ആഗോള തലത്തിൽ, വിദേശങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ പണം അയച്ചുകിട്ടുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നാം സ്ഥാനമാണ് ഇന്ത്യക്ക്; 2005 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 2020-ൽ മാത്രം 83.15 ബില്യൺ ഡോളർ (ഏകദേശം 68.93 ലക്ഷം കോടി രൂപ) വിദേശപണമാണ് ഇന്ത്യയിലേക്കെത്തിയെതെന്നാണ് കണക്ക്. ഒരു കാലത്ത് ഇന്ത്യയിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ എറ്റവും മുന്നിലുണ്ടായിരുന്ന സംസ്ഥാനം കേരളമായിരുന്നു എന്ന് കാണാം. കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യാപകമായ കുടിയേറ്റത്തിന്റെ ഫലമായിരുന്നു ഇത്. മലബാർ മേഖലയിൽ നിന്ന് അറുപതുകളിലും എഴുപതുകളിലും ഗൾഫിലേക്ക് കുടിയേറിയത് പതിനായിരക്കണക്കിന് മലയാളികളാണ്.
ചരിത്രം പരിശോധിച്ചാൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല മലയാളികളുടെ കുടിയേറ്റം സ്വാധീനിച്ചിട്ടുള്ളതെന്ന് മനസ്സിലാകും. എഴുപതുകളിൽ ഇന്ത്യ നേരിട്ട വിദേശ നാണ്യ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാൻ കഴിഞ്ഞത് അക്കാലത്ത് വിദേശ ഇന്ത്യാക്കാരിൽ ഭൂരിപക്ഷമായിരുന്ന മലയാളികൾ മാസംതോറും കേരളത്തിലേക്ക് അയച്ചിരുന്ന വിദേശ പണത്തിന്റെ ബലത്തിലായിരുന്നു. മണി ഓർഡർ സമ്പദ് വ്യവസ്ഥ എന്നുകൂടി കേരളത്തിന്റെ സമ്പദ് വ്യവസ്ഥ അറിയപ്പെടാനുള്ള കാരണമിതാണ്.
എന്നാൽ ഇപ്പോൾ സ്ഥിതി മാറി. പുതിയ കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ നിരക്കിൽ കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര മുന്നിലെത്തിയിരിക്കുന്നു.
2023-ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിക്കവേ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുറത്തുവിട്ട കണക്കനുസരിച്ച്, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന മൊത്തം വിദേശ പണത്തിന്റെ 10.2 ശതമാനം മാത്രമാണ് കുടിയേറ്റ തൊഴിലാളികൾ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലേക്കെത്തുന്നത്.
എന്നാൽ കേരളത്തിലേക്കെത്തുന്നതിന്റെ മൂന്നിരട്ടിയിലധികമെങ്കിലും ഗൾഫ് പണം മഹാരാഷ്ട്രയിൽ എത്തുന്നുണ്ടെന്നാണ് ആർ ബി ഐയുടെ കണക്ക്. കൃത്യമായി പറഞ്ഞാൽ ഇന്ത്യയിലേക്കുള്ള മൊത്തം പണമയക്കലിന്റെ 35.2 ശതമാനമാണ് മഹാരാഷ്ട്രയിലെത്തുന്നത്. കേരളത്തിലെത്തുന്നത് 10.2 ശതമാനവും. റിസർവ് ബാങ്കിന്റെ അഞ്ചാം റൗണ്ട് റിപ്പോർട്ടിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സാമ്പത്തികാവലോകന റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
മഹാരാഷ്ട്രയും കേരളവും കഴിഞ്ഞാൽ തമിഴ്‌നാട്, ഡൽഹി, കർണാടകം, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പുറകെ വരുന്നത്. 1.9 ശതമാനം രേഖപ്പെടുത്തിയ ജാർഖണ്ഡാണ് വിദേശ പണമൊഴുക്ക് എറ്റവും കുറഞ്ഞ സംസ്ഥാനം.
അതായത്, ജി സി സി മേഖലയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന, പരമ്പരാഗത പണമയക്കൽ സ്വീകരിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക, എന്നിവയുടെ വിദേശപണ വിഹിതം 2020-21 ൽ ഏതാണ്ട് പകുതിയായി കുറഞ്ഞെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2016-17 മുതലുള്ള മൊത്തം പണമയക്കലിന്റെ 25 ശതമാനം പണം മാത്രമാണ് 2020-21 വർഷം ഈ സംസ്ഥാനങ്ങളിലേക്കെത്തിയത്. 2020 ഏപ്രിലിലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ രാജ്യാന്തര പണമയക്കലിൽ 20 ശതമാനം ഇടിവുണ്ടാകുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും ആ വർഷം ആഗോള തലത്തിൽ പണമയക്കുന്നതിൽ നേരിയ ഇടിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതായത്, 2019-ലെ 719 ബില്യൺ ഡോളർ എന്നതിൽ നിന്ന് 702 ബില്യൺ ഡോളർ എന്ന കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. ആർ ബി ഐയുടെ അഞ്ചാം റൗണ്ട് സർവേ പ്രകാരം ജി സി സി മേഖലയിൽനിന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര പണലഭ്യതയുടെ പങ്ക് 2016-17 ലെ 50 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഇതുൾപ്പടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിലുണ്ടായ കുറവിനുപിന്നിൽ കുടിയേറ്റത്തിലുണ്ടായിട്ടുള്ള പ്രതിസന്ധികൾ ഉൾപ്പടെ വേറെയും കാരണങ്ങളുണ്ട്.
അന്താരാഷ്ട്ര പണമയക്കലും കുടിയേറ്റവും
19-ാം നൂറ്റാണ്ടു മുതൽ ശക്തിപ്രാപിച്ചു തുടങ്ങിയ പ്രതിഭാസമാണ് കുടിയേറ്റം. പലതരം കുടിയേറ്റങ്ങളുണ്ടെങ്കിലും സാമ്പത്തിക നേട്ടം കൈവരിക്കണമെന്ന ലക്ഷ്യത്തോടെ സ്വമേധയാ നടത്തുന്നവയാണ് കുടിയേറ്റങ്ങളിൽ അധികവും.
വ്യവസായ വിപ്ലവത്തോടെയാണ് അതു വ്യാപകമായിത്തീർന്നത്. വ്യവസായ വിപ്ലവത്തോടെ ആവിർഭവിച്ച പുതിയ തൊഴിലവസരങ്ങൾ തേടിയുള്ള കുടിയേറ്റങ്ങളോടെയാണ് ആധുനിക കാലത്തെ കുടിയേറ്റങ്ങൾ ശക്തിയാർജ്ജിച്ചത്. മറ്റ് രാജ്യങ്ങളിലെ വലിയ തൊഴിലവസരങ്ങളാണ് അന്നും ഇന്നും ആളുകളെ കുടിയേറാൻ നിർബന്ധിതരാക്കുന്നത് എന്നതിൽ സംശയമില്ല.
ഇന്ത്യയിലേക്കെത്തുന്ന വിദേശ പണത്തിന് കുടിയേറ്റത്തിന് എക്കാലത്തും വലിയ സ്വാധീനമുണ്ടായിരുന്നു. കുടിയേറ്റക്കാർ വഴി ഇന്ത്യയിലേക്ക് എക്കാലത്തും കോടിക്കണക്കിന് വിദേശ പണം ഒഴുകിയെത്തിയിട്ടുണ്ട്. ഇതിൽ ആദ്യകാലത്ത് ഗൾഫ് കുടിയേറ്റമാണ് നിർണായക സ്വാധീനം ചെലുത്തിയത്.
മലയാളികൾ ഗൾഫ് കുടിയേറ്റം തുടങ്ങുന്നത് അറുപതുകളിലും എഴുപതുകളിലുമാണെന്ന് കാണാം. അക്കാലത്ത് രാജ്യാന്തര വിപണിയിൽ എണ്ണവിലയിലുണ്ടായ വൻ കുതിപ്പ് മൂലം ഗൾഫ് രാജ്യങ്ങൾ സാമ്പത്തികമായി വളർന്നു. ഇത് ഗൾഫ് രാജ്യങ്ങളെ വ്യാപാരത്തിന്റെും തൊഴിലവസരങ്ങളുടെയും കേന്ദ്രമാക്കി. ഇവിടങ്ങളിലെ സാമ്പത്തിക വളർച്ച മലയാളികളെ ഗൾഫിലേക്ക് പോകാൻ പ്രേരിപ്പിച്ചു. പിന്നീട് ഈ ഓയിൽ ബൂം സാധ്യമാക്കിയ ഗൾഫ് കുടിയേറ്റ ട്രെൻഡ് 1980-കളോടെ ശക്തിപ്പെടുന്നതും കാണാം. ഗൾഫ് കുടിയേറ്റത്തിന്റെ ഏറ്റവും വലിയ സവിശേഷത, അത് സാധാരണക്കാരുടെയും നിരക്ഷരരുടെയും കൂടി പ്രവാസമായിരുന്നു എന്നതാണ്.
എം.എ. യൂസഫലി, പി.വി. അബ്ദുൽ വഹാബ്, രവി പിള്ള, സി.കെ. മോനോൻ, ഡോ. ആസാദ് മൂപ്പൻ, സിദ്ധിഖ് അഹമ്മദ്, കെ.ടി. റബീയുള്ള തുടങ്ങിയ പ്രവാസി മലയാളികൾ ലോക വ്യവസായ ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചതിന്റെയും വലിയ തൊഴിൽ ദാതാക്കളായതിന്റെയും പിന്നിൽ ഗൾഫ് പണത്തിന്റെ സ്വാധീനം തെളിഞ്ഞുകാണാം.
നാട്ടിൽ അഞ്ചു രൂപ തികച്ച് സമ്പാദിക്കാൻ കഴിയാതിരുന്ന സാധാരണക്കാർ ഗൾഫിൽ പോയി സമ്പാദിക്കാൻ തുടങ്ങി. അവർ മാസംതോറും നാട്ടിലേക്ക് അയച്ച പണത്തിന്റെ ബലത്തിൽ ഇവിടെയും മാറ്റങ്ങളുണ്ടായി. കേരളത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ഇന്ന് കാണുന്ന തലത്തിലേക്ക് ഉയർത്തുന്നതിൽ ഗൾഫ് പണത്തിന് പങ്കുണ്ട്.
എന്നാൽ ഗൾഫ് പ്രവാസത്തിന്റെ സുവർണ കാലം കഴിഞ്ഞുപോയിരിക്കുന്നു എന്നാണ് കണക്കുകളിൽ നിന്ന് മനസിലാകുന്നത്. പണമയക്കലിനെക്കുറിച്ചുള്ള ആർ ബി ഐയുടെ അഞ്ചാം റൗണ്ട് സർവേ പ്രകാരം ജി സി സി മേഖലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര പണലഭ്യതയുടെ കുറവ് 2016-17ൽ (അവസാനം സർവേ നടത്തിയ കാലയളവ്) 50 ശതമാനത്തിൽ നിന്ന് 2020-21 കാലയളവിൽ ഏകദേശം 30 ശതമാനമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കുടിയേറ്റത്തെയും പണമയക്കലിനെയും കുറിച്ചുള്ള ലോകബാങ്ക് റിപ്പോർട്ട് (വേൾഡ് ബാങ്ക്, 2021 ബി) അനുസരിച്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള പണമയക്കൽ 2020-ൽ 540 ബില്യൺ ഡോളറായി കുറഞ്ഞെന്നും കണക്കുകൾ ഉണ്ട്. അതായത്, 2019-ലെ 548 ബില്യൺ ഡോളർ എന്ന കണക്കിൽ നിന്ന് 1.6 ശതമാനം കുറവാണ് 2020ൽ രേഖപ്പെടുത്തിയത്.
സാമ്പത്തിക മാന്ദ്യത്തിന്റയും എണ്ണവിലയിലെ ഇടിവിന്റെയും പ്രഭാവങ്ങൾ ഗൾഫ് രാജ്യങ്ങൾ ഇരയായതിനാൽ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ പണമയക്കൽ സ്വീകരിക്കുന്ന ഇന്ത്യയെ ഇത് മോശമായി ബാധിക്കുമെന്ന് നേരത്തേ തന്നെ പ്രവചനങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ഉണ്ടായിട്ടുള്ള കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിന്റെ കുറവിന് പിന്നിൽ കാരണങ്ങൾ വേറെയുമുണ്ട്. വേതനത്തിലെ കുറവ്, ജി സി സി മേഖലയിലേക്കുള്ള വൈറ്റ് കോളർ കുടിയേറ്റ തൊഴിലാളികളുടെ വർദ്ധനവ്, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വേതനമുള്ള അർദ്ധവിദഗ്ധ തൊഴിലാളികളുടെ വരവ്, ഈ സംസ്ഥാനങ്ങളിലെ തൊഴിൽ രീതികളിലെ മാറ്റങ്ങൾ എന്നിവയാണ് പണമയക്കൽ ട്രെൻഡിലുണ്ടായ മാറ്റങ്ങൾക്ക് കാരണം.
ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇവിടേക്കെത്തുന്ന പണം അതീവ പ്രാധാന്യമർഹിക്കുന്നതാണ്. എന്നാൽ ഇപ്പോൾ ഗൾഫ് പണത്തിന്മേലുള്ള പ്രതീക്ഷയും അസ്ഥാനത്താവുകയാണ് എന്നാണ് ഇത്തവണത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് കാണിക്കുന്നത്.
കുടിയേറ്റത്തിലെ മാറിയ
മലയാളി ട്രെൻഡ്
വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പദ് വ്യവസ്ഥയ്ക്ക് എക്കാലത്തും വലിയ ഗുണങ്ങൾ ചെയ്തിട്ടുണ്ടെന്നതിൽ സംശയമില്ല. കേരളത്തിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ആഗോള തലത്തിൽ തന്നെ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ.
2020-ൽ മാതൃ രാജ്യങ്ങൾ ഒഴികെയുള്ള രാജ്യങ്ങളിൽ താമസിക്കുന്ന ആളുകൾ 281 ദശലക്ഷം ആണ്. വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട്- 2020 അനുസരിച്ച് ഏകദേശം 18 ദശലക്ഷം ഇന്ത്യക്കാർ വിദേശത്ത് താമസിക്കുന്നുണ്ട്. ലോകത്തെ തന്നെ എറ്റവും വലിയ കുടിയേറ്റ ജനസംഖ്യയാണ് ഇന്ത്യയിലേത്. ഇത് ആഗോള തലത്തിൽ ഇന്ത്യയെ ഏറ്റവും വലിയ കുടിയേറ്റ പ്രഭവ കേന്ദ്രരാജ്യമാക്കി മാറ്റുന്നു. 11 ദശലക്ഷം കുടിയേറ്റക്കാരുള്ള മെക്സിക്കോ ആണ് രണ്ടാം സ്ഥാനത്ത്.
ഇതോടൊപ്പം മലയാളികളുടെയും കുടിയേറ്റത്തിന്റെ ട്രെൻഡിലും പുതിയ കാലത്ത് മാറ്റമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം കുടിയേറ്റത്തിന്റെ ട്രെൻഡിൽ നിന്ന് കേരളത്തിലെ കുടിയേറ്റം വേറിട്ടുനിൽക്കുന്നു. ഇത് കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും സമ്പദ് വ്യവസ്ഥയിൽ അനുകൂലമായും പ്രതികൂലമായും ചലനങ്ങൾ സൃഷ്ടിക്കാൻ പോന്നവയാണ്. പണ്ട് മലയാളികളുടെ തൊഴിൽ - വിദ്യാഭ്യാസ സ്വപന്ങ്ങളിൽ നിറഞ്ഞുനിന്നിരുന്നത് ഗൾഫ് രാജ്യങ്ങളായിരുന്നെങ്കിൽ ഇന്ന് കാനഡയും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയുമെല്ലാമാണ് മലയാളികൾ ജോലിക്കും പഠനത്തിനുമായി തിരഞ്ഞെടുക്കുന്നത്.
കേരളത്തിൽ നിന്ന് വർഷാവർഷം കുറഞ്ഞത് 40,000-ലധികം പേർ വിദ്യാഭ്യാസത്തിന് പുറത്തുപോകുന്നുണ്ടെന്നാണ് മലയാളി ഫിനാൻസ് വ്ലോഗറായ ഷാരിഖ് ഷംസുദ്ദീൻ തന്റെ ഒരു വീഡിയോയിൽ പറയുന്നത്: ‘വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന മലയാളി കുട്ടികളുടെ വിദ്യാഭ്യാസ ചെലവിന് വേണ്ടിവരുന്ന പണം ചെലവഴിക്കപ്പെടുന്നത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിന്നാണെന്ന് ഓർക്കണം. 15 മുതൽ 20 ലക്ഷം വരെ രൂപയാണ് വിദേശത്തെ താമസത്തിനും വിദ്യാഭ്യാസത്തിനുമായി മലയാളി വിദ്യാർത്ഥികൾക്ക് ഒരു വർഷം ചെലവഴിക്കേണ്ടി വരുന്നത്. അതായത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിന്ന്, മലയാളികളുടെ കയ്യിൽ നിന്ന് ഒരു വർഷം പുറത്തേക്കൊഴുകുന്നത് ഏതാണ്ട് 5000 മുതൽ 7000 വരെ കോടി രൂപയാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വിനിയോഗിക്കേണ്ടിയിരുന്ന പണമാണ് ഇതെന്ന് ഓർക്കണം. കേരളത്തിന്റെ ആളുകളും പണവുമെല്ലാം പുറത്തേക്ക് പോകുന്നു എന്നാൽ കേരളത്തിലേക്ക് വിദേശപണം വരുന്നുമില്ല. പണ്ട് ജോലി തേടി ഗൾഫിലേക്ക് എത്തിയിരുന്ന മലയാളികൾ കേരളത്തിലേക്ക തിരിച്ചുവരാറുണ്ടായിരുന്നു. അന്ന് ഗൾഫ് രാജ്യങ്ങൾ കുടിയേറ്റക്കാർക്ക് പെർമനെന്റ് റെസിഡന്റ് വിസ അനുവദിച്ചിരുന്നില്ല. എന്നാൽ ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികൾ ഉൾപ്പടെയുള്ള കുടിയേറ്റക്കാർക്ക് ആ രാജ്യങ്ങൾ പെർമനന്റ് റസിഡന്റ് വിസ അനുവദിക്കുന്നു. ഇത് കുടിയേറ്റക്കാരെ വലിയ തോതിൽ ആകർഷിക്കുന്നുന്നുണ്ട്. പലരും കുടിയേറി പാർക്കുന്ന രാജ്യങ്ങളിൽ തന്നെ സ്ഥിര താമസമാക്കുന്നു. പൗരത്വം നേടുന്നു. ഇങ്ങനെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി സ്ഥിരതാമസമാക്കുന്നവരും കേരളത്തിലേക്ക് പണമയക്കില്ലേ എന്ന ചോദ്യത്തിന് അത് ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവർ അയക്കുന്ന പണശതമാനത്തേക്കാൾ കുറവാണെന്നാണ് ഉത്തരം. ഇതിന് കാരണങ്ങളും പലതുണ്ട്.
മുമ്പ് ഗൾഫിലേക്ക് കുടിയേറിയിരുന്ന പോലെയല്ല ഇന്നത്തെ യൂറോപ്യൻ കുടിയേറ്റങ്ങൾ. യൂറോപ്യൻ കുടിയേറ്റക്കാരുടെ കേരളവുമായുള്ള ബന്ധങ്ങൾ മുറിഞ്ഞുപോകാൻ സാധ്യതയുണ്ട്. ഗൾഫിലെ ടൈംസോണിന് ഇന്ത്യയിലേതുമായി വലിയ മാറ്റങ്ങൾ ഇല്ലെന്ന് കാണാം. പലപ്പോഴും ഒന്നോ ഒന്നരയോ മണിക്കൂറിന്റെ വ്യത്യാസങ്ങൾ മാത്രമേ അനുഭവപ്പെടാറുള്ളൂ. അതിനാൽ തന്നെ മൊബൈൽ ഫോൺ വഴിയെങ്കിലും ബന്ധങ്ങൾ നിലനിർത്താൻ ഗൾഫ് കുടിയേറ്റക്കാർക്ക് കഴിയും. എന്നാൽ യൂറോപ്പിലെയോ അമേരിക്കയിലെയോ ടൈംസോൺ ഇന്ത്യയിലേതുമായി വളരെ വ്യത്യാസപ്പെട്ടിരിക്കുന്നതാണ്. ചിലപ്പോൾ 10ഉം 12ഉം മണിക്കൂറുകൾ പോലും വ്യത്യാസമുണ്ട്. പലപ്പോഴും ഫോൺ കോൾ വഴിപോലും ബന്ധങ്ങൾ നിലനിർത്താൻ ബുദ്ധിമുട്ടുണ്ടെന്നതാണ് സത്യം. ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താൻ ഈ അകലത്തിന് കഴിയും. ഗൾഫ് കുടിയേറ്റക്കാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ പെട്ടന്ന് കേരളത്തിലേക്ക് മടങ്ങാൻ കഴിയുമ്പോൾ അമേരിക്ക, യൂറോപ്പ് പോലുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാർക്ക് അത്ര പെട്ടന്ന് കേരളത്തിലേക്ക് മടങ്ങാൻ കഴിയില്ലെന്നതും ബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയേക്കാം. ഇത് ഈ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പണമൊഴുക്കിനെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്’’. എന്നും അദ്ധേഹം വീഡിയോയിൽ പറയുന്നു.
അതേ, വിദേശത്തേക്ക് കുടിയേറുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചുള്ള ആശങ്ക റിവേഴ്‌സ് റെമിറ്റൻസ് ആണ്. തൊഴിൽ തേടിയുള്ള കുടിയേറ്റം ആഭ്യന്തര വിപണിയിലേക്ക് സമ്പത്ത് എത്തിച്ചിരുന്നെങ്കിൽ വിദ്യാഭ്യാസത്തിനായുള്ള കുടിയേറ്റം രാജ്യത്തെ സമ്പത്ത് കയറ്റുമതി ചെയ്യുന്ന പ്രക്രിയകൂടിയാവുകയാണ്.
അതായത്, വിദ്യാർത്ഥികൾ പലരും ഇവിടെ നിന്ന് വായ്പയെടുത്താണ് വിദേശങ്ങളിലേക്ക് പഠിക്കാൻ പോവുന്നത്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന പ്രശനമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തൊഴിലധിഷ്ഠിതമാക്കലാണ് തൊഴിൽ തേടിയുള്ള കുടിയേറ്റങ്ങൾ കുറക്കാൻ സ്വീകരിക്കേണ്ട നടപടിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ അതുകൊണ്ടു മാത്രം ഈ ഒഴുക്ക് പൂർണമായും തടയാനാവുമെന്നും തോന്നുന്നില്ല.
വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പോവുന്നത് അവർ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതിനാലും ഇപ്പോഴും സങ്കുചിത ചിന്തകൾ നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ നിന്ന് മോചനം ആഗ്രഹിച്ചും കൂടുതൽ മികച്ച വിദ്യാഭ്യാസവും തൊഴിലും വേണമെന്ന ചിന്തയുമൊക്കെയുള്ളതിനാലാണ്. വിദ്യാർത്ഥികളുടെ ഈ കുടിയേറ്റ പ്രതിഭാസം ഉയർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആശങ്ക ‘ബ്രെയിൻ വേസ്റ്റാണ്’. ഇവിടെ നിന്ന് പോകുന്ന വിദ്യാർത്ഥികളിൽ അധികം പേരും വലിയ തോതിൽ നൈപുണികൾ ആവശ്യമില്ലാത്ത തൊഴിൽ ചെയ്യേണ്ടി വരുന്നതാണ് ഇപ്പോഴത്തെ പതിവ്.
തിരിച്ചുവരാത്ത മലയാളികളും കേരളത്തിൽ ബാക്കിയാകുന്നവരും
വിദേശത്തേക്ക് കുടിയേറുന്നതെന്തിന് എന്ന ചോദ്യത്തിന് മിക്ക മലയാളികൾക്കും ഒറ്റ ഉത്തരമാണുള്ളത്. ‘നാട്ടിൽ നിന്നാൽ പണമുണ്ടാക്കാനാകില്ല’. യുവാക്കളുടെ ഈ ആശങ്ക ഒരു പരിധി വരെ ഇത് സത്യവുമാണ്.
വിദേശത്തേക്ക് കുടിയേറുന്ന മലയാളികളിൽ പലരും ലക്ഷ്വറി ജീവിതം സ്വപ്‌നം കാണുന്നവരാണ്. ജോലിയിലൂടെയോ സംരംഭങ്ങളിലൂടെയോ വലിയ വരുമാനമുണ്ടാക്കാനുള്ള സാഹചര്യം കേരളത്തിൽ താരതമ്യേന കുറവായതിനാലാണിത്. വിദേശരാജ്യങ്ങളിലലെ ഉയർന്ന ജീവിതനിലവാരമാണ് മലയാളികളെ കുടിയേറാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം.
അതേസമയം കേരളത്തിലാണെങ്കിൽ കപട സദാചാരം, ഇടുങ്ങിയ ചിന്താഗതി, വ്യക്തിസ്വാതന്ത്രമില്ലായ്മ തുടങ്ങിയവയെല്ലാം വീണ്ടും വീണ്ടും നോർമലൈസ് ചെയ്യപ്പെടുകയാുമാണ്. സ്ത്രീസുരക്ഷയിലും സ്ത്രീ സ്വതന്ത്ര്യത്തിലും ദേശീയ ശരാശരിയേക്കാൾ മുകളിലാണെങ്കിലും കേരളവും അത്രകണ്ട് മുന്നേറി എന്ന് പറയാൻ കഴിയില്ല.
മറ്റൊന്ന്, ബ്ലൂ കോളർ ജോലികളെ ബഹുമാനിക്കാൻ കേരളം ഇപ്പോഴും പഠിച്ചിട്ടില്ലെന്നതാണ്. വിദേശ രാജ്യങ്ങൾ ബ്ലൂ കോളർ ജോലിക്കാരെ രണ്ടാംകിടക്കാരായി കാണുന്നില്ലെന്നത് മലയാളികളെ കുടിയേറാൻ പ്രേരിപ്പിക്കുന്ന വലിയ ഘടകമാണ്. ഉയർന്ന നിലവാരമുള്ള വിദേശ വിദ്യാഭ്യാസമാണ് മറ്റൊരു ഘടകം.
മാത്രമല്ല, മികച്ച സർവകലാശാലകളിൽ നിന്ന് പിഎച്ച്ഡി ഉൾപ്പടെ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിൽ കാത്തിരിക്കുന്നത് കാലഹരണപ്പെട്ട സിലബസും മികച്ച കോളേജുകളിലേക്ക് അഡമിഷൻ കിട്ടാനുള്ള വലിയ കടമ്പകളുമാണ്. ഇതും മലയാളി വിദ്യാർത്ഥികളെ കുടിയേറാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.
ഇത്രയധികം യുവാക്കൾ ഓരോ വർഷവും കുടിയേറുമ്പോൾ കേരളത്തിൽ ബാക്കിയാകുന്നത് പ്രായം ചെന്ന കുറേ മനുഷ്യർ മാത്രമാണ്. യുവാക്കൾ എന്നന്നേക്കുമായി കുടിയേറി പാർക്കുകയും ഇവിടെ ആശ്രിത വിഭാഗത്തിൽ പെടുന്ന, സമ്പദ് വ്യവസ്ഥയിലേക്ക് കാര്യമായ സംഭാവനകൾ ഒന്നും നൽകാൻ കഴിയാത്ത മുതിർന്ന പൗരൻമാർ മാത്രം ബാക്കിയാകുന്നു എന്നതും നമ്മുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാനോ കുടിയേറ്റം കുറയ്ക്കാനോ ഇവിടുത്തെ തൊഴിൽ സാഹചര്യങ്ങളിലും മറ്റും മാറ്റം വരേണ്ടതുണ്ട് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
‘പ്രവാസി പണമയക്കൽ
കുറഞ്ഞിട്ടില്ല’
എന്നാൽ കേരളത്തിലേക്കുള്ള പ്രവാസി പണത്തിൽ കുറവുണ്ടായതായി കരുതുന്നില്ല എന്നും പകരം വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നുമാണ് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്: ‘പ്രവാസികൾ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തോത് വർദ്ധിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലാണ് കേരളത്തിന്റെ മാനവ വിഭവശേഷി എറ്റവും കൂടുതലുള്ളത്. പുതിയ കാലത്ത് ഗൾഫ് രാജ്യങ്ങളിലേക്കു മാത്രമല്ല, അമേരിക്കയിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കു പോലും മലയാളി യുവാക്കൾ കുടിയേറുന്നുണ്ട്. അതിനാൽ കേരളത്തിന്റെ പ്രവാസി പണവരുമാനം കുറഞ്ഞു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഗൾഫ് പണമൊഴുക്ക് കൂടുക തന്നെയാണ് ചെയ്തിട്ടുള്ളത്. കേരളത്തിന്റെ ശക്ത്രിസ്രോതസായി ഇപ്പോഴും നിലനിൽക്കുന്നത് വിദേശത്തുനിന്നുള്ള പണമൊഴുക്ക് തന്നെയാണ്. സംസ്ഥാന ഗവൺമെന്റിന്റെ ക്ഷേമപദ്ധതികളിലും മറ്റും കുറവ് വരുന്ന ഘട്ടങ്ങളിൽ പോലും നമ്മൾ പിടിച്ചുനിൽക്കുന്നത് വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ കുറവ് വരാത്തതുകൊണ്ടാണ്. കോവിഡ് കാലത്ത് കുടിയേറ്റക്കാരായ മലയാളികൾ പലരും കേരളത്തിലേക്ക് തിരിച്ചുവന്നിരുന്നു. എന്നാൽ, മടങ്ങിയെത്തിയവരുടെ അത്രയും എണ്ണം തന്നെ മലയാളികൾ വീണ്ടും കുടിയേറിയിട്ടുണ്ട്. കുറച്ചാളുകൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ടാവാം. എന്നാൽ പലർക്കും പുതിയ മേഖലകളിൽ തൊഴിൽ കിട്ടിയിട്ടുമുണ്ട്. അതുകൊണ്ട് പ്രവാസി പണത്തിന്റെ വരവ് കേരളത്തിലേക്ക് കുറഞ്ഞു എന്ന വാദത്തിനോട് വ്യക്തിപരമായി വിയോജിപ്പാണ്. ഇപ്പോൾ യൂറോപ്പിലേക്ക് കുടിയേറുന്ന മലയാളികൾ കേരളത്തിലേക്ക് തിരിച്ചുവരാതെ അവിടങ്ങളിലെ പൗരരായി മാറുന്നു എന്നതിൽ ആശങ്ക വേണ്ടെന്നാണ് കരുതുന്നത്. ഈ രാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ച് സ്ഥിരതാമസക്കാരാകുന്നത് വളരെ ചെറിയൊരു വിഭാഗം മലയാളികൾ മാത്രമാണെന്നതാണ് യാഥാർത്ഥ്യം. തൊഴിൽ തേടി ആളുകൾ ഇന്ത്യക്ക് പുറത്തേക്കുപോകുന്നത് ഒരു തരത്തിൽ ഇന്ത്യക്ക് ഗുണമാണ് ചെയ്യുന്നത്. ഇവിടുന്ന് പോകുന്ന പുതിയ ചെറുപ്പക്കാർ പലരും അതത് രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുകയും മടങ്ങവരാതിരിക്കുകയും ചെയ്യുന്നത് നമ്മളെ സംബന്ധിച്ച് നഷ്ടമല്ലേ എന്ന ചോദ്യമാണ് ഇപ്പോഴും എല്ലാവരും ഉന്നയിച്ചു കാണുന്നത്. എന്നാൽ കുടിയേറി പോകുന്നവരോട് പോകരുത് എന്ന് പറയുകയല്ല, പകരം, അവരെ തിരിച്ചുകൊണ്ടുവരാൻ കഴിയും വിധമുള്ള സാഹചര്യങ്ങൾ ഇവിടെ ഉണ്ടാക്കുകയാണ് വേണ്ട’.
ഗൾഫും ദേശസാൽക്കരണവും
ഗൾഫിൽ തൊഴിൽ മേഖല ദേശസാൽക്കരിക്കപ്പെടുകയാണ്. പൊതുമേഖലയിൽ തൊഴിൽ ചെയ്യാനാണ് നേരത്തെ തദ്ദേശീയർ താൽപര്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. വിദ്യാഭ്യാസം കൂടുതൽ പേർക്കിടയിലെത്തിയത് വലിയൊരു വിഭാഗം തദ്ദേശീയരായ യുവാക്കൾ തൊഴിൽ കമ്പോളത്തിലെത്താൻ കാരണമായിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പടെ തൊഴിൽ കമ്പോളത്തിലേക്ക് എത്തിച്ചേരുന്ന സാഹചര്യമുണ്ടായി. ഒപ്പം അറബ് വസന്തം കൂടി കടന്നുവന്നതോടെ സ്വകാര്യ മേഖലയിലെ തൊഴിലിന്റെ ദേശസാൽക്കരണത്തിന് ഗൾഫ് രാജ്യങ്ങൾ നിർബന്ധിതമായി. ദേശസാൽക്കരണത്തോടെ മലയാളികളിൽ പലരുടെയും ജോലി നഷ്ടപ്പെട്ടു. ഇത് തീർച്ചയായും കേരളത്തിൽ നിന്നുള്ള കുടിയേറ്റത്തെ ബാധിച്ചിട്ടുണ്ട്. തദ്ദേശീയർ വൈറ്റ് കോളർ ജോലികളാണ് ഇപ്പോൾ കൂടുതൽ തെരഞ്ഞെടുക്കുന്നത്.
നിർമാണ മേഖല, ഉൽപാദന മേഖല, വീട്ടുജോലി തുടങ്ങിയ മേഖലകളിൽ ഇപ്പോഴും കുടിയേറ്റക്കാരായ തൊഴിലാളികളെ ഗൾഫ് രാഷ്ട്രങ്ങൾ ആശ്രയിക്കുന്നുണ്ടെന്നതാണ് പ്രതീക്ഷയ്ക്ക് വക നൽകുന്ന കാര്യം. ഗൾഫിലെ 70-80 ശതമാനം കുടിയേറ്റ തൊഴിലാളികളും സെമി-സ്‌കിൽഡ്, ലോ-സ്‌കിൽഡ് തൊഴിലുകളാണ് ചെയ്യുന്നത്. തൊഴിലിന്റെ ദേശസാൽക്കരണം ഈ തൊഴിൽ മേഖലയെ ബാധിക്കുന്നേയില്ല. നിലവിൽ യൂറോപ്യൻ തൊഴിൽ കമ്പോളവും തുറന്നിട്ടിരിക്കുകയാണ്. അവിടേയും ബ്ലൂ-കോളർ ജോലികൾ തന്നേയാണ് മലയാളികളെ കാത്തിരിക്കുന്നതും. ഇത് ഇവിടേക്കുള്ള വിദേശ പണമൊഴുക്ക് വർദ്ധിക്കാൻ സഹായകരമാകും എന്നാണ് കരുതേണ്ടത്.
ഇതും കാരണം
2018-ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 21,21,887 പ്രവാസികൾ കേരളത്തിൽ നിന്നുള്ളവരാണ്. ഇത് 2016ലെ കേരള മൈഗ്രേഷൻ സർവേയേക്കാൾ 1.49 ലക്ഷവും 2013ലെ സർവേയെക്കാൾ 2.78 ലക്ഷവും കുറവാണ്. ഇതും കേരളത്തിലേക്കുള്ള വിദേശ പണത്തിന്റെ ഒഴുക്കിനെ കുറച്ചിട്ടുണ്ട്.
വിസിറ്റിംഗ് വിസയിൽ വിദേശത്ത് ചെന്ന് ജോലി ശരിയാക്കി തിരിച്ചുവരാം എന്ന പലരുടെയും പ്രതീക്ഷ പലപ്പോഴും അസ്ഥാനത്താകുന്നു. പ്രവാസികൾ പലർക്കും ജോലി ശരിയാകാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നു. പ്രവാസികൾ എന്ന് നിർവചിക്കുന്നത് ജോലിക്കോ പഠനത്തിനോ അല്ലെങ്കിൽ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ കുറഞ്ഞത് ആറുമാസമെങ്കിലും കേരളത്തിന് പുറത്ത് താമസിച്ച് ഇപ്പോൾ കേരളത്തിൽ താമസിക്കുന്നവരെയാണ്.
കേരള മൈഗ്രേഷൻ സർവേ പ്രകാരം കേരളത്തിലെ കുടിയേറ്റക്കാരിൽ 90% വും താൽക്കാലിക കരാർ ജോലികൾക്കായി ഗൾഫിലേക്ക് പോകുന്നു. ഗൾഫ് രാജ്യങ്ങൾ പൗരത്വം നൽകാത്തതിനാൽ കരാർ അവസാനിച്ചാൽ ഇവർക്കെല്ലാം കേരളത്തിലേക്ക് മടങ്ങേണ്ടിയും വരുന്നു.
കുടിയേറ്റത്തിലെ നെഗറ്റീവ് ട്രെൻഡ്
കഴിഞ്ഞ പത്തുവർഷമായി കുടിയേറ്റത്തിൽ കുറവുണ്ടായിട്ടുണ്ട്. 2008 മുതൽ എമിഗ്രേഷൻ വളർച്ചാ നിരക്കുകൾ തുടർച്ചയായി കുറയുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ 2011-ലും 2013-ലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2008 മുതൽ 2011 വരെയുള്ള കാലയളവിൽ 87000ത്തിൽ അധികം ആളുകളും 2011 മുതൽ 2013 വരെയുള്ള കാലയളവിൽ ഏകദേശം 1.1 ലക്ഷം പേരും കുടിയേറിയിട്ടുണ്ട്.
2013-ൽ പ്രവചിച്ചതുപോലെ കേരള മൈഗ്രേഷൻ സർവേ മൈഗ്രേഷൻ കുറയുന്നതായി കാണിക്കുന്നുണ്ട്. 2013ൽ മൊത്തം പ്രവാസികളുടെ എണ്ണം 24 ലക്ഷമായിരുന്നു. എന്നാൽ 2018ലേക്ക് എത്തുമ്പോഴേക്കും ഇത് 21 ലക്ഷമായി കുറഞ്ഞു. ഏകദേശം 12ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിത്. 2018ലെ മൈഗ്രേഷൻ സർവേ പ്രകാരം തിരിച്ചുവന്ന പ്രവാസികളുടെ എണ്ണം 12.95 ലക്ഷമാണ്. അതായിത് കേരളത്തിൽ നിന്നുള്ള മൊത്തം കുടിയേറ്റക്കാരുടെ 60 ശതമാനം.
ജില്ല തിരിച്ചുള്ള കണക്കുകൾ നോക്കുകയാണെങ്കിൽ മലപ്പുറം ജില്ലയിൽ നിന്നാണ് എറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ളതെന്ന് കാണാം. രണ്ടാം സ്ഥാനം കണ്ണൂരിനും മൂന്നാം സ്ഥാനം തൃശൂരിനുമാണ്. അതുതന്നെയും 2013ലെ കണക്കുകളെക്കളെ അപേക്ഷിച്ചു നോക്കുമ്പോൾ കുറവുമാണ്. 2013ൽ 455696 കുടിയേറ്റക്കാരാണ് മലപ്പുറത്തു നിന്നും ഉണ്ടായിരുന്നതെങ്കിൽ 2018 ആയപ്പോഴേക്കും ഇത് 406054 ആയി കുറഞ്ഞു.
കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ ഉണ്ടായ കുറവിൽ കുടിയേറ്റത്തിലെ മാറിയ ട്രെന്റിന് വലിയ പങ്കുണ്ടെന്നാണ് ഈ കണക്കുകളിൽ നിന്നെല്ലാം മനസിലാകുന്നത്. കുടിയേറ്റത്തിന് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നിരിക്കേ തന്നെ പുതിയ പ്രവണതകൾ അനുകൂലമല്ലെന്ന് വിദഗ്ധരുടെയും അഭിപ്രയാം. കുടിയേറ്റത്തെയും കുടിയേറ്റക്കാരെയും അപ്പാടെ എതിർക്കുന്നതിന് പകരം ഇവിടുത്തെ ഹ്യൂമൻ റിസോഴ്‌സ് ഇവിടെ തന്നെ ഉപയോഗിക്കാൻ കഴിയും വിധമുള്ള സൗകര്യങ്ങൾ ഉണ്ടാക്കുകയാണ് ഇനി വേണ്ടത്.