ആഗോള കുടിയേറ്റ പദ്ധതി:
വേട്ടക്കാരും ഇരകളും

നവ ലിബറലിസം:
സർവാരാധനയുടെ പുറകിലെ
രാഷ്ട്രീയം- 21

ണിയെടുക്കുന്ന സ്വയബോധമുള്ള യന്ത്രം എന്നതിനപ്പുറം മനുഷ്യർക്കു മറ്റൊരു നിർവ്വചനവും നവ ലിബറൽ വ്യവസ്ഥ നൽകുന്നില്ല. വേറൊരു വിശേഷണവും ഇനി പാടില്ല എന്ന ശാഠ്യത്തോടെ 'പണിയെടുക്കുന്ന' എന്ന പദത്തെ 'സ്വയബോധ'ത്തോടെ, തിരിച്ചറിയാൻ പറ്റാത്ത വിധം ഒട്ടിച്ചുചേർത്തിരിക്കുന്നു ഇവിടെ. അതിനാൽ ജനിച്ചുവീണ ഭൂപ്രകൃതിയുമായോ സമൂഹവുമായോ ഏതെങ്കിലും വിധത്തിലുള്ള അടുപ്പം 'മനുഷ്യയന്ത്രത്തെ 'സംബന്ധിച്ച് അപമാനകരമാണിന്ന്.

ഏതു ലോകത്തു ചെന്നും പണിയെടുക്കാൻ പറ്റിയ ഒരു മാനസികാവസ്ഥ - ഒരു യന്ത്രഭാഗം അഴിച്ചു മാറ്റുന്ന നിർവ്വികാരത, ജനിച്ച മണ്ണിനോടും സമൂഹത്തോടും ഓരോ വ്യക്തിക്കും ഉണ്ടായിരിക്കുന്നു. എവിടെയും പണിയെടുക്കാൻ സന്നദ്ധമായ ഒരുതരം വിശ്വപൗരത്വം നമ്മുടെ അഭിമാനമായിട്ടുണ്ട്. രാഷ്ട്രാന്തരീയമായ വാതിലുകളിലേക്കു തുറന്നിട്ടിരിക്കുന്ന വിമാനത്തിലേക്കു കയറാൻ, ഇടനാഴിയിലൂടെ നടക്കുമ്പോൾ ഭൂലോകവുമായി താദാത്മ്യപ്പെടുന്ന വിശാലതയിൽ വ്യക്തിത്വം അലിഞ്ഞുചേരുന്നതിനെയാകാം ആഗോളീകരണം എന്നു പറയുന്നത്.

നവ ലിബറലിസം വ്യക്തിത്വത്തിന്റെ ആഗോളീകരണമാണ്. പ്രാദേശിക സാമൂഹ്യ - പാരിസ്ഥിതിക മണ്ഡലത്തിൽ നിന്നും വ്യക്തി സ്വതന്ത്രനാക്കപ്പെടുന്നു എന്ന മിഥ്യാബോധം സാർവ്വത്രികമാക്കപ്പെടുന്നു. വ്യക്തിയെന്ന ഏകകത്തെ രൂപപ്പെടുത്തുന്ന പ്രാദേശിക ബന്ധച്ചരടുകൾ അവിടെ അതിവിദഗ്ദ്ധമായി മറയ്ക്കപ്പെട്ടിരിക്കുന്നു. സിനിമാ ഷൂട്ടിംഗിൽ അന്തരീക്ഷത്തിൽ നിന്നും പടവെട്ടുന്ന സീനുകൾ ചിത്രീകരിക്കുമ്പോൾ, അഭിനേതാക്കളെ കയറുകളിൽ കൊളുത്തിയിട്ടിരിക്കുന്നത്, സിനിമ കാണുമ്പോൾ പ്രേക്ഷകർ കാണാത്തതുപോലെയാണിത്. ചരടുകളൊന്നുമില്ലാതെ വായുവിൽ അഭ്യാസം കാണിക്കാൻ കെല്പുള്ള സ്വതന്ത്രശക്തികളായി വ്യക്തികൾക്ക് സ്വയം തോന്നലുണ്ടാക്കുന്നു ആഗോളീകരണ ബോധ്യങ്ങൾ.

ചരടുകളൊന്നുമില്ലാതെ വായുവിൽ അഭ്യാസം കാണിക്കാൻ കെല്പുള്ള സ്വതന്ത്രശക്തികളായി വ്യക്തികൾക്ക് സ്വയം തോന്നലുണ്ടാക്കുന്നു ആഗോളീകരണ ബോധ്യങ്ങൾ.

നവ ലിബറലിസം പ്രധാനമായും മനുഷ്യാധ്വാനത്തിന്റെ അതിദ്രുത ആഗോളീകരണമായതിനാൽ, അധ്വാനത്തെ ആഗോളീകരിക്കണമെങ്കിൽ, അതിനു തടസ്സമായി നിൽക്കുന്ന പരിസ്ഥിതി - സാമൂഹ്യ ബന്ധങ്ങളിൽ നിന്ന് വ്യക്തികളെ ബോധതലത്തിൽ വിടുവിക്കേണ്ടതുണ്ട്. ബാബു ഭരദ്വാജ് എഴുതിയ ഗൾഫ് ജീവിത ഓർമ്മക്കുറിപ്പിൽ, ഉത്സവകാലത്ത് നാട്ടിലേക്കു പോകാറുള്ള വിദഗ്ദ്ധനായ മരപ്പണിക്കാരൻ, പൂരങ്ങളിൽ നിന്നും പൂരങ്ങളിലേക്കു പോയി, തിരികെ ഗൾഫിലെത്താഞ്ഞതിനെ പറ്റി എഴുതിയിരുന്നു. അധികാര നിരാസക്തരായ അടിത്തട്ടു മനുഷ്യരെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് അടർത്തിയെടുക്കുക അത്രയെളുപ്പമല്ല. അതിനുവേണ്ടത് ആവാസവ്യവസ്ഥയെ തന്നെ അത്യന്തം അരക്ഷിതമാക്കലാണ്.

ബാബു ഭരദ്വാജ്

ആവാസവ്യവസ്ഥ അമ്പേ അവതാളത്തിലാകാത്തിടത്തോളം മനുഷ്യാധ്വാനത്തെ ആഗോളീകരിക്കാൻ, ആളുകളെ ബലാൽക്കാരമായി തട്ടിക്കൊണ്ടുപോകലല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല തന്നെ. ഉദാഹരണമായി 16 -ാം നൂറ്റാണ്ടിൽ, അമേരിക്കകളിലെ പ്ലാന്റേഷനുകളിൽ പണിയെടുക്കാൻ അടിമകളെ തേടി ആഫ്രിക്കൻ തീരങ്ങളിലെത്തിയ യൂറോപ്യൻ മനുഷ്യക്കടത്തുകാർ , പകൽ ഗോത്രത്തലവന്മാർക്ക് കാഴ്ചവസ്തുക്കളും മദ്യവും കൊടുത്ത് നാട്ടുകാരെ പിടിച്ചുകെട്ടി കൊണ്ടുപോകുകയും കൂടാതെ, രാത്രി ആളുകൾ ഉറങ്ങുമ്പോൾ, ആരുമറിയാതെ ഗോത്രങ്ങളിലെത്തി, വീണ്ടും ചിലരെ കൂടി തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ ബലാൽക്കാര കുടിയേറ്റമായി, 1500 നും 1860 നും ഇടയിൽ 12 ദശലക്ഷം മനുഷരെയാണ്, ഇന്നു നാം വാഴ്ത്തുന്ന യൂറോപ്യൻ ഐശ്വര്യസമൃദ്ധിക്കു വേണ്ട സമ്പത്ത് ഉല്പാദിപ്പിക്കാൻ, അടിമകളായി ആഫ്രിക്കയിൽ നിന്ന് അമേരിക്കൻ- കരീബിയൻ തോട്ടങ്ങളിലേക്കായി കടൽ കടത്തിയത്. ആഫ്രിക്കയിൽ നിന്നു മാത്രമല്ല, 16, 17 നൂറ്റാണ്ടുകളിൽ യൂറോപ്യൻശക്തികൾ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, പ്രാദേശിക ഭരണത്തിന്റെ ഒത്താശയോടെ അടിത്തട്ടു ജനങ്ങളെ അടിമപ്പണിക്ക് മെക്‌സിക്കോ പോലുള്ള വിദൂരങ്ങളിൽ എത്തിച്ചിരുന്നു.

അടിമക്കടത്തിന്റെ പഴയകാല ചിത്രീകരണം

അമേരിക്കകളിലെ ആഫ്രിക്കൻ അടിമത്തം പച്ചയായ മനുഷ്യാധ്വാനക്കടത്തായിരുന്നെങ്കിൽ, 19-ാം നൂറ്റാണ്ടായപ്പോൾ അധ്വാനത്തിന്റെ ആഗോളീകരണം അതിന്റെ മറ്റൊരു തന്ത്രം സ്വീകരിക്കുന്നതു കാണാം. കോളനിഭരണത്താൽ ഏഷ്യൻനാടുകളിലെ പ്രാദേശിക തൊഴിൽസാഹചര്യങ്ങളെ അസ്ഥിരമാക്കി, നാട്ടിൽ ക്ഷാമവും അരക്ഷിതത്വവും സ്ഥായിയാക്കിയാണ് ലോകത്തെങ്ങുമുള്ള യൂറോപ്യൻ കോളനികളിലേക്ക്, അവിടെ നിർമ്മാണജോലികൾ, തോട്ടം പണി, സൈനികവൃത്തി എന്നിവയിലേക്ക്, ജനങ്ങളെ മൊത്തമായി തന്നെ ഇറക്കുമതി ചെയ്തത്. 1834- ൽ അടിമത്ത നിരോധന നിയമം വരുന്നതിനുമുന്നേ തന്നെ 1830- ൽ 'കൂലി' എന്ന വാക്ക് ഇംഗ്ലീഷിൽ എത്തിയിരുന്നു.

അതിഥി - ആതിഥേയ നാടുകളിൽ വംശീയതയും മതതീവ്രവാദവും ജനായത്ത വിരുദ്ധതയും രക്തത്തിൽ ലയിച്ച ഭരണകൂടങ്ങളെയും പൗരാവലിയെയും ഒരേസമയം സൃഷ്ടിക്കാൻ ആഗോള മൂലധന സ്വരൂപങ്ങൾക്ക് കഴിയുന്നു.

കൂലികളായി യൂറോപ്യൻ തോട്ടങ്ങളിലെത്തിയ ഇന്ത്യക്കാരുടെ ജീവിതത്തെ ഹ്യൂ ടിങ്കർ (Hugh Tinker) വിശേഷിപ്പിച്ചത് ‘അടിമത്തത്തിന്റെ പുതിയ വ്യവസ്ഥ’ എന്നാണ്. 1830 - 1920 കാലത്ത് 20 ദശലക്ഷം കൂലികളെ ഇന്ത്യയിൽ നിന്ന് കരീബിയൻ ദ്വീപുകൾ, തെക്കു കിഴക്കൻ ആഫ്രിക്ക, മൗറീഷ്യസ്, ഗയാന, ട്രിനിഡാഡ്, ഫിജി, ബർമ്മ, സിലോൺ എന്നിവിടെ തോട്ടങ്ങളിൽ പണിക്കാരായി എത്തിച്ചു. രാജ്യാന്തര കരാർപണി കയറ്റുമതിയോടൊപ്പം, തുറമുഖ നഗരങ്ങളിലേക്കും പ്ലാന്റേഷനുകളിലേക്കുമെല്ലാം ഗ്രാമങ്ങളിൽ നിന്നും ആഭ്യന്തര കുടിയേറ്റത്തിന്റെയും കാലമാണ് 1850- മുതൽ രണ്ടാം ലോകയുദ്ധം വരെ നീണ്ട നൂറുവർഷം.

ട്രിനിഡാഡിൽ പുതുതായെത്തിയ ‘കൂലി’കൾ / 1897-ലെ ചിത്രം.

ഏഷ്യൻ നാടുകളിലെ പ്രാദേശിക തൊഴിൽമേഖലയായ ഭക്ഷ്യോല്പാദ വ്യവസ്ഥയെ തകർക്കുന്ന നയങ്ങൾ കോളനി ഭരണകൂടം സ്വീകരിച്ചു, നാട്ടിൽ തൊഴിലില്ലായ്മയും ഭക്ഷ്യക്ഷാമവും പട്ടിണിയും സൃഷ്ടിച്ചുകൊണ്ടാണ് ജനങ്ങളെ അന്യദേശങ്ങളിൽ തൊഴിൽതെണ്ടികളായി ആകർഷിച്ചത്. ഭക്ഷ്യസുരക്ഷ അമ്പേ തകരാറിലാക്കി തൊഴിലും ഭക്ഷണവും പ്രാദേശികമായി അസാധ്യമാക്കുന്ന കാർഷിക - തൊഴിൽ നയങ്ങൾ കോളനിഭരണത്തിന്റെ കൂടപ്പിറപ്പാണ്.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ആതുര സേവനമേഖലയിൽ കുടിയേറ്റം മൂലം നാട്ടുകാർക്ക് ചികിത്സ കിട്ടാത്ത സ്ഥിതിയെത്തിയിരിക്കുന്നു. ഘാനയിൽ പരിശീലനം നേടിയ ആരോഗ്യസേവകരിൽ 68% പുറത്തേക്കു പോയിട്ടുണ്ട്.

എന്നാൽ ജാതിവ്യവസ്ഥയും തൊഴിൽചൂഷണവും ഒന്നിനൊന്നു കഠിനമായിരുന്ന പ്രാദേശിക കാർഷിക ജോലികളേക്കാൾ ഒട്ടും തന്നെ മെച്ചമായിരുന്നില്ല പുതിയതായി രൂപം കൊണ്ട തോട്ടങ്ങളിലെ കൂലിപ്പണി. അതിനാൽ തന്നെ, കേരളത്തിൽ കിഴക്കൻ തോട്ടങ്ങളിലെ അടിമപ്പണിക്ക്, തകർന്നുകൊണ്ടിരിക്കുന്ന നെൽകൃഷിത്തൊഴിലുകളിൽ നിന്നുപോലും ആളുകൾ നിവൃത്തിയുണ്ടെങ്കിൽ ചെന്നുപെട്ടില്ല. കിഴക്കൻ തോട്ടങ്ങളിലെ പണിക്കാരായി കൂട്ടമായി ജനങ്ങളെ ബലാൽ എത്തിച്ചതുതന്നെ തമിഴ്നാട്ടിൽ നിന്നായിരുന്നു. അത്തരം തോട്ടങ്ങളിലെ അടിമപ്പണിയും യാതനകളും ഒരിക്കലും പുറംലോകം അറിയുകയോ വിമർശനങ്ങൾക്ക് വിധേയമാകുകയോ ചെയ്യാതിരിക്കാൻ കോളനിഭരണം ജാഗരൂകരുമായിരുന്നു.

നാടുവിട്ടാലേ പട്ടിണി കിടന്ന് ചാകാതിരിക്കൂ എന്ന സ്ഥിതിയിലേക്ക് സമൂഹം തിരിയുന്ന വിധത്തിൽ ആസൂത്രണം ചെയ്തവയായിരുന്നു എവിടെയും കോളനിഭരണത്തിലെ സാമ്പത്തികനയങ്ങൾ. ഗ്രാമീണ കാർഷിക- കൈത്തൊഴിൽ ഘടനയിൽ കൂടതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അതുവഴി പ്രാദേശിക ഭക്ഷ്യോല്പാദന വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനു വിപരീതമായി, ഗ്രാമങ്ങളെ സാമ്പത്തികമായും തൊഴിൽപരമായും പാപ്പരാക്കി, തൊഴിലന്വേഷകരായി ജനങ്ങളെ വിദൂര നഗരങ്ങളിലേക്കു പലായനം ചെയ്യിക്കുക എന്നതായിരുന്നു കോളനി ഭരണത്തിന്റെ കറതീർന്ന നയം.

ജോലി തേടി ആഫ്രിക്കയിലെത്തിയ ഇന്ത്യൻ തൊഴിലാളികൾ, 1890-ലെ ചിത്രം / Photo: Print Collector

‘അറിയുമേ ഞങ്ങള,റിയും നീതിയും
നെറിയും കെട്ടൊരീപ്പിറന്ന നാടിനെ’
എന്ന് ‘ആസ്സാം പണിക്കാർ’ എന്ന കവിതയിൽ വൈലോപ്പിള്ളി എഴുതിയത്, രണ്ടാം ലോകയുദ്ധ സമയത്താണ്. ‘ഉദരത്തിൻ പശി കെടുത്താ’നായി ആസ്സാമിലേക്ക്, റെയിൽവേയുടെ നിർമ്മാണത്തൊഴിലുകൾക്ക് മലയാളനാട് വിട്ടുപോയവർസ്വന്തം നാടിനെ ശപിക്കുന്നത് കോളനിഭരണം തീർത്ത പൊതുബോധത്തെ പ്രതിനിധാനം ചെയ്യുന്നു. എന്നാൽ ആസ്സാമിലെ തൊഴിൽജീവിതത്തിന്റെ അധികവ്യഥകളും അസ്വാതന്ത്ര്യവും അപമാനവും ആസ്സാം പണിക്കാരുടെ പാട്ടിലുണ്ട്. പ്രാദേശിക തൊഴിൽ രാഹിത്യത്താൽ നട്ടംതിരിഞ്ഞ്, പരദേശങ്ങളിലെത്തി മനുഷ്യാവകാശങ്ങൾ ഒട്ടാകെ നിഷേധിക്കപ്പെടുന്ന പ്രവാസ ജീവിതമാണിത്.

വൈലോപ്പിള്ളി ശ്രീധരമേനോൻ

പ്രാദേശിക തൊഴിൽമേഖലകളെ തകർക്കുന്ന കൊളോണിയൽ നയത്താൽ, തൊഴിൽ തേടി ഭൂഖണ്ഡാന്തരങ്ങൾ താണ്ടാൻ വിധിക്കപ്പെട്ട ഏറ്റവും വലിയ ജനസഞ്ചയത്തിന്റെ നാടായി ഇന്ത്യ 20-ാം നൂറ്റാണ്ടിന്റെ പകുതിയോടെ മാറുകയുണ്ടായി. അതായത്, കരാർപണിക്കാരായ കൂലികളായി ഇതര രാജ്യങ്ങളിലേക്കു കുടിയേറാൻ വിധിക്കപ്പെട്ട ഏഷ്യൻ ജനതയുടെ, വിശിഷ്യാ ഇന്ത്യക്കാരുടെ അധ്വാനക്കയറ്റുമതിയാണ്, ആഫ്രിക്കൻ അടിമവ്യവസ്ഥയ്ക്കുശേഷം കോളനിശക്തികളുടെ സമ്പൽസമൃദ്ധിക്കു മുഖ്യനിദാനം.

കോളനി ഭരണത്തിൽ നിന്ന് സ്വതന്ത്ര ഇന്ത്യയിലുണ്ടായ പ്രധാന മാറ്റം, ഭാവി ക്ഷേമരാഷ്ട്രത്തിലെ തൊഴിൽദാതാവും സംഘാടകനുമായി നെഹ്രു ഭരണകൂടം മുന്നോട്ടു വന്നു എന്നതാണ്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും വ്യവസായവൽക്കരണം വഴി തൊഴിൽ സൃഷ്ടിച്ചതിനാൽ, ഗ്രാമങ്ങളിൽ നിന്നും വ്യവസായശാലകളുടെ നഗരങ്ങളിലേക്ക് ആഭ്യന്തര തൊഴിൽ കുടിയേറ്റത്തിന്റെ കാലമാണത്.

2050 ആകുമ്പോഴേക്കും അമേരിക്കയുടെ ഒപ്പം
80% ജനങ്ങളെയും നഗരങ്ങളിലെത്തിക്കുക എന്നതാണ് ലോകബാങ്ക് വികസന ലക്ഷ്യം.

ഗ്രാമീണ തൊഴിൽമേഖല തകരുന്നതും അവിടെ നിന്നും ജനങ്ങൾ പുതിയ വ്യവസായ നഗരങ്ങളിലേക്കു കൂട്ടമായി എത്തുന്നതും സാമ്പത്തിക പുരോഗതിയുടെ സൂചകമായി വിലയിരുത്തി പോരുന്നു. ഇത്തരം ആഭ്യന്തര നഗര കുടിയേറ്റം കൂടുതൽ നടക്കുന്നത് കേരളം പോലെ, കോളനിവാഴ്ചയിലെ തോട്ടം വിളകളാൽ പ്രാദേശിക ഭക്ഷ്യ സമ്പദ് വ്യവസ്ഥയും കൈത്തൊഴിലുകളും തകർന്ന നാടുകളിൽ നിന്നുമാണ്. അതായത് ചെറുകിട വ്യവസായം, ഗ്രാമീണ കൈത്തൊഴിലുകൾ , കൃഷി എന്നിവയെ ആധാരമാക്കി മികച്ച തൊഴിലിടങ്ങളുള്ള സമ്പദ്ഘടനകൾ അപരിഷ്കൃതമെന്ന കോളോണിയൽ ബോധനിർമ്മിതിയിൽ നിന്ന് പുറത്തുവരാൻ സ്വാതന്ത്ര്യാനന്തരവും മൂന്നാംലോക ഭരണകൂടങ്ങൾക്കു സാധിച്ചിട്ടില്ല.

ജവഹർലാൽ നെഹ്രു

1901- ലെ സെൻസസ് പ്രകാരം 11.4% പേർ ആയിരുന്നു ഇന്ത്യയിൽ നഗരവാസികൾ. 100 വർഷം കൊണ്ട് ഇവരുടെ എണ്ണം, 2001ൽ 28. 53% ആയി കൂടി. നവ ലിബറൽ പരിഷ്‌ക്കാരങ്ങളുടെ പുതിയ കാലത്താകട്ടെ, ലോകബാങ്ക് കണക്കനുസരിച്ച് 2017- ൽ നഗരവാസികൾ 34% ആയി വർദ്ധിച്ചു. 2030- ൽ ഈ പോക്ക് 40. 76% ത്തിലെത്തുമെന്നു യു എൻ. സർവ്വേ പറയുന്നു. 2050 ആകുമ്പോഴേക്കും അമേരിക്കയുടെ ഒപ്പം 80 % ജനങ്ങളെയും നഗരങ്ങളിലെത്തിക്കുക എന്നതാണ് ലോകബാങ്ക് വികസന ലക്ഷ്യം.

ഭക്ഷണവും പരിരക്ഷയും നിഷേധിക്കപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ശിശുമരണങ്ങളെന്ന പോലെ, ഗ്രാമങ്ങളെ പോഷക രക്ഷയില്ലാത്ത നശീകരണത്തിനു വിട്ടുകൊടുത്ത്, അവിടങ്ങളിൽ നിന്നും നഗരകുടിയേറ്റം പുരോഗമനാദർശമായി കണക്കാക്കുന്ന സാമ്പത്തികശാസ്ത്രം ഇന്നും പ്രബലമായതിനാൽ, ലോകത്ത് തൊഴിലില്ലായ്മയിലും പട്ടിണിയിലും നാലിൽ മൂന്നും ഗ്രാമങ്ങളിലാണുള്ളത്. യഥേഷ്ടം മനുഷ്യാധ്വാനശക്തി ലോകത്തെവിടെയും സാധ്യമാക്കുന്നതിലേക്കായി, ഗ്രാമകേന്ദ്രിതമായ ഒരു തൊഴിൽനയം അപരിഷ്കൃതവും പിന്തിരപ്പനും വികസന വിരുദ്ധവുമായി കരുതുന്ന കോളനി സിദ്ധാന്തമാണിതിനു പിന്നിൽ.

സ്വാതന്ത്ര്യാനന്തര ക്ഷേമരാഷ്ട്ര നിർമ്മാണ നാളുകളിൽ, നഗരങ്ങൾ തൊഴിൽ ലഭ്യത ഉറപ്പു വരുത്തിയെങ്കിൽ, ഇന്ന് ആ വാഗ്ദാനവും പിൻവലിക്കപ്പെട്ടിരിക്കുന്നു. തൊഴിൽ ദാതാവെന്ന നേതൃസ്ഥാനം ഭരണകൂടം കൈയൊഴിയുകയും പകരം, മനുഷ്യാധ്വാനം ലോകത്ത് ഏതേതിടങ്ങളിൽ ആവശ്യമുണ്ടോ, അവിടങ്ങളിലേക്ക് കൂലികളായോ വിദഗ്ദ്ധരായോ പൗരഗണങ്ങളെ എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരായി (കോളനിയുഗത്തിലെ പഴയ ഗോത്രത്തലവന്മാരെയും നാട്ടുരാജാക്കന്മാരെയും പോലെ) മൂന്നാംലോക ഭരണകൂടങ്ങൾ മാറിയിട്ടുണ്ട്.

തൊഴിൽ ദാതാവെന്ന നേതൃസ്ഥാനം ഭരണകൂടം കൈയൊഴിയുകയും പകരം, മനുഷ്യാധ്വാത്തിന്റെ ഇടനിലക്കാരായി മാറുകയും ചെയ്തിട്ടുണ്ട്.

16-ാം നൂറ്റാണ്ടു മുതലുള്ള കോളനിവാഴ്ചയുടെ ധനസ്രോതസ്സുകളിൽ മുഖ്യമായത് അധ്വാനത്തിന്റെ ആഗോളീകരണം അഥവാ കയറ്റുമതി ചെയ്യപ്പെട്ട ആഫ്രിക്കൻ അടിമകളുടെയും ഏഷ്യൻ കൂലികളുടെയും വിയർപ്പും ചോരയുമായിരുന്നെങ്കിൽ, തുച്ഛവിലയ്ക്ക് മുൻ കോളനി യജമാനനാടുകൾക്ക് ലഭ്യമാക്കുന്ന മൂന്നാംലോക അധ്വാനത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് നവ ലിബറലിസം. അതിനാൽ, ഒരു ചാൺ വയറിനുവേണ്ടി മനുഷ്യരെ ഭൂഗോളത്തിന്റെ ഏതറ്റം വരെ ഓടിക്കാമോ അതിലാണ് ഈ വ്യവസ്ഥയുടെ നിലനില്പും വിജയവും ആഹ്ലാദവും.

അതുകൊണ്ടാണ് മുമ്പെങ്ങും കേൾക്കാത്ത വിധം ‘കുടിയേറ്റവും വികസനവും’ എന്ന തലക്കെട്ടിൽ, അന്താരാഷ്ട്ര ഏജൻസികളായ ലോകബാങ്കും ഐക്യരാഷ്ട്ര സംഘടന പോലും, അഥവാ ഭൂഗോളത്തിന്റെ തെക്കേ പകുതിയിൽ വരുന്ന രാഷ്ട്രങ്ങൾക്കായി പുതിയ ഒറ്റമൂലി വിതരണം ചെയ്യുന്നത്. ‘സമ്പന്നർക്ക് പലവിധ ആസ്തികളുണ്ട്. പാവങ്ങൾക്കാകട്ടെ ആകെ ഒന്ന് - അവരുടെ അധ്വാനം മാത്രമേയുള്ളൂ. നല്ല ജോലികൾ പാവങ്ങളെ തേടി ചെല്ലാത്തതിനാൽ അവർ നല്ല ജോലി കിട്ടുന്ന ഇടങ്ങൾ തേടി ചെല്ലണം. ദാരിദ്ര്യം മാറ്റി ഐശ്വര്യം കൊണ്ടുവരുക എന്ന ലോകബാങ്കിന്റെ ഇരട്ടലക്ഷ്യം നേടാൻ കുടിയേറ്റമാണ് പറ്റിയ വഴി’യെന്ന് ബാങ്ക് നമ്മളെ പ്രചോദിപ്പിക്കുന്നു.

ഒരു ചാൺ വയറിനുവേണ്ടി മനുഷ്യരെ ഭൂഗോളത്തിന്റെ ഏതറ്റം വരെ ഓടിക്കാമോ അതിലാണ് ഈ വ്യവസ്ഥയുടെ നിലനില്പും വിജയവും ആഹ്ലാദവും. / Photo:Pxhere

യു.എൻ. തയ്യാറാക്കിയ, ‘2030 ലേക്കുള്ള സുസ്ഥിര വികസന അജണ്ട’ കുടിയേറ്റത്തെ പ്രധാന വികസനപാതയായി എടുത്തുകാട്ടി, ഉത്തരവാദിത്വ കുടിയേറ്റം പ്രോത്സാഹിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു. അങ്ങനെ, ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ ആകെ ഉത്തരവാദിത്വം തങ്ങളുടെ പൗരഗണത്തെ ബിരുദരഹിതരോ -ബിരുദധാരികളോ ആക്കി, നിർലോഭം കയറ്റുമതി ചെയ്യുക എന്നതായിരിക്കുന്നു. ഇത് ഭൂഗോളത്തിലെ തെക്കൻ ഭരണകൂടങ്ങളെ സംബന്ധിച്ചു ഏറ്റവും സുഖകരമായ ഏർപ്പാടാണ്. കാരണം തൊഴിൽ സംരംഭങ്ങൾ രാജ്യത്തുണ്ടാകാതിരിക്കാൻ അവർ പ്രത്യേകശ്രദ്ധ പതിപ്പിച്ചാൽ മതി.

‘‘വലിയ കമ്പനികളും അത്തരം സേവനങ്ങളും ഇന്ത്യയിൽ വളരുന്നുണ്ട്, എന്നാൽ, 90% തൊഴിലും നൽകിവരുന്ന ചെറുകിട തൊഴിൽമേഖലകൾ ഇവിടെ അടച്ചുപൂട്ടന്നു.’’

‘തൊഴിൽ കൂടിയേറ്റത്തിലൂടെ വികസനം’ എന്ന അന്താരാഷ്ട്ര ഏജൻസികളുടെ ആഹ്വാനം നമ്മുടെ ഭരണകൂടം അക്ഷരംപ്രതി അനുസരിക്കുന്നു എന്നതിന്റെ കൺകണ്ട തെളിവാണ് തൊഴിൽ തരാത്ത ഇന്ത്യൻ സമ്പത്തികവളർച്ച ( jobless growth). അതായത് വളർച്ച വേണം, എന്നാൽ അത് രാജ്യത്ത് തൊഴിൽ സൃഷ്ടിക്കാൻ പാടില്ല. തൊഴിൽ തരാത്ത വളർച്ചയുണ്ടെങ്കിലേ ആളുകൾ പണി തേടി നാടുവിട്ടു പോകൂ. നാടുവിട്ടു പോയവർ നാട്ടിലേക്കു പണമയക്കുമ്പോൾ, അതുവഴി പുതിയ തൊഴിലുകൾഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

1970- കളിൽ ഇന്ത്യയിലെ സാമ്പത്തികവളർച്ച 3 % മുതൽ 3.5 % വരെ ആയിരുന്നപ്പോൾ തൊഴിൽവളർച്ച 3% ആയിരുന്നു. എന്നാൽ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തികവളർച്ച 5 % മുതൽ 8% വരെ വന്നപ്പോൾ തൊഴിൽ വളർച്ച 1% വരെ മാത്രമായി. ജെ.എൻ.യുവിലെ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്ന അരുൺകുമാർ ഇതേപ്പറ്റി പറയുന്നു; വലിയ കമ്പനികളും അത്തരം സേവനങ്ങളും ഇന്ത്യയിൽ വളരുന്നുണ്ട്, എന്നാൽ, 90% തൊഴിലും നൽകിവരുന്ന ചെറുകിട തൊഴിൽമേഖലകൾ ഇവിടെ അടച്ചുപൂട്ടന്നു.

‘തൊഴിൽ കൂടിയേറ്റത്തിലൂടെ വികസനം’ എന്ന അന്താരാഷ്ട്ര ഏജൻസികളുടെ ആഹ്വാനം നമ്മുടെ ഭരണകൂടം അക്ഷരംപ്രതി അനുസരിക്കുന്നു

ഇന്ത്യയിൽ 2004-2005 ൽ തൊഴിലില്ലാത്തവരിൽ 58% -ത്തിനും ജോലി കിട്ടിയെങ്കിൽ, 2011 - 12 ൽ ഇത് 15% ആയി താഴ്ന്നു. 2017-18 ലാകട്ടെ ഇത് നെഗറ്റീവ് അഞ്ചു ശതമാനം (-5%) ആയി. അതായത് തൊഴിലെടുത്തിരുന്നവർക്കും കൂടി ജോലി നഷ്ടപ്പെട്ടു. 'വളർച്ചാനിരക്ക് ഉയർന്ന്, നമ്മൾ ഉടൻ വൻശക്തിയാകും' എന്ന് പൗരകോടികളെ ആഴ്ചതോറും പുളകിതരാക്കുമ്പോഴാണെന്നോർക്കണം ഈ തൊഴിൽ നഷ്ടഗർത്തങ്ങൾ. 2011 - 12 മുതൽ 2017 - 18 വരെ 6.2 ദശലക്ഷം തൊഴിലുകൾ ഇല്ലാതായെന്നും, അവയിലേറെയും വിദ്യാഭ്യാസം കുറവുവേണ്ട തൊഴിലുകളാണെന്നും, അതിൽതന്നെ കൂടുതലും സ്ത്രീകൾ ചെയ്തിരുന്ന ജോലികളാണെന്നും സ്‌നേഹ അലക്‌സാണ്ടർ പറയുന്നു. കൃഷി, ഖനനം, മാനുഫാക്ചറിംഗ് ഇവയിലാണ് 90% തൊഴിലും ഇല്ലാതായത്.

2010 ൽ തൊഴിലില്ലായ്മാ നിരക്ക് 2 % ആയിരുന്നത് 2015 ൽ 5% വും 2018 ൽ 6.1% വും ആയി, ഇപ്പോൾ ഏറ്റവും പുതിയ നിരക്ക് 8% ൽ എത്തി നിൽക്കുന്നു, ഇന്ത്യയിൽ.

തൊഴിൽ കുടിയേറ്റപ്പണം വികസനം കൊണ്ടുവരുമ്പോൾ അത് പുതിയ തൊഴിലുകൾ നൽകുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ള തൊഴിലുകൾ കൂടി ഇല്ലാതാക്കി കുടിയേറ്റത്തിന് ആക്കം കൂട്ടുന്നു

തൊഴിൽ കുടിയേറ്റപ്പണം വികസനം കൊണ്ടുവരുമ്പോൾ അത് പുതിയ തൊഴിലുകൾ നൽകുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ള തൊഴിലുകൾ കൂടി ഇല്ലാതാക്കി കുടിയേറ്റത്തിന് ആക്കം കൂട്ടുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാകും കഴിഞ്ഞ 50 വർഷത്തെ കേരളാനുഭവം. വിദേശപ്പണം വീടുകളായും കടകളായും അൺ എയ്ഡഡ് സ്‌ക്കൂളുകളായും ഹൈടെക് ആശുപത്രികളായും ശോഭാ സിറ്റിയായും കേരളത്തെ വികസിപ്പിച്ചെങ്കിൽ, ഒന്നുകിൽ തുച്ഛകൂലി അനുസരണയോടെ വാങ്ങി അനിശ്ചിതത്വത്തിൽ ഇവിടെ പണിയെടുക്കുക, അല്ലെങ്കിൽ സ്വയം കയറ്റുമതി ചരക്കായി പുറത്തേക്കു പോയ്‌ക്കൊള്ളുക എന്നതായിരിക്കുന്നു അഭ്യസ്തവിദ്യരുടെ തെരഞ്ഞെടുപ്പ്. പണയം വെയ്ക്കാനോ വിൽക്കാനോ കുടുംബത്തിൽ എന്തെങ്കിലും ആസ്തിയുള്ള യുവസമൂഹം, ‘ഈ കിതവി ഞങ്ങൾക്കു നരകദേശം’ എന്നു പ്രാകി , നാടിനെ രായ്ക്കുരാമാനം കൈയൊഴിയുന്നു എന്നതാണ് പ്രവാസ വികസനത്തിന്റെ പ്രതിഫലം.

അതായത് അനഭ്യസ്തരായ ഒന്നാംതലമുറ പുറത്തുപോയി പണിയെടുത്തുകൊണ്ടുവന്നു, അഭ്യസ്തവിദ്യരായ സന്തതികളെ വളർത്തി അവരെയും കയറ്റി അയക്കുന്നതാണ് മൂന്നാംലോക വികസന മാതൃക.

‘ജർമ്മനിയിൽ നഴ്സുമാർക്ക് ഒരു ലക്ഷം അവസര’ മുണ്ടെങ്കിൽ, അത് ഇവിടുത്തെ ഭരണനേട്ടമായി അവതരിപ്പിക്കുന്നതിനുപോലും നമ്മുടെ രാഷ്ട്രീയാധികാരവ്യവസ്ഥ ധൈര്യമാർജ്ജിച്ചെങ്കിൽ, അതിനർത്ഥം നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നത് എന്നെന്നേക്കുമായി മറക്കാൻ പൗരഗണത്തെ ശരിക്കും തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു എന്നാണ്. മാത്രമല്ല, തൊഴിൽ നൽകാത്ത വികസന സമ്പദ്‍വ്യവസ്ഥയിൽ ഭരണമെന്നത് അത്രയേറെ അലസമായ ഒരു സ്വാർത്ഥവിനോദമാകാതെ തരമില്ല.

സൂപ്പർ താരങ്ങൾക്കു വേണ്ടി തയ്യാറക്കുന്ന തിരക്കഥ പോലെ, ആഗോള ഏജൻസികളുടെ സംവിധാനത്തിൽ താരപ്രഭയിൽ ഫാൻസ് കൈയടി നേടലായിരിക്കുന്നു മൂന്നാംലോക ജനതയ്ക്കു മേലുള്ള തദ്ദേശീയ ഭരണം. നവ ലിബറൽ ഭരണരാഷ്ട്രീയം താരപ്പൊലിമയാർജ്ജിക്കുന്നതിനു തെളിവായി 1990- കളുടെ ആദ്യത്തിൽ തുടങ്ങിയ എം.പി ഫണ്ട്, എം.എൽ.എ. ഫണ്ട് എന്നിവയെ കണക്കാക്കാം. ജനായത്തത്തിലേയ്ക്കു നാടുവാഴികളോടുള്ള ഭക്ത്യാദരങ്ങളെ ഒളിച്ചുകടത്തുന്ന മനഃശ്ശാസ്ത്രം, ‘ ... എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചത്' എന്ന ചുവരെഴത്തിൽ നിന്ന് പുറത്തുവരുന്നില്ലേ?

സാധാരണക്കാരായ പ്രവാസികളുടെ പണം മൂന്നാംലോകത്ത് ഗാർഹിക ചെലവുകൾക്കാണ് വിനിയോഗിക്കപ്പെടുന്നതെങ്കിൽ ധനിക പ്രവാസികളുടെ പണം എത്തുന്നത് പാരിസ്ഥിതികവും തൊഴിൽപരവുമായ നഷ്ടങ്ങൾ വരുത്തുന്ന നിക്ഷേപങ്ങളിലേക്കാണ്. അതായത് വിദേശപ്പണത്തിന്റെ സുഖാലാസ്യത്തിൽ ഉല്പാദനപരമായി യാതൊന്നും ചെയ്യനില്ലാത്ത ഉപഭോഗക്കൂട്ടമായി മൂന്നാംലോക ഭരണവർഗ്ഗം മാറിയിരിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വഴി, തങ്ങളുടെ അധികാരലോലുപതയിൽ മുഴുകിയിരുന്ന മുൻ ഭരണവർഗ്ഗത്തെപ്പോലെ, ജനങ്ങളെ ആവോളം കയറ്റുമതി ചെയ്ത് അതുവഴിയെത്തുന്ന സമ്പത്തിൽഅഭിരമിക്കുന്നവരായി പുതിയ ഭരണവർഗ്ഗം മാറിയിട്ടുണ്ട്.

ലോകസമ്പത്തിന്റെ 75% ഉം 100 ബില്യൻ ഡോളറിലേറെ വിറ്റുവരവുള്ള വൻകിട ആഗോള കമ്പനികളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതിൽ ആദ്യ 100 കമ്പനികളുടെ 60% ആസ്തികളും തൊഴിൽശക്തിയും വില്പനയും മൂന്നാംലോക രാജ്യങ്ങളിലാണ്.

അധ്വാനത്തിന്റെ ആഗോളീകരണം എന്നാൽ ലോകത്തെവിടെയെല്ലാം മൂലധനം അസന്തുലിതമായി സമാഹരിക്കപ്പെട്ടിട്ടുണ്ടോ അവിടേയ്‌ക്കെല്ലാം ഏറ്റവും കുറഞ്ഞ കൂലിക്കു പണിയെടുക്കാൻ ആളുകളെ ഉറപ്പാക്കുക എന്നാണ്. ലോകസമ്പത്തിന്റെ 75% ഉം 100 ബില്യൻ ഡോളറിലേറെ വിറ്റുവരവുള്ള വൻകിട ആഗോള കമ്പനികളിൽ ഇന്ന് കേന്ദ്രീകരിച്ചിരിക്കുന്നു. ഇതിൽ തന്നെ ആദ്യത്തെ 100 കമ്പനികളുടെ 60% ആസ്തികളും തൊഴിൽശക്തിയും വില്പനയും മൂന്നാംലോക രാജ്യങ്ങളിലാണ്. തൊഴിലുകൾ ഇങ്ങോട്ടേക്കു കയറ്റിവിട്ടും, തൊഴിലാളികളെ അവർക്കു വേണ്ടിടത്തേക്കു ഇറക്കുമതി ചെയ്തും, കുറഞ്ഞ കൂലിക്കു അവർ അധ്വാനം വിലയ്ക്കു വാങ്ങുന്നതിനെയാണ് യഥാർത്ഥത്തിൽ ‘തുറന്ന വിപണി’ എന്നു പേരിട്ടിരിക്കുന്നതെന്നു റൗൾ ദെൽഗാദോ വൈസ് ( Raul Delgado Wise) പറയുന്നു.

റൗൾ ദെൽഗാദോ വൈസ്

കുറഞ്ഞ കൂലി മാത്രമല്ല, മനുഷ്യാവകാശവും തൊഴിൽപരമായ അവകാശങ്ങളും നിഷ്‌ക്കരുണം റദ്ദാക്കാൻ കുടിയേറ്റ തൊഴിൽമേഖല ഉപകരിക്കുന്നു. നാട്ടിലെ ദയനീയ ജീവിതസാഹചര്യങ്ങളെ ഓർക്കുമ്പോൾ എല്ലാ നീതിനിഷേധവും 'അതിഥി 'ത്തൊഴിലാളി സഹിക്കുകയും ചെയ്യും. പണിയെടുക്കുന്ന സ്വയംബോധമുള്ള യന്ത്രമായി മാത്രം മനുഷ്യരെ കണക്കാക്കുന്ന നവ ലിബറൽ തൊഴിൽവ്യവസ്ഥയിലെ നീതിരാഹിത്യത്തെ മൂടിവെയ്ക്കുന്നു ‘അതിഥിത്തൊഴിലാളി’ എന്ന പ്രയോഗം. വംശീയമായ അധിക്ഷേപവും വിവേചനവും ശത്രുതയും ഏറ്റുവാങ്ങാൻ, ജനിച്ച മണ്ണിൽ നിന്നും നിഷ്‌ക്കാസിതരായവരാണ് എല്ലാ അതിഥിത്തൊഴിലാളികളും; പ്രത്യേകിച്ചും അവരിൽ ശാരീരികാധ്വാനത്തിൽ ഏർപ്പെടുന്നവർ.

ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക, തെക്കു-കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കുടിയേറ്റം.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ. എൽ. ഒ) റിപ്പോർട്ട് (2021) പ്രകാരം 169 ദശലക്ഷം പ്രവാസത്തൊഴിലാളികൾ അന്യരാജ്യങ്ങളിലുണ്ട്. ഇവരിൽ 41.5% സ്ത്രീകൾ വരും. ഈ ആഗോള കുടിയേറ്റ ജോലിക്കാരിൽ ഏറെയും തദ്ദേശീയരേക്കാൾ കുറഞ്ഞ കൂലിക്കു പണിയെടുക്കുന്നുവെന്നും, അവർ അസമത്വവും അവകാശനിഷേധവും അധിക്ഷേപവും വിവേചനവും ഏറ്റുവാങ്ങുന്നുവെന്നും ഐ. എൽ. ഒ. പറയുന്നു. പരിചരണജോലികൾ ചെയ്യുന്ന സ്ത്രീകൾക്കു കിട്ടുന്ന കൂലി, നാട്ടുകാർക്കു കൊടുക്കുന്നതിന്റെ അഞ്ചിലൊന്നാണ്. പൊതുവേ, പ്രവാസിക്ക് തുടക്കത്തിൽ കിട്ടുന്ന പ്രതിഫലം തദ്ദേശീയരേക്കാൾ 42 മുതൽ 44% വരെ കുറവായിരിക്കുമെന്നു പഠനങ്ങൾ കാണിക്കുന്നു.

1970- ൽ അതിഥിത്തൊഴിലാളികൾ അമേരിക്കൻ തൊഴിലിടത്തിൽ 5% ആയിരുന്നത് 2022- ൽ 18.1% ആയി കൂടി. ഇതിൽ തന്നെ അവിടെ കൃഷിപ്പണിക്കാരിൽ നാലിൽ മൂന്നുപേരും പുറം നാട്ടുകാർ - ഏറെയും മെക്സിക്കോയിൽ നിന്നുള്ളവരാണ്. അവിടെ കാർഷിക മേഖലയായ കാലിഫോർണിയയിൽ, കുട്ടികൾ ഉൾപ്പെടെയുള്ള കൃഷിവേലക്കാർ കുടിയേറ്റ അടിമത്തത്തിന്റെ മുഴുവൻ യാതനയും പേറുന്നു. ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക, തെക്കു-കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കുടിയേറ്റം. ഇവിടങ്ങളിലേക്കു തിരികെ പ്രവാസിധനം എത്തുന്നതിനൊത്ത് അവിടങ്ങളിലെ ചെറു വ്യവസായ-കാർഷിക - കൈത്തൊഴിൽ മേഖല തകരുകയും കുടിയേറ്റം വർദ്ധിക്കുകയും ചെയ്യുന്നു.

നവ ലിബറൽ തൊഴിൽവ്യവസ്ഥയിലെ നീതിരാഹിത്യത്തെ മൂടിവെയ്ക്കുന്നു ‘അതിഥിത്തൊഴിലാളി’ എന്ന പ്രയോഗം.

അതിഥിത്തൊഴിലാളികളാൽ - അവരുടെ കുറഞ്ഞ വിലയ്ക്കു കിട്ടുന്ന അധ്വാനത്താലും ഉപഭോഗത്താലും മൂലധനപ്പെരുപ്പം സമ്പന്ന ആതിഥേയ രാഷ്ട്രങ്ങളിൽ സംഭവിക്കുമ്പോൾ, അതിനൊത്ത സാമ്പത്തികോന്നതി അധ്വാനക്കയറ്റുമതി വഴി മൂന്നാംലോക രാജ്യങ്ങൾക്കു കിട്ടുന്നില്ലെന്നതാണ് സത്യം. കയറ്റുമതിക്കായി വേണ്ട മനുഷ്യവിഭവശേഷി നിർമ്മിക്കുന്നതിനായി മാതൃരാഷ്ട്രം ചെലവഴിക്കുന്ന സമ്പത്തുമായി തട്ടിച്ചു നോക്കുമ്പോൾ , അധ്വാനക്കടത്തു മാതൃദേശത്തിനു ലാഭമല്ല നഷ്ടമാണ് വരുത്തി വെയ്ക്കുന്നതെന്നു കണക്കുകൾ സഹിതം റൗൾ ദെൽഗാദോ വൈസ് ചൂണ്ടിക്കാട്ടുന്നു. ‘അമേരിക്കയിലേക്കു 1994- 2008 ൽ കുടിയേറിയവർക്ക് വേണ്ടി മെക്സിക്കോയ്ക്കു വന്ന ചെലവ് 302 ബില്യൻ യു.എസ്. ഡോളറാണെങ്കിൽ, ഇവരിൽ നിന്നും തിരികെ ആ രാജ്യത്തിനു കിട്ടിയത് 156 ബില്യൻ യു.എസ്. ഡോളറേ വരൂ. ഇത്രയും ജോലിക്കാരെ അമേരിക്കയിൽ വളർത്തിയെടുക്കണമെങ്കിൽ ഈ 156 ബില്യൻ ഡോളറിന്റെ 7 മടങ്ങ് ചെലവ് അമേരിക്കക്കു വരുമായിരുന്നു.’

ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യമായ അമേരിക്കയുടെ 2000 - 2015 ലെ ജി.ഡി.പി.യുടെ 40.8% വും സൃഷ്ടിച്ചത് കുടിയേറ്റക്കാരാണ്.

ജോലി ചെയ്യുന്ന പ്രായക്കാരുടെ എണ്ണം (working age population) യൂറോപ്പിൽ കഴിഞ്ഞ മുപ്പതു വർഷമായി 0.4 % വീതം കുറയുകയാണ്. ഇപ്പോൾ 30 ലക്ഷം പേരുടെ കുറവ് വർഷംതോറും സംഭവിക്കുന്നു. ഇത് അവിടത്തെ ഉല്പാദനക്ഷമതയെ ബാധിക്കുന്നു; സാമ്പത്തിക വളർച്ച താഴ്ത്തുന്നു; തൊഴിലവസരങ്ങൾ കുറയ്ക്കുന്നു. അതിനാൽ വളർച്ച കൂട്ടാനും തൊഴിൽ വർദ്ധിപ്പിക്കാനും കുടിയേറ്റത്തൊഴിലാളികൾ തന്നെ ശരണമെന്നു യൂറോപ്യൻ കമ്മീഷൻ പറയുന്നു. സമ്പന്ന രാഷ്ട്രങ്ങൾക്ക് ജി.ഡി.പി. കൂട്ടാൻ കുടിയേറ്റത്തൊഴിലാളികൾ വേണമെന്നും, കുടിയേറ്റം വഴി പണിയെടുക്കുന്ന പ്രായക്കാരുടെ എണ്ണം ഒരുശതമാനം പോയ്ന്റ് കൂടുമ്പോൾ, ആളോഹരി ജി. ഡി.പി. അവിടെ ദീർഘകാലാടിസ്ഥാനത്തിൽ 2% കൂടുമെന്നും ഐ.എം.എഫ്. കണക്കാക്കുന്നു. കുടിയേറ്റ ജോലിക്കാർ വഴി വരുന്ന മറ്റു നേട്ടങ്ങൾ എണ്ണി പറയുന്നതിന്റെ ഒപ്പം, കുടിയേറ്റക്കാർക്കു കിട്ടുന്ന പ്രതിഫലത്തേക്കാൾ, അവർ കൂടുതൽ നികുതികളും സാമൂഹിക സംഭാവനകളും ആതിഥേയർക്കു കൊടുക്കുന്നതായി ഒ.ഇ.സി.ഡി. റിപ്പോർട്ടിലുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യമായ അമേരിക്കയുടെ 2000 - 2015 ലെ ജി.ഡി.പി.യുടെ 40.8% വും സൃഷ്ടിച്ചത് കുടിയേറ്റക്കാരാണ്.

സമ്പന്ന രാഷ്ട്രങ്ങൾക്ക് ജി.ഡി.പി. കൂട്ടാൻ കുടിയേറ്റത്തൊഴിലാളികൾ വേണമെന്ന് ഐ.എം.എഫ്. കണക്കാക്കുന്നു / Photo: Pexels.com

ആഗോള മൂലധനം വായ്പയുടെ രൂപത്തിൽ അടിസ്ഥാന സൗകര്യവികസനമായോ, വിദേശ നിക്ഷേപമായി പ്രത്യേക സാമ്പത്തിക മേഖലകളായോ കേന്ദ്രീകരിക്കുന്ന ഇടങ്ങളിൽ മനുഷ്യാധ്വാനത്തെ ഇഷ്ടാനുസരണം ലഭ്യമാക്കുന്നത്, കാർഷിക മേഖലയെയും ചെറുകിട ഉല്പാദനത്തെയും തകർത്ത് അവിടങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും ആഭ്യന്തര തൊഴിൽ കുടിയേറ്റം വർദ്ധിപ്പിച്ചു കൊണ്ടാണ്. ഒന്നുകിൽ പുതിയ നിർമ്മിതികൾക്കായി പരദേശിയായി വന്നു രാവും പകലും പണിയെടുക്കുന്ന അസംഘടിതവർഗ്ഗം, അല്ലെങ്കിൽ അത്തരം നിർമ്മിതികളിൽ വിദേശ സമയത്തിനൊത്ത്, അവിടത്തേക്കാൾ തുച്ഛ കൂലിക്ക് ഔട്ട്സോഴ്സിങ്ങായി പണിയെടുക്കാൻനഗരത്തിലടിഞ്ഞ അഭ്യസ്തവിദ്യരും അവിദഗ്ദ്ധ ജോലിക്കാരും. ഈ വിധം 148 രാജ്യങ്ങളിലായി, നികുതി ഒഴിവാക്കിയ 5400 കയറ്റുമതിമേഖലകളിൽ 10 കോടി മനുഷ്യർ, ഐ.ടി. മുതൽ വസ്ത്രനിർമ്മാണത്തിൽ വരെ നഗരകേന്ദീകൃത ആഭ്യന്തര കൂടിയേറ്റക്കാരായി പണിയെടുക്കുന്നു.

കൃഷി, ഭക്ഷ്യമേഖല, ആരോഗ്യം, പരിചരണം, നിർമ്മാണം, അടിസ്ഥാന സൗകര്യം, വീട്ടുജോലി, ഗതാഗതം, ശുചീകരണം, ഹോം ഡെലിവറി എന്നിങ്ങനെയുള്ള ജോലികൾ ചെയ്യുന്നത് മൂന്നാംലോക ദരിദ്രരാഷ്ട്രങ്ങളിലെ കുടിയേറ്റത്തൊഴിലാളികളാണ്.

മറ്റൊന്ന്, മധ്യവർഗ്ഗങ്ങളിൽ നിന്ന്, പ്രധാനമായും യൂറോ - അമേരിക്കൻ - ഗൾഫ് കമ്പോളത്തിനാവശ്യമായ വിദഗ്ദ്ധ തൊഴിൽക്കാരെ കയറ്റുമതി നടത്തുന്ന ഏർപ്പാടാണ്. മധ്യവർഗ്ഗത്തിന്റെ പരമ്പരാഗത തൊഴിൽ കേന്ദ്രങ്ങളായ പൊതുമേഖലയാകെ സ്വകാര്യവൽക്കരിച്ചും, അവരെ ആഭ്യന്തര സ്വകാര്യ തൊഴിൽകമ്പോളത്തിൽ, എഞ്ചിനീയറിംഗ് പാസായാവർക്കും നേഴ്സിംഗ് കഴിഞ്ഞവർക്കും പരമാവധി 20,000 രൂപ മാസശമ്പളം, യാതൊരു തൊഴിൽ പരിരക്ഷയോ ആനുകൂല്യങ്ങളോ ഇല്ലാതെ നൽകി, ഇക്കണക്കിനു നാട്ടിൽ നിന്നാൽ താഴ്ന്ന മധ്യവർഗ്ഗ ജീവിതനിലവാരം പോയിട്ട് അടിത്തട്ടു ജീവിത നിലവാരം പോലും സാധ്യമാകില്ല എന്നു വരുത്തിതീർത്തുമാണ് ഭരണകൂടനയം മധ്യവർഗ്ഗ അധ്വാനക്കയറ്റുമതിക്ക് അന്തരീക്ഷം തീർത്തിരിക്കുന്നത്.

Photo: UNA

മാത്രമല്ല, അതിവിദഗ്ദ്ധരും ഉയർച്ച തേടി പോകുന്നതിനാൽ, നമുക്കിവിടെ ഗ്രാമങ്ങളിൽ ജോലി ചെയ്യാൻ ഡോക്ടർമാർക്കു താൽപ്പര്യമില്ലാത്തതു പോലെ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ആതുര സേവനമേഖലയിൽ കുടിയേറ്റം മൂലം നാട്ടുകാർക്ക് ചികിത്സ കിട്ടാത്ത സ്ഥിതിയെത്തിയിരിക്കുന്നു. ഘാനയിലെ പരിശീലനം നേടിയ ആരോഗ്യസേവകരിൽ 68% ഉം പുറത്തേക്കു പോയിട്ടുണ്ട്. അമേരിക്കൻ യൂണിവേഴ്സിറ്റികൾ നേടുന്ന പേറ്റന്റിന്റെ 76% വും നേടുന്നത് അവിടേയ്ക്കു ജോലിക്കെത്തിയ വിദഗ്ദ്ധർ വഴിയായിരിക്കുന്നു. ഈ പേറ്റന്റുകളിൽ 91% വും ബഹുരാഷ്ട്ര കമ്പനികൾ കരസ്ഥമാക്കിയവയാണ്. ജർമ്മനിയിലും മറ്റും വൃദ്ധജനങ്ങളെ പരിചരിക്കാൻ കുടിയേറ്റ യുവജനത ജോലിക്കായെത്തുമ്പോൾ, ഇവിടെ വൃദ്ധജനങ്ങൾക്കു പരിചരണം അപ്രാപ്യമാവുന്നു. അതായത് മനുഷ്യബന്ധങ്ങളുടെ ആധാരശിലയായ കൂലിയതീതവേലകൾ ഇവിടെയും ക്രമത്തിൽ ഇല്ലാതാക്കപ്പെടും.

മൂന്നാമതായി, സിറിയയിലും മറ്റും കാണുന്നതുപോലെ, ആഭ്യന്തര സംഘർഷങ്ങളാൽ അഭയാർത്ഥീപ്രവാഹം വഴിയും അനധികൃത മനുഷ്യക്കടത്തു വഴിയും അവിദഗ്ദ്ധ ജോലികൾക്കു വേണ്ട കരുതൽ തൊഴിൽക്കൂട്ടങ്ങളെ ഏർപ്പാടാക്കലാണ്. രണ്ടാംലോകയുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർത്ഥിസംഘങ്ങൾ ( 2.7 ദശലക്ഷം) സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ, സുഡാൻ, സോമാലിയ, ബർമ്മ എന്നിവിടങ്ങളിൽ നിന്നും 2015-16 ൽ അങ്ങോട്ടെത്തി. ഇതിൽ 41 % ത്തെയും ഉൾക്കൊണ്ടത്, തൊഴിലിൽ നിന്നും പിരിഞ്ഞ വൃദ്ധജനങ്ങൾ ഏറ്റവും കൂടുതലുള്ള ജർമ്മനിയായിരുന്നു.

കൃഷി, ഭക്ഷ്യമേഖല, ആരോഗ്യം, പരിചരണം, നിർമ്മാണം, അടിസ്ഥാന സൗകര്യം, വീട്ടുജോലി, ഗതാഗതം, ശുചീകരണം, ഹോം ഡെലിവറി എന്നിങ്ങനെയുള്ള ജോലികൾ ഈ രാജ്യങ്ങളിൽ ചെയ്യുന്നത് മൂന്നാംലോക ദരിദ്രരാഷ്ട്രങ്ങളിലെ കുടിയേറ്റത്തൊഴിലാളികളാണ്. ചെന്നുചേർന്ന നാട്ടിൽ അസ്തിത്വമില്ലാത്ത സർവ്വരാജ്യ അടിത്തട്ടു മനുഷ്യരാണിവർ. അവരെ ക്രിമിനലുകളായും നാട്ടുകാർക്ക് തൊഴിൽഭീഷണിയായും അവതരിപ്പിക്കുന്നതിലൂടെ അതിഥി - ആതിഥേയ നാടുകളിൽ വംശീയതയും മതതീവ്രവാദവും ജനായത്ത വിരുദ്ധതയും രക്തത്തിൽ ലയിച്ച ഭരണകൂടങ്ങളെയും പൗരാവലിയെയും ഒരേസമയം സൃഷ്ടിക്കാൻ ആഗോള മൂലധന സ്വരൂപങ്ങൾക്ക് കഴിയുന്നു.

അന്താരാഷ്ട്ര തലത്തിൽ വന്നുചേർന്ന ഈ തൊഴിൽവിഭജനത്തിന്റെയും അതിന്റെ ഫലമായി തെക്കു-വടക്ക് രാഷ്ട്രങ്ങൾ തമ്മിൽ കൂടിവരുന്ന അസന്തുലിതമായ സാമ്പത്തിക വിനിമയത്തിന്റെയും ഓമനപ്പേരാണ് ആഗോളീകരണം. ഇതിനെ ഇമ്മാനുവൽ നെസ് (Immanuel Ness) വിളിക്കുന്നത്, 'സമകാലികമായി തയ്യാറാക്കിയ ആഗോള കുടിയേറ്റ പദ്ധതി’ എന്നാണ്.

(തുടരും)

Comments