‘പദ്ധതിച്ചെലവിൽ സിംഹപങ്കും സംസ്ഥാന സർക്കാരിന്റേത്, പക്ഷേ 30 വർഷക്കാലത്തെ പോർട്ടിന്റെ നടത്തിപ്പിന്റെ ലാഭം മുഴുവൻ അദാനിക്ക്. അതുകഴിഞ്ഞ് 10 വർഷം സംസ്ഥാനത്തിന് ലാഭത്തിന്റെ ഒരു ശതമാനം ലഭിക്കും. 40 വർഷം കഴിയുമ്പോഴേ പോർട്ട് സംസ്ഥാനത്തിന്റേതാകൂ, ഇതിനെയാണ് വിമർശിച്ചത്’- വിഴിഞ്ഞം പദ്ധതിക്കെതിരായ മുൻകാല വിമർശനങ്ങളെക്കുറിച്ചും പിന്നീട് അത് നടപ്പിലാക്കിയതിനെ സംബന്ധിച്ചുമുള്ള വിശദീകരണമെന്ന നിലയിൽ മുൻ ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക് ഫേസ് ബുക്കിൽ (ജൂലൈ 11, 2024) കുറിച്ചിട്ട വരികളാണ് ഉദ്ധരിച്ചത്.
വിമർശനങ്ങളുണ്ടായിട്ടും എന്തുകൊണ്ട് കരാറിൽ നിന്ന് എൽ ഡി എഫ് പിന്മാറിയില്ല എന്നതിനെക്കുറിച്ച് അദ്ദേഹം കുറിപ്പിൽ വിശദീകരിക്കുന്നതിങ്ങനെ: ‘കേരളമാണ് കോർപ്പറേറ്റ് ഇൻവെസ്റ്റ്‌മെന്റിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന്. കേരളത്തിന്റെ വികസനത്തിന് കോർപ്പറേറ്റ് നിക്ഷേപം അത്യന്താപേക്ഷിതമാണ്. ഈയൊരു സാഹചര്യത്തിൽകരാർ ഒപ്പിട്ട് പ്രവർത്തനം ആരംഭിച്ച ഒരു കമ്പനിയെ പുറംതള്ളുന്നത് സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കും’.
കേരളത്തിന്റെ വികസനത്തിന് കോർപ്പറേറ്റ് നിക്ഷേപം അത്യന്താപേക്ഷിതമാണെന്നുകണ്ട് സകലമാന സൗജന്യങ്ങളും വാരിക്കോരിക്കൊടുത്ത് കുടിയിരുത്തിയ രണ്ട് കുത്തകകൾ- ഗ്വാളിയോർ റയോൺസും കൊക്കകോളയും- എന്താണ് ചെയ്തതെന്ന് തോമസ് ഐസക്കിന് അറിയാഞ്ഞതല്ല. പക്ഷേ അതിനും മുകളിലാണ് സർക്കാരിനുമേലുള്ള കോർപ്പറേറ്റുകളുടെ വിശ്വാസം എന്നതുകൊണ്ട് സംസ്ഥാനത്തിന് എല്ലാ അർത്ഥത്തിലും നഷ്ടം വരുത്തിവെക്കുന്ന കരാറുമായി മുന്നോട്ടുപോകാൻ 'ഇടതുപക്ഷ' സർക്കാർ തയ്യാറാവുകയായിരുന്നുവെന്നാണ് ഐസക്ക് പക്ഷം.
കരാർ അദാനിക്ക് അനുകൂലമായതിന്റെ ഉത്തരവാദിത്തം മുൻസർക്കാരിനും പദ്ധതി നടപ്പിലാക്കിയതിന്റെ ശ്രേയം നിലവിലെ സർക്കാരിനും ചാർത്തിക്കൊടുക്കാനുള്ള ഐസക്കിന്റെ വാക്ചാതുര്യത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ.
പക്ഷേ, തോമസ് ഐസക് തന്റെ വിശദീകരണ കുറിപ്പിൽ മൗനം പാലിക്കുന്ന ചില കാര്യങ്ങളുണ്ട്. പദ്ധതി നടത്തിപ്പുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ (സി എ ജി) റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ചും ആ പരാമർശങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ കമീഷനെക്കുറിച്ചും ആണത്.
2015 ഡിസംബറിൽ തറക്കല്ലിട്ട വിഴിഞ്ഞം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണെന്നത് വസ്തുതയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലെന്ന പോലെ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലും നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സി എ ജിയുടെ 2017-ലെ റിപ്പോർട്ടിൽ അക്കമിട്ട് സൂചിപ്പിക്കുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ മൂന്നാം അദ്ധ്യായം വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച ഓഡിറ്റ് വിശകലനമാണ്. അവയിലെ ചില ഉദാഹരണങ്ങൾ മാത്രം കാണുക:
ബേസിക് എഞ്ചിനീയറിങ് റിപ്പോർട്ട് (BER) തയ്യാറാക്കുമ്പോൾ എയ്കോം (AECOM India Pvt Ltd.), ഉപകരണങ്ങളുടെ വില അകാരണമായി വർധിപ്പിച്ചതായി കണ്ടെത്തിയെന്നും ന്യായമായ ചെലവിനേക്കാൾ ഗുണഭോക്താവിന്- 130.85 കോടിയുടെ 40 ശതമാനം- അധിക ഗ്രാന്റായി 52.34 കോടി രൂപ ലഭിക്കാൻ ഇത് കാരണമായെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലെന്ന പോലെ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലും നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സി എ ജിയുടെ 2017-ലെ റിപ്പോർട്ടിൽ അക്കമിട്ട് സൂചിപ്പിക്കുന്നുണ്ട്.
കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടിനായി ഉദ്ദേശിച്ചിട്ടുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതാണെന്നും തദ്ദേശീയമായി വികസിപ്പിച്ചതല്ലെന്നും ആയിരുന്നു ഈ അധിക ഗ്രാന്റ് ലഭ്യമായതിനുള്ള കാരണമായി കേരള സർക്കാർ ചൂണ്ടിക്കാട്ടിയത് (ഓഗസ്റ്റ് 2016). തദ്ദേശീയമായി നിർമിച്ചതാണെങ്കിലും, അതിൽ കാര്യമായ വിദേശനാണ്യ ഘടകങ്ങൾ ഉൾപ്പെടും. അതുപോലെ, ചെലവ് പരിഷ്‌കരിക്കുന്നതിന് വിദേശനാണ്യത്തിലെ ഏറ്റക്കുറച്ചിലുകളും എയ്കോം കണക്കിലെടുത്തിരുന്നുവെന്നും സർക്കാർ മറുപടിയിൽ സൂചിപ്പിക്കുന്നതായി സി എ ജി കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
വിനിമയനിരക്കിലെ വ്യത്യാസം പരിഗണിച്ചാൽ തന്നെയും സർക്കാറിന്റെ മറുപടി സ്വീകാര്യമല്ലെന്നും ഉപകരണങ്ങളുടെ വില പുതുക്കുന്നതിന്റെ യഥാർത്ഥ അടിസ്ഥാനം എയ്കോം ലഭ്യമാക്കിയിട്ടില്ലെന്നും സി എ ജി മറുകുറിപ്പിൽ വ്യക്തമാക്കുന്നു. എക്‌സ്റ്റേണൽ കൺസൾട്ടന്റുമാർ തയ്യാറാക്കിയ ഡി പി ആർ /ബി ഇ ആറിലെ എസ്റ്റിമേറ്റുകൾ വി ഐ എസ് എല്ലും കേരള സർക്കാരും അംഗീകരിക്കുകയായിരുന്നുവെന്നും സി എ ജി റിപ്പോർട്ടിൽ ആരോപിക്കുന്നു.
സി എ ജി റിപ്പോർട്ടിലെ മറ്റൊരു ഉദാഹരണം കൂടി കാണുക:
Engineering, Procurement, Construction (EPC) ടെൻഡർ റദ്ദാക്കിയതിനാൽ, ജോലി നിർവഹിക്കുന്നതിനുള്ള മാർക്കറ്റ് നിരക്ക് വിലയിരുത്താൻസർക്കാരിന് കഴിഞ്ഞില്ല. അങ്ങനെ, കൺസെഷനയർക്ക് (ആനുകൂല്യം ലഭ്യമാകുന്ന സ്ഥാപനത്തിന്) എസ്റ്റിമേറ്റ് തുകയിൽ പണി നൽകി. ഞങ്ങൾ അത് ശ്രദ്ധിച്ചു: ഇ പി സി കരാറിനായി എയ്കോം കണക്കാക്കിയ (മേയ് 2013) ബ്രേക്ക് വാട്ടറിന്റെയും ഫിഷിംഗ് ഹാർബറിന്റെയും ചെലവ് (767 കോടി രൂപ-മാർച്ച് 2014) വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്ത് 1,210 കോടിയായി പരിഷ്‌കരിച്ചു. ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികൾ എന്ന ആശയം അംഗീകരിച്ചതിന് ശേഷം ചെലവ് വീണ്ടും (ഏപ്രിൽ 2015) 1,463 കോടി രൂപയായി പരിഷ്‌കരിക്കുകയുണ്ടായി. പാറകൾ, കോൺക്രീറ്റ് കവച യൂണിറ്റുകൾ തുടങ്ങിയ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളിൽ വിനിമയ നിരക്ക് വ്യത്യാസം പ്രയോഗിക്കുന്നതിന് ന്യായീകരണമില്ല.
2014- ലെ തലത്തിൽ 1,210 കോടി രൂപയായിരുന്നു ധനസഹായത്തോടെയുള്ള ജോലിയുടെ ചെലവ് നേരത്തെ നിശ്ചയിച്ചിരുന്നതെന്ന് (ഓഗസ്റ്റ് 2016) സർക്കാർ ഇതിന് മറുപടി നൽകി. ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകളും ചെലവും കണക്കിലെടുത്ത് 2015-ലെ തലത്തിൽ 1,500 കോടി രൂപ വരെ ഉയർന്ന റിവിഷൻ അനുവദിക്കണമെന്ന് കരാറുകാർ അഭ്യർത്ഥിച്ചു. ഫിനാൻഷ്യൽ കൺസൾട്ടന്റിന്റെയും ടെക്നിക്കൽ കൺസൾട്ടന്റിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിൽ, കേരള സർക്കാരിലെ 15 സെക്രട്ടറിമാരുടെ എംപവേർഡ് കമ്മിറ്റി (ഇ സി) ഫണ്ട് ചെയ്ത പ്രവൃത്തികളുടെ ചെലവ് 2015-ലെ തലത്തിൽ 1,463 കോടി രൂപയായി പരിഷ്‌കരിക്കാൻ തീരുമാനിച്ചു. പി പി പി ടെൻഡറിൽ ഉദ്ധരിച്ച വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് കുറയ്ക്കുന്നതിന് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ചെലവ് വർദ്ധിപ്പിച്ചതായും കേരള സർക്കാർ വ്യക്തമാക്കി.
സർക്കാരിന്റെ ഈ മറുപടി സ്വീകാര്യമല്ലെന്നായിരുന്നു സി എ ജി കുറിച്ചിട്ടത്. ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ചെലവ് വർധിപ്പിച്ചിട്ടും, ഒരു ബിഡ് മാത്രമാണ് ലഭിച്ചത്, അതും സാധ്യമായ ഏറ്റവും ഉയർന്ന ഗ്രാന്റ് ഉദ്ധരിച്ച്. അതിനാൽ, ഫണ്ട് ഉപയോഗിച്ചുള്ള ജോലിയുടെ ചെലവ് വർധിച്ചതിനാൽ ഗ്രാന്റിൽ കുറവുണ്ടായില്ല. തദ്ദേശീയമായി സംഭരിക്കുന്ന പാറകൾ മുതലായവയ്ക്ക് വിനിമയ നിരക്കിലെ വ്യത്യാസം പ്രയോഗിക്കുന്നതിനുള്ള ന്യായീകരണത്തെക്കുറിച്ചും മറുപടിയുണ്ടായില്ല.
പദ്ധതിയുടെ ധനപരവും സാമ്പത്തികവുമായ സാദ്ധ്യതകളെ സംബന്ധിച്ച് സി എ ജി റിപ്പോർട്ടിന്റെ മൂന്നാം അധ്യായത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു: ഒരു പ്രോജക്റ്റിന്റെ സാമ്പത്തിക നേട്ടങ്ങളും നിലവിലെ പണത്തിന്റെ അടിസ്ഥാനത്തിൽ ചെലവുകളും തമ്മിലുള്ള വ്യത്യാസത്തെ നെറ്റ് പ്രസന്റ് വാല്യൂ (NPV) സൂചിപ്പിക്കുന്നു. പോസിറ്റീവ് നെറ്റ് പ്രസന്റ് വാല്യു ഉള്ള പദ്ധതികൾ മാത്രമേ വികസിപ്പിക്കാവൂ. കാരണം, നെഗറ്റീവ് എൻ പി വി അർത്ഥമാക്കുന്നത് നേട്ടങ്ങളേക്കാൾ ചെലവ് കൂടുതലാണെന്നാണ്. ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ (IRR) എന്നത് ഒരു നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളുടെ നിരക്കാണ്. ഇത്രയും പ്രാഥമികമായി സൂചിപ്പിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നു: പദ്ധതിയിൽ 67 ശതമാനം (നെറ്റ് പ്രസന്റ് വാല്യു 3,866.33 കോടി) നിക്ഷേപം ഉണ്ടായിരുന്നിട്ടും ലാഭവിഹിതം തുലോം തുച്ഛമാണെന്ന് കാണാം. അതേസമയം, പദ്ധതിയിലെ സ്വകാര്യ പങ്കാളിയായ അദാനിക്ക് 33 ശതമാനം മുതൽ മുടക്കിൽ (നെറ്റ് പ്രസന്റ് വാല്യൂ 607.19 കോടി രൂപ) ഉയർന്ന ലാഭവിഹിതം ലഭ്യമാകുകയും ചെയ്യുന്നു. പദ്ധതിയിൽ നിന്നുള്ള Economic Net Present Value (ENPV), EIRR എന്നിവ യഥാക്രമം 834.60 കോടിയും 8.9 ശതമാനവുമാണ്. അതിനാൽ, സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തികനേട്ടം അതിന്റെ നിക്ഷേപത്തിന് ആനുപാതികമല്ല.
ഇതുമായി ബന്ധപ്പെട്ട സി എ ജിയുടെ ചോദ്യത്തിന്, നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കണക്കാക്കുമ്പോൾ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് കണക്കിലെടുക്കേണ്ടതില്ലെന്ന് കേരള സർക്കാർ മറുപടി നൽകി (ഓഗസ്റ്റ് 2016).
മറുപടി സ്വീകാര്യമല്ലെന്നായിരുന്നു സി എ ജി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന് ലഭ്യമാകേണ്ട എല്ലാ ആനുകൂല്യങ്ങളും നെഗറ്റീവ് ആണെന്നും EIRR, സ്വകാര്യ പങ്കാളിയായ അദാനിക്ക് നിശ്ചയിച്ചിട്ടുള്ള ലാഭവിഹിതത്തിന്റെ (ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ) 15 ശതമാനത്തേക്കാൾ വളരെ താഴെയാണിതെന്നും സി എ ജി കണ്ടെത്തുന്നു. സമാനമായ, കന്യാകുമാരിയിലെ കൊളച്ചൽ പദ്ധതി ക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവ് ഉൾപ്പെടുത്തിയതും സി എ ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്. സർക്കാർ ആസ്തികൾ ഈടുവെക്കാനുള്ള അനുമതി, സബ്-ലീസ് കാലയളവ്, ഇളവുകളുടെ അന്ത്യത്തിലെ ടെർമിനേഷൻ പേയ്‌മെന്റ്, പുതിയ തുറമുഖ നിർമ്മാണത്തിലെ അധിക ഇളവുകൾ തുടങ്ങി നിരവധി ക്രമക്കേടുകൾ വേറെയുമുണ്ട് സി എ ജി റിപ്പോർട്ടിൽ.
സി എ ജി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ അടങ്ങിയ റിപ്പോർട്ട് 2017-ൽ എൽ.ഡി.എഫ് സർക്കാർ നിയമസഭയിൽ വെച്ചു. 2017-ൽ ജസ്റ്റിസ് രാമചന്ദ്രൻ കമീഷനെ അന്വേഷണത്തിന് നിയമിക്കുകയും ചെയ്തു. സി എ ജി റിപ്പോർട്ടിലെ മിക്കവാറും എല്ലാ കണ്ടെത്തലുകളോടും രാമചന്ദ്രൻ കമീഷൻ യോജിച്ചു. 2019-ൽ കമീഷൻ അന്തിമ റിപ്പോർട്ടു നൽകുകയും ചെയ്തു. ജസ്റ്റിസ് രാമചന്ദ്രൻ നായർ കമീഷൻ റിപ്പോർട്ടിൽ പിണറായി വിജയൻ സർക്കാർഎന്ത് നടപടി സ്വീകരിച്ചു എന്ന കാര്യം മാത്രം ആർക്കും അറിയില്ല. തന്റെ വിശദീകരണ കുറിപ്പിൽ തോമസ് ഐസക്കും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു.
സർക്കാർ ആസ്തികൾ ഈടുവെക്കാനുള്ള അനുമതി, സബ്-ലീസ് കാലയളവ്, ഇളവുകളുടെ അന്ത്യത്തിലെ ടെർമിനേഷൻ പേയ്‌മെന്റ്, പുതിയ തുറമുഖ നിർമ്മാണത്തിലെ അധിക ഇളവുകൾ തുടങ്ങി നിരവധി ക്രമക്കേടുകൾ വേറെയുമുണ്ട് സി എ ജി റിപ്പോർട്ടിൽ.
കേരളത്തിന്റെ മുഖച്ഛായ മാറ്റുമായിരുന്ന വല്ലാർപാടം തുറമുഖത്തിനെന്തുപറ്റി?
2011-ൽ പണി പൂർത്തിയാക്കിയ കൊച്ചിയിലെ വല്ലാർപാടം തുറമുഖം, 28,000 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്ന കന്യാകുമാരിയിലെ കൊളച്ചൽ തുറമുഖം വിഴിഞ്ഞം തുറമുഖം- ഏതാണ്ട് 250 കിലോമീറ്ററിനുള്ളിലെ തുറമുഖങ്ങളുടെ എണ്ണമാണിത്. കൊളംബോയിലെ അന്താരാഷ്ട്ര തുറമുഖവുമായി മത്സരിക്കുന്നതിനായി തയ്യാറാക്കപ്പെട്ട മൂന്ന് ഇന്റർനാഷണൽ ട്രാൻഷിപ്പ്‌മെന്റ് പദ്ധതികൾ. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ഇന്ത്യയിലെ മൊത്തം കണ്ടൈയ്‌നർ ഷിപ്പ്‌മെന്റിന്റെ 35% മാത്രമാണ് കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആലോചിക്കുമ്പോൾ പണിപൂർത്തീകരിച്ച വല്ലാർപാടം പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിഗണിക്കേണ്ടത് പ്രധാനമാകുന്നു. ഒരു ഘട്ടത്തിൽ വിഴിഞ്ഞം പദ്ധതിക്ക് അനുമതി നിഷേധിക്കപ്പെട്ടതും വല്ലാർപാടം പദ്ധതി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നുവെന്നതും ഓർമ്മിക്കുക.
ദുബൈ ആസ്ഥാനമാക്കിയുള്ള ഡിപി വേൾഡ് എന്ന കമ്പനി നിയന്ത്രിക്കുന്നതാണ് വല്ലാർപാടം ഇന്റർനാഷണൽ കണ്ടൈനർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ. വല്ലാർപാടത്തെ നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ടായിരുന്നു കേരളത്തിന്റെ മുഖഛായ മാറ്റാൻ തുറമുഖം പണിതത്. 1.2 ദശലക്ഷം Twenty-foot Equvalent Unit (TEU) ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര കണ്ടൈയ്നർ ടെർമിനലാണ് വല്ലാർപാടം തുറമുഖം. ശ്രീലങ്കയിലെ കൊളംബോ തുറമുഖ ടെർമിനലിനെ ആശ്രയിക്കുന്നതിൽ നിന്ന് ഒഴിവാകുക വഴി രാജ്യത്തെ കയറ്റിറക്കുമതിയിലെ അനാവശ്യ ചെലവ് ഒഴിവാക്കാമെന്നായിരുന്നു പദ്ധതി പൂർത്തീകരണത്തിന് പിന്നിലെ സ്വപ്നം.
വല്ലാർപാടം തുറമുഖം പ്രവർത്തനമാരാംഭിച്ച 2011 മുതൽക്കിങ്ങോട്ടുള്ള ഇക്കാലയളവിലൊന്നും കാര്യമായ ചരക്ക് ഇറക്കുമതി വല്ലാർപാടത്തുണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രതിവർഷം 3 ദശലക്ഷം TEU ചരക്ക് നീക്കങ്ങൾക്കായി നാം ഇപ്പോഴും ആശ്രയിക്കുന്നത് കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളെയാണ്. ഇന്ത്യൻ കണ്ടൈനർ മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച് വല്ലാർപാടം ടെർമിനലിന്റെ 40% ശേഷി പോലും ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല.
സംസ്ഥാന പൊതുഖജനാവിനുമേൽ കനത്ത ഭാരം ഏൽപ്പിക്കുന്നതും അടുത്ത നാല്പത് വർഷത്തേക്ക് ഒരു തരത്തിലുള്ള ലാഭവും സർക്കാരിന് നൽകാൻ കഴിയാത്ത പദ്ധതിയാണെന്ന് അറിഞ്ഞിട്ടും, സമാനമായൊരു പദ്ധതി ഉദ്ദേശിച്ച ലക്ഷ്യം പൂർത്തീകരിക്കാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന വ്യക്തമായ ബോധ്യമുണ്ടായിട്ടും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് ഒരൊറ്റ കാരണം മാത്രമേ ചൂണ്ടിക്കാട്ടാൻ സാധിക്കുകയുള്ളൂ; ചങ്ങാത്ത മുതലാളിത്തം.
പ്രമുഖ മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ പ്രഭാത് പട്‌നായ്ക് പീപ്പ്ൾസ് ഡെമോക്രസി ലേഖനത്തിൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്വഭാവ സവിശേഷതകൾ വിശദീകരിച്ച്, മുതലാളിത്തത്തിനുള്ളിൽ പരിപാലിക്കപ്പെടുന്ന 'കളിനിയമങ്ങൾ'ക്കിടയിൽ വ്യവസ്ഥാപിതമായ രീതിയിൽ പ്രയോഗവൽക്കരിക്കപ്പെടുന്ന പക്ഷപാതത്തെപ്പറ്റി ഇങ്ങനെ പറയുന്നു:
"In fact all capitalism is crony capitalism in a certain sense: there are certain ‘rules of the game’ that have to be followed, but within those rules discretion is exercised in favour of ‘cronies’. For instance, for getting a contract, an applicant must fulfil certain minimum criteria, but among all who fulfil these criteria those who have the right ‘connections’ or have the right public school education, or the right ‘background’, get the contract. The award of contracts under capitalism in other words is never entirely blind; but this lack of blindness, this systematic practice of favouritism, occurs within a certain set of ‘rules of the game’.''
(Is What We Have ‘Crony Capitalism?’;
People’s Democracy; July 9, 2023).
ഇന്ത്യൻ കണ്ടൈനർ മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച് വല്ലാർപാടം ടെർമിനലിന്റെ 40% ശേഷി പോലും ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല
ഒഡീഷയിലെ ധാംമ്ര തുറമുഖത്തിന്റെ കാര്യത്തിലായാലും ആന്ധ്രപ്രദേശിലെ കൃഷ്ണപട്ടണം തുറമുഖത്തിന്റെ കാര്യത്തിലായാലും, ഹൈദരാബാദിലെ വൈദ്യുതി വിതരണത്തിന്റെ കാര്യത്തിലായാലും, ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരന്ദിലെ ഖനന കരാറുകളുടെ കാര്യത്തിലായാലും പരിപാലിക്കപ്പെടുന്ന പക്ഷപാതത്തെത്തന്നെയാണ് പ്രഭാത് പട്‌നായ്ക് ചങ്ങാത്തമുതലാളിത്തമായി വിശേഷിപ്പിക്കുന്നത്.
ഇടതായാലും വലതായാലും എല്ലാ പക്ഷപാതിത്വങ്ങളും അദാനിയിലേക്ക് ചുരുങ്ങുന്ന, ഇന്ത്യയിൽ വികസിതമായിക്കൊണ്ടിരിക്കുന്ന പുതിയൊരു സാമ്പത്തിക വികസന ക്രമം.