Photo: Vizhinjam International Seaport Limited

നങ്കൂരമിട്ടത് ആരുടെ സ്വപ്നം?

2015 ഏപ്രിൽ മാസത്തിൽ അന്തിമ കരാറിൽ എത്തിച്ചേർന്ന വിഴിഞ്ഞം പദ്ധതിയിലെ കരാർ വ്യവസ്ഥകൾ അദാനി പോർട്ട് കമ്പനിയെ തൃപ്തിപ്പെടുത്തുന്ന വിധത്തിലായിരുന്നുവെന്ന കാര്യം 2016ൽ അധികാരത്തിൽ വന്ന സിപിഎം നേതൃത്വത്തിലുള്ള സർക്കാരിലെ അംഗങ്ങൾക്ക് അറിയാവുന്നതാണെന്ന് ദേശാഭിമാനിയിലെ മുൻപേജ് വാർത്തകളും മറ്റും തെളിവു നൽകുന്നുണ്ടല്ലോ. കരാറിന്റെ നിയമ സാധുതയെ കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ 2016ലെ റിപ്പോർട്ടിൽ നിശതമായി ചോദ്യം ചെയ്യുന്നുമുണ്ട്.

സിഎജി തയ്യാറാക്കിയ 2017ലെ റിപ്പോർട്ടിലും പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകൾ അക്കമിട്ടു നിരത്തുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ മൂന്നാം അദ്ധ്യായം വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ചുള്ള ഓഡിറ്റ് വിശകലനമാണ്. അവയിലെ ചില ഉദാഹരണങ്ങൾ മാത്രം കാണുക:

BER (basic engineering report) തയ്യാറാക്കുമ്പോൾ AECOM (AECOM India Pvt Ltd. ഉപകരണങ്ങളുടെ വില അകാരണമായി വർധിപ്പിച്ചതായി ഞങ്ങൾ കണ്ടെത്തി. ന്യായമായ ചെലവിനേക്കാൾ അറ്റാദായം ഉണ്ടായിരിക്കുന്നത് 130.85 കോടി രൂപയാണ്. ഗുണഭോക്താവിന് (130.85 കോടിയുടെ 40 ശതമാനം) അധിക ഗ്രാന്റായി 52.34 കോടി രൂപ ലഭിക്കാൻ ഇത് കാരണമായി.

ഒരു കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടിനായി ഉദ്ദേശിച്ചിട്ടുള്ള ഉപകരണങ്ങൾ സാധാരണയായി ഇറക്കുമതി ചെയ്തതാണെന്നും ഇന്ത്യൻ നിർമ്മാതാക്കൾ തദ്ദേശീയമായി വികസിപ്പിച്ചതല്ലെന്നും ഇതിന് കേരള സർക്കാർ മറുപടി നൽകി (ഓഗസ്റ്റ് 2016). തദ്ദേശീയമായി നിർമ്മിച്ചതാണെങ്കിലും, അതിൽ കാര്യമായ വിദേശനാണ്യ ഘടകങ്ങൾ ഉൾപ്പെടും. അതുപോലെ, ചെലവ് പരിഷ്കരിക്കുന്നതിന് വിദേശനാണ്യത്തിലെ ഏറ്റക്കുറച്ചിലുകളും AECOM കണക്കിലെടുത്തിരുന്നു.

ന്യായമായ ചിലവ് കണക്കാക്കുമ്പോൾ വിനിമയ നിരക്കിലെ വ്യത്യാസം ഞങ്ങൾ കണക്കാക്കിയതിനാൽ സർക്കാറിന്റെ ഈ മറുപടി സ്വീകാര്യമല്ല. കൂടാതെ, ഉപകരണങ്ങളുടെ വില പുതുക്കുന്നതിന്റെ യഥാർത്ഥ അടിസ്ഥാനം AECOM ലഭ്യമാക്കിയിട്ടില്ല. എക്സ്റ്റേണൽ കൺസൾട്ടന്റുമാർ തയ്യാറാക്കിയ ഡിപിആർ/ബിഇആറിലെ എസ്റ്റിമേറ്റുകൾ വിഐഎസ്എല്ലും/കേരള സർക്കാരും അംഗീകരിക്കുകയായിരുന്നു.

സിഎജി റിപ്പോർട്ടിലെ മറ്റൊരു ഉദാഹരണം കൂടി കാണുക:

ഇപിസി ടെൻഡർ റദ്ദാക്കിയതിനാൽ, ജോലി നിർവഹിക്കുന്നതിനുള്ള മാർക്കറ്റ് നിരക്ക് വിലയിരുത്താൻ സർക്കാരിന് കഴിഞ്ഞില്ല. അങ്ങനെ, കൺസെഷനയർക്ക് (ആനുകൂല്യം ലഭ്യമാകുന്ന സ്ഥാപനത്തിന്) എസ്റ്റിമേറ്റ് തുകയിൽ പണി നൽകി. ഞങ്ങൾ അത് ശ്രദ്ധിച്ചു:

EPC (Engineering, Procurement, Construction) കരാറിനായി AECOM കണക്കാക്കിയ (മേയ് 2013) ബ്രേക്ക് വാട്ടറിന്റെയും ഫിഷിംഗ് ഹാർബറിന്റെയും ചെലവ് (767 കോടി രൂപ-മാർച്ച് 2014) വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്ത് 1,210 കോടിയായി പരിഷ്‌കരിച്ചു. ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികൾ എന്ന ആശയം അംഗീകരിച്ചതിന് ശേഷം ചെലവ് വീണ്ടും (ഏപ്രിൽ 2015) 1,463 കോടി രൂപയായി പരിഷ്‌കരിക്കുകയുണ്ടായി. പാറകൾ, കോൺക്രീറ്റ് കവച യൂണിറ്റുകൾ തുടങ്ങിയ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളിൽ വിനിമയ നിരക്ക് വ്യത്യാസം പ്രയോഗിക്കുന്നതിന് ന്യായീകരണമില്ല.

2014 ലെ തലത്തിൽ 1,210 കോടി രൂപയായിരുന്നു ധനസഹായത്തോടെയുള്ള ജോലിയുടെ ചെലവ് നേരത്തെ നിശ്ചയിച്ചിരുന്നതെന്ന് (ഓഗസ്റ്റ് 2016) സർക്കാർ ഇതിന് മറുപടി നൽകി. ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകളും ചെലവും കണക്കിലെടുത്ത് 2015-ലെ തലത്തിൽ 1,500 കോടി രൂപ വരെ ഉയർന്ന റിവിഷൻ അനുവദിക്കണമെന്ന് കരാറുകാർ അഭ്യർത്ഥിച്ചു. ഫിനാൻഷ്യൽ കൺസൾട്ടന്റിന്റെയും ടെക്നിക്കൽ കൺസൾട്ടന്റിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിൽ, കേരള സർക്കാരിലെ 15 സെക്രട്ടറിമാരുടെ എംപവേർഡ് കമ്മിറ്റി (ഇസി) ഫണ്ട് ചെയ്ത പ്രവൃത്തികളുടെ ചെലവ് 2015-ലെ തലത്തിൽ 1,463 കോടി രൂപയായി പരിഷ്‌കരിക്കാൻ തീരുമാനിച്ചു. പിപിപി ടെൻഡറിൽ ഉദ്ധരിച്ച വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് കുറയ്ക്കുന്നതിന് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ചെലവ് വർദ്ധിപ്പിച്ചതായും കേരള സർക്കാർ വ്യക്തമാക്കി.

സർക്കാരിന്റെ ഈ മറുപടി സ്വീകാര്യമല്ലെന്നായിരുന്നു സിഎജി കുറിച്ചിട്ടത്. ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ചെലവ് വർധിപ്പിച്ചിട്ടും, ഒരു ബിഡ് മാത്രമാണ് ലഭിച്ചത്, അതും സാധ്യമായ ഏറ്റവും ഉയർന്ന ഗ്രാന്റ് ഉദ്ധരിച്ച്. അതിനാൽ, ഫണ്ട് ഉപയോഗിച്ചുള്ള ജോലിയുടെ ചിലവ് വർധിച്ചതിനാൽ ഗ്രാന്റിൽ കുറവുണ്ടായില്ല. തദ്ദേശീയമായി സംഭരിക്കുന്ന പാറകൾ മുതലായവയ്ക്ക് വിനിമയ നിരക്കിലെ വ്യത്യാസം പ്രയോഗിക്കുന്നതിനുള്ള ന്യായീകരണത്തെക്കുറിച്ചും മറുപടിയുണ്ടായില്ല.

പദ്ധതിയുടെ ധനപരവും സാമ്പത്തികവുമായ സാദ്ധ്യതകളെ സംബന്ധിച്ച് സിഎജി റിപ്പോർട്ടിന്റെ മൂന്നാം അധ്യായത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു:

ഒരു പ്രോജക്റ്റിന്റെ സാമ്പത്തിക നേട്ടങ്ങളും നിലവിലെ പണത്തിന്റെ അടിസ്ഥാനത്തിൽ ചെലവുകളും തമ്മിലുള്ള വ്യത്യാസത്തെ നെറ്റ് പ്രസന്റ് വാല്യൂ (NPV) സൂചിപ്പിക്കുന്നു. പോസിറ്റീവ് നെറ്റ് പ്രസന്റ് വാല്യൂ ഉള്ള പദ്ധതികൾ മാത്രമേ വികസിപ്പിക്കാവൂ. കാരണം നെഗറ്റീവ് എൻപിവി അർത്ഥമാക്കുന്നത് നേട്ടങ്ങളേക്കാൾ ചെലവ് കൂടുതലാണെന്നാണ്. ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ (IRR) എന്നത് ഒരു നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളുടെ നിരക്കാണ്. ഇത്രയും പ്രാഥമികമായി സൂചിപ്പിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നു:

പദ്ധതിയിൽ 67 ശതമാനം (നെറ്റ് പ്രസന്റ് വാല്യു 3,866.33 കോടി) നിക്ഷേപം ഉണ്ടായിരുന്നിട്ടും ലാഭവിഹിതം തുലോം തുച്ഛമാണെന്ന് കാണാം. അതേസമയം (പദ്ധതിയിലെ സ്വകാര്യ പങ്കാളിയായ അദാനിക്ക്) 33 ശതമാനം മുതൽ മുടക്കിൽ (നെറ്റ് പ്രസന്റ് വാല്യൂ 607.19 കോടി രൂപ) ഉയർന്ന ലാഭവിഹിതം ലഭ്യമാകുകയും ചെയ്യുന്നു. പദ്ധതിയിൽ നിന്നുള്ള ENPV(Economic Net Present Value), EIRR എന്നിവ യഥാക്രമം 834.60 കോടിയും 8.9 ശതമാനവുമാണ്. അതിനാൽ, സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തിക നേട്ടം അതിന്റെ നിക്ഷേപത്തിന് ആനുപാതികമല്ല.

സിഎജി റിപ്പോർട്ടിലെ NPV താരതമ്യം
സിഎജി റിപ്പോർട്ടിലെ NPV താരതമ്യം

ഇതുമായി ബന്ധപ്പെട്ട സിഎജിയുടെ ചോദ്യത്തിന്, നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കണക്കാക്കുമ്പോൾ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് കണക്കിലെടുക്കേണ്ടതില്ലെന്ന് കേരള സർക്കാർ മറുപടി നൽകുകയുണ്ടായി (ഓഗസ്റ്റ് 2016).

മറുപടി സ്വീകാര്യമല്ലെന്നായിരുന്നു സിഎജി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന് ലഭ്യമാകേണ്ട എല്ലാ ആനുകൂല്യങ്ങളും നെഗറ്റീവ് ആണെന്നും EIRR, സ്വകാര്യ പങ്കാളിക്ക് (അദാനിക്ക്) നിശ്ചയിച്ചിട്ടുള്ള ലാഭവിഹിതത്തിന്റെ (ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ) 15 ശതമാനത്തേക്കാൾ വളരെ താഴെയാണിതെന്നും സിഎജി കണ്ടെത്തുന്നു.

സമാനമായ കൊളച്ചൽ പദ്ധതി (കന്യാകുമാരി, തമിഴ്‌നാട്)ക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവ് ഉൾപ്പെടുത്തിയതും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്. സർക്കാർ ആസ്തികൾ ഈടുവെക്കാനുള്ള അനുമതി, സബ്-ലീസ് കാലയളവ്, ഇളവുകളുടെ അന്ത്യത്തിലെ ടെർമിനേഷൻ പേയ്‌മെന്റ്, പുതിയ തുറമുഖ നിർമ്മാണത്തിലെ അധിക ഇളവുകൾ തുടങ്ങി നിരവധി ക്രമക്കേടുകൾ വേറെയുമുണ്ട് സിഎജി റിപ്പോർട്ടിൽ.

സിഎജി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ അടങ്ങിയ റിപ്പോർട്ട് 2017ൽ സിപിഎം ഗവൺമെന്റ് നിയമസഭയിൽ വെക്കുകയുണ്ടായി. 2017ൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ അന്വേഷണത്തിനായി നിയമിക്കുകയും ചെയ്തു. സിഎജി റിപ്പോർട്ടിലെ മിക്കവാറും എല്ലാ കണ്ടെത്തുലകളും രാമചന്ദ്രൻ കമ്മീഷൻ യോജിച്ചു. 2019ൽ കമ്മീഷൻ അന്തിമ റിപ്പോർട്ടു നൽകുകയും ചെയ്തു.

ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ടിൽ പിണറായി വിജയൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്ന കാര്യം മാത്രം ആർക്കും അറിയില്ല.

പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠന റിപ്പോർട്ട് പരിഗണിക്കാതെ പദ്ധതിക്ക് അനുമതി നൽകിയത് സംബന്ധിച്ചും മത്സ്യത്തൊഴിലാളികളുടെ ഉപജീവന പ്രശ്‌നത്തെയും സംബന്ധിച്ച ചോദ്യങ്ങൾ വേറെയുമുണ്ട്...


Summary: പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠന റിപ്പോർട്ട് പരിഗണിക്കാതെ പദ്ധതിക്ക് അനുമതി നൽകിയത് സംബന്ധിച്ചും മത്സ്യത്തൊഴിലാളികളുടെ ഉപജീവന പ്രശ്‌നത്തെയും സംബന്ധിച്ച ചോദ്യങ്ങൾ വേറെയുമുണ്ട്...


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments