മനുഷ്യന്റെ ജെന്റർ സാധ്യതകൾ

അമ്മ, അച്ഛൻ, സ്ത്രീ, പുരുഷൻ തുടങ്ങി ജൻഡറുമായി ബന്ധപ്പെട്ട് ബൈനറിയിൽ നിർമിച്ചെടുത്ത മനുഷ്യ സങ്കല്പങ്ങളെ, പൊതുബോധങ്ങളെ പല മാനങ്ങളിൽ കടപുഴക്കിയെറിഞ്ഞിരിക്കുകയാണ് ട്രാൻസ് ദമ്പതികളായ സഹദും സിയയും. ഗർഭം എന്ന വാക്ക് ഒരു കുഞ്ഞിനെ മാത്രമല്ല, സ്ത്രീ എന്ന ജെന്ററിനെയും ഡിഫോൾട്ടായി ശരീരത്തിൽ ഉൾക്കൊണ്ടിരുന്നു. ആ വാക്ക് ഇപ്പോൾ ആധുനിക മനുഷ്യ സങ്കല്പത്തിന്റെ വളർച്ചയ്ക്കൊപ്പം നവീകരിക്കപ്പെട്ടിരിക്കുന്നു. ഒപ്പം അമ്മ എന്ന സങ്കല്പവും.

ട്രാൻസ്മാനായ സഹദ് പ്രസവിച്ചു. ട്രാൻസ് വുമണായ സിയയാണ് പങ്കാളി. പ്രസവിക്കുന്ന പുരുഷനും കൂട്ടിരിക്കുന്ന സ്ത്രീയും. ഇത് സങ്കല്പമോ ആഗ്രഹമോ ഭ്രമാത്മകതയോ ഒന്നുമല്ല. ഒരു യഥാർത്ഥ ചിത്രം. ഇന്ത്യയിലെ ആദ്യത്തേത്, അഭൂതപൂർവ്വം എന്ന വാക്കിനോട് ഏറ്റവും നീതി പുലർത്തിയ ജനനം.

ഒരു കുഞ്ഞുണ്ടായാൽ നമ്മൾ ആദ്യം ചോദിക്കും, ആണോ പെണ്ണോ? ജനനാനന്തരം ചോദിക്കപ്പെട്ട ആ ഫസ്റ്റ് ചോദ്യത്തോട് ട്രാൻസ് ദമ്പതികൾ പറയുന്നു, അത് കുഞ്ഞ് വലുതാവുമ്പോൾ തീരുമാനിച്ചോളും എന്ന്. ഒരു മനുഷ്യന്റെ, സമൂഹത്തിന്റെ, സിസ്റ്റത്തിന്റെ, ലോകത്തിന്റെ ജെന്റർ സംബന്ധിച്ച ബോധ്യങ്ങളോട് ഇതിനേക്കാൾ മനോഹരമായി എങ്ങനെ മറുപടി പറയാനാണ്?

മുലകൾ മുറിച്ചു മാറ്റിയ ശരീരത്തിലെ നിറഗർഭത്തിന്റെ ഫോട്ടോഗ്രാഫുകൾ കണ്ടപ്പോൾ നമുക്കെന്ത് തോന്നി? നമ്മുടെ അപക്വമായ അപൂർണതയുള്ള ഓരോ തോന്നലും ജെന്റർ വൈവിധ്യത്തിന്റേയും ജെന്റർ സങ്കീർണതകളുടേയും വിശാലതയിലേക്കുള്ള തുറവികളാണ്.

സഹദും സിയയും / Photo: Ziya Paval Instagram

അമ്മ, അച്ഛൻ, സ്ത്രീ, പുരുഷൻ തുടങ്ങി ജെന്ററുമായി ബന്ധപ്പെട്ട് ബൈനറിയിൽ നിർമിച്ചെടുത്ത മനുഷ്യ സങ്കല്പങ്ങളെ, പൊതുബോധങ്ങളെ പല മാനങ്ങളിൽ കടപുഴക്കിയെറിഞ്ഞിരിക്കുകയാണ് ട്രാൻസ് ദമ്പതികളായ സഹദും സിയയും.

ഗർഭം എന്ന വാക്ക് ഒരു കുഞ്ഞിനെ മാത്രമല്ല, സ്ത്രീ എന്ന ജെന്ററിനെയും ഡിഫോൾട്ടായി ശരീരത്തിൽ ഉൾക്കൊണ്ടിരുന്നു. ആ വാക്ക് ഇപ്പോൾ ആധുനിക മനുഷ്യ സങ്കല്പത്തിന്റെ വളർച്ചയ്ക്കൊപ്പം നവീകരിക്കപ്പെട്ടിരിക്കുന്നു. ഒപ്പം അമ്മ എന്ന സങ്കല്പവും.

ഒരൊറ്റ ഗർഭവും പ്രസവവും അതിന്റെ ചിത്രങ്ങളും എത്രയെത്ര മനുഷ്യ മസ്തിഷ്കങ്ങളിൽ ജെന്ററിന്റെ ആയിരമായിരം സാധ്യതകളുള്ള സ്പെക്‌ട്രത്തെ പ്രതിഷ്ഠിച്ചിട്ടുണ്ടാവും? ആണിനും പെണ്ണിനുമിടയിലെ വൈവിധ്യങ്ങൾ, സങ്കീർണതകൾ, ആണെന്നതും പെണ്ണെന്നതും പൂർണാവസ്ഥയല്ല എന്നുള്ള തിരിച്ചറിവ്, ലൈംഗികതയുടെ ഉൾപ്പിരിവുകൾ, ലോകം ട്രാൻസ് മനുഷ്യരോട് കാണിച്ചിട്ടുള്ള നെറികേടുകൾ.

Photo: Ziya Paval Instagram

ട്രാൻസ് മനുഷ്യർ ദൃശ്യതയിലേക്ക് വന്നിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ. ഒളിജീവിതത്തിൽ നിന്ന് പുറത്ത് വന്ന് ട്രാൻസ് മനുഷ്യർ ജീവിക്കുന്ന ജീവിതം ഇപ്പോഴും എളുപ്പമല്ല. ഉപദ്രവങ്ങളിൽ നിന്ന്, പരിഹാസങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല ഇപ്പോഴും. വിദ്യാഭ്യാസ സാഹചര്യങ്ങളും തൊഴിൽ സാഹചര്യങ്ങളും അനുകൂലമല്ല. ട്രാൻസ് ജെന്റർ മനുഷ്യരും സിസ് ജെന്റർ മനുഷ്യരും സ്വന്തം ജെന്റർ ഐഡന്റിറ്റിയുമായി സ്വാഭാവികമായി ഇടകലർന്നും കൂടിച്ചേർന്നും ജീവിക്കുന്ന ഒരു സാമൂഹിക രാഷ്ടീയാന്തരീക്ഷം ഇപ്പോഴും ഇവിടെയില്ല, അടുത്തൊന്നും ഉണ്ടാവാനും സാധ്യതയില്ല.

ജെന്റർ ബൈനറിയ്ക്കുള്ളിൽ നിന്നുകൊണ്ട് പിന്നേയും ഉള്ളിലേക്ക് മാത്രം നോക്കിയേ സിസ് ജെന്റർ മനുഷ്യർക്ക് ശീലമുള്ളൂ. ട്രാൻസ്മാൻ സഹദിന്റേയും ട്രാൻസ്‌വുമൻ സിയയുടേയും ഗർഭം ധരിക്കാനുള്ള തീരുമാനവും ചരിത്രം അടയാളപ്പെടുത്തിയ അവരുടെ ഗർഭകാല ചിത്രങ്ങളും അവർക്കു പിറന്ന കുഞ്ഞും ജെന്റർ ബൈനറിയിൽ മാത്രം വിശ്വസിച്ചിരുന്ന മനുഷ്യരോട് സംവദിക്കുന്നത് ലിംഗരാജിയിലെ അവരവരുടെ സ്വന്തം ഇടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ സ്വയം ചോദിപ്പിച്ചു കൊണ്ടായിരിക്കും.

Photo: Ziya Paval Instagram

ജെന്റർ ഒരു സ്പെക്ട്രമാണെന്ന് പഠിപ്പിക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തയ്യാറായേ തീരൂ. ട്രാൻസ് ജെന്റർ മനുഷ്യർ കാലങ്ങളായി ഇവിടെ നടത്തിയിട്ടുള്ള പലതരം അവകാശപ്പോരാട്ടങ്ങളുടെ ധൈര്യത്തിലും തുടർച്ചയിലുമാണ് ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ്മാൻ, സർക്കാർ ആശുപത്രിയിൽ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിക്കുന്നത്.

അതെങ്ങനെയെന്ന മനുഷ്യരുടെ ചോദ്യം ചോദിക്കലുകളോട് ഉത്തരവും രാഷ്ട്രീവും പറയാൻ സിസ്റ്റം പ്രാപ്തമാവുന്ന കാലത്താണ് ട്രാൻസ്മാൻ പ്രസവിച്ച കുഞ്ഞിന് ആത്മാഭിമാനത്തോടെ ജീവിച്ച് വളരാനാവുക. പുരുഷന്റെ ഗർഭ പാത്രം, മുലകളില്ലാത്തയാളുടെ പ്രസവം, അമ്മ പുരുഷനും അച്ഛൻ സ്ത്രീയുമാകുന്ന മനോഹര പാരന്റിംഗ്. കലങ്ങുന്നത് നമ്മുടെ കാഴ്ചകളും ധാരണകളുമാണ്. പുതുക്കുന്നതും നമ്മുടെ കാഴ്ചകളും ധാരണകളുമാണ്.

Comments