മലയാളം എന്ന
ഭരണഭാഷയിലേക്കുള്ള ദൂരം

ഭരണഭാഷ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ ബിൽ- 2025 നിയമസഭ ഏകകണ്ഠമായി പാസാക്കി ഗവർണറുടെ അനുമതിക്ക് നൽകിയിരിക്കുകയാണ്. എന്നാൽ, കാസർകോട്ടെ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി, ബിൽ പിൻവലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരളത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏഴു പതിറ്റാണ്ടിനിടെ ഭരണഭാഷ മലയാളമാക്കാൻ നടന്ന പരിശ്രമങ്ങളെക്കുറിച്ചും അവ വിഫലമായത് എന്തുകൊണ്ട് എന്നതിനെക്കുറിച്ചും, ഭാഷാസംരക്ഷണ പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വൈഷ്ണവി വി. നടത്തുന്ന അന്വേഷണം.

സ്‌കൂൾ തലം മുതൽ ഭരണഭാഷ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ ബിൽ- 2025 നിയമസഭ ഏകകണ്ഠമായി പാസാക്കി ഗവർണറുടെ അനുമതിക്ക് നൽകിയിരിക്കുകയാണ്.
ഭരണഘടനയ്ക്കു വിധേയമായി കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി മലയാളത്തെ സ്വീകരിക്കാനും എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കാനും സമസ്തമേഖലകളിലും മലയാള ഭാഷയുടെ പ്രയോഗം വ്യവസ്ഥ ചെയ്യാനും ഭാഷയുടെ വളര്‍ച്ചയും വ്യാപനവും ഉറപ്പാക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

എന്നാൽ, കാസർകോട്ടെ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി, ബിൽ പിൻവലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരളത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബില്ലുമായി മുന്നോട്ടുപോയാൽ നിയമപരമായി നേരിടുമെന്നാണ് കർണാടകയുടെ മുന്നറിയിപ്പ്. ബില്ലിന് അംഗീകാരം നൽകരുമെന്നാവശ്യപ്പെട്ട് കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി പ്രതിനിധികൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കാണുകയും ​ചെയ്തു. ബിൽ പ്രകാരം കാസർകോട് ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ കന്നഡ മീഡിയം സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധമായി പഠിക്കേണ്ടി വരുമെന്ന് കർണാടക ആശങ്കപ്പെടുന്നു. ബിൽ റദ്ദാക്കണമെന്നും സമഗ്ര പുനഃപരിശോധന നടത്തണമെന്നുമാണ് കർണാടക ഗവർണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം വിശദമായി പരിശോധിക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ട്.

എന്നാൽ, കർണാടകത്തിന്റെ എതിർപ്പിനെ രാഷ്ട്രീയപ്രേരിതം എന്നാണ് കേരളം വിശേഷിപ്പിക്കുന്നത്. ബില്ല് ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. കന്നട, തമിഴ് ന്യൂനപക്ഷങ്ങൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാതൃഭാഷ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ബില്ല് ഗവർണറുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. 1956-ൽ കേരളം രൂപീകൃതമായശേഷം മലയാളം ഭരണഭാഷയാക്കാൻ നിരവധി ഇടപെടലുകൾ ഭരണതലത്തിൽനിന്നുതന്നെയുണ്ടായെങ്കിലും ഒന്നും പ്രായോഗികമായില്ല. 1957-ൽ ആദ്യ കമ്യൂണിസ്റ്റ് സർക്കാറിന്റെ കാലം മുതൽ ഭരണഭാഷ മലയാളമാക്കണം എന്നത് നയമായി തന്നെ സർക്കാറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ നീക്കങ്ങൾക്ക് എന്താണ് സംഭവിച്ചത്? ഏഴു പതിറ്റാണ്ടിനിടെ ഭരണഭാഷ മലയാളമാക്കാൻ കേരളം നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും അവ വിഫലമായത് എന്തുകൊണ്ട് എന്നതിനെക്കുറിച്ചും ഒരന്വേഷണം.

കേരള നിയമസഭാ പാസാക്കിയ മലയാള ഭാഷാബിൽ- 2025 കാസർകോട്ടെ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിിജയൻ നൽകിയ മറുപടി.
കേരള നിയമസഭാ പാസാക്കിയ മലയാള ഭാഷാബിൽ- 2025 കാസർകോട്ടെ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിിജയൻ നൽകിയ മറുപടി.

എന്തുകൊണ്ട് 2025-ൽ ഒരു പുതിയ ബിൽ?

2015 ഡിസംബർ 17നാണ് നിയമസഭ ഏകകണ്ഠമായി മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബില്ല് പാസാക്കി ഗവർണർക്ക് അയച്ചത്. ഗവർണർ ജസ്റ്റിസ് പി. സദാശിവം ബില്ല് രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. ഇത് പരിശോധിച്ച നോഡൽ വകുപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. 1975 ജൂൺ മുതൽ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്വതന്ത്ര വകുപ്പായി ഔദ്യോഗികഭാഷാ വിഭാഗം പ്രവർത്തിക്കുന്നു.

ഉമ്മൻചാണ്ടിയുടെയും രണ്ടു വട്ടം പിണറായി വിജയന്റെയും നേതൃത്വത്തിൽ സർക്കാരുകൾ അധികാരത്തിലെത്തി. ജസ്റ്റിസ് പി. സദാശിവം, ആരിഫ് മുഹമ്മദ് ഖാൻ, രാജേന്ദ്ര വിശ്വനാഥ ആർലേക്കർ എന്നീ മൂന്ന് ഗവർണർമാർ വന്നു. കേന്ദ്രത്തിൽ പ്രണാബ് മുഖർജി, രാംനാഥ് കോവിന്ദ്, ദ്രൗപതി മുർമ്മു എന്നീ മൂന്ന് രാഷ്ട്രപതിമാർ വന്നു. എന്നിട്ടും മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബില്ലു മാത്രം അനങ്ങിയില്ല, ഫയലിൽ പൊടിപിടിച്ചുകിടന്നു.

രാഷ്ട്രപതിയുടെ പക്കലുള്ള ബില്ലിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു കേരള സർക്കാരുകൾ. പുതിയ നിയമനിർമ്മാണം നടത്താൻ പറ്റാത്ത സാഹചര്യവും. 2024-ൽ നോഡൽ വകുപ്പിൽ നിന്ന് ലഭിച്ച ചോദ്യങ്ങൾക്കെല്ലാം, മറുപടി കൊടുക്കാൻ നിയമവകുപ്പ് ശ്രമിച്ചിരുന്നു. ഈ ശ്രമങ്ങൾക്കിടെയാണ്, അനിശ്ചിതകാലം ഗവർണർമാരും രാഷ്ട്രപതിയും സംസ്ഥാനങ്ങളുടെ ബില്ലുകൾ പിടിച്ചുവെക്കുന്ന വിഷയത്തിൽ, തമിഴ്നാടിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയുടെ ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരുടെ ബെഞ്ച് സ്വീകരിക്കുന്നത്.

ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തമിഴ്നാടിന് അനുകൂലമായ സുപ്രീംകോടതി നിലപാടിന്റെ പശ്ചാത്തലത്തിൽ, ഈ നിലപാട് പൊതുവിൽ ബാധകമാകുമെന്ന പ്രതീക്ഷയോടെ കേരളം പിൻവാങ്ങിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിലിൽ സുപ്രീംകോടതിയുടെ നിലപാട് വ്യക്തമായതോടെ, മെയ് മാസം തന്നെ കേരളത്തിന്റെ ബില്ല് കാരണങ്ങളൊന്നും രേഖപ്പെടുത്താതെ അനുമതി നിഷേധിച്ചതായുള്ള (with held) മെയിൽ ഗവർണറുടെ ഓഫീസിന് ലഭിച്ചു.

മലയാള ഭാഷാ ബിൽ പ്രകാരം കാസർകോട് ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ കന്നഡ മീഡിയം സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധമായി പഠിക്കേണ്ടിവരുമെന്ന് കർണാടക ആശങ്കപ്പെടുന്നു.

10 വർഷങ്ങൾക്കുശേഷമാണ് ബില്ലിന് അനുമതി നിഷേധിക്കപ്പെട്ടത്. 10 വർഷങ്ങൾക്കു മുമ്പുള്ള സാമൂഹിക സാഹചര്യമല്ല കേരളത്തിലുള്ളത്, എല്ലാ രംഗങ്ങളിലും വലിയ മാറ്റമുണ്ടായി. അന്നത്തെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലുള്ള ബില്ലായിരുന്നു തയ്യാറാക്കിയിരുന്നത്. അതുകൊണ്ടുതന്നെ പുതുക്കിയ ഉള്ളടക്കത്തോടെ, ആദ്യത്തെ ബില്ലിലുള്ള പിഴവുകൾ തിരുത്തി സമഗ്രമായ ബില്ല് അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉടൻ ഭാഷാ മുന്നണിയായ ഐക്യമലയാള പ്രസ്ഥാനം സർക്കാരിനെ വിവിധ ഘട്ടങ്ങളിൽ സമീപിച്ചു. ഐക്യമലയാള പ്രസ്ഥാനം ജൂലൈ 12ന് തിരുവനന്തപുരത്ത് മലയാളഭാഷാ ബിൽ കൺവെൻഷൻ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ-തൊഴിൽമന്ത്രി വി. ശിവൻകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും, കേരള സർക്കാരിന്റെ മാതൃഭാഷാനയം എന്താണെന്നും, മലയാളഭാഷാ ബിൽ പുതിയതായി കൊണ്ടുവരുമെന്നും ഉറപ്പു നൽകുകയും ചെയ്തു.

15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനം ഒക്ടോബറിലാണ് നടന്നത്. 2025-ലെ മലയാളഭാഷാ ബില്ലിന് ഒക്ടോബർ 9ന് അംഗീകാരം ലഭിക്കുകയും ചെയ്തു. ഒക്ടോബർ 10-ന് പാസാക്കേണ്ടിയിരുന്ന ബില്ലായിരുന്നുവെങ്കിലും, പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒരു ദിവസം മുമ്പുതന്നെ സുപ്രധാനമായ ബില്ലുകൾ ചർച്ചയ്ക്ക് വരുകയും നിയമസഭ പിരിയുകയും ചെയ്തു. അതിൽ നിന്നെല്ലാം പ്രതിപക്ഷം വിട്ടുനിന്നു. അതേസമയം, പ്രതിപക്ഷനിരയിലെ അംഗങ്ങളിൽ നിന്ന് ലഭിച്ച ഭേദഗതി നിർദ്ദേശങ്ങളും പരിഗണിച്ചു കൂടിയാണ് നിയമമന്ത്രി പി. രാജീവ് ബില്ലവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ലഭിച്ചിരുന്ന ഭേദഗതി നിർദ്ദേശങ്ങളിൽ, അനിവാര്യമെന്ന് തോന്നിയ നിർദ്ദേശങ്ങൾ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അങ്ങനെ കേരള നിയമസഭയിൽ അന്ന് പങ്കെടുത്ത അംഗങ്ങളുടെ അംഗീകാരത്തോടുകൂടി ബില്ല് പാസായി.

പ്രതിപക്ഷനിരയിലെ അംഗങ്ങളിൽ നിന്ന് ലഭിച്ച ഭേദഗതി നിർദ്ദേശങ്ങളും പരിഗണിച്ചു കൂടിയാണ് നിയമമന്ത്രി പി. രാജീവ് മലയാള ഭാഷാ ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ലഭിച്ചിരുന്ന ഭേദഗതി നിർദ്ദേശങ്ങളിൽ, അനിവാര്യമെന്ന് തോന്നിയ നിർദ്ദേശങ്ങൾ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷനിരയിലെ അംഗങ്ങളിൽ നിന്ന് ലഭിച്ച ഭേദഗതി നിർദ്ദേശങ്ങളും പരിഗണിച്ചു കൂടിയാണ് നിയമമന്ത്രി പി. രാജീവ് മലയാള ഭാഷാ ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ലഭിച്ചിരുന്ന ഭേദഗതി നിർദ്ദേശങ്ങളിൽ, അനിവാര്യമെന്ന് തോന്നിയ നിർദ്ദേശങ്ങൾ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്തുകൊണ്ടാണ് 2015- ലെ ബില്ല് തള്ളിയതെന്ന ഔദ്യോഗികമായ പ്രതികരണം കേരളത്തിന് ലഭിച്ചില്ലെങ്കിലും, നിരന്തര ചർച്ചകളിലൂടെയും ഇടപെടലുകളിലൂടെയും മനസ്സിലായ വിഷയങ്ങളെ കൃത്യമായി പരിശോധിച്ചാണ് 2025- ലെ മലയാളഭാഷാ ബിൽ തയ്യാറാക്കിയിട്ടുള്ളത്. അതായത്, തികച്ചും വ്യത്യസ്തമായ പുതിയ ബില്ലാണിത്. ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രതിനിധികൾ കൃത്യമായ ചർച്ചകളോടെ ബില്ല് പാസാക്കേണ്ടതുണ്ടെന്ന തിരിച്ചറിവോടെ പ്രതിപക്ഷ നേതാവിനെയടക്കം കണ്ട് മലയാളത്തിനായുള്ള നിയമനിർമാണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നതാണ്. മലയാളത്തിനായുള്ള നിയമനിർമ്മാണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച്, ഐക്യമലയാളപ്രസ്ഥാനം വർണറെയും സമീപിച്ചിരുന്നു. നിയമസഭയുടെ വിശദ പരിശോധനകൾക്കുശേഷം, ഗവർണർക്കയച്ച ബില്ല തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടി പരിഗണിച്ചിരുന്നില്ല.

പ്രതിഷേധവുമായി കർണാടക

ഇതിനിടെയാണ് ബില്ലിനെതിരെ കർണാടക സർക്കാർ രംഗത്തെത്തിയത്. 2026 ജനുവരി 7ന് കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി പ്രതിനിധികൾ ഗവർണറെ കണ്ട്, ബില്ല് കാസർഗോഡ് ജില്ലയിലെ കന്നട ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നും, ബില്ലിന് അംഗീകാരം നൽകരുതെന്നും ആവശ്യപ്പെട്ടു. കന്നട ന്യൂനപക്ഷങ്ങളുടെ ജനാധിപത്യവകാശം ഇല്ലാതാക്കുന്ന നിയമനിർമ്മാണമാണ് കേരളം നടത്തുന്നതെന്നാരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. ഭരണഘടനാമൂല്യങ്ങൾക്കും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും എതിരായതിനാൽ, ബില്ലിൽ നിന്ന് കേരളം പിന്മാറണം എന്നാണ് കർണാടക സർക്കാറിന്റെ ആവശ്യം.

എന്നാൽ, സിദ്ധരാമയ്യ പിണറായി വിജയന് അയച്ച കത്തും സിദ്ധരാമയ്യയുടെ ഫേസ്ബുക്ക് പ്രതികരണങ്ങളും വസ്തുതകൾ മനസ്സിലാക്കാതെയാണ് എന്നത് വ്യക്തമാണ്. 2025-ലെ മലയാള ഭാഷാ ബില്ല് കർണാടക മുഖ്യമന്ത്രി വായിച്ചിട്ടില്ല എന്നു വ്യക്തം. വായിച്ചിരുന്നുവെങ്കിൽ, ഭരണഘടനാ മൂല്യങ്ങൾക്കും ഭാഷാ ജനാധിപത്യത്തിനും ന്യൂനപക്ഷ ഭാഷകളുടെ താല്പര്യങ്ങൾക്കും കേരളം എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്ന് വ്യക്തമാകുമായിരുന്നു.

രാഷ്ട്രപതി അനുമതി നിഷേധിച്ച സാഹചര്യത്തിൽ തന്നെ, മലയാളഭാഷാ ബില്ല് പുതിയതായി അവതരിപ്പിക്കുമെന്ന് കേരള സർക്കാർ നിലപാടെടുത്തതാണ്. ആ ഘട്ടത്തിലോ, നിയമസഭയിൽ ഈ ബില്ല് അവതരിപ്പിക്കപ്പെട്ടപ്പോഴോ, പാസായപ്പോഴോ, ഗവർണർക്ക് സമർപ്പിച്ചപ്പോഴോ കന്നട ന്യൂനപക്ഷങ്ങളുടെ ഭാഷാസംരക്ഷണം ഉയർത്തി കന്നട സംഘടനകളോ, കർണാടക മുഖ്യമന്ത്രിയോ കേരള സർക്കാരിനെ സമീപിച്ചിട്ടില്ല. ബില്ല് നിയമസഭ പാസാക്കി മൂന്നുമാസമാകുമ്പോഴാണ് പെട്ടെന്ന് കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി എന്ന സംഘടന വരുന്നത്. പുറകെ, കർണാടക മുഖ്യമന്ത്രിയും മന്ത്രിമാരും അതേറ്റു പിടിച്ചു. ബുൾഡോസർ രാജിൽ പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ദേശീയതലത്തിൽ കേരളത്തെ ജനാധിപത്യവിരുദ്ധമായി മുദ്ര കുത്താനുള്ള രാഷ്ട്രീയ നാടകമായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. ഭാഷാസമൂഹങ്ങൾ ഐക്യത്തോടെ ജീവിക്കുന്ന കേരളത്തെ ദേശീയതലത്തിൽ ജനാധിപത്യവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം എത്രത്തോളം നീതീകരിക്കപ്പെടുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

കാസർകോട്ടെ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി, ബിൽ പിൻവലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പിണറായി വിജയന് അയച്ച കത്ത്.
കാസർകോട്ടെ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി, ബിൽ പിൻവലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പിണറായി വിജയന് അയച്ച കത്ത്.

ഭാഷാവിരുദ്ധ
സംവിധാനങ്ങൾ,
പോരാട്ടങ്ങൾ

കേരളത്തിലെ 97% ത്തോളം ജനങ്ങളുടെയും മാതൃഭാഷ മലയാളമാണ്. കന്നടയും തമിഴുമാണ് ഔദ്യോഗിക ന്യൂനപക്ഷ ഭാഷകൾ. തുളു, കൊങ്കിണി ഉൾപ്പെടെയുള്ള ധാരാളം ഭാഷകൾ, ഗോത്രഭാഷകൾ എന്നിവ മൂന്ന് ശതമാനത്തിൽ ഉൾപ്പെടുന്നു.

97% ജനങ്ങളുടെയും മാതൃഭാഷയായ മലയാളത്തിനായി കൃത്യമായ നിയമനിർമ്മാണം നടത്താൻ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല. 69 വയസ്സും രണ്ടുമാസവും പൂർത്തിയായ, ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട സംസ്ഥാനത്ത്, മലയാളത്തിനായി കൃത്യമായ നിയമനിർമ്മാണം നടന്നിട്ടില്ല എന്നത് കയ്പേറിയ യാഥാർത്ഥ്യമാണ്.

എല്ലാ മേഖലകളിലും മലയാളം കടുത്ത അവഗണനയാണ് നേരിടുന്നത്. കേരള സർക്കാരിന്റെ ഭരണഭാഷാ ഉത്തരവുകൾ പാലിക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറല്ല. പല സർക്കാർ സ്കൂളുകളിലും മാതൃഭാഷാ പഠനം ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. ഇതിൽ നടപടി സ്വീകരിക്കേണ്ട പൊതുവിദ്യാഭ്യാസ ഡയറക്ടറും സംവിധാനങ്ങളും ഉറക്കം നടിക്കുകയാണ്.

2017- ലെ മലയാളഭാഷ പഠന ആക്ട് സർക്കാരിന്റെ പുരാവസ്തു ശേഖരത്തിൽ / അക്ഷരം മ്യൂസിയത്തിൽ പ്രദർശിപ്പിക്കേണ്ട സാഹചര്യമാണ്. അറിയാതെ പോലും ആ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് പോകാറില്ല. (വ്യക്തിപരമായും മലയാള ഐക്യവേദിയും ഐക്യ മലയാളപ്രസ്ഥാനവും എത്രയോ തവണ ഈ വിഷയത്തിൽ സർക്കാരിനെ സമീപിച്ചിരിക്കുന്നു, എന്നിട്ടും അനങ്ങില്ല) ഇത്തവണ പേരിനൊരു പരിശോധനയ്ക്ക് ഉത്തരവിടുകയും, മറുഭാഗത്തുകൂടി മാതൃഭാഷാവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തുന്ന ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു.

ഉന്നതവിദ്യാഭ്യാസരംഗത്ത് മലയാളം പടിക്കുപുറത്താണ്. വ്യക്തിപരമായും മലയാള ഐക്യവേദിയുടെ ഭാഗമായും തുടർച്ചയായി സെക്രട്ടറിയേറ്റ് കയറിയിറങ്ങി, തർക്കിച്ച്, കത്തുകൾ നൽകി, ജനാധിപത്യവിരുദ്ധത ചൂണ്ടിക്കാണിച്ചത്തിന്റെ ഭാഗമായി, കേരളത്തിലെ ഭാഷാവിഷയങ്ങൾ ഒഴികെയുള്ള ബിരുദ- ബിരുദാനന്തര ബിരുദ പരീക്ഷകൾ മലയാളത്തിലെഴുതാൻ വിദ്യാർഥികൾക്ക് അനുവാദം നൽകാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് പൊതുനിർദ്ദേശം നൽകി. ഈ നിർദ്ദേശം ഇറക്കിയതുപോലും 2025 നവംബറിലാണ്. ഇതിൽ ഇടപെടാൻ പറ്റിയതിലും, അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള വാതിൽ തുറക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്.

സിദ്ധരാമയ്യ പിണറായി വിജയന് അയച്ച കത്തും സിദ്ധരാമയ്യയുടെ ഫേസ്ബുക്ക് പ്രതികരണങ്ങളും വസ്തുതകൾ മനസ്സിലാക്കാതെയാണ് എന്നത് വ്യക്തമാണ്. 2025-ലെ മലയാള ഭാഷാ ബില്ല് കർണാടക മുഖ്യമന്ത്രി വായിച്ചിട്ടില്ല എന്നു വ്യക്തം.

ഉന്നത വിദ്യാഭ്യാസ മേഖല മലയാളത്തോട് കടുത്ത എതിർപ്പുള്ള കൂട്ടത്തിലാണ്. നിയമരംഗവും ഇംഗ്ലീഷിനോടാണ് ചേർന്നുനിൽക്കുന്നത്. ഉന്നതവിദ്യാഭ്യാസ പഠനമാധ്യമവും, പ്രത്യേകിച്ച് നിയമപരീക്ഷകൾ, മലയാളമാധ്യമത്തിലും അനുവദിക്കാൻ പി.ജിക്കാലം മുതൽ സെക്രട്ടറിയേറ്റ് കയറിയിറങ്ങുകയാണ്. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അവകാശം ലഭിക്കുന്നതിന് ഒരു സംവിധാനത്തോട് പോരാടുകയാണ്. അതുകൊണ്ടുതന്നെ സർക്കാർ ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഭാഷാവിരുദ്ധത എന്താണെന്ന് പല ഘട്ടങ്ങളിലും ബോധ്യപ്പെട്ടിട്ടുണ്ട്..

എല്ലാ രംഗങ്ങളിൽ നിന്നും മലയാളത്തെ കുടിയിറക്കാനുള്ള ആരുടെയൊക്കെയോ നീക്കങ്ങൾ വലിയതോതിൽ വിജയിച്ചിട്ടുണ്ട്. കേരള ജനസംഖ്യയുടെ 97 ശതമാനത്തിന്റെയും മാതൃഭാഷ മലയാളമാണ്. 84 ശതമാനത്തിനും അറിയാവുന്നതും മലയാളമാണ്. എല്ലാ രംഗങ്ങളിൽ നിന്നുമുള്ള മലയാളത്തിന്റെ ഒഴിവാക്കൽ നീതിക്കും ജനാധിപത്യത്തിനും ഭരണസുതാര്യതയ്ക്കും അഴിമതിരഹിത ഭരണത്തിനും വെല്ലുവിളിയാണ്. നിയമനിർമ്മാണം പോലും വേണ്ടിവരുന്നത് മലയാളത്തെ അവഗണനയുടെ പടുകുഴിയിൽ നിന്ന് കരകയറ്റാനാണ്, ഭരണത്തിന്റെ ജനാധിപത്യ സുതാര്യത ഉറപ്പാക്കാനാണ്..

ഭാഷാസമൂഹങ്ങൾ  ഐക്യത്തോടെ ജീവിക്കുന്ന കേരളത്തെ ദേശീയതലത്തിൽ ജനാധിപത്യവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം കർണാടകയുടെ നീക്കത്തിനു പുറകിലുണ്ടെന്ന് വിമർശനമുയർന്നിട്ടുണ്ട്.
ഭാഷാസമൂഹങ്ങൾ ഐക്യത്തോടെ ജീവിക്കുന്ന കേരളത്തെ ദേശീയതലത്തിൽ ജനാധിപത്യവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം കർണാടകയുടെ നീക്കത്തിനു പുറകിലുണ്ടെന്ന് വിമർശനമുയർന്നിട്ടുണ്ട്.

എല്ലാ കേരളപ്പിറവി ദിനത്തിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന ഭരണഭാഷാ വാരാഘോഷത്തിലും മാത്രം ഒതുങ്ങിനിൽക്കുന്നതാണ് മലയാളികളുടെ, പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ മാതൃഭാഷാബോധവും മലയാളസ്നേഹവും. ബാക്കി സമയത്ത് കടുത്ത അവഗണനയാണ് മലയാളം നേരിടുന്നതെന്ന് സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചിട്ടുള്ള ഇടപെടലുകളിലൂടെയും മലയാള ഐക്യവേദിയുടെയും ഐക്യമലയാള പ്രസ്ഥാനത്തിന്റെയും ഒപ്പമുള്ള യാത്രകളിലൂടെയും നേരിട്ട് മനസ്സിലായതാണ്.

കർണാടകയും തമിഴ്നാടും മറ്റ് പല സംസ്ഥാനങ്ങളും ഭരണ- വിദ്യാഭ്യാസ രംഗങ്ങളിലും മറ്റും അവരുടെ ഭാഷ അടയാളപ്പെടുത്താൻ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കേരളത്തിൽ അത്തരം ഇടപെടലുകളും സമഗ്ര നിയമനിർമ്മാണവും ഉണ്ടായിട്ടില്ല. മലയാളം മലയാളികളുടെ മാതൃഭാഷയാണെന്ന് പറയുമ്പോഴും, ആത്മാഭിമാനത്തിന്റെയും സാമൂഹിക ബോധത്തിന്റെയും, കൂട്ടായ്മയുടെയും ഭാഷയായി മലയാളം അടയാളപ്പെടുത്തപ്പെടുമ്പോഴും പദവിപരമായി ദയനീയ സാഹചര്യത്തിലൂടെയാണ് മലയാളം കടന്നുപോകുന്നത്. മലയാളഭാഷയുടെ പരിമിതി അല്ല ഇത്, മലയാളികളുടെ കാഴ്ചപ്പാടിന്റെയോ കാഴ്ചപ്പാട് ഇല്ലായ്മയുടെയോ സർക്കാരുകൾക്ക് കൃത്യമായ ഭാഷാനയം ഇല്ലാത്തതിന്റെയോ പരിമിതിയാണ്.

മലയാളത്തോടുള്ള മലയാളികളുടെ മനോഭാവവും, സാമൂഹിക സമ്മർദ്ദങ്ങളുടെ കുറവും കൃത്യമായ ഭാഷാനയം രൂപപ്പെടുത്താൻ സർക്കാരുകൾ ശ്രമിക്കാത്തതിന്റെ കാരണങ്ങളിൽ ഒന്നായി മനസ്സിലാക്കുന്നു. ഉത്തരവാദിത്വമുള്ള സർക്കാരുകൾ അതിന് ശ്രമിച്ചതുമില്ല. പിഎസ്‌സി പരീക്ഷയിൽ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും പരീക്ഷ എഴുതാൻ അവസരം ലഭിച്ചതുപോലും ഐക്യമലയാള പ്രസ്ഥാനം 19 ദിവസം നിരാഹാരം കിടന്നിട്ടാണ്. മാതൃഭാഷയുമായി ബന്ധപ്പെട്ട പല സർക്കാർ ഇടപെടലുകളും (എല്ലാകാലത്തും) സമരങ്ങളിലൂടെയും നിരന്തര നടത്തങ്ങളിലൂടെയുമാണ് വന്നിട്ടുള്ളത്.

ഐക്യമലയാള പ്രസ്ഥാനം ജൂലൈ 12ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മലയാളഭാഷാ ബിൽ കൺവെൻഷൻ മന്ത്രി വി. ശിവൻകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു.
ഐക്യമലയാള പ്രസ്ഥാനം ജൂലൈ 12ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മലയാളഭാഷാ ബിൽ കൺവെൻഷൻ മന്ത്രി വി. ശിവൻകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു.

സർക്കാർ വിമുഖതയുടെ ചരിത്രം

1957 ഏപ്രിൽ അഞ്ചിന് അധികാരമേറ്റ ഇ.എം.എസ് സർക്കാരിന്റെ നയം വിശദമാക്കിയുള്ള പ്രസ്താവന അന്നു വൈകുന്നേരം പുറത്തിറക്കി: “സ്റ്റേറ്റ് നിയമസഭയുടെയും സെക്രട്ടറിയേറ്റിന്റെയും നടപടികളടക്കമുള്ള ഭരണകാര്യങ്ങളും സർവകലാശാലയടക്കമുള്ള വിദ്യാഭ്യാസവും മലയാളഭാഷയിലാക്കുക എന്നതാണ് സർക്കാർ നയം."

ആദ്യ കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഒല്ലൂരിൽ നിന്നുള്ള നിയമസഭാ സാമാജികൻ പി.ആർ. ഫ്രാൻസിസിന്റെ ചോദ്യത്തിന് “കഴിയുന്നത്ര വേഗത്തിൽ ഔദ്യോഗിക നടപടികൾ മുഴുവൻ മലയാളത്തിലാക്കുക എന്നതാണ് ഗവൺമെന്റിന്റെ നയം. സാങ്കേതികമോ മറ്റോ ആയ കാരണങ്ങളാൽ ഇതിന് ഇന്നുള്ള തടസ്സങ്ങൾ നീക്കുന്നതിനെ സംബന്ധിച്ച് ഗവൺമെന്റ് പര്യാലോചിച്ചുകൊണ്ടിരിക്കുകയാണ്" എന്ന മറുപടിയാണ് മുഖ്യമന്ത്രി ഇ.എംഎസ് നൽകിയത്.

കേരളത്തിന്റെ ഔദ്യോഗികഭാഷ മലയാളമാക്കുന്നതിനായി കോമാട്ടിൽ അച്യുതമേനോൻ അധ്യക്ഷനായ കമ്മറ്റിയെ സർക്കാർ നിയോഗിച്ചു. 1958 ഓഗസ്റ്റ് 16ന് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: 'ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണം, ഏതു വിഷയം അധികരിച്ചുള്ളതായാലും, ജനങ്ങളുടെ ഭാഷയിൽത്തന്നെ വേണമെന്നുള്ളത് നിർവിവാദമായ സംഗതിയാണ്'.

1969 ജനുവരി 10 ന് നിലവിൽവന്ന കേരള ഔദ്യോഗികഭാഷ (നിയമനിർമ്മാണം) ആക്ടിൽ മലയാളവും ഇംഗ്ലീഷും ഭരണഭാഷയായി പറഞ്ഞെങ്കിലും, മലയാളം വീണ്ടും തഴയപ്പെടുകയും ഭരണരംഗത്ത് കൂടുതലായി ഇംഗ്ലീഷ് ഉപയോഗിക്കപ്പെടുകയും ചെയ്തു.

1960- ൽ ഇംഗ്ലീഷ്- മലയാളം ഭരണശബ്ദകോശം പ്രസിദ്ധീകരിച്ചത് ഒഴിച്ചാൽ, ഭരണഭാഷ മലയാളമാക്കുന്നതിനുള്ള തുടർനടപടികളൊന്നും ഈ റിപ്പോർട്ടിന്മേലുണ്ടായില്ല. ഇക്കാര്യം നിയമസഭയിൽ പല ഘട്ടങ്ങളിലും ചോദ്യങ്ങളായി ഉന്നയിക്കപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഭരണഭാഷ മലയാളമാക്കുന്നതിന് ആദ്യമുണ്ടായ ഊർജ്ജമൊന്നും പിന്നീട് സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായില്ല.

സാധാരണക്കാർ നിത്യേന ഇടപെടുന്ന ഓഫീസുകളിൽ ഔദ്യോഗികഭാഷ മലയാളമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ എന്ന 1963 മാർച്ച് 20ലെ പി. ആർ ഫ്രാൻസിസിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി ആർ. ശങ്കർ നൽകിയ മറുപടി, ‘1958 ലെ ഔദ്യോഗികഭാഷാ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചു കഴിഞ്ഞിട്ടില്ല’ എന്നായിരുന്നു. 1958-ൽ സമർപ്പിച്ച റിപ്പോർട്ട് 1963 മാർച്ചിലും പരിശോധിച്ചിട്ടില്ല എന്ന മറുപടി ഭരണഭാഷയോടുള്ള സർക്കാരുകളുടെ വിമുഖതയാണ് കാണിക്കുന്നത്. ഭരണരംഗത്ത് ഉപയോഗിക്കേണ്ട പദങ്ങളെ സംബന്ധിച്ച് അടിസ്ഥാനപരമായ തീരുമാനമെടുക്കാൻ കഴിയാത്തതുകൊണ്ടാണ് ആദ്യഘട്ടത്തിൽ ഭരണഭാഷ മലയാളമാക്കേണ്ട വകുപ്പുകളിൽ പോലും അത് നടപ്പിലാക്കാൻ കഴിയാത്തതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഭരണഘടനയുടെ 345-ാം അനുച്ഛേദം, ഒരു സംസ്ഥാനത്ത് ഉപയോഗത്തിലുള്ള ഒരു ഭാഷയോ ഒന്നിലധികം ഭാഷകളോ ഹിന്ദിയോ ആ സംസ്ഥാനത്തെ ഔദ്യോഗികാവശ്യങ്ങൾക്ക് പൂർണ്ണമായോ ഭാഗികമായോ ഉപയോഗിക്കുന്നതിന് നിയമനിർമ്മാണം നടത്താൻ നിയമസഭയ്ക്ക് അധികാരം നൽകിയിട്ടുണ്ട്. കേരളത്തിലെ ഭരണഭാഷാ നടപടികൾക്ക് നിയമത്തിന്റെ പിൻബലം നൽകുന്നതിന് 1968 നവംബർ 15ന് മുഖ്യമന്ത്രി ഇ എം എസ് നിയമസഭയിൽ കേരള ഔദ്യോഗികഭാഷ (നിയമനിർമ്മാണം) ബില്ല് അവതരിപ്പിച്ചു.

കർണാടകത്തിന്റെ എതിർപ്പിനെ രാഷ്ട്രീയപ്രേരിതം എന്നാണ് കേരളം വിശേഷിപ്പിക്കുന്നത്. ബില്ല് ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.
കർണാടകത്തിന്റെ എതിർപ്പിനെ രാഷ്ട്രീയപ്രേരിതം എന്നാണ് കേരളം വിശേഷിപ്പിക്കുന്നത്. ബില്ല് ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.

1969 ജനുവരി 10നാണ് കേരള ഔദ്യോഗികഭാഷ (നിയമനിർമ്മാണം) ആക്ട് നിലവിൽ വരുന്നത്. മലയാളത്തെ സംബന്ധിച്ച നിയമനിർമ്മാണത്തിനുള്ള അധികാരം നിയമസഭയ്ക്ക് നൽകുന്നതാണ് പ്രസ്തുത ആക്ട്. കേരളത്തിന്റെ ഭരണഭാഷ 'ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം' എന്ന രീതിയിൽ ഉപയോഗിക്കാമെന്നാണ് ഇതിൽ പറയുന്നത്. മലയാളമോ ഇംഗ്ലീഷോ എന്നുള്ളത് ദുരുപയോഗം ചെയ്യപ്പെട്ടു. മലയാളത്തിന് പകരം ഇംഗ്ലീഷ് ഉപയോഗിക്കപ്പെട്ടു. 1973-ൽ ആക്ടിൽ ഭേദഗതി വന്നു. നിയമത്തിന്റെ പേര് 'കേരള ഔദ്യോഗികഭാഷകൾ ആക്ട്- 1969' എന്നാക്കി. ഭരണഘടനയുടെ 346, 347 വകുപ്പുകളിലെ വ്യവസ്ഥകൾക്ക് വിധേയമായി മലയാളം, ഇംഗ്ലീഷ് എന്നിവ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായിരിക്കും എന്ന മാറ്റം വന്നു. "ഭാഷാന്യൂനപക്ഷങ്ങളെ സംബന്ധിച്ച വ്യവസ്ഥകൾ" ഉൾപ്പെടുത്തി.

''കേരളത്തിലെ തമിഴ്, കന്നട ഭാഷാന്യൂനപക്ഷങ്ങൾക്ക് സെക്രട്ടറിയേറ്റിൽ ഗവൺമെന്റുമായും വകുപ്പധ്യക്ഷന്മാരുമായും, ഭാഷാന്യൂനപക്ഷ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള എല്ലാ പ്രാദേശിക ഓഫീസുകളുമായുള്ള കത്തിപാടുകളിൽ അവരുടെ ഭാഷ ഉപയോഗിക്കാവുന്നതാണെന്നും മറുപടി അതത് ഭാഷയിൽ ആയിരിക്കണമെന്നും’’ വ്യവസ്ഥ ചെയ്യുന്നു. തമിഴും കന്നടയും അല്ലാത്ത സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷക്കാർ സംസ്ഥാന ഗവൺമെന്റ് ഓഫീസുകളുമായി കത്തിടപാടുകൾ നടത്തുന്നതിന് ഇംഗ്ലീഷ് ഉപയോഗിക്കാം, അവർക്ക് അയക്കുന്ന മറുപടികൾ ഇംഗ്ലീഷിൽ ആയിരിക്കേണ്ടതാണ് എന്നും പറയുന്നു.

നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകൾ, ഭേദഗതികൾ, നിയമസഭ പാസാക്കുന്ന ആക്റ്റുകൾ, ഭരണഘടനയുടെ 213-ാം വകുപ്പ് പ്രകാരം ഗവർണർ വിളംബരപ്പെടുത്തുന്ന ഓർഡിനൻസുകൾ, ഭരണഘടന പ്രകാരമോ പാർലമെന്റോ അഥവാ നിയമസഭയോ ഉണ്ടാക്കിയ ഏതെങ്കിലും നിയമപ്രകാരമോ ഗവൺമെന്റ് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, ചട്ടങ്ങൾ, റെഗുലേഷനുകൾ, ഉപനിയമങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കേണ്ട ഭാഷ 'മലയാളമോ ഇംഗ്ലീഷോ' ആയിരിക്കേണ്ടതാണ് എന്നും ഈ നിയമത്തിൽ പറയുന്നു.

മലയാളവും ഇംഗ്ലീഷും ഭരണഭാഷയായി പറഞ്ഞെങ്കിലും, മലയാളം വീണ്ടും തഴയപ്പെടുകയും ഭരണരംഗത്ത് കൂടുതലായി ഇംഗ്ലീഷ് ഉപയോഗിക്കപ്പെടുകയും ചെയ്തു.

കേരള സർക്കാർ 1973 മെയ് 11ന് ഇറക്കിയ വിജ്ഞാപനത്തിൽ ഇങ്ങനെ പറയുന്നു:

എസ്.ആർ.ഒ. നമ്പർ 289/73.- 1969- ലെ കേരള ഔദ്യോഗികഭാഷാ നിയമത്തിലെ (1969ലെ ആക്‌ട് 7) സെക്ഷൻ 1ബിയും 1908- ലെ സിവിൽ പ്രൊസീജ്യർ കോഡിന്റെ (1908- ലെ സെൻട്രൽ ആക്‌ട് 5) സെക്ഷൻ 137-ലെ ഉപവകുപ്പ് (2) ഉം പ്രകാരം നൽകിയ അധികാരങ്ങൾ വിനിയോഗിച്ച്, ഹൈക്കോടതിക്ക് കീഴിലുള്ള സിവിൽ കോടതികൾക്കും അത്തരം കോടതികളിൽ വിധിന്യായങ്ങളും മറ്റ് നടപടിക്രമങ്ങളും എഴുതുന്നതിന് ഇംഗ്ലീഷോ മലയാളമോ ഉപയോഗിക്കാം. എസ്.ആർ. ഒ. നമ്പർ 290/73 പ്രകാരം, 1969-ലെ കേരള ഔദ്യോഗികഭാഷാ നിയമത്തിലെ (1969ലെ ആക്റ്റ് 7) സെക്ഷൻ 1ബിയും 1898- ലെ ക്രിമിനൽ നടപടിക്രമനിയമത്തിലെ (1898-ലെ സെൻട്രൽ ആക്‌ട് 5) സെക്ഷൻ 558 യും നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്, ഹൈക്കോടതിക്ക് കീഴിലുള്ള ക്രിമിനൽ കോടതികൾക്ക് അത്തരം കോടതികളിൽ വിധിന്യായങ്ങളും മറ്റ് നടപടിക്രമങ്ങളും എഴുതുന്നതിന് ഇംഗ്ലീഷോ മലയാളമോ ഉപയോഗിക്കാം.
തുടക്കത്തിൽ ചില സിവിൽ കോടതികളും ക്രിമിനൽ കോടതികളും മലയാളത്തിൽ വിധിന്യായങ്ങൾ തയ്യാറാക്കിയെങ്കിലും അതും പിന്നീട് ഇംഗ്ലീഷിലേക്ക് മാറി.

1977- ൽ പുതുശ്ശേരി രാമചന്ദ്രന്റെ (മലയാള ഐക്യവേദിയുടെ ആദ്യ പ്രസിഡന്റ് കൂടിയാണ്.) നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ലോക മലയാള സമ്മേളനത്തിൽ മുഖ്യമന്ത്രി എ.കെ ആന്റണി, അഞ്ചുവർഷം കൊണ്ട് ഔദ്യോഗികഭാഷ പൂർണമായും മലയാളമാക്കുമെന്ന് പ്രഖ്യാപിച്ചു. 1978- ൽ ഭാഷയെ സംബന്ധിച്ച അഞ്ചുവർഷ പരിപാടി സർക്കാർ തലത്തിലുണ്ടായി. ഓരോ വർഷവും എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് ചിട്ടപ്പെടുത്തുകയും ജില്ലകളുടെ ഏകോപന ചുമതല ഓരോ വകുപ്പ് മന്ത്രിമാർക്ക് നൽകുകയും ചെയ്തു. സർക്കാർതലത്തിൽ മാത്രമുള്ള, ഇടപെടലായി ഒതുക്കാതെ ജനകീയ പിന്തുണ ഉറപ്പിക്കുന്നതിനാണ് ഭാഷയ്ക്കായി പ്രവർത്തിക്കുന്ന അനൗദ്യോഗിക സംഘടനകളെ കൂടി പ്രവർത്തനങ്ങളിൽ ഭാഗമാക്കണമെന്ന ഇതിലെ നിർദ്ദേശം പോലും.

പ്രായോഗിക പ്രവർത്തന മാതൃകയായിരുന്നുവെങ്കിലും, ഉദ്യോഗസ്ഥ തലത്തിലെ നിസ്സഹകരണവും, സർക്കാർതലത്തിലെ മേൽനോട്ടക്കുറവും ഇതിനെ പൂർണ്ണമായ വിജയത്തിലേക്ക് നയിച്ചില്ല.1978-ൽ കാന്തലോട്ടു കുഞ്ഞമ്പു വനോൽപന്നം (വിൽപ്പന വില നിജപ്പെടുത്തൽ) ബില്ല് മലയാളത്തിൽ അവതരിപ്പിച്ചു. ഉദ്യോഗസ്ഥർ നൽകുന്ന ഫയലുകൾ എന്താണെന്ന് പോലും മനസ്സിലാവാതെയാണ് ഒപ്പിട്ടിരുന്നതെന്നും, അത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തോപ്പിൽ രവി പ്രസംഗം അവസാനിപ്പിക്കുന്ന സമയത്ത് നിയമസഭാ ഗ്യാലറിയിൽ നിന്ന് സോഷ്യലിസ്റ്റ് കേരള കോൺഗ്രസ് പ്രവർത്തകർ ഭരണഭാഷ മലയാളമാക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖകൾ വിതരണം ചെയ്തു, മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചു.

നിയമസഭയിൽ പ്രതിഷേധം,
നമ്പാടന്റെ കത്തിക്കൽ

സോഷ്യലിസ്റ്റ് കേരള കോൺഗ്രസ് അല്ലാതെ മറ്റേതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി കേരളത്തിന്റെ ചരിത്രത്തിൽ ഭരണഭാഷ മലയാളമാക്കുന്നതിനായി സമരം ചെയ്തതായി അറിവില്ല. നിയമസഭാ സാമാജികനായ ലോനപ്പൻ നമ്പാടനായിരുന്നു ഇതിന്റെ ചെയർപേഴ്സൺ. ഭരണഭാഷ മലയാളമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കേരളത്തിന്റെ ഭരണഭാഷാചരിത്രം പരിശോധിക്കുമ്പോൾ, ഭരണഭാഷയ്ക്കായുള്ള വ്യക്തിഗതമായതോ സർക്കാരിന്റെ ഭാഗത്തുള്ളതോ ആയ ഇടപെടലുകൾ മാറ്റിനിർത്തിയാൽ, സംഘടനാപരമായ ഇടപെടലുകൾ കാണാൻ സാധിക്കില്ല. അത് തിരുത്തുന്നത് സോഷ്യലിസ്റ്റ് കേരള കോൺഗ്രസാണ്, അവരുടെ യുവജന വിഭാഗമായ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫ്രണ്ടാണ്. കേന്ദ്ര- സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ഇംഗ്ലീഷ് ബോർഡുകൾ ടാർ ഉപയോഗിച്ച് വികൃതമാക്കുന്ന പ്രതിഷേധമാണ് അവർ സംഘടിപ്പിച്ചത്.

1983 മാർച്ച് 3ന് നിയമസഭാ ചരിത്രത്തിലെ തന്നെ ഒരു പ്രധാന സംഭവം അരങ്ങേറി. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തെക്കുറിച്ചുള്ള ചർച്ചാവേളയിൽ തോപ്പിൽ രവി രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്ന കൂട്ടത്തിൽ ഇപ്രകാരം പറയുന്നു: 'ആംഗലേയ ഭാഷയുടെ നിത്യകാമുകനായ സഖാവ് നായനാരും ഇംഗ്ലീഷ് ഭാഷ കാണുന്നിടത്തെല്ലാം ടാറും കലക്കി നടക്കുന്ന നമ്പാടൻ മാസ്റ്ററും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടല്ലോ. അതിനേക്കാൾ ഗുരുതരമായ ഒരഭിപ്രായവ്യത്യാസവും ഞങ്ങൾ തമ്മിലില്ലെന്ന് പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു’.
പരിഹാസത്തിന്റെ അടിത്തറ സോഷ്യലിസ്റ്റ് കേരള കോൺഗ്രസിന്റെ പ്രവർത്തനങ്ങളായിരുന്നു.

തോപ്പിൽ രവി പ്രസംഗം അവസാനിപ്പിക്കുന്ന സമയത്ത് നിയമസഭാ ഗ്യാലറിയിൽ നിന്ന് സോഷ്യലിസ്റ്റ് കേരള കോൺഗ്രസ് പ്രവർത്തകർ ഭരണഭാഷ മലയാളമാക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖകൾ വിതരണം ചെയ്തു, മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചു. പി. എൻ. നെടുവേലി, പി. പി. പൊന്നൻ, സോമൻ വേളാഞ്ചിറ, തോമസ് സി. ചിലമ്പിക്കുന്നൽ, കുമ്പളം സോളമൻ, ഹരികുമാർ തുടങ്ങിയ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. അതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു.

സഭാ നടപടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് ഗുരുതര അവകാശലംഘനമാണെന്നും അവർക്ക് മാർച്ച് 13-ന് വൈകുന്നേരം 5 മണി വരെ വെറും തടവു ശിക്ഷ നൽകണമെന്നും സ്പീക്കർ അധ്യക്ഷനായ യോഗത്തിൽ തീരുമാനമായി. പ്രതിപക്ഷ നേതാവ് ഇ.കെ. നായനാർ ഇടപെട്ടാണ് ശിക്ഷ പത്തു ദിവസമാക്കി കുറച്ചത്. ഇവരാണ് മലയാളം ഭരണഭാഷയാക്കുന്നതിനായി ആദ്യമായി ജയിൽവാസം അനുഭവിക്കുന്നത്.

ലോനപ്പൻ നമ്പാടൻ, രമേശ് ചെന്നിത്തല, സി. ജെ. ജനാർദ്ദനൻ എന്നിവരുടെ പാസുകൾ ഉപയോഗിച്ചാണ് ഇവർക്ക് നിയമസഭാ ഗ്യാലറിയിൽ പ്രവേശനം ലഭിച്ചത്. അതുകൊണ്ട് സ്പീക്കർ വക്കം പുരുഷോത്തമൻ ഭരണ- പ്രതിപക്ഷ ജനപ്രതിനിധികളെ യോഗത്തിൽ വിമർശിക്കുകയും ചെയ്തിരുന്നു. എം.എൽ.എമാരായ ഗോവിന്ദക്കുറുപ്പ്, നമ്പാടൻ എന്നിവർ പങ്കെടുത്ത പ്രതിഷേധയോഗത്തിലാണ് ഭരണഭാഷയ്ക്ക് വേണ്ടിയുള്ള നിയമസഭയിലെ പ്രതിഷേധത്തിനുള്ള തീരുമാനം ഉണ്ടാവുന്നത്.

മാവേലിക്കര കെ. എസ്.ആർ. ടി. സി ബസ് ബസ്റ്റാൻഡിൽ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന പി. പി. പൊന്നൻ ഇംഗ്ലീഷ് ബോർഡുകൾക്ക് ടാറടിക്കുന്ന വേളയിൽ പോലീസ് കൊണ്ടുപോവുകയും സാധാരണ നടപടിക്രമങ്ങൾക്കപ്പുറം കൂടുതൽ സമയം തടവിൽ വെയ്ക്കുകയും പൊന്നന്റെ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്തതിന് തെളിവില്ലാത്തതിനാൽ, അടുത്തദിവസം പുറത്തിറങ്ങാനായി.

1983 മാർച്ച് 11ന് നിയമസഭാ സമ്മേളനത്തിൽ ഇംഗ്ലീഷിൽ അച്ചടിച്ച ബില്ലാണ് ലോനപ്പൻ നമ്പാടൻ അടക്കമുള്ള ജനപ്രതിനിധികൾക്ക് ലഭിച്ചത്. ഭരണഭാഷയ്ക്കായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും ബില്ലുകൾ മലയാളത്തിലാവാത്തതിനാലും ലോനപ്പൻ നമ്പാടൻ ഇംഗ്ലീഷിലുള്ള ബില്ലുകൾ കത്തിച്ച് പ്രതിഷേധിച്ചു. സ്പീക്കർ വക്കം പുരുഷോത്തമൻ നിയമസഭ നിർത്തിവെച്ചു. നമ്പാടന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച നടന്നു. എല്ലാവരും ഇതിനെ അപലപിക്കുകയും ചെയ്തു. അങ്ങനെയാണ് മറ്റു നടപടികളില്ലാതെ പ്രശ്നം പരിഹരിക്കപ്പെട്ടത്.

ലോനപ്പൻ നമ്പാടന്റെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് കേരള കോൺഗ്രസ് അല്ലാതെ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടി കേരളത്തിന്റെ ചരിത്രത്തിൽ ഭരണഭാഷ മലയാളമാക്കുന്നതിനായി സമരം ചെയ്തതായി അറിവില്ല.
ലോനപ്പൻ നമ്പാടന്റെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് കേരള കോൺഗ്രസ് അല്ലാതെ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടി കേരളത്തിന്റെ ചരിത്രത്തിൽ ഭരണഭാഷ മലയാളമാക്കുന്നതിനായി സമരം ചെയ്തതായി അറിവില്ല.

സഞ്ചരിക്കുന്ന വിശ്വാസി എന്ന ആത്മകഥാപരമായ പുസ്തകത്തിൽ, 'മാതൃഭാഷയ്ക്കുവേണ്ടി ഒരു തീക്കളി' എന്ന അധ്യായത്തിൽ; ഇംഗ്ലീഷ് ഭാഷയോട് യാതൊരു വിരോധവുമില്ല എന്നും, മാതൃഭാഷയെ കൂടി പരിഗണിക്കണമെന്നതായിരുന്നു ആവശ്യമെന്നും നമ്പാടൻ പറഞ്ഞിട്ടുണ്ട്.

'മലയാളം മലയാളിക്ക്, സ്വന്തം മലയാളത്തിന് അംഗീകാരം വേണം' എന്ന മുദ്രാവാക്യം ഉയർത്തി 1983-ലെ തിരുവോണ സമയത്ത് മുഖ്യമന്ത്രി കെ. കരുണാകരന്റെ വസതിക്കു മുൻപിൽ പ്രതിഷേധിക്കുന്നുണ്ട്. ഭരണഭാഷ മലയാളമാക്കുന്നതിനായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സൈക്കിൾ റാലി സംഘടിപ്പിച്ചിരുന്നു. പിന്നീടുണ്ടായ സർക്കാരിന്റെ ഭാഷാ ഇടപെടലുകൾ, നിയമസഭയിൽ ബില്ലുകൾ മലയാളത്തിൽ അവതരിപ്പിക്കണമെന്ന റൂളിംഗ്, വി. എം. സുധീരന്റെ ഭാഷയെ സംബന്ധിച്ച എസ്റ്റിമേറ്റ് കമ്മിറ്റി റിപ്പോർട്ട് എന്നിവയെ ഇത്തരം പ്രതിഷേധങ്ങൾ സ്വാധീനിച്ചിരിക്കാം. എന്നാൽ, പിന്നീട് പാർട്ടി പിരിച്ചുവിടപ്പെടുന്ന സാഹചര്യത്തിൽ സോഷ്യലിസ്റ്റ് കേരള കോൺഗ്രസിന് ഭരണഭാഷയ്ക്കുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനായില്ല.

(അവസാനിക്കുന്നില്ല, തുടരും).

Comments