കെ.കെ. ശൈലജയെ ഒഴിവാക്കിയതിന്​ ന്യായം ചമയ്​ക്കാൻ പാർട്ടിയുടെ ഈ തിയറി പോരാ

ൽ.ഡി.എഫ്. സർക്കാരിന്റെ രണ്ടാം ഭരണത്തിൽ, തുടർഭരണത്തിൽ കെ.കെ. ഷൈലജ മന്ത്രിയാവുന്നില്ല. കെ.കെ. ഷൈലജ, സി.പി.എമ്മിന്റെ കേന്ദ്ര കമ്മറ്റിയംഗമാണ്. മുൻ എൽ.ഡി. എഫ്. സർക്കാരിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു, കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിന് ജയിച്ച സ്ഥാനാർത്ഥിയായിരുന്നു. കഴിഞ്ഞ സർക്കാർ അഭിമുഖീകരിച്ച വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിൽ, ആരോഗ്യരംഗത്തെ മുന്നിൽ നിന്ന് നയിച്ചത് അവരായിരുന്നു. ലോകം മുഴുവൻ അവരെ ആദരിച്ചു, അംഗീകരിച്ചു. ശേഷം അവർ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ആ ഒഴിവാക്കലിനെ ന്യായീകരിക്കാർ പാർട്ടിയ്ക്ക് കുറേ വാദങ്ങളുണ്ട്. മുദ്രാവാക്യങ്ങളുണ്ട്. അതിലൊന്ന് പുതുമുഖങ്ങളാണ് മുഴുവൻ മന്ത്രിമാരുമെന്നാണ്. നിയുക്ത മന്ത്രി പി.രാജീവ് മുൻപ് നടത്തിയ ഒരു പ്രസംഗവും പാർട്ടി തീരുമാനത്തെ ന്യായീകരിക്കാൻ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതിൽ ഇപ്രകാരം പറയുന്നൂ, പിണറായി വിജയൻ പാർട്ടിയുടെ പ്രതീകമാണ്, പാർട്ടി പിണറായി വിജയന്റെ പ്രതീകമല്ല എന്ന്. ഇ.എം. എസിനെയും വി.എസിനേയും ഉദാഹരിക്കുന്നുണ്ട്, പാർട്ടിയുടെ പ്രതീകങ്ങളാണ്, പാർട്ടിയല്ല എന്ന് സ്ഥാപിക്കാൻ. കഴിഞ്ഞ മന്ത്രിസഭയിലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ, പാർട്ടി തിയറി പ്രകാരമുള്ള പുതിയ മുഖമില്ലാതെത്തന്നെ പുതിയ മന്ത്രിസഭയിലും മുഖ്യമന്ത്രിയായി തുടരുന്നു. അതിലാർക്കും തർക്കമില്ലെന്നേ. സംഘാടന മികവിനാണ്, കേരളം എൽ.ഡി. എഫ് സർക്കാരിനെ വീണ്ടും ഭരണത്തിലെത്തിച്ചത്. അതിൽ പക്ഷേ, മുഖ്യമന്ത്രിയ്ക്ക് സമാനമായ കോൺട്രിബ്യൂഷൻ ആരോഗ്യമന്ത്രിയായ കെ.കെ. ഷൈലജയുടേതുമാണ്. തുടർ ഭരണത്തിനുള്ള ജനഹിതം കെ.കെ. ഷൈലജയുടെ തുടർ ഭരണത്തിനുള്ള ജനഹിതം കൂടിയാണ്. റീപ്ലേസ് ചെയ്യപ്പെടാനാവാത്ത നേതാക്കളൊന്നുമില്ല പാർട്ടിയിൽ എന്നാണ് സി.പി.എം. നയമെങ്കിൽ, പാർട്ടി തീരുമാനമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമെന്താണ് റീപ്ലേസ് ചെയ്യാൻ പറ്റാത്തത്? ആ ചോദ്യത്തിന് ഉത്തരം പറയാൻ പറ്റാത്ത നിശ്ശബ്ദതയിലാണ് സൂക്ഷ്മ തലത്തിൽ ജെന്റർ വർക്ക് ചെയ്യുന്നത് മനസ്സിലാവുക. ഈ മന്ത്രിസഭയിൽ സി.പി. എമ്മിന് രണ്ട് വനിതാ മന്ത്രിമാരുണ്ടല്ലോ സി.പി.ഐയ്ക്ക് ഒരു മന്ത്രിയുണ്ടല്ലോ, മൊത്തം മൂന്ന് വനിതകൾ. പിന്നെന്താണ് പ്രാധിനിത്യത്തിന്റെ പ്രശ്‌നം എന്ന് വാദമുയർത്താം. അത് രക്ഷപ്പെടാനുള്ള ബാലിശമായ വാദമാണ്. സംവരണമില്ലാതെ, പ്രാതിനിധ്യത്തിന്റെ കണക്കൊപ്പിക്കലുകളില്ലാതെ ഏറ്റവും സ്വാഭാവികമായി, ഭരണ സംവിധാനത്തിൽ കഴിവു തെളിയിച്ച ഒരു സ്ത്രീയ്ക്ക് ഭരണ നേതൃത്വത്തിലേക്ക് വരാൻ പറ്റുന്നില്ലായെങ്കിൽ ആ സംവിധാനത്തിന്റെ ശരീരവും മനസ്സും കാഴ്ചയും ആണധികാരത്തിന്റേത് മാത്രമാണ് എന്ന് പറയേണ്ടി വരും. കെ.കെ.ഷൈലജയെ ഒഴിവാക്കാൻ പുതിയ തിയറികൾ കെട്ടിയുണ്ടാക്കേണ്ടി വരുന്നുണ്ടെങ്കിൽ, പിണറായി വിജയനെ ഇപ്പോൾ നിർമിച്ചിട്ടുള്ള എല്ലാ പാർട്ടി തിയറികൾക്കും മുകളിൽ അംഗീകരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ജന്റർ ബയാസ്ഡ് ആയ കണ്ണട വെച്ച പാർട്ടിയുടെ ആൺ ശരീരമെടുക്കുന്ന തീരുമാനങ്ങളാണ്.

എല്ലാ വൈകാരികതയ്ക്കും മേലെയാണ് പാർട്ടി എന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും അവകാശപ്പെടുമ്പോൾ, സിദ്ധാന്തങ്ങൾക്കു മേൽ വൈകാരികതയുടെ ഐസിംഗ് തേച്ചു പിടിപ്പിച്ചാണ് രണ്ടാം ഭരണത്തിലേക്ക് പാർട്ടി കയറിയത് എന്ന് കൂടി ഓർക്കണം. ഒരു മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്ന് ജനങ്ങൾ വിളിച്ചത്, പാർട്ടി വിപ്പ് അനുസരിച്ചല്ല, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കെ.കെ. ഷൈലജയ്ക്ക് ജനങ്ങൾ നൽകിയതും പാർട്ടി വിപ്പനുസരിച്ചല്ല. ആ രാഷ്ട്രീയത്തിൽ വൈകാരികതയ്ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. ആ വൈകാരികതയുടെ മറ്റൊരു രൂപമാണ് കെ.കെ. ശൈലജയെ മന്ത്രിസഭയിൽ നിന്നും മാറ്റിയതിൽ സി.പി.എം. കേന്ദ്ര നേതാക്കൾക്ക് അതൃപ്തിയെന്ന റിപ്പോർട്ടുകൾ. ഷൈലജയെ മാറ്റിയതിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചെന്ന വാർത്തകൾ.

നൂറാം പിറന്നാളിന് മഞ്ഞ നിറത്തിലുള്ള ലഡുവും കൊണ്ട് പാർട്ടിയുടെ സ്വന്തം കാറിൽ കാണാൻ പോയിട്ടോ മരിച്ച് കഴിയുമ്പോൾ പാർട്ടി പതാക പുതപ്പിച്ച് മുദ്രാവാക്യം വിളിച്ചിട്ടോ കാര്യമില്ല. അധികാര പദവിയിലേക്ക് ഒരു സ്ത്രീ എത്തിച്ചേർന്ന വഴികളെ ജീവിച്ചിരിക്കുമ്പോൾ ബഹുമാനിക്കാൻ കഴിയണം. അവർ നേടുന്ന അംഗീകാരങ്ങളിൽ സഹിഷ്ണുതയോടെ ആഹ്ലാദിക്കാൻ കഴിണം. അവരെ തുടരാൻ സമ്മതിക്കണം. അതിന് ആണധികാരത്തിന്റെയുള്ളിൽ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഭയത്തിൽ നിന്ന് പുറത്തു കടക്കാൻ കഴിയണം. വ്യക്തിയ്ക്കായാലും പാർട്ടിയ്ക്കായാലും. പാട്രിയാർക്കിയുടെ സംരക്ഷകഭാവത്തിൽ നിന്ന് തുല്യതയുടെ, തുല്യനീതിയുടെ, ലിംഗനീതിയുടെ വിശാലതയിലേക്ക് കടക്കാൻ ക്യാപ്റ്റനും പാർട്ടിയ്ക്കും ഇനിയും ഒരുപാട് തലമുറ മാറ്റങ്ങൾ കാണേണ്ടി വരുമായിരിക്കാം. കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രിയായിരുന്ന കെ. കെ. ഷൈലജയ്ക്ക് അഭിവാദ്യങ്ങൾ.

Comments