കേന്ദ്രബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയ്ക്ക് ഇത്തവണയും മാറ്റമില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രമേ ഉള്ളൂവെന്നതിനാൽ സംസ്ഥാനത്തിന് അൽപമെങ്കിലും ആശ്വാസകരമായ പദ്ധതികൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എല്ലാ അർത്ഥത്തിലും കേരളത്തെ നിരാശപ്പെടുത്തുന്നതായി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്. സംസ്ഥാനം ആവശ്യപ്പെട്ടതൊന്നും ഇല്ലെന്ന് മാത്രമല്ല, ഏറെക്കാലമായി നൽകുമെന്ന് പറഞ്ഞവയും ബജറ്റിൽ ഇല്ല. അതിവേഗ റെയിൽ, ദേശീയജലപാത, എയിംസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഇത്തവണ കേരളത്തിനായി പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതിയത്. സംസ്ഥാന ബജറ്റിൽ കേന്ദ്രവുമായി യോജിച്ചുള്ള അതിവേഗ റെയിൽ പദ്ധതിക്ക് തുക വകയിരുത്തിയിരുന്നു. ഇ. ശ്രീധരൻ നേതൃത്വം നൽകുന്ന ഒരു അതിവേഗ റെയിൽ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ കേന്ദ്രം ശ്രമിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ ഒന്നും നടന്നില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴികളും 20 ദേശീയ ജലപാത പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും കേരളം അതിലൊന്നും ഉൾപ്പെട്ടില്ല.
എയിംസിൻെറ കാര്യത്തിൽ ഏറെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ട്. കേരളത്തിൽ ഏത് ജില്ലയിൽ എയിംസ് വരുമെന്ന കാര്യത്തിൽ പരസ്പരവിരുദ്ധമായ പല പ്രസ്താവനകളും കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേരളത്തിന് എയിംസ് ലഭിക്കുമെന്ന സൂചനകൾ നൽകി പലതവണ സംസാരിച്ചിരുന്നു. ഒടുവിൽ ഈ ബജറ്റിലും എയിംസ് ഇല്ല. അതുകൊണ്ട് ഏത് ജില്ലയിൽ എന്ന കാര്യത്തിലും സ്ഥലമെടുപ്പിൻെറ കാര്യത്തിലും തൽക്കാലം ചിന്തിക്കേണ്ട കാര്യവുമില്ല.

മൂന്നാം നരേന്ദ്ര മോദി സർക്കാരിൻെറ മൂന്നാമത്തെ ബജറ്റാണ് കഴിഞ്ഞ ദിവസം നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ചത്. ബജറ്റിൽ കേരളത്തിന് ആകെ കിട്ടിയെന്ന് പറയാവുന്നത് അപൂർവ ധാതുഇടനാഴിയുടെയും കടലാമ പ്രജനന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരപാതയുടെയും ഭാഗം ആക്കുമെന്നതുമാണ്. കേരളം, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളെ ഉൾക്കൊള്ളിച്ചാണ് അപൂർവ ധാതുക്കളുടെ ഇടനാഴി സ്ഥാപിക്കാൻ പദ്ധതിയിടുന്നത്. കടലാമ പ്രജനകേന്ദ്ര പദ്ധതിയിൽ കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇത് കൂടാതെ തെങ്ങുകൃഷി പ്രോത്സാഹന പദ്ധതി, ലോകവിപണി ലക്ഷ്യമിട്ടുള്ള കശുവണ്ടി, കൊക്കോ, ചന്ദനം എന്നിവയുടെ ഉത്പാദനം മെച്ചപ്പെടുത്താനുള്ള പദ്ധതിയിലും കേരളത്തിന് ബജറ്റ് നേരിയ പ്രതീക്ഷ നൽകുന്നു.
ഡോ. അരവിന്ദ് പനഗാരിയ അധ്യക്ഷനായുള്ള 16ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചുവെങ്കിലും അവിടെയും കേരളത്തിൻെറ ആവശ്യങ്ങൾ അവഗണിക്കപ്പെടുകയാണ് ചെയ്തത്. അടുത്ത അഞ്ച് വർഷം കേന്ദ്രത്തിൽ നിന്ന് കേരളത്തിനുള്ള നികുതിവിഹിതം 1.925 ശതമാനത്തിൽ നിന്ന് 2.382 ശതമാനമാക്കിയെന്നത് നേട്ടമാണെന്ന് തോന്നാം. എന്നാൽ, കഴിഞ്ഞ ധനകാര്യ കമ്മീഷൻ അനുവദിച്ച തരത്തിൽ റവന്യൂക്കമ്മി നികത്തുന്നതിനുള്ള ഗ്രാൻേറാ വിവിധ മേഖലകൾക്ക് നൽകുന്ന സഹായധനമോ നൽകില്ല. ഇങ്ങനെ വിവിധ മേഖലകൾക്ക് കേന്ദ്രസഹായം നൽകേണ്ടെന്നാണ് പുതിയ കമ്മീഷൻ ശുപാർശ. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവുമായി പങ്കുവെക്കുന്ന നികുതിവിഹിതം 41 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി ഉയർത്തണമെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിച്ചേയില്ല.

“ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണ്. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, അതിവേഗ റെയിൽവേ ഇടനാഴി, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണ്ണമായും തഴയപ്പെട്ടു. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയും ചെയ്തത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണ്. ഈ അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയേണ്ടതുണ്ട്,” മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അപൂർവ ധാതു ഇടനാഴി കേരളത്തിൻെറ ധാതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള അവസരം തുറക്കുമോയെന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
