കേന്ദ്ര ബജറ്റ് അഥവാ
കോർപറേറ്റ് ആശ്വാസ പദ്ധതി

ആദായ നികുതിയിലും കോർപറേറ്റ് നികുതിയിലും ഇളവുകൾ നൽകി കോർപ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കുക തന്നെയാണെന്ന് ഇത്തവണത്തെ കേന്ദ്ര ബജറ്റും ചെയ്തിരിക്കുന്നത്. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ആശ്വാസപദ്ധതികളിൽ കൂടുതൽ മെച്ചം കിട്ടിയതും കോപ്പറേറ്റുകൾക്കുതന്നെയാണ്- സാമ്പത്തിക അവലോകന റിപ്പോർട്ടും ​കേ​ന്ദ്ര ബജറ്റും അവലോകനം ചെയ്യുന്നു, ശ്രീനിജ് കെ.എസ്, മുഹമ്മദ് അജ്മൽ എം. എന്നിവർ.

മൂന്നാം നരേന്ദ്ര മോദി സർക്കാറിൻ്റെ ആദ്യ ബജറ്റ് വിലയിരുത്തുമ്പോൾ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ടത്, ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയും ബജറ്റിന് മുന്നോടിയായി പുറത്തുവന്ന സാമ്പത്തിക അവലോകന റിപ്പോർട്ടുമാണ്.

നിലവിലെ സാമ്പത്തികസ്ഥിതി

ഇന്ത്യൻ സമ്പദ് വ്യവസ്ഥ നിലവിൽ പ്രതിസന്ധിയിലാണോ വളർച്ചയിലാണോ എന്നു പരിശോധിക്കേണ്ടത് അനിവാര്യമാണ്. കോവിഡിന് മുമ്പുള്ള വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പരാധീനതകൾ ഏറെയുണ്ട് എന്നത് വസ്തുതയാണ്. അതിനാൽ തന്നെ, ഇന്ത്യയിൽ അസമത്വവും തൊഴിലില്ലായ്മയും അതിരൂക്ഷമാണെന്ന് സാമ്പത്തിക സർവ്വേ ഗൗരവത്തോടെ വിശകലനം ചെയ്യുന്നു. ഈ സാമ്പത്തികവർഷം ദേശീയ വരുമാനം 6.5% - 7% വരെ വളർച്ചയാണ് ലക്ഷ്യമിടുന്നത്. മൊത്ത മൂല്യവർധിത മൂല്യം ( Gross Value Added-GVA) പരിഗണിച്ചാൽ കൃഷി, വ്യവസായം, സേവനമേഖല എന്നിവയുടെ ഓഹരികൾ, നിലവിലെ വിലയിൽ യഥാക്രമം 17.7%, 27.6%, 54.7% എന്നിങ്ങനെയാണ്.


നിലവിലെ സാമ്പത്തിക വർഷത്തിൽ കാർഷിക മേഖലയിലെ GVA കുറഞ്ഞ വേഗത്തിലാണെങ്കിലും വളർച്ച തുടരുന്നുണ്ട്. ക്രമരഹിതമായ കാലാവസ്ഥയും 2023-ലെ മൺസൂണിൻ്റെ ഏറ്റക്കുറച്ചിലുകളും മൊത്തത്തിലുള്ള ഉൽപാദനത്തെ ബാധിച്ചുവെന്ന് കർഷക ക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു. മന്ത്രാലയം പുറത്തിറക്കിയ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൻ്റെ മൂന്നാമത്തെ അഡ്വാൻസ്‌ഡ് എസ്റ്റിമേറ്റ് പ്രകാരം 2024 സാമ്പത്തിക വർഷത്തിലെ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ 0.3 ശതമാനത്തിൻ്റെ നേരിയ ഇടിവാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വ്യാവസായിക മേഖലയിൽ, മാനുഫാക്ചറിംഗ് GVA-യുടെ കാര്യത്തിൽ 2023 സാമ്പത്തിക വർഷത്തിൽ നിന്ന് വ്യത്യസ്തമായി 2024-ൽ 9.9 ശതമാനം വളർച്ചയുണ്ടായി. ആഭ്യന്തര ഡിമാൻഡ് സുസ്ഥിരമായതിനൊപ്പം ഉൽപ്പാദനവിലകളിൽ കുറവുണ്ടായത് ഈ മേഖലയിൽ പ്രയോജനം ചെയ്തു.

മൊത്തവിലസൂചിക (WPI): പണപ്പെരുപ്പത്തിലെ താഴ്ന്ന വളർച്ചയിൽ ഇൻപുട്ട് വിലയുടെ നേട്ടം പ്രകടമാണ്. ഇത് 2024 സാമ്പത്തിക വർഷത്തിൽ ഉൽപ്പാദന മേഖലയ്ക്ക് (-)1.7 ശതമാനം ഇടിവുണ്ടാക്കി.
പണപ്പെരുപ്പത്തിലെ തുടർച്ചയായ ഇടിവിൽ പ്രതിഫലിക്കുന്ന ഇൻപുട്ട് വിലകളിലെ കുറവ് നിർമ്മാതാക്കൾ ഉപഭോക്താക്കൾക്ക് കൈമാറി. ഉൽപ്പാദനത്തിനുള്ള എച്ച് എസ് ബി സി ഇന്ത്യ പി എം ഐയുടെ ശക്തമായ പ്രകടനത്തിലൂടെ ഉൽപ്പാദനത്തിൻ്റെ കരുത്ത് കൂടുതൽ സ്ഥിരീകരിക്കപ്പെടുന്നു, ഇത് തുടർച്ചയായി 50- ൻ്റെ പരിധി മൂല്യത്തിനുമുകളിൽ തുടർന്നു. ഇത് നിർമ്മാണമേഖലയിലെ സുസ്ഥിരമായ വിപുലീകരണവും സ്ഥിരതയും സൂചിപ്പിക്കുന്നു.

അടിസ്ഥാന സൗകര്യ​ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളും വാണിജ്യ, പാർപ്പിട റിയൽ എസ്റ്റേറ്റ് ആവശ്യകതയും കാരണം നിർമ്മാണമേഖലയിൽ 9.9 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സേവനമേഖലയിലെ വളർച്ചയിൽ ചരക്ക് സേവന നികുതി (ജി എസ് ടി) ശേഖരണവും ഇ-വേ ബില്ലുകളുടെ ഇഷ്യുവും മൊത്തവ്യാപാരവും ചില്ലറ വ്യാപാരവും ഗുണം ചെയ്തു. സാമ്പത്തിക, പ്രൊഫഷണൽ സേവനങ്ങൾ കോവിഡിനുശേഷമുള്ള വളർച്ചയുടെ പ്രധാന ചാലകമാണ്.

സമ്പർക്ക- ഇൻ്റൻസീവ് സേവനങ്ങൾ: പ്രധാനമായി വ്യാപാരം, ഗതാഗതം, റിയൽ എസ്റ്റേറ്റ്, പാൻഡെമിക് സമയത്ത് ഏറ്റവും കൂടുതൽ ബാധിച്ച അവരുടെ അനുബന്ധ സേവനങ്ങൾ എന്നിവ പാൻഡെമിക്കിന് ശേഷമുള്ള കാലഘട്ടത്തിൽ കൂടുതൽ ശക്തമായി ഉയർന്നു. കൂടുതൽ സാങ്കേതികവിദ്യയും ഡിജിറ്റൽ ഉള്ളടക്കവും ഉൾച്ചേർത്ത് അവയുടെ സേവനത്തിൻ്റെ സ്വഭാവം വിപുലമാക്കി. ആഗോള ശേഷി കേന്ദ്രങ്ങളുടെ (ജി സി സി) വ്യാപനത്തിലൂടെ, ഈ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിയത്, ഇന്ത്യയുടെ സേവന കയറ്റുമതിക്ക് പ്രതിരോധം പകർന്നു.

സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നത്, ഊഹക്കച്ചവടത്തിന് നമ്മുടേതുപോലുള്ള വികസ്വരരാജ്യത്ത് സ്ഥാനമില്ല എന്നും അത്തരം ചില്ലറവ്യാപാരികൾ പലപ്പോഴും ലാഭം നേടുന്നതിനേക്കാൾ പണം നഷ്‌ടപ്പെടുത്തുമെന്നുമാണ്. അതേസമയം, സ്റ്റോക്ക് മാർക്കറ്റുകളിൽ ഏതെങ്കിലും തരത്തിലുള്ള തകർച്ചയുണ്ടായാൽ, തങ്ങൾ ‘വഞ്ചിക്കപ്പെട്ടു’ എന്ന് നിക്ഷേപകർക്ക് തോന്നുകയും ദീർഘകാലത്തേക്ക് മൂലധന വിപണികളിലേക്ക് മടങ്ങുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന് സർവേ മുന്നറിയിപ്പ് നൽകുന്നു.

ഈ വർഷം 7.2 ശതമാനം വളർച്ച നേടാനാകുമെന്നാണ് റിസർവ് ബാങ്ക് നേരത്തെ അഭിപ്രായപ്പെട്ടത്. മുൻ സാമ്പത്തികവർഷത്തെ പ്രതീക്ഷിത വളർച്ചയായ 8.2 ശതമാനത്തേക്കാൾ കുറവാണ് നടപ്പ് സാമ്പത്തിക വർഷത്തേക്ക് സാമ്പത്തിക സർവേ പ്രവചിക്കുന്നത്. അതേസമയം, ഐ.എം.എഫ്, എ.ഡി.ബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾ കണക്കാക്കുന്ന ഏഴ് ശതമാനം വളർച്ച എന്ന കണക്കിനോട് ചേർന്നുനിൽക്കുന്നതാണ് സർവേ ചൂണ്ടിക്കാട്ടുന്ന കണക്ക്.

പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ജലലഭ്യതയും കൃഷിനാശവും മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഭക്ഷ്യവിലപ്പെരുപ്പം ഇരട്ടിയായി. ഉപഭോക്ത്യ ഭക്ഷ്യവിലപ്പെരുപ്പം മുൻവർഷത്തെ 3.8 ശതമാനത്തിൽനിന്ന് 2022-23 സാമ്പത്തിക വർഷം 6.6 ശതമാനമായും കഴിഞ്ഞ സാമ്പത്തിക വർഷം 7.5 ശതമാനമായുമാണ് ഉയർന്നത്. അതേസമയം, ചില്ലറ വിലപ്പെരുപ്പം കഴിഞ്ഞ സാമ്പത്തിക വർഷം 5.4 ശതമാനമായി കുറഞ്ഞു. മുൻവർഷം ഇത് 6.7 ശതമാനമായിരുന്നു.

ഇന്ത്യൻ സാമ്പത്തിക മേഖലയുടെ ഭാവി ശോഭനമാണെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ ധ്രുവീകരണവും ഓഹരിവിപണിയിലെ അമിതമൂല്യവും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് സർക്കാർ ‘ജാഗ്രത’ പാലിക്കുന്നുണ്ട്.

കോർപറേറ്റുകളെ വളർത്തുന്ന സർക്കാർ

സാമ്പത്തിക സർവ്വേയിൽ അസമത്വവും തൊഴിലില്ലായ്മയും പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതകൾ ഊന്നിപ്പറയുന്നുണ്ട്. എന്നാൽ ഇത് പരിഹരിക്കാനുള്ള മാർഗമായി വി. അനന്ത നാഗേശ്വരൻ നിർദ്ദേശിക്കുന്നത്, കോർപ്പറേറ്റ് മേഖല ഉൾപ്പെടെയുള്ള സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

കൃഷി, തൊഴിൽ-നൈപുണ്യം, സാമൂഹികനീതി, ഉൽപാദനം - സേവനം, നഗരവികസനം, ഊർജസുരക്ഷ, പശ്ചാത്തല വികസനം, ഗവേഷണം, പുതുതലമുറ പരിഷ്കാരങ്ങൾ എന്നീ ഒമ്പത് കാര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്. ആദായ നികുതിയിലും കോർപറേറ്റ് നികുതിയിലും ഇളവുകൾ നൽകി കോർപ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കുക തന്നെയാണെന്ന് ഇത്തവണത്തെ ബജറ്റും ചെയ്തിരിക്കുന്നത്. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതികളിൽ കൂടുതൽ മെച്ചം കിട്ടിയതും കോപ്പറേറ്റുകൾക്ക് തന്നെയാണ്.

കൂടാതെ രാഷ്ട്രീയവും ഭരണപരവുമായ സുസ്ഥിരത നിലനിർത്തുന്നതിന് ആന്ധ്രയെയും ബീഹാറിനെയും കാര്യമായി തന്നെ പരിഗണിച്ചതായും കാണാം. ബിഹാറിന് 58,900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. റോഡ് പദ്ധതികൾക്കായി 26,000 കോടി വകയിരുത്തുമ്പോൾ, 21,400 കോടി രൂപ ചെലവിൽ 2,400 മെഗാവാട്ട് പവർ പ്ലാൻ്റ് പിർപൈന്തിയിൽ സ്ഥാപിക്കും, കൂടാതെ 11,500 കോടി വെള്ളപ്പൊക്ക നിയന്ത്രണത്തിനായി ഉപയോഗിക്കും. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പ്രത്യേക ധനസഹായവും നൽകിയിട്ടുണ്ട്.

NOTE:
Gross value added : ഉൽപാദകർ, അവർ വാങ്ങിയ ചരക്കുകളിലേക്കും സേവനങ്ങളിലേക്കും ചേർത്ത മൂല്യത്തെയാണ് മൊത്ത മൂല്യവർദ്ധിത മൂല്യം എന്ന് പറയുന്നത് (GVA).
purchasing managers index: സ്വകാര്യ മേഖലയിലെ നിർമ്മാണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിമാസ റിപ്പോർട്ടുകളും സർവേകളും അടങ്ങുന്ന സാമ്പത്തിക സൂചകമാണ് വാങ്ങൽ മാനേജർ സൂചിക (PMI).
Wholesale price index- മൊത്തവില സൂചിക (WPI): ചില്ലറവിൽപ്പനയിൽ വിൽക്കുന്നതിനുമുമ്പ് സാധനങ്ങളുടെ മൊത്തത്തിലുള്ള വിലയിലെ മാറ്റത്തെ അളക്കുന്നു. നിർമ്മാതാക്കളും പലപ്പോഴും യു.എസിന് പുറത്തുള്ള മൊത്തക്കച്ചവടക്കാരും ഈടാക്കുന്ന വിലകൾ ഇതിൽ ഉൾപ്പെടുന്നു. സാധാരണയായി മുൻ മാസത്തിലോ ഒരു വർഷം മുമ്പോ ഉള്ള മാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്നത്, WPI ഒരു പണപ്പെരുപ്പ സൂചകമാണ്.
HSBC: ഇന്ത്യയിൽ എച്ച് എസ് ബി സിയുടെ ഉത്ഭവം 1853-ൽ മുംബൈയിൽ മെർക്കൻ്റൈൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായതാണ്. ബാങ്ക് ക്രമാനുഗതമായി വളർന്നു, ഇപ്പോൾ കോർപ്പറേറ്റ്, വാണിജ്യ ബാങ്കിംഗ് ക്ലയൻ്റുകൾക്കും റീട്ടെയിൽ ഉപഭോക്താക്കൾക്കും ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

Reference:
-ECONOMICS SURVEY 2023-24 REPORT.
-BUDGET DOCUMENTS FOR 2024-2025.
-THE HINDU NEWS PAPPER JULY 23 AND 24.
-INDIAN EXPRESS JULY 24.

Comments