേരിൽ ഈ രാജ്യത്തെ പരാശ്രയത്തിലേക്ക് നശിക്കും വിധം പണയത്തിലാക്കുന്നു. രോഗികളെ കിടത്താൻ ആശുപത്രികളിൽ സൗകര്യങ്ങളില്ലാതെ വലയുമ്പോൾ താൽക്കാലിക ഷെഡുകൾ പണിയാനോ താല്ക്കാലിക ജീവനക്കാരെ നിയമിക്കാനോ പണം വകയിരുത്തിയില്ല. എന്നാൽ സ്വകാര്യ ആശുപത്രികളെ സഹായിക്കാനായി 8,100 കോടി രൂപ കണ്ടെത്തുന്നു.

ഉയർന്നു വന്ന പ്രതിഷേധം കണക്കിലെടുത്ത്, അവസാനം സംസ്ഥാനങ്ങളുടെ പരമാവധി GDP യുടെ 5% ആക്കി ഉയർത്തി. എന്നാൽ പണം ചെലവാക്കണമെങ്കിൽ അതിന് പ്രത്യേകം മാനദണ്ഡങ്ങൾ വേണമത്രെ. ചരിത്രത്തിൽ ആദ്യമായാണ് ഈയൊരു സ്ഥിതി.

ഇത് മാത്രമല്ല, സംസ്ഥാന, തദ്ദേശ സർക്കാരുകളോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. നിബന്ധനകളും നടപടികളും പ്രഖ്യാപിക്കലല്ലാതെ എല്ലാം നടപ്പാക്കുന്നത് സംസ്ഥാന സർക്കാരുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ്. "തദ്ദേശം' എന്നൊരു പ്രയോഗം തന്നെ കേന്ദ്രസർക്കാർ ഉരുവിടാറില്ല. സംസ്ഥാനങ്ങൾക്കാണെങ്കിൽ, അർഹിക്കുന്ന പണം ലഭിക്കുന്നതിന് തന്നെ പലതരം നിബന്ധനകളും പരിധികളും പാലിക്കണം. നികുതി ചുമത്താനും പിരിക്കാനും ചെലവാക്കാനുമുള്ള സംസ്ഥാനങ്ങളുടെ അധികാരം GST ഫണ്ട് ഏതാണ്ട് തീർന്ന മട്ടാണ്. എന്നാൽ, കേന്ദ്രം പിരിച്ച് നൽകേണ്ടതിൽ കുടിശ്ശിക നിലനിൽക്കുന്നു. ധനകമ്മീഷൻ ശുപാർശ ചെയ്ത പണം പോലും കൃത്യമായി നൽകുന്നില്ല. നിയമപ്രകാരം നൽകേണ്ടതിനെപ്പോലും പാക്കേജിന്റെ ഭാഗമാക്കുന്നു. ധനകമ്മി, FRBM നിയമം നടത്തിയ നിയന്ത്രണ നടപടികൾ യാതൊരു യുക്തിയുമില്ലാതെ അടിച്ചേൽപിക്കുന്നു. ഇവയ്‌ക്കൊക്കെ എതിരെ ഉയർന്നു വന്ന പ്രതിഷേധം കണക്കിലെടുത്ത്, അവസാനം സംസ്ഥാനങ്ങളുടെ പരമാവധി GDP യുടെ 5% ആക്കി ഉയർത്തി. എന്നാൽ പണം ചെലവാക്കണമെങ്കിൽ അതിന് പ്രത്യേകം മാനദണ്ഡങ്ങൾ വേണമത്രെ. ചരിത്രത്തിൽ ആദ്യമായാണ് ഈയൊരു സ്ഥിതി. അതും ഒരു ദുരന്തകാലത്തെ ഉത്തജക പേക്കേജിന്റെ ഭാഗമായി. ആ രീതിയിൽ കർക്കശമായ നിയന്ത്രണങ്ങളിലൂടെ സംസ്ഥാനങ്ങൾക്ക് കൂടുതൽ മൂക്ക് കയർ ഇടുന്ന, തൊഴിൽ നിയമ ഭേദഗതികളിലൂടെ മുതലാളിമാർക്ക് തൊഴിൽ ചൂഷണത്തിന് അവസരമൊരുക്കുന്ന, പരിസ്ഥിതി നിയമം ലളിതവത്ക്കരിച്ച് മുതലാളിമാർക്ക് പ്രകൃതിവിഭവ കൊള്ളക്ക് അനുമതി നൽകുന്ന ഒരു കൂട്ടം നിയമനടപടികൾ എങ്ങനെയാണ് ഒരു മഹാമാരി കാലത്ത് തകർന്നുപോയ ജനജീവിതത്തിന് താങ്ങാവുന്നതെന്ന് ഒരിക്കലും ബോധ്യപ്പെടുന്നില്ല. ഇത് ദുരന്തത്തിന്റെ മറവിൽ നടക്കുന്ന തീവെട്ടി കൊള്ളമാത്രമാണ്.

എന്തുകൊണ്ടാണ് ഇന്ത്യാസർക്കാർ ഈ രീതിയിൽ പെരുമാറുന്നത്. അത് സ്വദേശി-വിദേശി കോർപ്പറേറ്റുകളോടുള്ള വിധേയത്വവും എന്തും കാശാക്കി മാറ്റാനുള്ള മനോഭാവം കൊണ്ടുമാണ്. കൊറോണക്കുമുമ്പ് തന്നെ ഇന്ത്യയൊരു സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയായിരുന്നു. അതിന്റെ കാരണമാകട്ടെ, ഉൽപാദന തകർച്ച, തൊഴിലില്ലായ്മ, ക്രയശേഷികുറവ് എന്നിവയായിരുന്നു. അതിന്റെ ഉറവിടം കാര്യങ്ങൾ കമ്പോളത്തിനും കോർപ്പറേറ്റുകൾക്കും വിട്ടുകൊടുക്കുന്ന നവ ഉദാരീകരണ പദ്ധതികളുടെ സ്വാഭാവികമായ പരിണിതഫലമായിരുന്നു. അതുവഴി സമൂഹത്തിൽ ശക്തിപ്പെട്ട ധനിക-ദരിദ്ര അസമത്വമായിരുന്നു. ഇതിനെതിരെ ഒരു മാന്ദ്യവിരുദ്ധ പാക്കേജ് ഉണ്ടാകണമെന്ന് പലരും 2019 ഡിസംബറിൽ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫെബ്രുവരി ഒന്നിന്റെ ബജറ്റിലും മുതലാളിമാരെ സഹായിക്കാനുള്ള നടപടികൾ തന്നെയാണ് പ്രഖ്യാപിച്ചത്. അതിൽ തൊഴിലുറപ്പിനുള്ള ചെലവ് മുൻവർഷത്തേക്കാൾ 1000 കോടി രൂപ വെട്ടി കുറച്ചിരുന്നു. കങ്കാണികളായ ഏജന്റുമാരുടെ, ചങ്ങാത്ത മുതലാളിത്തത്തിന്റെ, പ്രാകൃതമായ മൂലധന സ്വരൂപണ രീതിയുടെയെല്ലാം വക്താക്കളും പ്രയോക്താക്കളുമായി കേന്ദ്രസർക്കാർ മാറുകയാണ്.

ഇന്ന് നിലവിലുള്ള ഉയർന്ന ധാന്യകരുതൽ, കുറഞ്ഞ എണ്ണവിളവില, വർധിച്ച വിദേശ നാണയ ശേഖരം എന്നിവയൊക്കെ പ്രയോജനപ്പെടുത്തി വിലക്കയറ്റമില്ലാതെ തന്നെ കേന്ദ്ര സർക്കാരിന് അതിന്റെ നേരിട്ടുള്ള ചെലവ് വർദ്ധിപ്പിച്ചുകൊണ്ട് ജനങ്ങളിലേക്ക് പണം എത്തിച്ച് വിപണിയെ ചലിപ്പിക്കാവുന്നതാണ്. "ലോക്ക്ഡൗൺ'കാലത്ത് പ്രാദേശിക വിപണി ചലിച്ചു തുടങ്ങിയിരുന്നെങ്കിൽ മാത്രമേ, ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ സമ്പദ്ഘടനയും ചലിക്കൂ. എന്നാൽ ഇതൊന്നും കോർപ്പറേറ്റ് മൂലധനം ആഗ്രഹിക്കുന്ന കാര്യമല്ല. അവർക്ക് സാമ്പത്തികമാന്ദ്യവും ദുരന്താതികളുമൊക്കെ അവരുടെ നഷ്ടം നികത്താനുള്ള അവസരമാക്കുംവിധം സർക്കാരിനെക്കൊണ്ട് നയപരിപാടികൾ ഉണ്ടാക്കുന്നതിലാണ് താല്പര്യം, ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്നതും അതു തന്നെ. അല്ലാതെ വന്നാൽ, വിദേശ-സ്വദേശ മൂലധനം രാജ്യംവിട്ട് പുറത്തേക്ക് പോകുമെന്നും, രാജ്യത്ത് വികസനം അസാധ്യമാകുമെന്നും, സ്വാശ്രയത്വം സാധ്യമാകില്ലെന്നും സർക്കാർ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെനടപ്പാക്കി പരാജയപ്പെട്ടതും, ലോക മഹാമാന്ദ്യത്തെ ക്ഷണിച്ചു വരുത്തിയതും 1990 കൾക്ക് ശേഷം ഉയർത്തെഴുന്നേറ്റ് കാൽനൂറ്റാണ്ട് കൊണ്ടുതന്നെ തകർന്ന് തരിപ്പണമാവുകയും ചെയ്ത ഈ കമ്പോള മൗലികവാദത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ഇന്ത്യയിലെ കേന്ദ്രസർക്കാർ. അതേസമയം, ഹിന്ദുത്വ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയാൽ നിയന്ത്രിക്കുന്നതിനാൽ "സ്വദേശി'എന്നും "സ്വാശ്രയം' എന്നും ഇടക്കിടെ ജനങ്ങളെ ഓർമ്മപ്പെടുത്താൻ അവർ ബദ്ധശ്രദ്ധരായിരിക്കും. ഒന്ന് പറയുക, നേർവിപരീതമായത് ചെയ്യുക. അതിന്റെ ഭാഗമായി, എല്ലാരീതിയിലും വിധേയത്വം കോർപ്പറേറ്റുകളോടായിരിക്കുകയും ചെയ്യും. ഈ രാഷ്ട്രീയം മുറുകെ പിടിക്കുന്നതിനാലാണ് മഹാമാരി കാലത്തും സാധാരണ ജനങ്ങളിൽ നിന്ന് മാറി, കോർപ്പറേറ്റുകൾക്കൊപ്പം നിൽക്കാൻ കേന്ദ്രസർക്കാർ സന്നദ്ധമാകുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, കൃഷി എന്നിങ്ങനെയുള്ള സാമൂഹ്യ വികസന പ്രക്രിയയിൽ സർക്കാർ ഇടപെടേണ്ടതില്ലെന്നും എല്ലാം വിപണിവഴിസ്വകാര്യ കമ്പനികൾ നടത്തികൊള്ളുമെന്നുമാണ് നവലിബറൽ വ്യാഖ്യാനം. അങ്ങനെ വരുമ്പോൾ കോർപ്പറേറ്റ് സംരംഭങ്ങളെ സംരംക്ഷിക്കാനായി ക്രസമാധാനം, ജയിൽ, പൊലീസ് എന്നിവയൊക്കെ സർക്കാർ ചുമതലയിൽ നടക്കണം. അതാണ് കമ്പനികൾ ആഗ്രഹിക്കുന്നത്. സമ്പന്നരായ 10 % ത്തെയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് മഹാമാരി കാലത്തും പൊതുജനാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ മെനക്കേടാതെ ആയുധ നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ കോർപ്പറേറ്റുകളെ ക്ഷണിക്കുന്ന രാഷ്ട്രീയം പുറത്തുവരുന്നത്. ഈ രാഷ്ട്രീയത്താൽ നയിക്കുന്ന കേന്ദ്രസർക്കാരിന് ഏത് പാക്കേജിലും ക്രൂരമായ രീതിയിൽ മാത്രമേ നിലപാടെടുക്കാൻ കഴിയൂ എന്നതാണ് വസ്തുത; കാരണം അവരുടെ മനസ്സിലെ രാഷ്ട്രീയം അതാണ്.

കേന്ദ്രത്തിന്റെ കണ്ണിൽ കേരളം എല്ലാം കൊണ്ടും ശത്രുപക്ഷത്തായിരുന്നു. ഇവിടുത്തെ നാണ്യവിളകൊന്നും തന്നെ പാക്കേജിന്റെ പരിഗണയിൽ ഉണ്ടായിരുന്നില്ല. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത കർഷകർക്ക് ഒരു സഹായവും നൽകുന്നില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക കൊറോണ ഫണ്ട് പോലും തദ്ദേശഭരണ സ്ഥാപനങ്ങൾക്കല്ല, ജില്ലാ കലക്ടർമാർക്കാണ് നൽകുന്നത്.

കേന്ദ്രസർക്കാർ ഇത്രയേറെ ക്രൂരമായി പെരുമാറിയിട്ടും, കോവിഡ് നിയന്ത്രണ കാര്യത്തിൽ കേരളമടക്കം പല സംസ്ഥാനങ്ങൾക്കും എങ്ങനെ മുന്നേറാൻ കഴിഞ്ഞു? അത് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് നൽകിയ സാമ്പത്തിക സഹായവും (പ്രധാനമായും ക്ഷേമപെൻഷനുകൾ) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അസൂയാവഹമായ തരത്തിലുള്ള സംഘാടനവും കാരണമാണ്. ഇന്ത്യയിൽ അതിഥിതൊഴിലാളികൾക്കായി ആകെ ഒരുക്കിയ പാർപ്പിട സൗകര്യങ്ങളിൽ 69% വും കേരളത്തിലാണെന്ന്, കേന്ദ്രസർക്കാർ തന്നെ സുപ്രീം കോടതിയിൽ സമ്മതിച്ച കാര്യമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലുംകൂടി 31% മാത്രമേ വരുന്നുള്ളൂ. അന്തർസംസ്ഥാന തൊഴിലാളി നീക്കങ്ങൾ നിയമാനുസൃതമായി കേന്ദ്രത്തിന്റെ ചുമതലയാണ്. എന്നിട്ടും എത്രമാത്രം സഹായമാണ് ഇക്കാലത്ത്, ഈ ഇനത്തിൽ സംസ്ഥാനങ്ങൾക്ക് നൽകിയത്?

കോവിഡ് പശ്ചാത്തലത്തിൽ വായ്പ ഇളവ് ആവശ്യപ്പെട്ട് ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തുന്ന മുഖ്യമന്ത്രി
കോവിഡ് പശ്ചാത്തലത്തിൽ വായ്പ ഇളവ് ആവശ്യപ്പെട്ട് ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തുന്ന മുഖ്യമന്ത്രി

സംസ്ഥാനത്തെ രണ്ട് പ്രളയങ്ങളെയും രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയെയും തുടർന്നാണ് കേരളത്തിലും കോവിഡ് രോഗബാധ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രയാസകരമായിരുന്നു കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. എന്നിട്ടും സ്തുത്യർഹമായ വിധത്തിൽ പ്രവർത്തിക്കാൻ കേരളത്തിന് കഴിഞ്ഞു. കേന്ദ്രത്തിന്റെ കണ്ണിൽ കേരളം എല്ലാം കൊണ്ടും ശത്രുപക്ഷത്തായിരുന്നു. ഇവിടുത്തെ നാണ്യവിളകൊന്നും തന്നെ പാക്കേജിന്റെ പരിഗണയിൽ ഉണ്ടായിരുന്നില്ല. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത കർഷകർക്ക് ഒരു സഹായവും നൽകുന്നില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക കൊറോണ ഫണ്ട് പോലും തദ്ദേശഭരണ സ്ഥാപനങ്ങൾക്കല്ല, ജില്ലാ കലക്ടർമാർക്കാണ് നൽകുന്നത്. അതേസമയം കേരളത്തിൽ നേരിട്ട് പണം എത്തുന്ന 3434 കോടിയുടെ പുതിയ പാക്കേജിനും കേരളം അനുമതി നൽകിയിരിക്കുന്നു. ഇതോടെ ഈ ആവശ്യത്തിലേക്കായി സംസ്ഥാന സർക്കാർ പ്രത്യേകമായി 23434 കോടി രൂപ അനുവദിച്ചിരിക്കുന്നു. സംസ്ഥാന വരുമാനത്തിന്റെ 3%; കേന്ദ്രത്തിന്റെ പാക്കേജിൽ നിന്ന് ലഭിക്കുന്നത് ദേശീയ വരുമാനത്തിന്റെ 0.8% മുതൽ 1.2% വരെ മാത്രവും.

നേരത്തെ സൂചിപ്പിച്ചതുപൊലെ കൃത്യമായ നയ സമീപനവും ദേശീയ കോവിഡ് നിവാരണ പ്രവർത്തന പരിപാടിയും ആസൂത്രണം ചെയ്തിരുന്നെങ്കിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള രണ്ട് സ്ഥാപനങ്ങളുടേയും കേന്ദ്ര സർക്കാർ ഇതിനകം പാസ്സാക്കിയ മൂന്ന് അവകാശാധിഷ്ഠിത നിയമങ്ങളുടേയും പിൻബലത്തോടെ കോവിഡ് ബാധയെ നിയന്ത്രിക്കാൻ ഇന്ത്യക്ക് കഴിയുമായിരുന്നു. (ഇവിടെ ആസൂത്രണ കമ്മീഷൻ ഇല്ലാതായതിന്റെ പ്രശ്നമുണ്ട്.) റിസർവ്വ് ബേങ്കും, ഭക്ഷ്യകോർപ്പറേഷനുമാണ് രണ്ട് സ്ഥാപനങ്ങൾ. ഭക്ഷണത്തിനുള്ള അവകാശം, ആരോഗ്യത്തിനുള്ള അവകാശം, ഉപജീവനത്തിനുള്ള അവകാശം എന്നിവയാണ് കേന്ദ്രസർക്കാർ തന്നെ പാസ്സാക്കിയിട്ടുള്ള മൂന്ന് നിയമങ്ങൾ. 7.7 കോടി ടൺ ഭക്ഷ്യധാന്യം ഇപ്പോൾതന്നെ സ്റ്റോക്കുണ്ട്. റാബി കൃഷി വിളവെടുപ്പോടെ ഇത് 11 കോടി ടൺ ആകുമത്രെ. ഇത് അവശ്യം വേണ്ട കരുതലിനേക്കാൾ എത്രയോ കൂടുതലാണ്. അത് വിതരണം ചെയ്യണം. റിസർവ്വ് ബേങ്കിൽനിന്ന് പണം കടം വാങ്ങാം വേണമെങ്കിൽ അച്ചടിക്കാം. ഇത് രണ്ടും ഉപയോഗിച്ച് ദരിദ്ര ജനങ്ങൾക്ക് അവശ്യം വേണ്ട പണവും ഭക്ഷണവും എത്തിക്കാവുന്നതാണ്.

എല്ലാ കുടുംബങ്ങൾക്കും മാസത്തിൽ 7500 രൂപ വീതം മൂന്ന് മാസം

നൽകണമെന്നതടക്കമുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ച്

നടത്തിയ പ്രതിഷേധം
എല്ലാ കുടുംബങ്ങൾക്കും മാസത്തിൽ 7500 രൂപ വീതം മൂന്ന് മാസം

നൽകണമെന്നതടക്കമുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ച്

നടത്തിയ പ്രതിഷേധം

സാമൂഹ്യ ശാസ്ത്രത്തിന്റെ രാഷ്ട്രീയ നേതാക്കളും, തൊഴിലാളി സംഘടനകളുമെല്ലാം ഇതിന് കൃത്യമായൊരു പരിപാടി മുന്നോട്ട് വെക്കുന്നുണ്ട്. ആദായ നികുതി നൽകുന്ന കുടുംബങ്ങളെ ഒഴിവാക്കി ബാക്കി എല്ലാ കുടുംബങ്ങൾക്കും മാസത്തിൽ 7500 രൂപ വീതം മൂന്ന് മാസം നൽകണമെന്നതാണ് ഒരു നിർദ്ദേശം. ഇന്ത്യയിലെ 46 കോടി വരുന്ന തൊഴിലാളികളിൽ 37 കോടിയും നിത്യകൂലിക്ക് പണിയെടുക്കുന്ന അസംഘടിത മേഖലയിലാണ്. ആളൊന്നുക്ക് ആഴ്ചയിൽ 10 കിലോ ധാന്യം നൽകണമെന്നതാണ് രണ്ടാമത്തെ നിർദ്ദേശം. അടിയന്തര ചികിത്സക്കായുള്ള താൽക്കാലിക ആശുപത്രി സംവിധാനങ്ങൾ മരുന്ന്, ഉപകരണങ്ങൾ, ജീവനക്കാർ എന്നിവയാണ് മൂന്നാമത്തേത്. ജനങ്ങളിലേക്ക് പണം എത്തണം. അതിന് ക്ഷേമ പെൻഷനുകൾക്ക് പുറമെ തൊഴിലില്ലായ്മ വേതനം, പലിശ ഒഴിവാക്കൽ, വായ്പ നീക്കിവെക്കൽ എന്നിവയും നടക്കണം.

മറ്റൊരു മാർഗ്ഗം തൊഴിലുറപ്പ് പദ്ധതിയെ വിപുലപ്പെടുത്തലാണ്. 100 ദിവസമെന്നോ 65 വയസ്സെന്നോ പരിമിതപ്പെടുത്താതെ, തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് പണി കൊടുക്കാൻ കഴിയണം. അതിനുള്ള പണി കണ്ടെത്തണം, കൂലി അപ്പോൾ തന്നെ നൽകാൻ കഴിയുംവിധം കേന്ദ്രസർക്കാർ പണം മുൻകൂറായി നൽകണം. പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തി ധാന്യ വിതരണം കാര്യക്ഷമമാക്കണം. ഇവയ്ക്ക് പുറമെ അതിഥി തൊഴിലാളികൾക്ക് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് താമസിക്കാൻ സൗകര്യമൊരുക്കണം. ഇവയോടൊപ്പം കൃഷിയടക്കമുള്ള ചെറുകിട പ്രാദേശിക സംരംഭങ്ങൾ ചലിപ്പിക്കാൻ സഹായിക്കുന്ന വിധം മാമൂൽ വിട്ട സാമ്പത്തിക സഹായവും നൽകണം. ഇത്രയും കാര്യങ്ങൾ ഉടൻ നടപ്പിലാക്കുന്നതിനായി GDP യുടെ 8-10% വരുന്ന തുക അടങ്ങുന്ന മറ്റൊരു കോവിഡ് പാക്കേജ് കേന്ദ്രത്തിൽ ഉടൻ തന്നെ പ്രഖ്യാപിക്കണം. ഇവക്കുള്ള ജനകീയ സമ്മർദ്ദങ്ങൾ ഇന്ത്യയിൽ ഉയർന്നു വരേണ്ടിയിരിക്കുന്നു.


Summary: കൃത്യമായ നയ സമീപനവും ദേശീയ കോവിഡ് നിവാരണ പ്രവർത്തന പരിപാടിയും ആസൂത്രണം ചെയ്തിരുന്നെങ്കിൽ റിസർവ് ബാങ്കിന്റെയും ഭക്ഷ്യകോർപ്പറേഷനുകളുടെയും, ഭക്ഷണത്തിനുള്ള അവകാശം, ആരോഗ്യത്തിനുള്ള അവകാശം, ഉപജീവനത്തിനുള്ള അവകാശം എന്നീ നിയമങ്ങളുടെയും പിൻബലത്തോടെ കോവിഡ് ബാധയെ ഇന്ത്യയ്ക്ക് നിയന്ത്രിക്കാൻ കഴിയുമായിരുന്നു. ഇന്ന് ഇന്ത്യയിലെ പല നഗരങ്ങളും കോവിഡിന്റെ പിടിയിലാണ്. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഉപജീവിക്കാൻ കഴിയുംവിധം അവർക്ക് ഭക്ഷണവും പണവും മരുന്നും എത്തിക്കുന്ന പാക്കേജുകളായിരുന്നു ആവശ്യം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കോർപ്പറേറ്റുകൾക്ക് ലാഭമാക്കാവുന്ന പാക്കേജുകളാണ് കൊറോണയുടെ മറവിൽ കേന്ദ്രം കൊണ്ടുവന്നത്. 'സ്വാശ്രയ ഇന്ത്യയ്ക്ക്' എന്ന് കൊട്ടിഘോഷിച്ചു കേന്ദ്രം കൊണ്ടുവന്ന പാക്കേജിന്റെ അജണ്ടകൾ തുറന്നുകാട്ടുകയാണ് ലേഖകൻ


Comments