ഡോ. എ.കെ. അബ്​ദുൽ ഹക്കീം

പ്രതീക്ഷയ്ക്കും
ആശങ്കയ്ക്കുമിടയി​ലൊരു
അധ്യയനവർഷം

ഒരു ഭാഗത്ത് വളരെ പ്രതീക്ഷ നൽകുന്നതും വികസനോന്മുഖവുമായ ഒരു തലം സ്‌കൂൾ വിദ്യാഭ്യാസത്തിൽ സംഭവിക്കുമ്പോൾ തന്നെ, ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള ചില സംഭവങ്ങളും ഉണ്ടാകുന്നു. ഈയൊരവസ്ഥയിലാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്- ഡോ. എ.കെ. അബ്ദുൽ ഹക്കീം എഴുതുന്നു.


കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് ഭൗതിക മാറ്റങ്ങൾ അത്ഭുതകരവും അവിശ്വസ്‌നീയവുമായ രീതിയിൽ സാധ്യമായ ഒമ്പത് വർഷങ്ങൾക്കുശേഷം പുതിയൊരു അധ്യയന വർഷത്തിന് തുടക്കമാവുകയാണ്. സ്‌കൂളുകളെല്ലാം മെച്ചപ്പെട്ട സൗകര്യങ്ങളിലേക്ക് എത്തപ്പെട്ടിട്ടുണ്ട്. ഒരു പതിറ്റാണ്ടുമുമ്പ് നമുക്ക് സ്വപ്നം കാണാൻ കഴിയുമായിരുന്ന അവസ്ഥയുടെ എത്രയോ അപ്പുറത്തേക്ക് വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ട്. അതിഗംഭീരവും സൗകര്യപ്രദവുമായ കെട്ടിടങ്ങൾ, ലബോറട്ടറികൾ, ലൈബ്രറികൾ, കളിസ്ഥലങ്ങൾ, ഊട്ടുപുരകൾ തുടങ്ങി ഉയർന്ന തലത്തിലാണ് ഭൗതിക സൗകര്യങ്ങൾ.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലത്ത് അത് പരമാവധി ഉപയോഗിക്കാൻ കഴിയുംവിധം ക്ലാസ് മുറികൾ ഹൈ ടെക്കായി എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. സ്‌കൂളുകളിൽ ഇന്റർനെറ്റ് സൗകര്യങ്ങളുണ്ടായി, അതിനനുസരിച്ച് സ്‌കൂൾ സംവിധാനം മൊത്തത്തിൽ നവീകരിക്കപ്പെട്ടു. സ്‌കൂൾ ഭരണസംവിധാനതലത്തിൽ വന്ന മാറ്റങ്ങളിലൂടെ ഏറ്റവും നൂതനവും കാലോചിതവുമായ ടെക്‌നോ പെഡഗോഗി നടപ്പിലാക്കാവുന്ന തരത്തിലേക്ക് സ്‌കൂൾ സാഹചര്യം മാറിയിട്ടുണ്ട്.

സ്‌കൂളുകളെല്ലാം മെച്ചപ്പെട്ട സൗകര്യങ്ങളിലേക്ക് എത്തപ്പെട്ടിട്ടുണ്ട്. ഒരു പതിറ്റാണ്ടുമുമ്പ് നമുക്ക് സ്വപ്നം കാണാൻ കഴിയുമായിരുന്ന അവസ്ഥയുടെ എത്രയോ അപ്പുറത്തേക്ക് വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ട്.
സ്‌കൂളുകളെല്ലാം മെച്ചപ്പെട്ട സൗകര്യങ്ങളിലേക്ക് എത്തപ്പെട്ടിട്ടുണ്ട്. ഒരു പതിറ്റാണ്ടുമുമ്പ് നമുക്ക് സ്വപ്നം കാണാൻ കഴിയുമായിരുന്ന അവസ്ഥയുടെ എത്രയോ അപ്പുറത്തേക്ക് വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ട്.

കഴിഞ്ഞ 15 വർഷത്തിനിടെ സമ്പൂർണമായ പാഠ്യപദ്ധതി പരിഷ്‌കരണവും പാഠപുസ്തക മാറ്റവും സംഭവിച്ച വർഷമാണ് വരുന്നതെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. കഴിഞ്ഞ വർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെയും ഈ വർഷം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെയും പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും സമൂലമായി പരിഷ്‌കരിച്ചതോടെ പുതിയ കാലത്തിന് യോജിച്ച ഏറ്റവും നവീനമായ വൈജ്ഞാനികതലത്തെക്കൂടി ഉൾക്കൊള്ളുന്ന ബോധനതന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ സാധിക്കുന്ന തലത്തിലേക്കൊരു മാറ്റം സാധ്യമായിട്ടുണ്ട്. അത്തരത്തിൽ ഭൗതിക വളർച്ചയേയും സാങ്കേതിക വിദ്യയേയും വിദ്യാഭ്യാസത്തിലേക്ക് ഉൾച്ചേർത്തുകൊണ്ടാണ് ഈ അധ്യാനവർഷം ആരംഭിക്കുന്നത് എന്നത് ഏറെ പ്രതീക്ഷാനിർഭരമാണ്.

പ്രതീക്ഷിത ഗുണനിലവാരം ലഭിക്കാതെ പോയതിൽ നിന്നാണ് സമഗ്ര പഠനപദ്ധതി പ്രഖ്യാപിക്കപ്പെട്ടതെന്നും ഇത് പൊതുവിദ്യാഭ്യാസത്തിന്റെ പരാജയത്തിന്റെ തെളിവാണെന്നും ഈ പദ്ധതിയെ വിമർശിക്കുന്നവർ വ്യാഖ്യാനിക്കുന്നുണ്ട്.

സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ വർഷമായി ഈ വർഷത്തെ പ്രഖ്യാപിച്ചിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതുണ്ട്. 2025- 2026 അധ്യയന വർഷം സ്കൂളുകളിൽ സമഗ്ര വിദ്യാഭ്യാസ നേട്ടത്തിനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുക എന്നത് സർക്കാർ നയമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പതുവർഷം മുമ്പ് പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഭൗതിക നേട്ടം ഉറപ്പുവരുത്താനായി. അതിൽ പ്രതീക്ഷിച്ച രീതിയിലുള്ള അക്കാദമിക മികവ് നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ, അതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതുകൂടി പരിഹരിച്ച്, സ്‌കൂളിലെത്തുന്ന മുഴുവൻ കുട്ടികൾക്കും സമഗ്രമായി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാത്തിലുമുപരി, അക്കാദമിക മികവാണ് സ്‌കൂളിന്റെ മികവ് എന്നതാണ് സമഗ്ര ഗുണമേന്മാ പദ്ധതിയുടെ അടിത്തറ. അതിനുവേണ്ടി ഏതെല്ലാം സംവിധാനങ്ങളെ സ്‌കൂളുകൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന വ്യക്തമായ ഗൈഡ്‌ലൈനുണ്ടാക്കുകയും അതിനനുസരിച്ചുള്ള പരിശീലനങ്ങൾ നൽകുകയും ഉത്തരവുകൾ പുറപ്പെടുവിക്കുകയും അധ്യാപകരെ അതിന് സജ്ജമാക്കുകയും സ്‌കൂൾ സംവിധാനത്തെ ഒന്നടങ്കം അതിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി നടന്നുവരികയാണ്. അതിന്റെ തുടർച്ചയായി, ഒരു കുട്ടി പോലും ക്ലാസിലും സ്‌കൂളിലും മാർജിനലൈസ് ചെയ്യപ്പെടുന്നില്ല എന്നുറപ്പുവരുത്തുകയാണ്, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ വർഷമായി ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

പ്രതീക്ഷിത ഗുണനിലവാരം ലഭിക്കാതെ പോയതിൽ നിന്നാണ് സമഗ്ര പഠനപദ്ധതി പ്രഖ്യാപിക്കപ്പെട്ടതെന്നും ഇത് പൊതുവിദ്യാഭ്യാസത്തിന്റെ പരാജയത്തിന്റെ തെളിവാണെന്നും ഈ പദ്ധതിയെ വിമർശിക്കുന്നവർ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ നമ്മൾ നേടിയ നേട്ടത്തിന്റെ തന്നെ തുടർച്ചയെ പൂർണതയിലേക്കെത്തിക്കാനുള്ള ശ്രമമാണ് ഈ പദ്ധതി. വളരെ ചെറിയ ഒരു ഗ്രൂപ്പിൽ ഒതുങ്ങി നിൽക്കുന്നതല്ല കേരളത്തിന്റെ പൊതുവിദ്യാഭ്യാസം. അത് ജനകീയമായി നൽകിവരുന്നതാണ്. ഇതിന്റെ ഭാഗമായാണ് നൂറ് ശതമാനം സ്‌കൂളിങ് ഉറപ്പവരുത്താൻ സാധിച്ചത്. സമൂഹത്തിലെ മുഴുവൻ കുട്ടികളെയും- കേരളത്തിൽ ജനിച്ചവരെ മാത്രമല്ല കേരളത്തിൽ ജീവിക്കുന്ന മുഴുവൻ കുട്ടികളെയും- ക്ലാസ് മുറിയിലെത്തിക്കാനായി. വിദ്യാഭ്യാസത്തിന്റെ ഒന്നാം തലമുറപ്രശ്‌നമെന്ന് വിളിക്കാവുന്ന വലിയ വെല്ലുവിളിയെ വിജയകരമായി മറികടന്നവരാണ് നമ്മൾ. കേരളത്തിൽ നിലനിന്നിരുന്ന പലതരം സാമൂഹിക ശ്രേണീകരണത്തിൽ നിന്നും പുറത്താക്കപ്പെട്ടിരുന്ന, അറിവ് നിഷേധിക്കപ്പെട്ടിരുന്ന, സാമ്പത്തിക പ്രതിസന്ധി മൂലം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് മാറിനിക്കേണ്ടിവന്നിരുന്ന വിഭാഗങ്ങളെയെല്ലാം 12-ാം ക്ലാസ്സ് വരെ എത്തിക്കാനും നിലനിർത്താനും സാധിച്ചുവെന്നത് കേരളത്തിന്റെ കരുത്താണ്.

ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിന്റെ നയപരവും പ്രായോഗികവുമായ തത്വങ്ങൾ ആവിഷ്‌കരിച്ച്, മുഴുവൻ കുട്ടികളെയും സ്‌കൂളിലെത്തിക്കാനായി- വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിന്റെ നയപരവും പ്രായോഗികവുമായ തത്വങ്ങൾ ആവിഷ്‌കരിച്ച്, മുഴുവൻ കുട്ടികളെയും സ്‌കൂളിലെത്തിക്കാനായി- വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

പലതരം ജീവിതവെല്ലുവിളികൾ നേരിടുന്ന മനുഷ്യർക്ക്- അതായത്, ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവർക്ക്- സ്‌കൂൾ പഠനം നിഷേധിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ നിന്നു മാറി, ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിന്റെ നയപരവും പ്രായോഗികവുമായ തത്വങ്ങൾ ആവിഷ്‌കരിച്ച്, മുഴുവൻ കുട്ടികളെയും സ്‌കൂളിലെത്തിക്കാനായി. സ്വാഭാവികമായും അത്തരത്തിലുള്ള പ്രശ്‌നങ്ങൾ അതിജീവിച്ച് കഴിയുമ്പോൾ അവിടെ കുറച്ചാളുകളെങ്കിലും പഠനനേട്ടങ്ങളുടെ ലഭ്യതയിൽ നിന്ന് പുറത്താകുന്നുണ്ടെന്നാണ് സ്‌കൂളുകളിൽ നിന്ന് പുറത്തുവരുന്ന ചില കണക്കുകൾ സൂചിപ്പിക്കുന്നത്. ആ പോരായ്മകൂടി പരിഹരിച്ച്, മുഴുവൻ കുട്ടികൾക്കും പഠനനേട്ടം തുല്യമായി ഉറപ്പുവരുത്തണം. ഇത്തരത്തിൽ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ കാഴ്ച്ചപ്പാടിൽ നിന്നാണ് സമഗ്ര ഗുണമേന്മാ പദ്ധതി ആവിഷ്‌കരിക്കപ്പെടുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇത്രയും വർഷങ്ങൾക്കൊണ്ട് നാം നേടിയെടുത്ത മഹത്തായ നേട്ടത്തിന്റെ ഫലമായി ഉണ്ടായ ചെറിയ പോരായ്മകളെകൂടി പരിഹരിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും.

വിദ്യാർഥികളുടെ സ്വഭാവത്തിൽ സംഭവിച്ചിട്ടുള്ള തെറ്റായ പ്രവണതകളും അധ്യാപകരുടെ ആശങ്കകളും കുറേക്കൂടി വിശാലമായ അർഥത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.

എന്നാൽ ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നിരവധി വെല്ലുവികളെ മറികടക്കേണ്ടതുണ്ട് എന്നത് യാഥാർഥ്യമാണ്. പുതിയ തലമുറ കുട്ടികളിൽ വിദ്യാഭ്യാസത്തോടുള്ള സമീപനത്തിൽ വന്ന മാറ്റം കണക്കിലെടുക്കണം. പഠനപ്രക്രിയയോടും സ്‌കൂളിനോടും അധ്യാപകരോടും രക്ഷിതാക്കളോടു​മൊക്കെ പുതിയ തലമുറക്കുള്ള നിഷേധാത്മക സമീപനം അപകടകരമായ ചില പരിണിതഫലങ്ങൾ ഉണ്ടാക്കുന്നതായി അധ്യാപകരും മറ്റ് മുതിർന്നവരും കുറ്റപ്പെടുത്തുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനെ സാധൂകരിക്കുന്ന തരത്തിൽ ചില സംഭവങ്ങൾ അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരെയും സ്‌കൂൾ നിയമാവലികളെയും വില കൽപ്പിക്കാത്തവർ, അനുസരണ ശീലം നഷ്ടമായവർ, അച്ചടക്കത്തിന്റെ പിടിയിലൊതുങ്ങാൻ കൂട്ടാക്കാത്തവർ എന്നൊക്കെയാണ് പുതിയ തലമുറയിലെ കുട്ടികളെ അധ്യാപകരും മുതിർന്നവരും കുറ്റപ്പെടുത്തുന്നത്. കുട്ടികളുടെ ഇത്തരത്തിലുള്ള സമീപനം, ലക്ഷ്യം വെക്കുന്ന സ്‌കൂളിന്റെ അക്കാദമിക വളർച്ചക്കും പുതിയ സാമൂഹ്യതലത്തിന്റെ വളർച്ചക്കും വിഘാതമാകുമെന്ന ആകുലതകളുണ്ട്.

കുട്ടികളിലെ ലഹരി ഉപയോഗമാണ് മറ്റൊരു വിപത്ത്. അപകടകരമായ രാസലഹരി സ്‌കൂൾ കുട്ടികളിൽ പോലും എത്തിയിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന, വേദനാജനകമായ വാർത്ത വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പൊലീസിൽ നിന്നും എക്‌സൈസിൽ നിന്നും ശക്തമായ തെളിവുകൾ ലഭിച്ചു​കഴിഞ്ഞിട്ടുണ്ട്. ഇതിന്റെയൊക്കെ ഭാഗമായി സ്‌കൂളുകളിൽ ഗ്യാങ് സംസ്‌കാരം രൂപപ്പെടുന്നതും ലഹരി സിണ്ടിക്കേറ്റ് തന്നെ രൂപപ്പെടുന്നതിന്റെയൊക്കെ തെളിവുകൾ നമുക്കു മുന്നിലുണ്ട്. ലഹരിയും സ്വഭാവ സവിശേഷതകളുമെല്ലാം കൂടിച്ചേരുമ്പോൾ വളരെ അപകടകരമായ പ്രവണതകളിലേക്ക് നീങ്ങും. കഴിഞ്ഞ വർഷം പല സ്‌കൂളുകളിലും നടന്ന സംഘട്ടനങ്ങളും സംഘർഷങ്ങളും ഒരു കുട്ടിയുടെ മരണത്തിലേക്ക് പോലുമെത്തിച്ച സ്ഥിതിവിശേഷങ്ങളും അപകട സൂചനകളാണ്.

കഴിഞ്ഞ വർഷം പല സ്‌കൂളുകളിലും നടന്ന സംഘട്ടനങ്ങളും സംഘർഷങ്ങളും ഒരു കുട്ടിയുടെ മരണത്തിലേക്ക് പോലുമെത്തിച്ച സ്ഥിതിവിശേഷങ്ങളും അപകട സൂചനകളാണ്.
കഴിഞ്ഞ വർഷം പല സ്‌കൂളുകളിലും നടന്ന സംഘട്ടനങ്ങളും സംഘർഷങ്ങളും ഒരു കുട്ടിയുടെ മരണത്തിലേക്ക് പോലുമെത്തിച്ച സ്ഥിതിവിശേഷങ്ങളും അപകട സൂചനകളാണ്.

വിദ്യാർഥികളുടെ സ്വഭാവത്തിൽ സംഭവിച്ചിട്ടുള്ള തെറ്റായ പ്രവണതകളും അധ്യാപകരുടെ ആശങ്കകളും കുറേക്കൂടി വിശാലമായ അർഥത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. പുറത്തുവന്ന സ്റ്റാറ്റിസ്റ്റിക്സ് പരിശോധിക്കുമ്പോൾ കേരളം കുട്ടിക്കുറ്റവാളികളുടെ നാടായി മാറിയിട്ടില്ല എന്നു മനസിലാക്കേണ്ടതുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ പത്ത് വർഷത്തിൽ കേരളത്തിൽ കുട്ടികളിലെ കുറ്റകൃത്യനിരക്ക് കുറയുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ, നടക്കുന്ന സംഘർഷങ്ങളെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുള്ളതിനാൽ പൊതുബോധത്തിൽ കുറ്റകൃത്യങ്ങൾ വ്യാപകമായി വർധിക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. നിലവിൽ നടക്കുന്ന കുറ്റകൃത്യങ്ങളെയോ കുട്ടികളുടെ സ്വഭാവത്തിൽ സംഭവിക്കുന്ന അപകടകരമായ മാറ്റങ്ങളെയോ നിസാരവൽക്കരിക്കുകയല്ല. അതിഭീകരമാംവിധം ആശങ്കപ്പെടേണ്ട സാഹചര്യം രൂപപ്പെട്ടിട്ടില്ല എന്നും നടന്നവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ആശ്വസിക്കേണ്ടതുണ്ട്. 30 ലക്ഷത്തോളം കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസരംഗത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളുടെ കണക്ക് എത്രയോ പരിമിതമാണെന്നത് മനസിലാക്കണം. അതുകൊണ്ടു തന്നെ അധ്യാപകർക്ക് മോറൽ പാനിക്കിന്റെ ആവശ്യമില്ല.

മുമ്പത്തെപോലെ കുട്ടിയും അധ്യാപകരും മാത്രം ചേരുന്നതല്ല സ്‌കൂൾ വിദ്യാഭ്യാസം. രക്ഷിതാക്കൾക്കും വലിയ റോളുണ്ട്.

അപകടകരമായ വഴിയിലൂടെ പോകുന്ന കുട്ടികളെ കുറ്റപ്പെടുത്തിയോ അവരുടെ പുറകേ നടന്നോ അവരെ ക്രിമിനലുകളായി കണ്ടുകൊണ്ടോ അല്ല ഈ വിഷയത്തെ സമീപിക്കേണ്ടത്. ഏതെങ്കിലും കുട്ടി ലഹരിയുടെ പിടിയിലേക്ക് പോകുന്നുണ്ടെങ്കിൽ അതിന് വ്യക്തിപരമായ കാരണങ്ങളേക്കാൾ സാമൂഹ്യവും കുടുംബപരവുമായ കാരണങ്ങളുണ്ടായിരിക്കാം. അതുകൊണ്ടുതന്നെ ഇതിനെ വൈയക്തിക പ്രശ്നമെന്ന നിലയ്ക്ക് കാണുന്നതിനൊപ്പം സാമൂഹ്യവും മനഃശാസ്ത്രപരവുമായ കാരണങ്ങൾക്കൂടി കണ്ടെത്തി പരിഹാരം കാണാനാണ് അധ്യാപകരും രക്ഷിതാക്കളും ശ്രമിക്കേണ്ടത്. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒന്നിച്ചുചേർന്നുകൊണ്ടുള്ള ത്രികോണ സംവിധാനത്തിലൂടെയാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിക്കേണ്ടത്.

ഇന്ന് വിദ്യാഭ്യാസം പൊതുവെ ത്രികോണവൽക്കരിക്കപ്പെട്ടിട്ടുണ്ട്. മുമ്പത്തെപോലെ കുട്ടിയും അധ്യാപകരും മാത്രം ചേരുന്നതല്ല സ്‌കൂൾ വിദ്യാഭ്യാസം. രക്ഷിതാക്കൾക്കും വലിയ റോളുണ്ട്. അത്തരത്തിലുള്ള പരിഹാരത്തിനാവശ്യമായ നിയമസംവിധാനത്തെയും പൊലീസ് സംവിധാനത്തെയും ഉപയോഗിക്കാമെന്നല്ലാതെ കുട്ടികളെ പൊലീസിനെകൊണ്ട് നേരിടുകയോ അല്ലെങ്കിൽ അധ്യാപകർ തന്നെ പൊലീസായി മാറി, ഇതിനെയെല്ലാം പരിഹരിക്കാമെന്ന് കരുതാനും കഴിയില്ല. ‘ഞങ്ങളുടെ ലാത്തി ഞങ്ങൾക്ക് തിരിച്ചുതരൂ, എല്ലാം ഒതുക്കിത്തരാം’ എന്ന് പൊലീസുകാർ പറയുന്നതുപോലെ, ചൂരൽ തന്നാൽ കുട്ടികളെ നന്നാക്കാമെന്ന് പറയുന്ന അധ്യാപകർക്ക് ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല. അത്തരത്തിലുള്ള ബോധവൽക്കരണം കൂടി ഉൾക്കൊള്ളുന്നതായിരുന്നു ഇത്തവണത്തെ അവധിക്കാല അധ്യാപന പരിശീലനം.

കുട്ടികളെ പൊലീസിനെകൊണ്ട് നേരിടുകയോ അല്ലെങ്കിൽ അധ്യാപകർ തന്നെ പൊലീസായി മാറി, ഇതിനെയെല്ലാം പരിഹരിക്കാമെന്ന് കരുതാനും കഴിയില്ല
കുട്ടികളെ പൊലീസിനെകൊണ്ട് നേരിടുകയോ അല്ലെങ്കിൽ അധ്യാപകർ തന്നെ പൊലീസായി മാറി, ഇതിനെയെല്ലാം പരിഹരിക്കാമെന്ന് കരുതാനും കഴിയില്ല

ചുരുക്കത്തിൽ, ഒരു ഭാഗത്ത് വളരെ പ്രതീക്ഷ നൽകുന്നതും വികസനോന്മുഖവുമായ ഒരു തലം സ്‌കൂൾ വിദ്യാഭ്യാസത്തിൽ സംഭവിക്കുമ്പോൾ തന്നെ, ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള ചില സംഭവങ്ങളും ഉണ്ടാകുന്നു. ഈയൊരവസ്ഥയിലാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. അതീവ സങ്കീർണമായ ഭാവിയെയാണ് നാം മുന്നിൽ കാണുന്നത്. സ്വാഭാവികമായും ഇതിനെ നേരിടേണ്ടി വരുന്നത് സ്‌കൂളും അധ്യാപക സമൂഹവുമാണ്. അതുകൊണ്ടുതന്നെ അവർ വളരെയധികം അസ്വസ്ഥതയിലും ആശങ്കയിലുമാണ്. തങ്ങൾ ഇത്തരം കാര്യങ്ങളിൽ ഇടപെഴകുമ്പോൾ ഉണ്ടാകുന്ന അപകടകരമായ പരിണിതഫലത്തെ കുറിച്ച് അവർ ആശങ്കാകുലരാണ്. എന്നാൽ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിന്ന് ഇത്തരം കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നത് നൈതികമായും ധാർമികമായും നിയമപരമായും ശരിയല്ലെന്ന തിരിച്ചറിവ് അധ്യാപക സമൂഹത്തിനുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്കിടയിലാണ് അധ്യാപക വർഗം അസ്വസ്ഥതയോടെ പുതിയ അധ്യാനവർഷത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.

അവസരം കിട്ടുമ്പോൾ തങ്ങൾ പഠിക്കുന്ന സ്ഥാപനത്തോടുള്ള ഇഷ്ടക്കേട് ഭൗതികമായി തന്നെ പ്രകടിപ്പിക്കുന്നതിന്റെ ഉദാഹരണമാണ് ക്ലാസ് കഴിയുന്നതിന്റെ അവസാന ദിവസങ്ങളിൽ കുട്ടികൾ നടത്തുന്ന അതിക്രമങ്ങൾ

ക്ലാസ് മുറികളെയും സ്‌കൂളിനെയും ഉൾക്കൊള്ളുന്നതിൽനിന്നും അധ്യാപകരോട് ബന്ധം പുലർത്തുന്നതിൽനിന്നും വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്, വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രം പലപ്പോഴും കുട്ടികളുടെ കാഴ്ച്ചപ്പാടിനെയും സെൻസിബിലിറ്റിയെയും സംവേദാത്മകതയെയും തൃപ്തിപ്പെടുത്തുന്നില്ല എന്നതാണ്. പുതിയ കാലത്തെ കുട്ടികൾ ഡിജിറ്റൽ യുഗത്തിൽ ജനിച്ചുവളരുന്നവരാണ്. ജീവിതത്തിലുടനീളം ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ കടന്നുപോവുകയും നിർമിത ബുദ്ധിയടക്കമുള്ള പുതിയ കാലത്തിന്റെ സാധ്യതകൾ ആശയവിനിമയത്തിൽ പോലും ഉപയോഗിക്കുന്നവരുമാണ് അവർ. ക്ലാസ്മുറിയിൽ പഴഞ്ചൻ രീതിയിലുള്ള വിനിമയമാണ് നടക്കുന്നതെങ്കിൽ, അവിടം അവർക്ക് വിരസമായിത്തീരും. മനസുകൊണ്ടെങ്കിലും അവർ അവിടെനിന്ന് ഇറങ്ങിപ്പോകും. അവസരം കിട്ടുമ്പോൾ തങ്ങൾ പഠിക്കുന്ന സ്ഥാപനത്തോടുള്ള ഇഷ്ടക്കേട് ഭൗതികമായി തന്നെ പ്രകടിപ്പിക്കുന്നതിന്റെ ഉദാഹരണമാണ് ക്ലാസ് കഴിയുന്നതിന്റെ അവസാന ദിവസങ്ങളിൽ കുട്ടികൾ നടത്തുന്ന അതിക്രമങ്ങൾ. ഇത് ഇനിയെങ്കിലും നമ്മൾ മനസിലാക്കേണ്ടതുണ്ട്. ആ സ്ഥാപനത്തോടുള്ള അടുപ്പമോ സ്‌നേഹമോ അല്ല, അതിനോടുള്ള അടുപ്പക്കുറവും വെറുപ്പുമാണ് അവസാന ദിവസങ്ങളിൽ അവർ പുറത്തെടുക്കുന്നത്.

ജീവിതത്തിലുടനീളം ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ കടന്നുപോവുകയും നിർമിത ബുദ്ധിയടക്കമുള്ള പുതിയ കാലത്തിന്റെ സാധ്യതകൾ ആശയവിനിമയത്തിൽ പോലും ഉപയോഗിക്കുന്നവരുമാണ് പുതിയ കാലത്തെ കുട്ടികൾ.
ജീവിതത്തിലുടനീളം ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ കടന്നുപോവുകയും നിർമിത ബുദ്ധിയടക്കമുള്ള പുതിയ കാലത്തിന്റെ സാധ്യതകൾ ആശയവിനിമയത്തിൽ പോലും ഉപയോഗിക്കുന്നവരുമാണ് പുതിയ കാലത്തെ കുട്ടികൾ.

തീർച്ചയായും ഈ വിഷയത്തെ ഗൗരവത്തോടെ അഡ്രസ് ചെയ്യേണ്ടവർ അധ്യാപകർ തന്നെയാണ്. ഡിജിറ്റൽ അതിപ്രസരത്തിനുമുമ്പ് ജനിച്ച തലമുറയിലെ ആളുകളെന്ന നിലയിൽ അതിനോട് താൽപര്യക്കുറവും അറിവില്ലായ്മയും അധ്യാപകരിൽ കുറച്ചുപേർക്കെങ്കിലും ഉണ്ടാകും. ഭൂരിഭാഗം അധ്യാപകരും ഇത്തരം സാങ്കേതികവിദ്യയെ ക്ലാസ്‌റൂമിൽ ഉപയോഗിക്കാൻ പ്രാപ്തി നേടിയവർ തന്നെയാണ്. ഏത് സാങ്കേതികവിദ്യയും ഉപയോഗിക്കാവുന്ന തരത്തിൽ ക്ലാസ്‌റൂമുകളും സജ്ജമാണ്. അതിന് പലതരം ഓറിയന്റേഷനുകൾ നൽകിവരുന്നുണ്ട്. നിർമിത ബുദ്ധിയിൽ പോലും അവർക്ക് പരിശീലനം നൽകാൻ വകുപ്പ് തയാറായിട്ടുണ്ട്. എന്നാൽ കുറച്ചെങ്കിലും അധ്യാപകർ അതിന് സാധിക്കാത്തവരായോ താൽപര്യമില്ലാത്തവരായോ വിദ്യാലയങ്ങളിലുണ്ടാകുമ്പോൾ ആ ക്ലാസ് മുറി കുട്ടികളെ സംബന്ധിച്ച് വിരസമാകും. അങ്ങനെ വരുമ്പോൾ കുട്ടികൾക്ക് വിദ്യാഭ്യാസത്തോട് തന്നെ വിമൂഖതയുണ്ടാകും. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തെ മറികടക്കുന്നതിന് അധ്യാപക സമൂഹം സാങ്കേതികമായി ശാക്തീകരിക്കപ്പെടേണ്ടതുണ്ട്.


Summary: Preparations that teachers should make before the start of the new school year,


ഡോ. എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സമഗ്ര ശിക്ഷ കേരളയിൽ (എസ്.എസ്.എ) കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്റർ. സാഹിത്യ- വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പുതിയ ടീച്ചറും പുതിയ കുട്ടിയും, ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ടകൾ, സ്കൂളിലെ ഓൺലൈൻ പഠനം, മാറുന്ന വിദ്യാഭ്യാസം, ശിലയിൽ തീർത്ത സ്മാരകങ്ങൾ, അരാജകവാദിയുടെ ആത്മഭാഷണങ്ങൾ,

ആഫ്രിക്കൻ യാത്രകളുടെ സാംസ്കാരിക ദൂരങ്ങൾ, എഴുത്ത് അഭിമുഖം നിൽക്കുന്നു തുടങ്ങിയ പ്രധാന പുസ്തകങ്ങൾ.

Comments