ചൈനയുടെ ആഭ്യന്തര രാഷ്ട്രീയവും ആഗോള മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ ചൈനയ്ക്ക് ഇപ്പോഴുള്ള സ്ഥാനവും തമ്മിൽ പൊരുത്തക്കേടുകളുള്ളതായി സാധാരണ കരുതാറുണ്ട്. എന്നാൽ ഇത് ആഗോള സാമ്രാജ്യത്വ- മുതലാളിത്ത വ്യവസ്ഥയുമായി ചൈന എങ്ങനെയാണ് ഉദ്ഗ്രഥനം നേടിയത് എന്നതിനെക്കുറിച്ചും ആ പ്രക്രിയയുടെ പിന്നീടുള്ള പരിണാമങ്ങളെക്കുറിച്ചും, അതിന്റെ മുൻകാല- സമീപകാല വൈരുദ്ധ്യങ്ങളെക്കുറിച്ചുമുള്ള വ്യത്യസ്തമായ ഒരു വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഏകപക്ഷീയമായ ധാരണയാണ്.
ഈ ചർച്ചയിലെ എല്ലാ ഘടകങ്ങളും ഒരുമിച്ചു പരിശോധിക്കാൻ കഴിയില്ല. ചില ആമുഖ നിരീക്ഷണങ്ങളാണ് ഇവിടെ പങ്കുവക്കുന്നത്. വിപണി സോഷ്യലിസം (Market Socialism) സാമ്പത്തികനയമായി സ്വീകരിച്ചതിനുശേഷം ചൈന കൈക്കൊണ്ട നടപടികൾ മുതലാളിത്ത വികാസത്തിന്റെ രണ്ടു സവിശേഷ ചരിത്രമാതൃകകളെ ഓർമിപ്പിക്കുന്നതായിരുന്നു. ഒന്ന്, 17, 18, 19 നൂറ്റാണ്ടുകളിൽ ജപ്പാനിൽ അധികാരം കയ്യാളിയ ടോക്കുഗവ പട്ടാള ഭരണകൂടത്തിന്റെ മുതലാളിത്ത വികസന തന്ത്രങ്ങളാണ്. സാമൂഹിക എഞ്ചിനീയറിങ് അടിസ്ഥാനമാക്കി ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ നിയന്ത്രിത മുതലാളിത്ത വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പട്ടാള ഭരണകൂടത്തിന്റെ ഇടപെടലുകൾ. ഏതൊക്കെ വർഗ്ഗങ്ങൾ എന്തൊക്കെ ചെയ്യണമെന്നത് കേന്ദ്രീകൃതമായി തീരുമാനിക്കപ്പെടുകയായിരുന്നു. കർഷകരെല്ലാം കർഷകർ മാത്രമായി തുടരുക എന്നത് കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനെടുത്ത നടപടി ആയിരുന്നു. വർഗവിഭജനത്തെ ഏതാണ്ട് ജാതിവിഭജനംപോലെ ദൃഢീകരിക്കുകയും സാമൂഹിക- സാമ്പത്തിക മാനേജ്‌മെൻറ് നടപ്പിലാക്കാൻ ഒരു ഉദ്യോഗസ്ഥ പ്രഭുവർഗത്തെ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് ആ ഭരണകൂടം ആഭ്യന്തര മുതലാളിത്ത വികാസം സാധ്യമാക്കിയത്. പക്ഷെ ഒപ്പം തന്നെ, ആഭ്യന്തര വിഭവങ്ങളിൽ ഊന്നിയുള്ള ഈ സാമ്പത്തിക വളർച്ചയുടെ പങ്ക് യൂറോപ്യൻ നവമുതലാളിത്തം തട്ടിയെടുക്കുന്നത് തടയാൻ മിഷനറി പ്രവർത്തനം പോലും നിരോധിച്ച്, ആ സാധ്യതയുടെ വേരിൽ തന്നെ കത്തിവക്കുന്ന സമീപനവും അവരിൽ നിന്നുണ്ടായി.
അത്രത്തോളം പോകാൻ ചൈനയ്ക്ക് കഴിയുമായിരുന്നില്ല. കാരണം, ചൈനയിൽ വിപണി സോഷ്യലിസത്തിന്റെ കാലമായപ്പോഴേക്കും ലോകമുതലാളിത്തം നിയോലിബറൽ മുതലാളിത്ത പാത സ്വീകരിച്ചുകഴിഞ്ഞിരുന്നു, അല്ലെങ്കിൽ അതിലേയ്ക്കു കുതിക്കുകയായിരുന്നു. ഏതാണ്ട് മൂന്നു ദശാബ്ദകാലത്തെ ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവവും മാവോയിസ്റ്റ് നയങ്ങളും ഉൽപ്പാദന ശക്തികളെ കെട്ടഴിച്ചുവിട്ട് ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുണ്ടായില്ല. വിപ്ലവാനന്തര ചൈനയിലെ കളക്ടിവിസ്റ്റ് ഉൽപാദനരീതികൾ ദശലക്ഷക്കണക്കിനു മനുഷ്യർ വിശന്നുമരിച്ച അറുപതുകളിലെ ക്ഷാമകാലത്തിലേയ്ക്കാണ് നീങ്ങിയത്. അതിന്റെ ആഘാതം തീരുന്നതിനു മുൻപുതന്നെ സാംസ്‌കാരികവിപ്ലവത്തിന്റെ കലുഷിതമായ ഒരു ദശാബ്ദത്തിലേക്കാണ് വിപ്ലവ ചൈന കാൽവച്ചത്. സാമ്പത്തിക മുരടിപ്പ് സ്വാശ്രയത്വത്തോടെ മറികടക്കാൻ കഴിയുന്ന ആഭ്യന്തര വികാസം അടിസ്ഥാന സൗകര്യങ്ങളിലോ സാങ്കേതികവിദ്യയിലോ ചൈന അപ്പോൾ കൈവരിച്ചിരുന്നില്ല. ചൈനക്ക് തീർച്ചയായും അതുകൊണ്ട്, അതിനകം കൂടുതൽ അഗ്രസ്സീവായി മാറിക്കഴിഞ്ഞിരുന്ന നിയോലിബറൽ ലോകമുതലാളിത്തത്തെ പടിക്കുപുറത്തുനിർത്തി ആഭ്യന്തര വിപണി വികസനം സാധ്യമാകുമായിരുന്നില്ല.
ശത കോടീശ്വരന്മാരുടെ എണ്ണത്തിൽ അമേരിക്കയ്ക്കുപുറകിൽ രണ്ടാം സ്ഥാനത്താണ് ചൈനയുടെ സ്ഥാനം. ഇതുണ്ടായത് കഴിഞ്ഞ മുപ്പതുകൊല്ലങ്ങൾക്കിടയിലാണ് എന്നതും വിസ്മരിക്കാൻ കഴിയില്ല.
എന്നാൽ, വിപണി സോഷ്യലിസം ടോക്കുഗവ ഭരണകൂടത്തെ ഓർമിപ്പിക്കുംവിധം ശക്തമായ സോഷ്യൽ എഞ്ചിനീയറിങ് പദ്ധതിയുടെ അകമ്പടിയോടെ തന്നെയാണ് നടപ്പാക്കാൻ തുടങ്ങിയത്. 1978-ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി പുത്തൻ സാമ്പത്തികനയം നടപ്പിലാക്കാൻ തീരുമാനിച്ച് ഒരു വർഷത്തിനുള്ളിൽ വിദേശ മൂലധനം ആകർഷിക്കുന്നതിന് നാല് സ്‌പെഷ്യൽ സാമ്പത്തികമേഖലകൾ ചൈനയുടെ തെക്കൻ പ്രദേശത്ത് ആരംഭിക്കുകയും ചെയ്തു. ആഗോള മൂലധനവുമായുള്ള ചൈനയുടെ ചങ്ങാത്തം അങ്ങനെ തുടങ്ങിയതാണ്.
ചൈനീസ് പാർട്ടി തലവനായിരുന്ന ഡെങ് സിയാവോപിങ് (Deng Xiaoping) തന്നെയാണ് ഇതിനു മുൻകൈയെടുത്തത്. എന്നാൽ ഇത് എളുപ്പമായിരുന്നില്ല. ഇവിടെയാണ് ആദ്യകാല മുതലാളിത്തത്തിന്റെ അതീവ നിന്ദ്യം എന്ന് മാർക്‌സ് വിശേഷിപ്പിച്ച അപരിഷ്‌കൃത സഞ്ചയത്തിന്റെ മാതൃക കൂടി ചൈനയുടെ മുതലാളിത്തപ്പാതയുടെ ഭാഗമാവുന്നത്. ഇതാണ് അതുവരെ ചൈന കണ്ടിട്ടില്ലാത്ത അസമത്വത്തിലേക്കും ശതകോടീശ്വരന്മാരുടെ ഉദയത്തിലേക്കും നയിച്ചത്. ശത കോടീശ്വരന്മാരുടെ എണ്ണത്തിൽ അമേരിക്കയ്ക്കുപുറകിൽ രണ്ടാം സ്ഥാനത്താണ് ചൈനയുടെ സ്ഥാനം. ഇതുണ്ടായത് കഴിഞ്ഞ മുപ്പതുകൊല്ലങ്ങൾക്കിടയിലാണ് എന്നതും വിസ്മരിക്കാൻ കഴിയില്ല.
പ്രത്യേക സാമ്പത്തിക മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് ആഗോള മൂലധനം ആവശ്യപ്പെട്ട സൗകര്യങ്ങളും സൗജന്യങ്ങളും നൽകുന്നതിനാണ് ഈ മാർഗം പരക്കെ ഉപയോഗിക്കപ്പെട്ടത്. പ്രധാനമായും കൊട്ടിഘോഷിക്കപ്പെടുന്നത് ആഗോള മൂലധനത്തിന് നൽകിയ നികുതിയിളവുകളും ആഗോള വിപണിയെ ലക്ഷ്യമാക്കിയുള്ള കയറ്റുമതി കേന്ദ്രിത ഉൽപ്പാദനവുമാണെങ്കിലും കുറഞ്ഞ വിലക്കുള്ള അധ്വാനശക്തി അനവരതം ഉറപ്പുവരുത്താമെന്ന താരതമ്യേന അപ്രഖ്യാപിതമായ ഉപാധി ആയിരുന്നു പ്രധാനം. അത് പുരപ്പുറത്തു കയറി വിളിച്ചുപറയുന്നുണ്ടായിരുന്നില്ല എന്നേയുള്ളൂ.
ഇതിന്റെ ഫലമായുണ്ടായ തൊഴിൽ സാഹചര്യം അത്യന്തം മോശമായിരുന്നു. ജോലിസമയം കുറയ്ക്കുക എന്നതാണ് മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ആദ്യ മാനദണ്ഡം എന്ന് മാർക്‌സ് പറയാനിടയായ സാഹചര്യം 12-14 മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന അക്കാലത്തെ ജോലിസമയമായിരുന്നു. ഇക്കാര്യത്തിൽ നിയമപരമായ നിബന്ധനകൾ സാമ്പത്തിക മേഖലകളിൽനിന്ന് ഒഴിവാക്കിക്കൊടുത്തിരുന്നു. സ്ത്രീ- പുരുഷ വേതനം നിശ്ചയിക്കുന്നതിൽ ട്രേഡ് യൂണിയന്റെ പോലും ഇടപെടൽ സാധ്യമല്ലായിരുന്നു. കുറഞ്ഞ കൂലിക്കുള്ള ബാലവേല അനുവദിക്കപ്പെട്ടിരുന്നു. മനുഷ്യത്വഹീനമായ സാഹചര്യങ്ങളിൽ അപകടങ്ങളും കുറഞ്ഞ വേതനവും അമിതജോലിയും കർശനമായ നിയന്ത്രണങ്ങളും അസഹനീയമായ താമസസൗകര്യങ്ങളും കൊണ്ട് ഹോങ്കോംഗ് പോളിടെക്‌നിക് യൂനിവേഴ്സിറ്റി ഗവേഷകയും അധ്യാപികയുമായ പുങ്ങായ് (Pun Ngai) ഒരിക്കൽ വിശേഷിപ്പിച്ചതുപോലെ, ഒരു ‘dormitory labor regimes' ആണ് നടപ്പിലായത്. ഇവരെല്ലാം സവിശേഷ മൈഗ്രേഷൻ നിയമങ്ങളിലൂടെ ചൈനയുടെ ഗ്രാമപ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന തൊഴിലാളികൾ ആയിരുന്നു. ചൈനയിൽ അൻപതുകൾ മുതൽ നിലനിൽക്കുന്ന ‘ഹുക്കൂ’ വ്യവസ്ഥയുടെ ഇരകളാണവർ. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള ദേശാടനം നിയന്ത്രിക്കാൻ കൊണ്ടുവന്ന ഈ നിയമം അനുസരിച്ച് ജനിച്ച ഗ്രാമത്തിന്റെ പേരിൽ ലഭിക്കുന്ന കാർഡ് ഉപയോഗിച്ച് മാത്രമേ ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങൾ അടക്കമുള്ള ഏതു സേവനവും ലഭ്യമാവൂ. എന്നാൽ പുതിയ സാമ്പത്തികനയത്തിന്റെ ഭാഗമായി ദശലക്ഷക്കണക്കിന് കർഷകരെയും തൊഴിലാളികളെയും പ്രത്യേക സാമ്പത്തിക മേഖലകളിലേക്ക് കൊണ്ടുവന്നപ്പോൾ ‘ഹുക്കൂ’ സമ്പ്രദായം പരിഷ്‌കരിക്കാൻ ഭരണകൂടം തയ്യാറായില്ല. കാർഡിൽ സ്ഥലം തിരുത്തി നൽകുന്നതിനു പകരം മുതലാളിമാർ നൽകുന്ന താൽക്കാലിക കാർഡ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന നിബന്ധനയാണ് നടപ്പിലാക്കിയത്. ഇത് തൊഴിലാളികളെ തൊഴിൽ ഉടമകളുടെ അടിമകളാക്കി മാറ്റി. അതായത്, ജോലി ഇല്ലാതെ ഒരു ദിവസംപോലും നില്ക്കാൻ കഴിയില്ല എന്ന അവസ്ഥ. കൂടാതെ പഴയ യൂറോപ്യൻ അപരിഷ്‌കൃത മൂലധന സഞ്ചയത്തിന്റെ കാലത്തേ ഇത്തരം അവസ്ഥകൾക്ക് പുറമേ തൊഴിലാളികൾക്കുമേലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും ആരംഭിച്ചിരുന്നു. അതോടെ ഇത്തരക്കാരെ കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതും ഭരണകൂടത്തിനും മുതലാളിമാർക്കും എളുപ്പമായി.
തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കു ഷെൻജെനിൽ മാത്രം രണ്ടു ലക്ഷം ക്ലോസ്ഡ് സർക്യൂട്ട് ടി.വി ക്യാമറകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. നവമി ക്ലീൻ പറയുന്നത്, ഇവയിൽ പലതും പാതകളിൽ പതിവിൽ കൂടുതൽ ആൾക്കൂട്ടം കണ്ടാൽ പോലും പൊലീസിനെ അലർട്ട് ചെയ്യാനുള്ള സാങ്കേതികവിദ്യയും അടങ്ങിയിരുന്നയാണ് എന്നാണ്.
പുത്തൻ സാമ്പത്തികനയം കൊണ്ടുവന്ന ഇത്തരം നിരവധി പ്രശ്‌നങ്ങളുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. ഈ പ്രക്രിയകൾ കൂടുതൽ ശക്തമായ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹോങ്കോങ്ങിൽ താമസിക്കുകയും നിരവധി തവണ ചൈന സന്ദർശിക്കുകയും ചെയ്ത വ്യക്തി എന്ന നിലയിൽ വ്യക്തിപരമായിത്തന്നെ എനിക്ക് ചില കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഔദ്യോഗികമായി ചൈനയിലെ ട്രേഡ് യൂണിയൻ മുൻകൈയെടുത്ത് സംഘടിപ്പിച്ച ചില സമ്മേളനങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല, എന്റെ സഹപ്രവർത്തകരും അധ്യാപകരുമായ പല സാമൂഹിക പഠിതാക്കളും അക്കാലത്ത് ചൈനീസ് സാമ്പത്തികമേഖലകളിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്നവരായിരുന്നു. തൊഴിൽ സാഹചര്യവും മനുഷ്യാവകാശവും ഒരു കാലത്തും ചൈനയിലെ നേതൃത്വം ഗൗരവമായി കണ്ടിരുന്നില്ല.
എന്നാൽ ഈ പുതിയ സാമ്പത്തികനയം കൂടുതൽ വിദേശ മൂലധനം ആകർഷിക്കുന്നതിനും അത് സസ്റ്റയിൻ ചെയ്യുന്നതിനും സഹായകമായിരുന്നു എന്ന് എടുത്തുപറയേണ്ടതില്ല. 2010-നു ശേഷം, പ്രത്യേകിച്ച് 2014- 2015 കാലം മുതൽ ചൈനയിൽനിന്നുള്ള മൂലധന തിരിച്ചോട്ടം (capital flight) പലരും ഗൗരവപൂർവം ചർച്ചചെയ്യാറുണ്ട്. അന്താരാഷ്ട്രതലത്തിലുണ്ടായ പ്രതിഷേധങ്ങളുടെ ഫലമായി തൊഴിൽ നിയമങ്ങളിൽ വരുത്തേണ്ടിവന്ന ചില ഭേദഗതികളും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കാം. അതായത്, ആഗോള മൂലധനം ഇതിനോട് അത്രമാത്രം സെൻസിറ്റീവാണ് എന്നർഥം. ചൈന കൊണ്ടുവരുന്ന നിയന്ത്രണങ്ങളും, ഡോളറിന്റെ വിനിമയനിരക്കിലെ വ്യത്യാസങ്ങളും പലിശ നിരക്കിലെ മാറ്റങ്ങളും, കോർപറേറ്റ് അസെറ്റ് മാനേജ്‌മെൻറ് താൽപര്യങ്ങളും അടക്കം നിരവധി മാനങ്ങൾ പരിശോധിക്കേണ്ട ഒരു വിഷയമാണ് മൂലധനത്തിന്റെ വരവുപോക്കുകൾ. പക്ഷെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം, മൂലധനത്തിന് ഇങ്ങനെ തോന്നുന്ന പോലെ ഓഫ്‌ഷോർ അസെറ്റുകൾ കൈകാര്യം ചെയ്യാൻ ദേശീയനയങ്ങൾ തടസ്സമാവരുതെന്ന ലോക വ്യാപാര സംഘടനയുടെ ആഗോളനിയമം അംഗീകരിച്ചിട്ടുള്ള രാജ്യമാണ് ചൈനയും. മറ്റു രാജ്യങ്ങളെപ്പോലെ ആഭ്യന്തരനയങ്ങളിൽ മൂലധന സൗഹൃദപരമായ മാറ്റങ്ങൾ നിരന്തരം നവീകരിച്ച്മൂലധന പ്രയാണം തടയുക എന്നതാണ് ചൈനയുടെയും മുന്നിലുള്ള പോംവഴി.
2010-നു ശേഷം, പ്രത്യേകിച്ച് 2014- 2015 കാലം മുതൽ ചൈനയിൽനിന്നുള്ള മൂലധന തിരിച്ചോട്ടം (capital flight) പലരും ഗൗരവപൂർവം ചർച്ചചെയ്യാറുണ്ട്. അന്താരാഷ്ട്രതലത്തിലുണ്ടായ പ്രതിഷേധങ്ങളുടെ ഫലമായി തൊഴിൽ നിയമങ്ങളിൽ വരുത്തേണ്ടിവന്ന ചില ഭേദഗതികളും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കാം.
ഈ പുതിയ സാമ്പത്തികനയത്തെ ആദ്യകാലത്ത് വിപണി സോഷ്യലിസം എന്ന് വിളിച്ചിരുന്നുവെങ്കിലും പിന്നീടത് ഫലത്തിൽ ഉപേക്ഷിക്കപ്പെട്ടു. തികഞ്ഞ മുതലാളിത്ത - സമഗ്രാധിപത്യ വ്യവസ്ഥയായി ചൈനയിലെ രാഷ്ട്രീയ-സാമ്പത്തിക സംവിധാനം പരിവർത്തനം ചെയ്യപ്പെട്ടു. ഇത് ആഗോള കമ്പോളത്തിൽ ചൈനയുടെ സ്ഥാനം പുനർനിർണയം ചെയ്യുന്നതിന് കാരണമായി. ചൈന ജനസംഖ്യ കൊണ്ടും വിസ്തീർണ്ണം കൊണ്ടും പ്രകൃതിവിഭവങ്ങളുടെ ലഭ്യത കൊണ്ടും രാഷ്ട്രീയമായ അസ്ഥിരത്വരാഹിത്യം കൊണ്ടും വിപണി സോഷ്യലിസം വരുന്നതിനു മുൻപുതന്നെ ഒരു പ്രബല, നിശ്ശബ്ദ, ആഗോള ശക്തിയായിരുന്നു. പ്രത്യയശാസ്ത്രപരമായി പല അഭിപ്രായ വ്യത്യാസങ്ങളും മുളപൊട്ടി എങ്കിൽ പോലും സോവിയറ്റ് യൂണിയന്റെ നിഴലിൽ തന്നെയായിരുന്നു അൻപതുകളിലും അറുപതുകളിലും ചൈന നിലനിന്നിരുന്നത്. അമേരിക്ക തന്നെയാണ് ആദ്യമായി ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നത്. അതിനനുകൂലമായ നിലപാടാണ് മാവോയും കൈക്കൊണ്ടത്. അങ്ങനെയാണ് 1972 -ൽ നിക്‌സൻ ചൈന സന്ദർശിക്കുന്നത്. നിക്‌സന്റെ ചൈനാ സന്ദർശന ലക്ഷ്യം പലരും ധരിക്കുന്നതുപോലെ സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധത്തിൽ കൂടുതൽ സങ്കീർണത സൃഷ്ടിക്കുകയും അവരെ അമ്പരപ്പിക്കുകയും ചെയ്യുക എന്നതുമാത്രമായിരുന്നില്ല. ചൈന എന്ന വിപണിയുടെയും ചൈന എന്ന നിക്ഷേപ സാധ്യതയുടെയും മാനങ്ങൾ മനസ്സിലാക്കിക്കൊണ്ടുള്ള ഒന്നായിരുന്നു.
അമേരിക്കയോടും മുതലാളിത്തത്തോടുമുള്ള ചൈനയുടെയും മാവോയുടെയും നിലപാടിൽ മാറ്റം വരുത്താൻ ഇതിടയാക്കി. ആദ്യമായി ചൈനയും അമേരിക്കയും തമ്മിൽ വ്യാപാര ഇടപാടുകൾ ആരംഭിച്ചു. മാവോയുടെ മരണം ഒരു പക്ഷെ വിപണി സോഷ്യലിസത്തിലേക്കുള്ള ചൈനയുടെ പരിവർത്തനം വേഗത്തിലാക്കിയിട്ടുണ്ടാവാം. പക്ഷെ അതിനു സാധ്യമായത് നിക്‌സൻ തുറന്നിട്ട ജാലകം തന്നെയായിരുന്നു. മാത്രമല്ല, ലോക സാമ്പത്തികചരിത്രത്തിലെ അഭൂതപൂർവമായ ഒരു സാമ്പത്തിക പരസ്പാരാശ്രിതത്വത്തിന് അത് രൂപംനൽകി. അമേരിക്കയുടെ വിപണികൾ ചൈനയുടെ ചെലവു കുറഞ്ഞ ഉലപന്നങ്ങൾക്കായി തുറന്നുകൊടുത്ത് അവർ അമേരിക്കയിലെ വിലക്കയറ്റത്തിന് ശമനമുണ്ടാക്കി. ചൈനയിലേക്ക് മൂലധനം കയറ്റിയയച്ച് അവിടെ കൂടുതൽ തൊഴിൽ സാധ്യതകളുണ്ടാക്കി. എഴുപതുകളിൽ തന്നെ ഈ പ്രക്രിയ ആരംഭിച്ചിരുന്നു എന്നത് ഇപ്പോൾ ചൈന- അമേരിക്കൻ ബന്ധം പഠിക്കുന്നവർ പലപ്പോഴും പരിഗണിക്കാറില്ല. ഈ ഉഭയബന്ധത്തിന്റെ അടിസ്ഥാനയുക്തി പലർക്കും മനസ്സിലാവാതെ പോകുന്നു. യഥാർത്ഥത്തിൽ സ്‌പെഷ്യൽ സാമ്പത്തിക മേഖലകൾ ആരംഭിച്ചപ്പോൾ ഈ അടിസ്ഥാന യുക്തിയാണ് കൂടുതൽ വിപുലമായി പ്രയോഗത്തിൽ വരുത്തിയത് എന്ന് മനസ്സിലാവാത്തതാണ്.
അമേരിക്കയുടെ വിപണികൾ ചൈനയുടെ ചെലവു കുറഞ്ഞ ഉലപന്നങ്ങൾക്കായി തുറന്നുകൊടുത്ത് അവർ അമേരിക്കയിലെ വിലക്കയറ്റത്തിന് ശമനമുണ്ടാക്കി. ചൈനയിലേക്ക് മൂലധനം കയറ്റിയയച്ച് അവിടെ കൂടുതൽ തൊഴിൽ സാധ്യതകളുണ്ടാക്കി. എഴുപതുകളിൽ തന്നെ ഈ പ്രക്രിയ ആരംഭിച്ചിരുന്നു എന്നത് ഇപ്പോൾ ചൈന- അമേരിക്കൻ ബന്ധം പഠിക്കുന്നവർ പലപ്പോഴും പരിഗണിക്കാറില്ല.
ആഗോള മൂലധനവുമായുള്ള ചൈനയുടെ ബന്ധം രണ്ടുരീതിയിലാണ് ദൃഢമായത്. ഒന്ന്, ആഗോള ബഹുരാഷ്ട്ര കമ്പനികൾ ചൈനയിൽ മൂലധന നിക്ഷേപം തുടങ്ങി. രണ്ട്, ചൈന അതിന്റെ സവിശേഷമായ മൃദുശക്തി (soft power) ഉദ്ദീപിപ്പിച്ച് ചൈനീസ് ദേശീയത എന്ന കാർഡ് കൂടി കളത്തിലിറക്കി. ഇതോടെ വിപണി സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട ചൈനയിൽ മൂലധന നിക്ഷേപം നടത്താൻ വലിയൊരു വിഭാഗം ചൈനീസ് ഡയാസ്‌പൊറ തയ്യാറായി. ഇത്തരത്തിൽ ഒരു വിശ്വാസ്യത ഇന്ത്യൻ ഡയാസ്‌പൊറയിൽ നിന്ന് നേടിയെടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ലെന്ന വിമർശനം അക്കാലത്ത് പ്രബലമായിരുന്നു. എഴുപതുകളിൽ ആരംഭിച്ച് എൺപതുകളിൽ ദൃഢമായ ചൈനീസ്- അമേരിക്കൻ ബന്ധം യഥാർത്ഥത്തിൽ ഒരു ബൈലാറ്ററൽ ബന്ധം മാത്രമല്ല. അത് ആഗോള മുതലാളിത്തവുമായിത്തന്നെ ചൈന സ്ഥാപിച്ച സമഗ്രമായ ബന്ധമാണ്. അതിനന്ന് മൂന്നാംലോക രാജ്യങ്ങൾ എന്ന് വ്യവഹരിച്ചുകൊണ്ടിരുന്ന മുൻ കോളനികളുമായി ആഗോള മുതലാളിത്തത്തിനുണ്ടായിരുന്ന കേവലമായ ചൂഷണാധിഷ്ടിത ബന്ധത്തിന്റെ സ്വഭാവം ഉണ്ടായിരുന്നു എങ്കിലും ചൈന സ്വന്തം മുൻകൈയിലാണ് ആഗോള മുതലാളിത്തവുമായി ഇത്തരമൊരു സാമ്പത്തിക പുനർ- ഉദ്ഗ്രഥനത്തിനു തയ്യാറായത്. അതിന്റെ പരിമിതികളും സാധ്യതകളും ചൈന കൃത്യമായി മനസ്സിലാക്കിയിരുന്നു.
ആഭ്യന്തര രംഗത്തെ സമഗ്രാധിപത്യം തകരാതെ എങ്ങനെ ആഗോള മുതലാളിത്തത്തിന്റെ ഭാഗമാകാം എന്ന പരീക്ഷണത്തിനാണ് തങ്ങൾ മുതിരുന്നത് എന്ന ബോധ്യം ചൈനീസ് നേതൃത്വത്തിനുഉണ്ടായിരുന്നു. നിയോ ലിബറൽ നയങ്ങൾ ആഗോളവൽക്കരിക്കുന്നതിന്റെ ഭാഗമായി മുതാളിത്ത രാജ്യങ്ങൾ ഗാട്ട് കരാർ പുതുക്കി വിപുലീകരിക്കുന്നതിനും ബൗദ്ധിക സ്വത്തവകാശവും സേവനമേഖലയും അടക്കമുള്ള കാര്യങ്ങൾ അതിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുമായി ഡങ്കൽ കരട് അവതരിപ്പിച്ചപ്പോൾ, മുഴുവൻ മൂന്നാംലോക രാജ്യങ്ങളും എതിർക്കുമ്പോഴും ചൈന ആലോചിച്ചത് പണ്ട് നഷ്ടപ്പെട്ട ഗാട്ട് അംഗത്വം എങ്ങനെ തിരിച്ചുലഭിക്കാൻ കഴിയുമെന്നാണ്. ചൈനയെ വെറുതെ തിരികെ പ്രവേശിപ്പിക്കാൻ അമേരിക്കയോ ജപ്പാനോ യൂറോപ്യൻ യൂണിയനോ തയ്യാറായിരുന്നില്ല. ചൈന അപേക്ഷ നല്കിയപ്പോൾ അവർ നിരവധി ഉപാധികൾ മുന്നോട്ടുവച്ചു. അവയെല്ലാം ഒന്നൊഴിയാതെ അംഗീകരിച്ചാണ്, ഏതാണ്ട് പതിനഞ്ചു വർഷത്തെ നിരന്തരമായ ശ്രമഫലമായാണ് ചൈന ലോക വ്യാപാര സംഘടനയിൽ വീണ്ടും അംഗമാവുന്നത്. യൂറോപ്യൻ യുണിയനുമായും ജപ്പാനുമായും അമേരിക്കയുമായും കാനഡയുമായും മെക്സിക്കോയുമായുമെല്ലാം പ്രത്യേകം പ്രത്യേകം ഉഭയകക്ഷി കരാറിൽ ഏർപ്പെടണമെന്നതായിരുന്നു പ്രധാന ഉപാധി. അത് ക്ഷമാപൂർവം ചൈന അനുസരിക്കുകയായിരുന്നു. ആവശ്യപ്പെട്ടതിലധികം സൗജന്യങ്ങൾ ചൈന അന്ന് ചെയ്തു കൊടുത്തു എന്നു പറഞ്ഞത് അമേരിക്കക്കാർ തന്നെയാണ്. അന്നുമുതൽ പൂർണമായും ആഗോള മുതലാളിത്തിന്റെ നിയമങ്ങൾക്കനുസരിച്ചാണ് അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തരവ്യവസ്ഥയിലും ചൈന പ്രവർത്തിക്കുന്നത്.
അതുകൊണ്ട് ഏകപക്ഷീയമായി വ്യാപാര പ്രതികാരങ്ങളിൽ ഏർപ്പെടാൻ ആർക്കും കഴിയില്ല. ആഗോള മുതലാളിത്തത്തിന്റെ ചട്ടക്കൂടിനു വെളിയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമായി ചൈനയെ ആർക്കും കാണാനും കഴിയില്ല. ചൈന/ആഗോള മുതലാളിത്തം എന്നൊരു ചേരിതിരിവില്ല. എൺപതുകൾ മുതൽ അമേരിക്കയെപ്പോലെ, ജപ്പാനെപ്പോലെ യൂറോപ്യൻ യൂണിയനെപ്പോലെ ആഗോള കമ്പോളത്തിലെ ഒരു പ്രധാന മുതലാളിത്ത സാന്നിധ്യമാണ് ചൈന. അതുകൊണ്ട് മുമ്പ്, എൻ.കെ. ഭൂപേഷുമായുള്ള അഭിമുഖത്തിൽ ഞാൻ വ്യക്തമാക്കിയതുപോലെ, ‘‘ചൈന ഏകപക്ഷീയമായി ലോകത്തിന്റെ നേതൃസ്ഥാനം ഏറ്റടുക്കുകയല്ല, മറിച്ച് ലോക മുതലാളിത്തക്രമത്തിനകത്ത് ചൈനയുടെ സ്ഥാനത്തിന് വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ് ചെയ്യുന്നത്. മറ്റ് രാജ്യങ്ങൾക്ക് കടം കൊടുക്കുന്ന, അതിന്റെ പലിശ വാങ്ങുന്ന, ലോകബാങ്കിനെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെയും തങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ചൈന മാറുകയാണ് ചെയ്യുന്നത്'' (അഭിമുഖം: ‘കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി ലോകത്തെ അടിസ്ഥാനപരമായി മാറ്റില്ല'- ടി.ടി. ശ്രീകുമാർ / എൻ.കെ. ഭൂപേഷ്, അഴിമുഖം, 28 ഏപ്രിൽ 2020).
ഫോർച്യൂൺ 500 കമ്പനികളിൽ പലതിന്റെയും വലിയ വിപണിയാണ് ചൈന. അമേരിക്കയും യുറോപ്യൻ യൂണിയനും ജപ്പാനുമൊക്കെ എങ്ങനെയാണോ ലോക മുതലാളിത്തത്തിൽ കഴിയുന്നത്, അതുപോലെ അതിന്റെ അവിഭാജ്യ ഘടകമായിത്തന്നെയാണ് ചൈനയും കഴിയുന്നത്. അതിന്റെ സാമ്പത്തിക യുക്തിക്കുള്ളിലാണ്, ചൈന പ്രവർത്തിക്കുന്നത്. ചൈന എന്തോ വ്യത്യസ്തമായ ശാക്തിക ചേരിയാണ് എന്ന രീതിയിൽ പറയുന്നത് ശരിയല്ല എന്ന് ആ അഭിമുഖത്തിൽ ഞാൻ ഞാൻ സൂചിപ്പിച്ചിരുന്നു: ‘‘ലോക മുതലാളിത്തത്തിൽ ഇപ്പോഴുണ്ടായിട്ടുള്ള തൊഴിൽ വിഭജനത്തിൽ ശക്തമായ സ്ഥാനം ഏറ്റെടുക്കുകയാണ് ചൈന ചെയ്തിട്ടുള്ളത്. ഒരേ സമയം വിപണിയും മൂലധനത്തിന്റെ സ്രോതസ്സുമായിരിക്കുക എന്ന സങ്കീർണ്ണമായ റോളാണ് ചൈന നിർവഹിക്കുന്നത്'' (Ibid).
ഈ വിശദീകരണത്തിന് അടിവരയിടുന്നതായിരുന്നു ലോക സാമ്പത്തിക ഫോറത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഈയിടെ നടത്തിയ പ്രസംഗം. ഒരു തുറന്ന ആഗോള സമ്പദ് വ്യവസ്ഥ ആവശ്യമുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത് എത്രമാത്രം ആഗോള മൂലധന താൽപര്യങ്ങളുമായി ചൈനീസ് നേതൃത്വം താദാത്മ്യം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ്. ലോക വ്യാപാര സംഘടനയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിൽ ഒന്നാണ് എല്ലാത്തരം സംരക്ഷണ നിയമങ്ങളും (protectionist laws) ഇല്ലാതാക്കുകയും ആഗോള സമ്പദ് വ്യവസ്ഥ തുറന്നിടുക എന്നതും. ഈ സമീപനമാവട്ടെ ഇന്ത്യ അടക്കമുള്ള തെക്കൻ അർദ്ധ ഗോളത്തിലെ രാഷ്ട്രങ്ങൾ പൊതുവേ ഭയക്കുന്നതും വെറുക്കുന്നതും സ്വന്തം രാഷ്ട്രീയ പരമാധികാരതിന്മേലുള്ള വെല്ലുവിളിയായി കണക്കാക്കുന്നതുമാണ്. എന്നാൽ സാമ്രാജ്യത്വച്ചുവയുള്ള ഈ സമീപനം തങ്ങൾക്കു അനുകൂലമായി മാറ്റാനുള്ള കരുത്ത് ഇപ്പോൾ ചൈനീസ് സമ്പദ് വ്യവസ്ഥക്കുണ്ട് എന്ന ആത്മവിശ്വാസമാണ് ഈ ഈ പ്രസ്താവനയിലൂടെ ഷി ജിൻപിങ് നൽകുന്ന സന്ദേശം. വളരെ കൃത്യമായി അദ്ദേഹം പറയുന്നു: ‘We should remove barriers, not erect walls. We should open up, not close off. We should seek integration, not decoupling. This is the way to build an open world economy,' ഇതിൽ ഏറ്റവും പ്രധാനം സാമ്പത്തിക വിച്ഛേദനത്തെ (decoupling) കുറിച്ചുള്ള വേവലാതിയാണ്. ചൈന അഭിമുഖീകരിക്കുന്ന മൂലധന പ്രയാണത്തിന്റെയും പൊതുവിൽ ആഗോള സാമ്പത്തിക കുഴപ്പങ്ങളുടെയും മർമ്മത്തിൽ സ്പർശിക്കുന്ന പ്രതിഭാസമാണ് ഡീ കപ്ലിങ്. മുതലാളിത്ത രാജ്യങ്ങൾക്കുള്ള അതേ വേവലാതിയാണ് യഥാർഥത്തിൽ ഇതേക്കുറിച്ച് ഇപ്പോൾ ചൈനയ്ക്കുമുള്ളത്.
ചൈനയെ പ്രത്യയശാസ്ത്രപരമായും വംശീയമായും കാണുന്ന തീവ്രവലതുപക്ഷ യാഥാസ്ഥിതികത്വം അമേരിക്കൻ നേതൃത്വത്തിന് അവഗണിക്കാൻ കഴിയാത്ത ശക്തിയാണ്. ഇത് ചൈനയെ മറ്റൊരു ശാക്തിക ചേരിയായി മുദ്ര കുത്തുന്നതിലേക്കും അതുവഴി സാമ്രാജ്യത്വത്തിനുള്ളിലെ വൈരുധ്യങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കും നയിച്ചേക്കാം
നവ ലിബറൽ സമ്പദ്വ്യവസ്ഥയും അതിന്റെ രാഷ്ട്രീയസംവിധാനങ്ങളും ഒരു ലെജിറ്റിമേഷൻ പ്രതിസന്ധി നേരിടുന്നുവെന്നും യൂറോ അമേരിക്കൻ- ജപ്പാൻ അച്ചുതണ്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്ന ആഗോളഘടനയെ ചൈന വെല്ലുവിളിക്കുകയാണ് എന്നും കരുതുതുന്നവരുണ്ട്. എന്നാൽ യഥാർഥത്തിൽ ചൈന പറയുന്നത് തങ്ങളും ഈ അച്ചുതണ്ടിന്റെ ഭാഗമാണ് എന്നും മറ്റു സാമ്രാജ്യത്വ മുതലാളിത്ത ശക്തികൾ ഇതംഗീകരിക്കണം എന്നുമാണ്. അവരെപ്പോലെ സ്വതന്ത്രമായി ലോക കമ്പോളത്തിൽ ഇടപെടാൻ തങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്കും കരുത്തുണ്ട് എന്നതാണ് ചൈനയുടെ പ്രധാന അവകാശവാദം. ഇത് ആഗോള ശാക്തിക ഘടനയെ ആന്തരികമായി മാറ്റുന്നുണ്ട്. പക്ഷെ അത് ആഗോള മുതലാളിത്ത- സാമ്രാജ്യത്വ നയങ്ങളുടെ അടിസ്ഥാന സമീപനത്തിനുള്ളിൽ നിന്നുകൊണ്ടുള്ള, അതിന്റെ യുക്തിയെ പൂർണമായും അട്ടിമറിക്കാതെയുള്ള ഒരു ഇടപെടലാണ്. എന്തിനാണ് ആ അവസര സമത്വത്തിൽ നിന്ന് തങ്ങളെ മാറ്റിനിർത്താൻ നോക്കുന്നത് എന്നാണ് ചൈന ചോദിക്കുന്നത്. ചൈനീസ് നേതൃത്വത്തിന്റെ സമഗ്രാധിപത്യ ഭരണവും അവരുടെ ആഭ്യന്തര പ്രത്യയശാസ്ത്ര സമീപനങ്ങളും ആഗോള മുതലാളിത്തവുമായുള്ള ആഴത്തിലുള്ള സംയോജനത്തിനു തടസ്സമാവരുത് എന്നാണ് ചൈന പറയുന്നത്. സാമ്രാജ്യത്വം വംശീയ മുൻവിധികൾ കൂടി ഉൾക്കൊള്ളുന്നതായതിനാലാണ് അമേരിക്കൻ- യൂറോപ്പ് ഐക്യം കേന്ദ്രമായി നിലനിൽക്കുന്ന ‘ഗ്ലോബൽ സ്ട്രക്ചറി'നെ നാം സാമ്പത്തിക- സൈനിക താൽപര്യങ്ങളുള്ള ഏകീകൃത സാമ്രാജ്യത്വമായി കണക്കാക്കുന്നത്, ജപ്പാൻ ഇതിന്റെ ഭാഗമല്ല എന്ന് കരുതുന്നത്. ഈ സാമ്രാജ്യത്വ സങ്കൽപ്പത്തെ എന്നാൽ ചൈനയുടെ ഇപ്പോഴത്തെ വളർച്ച പ്രകോപിപ്പിക്കുന്നുണ്ട്. ഇത് പക്ഷെ ചൈനയുടെ ഇടതുപക്ഷ രാഷ്ട്രീയമാവുന്നില്ല. കാരണം സാമ്രജ്യത്വത്തോട് വംശീയത ഉപേക്ഷിക്കാനാണ് ചൈന വ്യംഗ്യമായി ആവശ്യപ്പെടുന്നത്, അല്ലാതെ അതിന്റെ ചൂഷണരീതികൾ മാറ്റാനല്ല. അതുതന്നെയും ചൈനീസ് ദേശീയതയുടെ ഒരു ആവശ്യമായാണ് അവർ പരിഗണിക്കുന്നത്. അല്ലാതെ ഒരു ആഗോള വിശ്വാസപ്രമാണമായിട്ടല്ല.
അതുകൊണ്ടുതന്നെ ജനകീയ ജനാധിപത്യത്തിന്റെ പുതിയ രൂപമായോ നവലിബറലിസത്തിനെതിരെയുള്ള സോഷ്യലിസ്റ്റ് സങ്കൽപ്പങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമമായോ ചൈനീസ് ഇടപെടലുകളെ വ്യാഖ്യാനിക്കാൻ കഴിയില്ല. ലോകത്തിനാവശ്യം ഒരു തുറന്ന സമ്പദ് വ്യവസ്ഥയാണ് എന്നുപറയുന്ന ഷി ജിൻപിങ് അതോടൊപ്പം ഊന്നുന്നത് ലോക വ്യാപാര സംഘടന ആധ്യക്ഷ്യം വഹിക്കുന്ന ബഹുതല വ്യാപാര വ്യവസ്ഥയ്ക്ക് ശക്തിപകരണം എന്നാണ്. അദ്ദേഹം പറയുന്നു: ‘ We should guide reforms of the global governance system with the principle of fairness and justice, and uphold the multilateral trading system with the World Trade Organization at its center'. ഇത് ആഗോള മൂലധനത്തിനെ വെല്ലുവിളിക്കുന്നതല്ല, അതിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത ആവർത്തിക്കുന്നതാണ്. ഇതിന്റെ മറ്റൊരു കാരണം ജപ്പാൻ, യൂറോപ്യൻ യൂണിയൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ തമ്മിൽ ആഗോള കമ്പോളത്തിനുവേണ്ടി നടക്കുന്ന കടുത്ത മത്സരത്തിൽ തുല്യപങ്കാളിയായി പ്രവേശിക്കാൻ തങ്ങൾക്കു കരുത്തുണ്ട് എന്ന ചൈനയുടെ ആത്മവിശ്വാസമാണ്.
അതിന്റെ വൈരുധ്യങ്ങൾ തീർച്ചയായും കൂടുതൽ വിശകലനം അർഹിക്കുന്നുണ്ട്. അവികസിത രാജ്യങ്ങൾ ഭയക്കുന്നതും എതിർക്കുന്നതും ലോക വ്യാപാര സംഘടനയുടെ ഈ ‘നീതി' സങ്കൽപ്പത്തെയാണ്. വികസ്വര രാഷ്ട്രങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ജിൻപിംഗ് സൂചിപ്പിക്കുന്നുണ്ട്. പക്ഷെ അടിസ്ഥാനപരമായ സന്ദേശം ചൈനയുടെ ആഗോള മുതലാളിത്തവുമായുള്ള തുല്യപങ്കാളികൾ എന്ന നിലയിലുള്ള സംയോജനമാണ് തങ്ങളുടെ ആവശ്യം എന്നതാണ്. അതുകൊണ്ടാണ് ആ പ്രസംഗത്തിൽ ഒന്നിലധികം തവണ കോവിഡ്-19 മഹാമാരി ആഗോള വ്യാവസായിക സപ്ലേ കണ്ണികളിൽ (global industrial supply chain) ഉണ്ടാക്കിയ പ്രതിസന്ധികൾ നിർമ്മാർജ്ജനം ചെയ്യാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം എന്ന് ജിൻപിംഗ് ആഹ്വാനം ചെയ്യുന്നത്. ആ ശൃംഖലയിലെ ഏറ്റവും ശക്തമായ കണ്ണിയാണ് ചൈന.
അമേരിക്കയെപ്പോലെ ഒരു സാമ്രാജ്യത്വശക്തിയായി സ്വയം മാറുക എന്നത് ചൈനീസ് നിലപാടാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. സ്വന്തം സാമ്പത്തിക താത്പര്യങ്ങൾക്കു വേണ്ടി ചൈന തങ്ങളുടെ രാഷ്ട്രീയ- സൈനിക ശക്തികൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു എന്നൊരു വേവലാതി അമേരിക്കൻ ഭരണകൂടം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് സംഭവിക്കുമ്പോൾ പോലും അത് ലോക മുതലാളിത്ത നിയമങ്ങൾക്കോ അല്ലെങ്കിൽ പരമ്പരാഗതമായ സമീപനങ്ങൾക്കോ പുറത്തുനിന്നുകൊണ്ടല്ല ചൈന ചെയ്യുന്നത് എന്നതാണ് പ്രധാനം. സാമ്രാജ്യത്വ മോഹങ്ങളുള്ള രാജ്യമാണ് ചൈന എന്ന് നമുക്കറിയാം. ഹോങ്കോംഗ് പ്രശ്‌നവും തൈവാൻ പ്രശ്‌നവും സങ്കീർണമായ കാര്യങ്ങളാണ്. ചൈനീസ് ദേശീയവാദപരമായ താൽപര്യങ്ങളാണ് അതിലുള്ളത്. അതിന്റെ യുക്തി സാമ്രാജ്യത്വ വാദത്തിന്റെയാകാം. അതിനപ്പുറത്തുള്ള, ഫിലിപ്പീൻസ്, ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, മാലിദ്വീപ് നേപ്പാൾ തുടങ്ങി നിരവധി പ്രദേശങ്ങളിൽ വ്യത്യസ്തമായ ഇടപെടലുകൾ- സാമ്പത്തികവും നയതന്ത്രപരവുമായവ- ചൈന നടത്തുന്നുണ്ട്. അവർ സാമ്പത്തിക താൽപ്പര്യങ്ങളെ കേവലമായ സാമ്രാജ്യത്വ താൽപ്പര്യങ്ങളുമായി കൂട്ടിച്ചേർക്കുന്നുണ്ടോ അതോ അവ കേവലം സൈനിക- ദേശീയ താൽപര്യങ്ങളുടെ സംരക്ഷണ വ്യഗ്രതയിൽ നിന്നാണോ എന്നത് അന്വേഷിക്കാവുന്ന കാര്യം തന്നെയാണ്.
അമേരിക്കൻ ജി.ഡി.പി.യുടെ എഴുപതു ശതമാനത്തോളം വരും ഇപ്പോൾ ചൈനയുടെ ജി.ഡി.പി എന്നത് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ആഗോള പ്രാധാന്യം കാട്ടിത്തരുന്ന വസ്തുതയാണ്. ഈ മുൻതൂക്കം ഒരു രാഷ്ട്രീയ-പ്രത്യയശാസ്ത്ര യുദ്ധത്തിൽ ബലികൊടുക്കാൻ ചൈന തയ്യാറാകും എന്ന് പറയാൻ കഴിയില്ല. എന്നാൽ ചൈനയുടെ വളർച്ച നാം ഇന്റർ - ഇമ്പീരിയലിസ്റ്റ് ശത്രുത (inter-imperialist rivalry) എന്നു വിളിക്കുന്ന പ്രതിഭാസത്തിനു പുതിയ മാനങ്ങൾ നല്കിയിട്ടുണ്ട്. ചൈനയിൽ ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊല നടന്നപ്പോൾ അത് തങ്ങൾ വലിയ കാര്യമാക്കുന്നില്ല എന്ന് അന്നത്തെ അമരിക്കൻ പ്രസിഡൻറ് ജോർജ് ബുഷ് ഡെംഗ് സിയവോ പിംഗിന് എഴുതുകയുണ്ടായി. അവിടെ ഏകാധിപത്യമാണോ സമഗ്രധിപത്യമാണോ എന്നുള്ളതൊന്നും അമേരിക്കയും ഒരു പരിധിവരെ കാര്യമാക്കിയിരുന്നില്ല എന്നർത്ഥം. അതിൽ അദ്ദേഹം ‘I am respectful of the differences in our two societies and in our two systems' എന്ന് പറയുന്നുണ്ട്. ടിയാനൻമെൻ കൂട്ടക്കൊല ചരിത്ര പുസ്തകങ്ങൾക്കായി വിട്ടുകൊടുത്തുകൊണ്ട് അവഗണിക്കാനാണ് തന്റെ തീരുമാനം എന്ന് ബുഷ് പറയുന്നു.
ചൈനയുടെ സായുധശക്തി അവരെ ഈ മേഖലയിൽ കൂടുതൽ ആത്മവിശ്വാസം ഉള്ളവരാക്കുന്നുവോ എന്ന സന്ദേഹത്തിൽ നിന്നാണ് അമേരിക്ക ട്രാൻസ്- പസഫിക് പാർട്ണർഷിപ്പ് എന്ന സ്വതന്ത്ര വ്യാപാരക്കരാറിന് രൂപംകൊടുത്തത്.
അന്നും ഇപ്പോഴും ചൈന അമേരിക്കയിൽനിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്. ആഗോള മുതലാളിത്തം ഒരു സാമ്പത്തിക പ്രക്രിയയാണ്. തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയം അതിനൊരു തടസ്സമായി കാണേണ്ടതില്ല. എന്നാൽ അമേരിക്കയിൽ ഒരു വലിയ വിഭാഗം ചൈനയുടെ ശക്തമായ കടന്നുവരവിനെ സ്വാഗതം ചെയ്യുന്നവരല്ല. ചൈനയെ പ്രത്യയശാസ്ത്രപരമായും വംശീയമായും കാണുന്ന തീവ്രവലതുപക്ഷ യാഥാസ്ഥിതികത്വം അമേരിക്കൻ നേതൃത്വത്തിന് അവഗണിക്കാൻ കഴിയാത്ത ശക്തിയാണ്. ഇത് ചൈനയെ മറ്റൊരു ശാക്തിക ചേരിയായി മുദ്രകുത്തുന്നതിലേക്കും അതുവഴി സാമ്രാജ്യത്വത്തിനുള്ളിലെ വൈരുധ്യങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കും നയിച്ചേക്കാം. അതിന്റെ ചില അടയാളങ്ങൾ 2010-നു ശേഷം ആഗോളതലത്തിൽ തെളിഞ്ഞു വന്നിട്ടുണ്ട്. പുതിയ ചൈനീസ് കോർപറേഷനുകൾ ആഗോള വിപണിയിൽ ഇടപെടുന്നത് അമേരിക്കൻ മൂലധന താൽപര്യങ്ങൾക്കെതിരാണ് എന്ന ചിന്ത പ്രബലമാണ്. അമേരിക്കൻ ഫിനാൻസ് മൂലധനം തന്നെ ഇപ്പോൾ ചൈനയിൽ നിന്നുള്ള മത്സരത്തിൽ പകച്ചുപോകുന്നുണ്ട്. തൊണ്ണൂറുകൾ മുതൽ ആരംഭിച്ചതാണ് ഈ മത്സരം. ചൈനയുടെ സായുധശക്തി അവരെ ഈ മേഖലയിൽ കൂടുതൽ ആത്മവിശ്വാസം ഉള്ളവരാക്കുന്നുവോ എന്ന സന്ദേഹത്തിൽ നിന്നാണ് അമേരിക്ക ട്രാൻസ്- പസഫിക് പാർട്ണർഷിപ്പ് (TPP) എന്ന സ്വതന്ത്ര വ്യാപാരക്കരാറിന് രൂപംകൊടുത്തത്. ആസ്‌ട്രേലിയ, ബ്രൂണെ, കാനഡ, ചിലെ, ജപ്പാൻ, മലേഷ്യ, മെക്‌സിക്കോ, പെറു, ന്യൂസിലാൻഡ്, സിംഗപ്പുർ, വിയത്‌നാം, അമേരിക്ക എന്നീ രാജ്യങ്ങൾ ഇതിൽ പങ്കാളികളാണ്. ട്രംപ് അധികാരത്തിൽ വന്നപ്പോൾ ഇതിൽ നിന്ന് പെട്ടെന്ന് പിന്മാറി എങ്കിലും പിന്നീട് ഈ കരാർ കൂടുതൽ സമഗ്രമാക്കി അമേരിക്ക ഇതിന്റെ നേതൃത്വം ഏറ്റെടുക്കുന്നുണ്ട്.
ചൈനയെ സാമ്പത്തികമായി ഭീഷണിപ്പെടുത്തുക എന്നതാണ് ഒരർഥത്തിൽ ഈ കരാറിന്റെ പ്രധാന ലക്ഷ്യം. ഇത്തരത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള സാമ്രാജ്യത്വ ശത്രുതകളും വൈരുധ്യങ്ങളും മൂർച്ചിക്കുന്നതിന് ചൈനയുടെ സാമ്പത്തിക വളർച്ച കാരണമായിട്ടുണ്ട് എന്നത് ശരിയാണ്. ഇത്തരം ശത്രുതകളും വൈരുധ്യങ്ങളും പലപ്പോഴും നേരിട്ടുള്ള യുദ്ധങ്ങളിലേക്കും പ്രോക്‌സി യുദ്ധങ്ങളിലേക്കും ദീർഘകാല ശീതയുദ്ധങ്ങളിലേക്കും കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കാറുണ്ട്. ഇതല്ല ചൈനയുടെ താൽപര്യം- തല്ക്കാലത്തേക്കെങ്കിലും- എന്നത് വ്യക്തമാണ്. എന്നാൽ ആഗോള മൂലധനവും അതിന്റെ മൃദു-ഖര ശക്തികളുടെ തലതൊട്ടപ്പനായ അമേരിക്കയും ചൈനയുടെ സൈനിക വളർച്ചയെ എങ്ങനെ നോക്കിക്കാണുന്നു എന്നത് ഇതിന്റെ വരുംകാല പരിണാമങ്ങളെ നിശ്ചയിക്കാൻ പോകുന്ന ഒരു പ്രധാന ഘടകമാണ് എന്ന് ഉറപ്പിച്ചുതന്നെ പറയുവാൻ കഴിയും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.