ഈ അധ്യയനവർഷത്തിലെ ആറാം പ്രവൃത്തിദിവസത്തിലെ കണക്കെടുപ്പിൽ, ഈ വർഷം പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്. അതേസമയം അൺ എയ്ഡഡ് സ്കൂളുകളിൽ കൂടുകയും ചെയ്തു.
ഗവൺമെന്റ് സ്കൂളുകളിൽ കഴിഞ്ഞവർഷം ഒന്നാം ക്ലാസിൽ 99,566 കുട്ടികളാണുണ്ടായിരുന്നതെങ്കിൽ ഇത്തവണ 92,638 പേരാണുള്ളത്- 6928 പേർ കുറവ്. എയ്ഡഡ് സ്കൂളുകളിൽ ഇത്തവണ ഒന്നാം ക്ലാസിൽ ചേർന്നത് 1,58,348 പേരാണ്. കഴിഞ്ഞവർഷത്തേക്കാൾ 235 കുട്ടികളുടെ കുറവ്. അൺ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞവർഷം ഒന്നാം ക്ലാസിൽ ചേർന്നത് 39,918 പേരാണ്, ഈ വർഷം 47,861 ആയി ഉയർന്നു.
ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസുവരെ സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം പ്രവേശനം നേടിയവരുടെ എണ്ണം 32,87,640 ആണ്. കഴിഞ്ഞവർഷം ഇത് 34,04,724 ആയിരുന്നു- ഇത്തവണ 1,17,084 പേരുടെ കുറവ്. 2023-ൽ 94,639 കുട്ടികളുടെ കുറവാണുണ്ടായത്. അതാണ് ഈ വർഷം പിന്നെയും വർധിച്ചത്.
അതേസമയം, അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ ചേർന്നവരുടെ എണ്ണത്തിൽ 14,044 വിദ്യാർഥികളുടെ വർധനവുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ ഈ വർഷം പ്രവേശനം നേടിയത് 3,55,967 പേരാണ്. 2023-ൽ 3,41,923.
1990-കൾക്കുശേഷം പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാർഥികളുടെ എണ്ണം പടിപടിയായി കുറഞ്ഞുവരികയായിരുന്നുവെങ്കിൽ, 2017- 18ൽ പൊതുവിദ്യാലയങ്ങളിലെത്തിയ കുട്ടികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. 2017 മുതൽ 2021 വരെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നവരുടെ എണ്ണം കൂടിവരികയായിരുന്നു. ഒപ്പം, അൺ എയ്ഡഡിൽ കുറയുകയും ചെയ്തിരുന്നു. ഈ പ്രവണതക്ക് 2023-ലാണ് മാറ്റമുണ്ടായത്.
2023-ൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ, ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ 94,639 കുട്ടികളുടെ കുറവാണുണ്ടായത്. 2022-ൽ 34,99,363 കുട്ടികളുണ്ടായിരുന്നത് 2023-ൽ 34,04,724 ആയി കുറഞ്ഞു. ഒന്നാം ക്ലാസിൽ മാത്രം, 2023-ൽ 10,164 കുട്ടികളാണ് കുറഞ്ഞത്. 2022-ൽ 2,68,313 കുട്ടികൾ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസിലെത്തിയെങ്കിൽ 2023-ൽ അത് 2,58,149 പേരായി കുറഞ്ഞു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽനിന്ന് പ്ലസ് വണ്ണിന് കേരള സിലബസ് തെരഞ്ഞെടുക്കുന്നവരുടെ എണ്ണവും കുറയുകയാണ്. 2018-19ൽ സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ സിലബസുകാരായ 42,892 വിദ്യാർഥികളാണ് പത്താം ക്ലാസുകഴിഞ്ഞ് പ്ലസ് വൺ സംസ്ഥാന സിലബസിലേക്കു മാറിയത്. 2022- 23ൽ ഇത് 31,697 ആയി കുറഞ്ഞു.