മെറിറ്റോക്രസിയുടെ ഓൺലൈൻ മോഡ്

"കോവിഡാനന്തരം ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഒരു രേഖ, അധ്യാപനത്തിലും ജ്ഞാനോൽപ്പാദനത്തിലും ഉൾകൊള്ളലുകൾക്ക് (inclusive ) കൂടുതൽ പ്രാധാന്യം നൽകേണ്ടതായിരുന്നു. അല്ലാതെ കേവലം "വരേണ്യ'രുടെയും "കഴിവേറി'യവരുടെയും പ്രജനനത്തിനായുള്ള ആലോചനകൾ മാത്രമാവരുതായിരുന്നു ലക്ഷ്യം. കോവിഡാനന്തരം ഉന്നത വിദ്യാഭ്യാസമേഖല ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിമാറും എന്നതിനാൽത്തന്നെ കൗൺസിലിന്റെ ശ്രദ്ധ പതിയേണ്ടത് വിദ്യാഭ്യാസത്തിന്റെ ലഭ്യതയും, തുല്യതയും, മികവും കൈവരിക്കുവാനുളളതിലായിരിക്കണം." - ചിറ്റൂർ ഗവർൺമെന്റ് കോളജ് അസി. പ്രൊഫസർ ഷീബ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് സമർപ്പിച്ച കത്തിന്റെ മലയാള പരിഭാഷ.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഉപദേശകസമിതി ഈയിടെ പുറത്തിറക്കിയ കരടു നയരേഖ ഉന്നത വിദ്യാഭ്യാസരംഗത്ത് കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും സാധ്യമായ പരിഷ്‌കാരങ്ങളെക്കുറിച്ചുമാണ് ചർച്ച ചെയ്യുന്നത്. മറ്റേതൊരു മേഖലയിലെയും പോലെ ഈ രംഗത്തും സംഭവിച്ചേക്കാവുന്ന സാരമായ അഴിച്ചുപണിയിൽ ഈ കരട് നയരേഖയ്ക്കും മതിയായ സ്ഥാനവും പ്രാധാന്യവുമുണ്ടാവും.

ഓൺലൈൻ സംവിധാനത്തിലേക്കുള്ള എടുത്തുചാട്ടത്തിനും അധ്യാപകരെയൊട്ടാകെ പ്രൊഫഷണലുകളാക്കി മാറ്റാൻ ബദ്ധപ്പെട്ടുള്ള ശ്രമത്തിനും മുതിരുന്ന നയരേഖ ചില വസ്തുതകളോട് കണ്ണടക്കുന്നു.

നയരേഖയുടെ പ്രതിലോമപരമായ ചില നിർദ്ദേശങ്ങളോട് വിയോജിച്ചുകൊണ്ടും, പരിമിതികൾ ചൂണ്ടികാണിച്ചുകൊണ്ടും ഉന്നത വിദ്യാഭ്യാസ കൗൺസിലിലേക്ക് സമർപ്പിച്ച കത്തിന്റെ പരിഭാഷ പൊതുചർച്ചക്കായി വെയ്ക്കുന്നു.

കോവിഡാനന്തര ഘട്ടത്തിൽ ആഗോളതലത്തിൽ ഉണ്ടായേക്കാവുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളിൽനിന്നും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും മോചനമുണ്ടാവില്ല എന്നുള്ള ആശങ്ക പങ്കുവെച്ചുകൊണ്ടാണ് നയരേഖ തുടങ്ങുന്നതുതന്നെ. പക്ഷേ തുടർന്നുള്ള വായനയിൽ നയരേഖയിലെ പല പരാമർശങ്ങളിലും വൈരുദ്ധ്യങ്ങളും, ഗൗരമേറിയ ഒരു രേഖ തയ്യാറാക്കുന്നതിൽപോലും അധികാരികൾ കാണിച്ച അശ്രദ്ധയും പ്രകടമാണ്. ആയതുകൊണ്ട് കീഴ്പറയുന്ന വിഷയങ്ങളിൽ, ഈ മേഖലയിലെ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വലിയതോതിലുള്ള തുടർചർച്ചകളും, വിശദീകരണങ്ങളും ഉണ്ടാവേണ്ടതുണ്ട് എന്ന് കരുതുന്നു.

1. രണ്ട് തരത്തിലുള്ള വിദ്യാഭ്യാസരീതികളാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കുവാനായി രേഖയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. മാനവിക, സാമൂഹിക, ശാസ്ത്ര വിഷയങ്ങൾ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും ഇവിടങ്ങളിലെ അധ്യയനം വെർച്വൽ രീതിയിൽ അനൗപചാരികവും, ചിലവുകുറഞ്ഞതും ആയിരിക്കുമെന്നുമുള്ള നയരേഖയിലെ പ്രവചനം ചിലരെയെങ്കിലും ആശങ്കാകുലരാക്കും. അതേസമയം "അസാധാരണക്കാർ'ക്കായുള്ള ഇതര രീതി ചിലവേറിയതും പൂർണമായും വെർച്വൽ മോഡ് അവലംബിക്കാൻ കഴിയാത്തതുമാണെന്ന് നയരേഖ പറയുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകൾ വായനക്കാരിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ.

സ്വയംഭരണാവകാശമുള്ള കോളേജുകളുടെ വരവോടുകൂടി ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്ന ഉപഭോക്തൃപരത പുത്തൻ പഠനരീതി കൂടിയാവുമ്പോൾ ക്രിയാത്മകത നഷ്ടപ്പെട്ട ഒരു കൂട്ടം റോബോട്ടുകളെ പടച്ചുവിടുന്ന ഫാക്ടറികൾ ആയി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും.

വൈജാത്യവും, വൈവിധ്യവുമായ പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന എല്ലാ വിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ക്ലാസ് മുറികളും, കാമ്പസുകളും തന്നെയാണ് സർഗ്ഗാത്മകമായ വിദ്യാഭ്യാസം നടപ്പിലാക്കാൻ സാധിക്കുന്ന ഇടങ്ങൾ. അധ്യാപക-വിദ്യാർഥികൾക്കിടയിലും, വിദ്യാർഥികൾക്കിടയിൽ പ്രത്യേകിച്ചും സംവാദങ്ങൾക്കും ചർച്ചകൾക്കും അതുവഴിയുള്ള അറിവുത്പാദനത്തിനുമുള്ള ഒരു പൊതു ഇടം എന്ന നിലയിൽ തന്നെയാണ് ക്യാമ്പസുകളെയും ക്ലാസ് മുറികളെയും കാണേണ്ടത്. പല വിധങ്ങളിലുള്ള സാമൂഹിക വേർതിരിവുകളും, വിവേചനങ്ങളും റദ്ദ് ചെയ്യപ്പെടുന്ന ഒരു ചെറിയ ലോകം ക്യാമ്പസ് സാധ്യമാക്കുന്നു. സ്വഭാവികമായും ഇത്തരത്തിലുള്ള ഒരു ലോകം ഓൺലൈൻ മോഡിലേക്ക് മാറുമ്പോൾ നമുക്ക് നഷ്ടമാവുകയും ചെയ്യും. വിവരങ്ങളുടെ വെറും വിനിമയവും, കൈമാറ്റവും മാത്രമാകും അവിടെ നടക്കാൻ സാധ്യത.
വിവിധങ്ങളായ വിഷയങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ എല്ലാം നേർത്തു പോകുകയോ ഇല്ലാതാവുകയോ ചെയ്യുന്ന വർത്തമാന കാലത്തിൽ, പ്രത്യേകിച്ചും വിഷയാന്തര ജ്ഞാനമേഖലകളുടെ പുതിയ സാധ്യതകൾക്ക് പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിൽ വിഷയങ്ങളെ വേർതിരിച്ചു നിർത്താനുള്ള ശ്രദ്ധ പാഴ് വേലയായി തോന്നുന്നു. തുടക്കത്തിൽ വിഷയങ്ങളെ വേർതിരിച്ചു നിറുത്തുകയും ഉൾഭാഗങ്ങളിലേക്ക് കടക്കുമ്പോൾ വിഷയാന്തര മേഖലയെക്കുറിച്ചു വാചാലമാവുകയും ചെയ്യുന്ന നയരേഖ പലയിടങ്ങളിലും പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നു.

2. കോവിഡാനന്തര കാലഘട്ടത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള ഒരു വമ്പിച്ച മാറ്റമായി കരട് നയരേഖ സൂചിപ്പിക്കുന്നത് ഓൺലൈൻ വിദ്യാഭ്യാസ രീതിയിലേക്കുള്ള ചുവടുമാറ്റമാണ്. ഇതിൽ ആശങ്കയുളവാക്കുന്ന ഒരു വസ്തുത പങ്കുവെക്കുന്നത് ഇപ്രകാരമാണ്: ഓൺലൈൻ അധ്യാപനത്തിന്റെ വരവോടുകൂടി മൂന്നിൽ ഒരു വിഭാഗം അധ്യാപകർ അധികമാവുകയോ അനാവശ്യമായിത്തീരുകയോ ചെയ്യും. ഉന്നതവിദ്യാഭ്യാസമേഖലയിൽ കൈവരിക്കേണ്ട ലക്ഷ്യങ്ങളായി വിദ്യാഭ്യാസത്തിന്റെ ലഭ്യതയും, തുല്യതയും, മികവും ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ 30 ശതമാനത്തിൽ പരം വിദ്യാർത്ഥികൾ ഓൺലൈൻ സൗകര്യങ്ങൾക്ക് പുറത്താണ് ഇപ്പോഴും എന്നുള്ള യാഥാർത്ഥ്യം നയരേഖ ശ്രദ്ധിക്കാതെ പോകുന്നു.

സാമാന്യത്തിന്റെ വ്യാപനം എന്നൊക്കെ ലളിതമായി പരിഭാഷപ്പെടുത്താൻ ശ്രമിച്ചാൽപോലും ഇതുവരെയുള്ള കലാലയ വിദ്യാഭ്യാസത്തെയൊന്നാകെ നയരേഖ തള്ളിപ്പറയുന്നുവെന്നുതന്നെ വിശ്വസിക്കേണ്ടി വരും.

ബഹുഭൂരിപക്ഷം അധ്യാപകരും ഭാവിയിൽ അധികപ്പറ്റ് ആകുന്നതിനെ കുറിച്ച് വാചാലമാകുന്നതിനുപകരം മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കാൻ അവശ്യമായ മുന്നൊരുക്കങ്ങളിലായിരുന്നു നയരേഖ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നത്. പ്രത്യേകിച്ചും മികവിന്റെ കാര്യത്തിൽ. ഇത് കൈവരിക്കാൻ സാക്ഷാൽ യുജിസി തന്നെ നിർദ്ദേശിച്ചിട്ടുള്ള അധ്യാപക വിദ്യാർത്ഥി അനുപാതത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിലിനുള്ള അഭിപ്രായം എന്താണെന്നുള്ളത് പ്രസക്തമാണ്.

3. നമ്മുടെ കലാലയങ്ങളിലും സർവകലാശാലകളിലും കാലങ്ങളായി തുടർന്നുവരുന്ന മുഖാമുഖമുള്ള അധ്യാപനവും, പഠനപ്രവർത്തനങ്ങളും "കഴിവില്ലായ്മ യുടെ ജനാധിപത്യവൽക്കരണ'മാണെന്നുള്ള പ്രസ്താവന നയരേഖയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. ഇതുപോലൊരു പരാമർശത്തെ ഇത് തയ്യാറാക്കിയ വിചക്ഷണർ എങ്ങനെ വിശദീകരിക്കും എന്ന് അറിയാൻ താല്പര്യമുണ്ട്. നയരേഖയിലെ അവസാന ഭാഗങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസം ഒരിക്കലും പരമ്പരാഗത ക്ലാസ്സ്റൂം വിദ്യാഭ്യാസത്തിന് ബദലാവില്ല എന്ന് അവകാശപ്പെടുന്നയാളുകൾ തന്നെ മുകളിൽ ഇതുപോലുള്ള പരാമർശം നടത്തിയിട്ടുള്ളത് രേഖയുടെ യഥാർത്ഥ സത്തയെ കീഴ്‌മേൽ മറിക്കുകയും
നയരേഖ ഒരു വരേണ്യ പദ്ധതിയായി മാറുന്നതിനൊപ്പം അതിനുള്ളിലെ സംവരണ വിരുദ്ധത മറനീക്കി പുറത്തു വരുവാൻ ഇടവരുത്തുകയും ചെയ്യുന്നു.

mediocrity ക്ക് ബദലായി meritocracy മാത്രം ഒരു മാനദണ്ഡമായി സ്വീകരിക്കുമ്പോൾ സാമൂഹിക- സാമ്പത്തിക പിന്നാക്കക്കാരും, അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും വീണ്ടും മുഖ്യധാരയിൽനിന്ന് പുറന്തള്ളപ്പെടും എന്നുള്ള യാഥാർത്ഥ്യം നയരേഖ ശ്രദ്ധിക്കാതെ പോകുന്നു.

സാമാന്യത്തിന്റെ വ്യാപനം എന്നൊക്കെ ഇതിനെ ലളിതമായി പരിഭാഷപ്പെടുത്താൻ ശ്രമിച്ചാൽപോലും ഇതുവരെയുള്ള കലാലയ വിദ്യാഭ്യാസത്തെയൊന്നാകെ നയരേഖ തള്ളിപ്പറയുന്നുവെന്നുതന്നെ വിശ്വസിക്കേണ്ടി വരും. ഇതിനെല്ലാമുള്ള ഏക ബദലായി നയരേഖക്ക് ചൂണ്ടിക്കാണിക്കാൻ ഉള്ളതും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കുള്ള ത്വരിതഗതിയിലുള്ള ചുവടുമാറ്റം മാത്രമാണ്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ പോലുള്ള ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരത്തിലുള്ള അശ്രദ്ധമായ പരാമർശങ്ങൾ കുറഞ്ഞത് ഈ മേഖലയുമായി ബന്ധപ്പെട്ട ആളുകളെയെങ്കിലും വേദനിപ്പിക്കുകയോ നിരാശപ്പെടുകയോ ചെയ്യും.
ഇത്തരത്തിൽ അനവസരത്തിലുള്ള പദപ്രയോഗങ്ങളും പരാമർശങ്ങളും, ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നയരേഖയെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കുവാൻ കാരണമായി എന്നുള്ളതും ഒരു വസ്തുതയാണ്.
mediocrity ക്ക് ബദലായി meritocracy മാത്രം ഒരു മാനദണ്ഡമായി സ്വീകരിക്കുമ്പോൾ സാമൂഹിക- സാമ്പത്തിക പിന്നാക്കക്കാരും, അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും വീണ്ടും മുഖ്യധാരയിൽനിന്ന് പുറന്തള്ളപ്പെടും എന്നുള്ള യാഥാർത്ഥ്യം നയരേഖ ശ്രദ്ധിക്കാതെ പോകുന്നു. തുല്യതയ്ക്കും, സാമൂഹ്യനീതിയ്ക്കും, ഉൾക്കൊള്ളലിനും, വിദ്യാർഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പതിറ്റാണ്ടുകളായുള്ള പോരാട്ടങ്ങൾക്ക് ശേഷവും നമ്മൾ "കഴിവ്' (meritocracy ) മാത്രം മുഖ്യ മാനദണ്ഡമായി ഇപ്പോഴും സ്വീകരിക്കുന്നത് നിരാശാജനകമാണ്.

4.കോവിഡാനന്തര കാലഘട്ടത്തിൽ അക്കാദമിക സമൂഹം നേരിടേണ്ടിവരുന്ന വെല്ലുവിളികളെ പരാമർശിച്ചു കൊണ്ടാണ് നയരേഖ അവസാനിക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസ രീതിയിൽ നൈപുണ്യം ഇല്ലാത്ത ഭൂരിഭാഗം അധ്യാപകരെയും എങ്ങനെ മികച്ച പ്രൊഫഷണലുകളാക്കി മാറ്റാം എന്നുള്ള വാചകക്കസർത്ത് കൊള്ളാം. ഒരു "നവസ്വഭാവികത' (new normal) സ്ഥാപിച്ചെടുക്കുന്നതിൽ കൗൺസിൽ തിരക്ക് കൂട്ടിയോ എന്നു സംശയിച്ചാലും തെറ്റില്ല. കരടുരേഖയുടെ തുടക്കത്തിൽ ഓൺലൈൻ ബോധന രീതിയെക്കുറിച്ചുണ്ടായ ആശങ്കകൾ മെല്ലെ മാറുകയും കൂടുതൽ ശ്രദ്ധ അധ്യാപകരെ ഇത്തരം പ്ലാറ്റുഫോമുകളിൽ എങ്ങനെ വൈദഗ്ധ്യമുള്ളവർ ആക്കാം എന്നതിലേക്ക് തിരിയുകയും ചെയ്യുന്നതും കാണാം. എന്നാൽ അതോടൊപ്പം തന്നെ രേഖയുടെ അവസാന പാദങ്ങളിൽ ഓൺലൈൻ മോഡ് പരമ്പരാഗത ക്ലാസ് റൂം കേന്ദ്രീകൃത ജ്ഞാനോൽപാദനത്തിന് പൂരകമായി പരാമർശിക്കപ്പെടുന്നുമില്ല.

5. നയരേഖയുടെ ആമുഖത്തിൽ കോവിഡാനന്തരം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സ്വതന്ത്രമായ ഒരു നിലനിൽപ്പുണ്ടാവില്ല എന്നൊക്കെ ആശങ്കപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യങ്ങൾ ഗൗരവമായി പരിഗണനയ്ക്ക് എടുത്തിട്ടില്ല എന്നുള്ളത് തുടർവായനയിൽ മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ചും റിപ്പോർട്ടിന്റെ മലയാള പരിഭാഷയിൽ കാണിച്ച ഗൗരവമില്ലായ്മയുടെ കാര്യത്തിൽ.

6. ഉപഭോഗ തൃഷ്ണയുടെ സ്വാധീനത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തെ മോചിപ്പിക്കുക എന്നതിൽ വലിയ ശ്രദ്ധ പതിപ്പിക്കേണ്ടുന്ന സമയമാണിത്. ജ്ഞാനോൽപാദനത്തിലൂന്നിയ ക്ലാസ്സ്റൂം വിദ്യാഭാസം എന്ന സർഗ്ഗ പ്രവർത്തനത്തെ പുതിയ ഓൺലൈൻ വിദ്യാഭ്യാസരീതി ഉൽപാദന-ഉപഭോഗ തലത്തിലേക്ക് ചുരുക്കിമാറ്റുവാനേ സഹായിക്കുകയുള്ളൂ. ഇവിടെ അധ്യാപകർ കേവലം പഠനോൽപ്പന്നങ്ങളുടെ സൃഷ്ടാക്കളും വിദ്യാർത്ഥികൾ ഉപഭോക്താക്കളും ആയിമാറുന്നു. സ്വയംഭരണാവകാശമുള്ള കോളേജുകളുടെ വരവോടുകൂടി ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്ന ഉപഭോക്തൃപരത പുത്തൻ പഠനരീതി കൂടിയാവുമ്പോൾ ക്രിയാത്മകത നഷ്ടപ്പെട്ട ഒരു കൂട്ടം റോബോട്ടുകളെ പടച്ചുവിടുന്ന ഫാക്ടറികൾ ആയി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും.

നയരേഖയുടെ തുടക്കത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ന്യൂനതകളെകുറിച്ച് പരാമർശങ്ങളുണ്ടെങ്കിലും, അവസാന പാദത്തിലേക്ക് കടക്കുമ്പോൾ തികച്ചും ജനാധിപത്യവിരുദ്ധമായ ഈ ഒരു ഓൺലൈൻ മോഡലിനെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്തിയെടുക്കാം എന്നതിലേക്ക് ശ്രദ്ധ പോകുന്നു. കോവിഡാനന്തരം ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഒരു രേഖ, അധ്യാപനത്തിലും ജ്ഞാനോൽപ്പാദനത്തിലും ഉൾകൊള്ളലുകൾക്ക് (inclusive ) കൂടുതൽ പ്രാധാന്യം നൽകേണ്ടതായിരുന്നു. അല്ലാതെ കേവലം "വരേണ്യ'രുടെയും "കഴിവേറി'യവരുടെയും പ്രജനനത്തിനായുള്ള ആലോചനകൾ മാത്രമാവരുതായിരുന്നു ലക്ഷ്യം.
കോവിഡാനന്തരം ഉന്നത വിദ്യാഭ്യാസമേഖല ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിമാറും എന്നതിനാൽത്തന്നെ കൗൺസിലിന്റെ ശ്രദ്ധ പതിയേണ്ടത് വിദ്യാഭ്യാസത്തിന്റെ ലഭ്യതയും, തുല്യതയും, മികവും കൈവരിക്കുവാനുളളതിലായിരിക്കണം.

ആയതിനാൽ നയരേഖയുടെ സമഗ്രമായ ഒരു ഉടച്ചുവാർക്കലും, കൂടുതൽ ഉൾകൊള്ളലുകളോട് (inclusive) കൂടിയ നയസമീപനവും പ്രതീക്ഷിക്കുന്നു.

ഉന്നത വിദ്യാഭ്യാസ കൗൺസിലിലേക്ക് സമർപ്പിച്ച കത്തിന്റെ മലയാള പരിഭാഷ: സുരേഷ് എം.

Comments