വിചാരണ കൂടാതെ തടവിലായ
51 അക്ഷരങ്ങൾ

1990- കൾ മുതലുള്ള മലയാള വരമൊഴിയിലെ ഔപചാരിക വിദ്യാഭ്യാസം പരിശോധിച്ചാൽ എത്ര കുടിലമായിട്ടാണ് നവ ലിബറൽ ആശയ സംഹിതകൾ ഈ മേഖലയിൽ ചാരവൃത്തി നടത്തിയതെന്നു കാണാൻ കഴിയും.

നവ ലിബറലിസം:
സർവാരാധനയുടെ പുറകിലെ ​​​​​​​
രാഷ്​ട്രീയം- 18

ഭാഷയുടെ തനിമ നിലകൊളളുന്നത് അതിന്റെ വ്യാകരണത്തിലാണ്. ഭാഷയുടെ വ്യാകരണം അറിയുക എന്നാൽ അതിന്റെ സ്വത്വത്തെ അടുത്തറിയുക എന്നർത്ഥം. എന്നാൽ വ്യാകരണപഠനം ഭാഷയെ സംബന്ധിച്ച്​ ആശയവിനിമയത്തിന്​ അനിവാര്യമായ ഒന്നല്ല. കാരണം, വാമൊഴിയും വ്യാകരണവും വേർതിരിക്കാനാവാതെ അബോധപൂർവ്വം സംഭവിക്കുന്നു. വാമൊഴിയെന്നാൽ വ്യാകരണത്തിന്റെ പ്രായോഗികവും അബോധപരവുമായ ഭാഷാപരിശീലനമാണ്.

ദൈനംദിന വ്യവഹാരത്തിന്റെ വാമൊഴിയ്ക്കപ്പുറം ഭാഷയുടെ മറ്റൊരു വ്യവസ്ഥയാണ് വരമൊഴി. സംഘടിതമായ സമൂഹത്തിന്റെ അടയാളമാണത്. അറിവിന്റെ സമാഹരണവും സംഭരണവും പുനഃ സംഘാടനവും വിതരണവുമാണ് വരമൊഴി സാങ്കേതികവിദ്യയുടെ ഒരു ധർമ്മം. വരമൊഴിയുടെ മറ്റൊരു പ്രധാന ധർമ്മം ഈ സാങ്കേതികവിദ്യ കൊണ്ടുള്ള ഭാവനാവ്യാപാരം അഥവാ സാഹിത്യം കെട്ടലാണ്.

വരമൊഴി നിർമ്മാണം എന്നത് ചരിത്രപരമായ ഒരു ഉദ്ഘനന പ്രക്രിയയത്രേ. ഭാഷയുടെ ചരിത്രത്തിൽ രൂപപ്പെട്ട നിരവധി നീർച്ചാലുകൾ ഒത്തുചേർന്ന്​ ഒരു നദി ഒഴുകുന്ന പോലെയാണ് നിരവധി ഭാഷാദേദങ്ങൾ ഒത്തൊരുമിച്ച്​ വരമൊഴിയാകുന്നത്. വാമൊഴികളുടെ ഒഴുകുന്ന ജലസംഭരണിയാണ് വരമൊഴി. അത് തടങ്ങളിൽ ചാലുകീറി ജലസേചനത്തിനുതകുന്നതുപോലെ വാമൊഴികളെ തിരികെ പോഷിപ്പിക്കുകയും ചെയ്യും. നിരവധി നാടുകളുടെ സമാഹാരമായ ദേശഭൂപടമാണ് വരമൊഴി. പൊതു സാംസ്ക്കാരിക ചരിത്രമാണത്.

വരമൊഴിയിൽ അധികാരവും അവകാശവുമുണ്ട്. ഈ സാങ്കേതികവിദ്യ ശൂദ്രൻ പഠിക്കരുതെന്നു മനുസ്മൃതി ശഠിക്കുവാൻ കാരണമിതാണ്. അതുകൊണ്ട് വരമൊഴിക്ക്​ ജാതിനിർമ്മൂലന യജ്ഞത്തിൽ വലിയ സ്ഥാനം കൊടുത്തു അംബേദ്ക്കർ. വരമൊഴിയിൽ കുഴിച്ചിട്ടിരിക്കുന്ന അപമാനവീകരണത്തിന്റെ വിത്തുകളെ തിരഞ്ഞുപിടിച്ചു, അവ വളരാൻ അനുവദിക്കാതിരിക്കുന്നതിനാണ് അംബേദ്ക്കർ ഇന്ത്യാചരിത്രവും ലോകചരിത്രവും സവിസ്തരം പഠിച്ചത്. വരമൊഴി സാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യം നേടാതെ ചരിത്രത്തിന്റെ കളളപ്പൂട്ടുകളെ തുറക്കുക എളുപ്പമല്ല. അധികാരത്തിന്റെ അനിതരസാധാരണമായ ടെക്നോളജിയാണ് വരമൊഴി. വാമൊഴിയാകട്ടെ ഫോട്ടോയെടുക്കുമ്പോൾ ചിരിക്കുന്ന ആദിവാസിയുടെ മുറുക്കാൻ കറ പുരണ്ട കപടതയില്ലാത്ത മുഖമാകാം.

ഭാഷയുടെ ചരിത്രത്തിൽ രൂപപ്പെട്ട നിരവധി നീർച്ചാലുകൾ ഒത്തുചേർന്ന്​ ഒരു നദി ഒഴുകുന്ന പോലെയാണ് നിരവധി ഭാഷാദേദങ്ങൾ ഒത്തൊരുമിച്ച്​ വരമൊഴിയാകുന്നത്. / Photo: Rosetta Stone, Wikimedia Commons

വരമൊഴിയിൽ വൈദഗ്ധ്യം നേടുകയെന്നാൽ, കാട്ടരുവിയിൽ പാറയിൽ പതയുന്ന വെള്ളത്തിലെ വാമൊഴിക്കുളിയല്ല. അത് മഹാനദിയിൽ നീന്തലോ ചുഴികളെയും ഒഴുക്കിനെയും മെരുക്കിയുള്ള യാനസഞ്ചാരമോ ആണ്. "ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് " എന്ന ഉത്തരത്തിൽ അതീവ ദാർശനിക ഗഹനത ഉണ്ടെങ്കിലും വാമൊഴിയുടെ നിഷ്ക്കളങ്കമായ സത്യബോധത്തിലാണ് അതിലെ ഹാസ്യാത്മകത. വരമൊഴിയാകട്ടെ, ചെസ്​ കളിയിൽ അനേകം നീക്കങ്ങൾ മുൻകൂട്ടി അകക്കണ്ണിൽ കാട്ടിത്തരുന്നതുപോലെ ഭാഷ കൊണ്ടുള്ള അമൂർത്ത ചിന്താ പരിശീലനക്കളരിയത്രേ. രാജ്യവിചാരത്തിന്റെ ഭാഷ വാമൊഴിയല്ല, വരമൊഴി തന്നെ. അതുകൊണ്ടാണ് എല്ലാവരെയും രാഷ്ട്രീയത്തിൽ അഞ്ചു വർഷം കൂടുമ്പോഴെങ്കിലും മുങ്ങിക്കുളിപ്പിക്കുന്ന ജനായത്തത്തിൽ വരമൊഴി അതിപ്രധാനമായി തീരുന്നത്.

ലക്ഷ്യം നോക്കി പായുന്ന വിചാരവരമൊഴിയുടെ അഭ്യാസ പ്രകടനവേദിയാണ് ജനായത്തം. പാർലമെന്റിലെ എഴുത്തും പ്രഭാഷണവും വാമൊഴി വഴക്കത്തിന്റേതല്ല, വരമൊഴി അഭ്യാസത്തിലെ മത്സരമണ്ഡപത്തിന്റേതാണ്. കാരണം, ജനായത്തമെന്നാൽ ആയുധങ്ങൾക്കുപകരം വരമൊഴിയെന്ന മൂർച്ചയേറിയ ആയുധം കൊണ്ടുള്ള നിയമനിർമ്മാണവും അനുബന്ധ അഭ്യാസവേലകളുമത്രേ. അതിനാൽ, ജനായത്തം സാർത്ഥകമാകണമെങ്കിൽ ജനസാമാന്യത്തിനു വരമൊഴിയിൽ വൈദഗ്ദ്ധ്യം അത്യാവശ്യമായിരിക്കുന്നു.

വരമൊഴിക്ക്​ ജാതിനിർമ്മൂലന യജ്ഞത്തിൽ വലിയ സ്ഥാനം കൊടുത്തു അംബേദ്ക്കർ.

വരമൊഴി വൈദഗ്ദ്ധ്യമെന്നത് കേവല സാക്ഷരതയല്ല. ഭാഷയുടെ ദൈനംദിന ഗ്രാമ്യവ്യവഹാരങ്ങൾപ്പുറം ജനപദങ്ങളെയാകെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ വ്യവഹാരങ്ങൾക്ക് ജനതയെ പ്രാപ്തമാക്കുന്ന നാഗരിക സാങ്കേതികവിദ്യയാണ് വരമൊഴി. അത് ഭാഷയുടെ സ്ക്വയർ ഫീറ്റ് കണക്കിനു പരന്നുകിടക്കുന്ന പ്രദർശനശാലയാണ്. പദാവലികളുടെ ഭിന്നഭിന്നങ്ങളായ ഷോറൂമുകൾ കൊണ്ടു നിറഞ്ഞിരിക്കുന്നു അവിടമാകെ.

വരമൊഴി വഴക്കം മേൽത്തട്ടു സമൂഹത്തിൽ സാംസ്ക്കാരിക മൂലധനത്താൽ ഗൃഹാന്തരീക്ഷത്തിൽ വെച്ചു തന്നെ സാധ്യമാകുന്നു. ഉദാഹരണമായി, രാഷ്ട്രീയസമരത്തിൽ ജയിലിൽ കിടക്കുന്ന "അച്ഛൻ മകൾക്കയച്ച കത്തുക"ളും നാലപ്പാട്ടു തറവാട്ടിലെ ഈടുറ്റ ഗ്രന്ഥാലയവും കാണുക. അടിത്തട്ടു സമൂഹങ്ങളിൽ നിന്നുള്ള കുട്ടികൾ വിദ്യാലയത്തിൽ പ്രവേശനം നേടുമ്പോൾ അവർ വീട്ടിൽ നിന്ന്​ കൊണ്ടു വരുന്നത് പരമാവധി 600 പദങ്ങളായിരിക്കും. നേരേമറിച്ച്​, മേൽത്തട്ടു കുടുംബങ്ങളിലുള്ള കുട്ടികൾ 2000 നും 40000 നും ഇടയിൽ പദസമ്പത്തുമായിട്ടാണ് വിദ്യാലയത്തിൽ പ്രവേശനം നേടുക. മനുഷ്യസഹജമായ വാമൊഴി മാത്രം ഒസ്യത്തായിട്ടുള്ള അധഃസ്ഥിത ജനതയുടെ ഒരേയൊരു വരമൊഴി സമ്പർക്കകേന്ദ്രം വിദ്യാലയമാണ്. ഇവിടെ നിന്ന്​ ഇവർക്ക് എത്രത്തോളം വരമൊഴിയിൽ മെയ്​വഴക്കം ആർജ്ജിക്കാൻ പരിശീലനം കിട്ടുന്നുവോ അതായിരിക്കും ജനായത്തത്തെ അർത്ഥവത്താക്കുന്നതിൽ പങ്കാളിയാകുന്നതിനുള്ള അടിത്തട്ടു സമൂഹത്തിന്റെ ആസ്തി.

ജനായത്തത്തിന്റെ ഉൾബലം അതിനാൽ, കേവലസാക്ഷരതയുടെ എന്നതിനേക്കാൾ, അടിത്തട്ടു ജനതയുടെ വരമൊഴി വൈദഗ്ദ്ധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് പ്രധാനമായും അടിത്തട്ടു സമൂഹത്തിന്റെ ആത്മവിചാരഭാഷയിലുള്ള വരമൊഴി വഴക്കമാണ്. ചിന്തിക്കാനുള്ള മാധ്യമമായി കൈവരുന്ന ഭാഷയിൽ / ഭാഷകളിൽ കിട്ടുന്ന വരമൊഴി വൈദഗ്‌ദ്ധ്യം അമൂർത്ത ചിന്തകൾ അതിവേഗത്തിൽ സഞ്ചരിക്കുന്നതിനുള്ള ആറുവരി പാതകളായി ഉപകരിക്കും. ചിന്താവ്യവഹാരരൂപമായ ഭാഷയിൽ അടിത്തട്ടു ജനങ്ങൾക്കു സാധ്യമാകുന്ന വരമൊഴി നൈപുണി അവരുടെ ചുറ്റുപാടുകളെ ജനായത്തവൽക്കരിക്കുന്നതിന്​ പരമ പ്രധാനമാണ്. കേരളത്തിന്റെയും ഇതര സംസ്ഥാനങ്ങളുടെയും ജനായത്തവൽക്കരണത്തിൽ ഒഴിവാക്കാനാവാത്ത ഘടകമായി വരമൊഴിയിലെ വൈദഗ്ദ്ധ്യവൽക്കരണം അടിത്തട്ടു ജനങ്ങളിൽ സംഭവിക്കുന്നതു കാണാം. വരമൊഴി വൈദഗ്ദ്ധ്യം ജനായത്തത്തിനും ജനായത്തം തിരികെ വരമൊഴി വൈദഗ്ദ്ധ്യത്തിനും ഉതകുന്നുവെന്നു സാരം.

"അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ"
.......................

‘‘ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായ്
ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ”

കുമാരനാശാന്‍

എന്നിങ്ങനെയുള്ള കാവ്യപഠനങ്ങളുടെ ജനായത്തപരമായ ഒന്നാമത്തെ വിദ്യാഭ്യാസ ലക്ഷ്യം അടിത്തട്ടു ജനങ്ങളിൽ വരമൊഴി നൈപുണി പരിശീലിപ്പിച്ചെടുത്ത്​, അവരെ മേൽത്തട്ടു കുടുംബങ്ങളിൽ നിന്നു വന്ന വരമൊഴി വൈദഗ്ദ്ധ്യമൂലധനക്കാർക്കൊപ്പം ജനായത്ത പ്രക്രിയയിൽ പ്രാപ്തരാക്കുക എന്നതാണ്. വരമൊഴി നൈപുണിയുടെ എന്നത്തേയും ഉരകല്ലാണ് കാവ്യങ്ങൾ. വികാരവിചാരങ്ങൾ രണ്ടു നിറത്തിൽ പിണഞ്ഞിട്ടിരിക്കുന്ന ഇലക്ട്രിക് വയറുകൾ പോലെ ഭാഷയുടെ സാന്ദ്രപ്രവാഹം വരമൊഴിയിൽ സംഭവിക്കുന്നതാണല്ലോ കവിത. വാക്കുകളിലൂടെ അദൃശ്യമായി പായുന്ന അർത്ഥവിവക്ഷകളെ പിൻതുടരാനുള്ള വരമൊഴിയുടെ പരീക്ഷണശാലയാണ് കാവ്യപഠനം.

വിദ്യാലയത്തിന്റെ ഔപചരികതയ്ക്കുള്ളിൽ നിന്നു മാത്രമേ വരമൊഴി നൈപുണി പരിശീലനം അടിത്തട്ടു കുടുംബങ്ങളിലെ കുട്ടികൾക്ക് കിട്ടുകയുള്ളൂ. വരമൊഴി മികവും അമൂർത്ത ചിന്താശേഷിയും നേടാൻ ആകെയുള്ള അന്തരീക്ഷം അവർക്കു വിദ്യാലയം മാത്രമാണല്ലോ.

അടിത്തട്ടുസമൂഹങ്ങളുടെ വരമൊഴി നൈപുണിക്കും അതുവഴി അമൂർത്തചിന്തയും ഭാവനയും വികസിപ്പിക്കുന്നതിനുമുള്ള ഏക സാംസ്ക്കാരികാശ്രയം വിദ്യാലയമായതിനാലും, അവിടം ഔപചാരിക സ്വഭാവത്തിലുള്ളതിനാലും മേൽത്തട്ടു ഗൃഹങ്ങളിലെ ഭാഷാ സാംസ്കാരികാന്തരീക്ഷത്തിൽ നിന്ന്​ വിദ്യാലയത്തിലെ വരമൊഴി പരിശീലനം വ്യത്യാസപ്പെട്ടിരിക്കുന്നു. മേൽത്തട്ടു കുടുംബാന്തരീക്ഷത്തിൽ വരമൊഴിയും വായനയും, ജനായത്ത സമൂഹത്തിൽ അധികാരക്കോയ്മ നിലനിർത്തുന്നതിന്റെ അവശ്യഭാഗമായി കണ്ട് അനൗപചാരികമായിത്തന്നെ കുട്ടികൾക്ക് ആർജ്ജിക്കുന്നതിനു അവസരമുണ്ട്. എന്നാൽ വിദ്യാലയത്തിന്റെ ഔപചരികതയ്ക്കുള്ളിൽ നിന്നു മാത്രമേ വരമൊഴി നൈപുണി പരിശീലനം അടിത്തട്ടു കുടുംബങ്ങളിലെ കുട്ടികൾക്ക് കിട്ടുകയുള്ളൂ. വരമൊഴി മികവും അമൂർത്ത ചിന്താശേഷിയും നേടാൻ ആകെയുള്ള അന്തരീക്ഷം അവർക്കു വിദ്യാലയം മാത്രമാണല്ലോ.

മേൽത്തട്ടു ഗൃഹങ്ങളിലെ ഭാഷാ സാംസ്കാരികാന്തരീക്ഷത്തിൽ നിന്ന്​ വിദ്യാലയത്തിലെ വരമൊഴി പരിശീലനം വ്യത്യാസപ്പെട്ടിരിക്കുന്നു. / Representational Image

എന്നാൽ, നവ ലിബറൽ വിദ്യാഭ്യാസം, സമൂഹത്തിൽ അടിത്തട്ട്​- മേൽത്തട്ട്​ കുട്ടികൾ തമ്മിൽ സാംസ്ക്കാരിക മൂലധനത്തിലുള്ള അന്തരത്തെ മറച്ചുവെയ്ക്കുകയും ഗാർഹികമായ അനൗപചാരികതയെ വിദ്യാലയത്തിലെ വരമൊഴി അഭ്യസനത്തിൽ അനുകരിപ്പിക്കുകയും ചെയ്യുന്നു. ജന്മം കൊണ്ട് എല്ലാവരും തുല്യരാണെന്നും, കഴിവുകളും എല്ലാവർക്കും ഒരേ അളവിൽ കിട്ടിയിരിക്കുന്നുവെന്നും, ബാക്കിയെല്ലാം അവരവരുടെ പ്രയത്നത്തെ ആശ്രയിച്ചിരിക്കുന്നുവെന്നുമുള്ളത് നവ ലിബറലിസത്തിന്റെ അടിസ്ഥാന അന്ധവിശ്വാസമാണ്. അസമത്വം എന്ന ചരിത്രയാഥാർത്ഥ്യം കൺമുന്നിലുളളതായി അത് ഒരിക്കലും അംഗീകരിച്ചുതരില്ല.

വിദ്യാലയത്തെ വീടിനു സമാനമാക്കി വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കുന്നതിലൂടെ ക്ലാസ്​ റൂമിൽ ജനായത്തവും സ്വാതന്ത്ര്യവും പ്രഖ്യാപിച്ചതിനാൽ ഏവരുടെയും അഭിനന്ദനങ്ങൾക്കു പാത്രമാകാൻ നവ ലിബറൽ വരമൊഴി പരിശീലന പദ്ധതികൾക്കു സാധിക്കുന്നു. അത് കുട്ടിയെ പഠനപ്രവർത്തനത്തിന്റെ കേന്ദ്രത്തിൽ ഇരുത്തുന്നതായും കുട്ടിയുടെ ഇച്ഛയ്ക്കും തനിമക്കും സ്വാതന്ത്ര്യത്തിനും പരമപ്രാധാന്യം കല്പിക്കുന്നതായും പുകഴ്ത്തപ്പെടുന്നു. യഥാർത്ഥത്തിൽ ഈ ബോധന പരിഷ്ക്കരണത്തിൽ അടിത്തട്ടു സമൂഹങ്ങളിലെ കുട്ടികൾക്ക് വരമൊഴി വൈദഗ്ദ്ധ്യം നേടുകയെന്നത് അസാധ്യമാണ്.

കാരണം, ഗാർഹികാന്തരീക്ഷത്തിന്റെ മിമിക്രിയായി വിദ്യാലയം മാറുന്നതോടെ, ആ അനൗപചാരികതയിൽ അവർ നാമമാത്ര സാക്ഷരരായി വിദ്യാഭ്യാസപ്രക്രിയയിലൂടെ പുറത്തുവരുന്നു. നേരെമറിച്ച്​ വരമൊഴി വഴക്കം, വായന, അമൂർത്തചിന്ത എന്നിവ അധികാര സംരക്ഷണത്തിനും വിപുലനത്തിനും അനിവാര്യമെന്നു തിരിച്ചറിയുന്ന മേൽത്തട്ടു കുടുംബങ്ങളിൽ ഈ നൈപുണികൾ നേടാനുള്ള അനൗപചാരിക കാർക്കശ്യങ്ങളും സംവിധാനങ്ങളും അത്തരം കുട്ടികൾക്കു തീർച്ചയായും കുരുന്നിലേ മുതൽ ലഭ്യമാണ്. അതുകൊണ്ട് മാധവിക്കുട്ടിയെ ആരും മലയാളവ്യാകരണം ഇരുത്തി പഠിപ്പിക്കേണ്ട കാര്യമില്ല. തന്റെ വരമൊഴി സിദ്ധിയുടെ മൂലധനമായി, മുത്തശ്ശിയോടൊപ്പം പുരാണകൃതികൾ സ്ഥിരമായി പാരായണം ചെയ്ത്, അവ അറിയാതെ തന്നെ മനഃപാഠമാക്കിയ ബാല്യത്തെ കൃതജ്ഞതയോടെ ബാലചന്ദ്രൻ ചുള്ളിക്കാട് അനുസ്മരിക്കുന്നുണ്ട്.

അക്ഷരമാലയെ ചരിത്രത്തിന്റെ നിലവറകളിൽ ക്ലാവുപിടിച്ചു നശിക്കാൻ ബന്ധിച്ചിടുന്നതിൽ പ്രതീകാത്മകമായ ഒരു ഉച്ചാടനക്രിയ ഒളിഞ്ഞിരിക്കുന്നു.

1990- കൾ മുതലുള്ള മലയാള വരമൊഴിയിലെ ഔപചാരിക വിദ്യാഭ്യാസം പരിശോധിച്ചാൽ എത്ര കുടിലമായിട്ടാണ് നവ ലിബറൽ ആശയ സംഹിതകൾ ഈ മേഖലയിൽ ചാരവൃത്തി നടത്തിയതെന്നു കാണാൻ കഴിയും. അക്കാരണത്താൽ, നീണ്ട വർഷങ്ങളുടെ തിരോധാനത്തിനുശേഷം മലയാള അക്ഷരമാലയെ പാഠപുസ്തകങ്ങളിൽ തിരികെയെത്തിച്ചിട്ടു ഒരു വർഷം പോലും തികഞ്ഞിട്ടില്ല. കേരള സർക്കാരിന്റെ, 17-09-2022 ൽ വന്ന ഔദ്യോഗിക വിജ്ഞാപനം ഇങ്ങനെ പറയുന്നു: "ഔദ്യോഗിക ഭാഷ മാർഗനിർദേശക സമിതിയുടെ നിർദേശം അനുസരിച്ചുള്ള മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ തിരികെയെത്തി. 2-ാം ക്ലാസിലെ, മലയാളം 2-ാം വാല്യം പുസ്തകത്തിൽ പ്രത്യേക പേജായി പുസ്തകത്തിന്റെ അവസാന ഭാഗത്താണ് അക്ഷരമാല ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം ക്ലാസിലെ കുട്ടികൾക്കു ക്രിസ്മസ് അവധിക്കു ശേഷം ലഭിക്കുന്ന മൂന്നാം വാല്യം മലയാളം പുസ്തകത്തിലും അക്ഷരമാലയുണ്ടാകും."

ഭാഷാലിപികളെ പുസ്തകത്താളുകളിൽ നിന്ന്​ രായ്ക്കുരാമാനം പിടിച്ചുകൊണ്ടുപോയി വിചാരണ കൂടാതെ പൂട്ടിയിട്ടപ്പോൾ, അതിനെതിരെ ഏറെ വൈകിയാണെങ്കിലും ഭാഷാവകാശ പ്രവർത്തകർ സഹികെട്ട് ഒച്ചവെയ്ക്കുന്നതും ഒടുവിൽ ഗത്യന്തരമില്ലാതെ വിദ്യാഭ്യാസ വകുപ്പ് അക്ഷരങ്ങളെ തുറന്നുവിടുന്നതും, ആറുമുതൽ പതിന്നാല് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കെല്ലാം വിദ്യാഭ്യാസം ജന്മാവകാശമായ അതേ കാലത്തു തന്നെ സംഭവിച്ചതു യാദൃച്ഛികം മാത്രമാണോ?

മലയാളം അക്ഷരമാല

വരരൂപങ്ങളിലേയ്ക്കുള്ള ഭാഷാശബ്ദങ്ങളുടെ പകർന്നാട്ടമാണ് വരമൊഴി. സംഘടിതവും സങ്കീർണ്ണവുമായ ഒരു സാമൂഹ്യഘടനയിൽ വെച്ച് അമൂർത്ത ചിന്തയാൽ പ്രതീകങ്ങളുടെ രൂപത്തിൽ അക്ഷരമാലയായ് വാമൊഴി പുനർജനിക്കുന്നു. ഭാഷാപ്രതീകങ്ങളായ അക്ഷരസ്വരൂപങ്ങൾ ചൂണ്ടുവിരൽ കൊണ്ടോ ഉപകരണം കൊണ്ടോ നിലത്തെഴുതി, തൽക്ഷണം അതിലേക്കു ഭാഷാശബ്ദത്തെ ആവാഹിച്ചിരുത്തുന്നു പ്രതീകാത്മക ചിന്തയുടെ ഈ ബാല്യ പരിശീലനക്കളരി. അമൂർത്ത ചിന്തയുടെയും ഭാവനയുടെയും അതിരറ്റ ലോകത്തിലേയ്ക്കുള്ള ആത്മസഞ്ചാരം അനായാസമാക്കി, നാഗരിക ലോകത്തിന്റെ അകപുറങ്ങളുടെ സങ്കീർണ്ണതകളെ അറിയാനും അഭിമുഖീകരിക്കാനുമുള്ള കരുത്ത് വരമൊഴി അഭ്യസന വൈദഗ്ദ്ധ്യം വഴി നേടാൻ കഴിയുന്നു. അതുകൊണ്ടാണ് ഭൗതികശാസ്ത്രജ്ഞനായ ഇ. സി. ജി.സുദർശൻ തന്റെ വിദ്യാലയ ജീവിതത്തിലെ കാവ്യപഠനത്തെ പറ്റി ഇങ്ങനെ എഴുതിയത്: ‘പദച്ഛേദം, പദാർത്ഥം, വാച്യാർത്ഥം, ധ്വനി, ഭാവം ... ഇങ്ങനെ പഠിപ്പിക്കുമ്പോൾ ഒരു കാര്യത്തിന് അനേകം തലങ്ങളുണ്ടാകാം എന്ന വലിയ അറിവാണ് അവിടെ നിന്നു കിട്ടിയത്. ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പഠനം അതായിരിക്കണം. ഫിസിക്സിലെ പുതിയ കണ്ടുപിടിത്തത്തങ്ങളിലേക്ക് എന്നെ പ്രചോദിപ്പിച്ചത് അന്നത്തെ മലയാളം ക്ലാസുകളായിരുന്നു.’

അക്ഷരമാലയെ ചരിത്രത്തിന്റെ നിലവറകളിൽ ക്ലാവുപിടിച്ചു നശിക്കാൻ ബന്ധിച്ചിടുന്നതിൽ പ്രതീകാത്മകമായ ഒരു ഉച്ചാടനക്രിയ ഒളിഞ്ഞിരിക്കുന്നു. വരമൊഴി പ്രാവീണ്യത്തിൽ നിന്ന്​ അടിത്തട്ടു സമൂഹങ്ങളെ ആകാവുന്നത്ര അകറ്റി നിർത്തി അവരെ വാമൊഴികൊണ്ടുള്ള കേവലമായ ദൈനംദിന വ്യവഹാരത്തിലെ പ്രാദേശിക നിഷ്കളങ്കതയിൽ മുരടിപ്പിച്ചു നിർത്തുകയാണതിന്റെ ലക്ഷ്യം. അങ്ങനെ വിദ്യാഭ്യാസത്തിന്റെ - അമൂർത്തവും പ്രതീകാത്മകവുമായ ചിന്തയുടെ രണ്ടു ചിരപുരാതന നെടുംതൂണുകളിലൊന്നായ ഭാഷാനൈപുണി (മറ്റൊന്ന് ഗണിതവുമാണ് ) അടിത്തട്ടു സമൂഹങ്ങൾക്കു അസാധ്യമാക്കി, അവരെ ആയുഷ്ക്കാലം അപകർഷ പ്രജകളാക്കി നിലനിർത്തുന്നു നവ ലിബറൽ ഭാഷാബോധനം.

ഇ.സി.ജി. സുദര്‍ശനന്‍

ഉപഭോക്​തൃ​ ആവശ്യങ്ങൾക്കുതകുന്നതിനപ്പുറമുള്ള വരമൊഴി വഴക്കങ്ങൾ ജനസാമാന്യത്തിനാവശ്യമില്ല എന്ന പ്രത്യയശാസ്ത്രപദ്ധതി നവ ലിബറൽ ഭാഷാബോധനത്തിന്റെ അന്തഃസത്തയായി കാണാം. ഭാഷയുടെ ഉല്പാദനപരവും അപനിർമ്മാണാത്മകവുമായ സാധ്യതകളിൽ ജനത അഭിരമിക്കുന്നതിന്റെ അപകടങ്ങൾ അത് നല്ലവണ്ണം തിരിച്ചറിയുന്നതിനാൽ 1990 മുതൽ തുടങ്ങിയ നവ ലിബറൽ വിദ്യാഭ്യാസ പൊളിച്ചെഴുത്തുകൾ ഏറ്റവും ക്രൂരമായി വേട്ടയാടിയത് വരമൊഴി വഴക്കങ്ങളെയാണ്. 1990- കളിൽ എഴുതിയ ‘ദല്ലാൾ’ എന്ന കവിതയിലൂടെ കേവല ഉപഭോക്തൃ മാധ്യമമായി വരമൊഴി മെലിയുന്നതിന്റെ ദൃശ്യം ആറ്റൂർ രവിവർമ്മ പങ്കുവെയ്ക്കുന്നുണ്ട്. അതിൽ ശബ്ദതാരാവലിയിൽ നിന്ന്​ മാർക്കറ്റിന് ആവശ്യമില്ലാത്ത എല്ലാ പദങ്ങളും പര്യായങ്ങളും നാനാർത്ഥങ്ങളും വിപരീതങ്ങളും തൽഭവങ്ങളും തത്സമങ്ങളും ദിവസവും പെറുക്കി മാറ്റി പോക്കറ്റിൽ കൊള്ളാവുന്ന നിഘണ്ടു നിർമ്മിക്കുന്ന തിരക്കിലാണ് ദല്ലാൾ.

"വെട്ടിക്കളയാം പേരു തിരിച്ചറിയാത്ത മരങ്ങൾ
ഒട്ടുമരങ്ങൾ നിർത്തണമെങ്കിൽ
ഒട്ടുമരങ്ങൾ മതി. "

ഇങ്ങനെ ഊരും പേരും നാരും നീക്കി മെലിഞ്ഞ ചന്തപ്പെണ്ണായ നിഘണ്ടു അയാൾ ഉണ്ടാക്കുന്നു.

ഭാഷയുടെ ഊരും പേരും നാരും നീക്കുമ്പോൾ അതിന്റെ ഭൗമസൂചികാ പദവി റദ്ദാക്കപ്പെട്ട്, അത് ഇപ്പോഴത്തെ ചപ്പാത്തി കമ്പനിയിൽ നിന്നും വാങ്ങുന്ന ചപ്പാത്തി പോലെ നിർവികാരതയും ചരിത്രവിഹീനതയും രുചിയായി നൽകുന്നു. ചരിത്രവും സമൂഹവും അടർത്തിമാറ്റിയ മാർക്കറ്റ് ഭാഷയിൽ തുച്ഛം വാക്കുകൾ കൊണ്ടുള്ള ചെറുകളികളിൽ മാത്രം പ്രൈമറി മുതൽ മുകളിലേക്കു പടികയറി ഉയരുന്നവരുടെ ഭാഷാവ്യവഹാരം അവസാനിക്കുന്നു. ജനായത്ത കാലത്ത് വരമൊഴിയിൽ വളർച്ച മുരടിച്ച സമൂഹം അമൂർത്ത ചിന്തയും ഭാവനയും അസാധ്യമാക്കപ്പെട്ട ആജ്ഞാനുവർത്തികളായ പ്രജകളുടെ പറ്റമാണ്. 80-ാം വയസ്സിലും ബാലരമയും അമർചിത്രകഥയും മാത്രം ആസ്വദിക്കുന്ന വരമൊഴിയാകും അവരുടേത്. തങ്ങൾ ആത്മഭാഷണം നടത്തുന്നത് ഏതു ഭാഷയിലാണോ അതേ ഭാഷയിൽ സമൂഹം പുരോഗമിക്കാനാകുമ്പോഴാണ് ജനായത്തം സാമൂഹ്യവും രാഷ്ട്രീയവുമായ സർഗ്ഗാത്മകതയിലേക്കു കടക്കുക.

ആത്മഭാഷണത്തിന്റെ മാധ്യമത്തിൽ മുന്നേറുക എന്നാൽ ഭാഷയുടെയും സമൂഹത്തിന്റെയും അവരവരുടെയും സ്വത്വം തിരിച്ചറിയുക എന്നാണർത്ഥം. വരമൊഴിയിൽ ദീക്ഷിക്കേണ്ട പ്രാഥമിക വ്യാകരണം പോലും ഭാഷാബോധനത്തിൽ നിന്നും പുറത്താക്കപ്പെടുമ്പോൾ ഭാഷയുടെയും സമൂഹത്തിന്റെയും മുഖം നഷ്ടപ്പെട്ട് അവ അപരത്വത്തിൽ ലയിക്കുകയും സ്വത്വനഷ്ടം തിരിച്ചറിയപ്പെടാതിരിക്കുകയും ചെയ്യുന്നു. സ്വത്വം അപ്രസക്തമാക്കപ്പെട്ട ജനതയിൽ നിന്നും വിദ്യാഭ്യാസ പ്രക്രിയിൽ വെച്ചു തന്നെ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ആവിയായി പോയിട്ടുണ്ടാകും. ഇപ്രകാരം വരമൊഴിയുടെ ജനായത്ത മൂല്യം അസ്തമിച്ച നവ ലിബറൽ വിദ്യാലയത്തിൽ തന്റെ കവിതകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തരുതെന്നും, അവ പി. എച്ച്​ഡി ഗവേഷണത്തിന്​ വിഷയമാക്കരുതെന്നും ജനങ്ങൾക്കും സർക്കാരിനും മുമ്പാകെ ബാലചന്ദ്രൻ ചുള്ളിക്കാട് തുറന്ന നിവേദനം നൽകുകയുണ്ടായല്ലോ. ഇത് ഒരു കവിയുടെ പരിവേദനമല്ല, നവ ലിബറൽ ഭാഷാമനഃശ്ശാസ്ത്ര യുക്തിവാദത്താൽ അപമാനിക്കപ്പെട്ട്, മുഖം തിരിച്ചറിയാതെ വികൃതമായി ക്ലാസ്​ മുറിയിൽ കിടക്കുന്ന വരമൊഴി തന്നെയാണ്.

"അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാർക്കുകൊടുത്ത് വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും അവർക്ക് ഉന്നത ബിരുദങ്ങൾ നൽകുകയും ചെയ്യുന്ന " വിദ്യാഭ്യാസത്തിൽ നിന്നും തന്റെ കവിതകളെ രക്ഷിക്കണമെന്നു ചുള്ളിക്കാട് അപേക്ഷിക്കുന്നു. നവ ലിബറൽ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം വരമൊഴി വൈദഗ്ദ്ധ്യത്തിൽ നിന്ന്​ അടിത്തട്ടു സമൂഹത്തെ അകറ്റി അവരെ ആശയഗ്രഹണം, ആശയനിർമ്മാണം, ആശയാവതരണം എന്നീ ജനായത്ത മാനുഷിക ഗുണങ്ങൾ സാധ്യമാകാത്തവരാക്കി പൊന്നുതമ്പുരാന്റെ ഇഷ്ട പ്രജാപ്പറ്റങ്ങളാക്കി വടക്കുപുറത്ത് വരിനിർത്തുക എന്നതത്രേ. അത് കഴിഞ്ഞ 30 വർഷം കൊണ്ട് ഭാഷാബോധനത്തിലൂടെ ഇവിടെ സാധിച്ചെടുത്തതിന്റെ അതീവ ചാരിതാർത്ഥ്യത്തിൽ ചാഞ്ഞിരിക്കുന്നവരോടാണ് കവി ഗദ്ഗദകണ്ഠനായി പരിതപിക്കുന്നത്.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

കവി തന്റെ പരാതിയിൽ, വാരിക്കോരി മാർക്ക് കൊടുത്ത്​ എല്ലാവരെയും ജയിപ്പിക്കുന്നതിനെ ആക്ഷേപിക്കുന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ. എല്ലാവരും ജയിക്കുക എന്നതു മാത്രമാണ് നവ ലിബറൽ വിദ്യാഭ്യാസ നയം; എന്നാൽ എല്ലാവർക്കും വിജയത്തിനൊപ്പം പഠന നൈപുണികൾ അതിന്റെ അജണ്ടയിലെങ്ങുമില്ല. എല്ലാവരെയും ഒരൊറ്റ നിമിഷത്തിൽ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയവരായി പ്രഖ്യാപിക്കുക മാത്രമാണതിന്റെ കടമ. അതിന്റെ കാരണം എങ്ങനെയെങ്കിലും അടിത്തട്ടു ജനജാതികൾ രക്ഷപ്പെട്ടു കൊള്ളട്ടെ എന്ന വിശാലമനസ്ക്കതയാണെന്നു നാം കരുതുന്നു. ഈ അത്യുദാരമായ കരുണാവായ്പിൽ എല്ലാവരും പരമസംതൃപ്തരുമാകുന്നു. എന്നാൽ 1990- കൾ മുതൽ ഉന്നതവിദ്യാഭ്യാസ രംഗം ‘സ്വാശ്രയ’ മെന്ന പേരിൽ സംരംഭകരുടെ പുത്തൻ വിഹാരകേന്ദ്രമായതും അവിടങ്ങളിൽ ഫീസു കെട്ടാൻ വിദ്യാഭ്യാസ വായ്പ ബാങ്കുകൾ വഴി തരപ്പെടുത്തി തന്നതും നാം കാണാതെ പോകരുത്.

ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ വിദ്യാഭ്യാസം അവകാശമാക്കി, അതോടൊപ്പം പരീക്ഷാവിജയവും മൗലികാവകാശമാക്കി പൗരസമൂഹത്തെയാകെ ആനന്ദലബ്ധിയിൽ ആറാടിച്ചു, തുടർന്ന് ആർക്കും പണവുമായി വന്നാൽ സ്വകാര്യമേഖലയിൽ ഇഷ്ടപ്പെട്ട ബിരുദപ്രവേശനം ഉറപ്പാക്കുന്നു നവ ലിബറൽ വിദ്യാഭ്യാസനയം

സ്വാശ്രയ സ്ഥാപനങ്ങൾ തയ്യാറായി വാതിലുകൾ തുറന്നിട്ടിരിക്കുന്നു, ബാങ്കുകൾ ലോൺ തുകകൾ നീക്കിവെച്ചും കഴിഞ്ഞിരിക്കുന്നു. ഇതെല്ലാം ഉപയോഗപ്പെടുത്താൻ ഇനി വരേണ്ടത് ബിരുദകാംക്ഷികൾ മാത്രം. ഇക്കാണായ സ്വാശ്രയ സീറ്റുകളെല്ലാം നിറയ്ക്കാൻ ജനപ്രിയ ഭരണകൂടത്തിനു മുന്നിൽ ഒരേയൊരു വഴിയേയുള്ളൂ, എല്ലാവരെയും ജയിപ്പിക്കുക. അക്ഷരം അറിയുമോ വാക്യം തെറ്റാതെയാണോ ആശയമുണ്ടോ എന്നതൊന്നുമല്ല ഉന്നത വിദ്യാഭ്യാസം കാശുവാങ്ങിയാകുമ്പോൾ മാനദണ്ഡം. കാശുമായി ഉടനെ എത്തിയതിനാൽ പ്ലസ്ടു തോറ്റവർക്കു പോലും, പ്രശസ്തമായ ഒരു സ്വാശ്രയ സ്ഥാപനം എം.ബി.ബി.എസിന്​ പ്രവേശനം നൽകിയത് നമ്മൾ മറന്നിട്ടുണ്ടാകും ഇപ്പോൾ. ഉന്നത വിദ്യാഭ്യാസത്തിന്​ ആരുടെ കൈയിലാണ് പണമുള്ളതെന്നു ചോദിക്കാൻ പറ്റില്ലല്ലോ; അതിനാൽ എല്ലാവരെയും ജയിപ്പിക്കുക തന്നെ.

ഉന്നത വിദ്യാഭ്യാസത്തിന്​ ആരുടെ കൈയിലാണ് പണമുള്ളതെന്നു ചോദിക്കാൻ പറ്റില്ലല്ലോ; അതിനാൽ എല്ലാവരെയും ജയിപ്പിക്കുക തന്നെ. / Photo: pexels.com

അതായത്, ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ വിദ്യാഭ്യാസം അവകാശമാക്കി, അതോടൊപ്പം പരീക്ഷാവിജയവും മൗലികാവകാശമാക്കി പൗരസമൂഹത്തെയാകെ ആനന്ദലബ്ധിയിൽ ആറാടിച്ചു, തുടർന്ന് ആർക്കും പണവുമായി വന്നാൽ സ്വകാര്യമേഖലയിൽ ഇഷ്ടപ്പെട്ട ബിരുദപ്രവേശനം ഉറപ്പാക്കുന്നു നവ ലിബറൽ വിദ്യാഭ്യാസനയം. ചതുഷ്ക്രിയകൾ വേണ്ടവണ്ണമറിയാതെ, കാശ് കൊണ്ടുവന്നു എന്ന ഒറ്റക്കാരണത്താൽ എഞ്ചിനീയറിംഗിനു ചേർന്ന എത്രപേർ പഠനം പൂർത്തിയാക്കി പുറത്തിറങ്ങി, ഇപ്പോൾ എത്ര എഞ്ചിനീയറിംഗ് സീറ്റുകൾ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു, തന്നെയുമല്ല എത്രയാണ് എഞ്ചിനീയറിംഗ് കഴിഞ്ഞ്​ പുറത്തു വന്നവർക്കിവിടെ കൂലി, ഇതൊന്നും ഈ നയത്തിൽ ആരാലും ഓഡിറ്റ് ചെയ്യപ്പെടില്ല. കാരണം ഇൻവെസ്റ്റ്മെന്റിന്റെ അടുത്ത മേച്ചിൽപുറങ്ങൾ സംരംഭകർക്കും യു.കെ.യിൽ സ്റ്റുഡന്റ് വിസയിൽ പോയി അവിടത്തെ തുച്ഛം കൂലിക്കുള്ള പണി ഉദ്യോഗാർത്ഥികൾക്കും ഈ ആഗോള സാമ്പത്തികവ്യൂഹം അപ്പോഴേയ്ക്കും തുറന്നു കൊടുത്തിട്ടുണ്ടാകും.

ഗ്രാമീണ ഇന്ത്യയിൽ ആറാം ക്ലാസ്സിലുള്ള 85% കുട്ടികൾക്കും വായനാനിലവാരം 2,3 ക്ലാസുകളിലേതിനു തുല്യമാണ്. ‘പ്രഥ’മിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു, 3-ാം ക്ലാസ്സിൽ പഠിക്കുന്ന 80% കുട്ടികൾക്കും രണ്ടാം ക്ലാസിലെ പുസ്തകം വായിക്കാനറിയില്ല.

നവ ലിബറൽ വിദ്യാഭ്യാസനയത്തിന്റെ ആദ്യ പരീക്ഷണശാലയായ അമേരിക്കയിൽ ഇംഗ്ലീഷ് വരമൊഴി നൈപുണി അടിത്തട്ടു ജനങ്ങളിൽ അമ്പേ തകർന്നു തരിപ്പണമായിട്ടു കാലങ്ങളായി. ഒരിക്കൽ അമേരിക്കൻ നഗരത്തിൽ വെച്ച്, സ്ഥലത്തിന്റെ ബോർഡ്‌ വായിക്കാനറിയാതെ തന്നോട്​ വഴി തിരക്കിയ ആഫ്രിക്കൻ വംശജനെ കണ്ടത് ശശി തരൂർ അതിശയത്തോടെ എഴുതിയതോർക്കുന്നു. 99% വും സാക്ഷരത കൈവരിച്ച അമേരിക്കയെപ്പറ്റി ബെത്ത് ഫെർടിഗ് (Beth Fertig) പറയുന്നു, "അമേരിക്കയിലെ മുതിർന്നവരിൽ 20 % വരെ പ്രായോഗിക നിരക്ഷരരാണ് (functionally illiterate). അവർക്ക് അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാം. എന്നാൽ ബസ് ബോർഡിലോ മരുന്നുകുപ്പിമേലോ എഴുതിയത് വായിക്കാനോ ഒരു കത്ത് എഴുതാനോ വായിക്കാനോ മിക്ക ജോലികളും ചെയ്യാനോ ഇവർക്കു കഴിയില്ല. "

അവിടെ ജനങ്ങളിൽ 13% മാത്രമാണ് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നത്. (അതായത് രണ്ട് എഡിറ്റോറിയലുകൾ വായിച്ച്​ അവയിലെ കാഴ്ചപ്പാടുകൾ താരതമ്യം ചെയ്യാനുള്ള കഴിവ്). അമേരിക്കൻ കൗൺസിൽ ഓഫ് ഇൻഷ്വറൻസ് റിപ്പോർട്ട് പ്രകാരം 2003- ൽ 30 ദശലക്ഷം പേർക്ക് (14% മുതിർന്നവർ) നിത്യജീവിതത്തിലെ ഏറ്റവും ലഘുവായ അക്ഷരപരിജ്ഞാനം പോലുമില്ല. അമേരിക്കൻ സർക്കാർ തയ്യാറാക്കിയ യു.എസ്. അഡൾട്ട് ലിറ്ററസി റിപ്പോർട്ട് പ്രകാരം (Adult Literacy in America) 48.7% മുതിർന്നവർ അവിടെ പ്രായോഗികമായി നിരക്ഷരരാണ് (Functionally illiterate). ഇവരിൽ 31.2% പേരും സാമ്പത്തികസ്ഥിതിയിൽ ഏറ്റവും താഴെത്തട്ടിൽ പെടുന്നു. അമേരിക്കയിലെ ജയിലുകളിൽ കഴിയുന്ന മുതിർന്നവരിൽ 70% പേരും പ്രായോഗിക നിരക്ഷരരാണെന്നും, അതേപോലെ ജുവലൈൻ ഹോമിലെ കുട്ടികളിൽ 85% വും ഇതേ ഗണത്തിൽ പെടുന്നുവെന്നും സർവ്വേയിൽ കാണിക്കുന്നു.

2006- ൽ ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയതനുസരിച്ച്, ആ രാജ്യത്ത് 42% സ്​കൂൾ കുട്ടികളും 16-ാം വയസ്സിൽ പുറത്തിറങ്ങുന്നത് അവശ്യം വേണ്ട ഇംഗ്ലീഷ് വരമൊഴി പരിചയം സാധ്യമാകാതെയാണ്. ഇന്ത്യയിൽ ‘പ്രഥം’ (Pratham) എന്ന സംഘടന നടത്തിവരുന്ന സർവ്വേയിൽ, ഇവിടെ 6 നും 14 നു ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളിൽ പകുതിപ്പേർക്കും ഒരു ചെറിയ വാക്യം പോലും വായിക്കാനറിയില്ല. ഗ്രാമീണ ഇന്ത്യയിൽ ആറാം ക്ലാസ്സിലുള്ള 85% കുട്ടികൾക്കും വായനാനിലവാരം 2,3 ക്ലാസ്സുകളിലേതിനു തുല്യമാണ്. ‘പ്രഥ’മിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു, 3-ാം ക്ലാസ്സിൽ പഠിക്കുന്ന 80% കുട്ടികൾക്കും രണ്ടാം ക്ലാസിലെ പുസ്തകം വായിക്കാനറിയില്ല. ദേശീയ തലത്തിൽ നോക്കിയാൽ , ഭാഷാശേഷി താരതമ്യേന മെച്ചപ്പെട്ട കേരളം, ഹിമാചൽ പ്രദേശ്, ഹരിയാന എന്നിവയും 2018 ലേതിനേക്കാൾ, 2022- ൽ നിലവാരത്തിൽ താഴയ്ക്കു പോയിരിക്കുന്നു. കേരളത്തിൽ 2018-ൽ 52.1% കുട്ടികൾക്ക് ഭാഷാശേഷി ഉണ്ടായിരുന്നത് 2022-ൽ 38.7% ആയി കുറഞ്ഞിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ ഇത് 47.7%-ൽ നിന്ന് 28.4% ആയി താഴ്ന്നു. ഹരിയാനയിൽ 46.4%-ൽ നിന്ന് 31% ആയിട്ടുണ്ട്.

തോമസ് സ്റ്റിഷ്റ്റ്

സാങ്കേതികവിദ്യ വികസിക്കുന്ന ലോകത്ത് വരമൊഴിയ്ക്കെന്തു പ്രസക്തി എന്നു ചോദിക്കുന്നവരോട് തോമസ് സ്റ്റിഷ്റ്റ് (Thomas Sticht) പറയുന്നു, ആധുനിക സാങ്കേതികവിദ്യ സാക്ഷരതയുടെ പ്രാധാന്യം കുറയ്ക്കുകയല്ല കൂട്ടുകയാണ് ചെയ്യുന്നത്. 1939- ൽ നേവിയിൽ ആദ്യത്തെ ആയുധ സംവിധാനം പുറത്തിറങ്ങിയപ്പോൾ, അതിനൊപ്പം 500 പേജ് വരുന്ന വിവരണം ഉണ്ടായിരുന്നിടത്ത്, ഏറ്റവും പുതിയ ആയുധസംവിധാനം പുറത്തിറങ്ങിയതിനൊപ്പം 3 ലക്ഷം പേജുകളാണ് ചേർത്തിരിക്കുന്നത്.

അടിത്തട്ടു ജനതയിൽ പ്രായോഗിക നിരക്ഷരത സാർവ്വത്രികമാക്കുന്ന ലിബറൽ വിദ്യാഭ്യാസനയം ഒരു നൂറ്റാണ്ടു മുമ്പ് "പ്രോഗ്രസീവ് എജുക്കേഷൻ" എന്ന പേരിൽ ആരംഭിച്ച രാജ്യമാണ് അമേരിക്ക. അതായത് വിദ്യാഭ്യാസത്തിന്റെ ചരിത്രത്തിൽ അടിത്തട്ടു സമൂഹങ്ങൾ ഔപചാരിക വിദ്യാഭ്യാസത്തിലേയ്ക്കു എത്താൻ തുടങ്ങുമ്പോൾ മുതൽ തന്നെ, അവരെല്ലാം വരമൊഴി വൈദഗ്ദ്ധ്യമുള്ളവരായി പുറത്തുവരുമ്പോഴുള്ള ഭവിഷ്യത്ത് അമേരിക്കൻ ലിബറൽ സാംസ്ക്കാരിക ഘടന വളരെ മുമ്പേ തന്നെ നല്ലവണ്ണം തിരിച്ചറിഞ്ഞിരുന്നു. അടിമത്തം പ്രബലമായിരുന്ന തെക്കൻ സംസ്ഥാനങ്ങളിൽ അടിമകളുടെ അക്ഷരാഭ്യാസം നിരോധിക്കുകയുണ്ടായി.

1739- ലെ അടിമകളുടെ കലാപത്തിനു ശേഷം എല്ലാ ‘നീഗ്രോ’കളെയും ആജീവനാന്ത അടിമകളായി പ്രഖ്യാപിക്കുകയും യജമാനന്റെ രേഖാമൂലം അനുവാദമില്ലാതെ തോട്ടത്തിൽ നിന്നും അവർ പുറത്തു പോകരുതെന്നു സൗത്ത് കരോലിനയിൽ നിയമം കൊണ്ടുവരുകയും ചെയ്തു. അടിമകൾ സ്വയം അനുമതിപത്രം എഴുതാതിരിക്കാൻ, ആരും അവരെ അക്ഷരം പഠിപ്പിക്കരുതെന്നും വിലക്കി. തെക്കൻ സംസ്ഥാനങ്ങളെല്ലാം ഈ തന്ത്രം അനുകരിച്ചുവെന്നു മാത്രമല്ല വെളുത്തവരിലെ ദരിദ്രരെയും കൂടി അവർ പ്രാഥമിക വിദ്യാഭ്യാസത്തിനു പുറത്തു നിർത്തുകയും ചെയ്തു.

വിദ്യാഭ്യാസം സാർവ്വത്രികമാക്കേണ്ടി വന്ന 20-ാം നൂറ്റാണ്ടിലാകട്ടെ അടിത്തട്ടു സമൂഹങ്ങൾ വരമൊഴി നിപുണരാകാതിരിക്കാൻ ഭാഷാബോധനരീതി തന്നെ അട്ടിമറിച്ചു കളഞ്ഞു അമേരിക്കയിൽ. ജോൺ ഡ്യുയി (John Dewey) യുടെ ഭാഷാബോധന പരിഷ്ക്കരണം വഴി, മേൽത്തട്ടു സമൂഹത്തിൽ നിലവിലിരുന്നതും ആധുനിക വിദ്യാലയങ്ങൾ പിന്തുടർന്നതുമായ അക്ഷരമാലാ രീതി (phonics method) പിൻവലിക്കുകയും പകരം, പ്രോഗ്രസീവ് എജുക്കേഷന്റെ ഭാഗമായി, ആദ്യം തന്നെ പദങ്ങൾ പരിചയപ്പെടുത്തുന്ന രീതി (whole word method) കൊണ്ടുവരികയും ചെയ്തു. അമേരിക്കയിലെ അടിത്തട്ടു ജനതയെ ഒട്ടുമുക്കാലും പ്രായോഗിക നിരക്ഷരരാക്കി മുരടിപ്പിച്ചു നിർത്തുന്ന ഈ കൗശലമാണ് നവ ലിബറൽ കാലത്ത് ഭാഷാബോധന പരിഷ്ക്കാരമായി1990 കളിൽ തന്നെ ഇവിടെ പ്രവേശിച്ചതും, തുടർന്നു കേരള പാഠാവലികളിൽ നിന്നും അക്ഷരമാലയെ ഡിസ്മിസ് ചെയ്തതും.

ആത്മവിചാരത്തിന്റെ അക്ഷരങ്ങളിൽ നിന്നും അന്യമാക്കപ്പെടുമ്പോൾ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ സങ്കല്പനങ്ങൾക്കാധാരമായ അമൂർത്ത ചിന്തയും അതുല്യമായ ഭാവനകളും അടിത്തട്ടുകാരിൽ ദ്രവിച്ചു പോകുന്നു.

'മിക്ക കുട്ടികളും, നമ്മൾ എങ്ങനെ വായിക്കാൻ പഠിപ്പിക്കുന്നോ അതനുസരിച്ച് പഠിക്കുമെങ്കിലും നിരക്ഷര സമൂഹങ്ങളിൽ നിന്നെത്തുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അവർക്ക് അക്ഷരമാല പരിചയപ്പെടുത്തിയാൽ അവർ വേഗം വായിക്കാൻ പഠിക്കുന്നതായും വിദ്യാഭ്യാസത്തിൽ പിന്നീട് മുന്നേറുന്നതായും നിരവധി ഗവേഷണങ്ങൾ കാണിക്കുന്ന'തായി ബെത്ത് ഫെർടിഗ് പറയുന്നു. അമേരിക്കയിലെ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ മധ്യവർഗ്ഗ രക്ഷിതാക്കളുടെ മക്കൾക്ക് മൂന്നു വയസ്സാകുമ്പോഴേക്കും 30 ദശലക്ഷം വാക്കുകൾ കേൾക്കാൻ കുടുംബത്തിൽ അവസരമുള്ളപ്പോൾ, ഇത് അടിത്തട്ടു കുടുംബത്തിലെ അതേ പ്രായത്തിലുള്ള കുട്ടിയേക്കാൾ 20 ദശലക്ഷം വാക്കുകൾ കൂടുതലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പദങ്ങളുടെ അരൂപിയായ ഈ സമ്പത്താണ് ഒന്നാമത്തെ സാംസ്ക്കാരിക മൂലധനം. തോൾവളയോ മാലകളോ കുളിയോ പൂചൂടലോ ചീകിവെച്ച മുടിയോ അല്ല, വാക്കാണ് യഥാർത്ഥ ഭൂഷണമെന്ന ഭർത്തൃഹരിയുടെ സുഭാഷിതം, അമൂർത്ത ചിന്തയിലേക്കും ഭാവനയിലേയ്ക്കും ആധിപത്യത്തിലേയ്ക്കും നയിക്കുന്ന അദൃശമായ ഈ മൂലധന നിക്ഷേപത്തെയാകും ഓർമ്മിപ്പിക്കുന്നത്.

ജോൺ ഡ്യുയി

സാർവ്വത്രിക വോട്ടവകാശവും സാർവ്വത്രിക വിദ്യാഭ്യാസവും ജനായത്തത്തിന്റെ ഇരട്ട സന്താനങ്ങളായതിനാലും, ജനായത്തമെന്നാൽ മറ്റെല്ലാ ആയുധങ്ങളും താഴെ വെച്ച് പാർലമെന്റിലും തെരുവിലും പത്രത്തിലും ഭാഷകൊണ്ടുള്ള പോരാട്ടമായതിനാലും, അടിത്തട്ടു ജനങ്ങളിൽ വരമൊഴി വൈദഗ്ദ്ധ്യമില്ലെങ്കിൽ അവർ ജനായത്തത്തിന്റെ പുറമ്പോക്കിൽ കിടക്കുന്നവരാകും. വാമൊഴിയുഗത്തിന്റെ കല്പനകളിൽ നിന്നും വരമൊഴി യുഗത്തിലെ പൊതുസമ്മതികളിലേയ്ക്കുള്ള മാറ്റമാണ് ജനായത്തം. എഴുതിവെച്ച ഉടമ്പടികളെ ആധാരമാക്കിയ ഈ വ്യവസ്ഥയിൽ, അടിമുടി അക്ഷരം കൊണ്ടുള്ള ഭരണതന്ത്രങ്ങളെ നേരിടാൻ ആത്മവിചാരത്തിന്റെ ഭാഷയിലുള്ള മുന്നേറ്റമല്ലാതെ മറ്റൊന്നും ശാശ്വതമല്ലല്ലോ. ആത്മവിചാരത്തിന്റെ അക്ഷരങ്ങളിൽ നിന്നും അന്യമാക്കപ്പെടുമ്പോൾ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ സങ്കല്പനങ്ങൾക്കാധാരമായ അമൂർത്ത ചിന്തയും അതുല്യമായ ഭാവനകളും അടിത്തട്ടുകാരിൽ ദ്രവിച്ചു പോകുന്നു. അപ്പോൾ ജനായത്തത്തിന്റെ നവ ലിബറൽ പ്രഹസനങ്ങൾ കണ്ട് ഗാലറിയിലിരുന്നു ആർപ്പുവിളിക്കുക മാത്രമായി തീരുന്നു സമ്മതിദായകരുടെ ആവേശം.

(തുടരും)

Comments