കേരളത്തിൽ ഭരണ, പ്രതിപക്ഷ രാഷ്ട്രീയമുന്നണികളും- ഇടതുപക്ഷ ജനാധിപത്യ മുന്നണി, ഐക്യ ജനാധിപത്യ മുന്നണി- ബി.ജെ.പിയും ഒരേ പോലെ കൈകോർക്കുകയും ഒരേസ്വരത്തിൽ പിന്തുണയ്ക്കുകയും ചെയ്യുന്ന ഏക വിഷയം വിഴിഞ്ഞത്ത് അദാനി പോർട്‌സ് (SEZ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ നിർമിക്കുന്ന വിഴിഞ്ഞം തുറമുഖമാണ്. തുറമുഖനിർമ്മാണത്തെത്തുടർന്ന് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ഉപജീവനമാർഗ്ഗവും വാസ്ഥലങ്ങളും നഷ്ടപ്പെടുന്നതിനെതിരെ നടത്തുന്ന വലിയ പ്രതിഷേധം പോലും എങ്ങനെയെങ്കിലുമൊന്ന് ഒതുക്കിത്തീർത്ത് അദാനിയുടെ കൊള്ള സുഗമമായി നടത്തുന്നതിന് സേവനസന്നദ്ധരാണ് സർക്കാരും പ്രതിപക്ഷവും അദാനിയുടെ കേന്ദ്ര ഏജൻസിയായ ബി.ജെ.പിയും.
പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയുംക്കുറിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ അടിയന്തരപ്രശ്‌നങ്ങളെ എങ്ങനെയെങ്കിലും താത്ക്കാലികമായി സൂത്രത്തിൽ ഒപ്പിച്ചുമാറാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇപ്പോൾ നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തെ അത്തരത്തിൽ മാത്രം സമീപിക്കാനും അത് വേഗം അവസാനിപ്പിച്ചെടുക്കാനുമുള്ള സർക്കാർ വ്യഗ്രത, ആത്യന്തികമായി വിഴിഞ്ഞം തുറമുഖ നിർമാണമെന്ന അദാനി പദ്ധതിയുടെ സാമ്പത്തിക ക്രമക്കേടുകളും പദ്ധതിയുടെ പേരിൽ അദാനിയും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും ചേർന്ന് നടത്തുന്ന, കേരളത്തിന്റെ തെക്കൻ കടൽത്തീരം പൊതുചെലവിൽ അദാനിക്ക് തീറെഴുതിക്കൊടുക്കുന്ന വമ്പൻ അഴിമതിയെയും കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാകാതിരിക്കാനാണ്.
വിഴിഞ്ഞത്തെ രാഷ്ട്രീയ താൽപര്യങ്ങൾ
ഉമ്മൻചാണ്ടി സർക്കാർ അദാനി ഗ്രൂപ്പുമായി (Adani Vizhinjam Port Private Ltd) 2015 ആഗസ്റ്റിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കരാർ ഒപ്പിടുന്നതുതന്നെ പ്രത്യക്ഷമായ അഴിമതിയുടെ പശ്ചാത്തലത്തിലായിരുന്നു. നിക്ഷേപവും നടത്തിപ്പും വെച്ചുനോക്കിയാൽ ഒരുതരത്തിലും ലാഭകരമല്ലാത്ത ഒന്നാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് മൂന്ന് ലാഭക്ഷമതാ - സാധ്യതാ പഠനങ്ങളിലും വ്യക്തമായ പദ്ധതിയിൽ പലതവണ ശ്രമിച്ചിട്ടും സ്വകാര്യ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചില്ല. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ രൂപീകരിച്ച പ്രത്യേകോദ്ദേശ കമ്പനിയായ (Special Purpose Vehicle- SPV) വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട് ലിമിറ്റഡ് ഇൻറർനാഷനൽ ഫിനാൻഷ്യൽ കമീഷൻ (International Financial Commission) എന്ന ആഗോള ഏജൻസിയെ ലാഭക്ഷമതാ-സാധ്യത പഠനത്തിന് നിയോഗിച്ചു. അവർ 2010-ൽ നൽകിയ റിപ്പോർട്ടനുസരിച്ച് (Viability report) തുറമുഖ നിർമ്മാണത്തിനുള്ള ചെലവും വരുമാനവും പൊരുത്തപ്പെട്ടുപോകില്ല എന്നും തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ നഷ്ടത്തിലാകുമെന്നും പറയുന്നു.
എന്നാൽ തുറമുഖ നിർമാണമെന്ന വെള്ളാനയുണ്ടാക്കുന്ന അനന്തസാധ്യതകൾ തിട്ടമുണ്ടായിരുന്ന രാഷ്ട്രീയ- ഉദ്യോഗസ്ഥ നേതൃത്വം എന്തുവന്നാലും ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കിയേത്തീരൂ എന്നുറപ്പിച്ചിരുന്നു. എന്നാൽ രണ്ടാമതായി ലാഭക്ഷമതാ പഠനം നടത്താൻ ഏൽപ്പിച്ച AECOM എന്ന ഏജൻസിയും ആദ്യപഠനത്തിലേതിന് സമാനമായ നിരീക്ഷണങ്ങൾ നടത്തുകയും മുതൽമുടക്കുമായി തട്ടിച്ചുനോക്കിയാൽ വിഴിഞ്ഞം തുറമുഖം നഷ്ടത്തിലാകുമെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ കോടിക്കണക്കിനു രൂപയുടെ അഴിമതിസാധ്യതകൾ ഉറപ്പിച്ചിരിക്കുന്ന ഭരണനേതൃത്വം വീണ്ടുമൊരു പഠനത്തിന് ഏണസ്റ്റ് ആൻഡ് യങ് കമ്പനിയെ നിയോഗിച്ചു. അവർ നൽകിയ റിപ്പോർട്ടിലും ഒരു തുറമുഖ പദ്ധതി എന്ന നിലയിൽ നടത്തിയാൽ വിഴിഞ്ഞം തുറമുഖം ലാഭത്തിൽ കൊണ്ടുനടക്കാനാകില്ലെന്നുതന്നെ പറഞ്ഞിരുന്നു. എന്നാൽ അന്തിമകരാർ തീരുമാനിക്കും വരെ ഈ പഠനം ഉമ്മൻചാണ്ടി സർക്കാർ പുറത്തുവിട്ടില്ല. തുറമുഖത്തിനൊപ്പം ഇപ്പോൾ അദാനി നടത്താനുദ്ദേശിക്കുന്ന റിയൽ എസ്റ്റേറ്റ് വ്യാപാരവും വികസനവുമാണ് ഇതിൽ ലാഭമെന്ന് ആ റിപ്പോർട്ടിൽ പറയുന്നു. ധനികർക്കും അതിധനികർക്കുമായുള്ള വൻകിട പാർപ്പിട സമുച്ഛയങ്ങൾ, ആഡംബര ഹോട്ടൽ, ഷോപ്പിംഗ് മാളുകൾ എന്നിങ്ങനെയാണ് ധനികരുടെ സമാന്തരലോകമുണ്ടാക്കുന്ന ഭൂമി കയ്യടക്കൽ-വികസന പദ്ധതിയാണ് അദാനിയെ ഇതിലേക്കാകർഷിച്ച ഒരു പ്രധാന ഘടകം. അതുകൊണ്ടാണ് അദാനിയല്ലാതെ മറ്റാരും പദ്ധതി ഏറ്റെടുക്കാനില്ലെന്ന ഒരു അവസ്ഥ ഉണ്ടായതും. തുറമുഖ നടത്തിപ്പ് വഴി ലാഭസാധ്യതയില്ലാത്ത പദ്ധതി അദാനി ഏറ്റെടുക്കുന്നത് ഏതാണ്ട് 150 ഏക്കറോളം ഭൂമിയിൽ നടത്താനുള്ള തുറമുഖേതര വ്യാപാരത്തിൽക്കൂടി കണ്ണുവെച്ചാണ്. സർക്കാർ ഏറ്റെടുത്ത് അദാനിക്ക് വിട്ടുകൊടുക്കുന്ന ഭൂമി പ്രത്യേക സാമ്പത്തിക മേഖലയുമാകുന്നതോടെ (SEZ) പ്രാദേശികമായോ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കോ പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ലാത്ത മറ്റൊരു അദാനി കോർപറേറ്റ് റിപ്പബ്ലിക്കാണ് ഉണ്ടാകാൻ പോകുന്നത്.
സിൽവർ ലൈൻ -അർദ്ധ അതിവേഗ തീവണ്ടിപ്പാതയുടെ സ്‌റ്റേഷനുകൾക്കുചുറ്റുമായി പുതിയ നഗരങ്ങളുണ്ടാക്കുമെന്ന് പറയുന്ന സംസ്ഥാന സർക്കാരിന്റെ വികസന പരിപാടിയിലും സമാനമായ ധനിക പാർപ്പിട, വിനോദ, വാണിജ്യ കേന്ദ്രങ്ങളാണ് എന്നത് ആകസ്മികമായ പൊരുത്തമല്ല. ധനികർക്കായൊരു സമാന്തര കേരളമാണ് സൃഷ്ടിക്കുന്നത്, അതിന്റെ ചെലവ് സാധാരണക്കാരായ കേരളീയരാണ് വഹിക്കേണ്ടിവരുന്നത്, പൊതുഭൂമിയും പൊതുവിഭവങ്ങളുമാണ് കൈമാറുന്നത്, ‘പുത്തൻ വർഗം' പുതിയ റിപ്പബ്ലിക്കിലേക്ക് താമസം മാറുകയാണ്.
‘രണ്ടുപേർ വിൽക്കുകയും രണ്ടു പേർ വാങ്ങുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ’ എന്ന മോദി- അമിത് ഷാ, അംബാനി- അദാനി ഇടപാടുകളെക്കുറിച്ച് പറഞ്ഞപോലെ, കേരളത്തിൽ അദാനിക്ക് കേരളത്തിന്റെ തെക്കൻ മുനമ്പ് വാമനൻ അളന്നെടുത്തപോലെ കയ്യടക്കാനായി നൽകാൻ യു.ഡി.എഫും എൽ. ഡി.എഫും ബി. ജെ. പിയും പരസ്പരം മത്സരിക്കുകയായിരുന്നു എന്നുകാണാം. കോവിഡ് -സാമ്പത്തിക മാന്ദ്യകാലത്ത് ലോകത്തുതന്നെ ഏറ്റവും കൂടുതൽ സമ്പത്ത് വർധിപ്പിച്ച കോർപറേറ്റ് അദാനിയാണ്. ലോകത്തുതന്നെ ഏറ്റവും വേഗത്തിൽ സമ്പത്ത് വർധിപ്പിക്കുന്ന കോർപറേറ്റുകളുടെ മുൻനിരയിൽ അദാനിയുണ്ട്. ആശ്രിത മുതലാളിത്തത്തിന്റെയും പ്രാഥമിക വിഭവങ്ങളുടെ കൊള്ള നടത്തുന്ന കോർപറേറ്റ് ഭീകരതയുടെയും ഏറ്റവും വമ്പൻ ഉദാഹരണമാണ് അദാനി ഗ്രൂപ്പ്. ഇതെല്ലാം ആരോപിക്കുന്നവരിൽ സി.പി.ഐ (എം) ദേശീയ നേതൃത്വവുമുണ്ട്. എന്നാൽ വിഴിഞ്ഞത്തെത്തുന്നതോടെ അദാനി വികസനത്തിന്റെ കാവൽ മാലാഖയാകുന്നു, ഉമ്മൻചാണ്ടി ഒപ്പുവെച്ച വിഴിഞ്ഞം തുറമുഖ കരാറിൽ 6000 കോടി രൂപയുടെ അഴിമതിയാരോപിച്ച പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ വികസനവിരോധികളെ തട്ടിമാറ്റി അദാനിയുടെ കപ്പിത്താനാകുന്നു. ‘ഈ കപ്പൽ മുങ്ങുകില്ല സാർ, ഇതിനൊരു കപ്പിത്താനുണ്ട് സാർ’ എന്ന് നീട്ടിവിളിച്ച് അദാനിക്കുറപ്പുകൊടുക്കുന്നു. വിഴിഞ്ഞം എന്നൊരു ഭൂപ്രദേശം കേരളത്തിന്റെ ഭൂപടത്തിലെ ഇല്ല എന്ന മട്ടിൽ വിസ്മരിച്ചതായി അഭിനയിക്കുന്നു പ്രതിപക്ഷം.
തെക്കൻ മുനമ്പിലെ അദാനി റിപ്പബ്ലിക്
പൊതുജനങ്ങളുടെ പണമെടുത്ത് അദാനിക്ക് തുറമുഖവും ഭൂമി വികസന കച്ചവടവും നടത്താൻ സർക്കാർ കൂട്ടുനിൽക്കുന്ന പണിയാണ് വിഴിഞ്ഞത്ത് നടക്കുന്നത്. പദ്ധതിയുടെ മതിപ്പു ചെലവ് 2015-ൽ കണക്കാക്കിയത് 7525 കോടി രൂപയാണ്. അതിൽ അദാനിയുടെ മുതൽമുടക്ക് 2454 കോടി രൂപ മാത്രം. സംസ്ഥാന സർക്കാർ നേരിട്ട് 3463 കോടി രൂപ മുടക്കും. കേന്ദ്ര സർക്കാർ Viability Gap Fund ആയി നൽകുന്ന 1635-ൽ 817.8 കോടി രൂപ സംസ്ഥാന സർക്കാരിന്റേതാണ്. സർക്കാർ 360 ഏക്കർ കരഭൂമി അദാനി പോർട്ടിന് ഏറ്റെടുത്ത് നൽകും. 130 ഏക്കർ കടൽ നികത്തിയെടുക്കുന്നതും തുറമുഖ കമ്പനിക്കാണ്. ഇതിൽ കരഭൂമിയിൽ നൂറിലേറെ ഏക്കർ തുറമുഖേതര വ്യാപാരത്തിനായാണ് ഉപയോഗിക്കുക. അതിന്റെ പൂർണ അവകാശവും നിയന്ത്രണവും അദാനിക്കായിരിക്കും. അവിടെയാണ് അദാനിയുടെ പുതിയ ‘റിപ്പബ്ലിക്ക്’ സ്ഥാപിക്കുക. തിരുവനന്തപുരം വിമാനത്താവളംകൂടി അദാനി കൈക്കാലാക്കിയതോടെ ഇന്ത്യയുടെ തെക്കേ മുനമ്പിലെ ഏറ്റവും നിർണ്ണായകമായൊരു ഭൂപ്രദേശത്ത് അദാനി സ്വന്തം റിപ്പബ്ലിക്ക് SEZ ആയി മാറ്റുകയാണ്.
അതായത് ഒരു പദ്ധതിയുടെ മൂന്നിലൊന്നു മാത്രം മുതൽമുടക്കുന്ന കമ്പനി എല്ലാ ലാഭവും അനുബന്ധ അവകാശങ്ങളും ഒറ്റയ്ക്ക് അടിച്ചെടുക്കുന്നൊരു കരാർ ലോകത്തിലെ പാവസർക്കാരുകളെക്കൊണ്ട് കോർപറേറ്റുകൾ എഴുതിക്കുന്ന തരത്തിലുള്ളതാണ്. അത്തരമൊരു കരാർ നടപ്പാക്കാനാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആവേശത്തോടെ ഇറങ്ങിയത് എന്നത്, എങ്ങനെയാണ് വികസനമായക്കാഴ്ചയുടെ വിൽപ്പനക്ക് മുതലാളിത്തം പുതിയ ദല്ലാളുകളെ കണ്ടെത്തുന്നത് എന്നതിന്റെ മലയാളിത്തനിമയുള്ള ഉദാഹരണമാണ്.
സാധാരണ പൊതു-സ്വകാര്യ പദ്ധതികളിൽ (PPP) പരമാവധി 30 വർഷം വരെ സ്വകാര്യ കമ്പനിയുടെ പങ്കാളിത്ത ഉടമസ്ഥത നിലനിർത്തുമ്പോൾ വിഴിഞ്ഞത്ത് അദാനി 40 വർഷത്തേക്ക് സമ്പൂർണാവകാശം നേടി. അതിനുശേഷം 20 വർഷം അധികമായി അത് നീട്ടിയെടുക്കാനുള്ള വ്യവസ്ഥയും കരാറിൽ വെച്ചു. അദാനിയുടെ ലാഭം ഭൂമി വികസന വ്യാപാരത്തിൽ നിന്ന് വരുമ്പോൾ തുറമുഖ നടത്തിപ്പിലെ ലാഭം അടുത്ത കാലത്തൊന്നും ഉണ്ടാകില്ല എന്ന വസ്തുത അവശേഷിക്കുന്നു. അപ്പോഴാണ് പദ്ധതി പ്രവർത്തനമാരംഭിച്ച് 15 വർഷം കഴിയുമ്പോൾ കേരള സർക്കാരിന് 1% ലാഭം അദാനി നൽകുമെന്ന് വ്യവസ്ഥ വെച്ചിരിക്കുന്നത്. ഇത് പിന്നീട് ഓരോ ശതമാനം മാത്രം വർധിക്കും. പദ്ധതിയുടെ മൊത്തം നിർമാണത്തിന് പലവഴിക്കായി 5000 കോടി രൂപ മുതൽമുടക്കുന്ന സംസ്ഥാന സർക്കാരിനാണ് ലാഭമുണ്ടെങ്കിൽ അതിൽ നിന്ന് ഒരു ശതമാനം ലഭിക്കുന്നത്. ഇതാണ് കേരളത്തിന്റെ മുഖഛായ മാറ്റാൻ പോകുന്ന വികസനം!
വല്ലാർപാടത്തിന്റെ വഴിയേ പോകുന്ന വിഴിഞ്ഞം
കേരളത്തിലെ രാഷ്ട്രീയനേതൃത്വം മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളും വിഴിഞ്ഞം തുറമുഖം സംബന്ധിച്ച വികസന സ്വപ്നങ്ങൾ അദാനിയുടെ സചിവന്മാർ കണക്കെ ഉച്ചത്തിൽ എഴുന്നെള്ളിച്ചുകൊണ്ടിരുന്നു. ഇപ്പോൾ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തിൽപ്പോലും അദാനി കമ്പനിക്കെതിരായോ തുറമുഖനിർമാണത്തിലെയോ കരാറിലെയോ അശാസ്ത്രീയതയ്ക്കും അഴിമതിക്കുമെതിരായോ ഒന്നുംതന്നെ പറയാതിരിക്കാൻ മാധ്യമങ്ങൾ ദത്തശ്രദ്ധരാണ്. മത്സ്യത്തൊഴിലാളികളുടെ പാർപ്പിട പ്രശ്നം മാത്രമായി അതിനെച്ചുരുക്കാൻ വളരെ ബോധപൂർവ്വമായ ശ്രമങ്ങളുമുണ്ട്.
വിഴിഞ്ഞം അത്ഭുതകരമായ പ്രകൃതിദത്ത തുറമുഖമാണെന്ന് വലിയ പ്രചാരണമാണ് നടത്തിയത്. തുറമുഖ സാധ്യതയുള്ള ഇടുക്കുകളും മറ്റും ഇല്ലാത്ത കടലിൽ പുലിമുട്ടുകളിട്ട് (breakwater) കപ്പലുകൾ തീരത്തടുക്കാൻ സൗകര്യമുണ്ടാക്കുന്നവ ലോകത്തെങ്ങും കൃത്രിമ തുറമുഖങ്ങളായാണ് അറിയപ്പെടുന്നത്. പ്രകൃതിദത്ത തുറമുഖത്തിൽ ഇത്തരം പുലിമുട്ടുകളില്ലാതെ ബെർത്തുകൾ പണിത് കപ്പലടുപ്പിക്കാൻ കഴിയും. എന്നാൽ 3100 മീറ്റർ പുലിമുട്ട് നിർമാണം വേണ്ടിവരുന്ന വിഴിഞ്ഞം തുറമുഖത്തിനെ നമ്മൾ അദാനിയോടുള്ള പ്രത്യേക സ്‌നേഹം മൂലം പ്രകൃതിദത്ത തുറമുഖമെന്നേ വിളിക്കൂ. അപ്പോഴേ വിഴിഞ്ഞം കരാറിനുവേണ്ട അത്യാവശ്യം ജനങ്ങളെപ്പറഞ്ഞുപറ്റിക്കാൻ കഴിയൂ.
വിഴിഞ്ഞം പദ്ധതിയുടെ ലാഭസാധ്യത പെരുപ്പിച്ചുകാട്ടിയതാണ് എന്നത് അന്താരാഷ്ട്ര സമുദ്രയാന വാണിജ്യകണക്കുകൾ നോക്കിയാൽ വ്യക്തമാകും. നമ്മുടെ സ്വന്തം ഉദാഹരണമായ വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിന്റെ കാര്യമെടുത്താൽ മതി. പൊതുമേഖലയിലുള്ള കൊച്ചി തുറമുഖത്തിന്റെ വികസന സാധ്യതകളെപ്പോലും ഇല്ലാതാക്കിക്കൊണ്ട് വിദേശ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിൽ അനുവദിച്ച വല്ലാർപാടത്ത് പണി പൂർത്തിയായി മൂന്നാം വർഷം 1.2 ദശലക്ഷം ടി.ഇ.യു (Twenty-foot Equivalent Unit - TEU) കണ്ടെയ്‌നർ ചരക്ക് കൈകാര്യം ചെയ്യുമെന്നായിരുന്നു അനുമാനം. എന്നാൽ മൂന്നു വർഷം കഴിയുമ്പോൾ കൈകാര്യം ചെയ്തത് കേവലം 3.66 ലക്ഷം ടി.ഇ.യു ആയിരുന്നു. വല്ലാർപ്പാടം 10 വർഷംകൊണ്ട് കൈകാര്യം ചെയ്തത് ഏതാണ്ട് 46 ലക്ഷം കണ്ടെയ്‌നറുകളാണ്. സാമ്പത്തികവർഷം 2020-ൽ 1.2 ദശലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യാൻ ശേഷിയുള്ള വല്ലാർപാടം ഇൻറർനാഷനൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പുമെൻറ് ടെർമിനൽ (International Container Transshipment Terminal- ICTT) കൈകാര്യം ചെയ്തത് 6,20,061 TEU ആണ്. ഇതിൽത്തന്നെ 36,183 ടി.ഇ.യു (6%) മാത്രമായിരുന്നു ട്രാൻസ്ഷിപ്പ്മെൻറ് കണ്ടെയ്നറുകൾ. കൊളംബോ അടക്കമുള്ള (41 ലക്ഷം TEU ആണ് കൊളംബോയുടെ നിലവിലെ ശേഷി) ട്രാൻസ്ഷിപ്പ്മെൻറ് കണ്ടെയ്നർ ടെർമിനലുകൾ അടുത്തായി സ്ഥിതിചെയ്യുമ്പോൾ തുറമുഖത്തിന്റെ പരമാവധി വികസനകാലത്ത് കേവലം 12.5 ലക്ഷമാകും ശേഷി എന്ന കണക്കുകൂട്ടുന്ന വിഴിഞ്ഞം തുറമുഖത്തിന് വല്ലാർപാടത്തിന്റെ വഴിയേയായിരിക്കും വളർച്ച. അതുകൊണ്ടാണ് തുറമുഖം സർക്കാർ ചെലവിൽ പണിയുമ്പോൾ അദാനി ഭൂമി വികസന വ്യാപാരത്തിന് കോപ്പുകൂട്ടുന്നത്.
പരിസ്ഥിതിലോല മേഖലയിൽ അദാനിക്ക് പാറമട
പണി തുടങ്ങി 1000 ദിവസം കഴിയുമ്പോൾ തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി കപ്പലുകളടുക്കുമെന്ന് പറഞ്ഞിട്ടിപ്പോൾ 3100 മീറ്റർ പുലിമുട്ട് നിർമാണത്തിന്റെ കാൽഭാഗം പോലും പൂർത്തിയായിട്ടില്ല. 2019 ഡിസംബറിൽ ഒന്നാം ഘട്ടം പൂർത്തിയായില്ലെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം അദാനി പോർട്‌സ് സംസ്ഥാന സർക്കാരിന് പിഴ നൽകാനുള്ള ബാധ്യത ദയാപരനായ സർക്കാർ ഒഴിവാക്കിക്കൊടുത്തു. ഇനിയെന്ന് നിർമാണം തീരുമെന്ന കാര്യത്തിലും അദാനിക്കും സർക്കാരിനും ഉറപ്പൊന്നുമില്ല. ഏതാണ്ട് ഒരു കോടി ടൺ കരിങ്കല്ലാണ് തുറമുഖ നിർമാണത്തിന് പൊട്ടിച്ചെടുക്കേണ്ടത്. ഇതിനായി എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളും അവഗണിച്ച് അദാനിക്ക് പാറമടകൾ യഥേഷ്ടം നൽകിയിട്ടും ഒന്നും എങ്ങുമെത്തിയിട്ടില്ല. പേപ്പാറ. നെയ്യാർ വന്യമൃഗ സംരക്ഷണ പ്രദേശങ്ങളുടെ പരിസ്ഥിതി ലോല മേഖലയിലാണ് പുതുതായി അദാനിക്ക് പാറമട അനുമതി നൽകിയിട്ടുള്ളത്.
പുലിമുട്ട് നിർമ്മാണവും ഡ്രെഡ്ജിങ്ങും പുരോഗമിക്കുന്തോറും വിഴിഞ്ഞത്തിന്റെ പരിസരത്തുള്ള കടൽത്തീരം അതിവേഗം ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ശംഖുമുഖം, കോവളം, വിഴിഞ്ഞം, വേലി, കല്ലുംമൂട്, മുട്ടത്തറ, ബീമാപള്ളി എന്നിവിടങ്ങളെല്ലാം ഇപ്പോൾത്തന്നെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രത്യാഘാതമനുഭവിക്കുന്നുണ്ട്. കാൽ ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് തുറമുഖ പദ്ധതി പ്രതികൂലമായി ബാധിക്കുന്നത്. എന്നിട്ടും അവർക്ക് തങ്ങളുടെ ശബ്ദമൊന്ന് ഈ സർക്കാരിനെ കേൾപ്പിക്കാൻ തങ്ങളുടെ വള്ളങ്ങളും വലിച്ചുകെട്ടി സെക്രട്ടേറിയറ്റിലേക്ക് വരേണ്ടിവരുന്നു. ആർക്കുവേണ്ടിയാണ് ‘തെരഞ്ഞെടുക്കപ്പെടുന്ന' സർക്കാർ നിലകൊള്ളുന്നത് എന്നതിന്റെ സൂചന കൂടിയാണ് ഈ സമരം.
ഇത് മീൻപിടുത്തക്കാരുടെ നിലനിൽപ് സമരം മാത്രമോ?
വല്ലാർപാടം ടെർമിനലിനുവേണ്ടി പൊതുമേഖലയിലുള്ള കൊച്ചി തുറമുഖത്തിന്റെ വികസനസാധ്യതകളെ തകർത്തുകളഞ്ഞ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തിലൂടെ ഒരു ഭൂപ്രദേശത്തെത്തന്നെ അദാനിക്ക് തീറെഴുതിയിരിക്കുകയാണ്. എന്തുകൊണ്ടാണ് കേരളത്തിന്റെ സുപ്രധാനമായൊരു ഭൂപ്രദേശത്തും കടൽത്തീരത്തും ഇത്രയേറെ സാമ്പത്തിക ബാധ്യത സർക്കാരിന് വരുത്തുന്നൊരു പദ്ധതി ഒരു സ്വകാര്യ കമ്പനി സമയബന്ധിതമായി പൂർത്തിയാക്കാത്തതും അതിനെത്തുടർന്നുള്ള നഷ്ടപരിഹാരം സർക്കാർ വേണ്ടെന്നുവെക്കുന്നതും ഒരു ചർച്ച പോലുമാകാത്തത്? എന്തുകൊണ്ടാണ് തുറമുഖം നഷ്ടത്തിലാകും എന്നതുകൊണ്ട് പരിസരത്തുള്ള നൂറുകണക്കിനേക്കർ ഭൂമി സംസ്ഥാന സർക്കാർ അദാനിക്ക് ഏറ്റെടുത്തുനൽകി അവർക്ക് ഭൂമി കച്ചവടം നടത്താൻ സൗകര്യമൊരുക്കുന്ന ഒരു വമ്പൻ തട്ടിപ്പ് കേരളത്തിൽ ചർച്ചയാകാത്തത്? എന്തുകൊണ്ടാണ് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗമായ കടലും കടൽത്തീരവും അവരിൽ നിന്നും തട്ടിയെടുക്കുമ്പോൾ കേരളത്തിൽ അതിനെക്കുറിച്ച് മാധ്യമങ്ങളിൽ വലിയ സംവാദങ്ങൾ നടത്താത്തതും രാഷ്ട്രീയകക്ഷികൾ നിശ്ശബ്ദരാകുന്നതും? എന്തുകൊണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമ്പത്തിക അഴിമതിയും നിക്ഷിപ്ത താത്പര്യങ്ങളും ചർച്ചചെയ്യാതെ വികസനത്തിന്റെ മഹാമാതൃകയായി വിഴിഞ്ഞം അദാനി തുറമുഖ പദ്ധതി മുഖ്യധാരാ മാധ്യമങ്ങളിലടക്കം ആഘോഷിക്കുന്നത്? എന്തുകൊണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിൽ ആറായിരം കോടി രൂപയുടെ അഴിമതി ആരോപിച്ച ഇന്നിപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയൻ അതേക്കുറിച്ച് നിശ്ശബ്ദനായത്?
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ ഉയർത്തിപ്പിടിക്കുന്ന ‘വികസന മാതൃകയിലാണ്' അദാനി വിഴിഞ്ഞത്ത് തുറമുഖവും തന്റെ കോർപറേറ്റ് റിപ്പബ്ലിക്കും പണിയുന്നത് എന്നതുകൊണ്ടാണ് കേരളം കണ്ട ഏറ്റവും വലിയ കോർപറേറ്റ് കൊള്ള, മീൻപിടിത്ത തൊഴിലാളികളുടെ നിലനിൽപ്പ് സമരം മാത്രമായി മാറുന്നത്.
ലോകത്ത് തങ്ങളുടെ വ്യാപാരതാത്പര്യങ്ങളുള്ള എല്ലായിടത്തും നിയന്ത്രണങ്ങളും ചട്ടങ്ങളും മറികടക്കാൻ രാഷ്ട്രീയ നേതൃത്വവുമായി അഴിമതി നടത്തുന്ന കോർപ്പറേറ്റാണ് അദാനി ഗ്രൂപ്. കേരളത്തിലെ ഭരണകക്ഷിയായ സി. പി. ഐ (എം) അദാനിയെ കണക്കാക്കുന്നത് ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ ആശ്രിത മുതലാളിത്ത നയങ്ങളുടെ (Crony Capitalism) ഏറ്റവും വലിയ ഗുണഭോക്താവായിട്ടാണ്. ആസ്‌ട്രേലിയയിലെ ക്വീൻസ് ഐലൻറിലെ Carmichael കൽക്കരി ഖനിയുടെ നടത്തിപ്പിനായി ആസ്‌ട്രേലിയൻ രാഷ്ട്രീയനേതൃത്വവുമായി അഴിമതിയിടപാടുകൾ നടത്തിയ അദാനി അവിടെ നടത്തിയ വലിയ പാരിസ്ഥിതിക ലംഘനങ്ങൾക്കും തദ്ദേശീയ ജനതയുടെ അവകാശ ലംഘനങ്ങൾക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ശ്രീലങ്കയിൽ അദാനിയുടെ പങ്കാളിത്തമുള്ള തുറമുഖ പദ്ധതിയിൽ അദാനിക്ക് കൂടുതൽ ഓഹരി അവകാശം നൽകാൻ ഇന്ത്യൻ സർക്കാർ ഇടപെട്ടു എന്നത് വലിയ വിവാദങ്ങൾക്കാണ് ഇടവരുത്തിയത്.
ഇന്ത്യയിലെ ബി.ജെ.പി ഭരണകൂടത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ കോർപറേറ്റ്, കേരളത്തിലെ ഇടതു-വലതു മുന്നണികൾക്ക് ഒരുപോലെ സ്വീകാര്യനാവുന്നതിന്റെ കാരണമെന്തായിരിക്കും? കേരളത്തിൽ മാത്രം അഴിമതിയും തിരിമറിയും നടത്താതെ, ജനകീയ സർക്കാരിനൊരു ജനകീയ കോർപറേറ്റ് എന്ന മുദ്രാവാക്യവുമായി അദാനി കച്ചവടം നടത്തുകയാണ് എന്ന് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്. രാഷ്ട്രീയക്കാരെയും മാധ്യമങ്ങളേയും വിലയ്ക്കെടുക്കുന്ന പതിവ് കോർപറേറ്റ് രീതികളാണ് കേരളത്തിലും നടക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരം അദാനി സംഘടിപ്പിക്കുന്നതാണെന്ന പ്രചാരണം പരസ്പരം വിരുദ്ധചേരികളിലുള്ളവരും നടത്തുന്നത്. സമരം നടത്തുന്നത് പുറത്തുനിന്ന് വന്നവരാണെന്ന പതിവ് ആരോപണം തുറമുഖ വകുപ്പ് മന്ത്രി ആദ്യം തന്നെ നീട്ടിയെറിഞ്ഞുകഴിഞ്ഞു. അദാനിയാണ് സമരം സംഘടിപ്പിക്കുന്നത് എന്ന വാചകം ഒരു ചോദ്യചിഹ്നമിട്ട് എഴുതുമ്പോൾ അതുണ്ടാക്കുന്ന ആഘാതം എത്രയെന്ന് അറിയാത്തതുകൊണ്ടല്ല, അങ്ങനെ ആരെക്കൊണ്ട് എന്തൊക്കെ എഴുതിക്കണമെന്ന് കൃത്യമായി അറിയാവുന്ന ഒരു മാധ്യമ കൈകാര്യ സംഘം അദാനിക്കുണ്ട് എന്നതുകൊണ്ടാണ്.
ലത്തീൻ കത്തോലിക്ക സഭ വിഴിഞ്ഞം തുറമുഖ കരാർ നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാട് ഒരുകാലത്തും എടുത്തിട്ടില്ല. മറ്റു പല തത്പരക്ഷികളെയും പോലെ തങ്ങളെ വിശ്വസിച്ച് ഒപ്പം നിന്ന വലിയ വിഭാഗം മത്സ്യത്തൊഴിലാളികളെ പതിവ് വികസനസ്വപ്‌നം വാങ്ങിക്കൊടുക്കാൻ സർക്കാരിനും അദാനിക്കുമൊപ്പം നിൽക്കുകയും ചെയ്തു. എന്നാൽ ഒരു ജനകീയ സമരത്തിൽ സംഭവിക്കുന്നതുപോലെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിൽ ജനങ്ങൾ സമരത്തിലേക്കിറങ്ങുമ്പോൾ അവർക്കൊപ്പം നിൽക്കാനും പലപ്പോഴും മുൻ നിലപാടുകൾ മാറ്റാനും നേതൃത്വം നിർബന്ധിതരാകും. വിഴിഞ്ഞത്തും അതാണ് കാണാനാവുക. ഇതിൽത്തന്നെ ഈ സമരം സമ്പൂർണമായി വിജയിക്കാനുള്ള സാധ്യതയുമില്ല. കേരളത്തിന്റെ കടൽത്തീരം പൊതുഖജനാവിൽ നിന്ന് പണമെടുത്ത് അദാനിക്ക് വിൽക്കുന്നൊരു പരിപാടി, തിരുവനന്തപുരത്തെ കുറച്ചു മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നമാണെന്ന് കേരള സമൂഹത്തിന് തോന്നുന്നിടത്തോളം കാലം അദാനിക്ക് പേടിക്കാനില്ല. എന്നാൽ എക്കാലത്തും അങ്ങനെയായിരിക്കില്ല എന്നൊരു സാധ്യതയുടെ പേരാണ് കാലം.