കെ.എം. ഷാജീ,
നിങ്ങളൊരു ഒറ്റുകാരനാണ്,
കേരളത്തിലെ മുസ്ലിംകളുടെ
കെ.എം. ഷാജീ, നിങ്ങളൊരു ഒറ്റുകാരനാണ്, കേരളത്തിലെ മുസ്ലിംകളുടെ
12 Dec 2021, 02:09 PM
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ യുവ നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജീ, കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിൽ താങ്കൾ നടത്തിയ പ്രസംഗം നല്ല ബോറായിരുന്നു. ഗംഭീര സൗണ്ട് മോഡുലേഷൻ, നല്ല വോയ്സ് ടെക്സ്ചർ. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന വായ്ത്താരി താളാത്മകമായിരുന്നു. മലബാറിലെ ഈഴവർ സി.പി.എമ്മിന്റെ
ചാവേറുകളാണെന്ന ഡയലോഗ് പ്രസൻ്റേഷൻ ഒരു പോലെ നാടകീയവും സിനിമാറ്റിക്കുമായിട്ടുണ്ട്. പക്ഷേ ഷാജീ നിങ്ങളൊരു ഒറ്റുകാരനാണ്. മുസ്ലിം ലീഗിന്റെയല്ല, കേരളത്തിലെമുസ്‌ലിംകളുടെ.
രാഷ്ട്രീയവും മതവും ഒന്നാണ് എന്ന് പ്രഖ്യാപിക്കുകയാണ് നിങ്ങൾ ചെയ്തത്. ലീഗിൽ നിന്ന് അകന്നാൽ ദീനിൽ നിന്നകലുകയാണ് എന്ന ബ്ലാക്ക് മെയിലിംഗ് ആണ് നിങ്ങൾ ഒരു സമുദായത്തിനു മേൽ നടത്തിയത്. നിങ്ങൾ ഒരു മതസംഘടനയുടെ പ്രതിനിധിയായിരുന്നുവെങ്കിൽ ആ ബ്ലാക്ക് മെയിലിംഗ് നിങ്ങളുടെ വിശ്വാസാധിഷ്ഠിത ധർമവും കർമവുമെന്ന് ധരിക്കാമായിരുന്നു. പക്ഷേ അങ്ങനെയല്ലല്ലോ മുൻ എം.എൽ.എ കെ.എം. ഷാജീ. താങ്കൾ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടല്ലോ? താങ്കൾ വിജയിച്ചത് മുസ്ലീങ്ങളുടെ വോട്ട് മാത്രം നേടിയിട്ടല്ലല്ലോ? താങ്കൾ പ്രതിനിധീകരിച്ചത്
മുസ്‌ലിം ജനവിഭാഗത്തെ മാത്രമല്ലല്ലോ?
കോഴിക്കോട് കടപ്പുറത്തെ വർഗ്ഗീയവും അശ്ലീലവും ജനാധിപത്യവിരുദ്ധവുമായ ഒരു കെട്ട് പ്രസംഗങ്ങൾ കേട്ട് കഴിഞ്ഞ് ഇതേത് രാജ്യം എന്ന് അന്തം വിട്ട് നിൽക്കുന്നവരോട് അത്രയൊന്നും പകച്ചു പോകാത്ത മനുഷ്യർ തിരിച്ച് ചോദിച്ചു, മുസ്‌ലിം ലീഗിൽ നിന്ന് നിങ്ങൾ മറ്റെന്താണ് പ്രതീക്ഷിച്ചത് എന്ന്. വർഗ്ഗീയതയുടെയും സ്ത്രീവിരുദ്ധതയുടേയും അടരുകൾ തന്നെയല്ലേ ലീഗിൽ എക്കാലവും ഉണ്ടായിരുന്നത് എന്ന്.
അങ്ങനെ വേരോടെ പട്ടുപോയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് എന്ന്, ഒരു ജനാധിപത്യ വിശ്വാസിയ്ക്ക് കേരളീയ ചരിത്രത്തെ മുന്നിൽ നിർത്തി കരുതാനാവില്ല. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ അസ്തിത്വത്തിൽ, കേരളത്തിലെ വോട്ടു ചെയ്യുന്ന രാഷ്ട്രീയ ഭൂരിപക്ഷത്തിന് എക്കാലത്തും വിശ്വാസമുണ്ടായിരുന്നു എന്നതാണ് നേര്. ലീഗ്, ജനാധിപത്യ മത നിരപേക്ഷ കേരളത്തിൻ്റെ പല പ്രതിനിധാനങ്ങളിൽ ഒന്നു തന്നെയായിരുന്നു. സി.പി.എമ്മും സി.പി.ഐയും കോൺഗ്രസ്സും മുസ്ലീം ലീഗും കേരള കോൺഗ്രസ്സുമെല്ലാം ചേർന്നൊരു രാഷ്ട്രീയാസ്തിത്വത്തിലെ നിർണ്ണായക ഘടകം.
ആ അടിത്തറയുടെ വേരിലേക്കാണ് കെ.എം. ഷാജിയെന്ന മുൻ എം.എൽ.എ കൊടും വർഗ്ഗീയതയുടെ വിഷം ഒഴിച്ചിരിക്കുന്നത്.
സംഘപരിവാർ അതിൻ്റെ പ്രത്യയശാസ്ത്ര ടെക്സ്റ്റിൽ ആദ്യ ശത്രുവായി മുസ്ലീമിനെ പ്രതിഷ്ഠിച്ചിട്ടുണ്ട്, പിന്നത്തെ ശത്രു കമ്മ്യൂണിസ്റ്റുകാരാണ്. ഷാജിയിവിടെ ഇസ്‌ലാമിൻ്റെ ശത്രുവായി കമ്യൂണിസത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എം. ഷാജീ, നിങ്ങൾ മുസ്ലീം ലീഗിനെയല്ല ഒറ്റുകൊടുത്തത്, കേരളത്തിലെ മുസ്ലീങ്ങളെയാണ്. വിവേകവും വിവേചനാധികാരവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള കേരളത്തിലെ മുസ്ലീങ്ങളെ. സ്വത്വമാണ് വിശ്വാസമെന്നും പള്ളിക്കൂടവും ഞങ്ങള് പണിയും പള്ളിയും പണിയുമെന്നും മതം തന്നെയാണ് പ്രശ്നമെന്നും നിങ്ങൾ ആക്രോശിക്കുമ്പോൾ നിങ്ങൾ ആ രാഷ്ട്രീയ കേരളത്തെയാണ് ഒറ്റിയത്.
കോഴിക്കോട് സമ്മേളനത്തിലെ മറ്റു പ്രസംഗങ്ങളിൽ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒട്ടേറെ പരാമർശങ്ങളുണ്ട്. അവയെയൊക്കെ ചെറുതാക്കിക്കളഞ്ഞു കെ.എം.ഷാജിയുടെ വർഗ്ഗീയത. ഈഴവ സമുദായത്തെ സി.പി.എമ്മിൻ്റെ ചാവേറുകളെന്നും തല്ലുകൊള്ളികളെന്നും വിളിച്ച് വർഗ്ഗീയതയുടെ മാനങ്ങളെ നിങ്ങൾ വീണ്ടും വിശാലമാക്കി. നിങ്ങളുടെയുള്ളിൽ കൊണ്ടു നടക്കുന്ന ജാതീയമായ അവജ്ഞയാണ് പുറത്തേയ്ക്ക് പൊട്ടിയൊഴുകിയത്. ലീഗ് നേതൃത്വത്തിൻ്റെ എലീറ്റിസമാണ് അമർത്തി വെച്ചിരുന്ന ജാതി വെറിയായി നിങ്ങളെക്കൊണ്ടത് പറയിപ്പിച്ചത്.
ജമാഅത്തെ ഇസ്‌ലാമിയുടെ ഇന്റലക്ച്വൽ മതപ്രബോധനങ്ങളോട് വർഗ്ഗീയമായി മത്സരിക്കാനും ഐക്യപ്പെടാനും ശ്രമിച്ചാൽ, മുസ്‌ലിം ലീഗ്, സ്വയം രാഷ്ട്രീയ പാർട്ടിയാണെന്ന ബോധ്യങ്ങളിൽ നിന്ന് ഉറയൂരിയിറങ്ങേണ്ടി വരും. ആത്മീയതയുടെ തങ്ങള് കൊട്ടാരങ്ങളിൽ വിഭാഗീയതയുടെ വംശീയപ്പിരിവുകൾ രാഷ്ട്രീയ കേരളത്തിന് മനസ്സിലാവുന്നുണ്ട്. "സാമുദായിക രാഷ്ട്രീയത്തിലേക്ക് തിരിച്ചു നടന്ന് മുസ്ലീം ലീഗ് ' എന്ന് മാധ്യമം ദിനപ്പത്രം കോഴിക്കോട്ടെ വഖഫ് റാലിയിൽ ആഹ്ളാദ ചിത്തരായി സ്റ്റോറിയെഴുതുമ്പോൾ ആ ഉറയൂരലാണ് മുസ്ലീം ലീഗിൽ ഇപ്പോൾ സംഭവിക്കുന്നത് എന്ന് ഉറപ്പിക്കാം.
വർഗ്ഗീയമാവാൻ തീരുമാനിച്ച ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് വർഗ്ഗീയ ആരോപണങ്ങൾ അനുമോദനങ്ങളാണവുക എന്നറിയാം. കേരളത്തിലെ മുസ്ലീങ്ങളെ മുസ്ലീം ലീഗ് ഒറ്റുകൊടുത്താലും ജനാധിപത്യ രാഷ്ട്രീയ കേരളം ഒറ്റുകൊടുക്കില്ല എന്നതാണ് ചരിത്രവും വർത്തമാനവും പ്രതീക്ഷയും.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
റഫീക്ക് തിരുവള്ളൂര്
Mar 19, 2023
4 Minutes Read
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
പ്രഭാഹരൻ കെ. മൂന്നാർ
Mar 14, 2023
6 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch