എന്താണ് ഡീ ഡോളറൈസേഷന്‍?

ഡോളറിന്റെ ആധിപത്യം ഒരു പ്രശ്‌നമായി കാണുന്നത് ചൈന മാത്രമല്ല. റഷ്യ, ഇന്ത്യ, ഫ്രാന്‍സ് തുടങ്ങി ഒരുപാട് രാജ്യങ്ങള്‍ക്ക് ചൈനയുടെ അതേ നിലപാടാണ്. ഡോളറിന്റെ ആധിപത്യം കുറച്ചുകൊണ്ടു വരുക എന്നതാണ് ഡീ ഡോളറൈസേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. യൂറോ അതിനൊരു ഉദാഹരണമാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ അസന്തുലിതാവസ്ഥകളും ശക്തമല്ലാത്ത ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റും മൂലം യൂറോയ്ക്ക് ഡോളറിനെ വെല്ലുവിളിക്കാന്‍ സാധിക്കില്ല.

ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ വാട്‌സ്ആപ് സിലബസ്- 2

ന്റര്‍നാഷണല്‍ റിലേഷന്റെ സമകാലിക ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന് ഡീ ഡോളറൈസേഷന്‍ ആണ്. പുതിയ ബഹുധ്രുവ സമവാക്യങ്ങളുടെ ചാലക ശക്തി ഇന്ന് ഡീ ഡോളറൈസേഷന്‍ ആണ്. എന്നാല്‍, ഇതിനെ മാധ്യമങ്ങളും ‘വാട്‌സാപ്പ് യുണിവേഴ്‌സിറ്റി’യും വിലയിരുത്തിയ രീതി തിരുത്തപ്പെട്ടേ മതിയാകൂ. വാര്‍ത്താമാധ്യമങ്ങള്‍ തൊലിപ്പുറം മാത്രം സ്പര്‍ശിച്ചു പോകുമ്പോള്‍ ‘വാട്‌സാപ്പ് യൂണിവേഴ്​സിറ്റി’യിൽ ‘അയ്യോ ചൈനയുടെ തന്ത്രം’, ‘അങ്ങനെ ഒന്നും ഡോളറിനെ തൊടാന്‍ കഴിയില്ല കമ്മികളെ’ എന്ന കരച്ചിലുകളാണ് പുതിയ മൊഡ്യൂളുകള്‍.

‘വാട്‌സ്ആപ് യൂണിവേഴ്​സിറ്റി’യുടെ മൊഡ്യുളുകള്‍ക്കുള്ള മറുപടി നല്‍കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. ആദ്യമേ തന്നെ, സാമ്പത്തികമായ പ്രതിഭാസങ്ങളും ലക്ഷ്യങ്ങളും സംഭവങ്ങളുമാണ് രാജ്യങ്ങളുടെ വിദേശനയങ്ങളുടെ ഗതി നിശ്ചയിക്കുന്നത്. ഭരണകൂടം, സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവയാണ് പൊതുവെ ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സിലെ പ്രധാന ‘actors’. എങ്കിലും സാമ്പത്തിക കാര്യങ്ങള്‍ ചെലുത്തുന്ന സ്വാധീനം മനസിലാക്കാന്‍ ആര്‍ക്കും കഴിയാറില്ല.

Photo: Pexels

എന്തുകൊണ്ട് ഡീ ഡോളറൈസേഷന്‍?

ഇപ്പോള്‍ അരങ്ങേറുന്ന ഡീ ഡോളറൈസേഷന്‍ ശ്രമങ്ങളും ഡോളറിന്റെ ആധിപത്യം അവസാനിപ്പിക്കുക എന്നതും ചൈനയുടെ മാത്രം ലക്ഷ്യമല്ല. ഡോളറിന്റെ ആധിപത്യം ഒരു പ്രശ്‌നമായി കാണുന്നത് ചൈന മാത്രമല്ല. ആ കാര്യത്തില്‍ റഷ്യ, ഇന്ത്യ, ഫ്രാന്‍സ് തുടങ്ങി ഒരുപാട് രാജ്യങ്ങള്‍ക്ക് ചൈനയുടെ അതേ നിലപാടാണ്. ഡോളറിന്റെ ഉന്മൂലനം അല്ല, മറിച്ച് ആധിപത്യം കുറച്ചുകൊണ്ടു വരുക എന്നതാണ് ഡീ ഡോളറൈസേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. യൂറോ അതിനൊരു ഉദാഹരണമാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ അസന്തുലിതാവസ്ഥകളും ശക്തമല്ലാത്ത ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റും മൂലം യൂറോയ്ക്ക് ഡോളറിനെ വെല്ലുവിളിക്കാന്‍ സാധിക്കില്ല. അതുപോലെ എനര്‍ജി ഷോക്കുകള്‍ യൂറോപ്പിനെ ബാധിക്കുമ്പോള്‍ മറ്റേഅറ്റത്ത് പെട്രോ ഡോളര്‍ യു.എസിന് എന്നും അനുഗ്രഹമാണ്. യൂറോപ്യന്‍ യൂണിയന് ഡോളറിനെ മറികടക്കണം എന്ന് ആഗ്രഹം ഇല്ലാത്തതുകൊണ്ട് ഡീ ഡോളറൈസെഷനില്‍ അവര്‍ക്ക് താത്പര്യങ്ങളില്ല.

2007- ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഡോളര്‍ ഇതര കറന്‍സികളെ രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ചൈന മാത്രമല്ല, ബ്രിക്‌സ് രാജ്യങ്ങളും സൗദി അറേബ്യയും ഫ്രാന്‍സുമെല്ലാം ഡീ ഡോളറൈസേഷനില്‍ പങ്കാളികളാണ്.

ഡോളറിന്റെ ആധിപത്യം കുറയ്ക്കാനുതകുന്ന ചില നടപടികളെ കുറിച്ച്​ ഫ്രാന്‍സും ഐ.എം.എഫും വരെ ആലോചിച്ചിട്ടുണ്ട്. ഒരു ഗ്ലോബല്‍ റിസര്‍വ് സിസ്റ്റം ഉണ്ടാക്കണം എന്ന അഭിപ്രായം ഐ. എം.എഫും ഫ്രാന്‍സും പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ അമേരിക്ക കലഹമുണ്ടാക്കി. ഒരു ഗ്ലോബല്‍ റിസര്‍വ് സംവിധാനം ഉണ്ടാകണം എന്ന് ഫ്രാന്‍സ്, ചൈന, റഷ്യ തുടങ്ങിയവര്‍ 2009-ലെ UN Conference on World Financial and Economic Crisis- ല്‍ അഭിപ്രായപ്പെടുകയും അതിന് പഠനം നടത്താന്‍ യു.എന്‍ തയ്യാറാവുകയും ചെയ്​തിരുന്നു. എന്നാല്‍, അമേരിക്കയുടെ ഇടപെടല്‍ മൂലം അത് സംഭവിച്ചില്ല.

ഐ.എം.എഫ്‌

യു.എന്‍ നിയമിച്ച Commission of Experts on Reforms of the International Monetary and Financial System, ഡോളറിന്റെ ദുര്‍ബലതകളും അത് എങ്ങനെ മറ്റു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും പഠനം നടത്തിയിട്ടുണ്ട്. അമേരിക്കയിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ലോകത്തിന്റെ മുഴുവന്‍ പ്രതിസന്ധിയാകുന്നതാണ് ഇതിലെ പ്രധാന കണ്ടെത്തല്‍. 2007- ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഡോളര്‍ ഇതര കറന്‍സികളെ രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ചൈന മാത്രമല്ല, ബ്രിക്‌സ് രാജ്യങ്ങളും സൗദി അറേബ്യയും ഫ്രാന്‍സുമെല്ലാം ഡീ ഡോളറൈസേഷനില്‍ പങ്കാളികളാണ്.

ഡീ ഡോളറൈസേഷന്‍ ആദ്യം പണി നല്‍കുക പെട്രോ ഡോളറിനാണ്. പതിയെ പതിയെ അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സൗദി അറേബ്യ ചെറിയ തോതില്‍ എണ്ണ യുവാനില്‍ വില്‍ക്കുന്നുണ്ട്. ചരിത്രപരമായ ഇറാന്‍- സൗദി ഡീലിനു ശേഷം യുവാനില്‍ കച്ചവടം ചെയ്യാനുള്ള സന്നദ്ധത വര്‍ധിക്കും. 2023 ജനുവരിയിൽ ഡോളര്‍ കൂടാതെ മറ്റ് കറന്‍സികളില്‍ എണ്ണ കച്ചവടങ്ങള്‍ നടത്താന്‍ സൗദി അറേബ്യ തയ്യാറായിട്ടുണ്ട്.

Photo: Pexels

ഡീ ഡോളറൈസേഷന്‍ ഒരു തരം diversification ആണ്. സാമ്പത്തിക സ്വാതന്ത്യവും രാഷ്ട്രീയ സ്വാതന്ത്യവും നല്‍കുന്ന ഒരു ഹെറ്ററോഡോക്‌സ് (യാഥാസ്ഥിതികം അല്ലാത്ത ) പദ്ധതി കൂടിയാണ്. കച്ചവടങ്ങള്‍ സമ്പുഷ്​ടിപ്പെടുന്നതിനൊപ്പം സാമ്പത്തിക കെട്ടുറപ്പുണ്ടാക്കാനും സഹായകമാണ്. ഡോളര്‍ ആധിപത്യം വഴി അമേരിക്ക സൃഷ്ടിക്കുന്ന രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്ക് അറുതിയുമാകും. ആഗോള തലത്തില്‍ സമ്പത്തിന്റെ മാത്രമല്ല പവറിന്റെയും diversification ഉണ്ടാകും.

ഡോളര്‍ ഇപ്പോഴും ലോകത്തിലെ ശക്തമായ കറന്‍സിയായ തുടരുന്നുണ്ട്. പരിപൂര്‍ണമായി ഡോളറിനെ നശിപ്പിക്കണം എന്ന് ഡീ ഡോളറൈസേഷന്റെ വക്താക്കള്‍ക്കുപോലും പൂര്‍ണമായി ആഗ്രഹം ഉണ്ടാകില്ല. കാരണം, റിസര്‍വുകളിലും വിനിമയത്തിലും ഒരു കുത്തക ഉണ്ടാവരുത് എന്നാണല്ലോ ഡീ ഡോളറൈസെഷന്റെ ഉള്ളടക്കം.

ഡോളര്‍ പെട്ടെന്ന് തകരുമോ?

വാട്‌സ്ആപ്പില്‍ ചില സാമ്പത്തിക അന്ധവിശ്വാസികള്‍ പ്രചരിപ്പിക്കുന്ന ഒരു കാര്യം ഡോളര്‍ ഒരിക്കലും തകരില്ല, കാരണം അവിടുത്തെ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷൻസ്​ വളരെ ശക്തമാണ്, അതുകൊണ്ട് ‘കമ്മി’കളുടെ സ്വപ്നം നടക്കില്ല എന്നാണ്​. ഡീ ഡോളറൈസേഷന്‍ ‘കമ്മി’കളുടെ മാത്രം സ്വപ്നമല്ല. New International Economic Order എന്നത് ഇന്ത്യ അടക്കമുള്ള ഒരുപാട് രാജ്യങ്ങളുടെ സ്വപ്നമാണ്. ഡി ഡോളറൈസേഷന്‍ ഒറ്റയടിക്ക് നടക്കുന്ന ഒരു പ്രക്രിയയല്ല. കൊല്ലങ്ങളായി നീണ്ടുനില്‍ക്കുന്ന ഡോളര്‍ ആധിപത്യം ഞൊടിയിടയില്‍ അവസാനിപ്പിക്കാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇതെല്ലാം കൂടാതെ അമേരിക്കയുടെ രാഷ്ട്രീയ കുതന്ത്രങ്ങളെ മറികടന്നുകൂടി വേണം പ്രവര്‍ത്തിക്കാന്‍. ഡോളര്‍ ആധിപത്യത്തെ ചോദ്യം ചെയ്യുകയും അതിനെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്​ത രണ്ട് രാഷ്ട്രതലവന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒന്ന് സദ്ദാം ഹുസൈനും മറ്റൊന്ന് ഗദ്ദാഫിയും.

പെട്രോ ഡോളറിനെ തളർത്താനാണ്​ ഡി ഡോളറൈസേഷന്‍ ആദ്യം ശ്രമിക്കുക. അതിനായി ഒപെക് രാജ്യങ്ങളെ കൂട്ടുപിടിക്കാന്‍ റഷ്യയും ചൈനയും ശ്രമിക്കും. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ക്കും ഫിനാന്‍സ് മാര്‍ക്കറ്റുകള്‍ക്കും ഗുണകരമായി ഡി ഡോളറൈസേഷന്‍ മാറും. സാമ്പത്തിക പ്രതിസന്ധികളില്‍ കുറവുണ്ടാകും.

ഡോളര്‍ ഇപ്പോഴും ലോകത്തിലെ ശക്തമായ കറന്‍സിയായ തുടരുന്നുണ്ട്. പരിപൂര്‍ണമായി ഡോളറിനെ നശിപ്പിക്കണം എന്ന് ഡീ ഡോളറൈസേഷന്റെ വക്താക്കള്‍ക്കുപോലും പൂര്‍ണമായി ആഗ്രഹം ഉണ്ടാകില്ല. കാരണം, റിസര്‍വുകളിലും വിനിമയത്തിലും ഒരു കുത്തക ഉണ്ടാവരുത് എന്നാണല്ലോ ഡീ ഡോളറൈസെഷന്റെ ഉള്ളടക്കം. ഡോളര്‍ രഹിത ലോകത്തേക്കാള്‍ ഡോളര്‍ ഇതര ലോകത്തിന് വേണ്ടിയാണ് ആദ്യ ശ്രമം.

Comments