ജെൻസി
ക്ലാസ് റൂമിൽനിന്ന്
ഒരധ്യാപകൻ എഴുതുന്നു

‘‘ക്ലാസിൽ ടീച്ചർ ചോദ്യം ചോദിച്ച്, അതറിയില്ലെങ്കിൽ തലയും താഴ്ത്തി എഴുന്നേറ്റു നിൽക്കാൻ മാത്രം ശീലിച്ച ഞാൻ പിന്നീട് അധ്യാപകനായി, ക്ലാസിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ, ഉത്തരമറിയില്ല എന്നെന്റെ മുഖത്തുനോക്കി തന്നെ പറഞ്ഞ്, ഒരു കൂസലുമില്ലാതെ എഴുന്നേറ്റു നിൽക്കുന്ന കുട്ടികളുടെ ധൈര്യം കണ്ട്, ചോദിച്ച ചോദ്യം പിൻവലിച്ച് ഇരിക്കാൻ പറയേണ്ടിവന്ന സാഹചര്യം നേരിട്ടിട്ടുണ്ട്’’- പുതിയ തലമുറയുടെ ക്ലാസ് റൂമിൽനിന്ന് ഒരധ്യാപകന്റെ അനുഭവക്കുറിപ്പ്: ബാംഗ്ലൂർ ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോയിൽ അസിസ്റ്റന്റ് പ്രൊഫസറായ ഗൗതം വിഷ്ണു എൻ. എഴുതുന്നു.

'ഏകലവ്യാ... നീ നിന്റെ പെരുവിരൽ മുറിക്കരുത്, ഗുരുവിന്റെ തലവെട്ടുക’- ലോ കോളേജിൽ ചേർന്ന കാലം. അന്ന് രാവിലെ തന്നെ ക്ലാസിൽ കയറി ചെല്ലുമ്പോൾ സ്ഥിരമായി അവിടുത്തെ ബ്ളാക്ക് ബോർഡിൽ എഴുതിയിട്ടുണ്ടാകുമായിരുന്ന വാചകമാണിത്. അന്ന് ഇതേതോ വിപ്ലവത്തിന്റെ അതിപ്രസരം തലക്ക് പിടിച്ചവന്റെ ജൽപ്പനം എന്നതിനപ്പുറം ഒന്നും മനസിലായിരുന്നില്ല എന്നതായിരുന്നു സത്യം.

കാരണം, നാളതുവരെ ഗുരു എന്ന പദത്തിനർത്ഥം ‘ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നയാൾ’ എന്നാണെന്നും, ഏതൊരു സാഹചര്യത്തിലും അങ്ങനെയൊരാളെ നമ്മൾ ബഹുമാനിച്ചേ തീരൂ എന്നുമുള്ള പരമ്പരാഗത ചിന്ത മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാൽ പിന്നീട്, പഠന സമയത്തായാലും അതിനുശേഷം ഞാനുമൊരു അധ്യാപകനായി തീർന്നപ്പോഴും, ആ രംഗത്ത്, കതിരിനൊപ്പം പതിരുമുണ്ടെന്ന തിരിച്ചറിവിലാണ് മേൽപ്പറഞ്ഞ വാചകത്തിന്റെ പ്രസക്തിയെപ്പറ്റി ആലോചിക്കുന്നത്.

‘ഗുരു’ എന്ന സ്ഥാനത്തിരിക്കുന്നതല്ല, ആ സ്ഥാനത്തിന് ചേർന്ന പ്രവർത്തി ചെയ്യുക, ചിന്തകൾ വച്ചു പുലർത്തുക എന്നതിലാണ് കാര്യമെന്ന് സാരം. കാരണം, സ്വന്തം മതത്തിന്റെ ചിഹ്നങ്ങൾ ധരിച്ചു വരുന്ന കുട്ടികൾക്ക് സെമിനാർ അവതരണത്തിന് കൂടുതൽ മാർക്ക് കൊടുക്കുന്ന അധ്യാപികയേയും, ആ മാർക്കിനായി അപ്പുറത്തിരിക്കുന്നവരുടെ കയ്യിൽ നിന്ന് മതചിഹ്നമുള്ള മാല കടം വാങ്ങി ഇട്ട വിദ്യാർത്ഥികളെയും നേരിട്ട് പരിചയമുള്ള ഒരാളെന്ന നിലക്ക് തന്നെ പറഞ്ഞുപോകുന്നതാണ്, അധ്യാപനവർത്തി ചെയ്യുന്നു എന്നതുകൊണ്ടു മാത്രം ഒരാളും സ്നേഹവും ബഹുമാനവും അർഹിക്കുന്നില്ല. കാരണം അവരിൽ ചിലർ, വിദ്യാർത്ഥികളെ ഇരുട്ടിൽ നിന്ന് കുറ്റാകുറ്റിരുട്ടിലേക്കാണ് നയിക്കുന്നത്.

‘ഗുരു’വിന് എല്ലാ ശിഷ്യരും ഒരു പോലെയായിരിക്കണം എന്ന അടിസ്ഥാനതത്വം പോലും പാലിക്കാതെ, പ്രിയ ശിഷ്യന് വെല്ലുവിളിയുയർത്താൻ പോന്ന ഒരുത്തനെ കണ്ടതും, അവനെ മുളയിലേ നുള്ളാൻ തീരുമാനിച്ച ദ്രോണർ ഒരിക്കലുമൊരു നല്ല ഗുരുവാണെന്ന് പറയാൻ കഴിയില്ല, അതിനി ഇന്ത്യയിലെ ഏത് പുരസ്കാരത്തിനു ആ വ്യക്തിയുടെ പേരിട്ടാലും.

‘ഗുരു’ എന്ന സ്ഥാനത്തിരിക്കുന്നതല്ല, ആ സ്ഥാനത്തിന് ചേർന്ന പ്രവർത്തി ചെയ്യുക, ചിന്തകൾ വച്ചു പുലർത്തുക എന്നതിലാണ് കാര്യമെന്ന് സാരം.
‘ഗുരു’ എന്ന സ്ഥാനത്തിരിക്കുന്നതല്ല, ആ സ്ഥാനത്തിന് ചേർന്ന പ്രവർത്തി ചെയ്യുക, ചിന്തകൾ വച്ചു പുലർത്തുക എന്നതിലാണ് കാര്യമെന്ന് സാരം.

ഈ ലേഖനം ഈ ദിവസം തന്നെ എഴുതേണ്ടി വരുന്നത്, അധ്യാപനമെന്ന ജോലിക്ക്, നമ്മുടെ സംസ്കാരത്തിലും വിശ്വാസങ്ങളിലുമൂന്നി, അനാവശ്യമായ കാൽപ്പനികഛായ നൽകുന്നു എന്നതുകൊണ്ടാണ്. ജീവനും ആരോഗ്യവും സംരക്ഷിക്കുന്നവരാണ് ഡോക്ടർമാർ എന്നു കരുതി, ജലദോഷത്തിന് ചികിത്സ തേടി വരുന്നവർക്ക് MRI സ്കാൻ ചെയ്യിക്കുന്നയാളെ ഒരിക്കലുമാരും നല്ലതെന്ന് പറയില്ല. പറമ്പിൽ തെങ്ങിന് തടം തുറക്കാൻ വരുന്ന തൊഴിലാളി കൂടുതൽ നേരവും അതേ പറമ്പിൽ നിന്ന് ബീഡി വലിച്ചു സമയം കളഞ്ഞാൽ പിന്നീടൊരു പണിക്ക് അയാളെ ആരും വിളിക്കില്ല. ഇതേ രീതി ടീച്ചർമാർക്കും പ്രായോഗികമാക്കേണ്ടതാണ്. നല്ലൊരു ഡോക്ടർക്ക്, നല്ലൊരു അഭിഭാഷകർക്ക്, നല്ലൊരു തൊഴിലാളിയ്ക്ക് ഈ സമൂഹം എന്തു വില കൊടുക്കുന്നോ അതുപോലെ തന്നെ, നല്ല അധ്യാപകരെ വിലമതിക്കാനും അതേ സമൂഹത്തിന് കഴിയും. അവിടെയെല്ലാം പൊതുവായുള്ളത് ഒരു കാര്യമാണ്- ആ വ്യക്തിക്ക് തൊഴിലിനോടുള്ള ആത്മാർത്ഥത. ആത്മാർത്ഥമായി തന്റെ തൊഴിലിനെ സമീപിക്കുന്നവരെ മറ്റുള്ളവർ ബഹുമാനിക്കും. അതല്ലാതെ, താനൊരു ടീച്ചർ ആണെന്ന ഒരൊറ്റ കാരണം കൊണ്ട്, താൻ ബഹുമാനം അർഹിക്കുന്നുണ്ട് എന്നത്, താനൊരു പ്രത്യേക കുലത്തിൽ ജനിച്ചു പോയതുകൊണ്ട് എന്നെ നിങ്ങൾ വന്ദിക്കണം എന്നു പറയുന്നതിനു തുല്യമാണ്.

മാർക്കിന്റെ കാര്യത്തിൽ വളരെ പക്ഷഭേദത്തിൽ പെരുമാറുന്ന, തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥിയുടെ സോഷ്യൽ സ്റ്റാറ്റസ് അനുസരിച്ച്, അവരെ പരിഗണിക്കുന്ന, വാങ്ങുന്ന ശമ്പളത്തിനോട് കൂറ് കാണിക്കാത്ത എത്രയോ അധ്യാപകരെ നമ്മളൊക്കെ കണ്ടുമുട്ടിയിട്ടുണ്ടാകും. അവരൊക്കെ സ്നേഹത്തിന് അനർഹർ തന്നെയാണ്.

ഇതെല്ലാമാണ്, ജെൻസി കുട്ടികൾക്ക് ടീച്ചർമാരോടുള്ള മനോഭാവം മോശമാണെന്ന് പല കോണിൽ നിന്നും വിമർശനമുയരുമ്പോഴും, ഒരു പരിധി വരെ ജെൻസിക്കൊപ്പം നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. കോളേജ് ക്ലാസ് മുറികളിൽ, എന്റെ മുന്നിലിരിക്കുന്ന നൂറു ശതമാനം പേരും ആ ക്ലാസ് ശ്രദ്ധിച്ചിരിക്കണമെന്ന പക്ഷക്കാരനല്ല ഞാൻ. അതിനുള്ള കാരണങ്ങൾ പലതാണ്. ഒരു പക്ഷേ അവർക്ക് എന്റെ ക്ലാസ് ഇഷ്ടപ്പെടുന്നുണ്ടാകില്ല, മനസിലാകുന്നുണ്ടാകില്ല, അതല്ലെങ്കിൽ ഉറക്കം വരുന്നുണ്ടാകാം, വേറെയെന്തെങ്കിലും ചിന്തകൾ അലട്ടുന്നുണ്ടാകാം... അങ്ങനെയുള്ളവർ, എന്റെ ക്ലാസിൽ, സംസാരിച്ച്, ബഹളം വച്ച്, എന്റെ ജോലിക്ക് തടസം വരുത്താതെ ഇരിക്കുന്നിടത്തോളം അങ്ങനെയുള്ളവരൊന്നും എനിക്ക്‌ ഒരു പ്രശ്നവുമുണ്ടാക്കുന്നതായി തോന്നാറില്ല.

എന്നാൽ, നമ്മളിവിടെനിന്ന് പ്രയത്നിക്കുന്നതിന് തീരെ വില കൽപ്പിക്കാതെ, സംസാരിച്ചും, മറ്റുള്ളവരെ കൂടി അതിലേക്ക് വലിച്ചിട്ടും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിൽ മാത്രമാണ് എനിക്കെതിർപ്പ്. അതിനപ്പുറം ജെൻസികൾ അധ്യാപകരെ, അധ്യാപകരായതുകൊണ്ടുമാത്രം ബഹുമാനിക്കണം എന്ന പക്ഷക്കാരനല്ല ഞാൻ. ഇന്റേണൽ മാർക്കിന്റെ കാര്യം പറഞ്ഞു പേടിപ്പിച്ച്, അവരെ നിർബന്ധിപ്പിച്ച് ബഹുമാനിപ്പിക്കുന്നതിൽ കാര്യമായ ധാർമികതയുമില്ല.

കോളേജ് ക്ലാസ് മുറികളിൽ, എന്റെ മുന്നിലിരിക്കുന്ന നൂറു ശതമാനം പേരും ആ ക്ലാസ് ശ്രദ്ധിച്ചിരിക്കണമെന്ന പക്ഷക്കാരനല്ല ഞാൻ. അതിനുള്ള കാരണങ്ങൾ പലതാണ്.
കോളേജ് ക്ലാസ് മുറികളിൽ, എന്റെ മുന്നിലിരിക്കുന്ന നൂറു ശതമാനം പേരും ആ ക്ലാസ് ശ്രദ്ധിച്ചിരിക്കണമെന്ന പക്ഷക്കാരനല്ല ഞാൻ. അതിനുള്ള കാരണങ്ങൾ പലതാണ്.

മാത്രമല്ല, ചില സമയങ്ങളിൽ ജെൻസികളുടെ ധൈര്യം കണ്ടു ഞാൻ അദ്‌ഭുതപ്പെട്ടിട്ടുമുണ്ട്. മുമ്പ് ക്ലാസിൽ ടീച്ചർ ചോദ്യം ചോദിച്ച്, അറിയില്ലെങ്കിൽ എന്തെങ്കിലും പറഞ്ഞ് തടിതപ്പാനോ, ഒരു നിവൃത്തിയുമില്ലെങ്കിൽ ഒന്നും മിണ്ടാതെ തലയും താഴ്ത്തി എഴുന്നേറ്റു നിൽക്കാനോ മാത്രം ശീലിച്ച ഞാൻ പിന്നീട് അധ്യാപകനായി, ക്ലാസിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ, ഉത്തരമറിയില്ല എന്നെന്റെ മുഖത്തുനോക്കി പറഞ്ഞ്, ഒരു കൂസലുമില്ലാതെ എഴുന്നേറ്റുനിൽക്കുന്ന കുട്ടികളുടെ ധൈര്യം കണ്ട്, ചോദിച്ച ചോദ്യം പിൻവലിച്ച് ഇരിക്കാൻ പറയേണ്ടിവന്ന സാഹചര്യം ഞാൻ നേരിട്ടിട്ടുണ്ട്. എന്റെ കോളേജ് കാലഘട്ടം കഴിഞ്ഞിട്ട് മൂന്നു വർഷമായതേയുള്ളൂ. എന്നാൽ പോലും, ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഒരു തലമുറമാറ്റം വിദ്യാർത്ഥിസമൂഹത്തിൽ സംഭവിച്ചിട്ടുണ്ടെന്നത് ഞാൻ അദ്‌ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. എന്റെ സമകാലീകരിലൊന്നും കണ്ടിട്ടില്ലാത്ത പല സ്വഭാവസവിശേഷതകൾ ഇന്നത്തെ വിദ്യാർത്ഥികളിൽ ദിനംപ്രതി കാണുന്നു.

ഇത്രയെല്ലാം ഈ അധ്യാപക ദിനത്തിൽ പറഞ്ഞത്, അധ്യാപനം എന്നത് എന്തോ വിശിഷ്ടമായ ജോലിയാണ് എന്ന ചിന്താഗ്നിയിൽ കുറച്ചു വെള്ളം കോരിയൊഴിക്കാനാണ്. മറ്റെല്ലാ തൊഴിലും പോലെ തന്നെ ഇതും ഒരു തൊഴിലാണെന്നും, അതല്ലെങ്കിൽ അതു മാത്രമാണെന്നും, അതിന് ആവശ്യമില്ലാത്ത മഹിമ ചാർത്തിക്കൊടുക്കാൻ ശ്രമിക്കുന്നത് ഇന്നത്തെ പരിതസ്ഥിതിയിൽ ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നുണ്ടെന്നുമുള്ള തിരിച്ചറിവാണത്.

മറ്റേതൊരു ജോലിയിലും നല്ല ജോലിക്കാർ കാണിക്കേണ്ട ആത്മാർത്ഥത അധ്യാപകർ അവരുടെ ജോലിയിലും പുലർത്തിയാൽ, കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ, വാങ്ങുന്ന കാശിന് പണിയെടുക്കുക, അത്രേയുള്ളൂ നമ്മുടെ നിയോഗമെന്ന് തിരിച്ചറിഞ്ഞാൽ, ഞാനൊരു അധ്യാപകനാണ് എന്നതിൽ കവിഞ്ഞ്, ഒരു നല്ല വ്യക്തിക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ മാത്രം കാംക്ഷിച്ചാൽ, അതിനായി പ്രയത്നിച്ചാൽ, ഇപ്പോൾ ഉയരുന്ന പല പരാതികൾക്കും പരിഹാരമാകും. അതല്ലാതെ ഗുരുകുല സമ്പ്രദായകാലത്തെ സംസ്കാരം വേണമെന്ന പിടിവാശിയുമായി ഇറങ്ങിയാൽ ഏകലവ്യന്മാർ ഗുരുവിന്റെ പെരുവിരൽ തൊട്ട് ശിരസ്സ് വരെ തൊട്ടു ഭസ്മമാക്കാൻ തുനിയുന്നത് നമ്മൾ കാണേണ്ടിവരും.

Comments