ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്ന
കാമ്പയിൻ വിഷയമായി തൊഴിലില്ലായ്മ

ബി.ജെ.പി പ്രകടനപത്രിക മറച്ചുപിടിക്കാൻ ശ്രമിച്ച തൊഴിലില്ലായ്മ തന്നെയാണ് ​തെരഞ്ഞെടുപ്പിലെ പ്രധാന ഇഷ്യു. മാർച്ചിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സർവേയിലും തൊഴിലില്ലായ്മയാണ് രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമായി സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തൊഴിലില്ലായ്മ ഏറ്റവും പ്രധാന തെരഞ്ഞെടുപ്പു വിഷയമായി വരുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.

Election Desk

ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള ബി.ജെ.പി പ്രകടനപത്രിക മറച്ചുപിടിക്കാൻ ശ്രമിച്ച തൊഴിലില്ലായ്മ തന്നെയാണ് ​തെരഞ്ഞെടുപ്പിലെ പ്രധാന ഇഷ്യു. മാർച്ചിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സർവേയിലും തൊഴിലില്ലായ്മയാണ് രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമായി സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തൊഴിലില്ലായ്മ ഏറ്റവും പ്രധാന തെരഞ്ഞെടുപ്പു വിഷയമായി വരുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.

2014-ൽ അധികാരത്തിലെത്തുന്നതിനുമുമ്പ് നരേന്ദ്രമോദിയുടെ വാഗ്ദാനം, ബി.ജെ.പി അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ യുവാക്കൾക്ക് ഒരു കോടി തൊഴിൽ എന്നതായിരുന്നു. പത്തു വർഷം കൊണ്ട് 20 കോടി തൊഴിലവസരമുണ്ടാക്കുമെന്നായിരുന്നു ‘മോദി ഗ്യാരണ്ടി. 65 ശതമാനം ഇന്ത്യൻ യുവാക്കളും തൊഴിലില്ലായ്മയിൽ പെട്ട് ഉഴലുകയാണ് എന്നും അന്ന് മോദി പറഞ്ഞിരുന്നു. ഈ കാമ്പയിനിലും മോദി അവകാശ​പ്പെടുന്നത്, എല്ലാ മേഖലയിലും പുതിയ തൊഴിലവസരം സൃഷ്ടിച്ചു എന്നാണ്.

എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ തൊഴിലില്ലായ്മയിൽ വൻ കുതിപ്പുണുണ്ടായത്. 2023 ഒക്‌ടോബർ- ഡിസംബർ കാലതത് 20- 24 പ്രായക്കാരിലെ തൊഴിലില്ലായ്മാനിരക്ക് 44.49 ശതമാനമായതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി റിപ്പോർട്ട് പറയുന്നു. തൊട്ടുമുമ്പുള്ള പാദത്തിൽ ഇത് 43.65 ശതമാനമായിരുന്നു. 25-29 പ്രായക്കാരിൽ ഇത് 14.33 ശതമാനമാണ്. ഗ്രാമീണമേഖലയിലാണ് തൊഴിലില്ലായ്മ രൂക്ഷം. ഗ്രാമീണ മേഖലയിലെ 20-24 പ്രായക്കാരിൽ 43. 79 ശതമാനത്തിനും ജോലിയില്ല.

ഐ.എൽ.ഒയുടെ 'ഇന്ത്യൻ എംപ്ലോയ്‌മെന്റ് റിപ്പോർട്ട്- 2024', മോദിയുടെ അവകാശവാദങ്ങൾ പൊളിച്ചുകാട്ടി. അഭ്യസ്തവിദ്യരുടെ ഇടയിൽ, 20 വർഷത്തിനിടെ തൊഴിലില്ലായ്മ ഇരട്ടിയായെന്നാണ് ഐ.എൽ.ഒ റിപ്പോർട്ട് പറയുന്നത്. 2000-ൽ 35.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2022-ൽ 65.7 ശതമാനമായി കുതിച്ചുയർന്നു. മാത്രമല്ല, കേന്ദ്ര സർവീസിൽ ഒമ്പത് ലക്ഷത്തിലേറെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

സംഘടിത തൊഴിൽ മേഖലയിലെ അവസരങ്ങൾ 2000-നുശേഷം കൂടിയെങ്കിലും 2018-നുശേഷം കുറഞ്ഞതായി ഈ റിപ്പോർട്ട് പറയുന്നു. 2000-ൽ ആകെ ജോലി ചെയ്യുന്ന യുവാക്കളിൽ പകുതി പേരും സ്വയം തൊഴിൽ ചെയ്യുന്നവരായിരുന്നു. 13 ശതമാനത്തിനാണ് സ്ഥിരം ജോലിയുണ്ടായിരുന്നത്. 2022-ൽ സ്ഥിരം തൊഴിൽ ചെയ്യുന്നവർ 47 ശതമാനമാണ്. ഇതിൽ 28 ശതമാനത്തിന് സ്ഥിരം ജോലിയും 25 ശതമാനത്തിന് സ്ഥിരമല്ലാത്ത ജോലിയുമാണുള്ളത്. 2019-നുശഷം വേതനത്തിൽ വർധനയുണ്ടായില്ല. അവിദഗ്ധ തൊഴിലാളികളിൽ ഭൂരിഭാഗത്തിനും 2022-ൽ മിനിമം വേതനം ലഭിച്ചില്ല.
അഭ്യസ്തവിദ്യരായ സ്ത്രീകൾക്കും പട്ടികജാതി- പട്ടിക വർഗക്കാർക്കും നല്ല ജോലി കിട്ടുന്നില്ല. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികൾക്ക് തൊഴിൽ മേഖലയിൽനിന്ന് പിൻതള്ളപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു. പട്ടികജാതി- പട്ടികവർഗക്കാർക്കും സാമൂഹികമായ വിവേചനങ്ങളാൽ തൊഴിൽ മേഖലയിൽനിന്ന് മാറ്റിനിർത്തപ്പെടുന്നുണ്ട്. ദരിദ്രരായ വിദ്യാർഥികൾ സ്‌കൂളുകളിൽനിന്നും കോളേജുകളിൽനിന്നും കൊഴിഞ്ഞുപോകുന്നതിന്റെ നിരക്ക് വർധിക്കുന്നു.

തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഇതിന് അടിവരയിടുന്ന മറ്റൊരു റിപ്പോർട്ടുകൂടി പുറത്തുവന്നിട്ടുണ്ട്. 18-ാം ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യവും ജനങ്ങളും നേരിടുന്ന പ്രധാന പ്രതിസന്ധി ഉപജീവനപ്രശ്‌നങ്ങളാണെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന സർവേ പറയുന്നത്. ഏറ്റവും രൂക്ഷമായ പ്രതിസന്ധി തൊഴിലില്ലായ്മയാണ്. സർവേയുടെ ഭാഗമായവരിൽ 38 ശതമാനം പേരുടെയും പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. അവരുടെ അഭിപ്രായത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ വർധിച്ചുവരുകയാണ്. എന്നാൽ, 38 ശതമാനം തൊഴിലില്ലായ്മ ഒരു പ്രതിസന്ധിയല്ലെന്ന് പറയുന്നവരാണ്. തൊഴിലില്ലായ്മയുടെ തോത് അതേപടി തന്നെ തുടരുന്നു എന്നുപറയുന്നവരുമുണ്ട്.

കോവിഡ് പ്രതിസന്ധിയിൽനിന്ന് പുറത്തുവരാൻ രാജ്യത്തിന് ഇതുവരെയും പൂർണമായി സാധിച്ചിട്ടില്ല. ഇന്ത്യയിലെ തൊഴിലവസരം കോവിഡിനുമുമ്പുള്ള അതേ അവസ്ഥയിൽ തുടരുകയാണെന്നാണ് ആർ.ബി.ഐ സർവേ പറയുന്നത്.

മുൻവർഷത്തെ അപേഷിച്ച് വരുമാനം വലിയ രീതിയിൽ കുറഞ്ഞു എന്നാണ് ആർ.ബി.ഐയുടെ സർവേയിൽ 22 ശതമാനവും അഭിപ്രായപ്പെട്ടത്. ഈ കണക്ക് 2014-2015 വർഷത്തെ അപേഷിച്ച് 10 ശതമാനം കൂടുതലാണ്. വരുമാനം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല എന്ന് സർവേയിൽ പ​ങ്കെടുത്ത 50 ശതമാനം പേരും പറഞ്ഞു. വരുമാനക്കുറവിനൊപ്പം ജനം നേരിടുന്ന പ്രധാന പ്രതിസന്ധി വിലക്കയറ്റമാണ്.

രാജ്യത്തെ 90 ശതമാനം ആളുകളുടെയും ഉപജീവനത്തെ വിലകയറ്റം കാര്യമായി ബാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേഷിച്ച് എല്ലാ സാധനങ്ങൾക്കും വില കൂടി. രാജ്യത്തെ 90 ശതമാനം പേരെയും ബാധിക്കുന്ന വിഷയമാണിന്ന് വിലക്കയറ്റം.

രാജ്യം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകളും സർവേയിൽ ജനം പങ്കുവെക്കുന്നുണ്ട്. 2019 മുതൽ രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യമെന്ന വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. മഹാമാരിക്ക് മുമ്പുള്ള അതേ അവസ്ഥയിലൂടെ തന്നെയാണ് ഇന്ത്യ ഇന്നും കടന്നുപോകുന്നത്. 2015-2017 വർഷത്തിലെ സാമ്പത്തികാവസ്ഥയിലേക്ക് എത്താൻ പോലും രാജ്യത്തിന് ഇതുവരെയും സാധിച്ചിട്ടില്ല.

വ്യാജമായ ചില സാമ്പത്തിക സൂചകങ്ങൾ ഉയർത്തിക്കാട്ടി തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ മറച്ചുപിടിക്കാനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാണെന്നുമുള്ള ധാരണ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന അനുമാനത്തിലേക്കാണ് ആർ.ബി.ഐയുടെ സർവേയും അതിനുമുമ്പ് ദ ഹിന്ദു നടത്തിയ സർവേയും എത്തിച്ചർന്നത്.
ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയവും തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് എന്നു തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെയും നിഗമനം. തൊഴിലില്ലായ്മ, വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി കോൺഗ്രസും മുന്നോട്ടുവക്കുന്നുണ്ട്. പാർട്ടി പ്രകടന പത്രികയിലും ഈ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലങ്ങളിലും പ്രതിപക്ഷം പ്രധാന ഇഷ്യുവായി ഈ രണ്ട് വിഷയങ്ങളെയും ഉയർത്തിക്കാട്ടുന്നുണ്ട്.

Comments