കോവിഡ് കാലത്തെ ആറ് സങ്കീർണതകൾ

മാനവികതക്കുമേലുള്ള അതിക്രമം, ചെറുകിട സംരംഭകരുടെ തകർച്ച, ലിംഗപദവീശ്രേണികളുടെ പുനഃസ്ഥാപനം, ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണം, മുതലാളിത്തത്തെ രക്ഷിക്കാൻ പാരിസ്ഥിതിക പ്രതിസന്ധിയെ ഉപയോഗപ്പെടുത്തുന്നത്, പ്രതിസന്ധി ഉപയോഗിച്ച് ചൈനക്കു നേരെ നടക്കുന്ന ആക്രമണം...കോവിഡ് മുതലാളിത്ത വ്യവസ്ഥക്ക് ഏൽപ്പിച്ച ആഘാതത്തിന്റെ പരിണാമം വിശകലനം ചെയ്യുന്ന വേറിട്ട അന്വേഷണം

2020 മാർച്ച്; സാമൂഹ്യമാധ്യമങ്ങളിൽ കിംവദന്തികളുടെ പ്രളയമായിരുന്നു. പൂർണമായും വിജനമായ വെനീസിലെ കനാലുകളിൽ അരയന്നങ്ങളും ഡോൾഫിനുകളും കാണപ്പെട്ടു, ചൈനയിലെ യുനാനിലെ ഒരു ഗ്രാമത്തിലേക്ക് വന്ന ഒരുകൂട്ടം ആനകൾ ചോളം പിഴിഞ്ഞുണ്ടാക്കിയ വീഞ്ഞ് കുടിക്കുകയും ഒരു തേയിലത്തോട്ടത്തിൽ കയറിക്കിടന്ന് മയങ്ങുകയും ചെയ്തു എന്നൊക്കെയായിരുന്നു കിംവദന്തികളിൽ ചിലത്. മഹാലോക്ക്ഡൗൺ പുരോഗമിക്കുന്തോറും, മനുഷ്യർ വീടുകളിൽ ഒളിച്ചിരിക്കുമ്പോൾ മൃഗങ്ങൾ ഈ ഗ്രഹത്തിന്റെ ചുമതല എറ്റെടുത്തിരിക്കുന്നു എന്ന് ഇത്തരം വർത്തമാനങ്ങൾ തോന്നിച്ചു. പക്ഷെ, വെനീസിൽ അരയന്നങ്ങളോ ഡോൾഫിനുകളോ ഉണ്ടായിരുന്നില്ല; യുനാനിലെ ഗ്രാമത്തിൽ ആനകൾ പ്രവേശിച്ച് മദ്യലഹരിയിലാണ്ടിരുന്നുമില്ല. ഇവ മനുഷ്യരുടെ വിരസതയിൽ നിന്ന് ഉദ്ഭവിച്ച കെട്ടുകഥകളായിരുന്നു, ഫോട്ടോഷോപ്പ് തന്ത്രങ്ങൾ.
ഏപ്രിലിൽ ലോക വ്യാപാര സംഘടന (WTO) കണക്കാക്കിയത്, ആഗോള വ്യാപാരത്തിന്റെ അളവ് 32 ശതമാനത്തോളം ഇടിഞ്ഞേക്കാമെന്നാണ്. വിപണികളിൽ തകർച്ചയുണ്ടായി, പണം നിക്ഷേപിക്കാൻ ആളുകളും സ്ഥാപനങ്ങളും സ്വർണം പോലുള്ള സുരക്ഷിത ഇടങ്ങൾ തേടുകയും ചെയ്തു. എന്നാൽ വ്യാപാരത്തിൽ മേൽപ്പറഞ്ഞ കണക്കുകൂട്ടലിൽ പറഞ്ഞത്രയും ഇടിവുണ്ടായില്ല. WTO യുടെ തന്നെജൂണിലെ റിപ്പോർട്ടനുസരിച്ച്, ആഗോള വ്യാപാരത്തിന് വർഷത്തിലെ ആദ്യ മാസത്രയത്തിൽ ഉണ്ടായ ഇടിവ് മൂന്നു ശതമാനത്തോളം ആയിരുന്നു എന്നും രണ്ടാം മാസത്രയത്തിലെ ഇടിവ് 18.5% ആയിരിക്കും എന്നുമാണ് കണക്കാക്കപ്പെടുന്നത്. ചൈനയിൽ സാമ്പത്തിക മേഖല വീണ്ടും തുറന്നതോടെ വ്യാപാരം ക്രമേണ വർദ്ധിച്ചു. മുതലാളിത്ത വ്യവസ്ഥ കോവിഡ് മഹാമാരിയുടെ ഇരയായിരുന്നില്ല, പ്രകൃതി തിരിച്ചടിച്ചതുമില്ല. ഉൽകണ്ഠകൾക്ക് പരിഹാരമായി ഭാവിയിൽ നിന്ന് കടം കൊള്ളുകയാണ് ഭരണവർഗങ്ങൾ ചെയ്തത്. അളവിൽ വലിയ ഇടിവുണ്ടായി എങ്കിലും വ്യാപാരപ്രവർത്തനങ്ങൾ പുനരാരംഭിച്ചു കഴിഞ്ഞു. അതേസമയം, പാവപ്പെട്ട മൂന്നാം ലോക രാജ്യങ്ങളുടെ കടം എഴുതിത്തള്ളാനും കടത്തിന്റെ തിരിച്ചടവുകാലാവധിനീട്ടാനുമുള്ള ആവശ്യങ്ങൾ ഗ്ലോബൽ സൗത്തിൽ നിന്ന് ഉയരുന്ന സമയമാണിത്. ഈ ആവശ്യങ്ങൾ നിരാകരിക്കാൻ സമ്പന്നരായ കടപ്പത്ര ഉടമകൾ (bondholders), വായ്പ കൊടുക്കുന്ന സർക്കാരുകളെ പ്രതിനിധാനം ചെയ്യുന്ന പാരിസ് ക്ലബ്ബിന്റെ മേലും വായ്പ കൊടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ലണ്ടൻ ക്ലബ്ബിന്റെ മേലും സമ്മർദ്ദം ചെലുത്തി. ഇതുവഴി, കടം മൂലമുള്ള വിധേയത്വത്തിന്റെ അടിസ്ഥാനപരമായ ഘടന അതുപോലെ തുടരുന്നുവെന്ന് അവർ ഉറപ്പാക്കി. യു.എസിൽ നിന്നുള്ള യുദ്ധക്കപ്പലുകൾ കരീബിയൻ കടൽ, പേർഷ്യൻ കടൽ, ദക്ഷിണ ചൈനാക്കടൽ എന്നിവിടങ്ങളിൽ ആക്രമണാത്മകമായി പട്രോളിംഗ് നടത്തി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാമ്രാജ്യത്വത്തിന്റെ മൊത്തത്തിലുള്ള ഘടന മാറ്റമില്ലാതെ തുടരുകയാണ്.

കോവിഡ് മഹാമാരിയെ നേരിട്ട രീതിയുടെ കാര്യത്തിൽ ബൂർഷ്വാ സർക്കാരുകളും സോഷ്യലിസ്റ്റ് ചായ്വുള്ള സർക്കാരുകളും തമ്മിലുള്ള വ്യത്യാസം, ‘കൊറോണാ ആഘാതവും സോഷ്യലിസവും' എന്ന ഞങ്ങളുടെ (ട്രൈക്കോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട്) പഠനം അടയാളപ്പെടുത്തിയിട്ടുണ്ട്. സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക്, ശാസ്ത്രീയമായ, പൊതുമേഖലയെയും പൊതുജനങ്ങളുടെ കൂട്ടായ ഇടപെടലിനെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള, സാർവദേശീയതയിൽ ഊന്നിയ സമീപനമാണുള്ളത്. ലോകത്ത് സോഷ്യലിസ്റ്റുകളാൽ ഭരിക്കപ്പെടുന്ന പ്രദേശങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത് ബൂർഷ്വാ നിലപാടുള്ള സർക്കാരുകൾ ഭരിക്കുന്ന പ്രദേശങ്ങളിൽ അനുഭവപ്പെട്ട ദുരന്തത്തിനെ അപേക്ഷിച്ച് വളരെക്കുറച്ചാണ് എന്നത് വ്യക്തമാണ്. ഇതൊക്കെക്കൊണ്ടാണ് ക്യൂബയുടെ ഹെന്റി റീവ് ഇന്റർനാഷണൽ മെഡിക്കൽ ബ്രിഗേഡിന് നൊബേൽ സമാധാന പുരസ്‌കാരം നൽകുവാനാവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയ്ൻ പ്രസക്തമാകുന്നത്.
മുതലാളിത്ത വ്യവസ്ഥക്ക് കോവിഡ് കാര്യമായ ആഘാതമേൽപ്പിച്ചിട്ടുണ്ട്. ഇവയുടെ അനന്തരഫലമായിട്ടുള്ള ആറ് സങ്കീർണതകളെ നമുക്ക് പരിശോധിക്കാം.

1) മാനവികതക്കുമേലുള്ള അതിക്രമം: ലോക്ക്ഡൗണിന്റെ തുടക്കത്തിൽ, ലോകത്തെ തൊഴിലെടുക്കാൻ ശേഷിയുള്ള 330 കോടിജനതയുടെ പകുതിയോളം (160 കോടി) പേർക്ക് (ഇവരെല്ലാം അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരാണ്) വരുമാനത്തിന്റെ 60 ശതമാനവും നഷ്ടപ്പെട്ടു. ആഫ്രിക്കയിലെയും അമേരിക്കൻ ഭൂഖണ്ഡങ്ങളിലെയും തൊഴിലാളികൾക്ക് വരുമാനത്തിൽ 80 ശതമാനം ഇടിവാണുണ്ടായത്. ഇതിന്റെ ഫലമായി, കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ (acute food insecurity) നേരിടുന്നവരുടെ എണ്ണം കോവിഡിനു മുമ്പ് 14.9 കോടി ആയിരുന്നത് മഹാമാരിക്കാലത്ത് 27 കോടി ആയി ഉയരും. ലോകജനസംഖ്യയുടെ പകുതിയും പട്ടിണിയോട് പൊരുതുകയാണെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്. ആരോഗ്യ, പോഷകാഹാര സേവനങ്ങളിൽ വന്ന തടസ്സം മൂലം, വർഷാവസാനത്തോടെ പ്രതിദിനം 6,000 കുട്ടികൾ പ്രതിരോധിക്കാൻ സാധിക്കുമായിരുന്ന കാരണങ്ങളാൽ മരിച്ചു പോയേക്കാമെന്ന് യൂണിസെഫ് പറയുന്നു.ശതകോടിക്കണക്കിന് ആളുകൾ മൂലധനസഞ്ചയത്തിന് (capital accumulation) അനാവശ്യമായ മിച്ച ജനസംഖ്യയായി (surplus population) മാറിയിട്ടുണ്ട്. മാനവികതക്കുമേലുള്ള അതിക്രമത്തെ മഹാമാരി കൂടുതൽ തീവ്രമാക്കിയിരിക്കുന്നു. തൊഴിൽരഹിതർക്കും പട്ടിണി കിടക്കുന്നവർക്കും നേരിട്ട് ആശ്വാസമെത്തിക്കേണ്ടത് അടിയന്തര ആവശ്യമാണ്. ഒരു ട്രില്യൺ (ഒരു ലക്ഷം കോടി) ഡോളർ വിലമതിക്കുന്ന ഭക്ഷണം ഓരോ വർഷവും പാഴാവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നുവെന്ന് Food and Agriculture Organization (FAO) ചൂണ്ടിക്കാണിക്കുന്നു.200 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകാൻ ഉതകുന്ന അത്രയുമാണിത്. ലോകത്ത് ആവശ്യത്തിന് ഭക്ഷണമില്ല എന്നതല്ല വിശപ്പിന്റെ മൂലകാരണം. വർഗവ്യവസ്ഥയിൽ ഒരു യാഥാർഥ്യമായ, വിശക്കുന്നവരുടെ കയ്യിൽ ഭക്ഷണം വാങ്ങാൻ പണമില്ല എന്ന വസ്തുതയാണ് പട്ടിണി വ്യാപകമായി തുടരുന്നതിന് അടിസ്ഥാനം.

2) ചെറുകിട സംരംഭകരുടെ തകർച്ച: ചെറുകിട കർഷകരെയും കരകൗശലപ്പണിക്കാരെയും ഇല്ലാതാക്കുന്നതാണ് മുതലാളിത്തത്തിന്റെ പ്രവണത. കാർഷിക വ്യവസായങ്ങളുടെയും വ്യാവസായിക മൂലധനത്തിന്റെയും കുത്തകശക്തികളാൽ ഇവർ തുടച്ചുമാറ്റപ്പെടുകയാണ്. മഹാമാരിക്കുമുമ്പ്, ചെറുകിട കച്ചവടക്കാർ, റസ്റ്റോറന്റ് ഉടമകൾ, ചെറുകിട ബിസിനസുകാർ എന്നിവർക്കൊക്കെ പലവിധ കാരണങ്ങളാൽ കുറച്ച് സംരക്ഷണങ്ങൾ ബാക്കിയുണ്ടായിരുന്നു. മഹാമാരിയുടെ കാലത്ത് ചെറുകിട കച്ചവടക്കാരെ ഒഴിവാക്കി ഓൺലൈനായി സാധനങ്ങൾ വാങ്ങാൻ ‘പ്ലാറ്റ്‌ഫോം മുതലാളിത്തം' ഉപഭോക്താക്കളെ പരിശീലിപ്പിച്ചതോടെ ചെറുകിട കച്ചവടക്കാർ തുടച്ചുമാറ്റപ്പെടുകയാണ്. മൊത്ത- ചില്ലറ കച്ചവട മേഖലകളിലെ 43.6 കോടിയിലധികം സംരംഭങ്ങൾ ‘ഗുരുതര തകർച്ചയുടെ വലിയ അപകടസാധ്യത നേരിടുന്നു' എന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന പറയുന്നു. വിസ്തൃതമായ പ്രദേശങ്ങളിൽ വികേന്ദ്രീകൃതമായി കോടിക്കണക്കിന് ആളുകൾ തൊഴിലെടുക്കുന്നവയാണ് ഇത്തരം സംരംഭങ്ങൾ. അവ ഇല്ലാതാക്കി പകരം താരതമ്യേന കുറച്ചുപേർ, ചില പ്രദേശങ്ങൾ മാത്രം കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്ന രീതിയിലുള്ള, കൂടുതൽ 'ഉത്പാദനക്ഷമവും കാര്യക്ഷമവും' ആണെന്നു വാദിക്കപ്പെടുന്ന പ്ലാറ്റ്‌ഫോം കമ്പനികൾ ഉയർന്നുവരുന്നതാണ് പ്ലാറ്റ്‌ഫോം മുതലാളിത്തത്തിലേയ്ക്കുള്ള മാറ്റത്തിന്റെ പ്രത്യാഘാതം.

3) ലിംഗപദവീശ്രേണികളുടെ പുനഃസ്ഥാപനം: വീട്ടിലിരിക്കുവാനാവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവുകൾ കുടുംബത്തിനകത്തെ തൊഴിൽ വിഭജനത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. വീട്ടുജോലികളും കുട്ടികളെ നോക്കുന്നതുമൊക്കെയായി സ്ത്രീകൾക്കുമേലുള്ള ഭാരം രൂക്ഷമായി എന്ന് ഒട്ടനവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ ഭാരം കുറച്ചിരുന്ന പൊതുവിദ്യാലയങ്ങൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ എന്നിങ്ങനെ എല്ലാ സാമൂഹ്യവൽക്കരിക്കപ്പെട്ട രൂപങ്ങളും റദ്ദാക്കപ്പെട്ടൂ. വിദ്യാഭ്യാസത്തോടുള്ള ഭാവനാരഹിതമായ സമീപനം മൂലം മിക്കവാറും അമ്മമാർ ഡിജിറ്റൽ വിടവ് (digital divide) പരിഹരിക്കാൻ മക്കളെ സഹായിക്കാൻ നിർബന്ധിതരാവുകയാണ്. ഇത് പുനരുൽപാദനപരമായ ജോലികൾ നിർവഹിക്കുന്നതിനായി അവരുടെ തൊഴിൽ ഉപേക്ഷിക്കാനുള്ള വർധിച്ച സമ്മർദ്ദമായി മാറുന്നു. വിദ്യാർത്ഥികളെ സംബന്ധിച്ച് വർഷങ്ങളോളം ഫലപ്രദമായ വിദ്യാഭ്യാസം നഷ്ടമാകാനും ഈ സമീപനം കാരണമാകുന്നു. ശിശു സംരക്ഷണത്തിന്റെ അഭാവം, പരിചരണ ജോലികൾക്കു ലഭിക്കുന്ന വേതനം കുറവായിരിക്കുന്നത്, തൊഴിലാളികൾക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കാത്തത്, വലിയതോതിൽ തൊഴിലാളികളെ പിരിച്ചുവിടുന്നത്, പരിചരണ സമ്പദ്വ്യവസ്ഥയിൽ ജീവനക്കാർ കുറവായിരിക്കുന്നത്, എന്നിങ്ങനെയുള്ള ആശങ്ക വർദ്ധിച്ചതായി ആരോഗ്യ പരിപാലനം ഉൾപ്പെടെയുള്ള പരിചരണ സമ്പദ്​വ്യവസ്ഥയുടെ (care economy) ഭാഗമായ സ്ത്രീകൾ റിപ്പോർട്ട് ചെയ്യുന്നു. ഇവയൊക്കെ സ്ത്രീ തൊഴിലാളികളുടെ മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് മഹാലോക്ക്ഡൗണിന്റെ നേരിട്ടുള്ള അനന്തരഫലമാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പര്യാപ്തമായ യാതൊരു നയവും സ്വീകരിക്കപ്പെട്ടിട്ടില്ല. ഇവയെല്ലാം പുരുഷാധിപത്യപരമായ ലിംഗപദവീ ശ്രേണികളെ (gender hierarchies) അരക്കിട്ടുറപ്പിക്കുന്നു.

4. ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണം: ബൂർഷ്വാ ജനാധിപത്യത്തോട് ഔപചാരികമായി പ്രതിബദ്ധതയുള്ള സർക്കാരുകൾ, മഹാലോക്ക്ഡൗണിന്റെ മറവിൽ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും ഇല്ലാതാക്കുകയാണ്. ഉദാഹരണത്തിന്, ഇന്ത്യയിൽ സർക്കാർ തൊഴിൽ സംരക്ഷണം പിൻവലിക്കുകയും തൊഴിൽദിനത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും പാവപ്പെട്ട തൊഴിലാളികളും കൃഷിക്കാരും തങ്ങളുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്നതിന്റെ തെളിവുകൾ കാണുന്നു. ബൊളീവിയ മുതൽ തായ്ലൻഡ് വരെ ജനാധിപത്യ സർക്കാരുകൾക്കെതിരെയുള്ള അട്ടിമറികൾ ‘വിശുദ്ധീകരിക്ക'പ്പെടുകയും തെരഞ്ഞെടുപ്പുകൾ വൈകിപ്പിക്കപ്പെടുകയും ചെയ്യുന്നു. കൊളംബിയ മുതൽ ദക്ഷിണാഫ്രിക്ക വരെയുള്ള രാജ്യങ്ങളിൽ രാഷ്ട്രീയ പ്രവർത്തകരുടെ കൊലപാതകവും ഇന്ത്യ മുതൽ ഫലസ്തീൻ വരെ ഭിന്നാഭിപ്രായക്കാരെ തടവിലാക്കലും തുടരുന്നു. ജനാധിപത്യ സ്ഥാപനങ്ങളെ പൂർണമായും തഴയുന്നതിനു പകരം, ജനാധിപത്യ സ്ഥാപനങ്ങളെ ഉപയോഗിച്ചു തന്നെ ഈ സർക്കാരുകൾ ജനാധിപത്യ പ്രക്രിയകളെ ശ്വാസം മുട്ടിക്കുകയാണ്.

5. മുതലാളിത്തത്തെ രക്ഷിക്കാൻ പാരിസ്ഥിതിക പ്രതിസന്ധിയെ ഉപയോഗപ്പെടുത്തുന്നത്: മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്ന ജൈവികതയെ തകർത്ത വിനാശകരമായ മുതലാളിത്ത ബന്ധങ്ങളെ പുനർവിചിന്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ് കോവിഡ് കാലം. ‘പാരിസ്ഥിതിക പ്രതിസന്ധി'യെ ‘കാലാവസ്ഥാ മാറ്റം' എന്ന നിലയിലേയ്ക്ക് കുറച്ചുകാണുന്നതും, പ്രതിസന്ധിയിൽ നിന്നുള്ള മോക്ഷമെന്നോണം ‘ഹരിത മുതലാളിത്തം' അഥവാ കുറച്ചുകൂടി കൃത്യമായിപ്പറഞ്ഞാൽ ‘ഗ്രീൻ ന്യൂ ഡീൽ' മുന്നോട്ടു വയ്ക്കപ്പെടുന്നതും ആണ് നാമിപ്പോൾ കാണുന്നത്. ഹരിത സാങ്കേതികവിദ്യയുടെ ബാറ്ററികൾക്കും സ്‌ക്രീനുകൾക്കും ആവശ്യമായ കോബാൾട്ട്, ലിഥിയം, മറ്റ് ധാതുക്കൾ എന്നിവ കുഴിച്ചെടുക്കുന്ന ഖനികളെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ, സ്വകാര്യ ഊർജ്ജ സ്ഥാപനങ്ങൾ കാർബണിൽ നിന്ന് പുനരുപയോഗപരമായ ഇന്ധനങ്ങളിലേക്ക് മാറുന്നതിന് പൊതു പണം ഉപയോഗിക്കുന്നതാണ് ഈ ഗ്രീൻ ന്യൂ ഡീൽ. കാർഷികബന്ധങ്ങളുടെ പരിഷ്‌കാരം, ഉൽപാദനപരമായ ആസ്തികളുടെ പൊതുമേഖലയിലേക്കുള്ള കൈമാറ്റം, ഊർജ്ജ പരിവർത്തനത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള സംവാദം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചുള്ള സംവാദം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. മുതലാളിത്തത്തിന് അതിന്റെ സാധാരണ നിലയിലുള്ള പ്രവർത്തനം ഉറപ്പുവരുത്താൻ ഏകദേശം മൂന്ന് ശതമാനം വളർച്ചയെങ്കിലും ആവശ്യമാണെന്ന് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നു. അതായത്, ആഗോള സമ്പദ്വ്യവസ്ഥയുടെ വലിപ്പം ഓരോ 25 വർഷത്തിലും ഇരട്ടിയാകണം. ഇത്രയും സ്‌ഫോടനാത്മകമായ വളർച്ച താങ്ങാൻ ഈ ഗ്രഹത്തിന് കഴിയുകയില്ല.

6. പ്രതിസന്ധി ഉപയോഗിച്ച് ചൈനക്കു നേരെ നടക്കുന്ന ആക്രമണം: യു.എസ് സർക്കാർ ചൈനക്കുമേൽ നടത്തുന്ന കൂടുതൽ ശക്തമായ ആക്രമണം ലോകത്തിന് മുന്നിൽ പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. 1990-കളിൽ ഒരു വ്യാപാരത്തർക്കമായി ആരംഭിച്ച പോർവിളി ഇപ്പോൾ ചൈനക്കെതിരെ യു.എസ് അസ്തിത്വപരമായ വെല്ലുവിളി ഉയർത്തുന്നുവെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നിലേയ്ക്ക് വളർന്നിരിക്കുന്നു. യു.എസ് ഭരണവർഗം ഒന്നിച്ചുനിന്ന് ചൈനക്കെതിരെ ഉയർത്തുന്ന ഈ ഭീഷണി യുക്തിരഹിതമല്ല; തികച്ചും യുക്തിസഹമായ കാരണങ്ങളാണ് അതിനു പിന്നിലുള്ളത്. ഒന്നാമത്, ചൈനീസ് സമ്പദ്വ്യവസ്ഥ പതുക്കെ ലോകത്ത് ഏറ്റവും വലുതായി മാറും എന്ന് യു.എസ് ശരിയായിത്തന്നെ മനസ്സിലാക്കിയിരിക്കുന്നു. രണ്ടാമത്, ചൈനീസ് സർക്കാരിനെ ദുർബലപ്പെടുത്തുന്നതിനോ അട്ടിമറിക്കുന്നതിനോ ഉള്ള വിവിധ സങ്കര യുദ്ധതന്ത്രങ്ങൾ (hybrid war strategies) ലോകക്രമത്തിന്റെ മേൽ യു.എസിന് നിലവിലുള്ള മേധാവിത്വത്തെ മറികടക്കുന്നതിൽ നിന്ന് ചൈനയെ തടയാൻ പര്യാപ്തമല്ല. യു.എസ് സാമ്രാജ്യത്വത്തിന്റെ കൈവശമുള്ള ഏക മാർഗം സായുധ ബലമാണ്. യു.എസ് സായുധ നടപടിക്കു മുതിരും എന്ന ഭീഷണി നിലനിൽക്കുന്നുണ്ട്; എന്നിരുന്നാലും ഇതുവരെ സ്ഥിതിഗതികൾ അവിടം വരെ എത്തിയിട്ടില്ല. നിലവിൽ യു.എസ് ശ്രമിക്കുന്നത് ലോക സമ്പദ്വ്യവസ്ഥയിൽ ചൈനയുടെ പങ്ക് ദുർബലപ്പെടുത്താനാണ്. ഈ ലക്ഷ്യം നേടിയെടുക്കുക യു.എസിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ്, ദീർഘകാല മേധാവിത്വത്തിന് ഹ്രസ്വകാല തടസ്സങ്ങൾ നേരിടാൻ തയ്യാറാവേണ്ടതുണ്ടെന്ന് യു.എസ് ഭരണവർഗം മനസ്സിലാക്കുന്നുണ്ടെങ്കിൽക്കൂടി. ഈ സാഹചര്യത്തിൽ, ഉയർന്നുവരുന്ന പുതിയ ശീതയുദ്ധത്തിനെതിരെ നിലകൊള്ളുകയും No Cold War പ്ലാറ്റ്‌ഫോം മുന്നോട്ടുവെച്ചിരിക്കുന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിലുള്ള പ്രസ്ഥാനത്തിൽ അണിചേരുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

അപകടകരമായ പിടിപ്പുകേടിന്റെ ചുഴിയിൽ ഉഴലുമ്പോഴും ബൂർഷ്വാ സർക്കാരുകളുടെ സാധുതയും പൊതുസമ്മതിയും സ്വയമേവ ഇല്ലാതാകുന്നില്ല. അവർ അധികാരത്തിൽ തുടരുകയും തങ്ങളുടെ ആധിപത്യം കൂടുതൽ ആഴത്തിൽ ഉറപ്പിക്കുകയും ചെയ്യുന്നതായി കാണപ്പെടുന്നു.

അറസ്റ്റിലായവരിൽപ്പെടുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് കവിയായ വരവര റാവു ഇപ്പോൾ ജയിലിൽ അസുഖബാധിതനായിരിക്കുകയാണ്. തന്നെപ്പോലുള്ള ഒരു കമ്യൂണിസ്റ്റുകാരനെ 1990-ൽ എഴുതിയ ‘കഴിഞ്ഞ ദിവസം' എന്ന കവിതയിൽ അദ്ദേഹം സങ്കൽപ്പിക്കുന്നുണ്ട്. നമ്മുടെ മാനവികതയെ ദുർബലപ്പെടുത്തുന്ന വ്യവസ്ഥയുടെ അനീതിയെ അദ്ദേഹത്തിന്റെ വരികൾ അടിവരയിടുന്നു.

സ്വത്ത്
മനുഷ്യന്റെ ലോകത്തെ ശിഥിലമാക്കുന്നു
സൂക്ഷിപ്പുകാരായും കുറ്റവാളികളായും.
മനുഷ്യത്വരാഹിത്യത്തിന്റെ സൂക്ഷിപ്പുകാരനായിരിക്കുന്നതിനേക്കാൾ നല്ലത് ഈ ലോകത്ത് ഒരു കുറ്റവാളിയായിരിക്കുന്നതാണ്

(Tricontinental: Institute for Social Research ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ചരിത്രകാരനും പത്രപ്രവർത്തകനുമായ വിജയ് പ്രഷാദ്. ട്രൈക്കോണ്ടിനെന്റലിന്റെ 2020-ലെ 36ാമത്തെ ന്യൂസ് ലെറ്ററിന്റെ പരിഭാഷയാണിത്)

Comments