കലാവിദ്യാഭ്യാസം നടക്കുന്നുണ്ടോ നമ്മുടെ വിദ്യാലയങ്ങളിൽ?

“കാലങ്ങളായി മുടങ്ങി കിടക്കുന്ന അധ്യാപന തസ്തിക പരിഷ്കരണം നടത്തിക്കൊണ്ടോ, നാടകം-നൃത്തം തുടങ്ങിയ വിഷയങ്ങളിൽ അധ്യാപക തസ്തിക സൃഷ്ടിച്ചു കൊണ്ടോ കലാവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് അനിവാര്യതയാണ്,” കേരളത്തിലെ കലാവിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് എഴുതുന്നു അഭിഷേക് രംഗപ്രഭാത്‌.

കേരളത്തിലെ കലാവിദ്യാഭ്യാസപദ്ധതിയെ കുറിച്ചാണ്. ഇന്ത്യയിലെ ഏറ്റവും മാതൃകാ പൊതുവിദ്യാഭ്യാസശൈലി കേരളത്തിനാണ് എന്നൊരു അഭിപ്രായ പ്രകടനത്തിന്റെ സാധ്യത പരിശോധിക്കുമ്പോഴാണ്, കലാവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടത്. കലാഭ്യാസം കാലങ്ങളായി പൊതു വിദ്യാഭ്യാസ മാതൃകയിൽ സ്കൂളുകളിൽ ഉണ്ട്. കണക്ക് മാഷ് കൈ വെച്ചില്ല എങ്കിൽ കുട്ടിക്കാലത്ത് കിട്ടിയിരുന്ന ചില പാട്ട് ക്ലാസുകളോ, ചിത്രരചന ക്ലാസുകളോ ഒക്കെ ഓർമയിൽ ഉണ്ടാകും. എന്നാൽ ചിട്ട ഇല്ലാത്ത പഠനക്രമം കൊണ്ട് അതീവ തൽപരർക്ക് കഴിവ് തെളിയിക്കാനും മറ്റ് ചിലർക്ക് സമയം പോക്കാനുമുള്ള സമയമായി സംഗീത - ചിത്രരചനാ ക്ലാസുകൾ സ്കൂളുകളിൽ നടന്നിരുന്നു. കലയുടെ ലോകം വലുതാണ്. അത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുക തന്നെ വേണം; സാധ്യമാകുന്ന കലകൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് 2025 അദ്ധ്യയന വർഷാരംഭത്തിൽ തന്നെ, SCERT സിലബസ് മാനദണ്ഡ പ്രകാരം പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളിലേക്കും 5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് കലാ പാഠപുസ്തകം എത്തിയിരുന്നു. ചിത്രകല, സംഗീതം, നാടകം, നൃത്തം, ചലച്ചിത്രം തുടങ്ങിയ അഞ്ച് വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാഠപുസ്തകങ്ങൾ, ഇന്ത്യൻ വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ മാതൃകയായ പ്രവർത്തനം; കലാ മേഖലയ്ക്കും.

പാഠപുസ്തകം വന്നു. എന്നാൽ വളരെ ചുരുങ്ങിയ സ്കൂളുകളിൽ മാത്രമാണ് അധ്യാപകർ ഉള്ളത്. നിലവിലുള്ള അധ്യാപകർ - സംഗീതം, ചിത്രരചന തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ. നാടകവും നൃത്തവും പഠിപ്പിക്കാൻ യോഗ്യരായവരെ കണ്ടെത്താനും നിയമനം നൽകാനും ശ്രമം തീരെ ഉണ്ടായിട്ടില്ല. നിരവധി നിവേദനങ്ങൾ നൽകുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിനൊന്നും ഒരു പൂർണ്ണതയും ഉണ്ടായിട്ടില്ല. എന്നാൽ കലാപാഠപുസ്തകത്തിന്റെ വരവിൽ പ്രതീക്ഷ നൽകി. നാടകത്തിനും നൃത്തത്തിനും സിനിമയ്ക്കും കൃത്യമായ സ്ഥാനം പഠന പദ്ധതിയിൽ ഉണ്ട് എന്ന് വ്യക്തമാക്കുന്നു ഒരു പാഠപുസ്തകം. വർഷങ്ങൾക്ക് മുൻപ് തന്നെ കലാ പാഠപുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇറങ്ങിയിരുന്നു. എന്നാൽ പാഠപുസ്തകത്തിന്റെ ഘടന തൃപ്തികരമല്ലാത്തതിനാൽ പുനർ രൂപീകരണം നടന്നു എന്നാണ് മനസിലാകുന്നത്. എന്നാൽ പുതിയ പാഠപുസ്തകം അധ്യയനയോഗ്യമായി പുറത്തു വന്നിട്ട് വർഷം ഒന്ന് കഴിഞ്ഞു. ആരാണ് ഇവ പഠിപ്പിക്കേണ്ടത്? പഠിപ്പിക്കേണ്ടത് എന്ന വാക്കിനേക്കാൾ, ആരാണ് ഈ വിഷയങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യേണ്ടത്? ആരാണ് പരിശീലനം നൽകേണ്ടത്? കഴിഞ്ഞ ദിവസം ഒരു ഹൈസ്കൂൾ അധ്യാപകനോട് സംസാരിച്ചപ്പോൾ, അധ്യാപകർ ഉള്ള സ്കൂളുകളിൽ പറ്റുന്ന തരത്തിൽ പഠിപ്പിക്കുന്നുണ്ട് എന്നും, എന്നാൽ അല്ലാത്ത സ്കൂളുകളിൽ വല്ലാത്ത അവസ്ഥയാണ് എന്നുമാണ് പറയുന്നത്. പരീക്ഷ നടക്കുന്നുണ്ട്. എന്നാൽ ഗൗരവം തീരെ ഇല്ല. അല്ലെങ്കിലും കലാ വിദ്യാഭ്യാസം പരീക്ഷ എങ്ങനെയാണ് ക്ലാസ് മുറിയിൽ കണക്ക് പരീക്ഷ പോലെ നടത്തി തീർക്കുന്നത്?

2025 അദ്ധ്യയന വർഷാരംഭത്തിൽ തന്നെ, SCERT സിലബസ് മാനദണ്ഡ പ്രകാരം പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളിലേക്കും 5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് കലാ പാഠപുസ്തകം എത്തിയിരുന്നു.
2025 അദ്ധ്യയന വർഷാരംഭത്തിൽ തന്നെ, SCERT സിലബസ് മാനദണ്ഡ പ്രകാരം പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളിലേക്കും 5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് കലാ പാഠപുസ്തകം എത്തിയിരുന്നു.

കഴിഞ്ഞ വർഷം മലയാള മനോരമ പത്രം റിപ്പോർട്ട് ചെയ്തത് പതിനൊന്നായിരത്തിലധികം സ്കൂളുകളിലായി ഏകദേശം ആറായിരത്തിൽ അധികം സ്കൂളുകളിൽ കലാ അധ്യാപക ഒഴിവുകൾ നിലവിൽ ഉണ്ട് എന്നാണ്. എന്നാൽ പാഠപുസ്തകത്തിലുള്ള നാടക നൃത്ത മേഖലയിൽ നിന്നുള്ളവർക്ക് ആർക്കും ഇതുവരെ ജോലി സാധ്യത ഉറപ്പാക്കാൻ വേണ്ട നിയമപരമായതോ ഭരണപരമായതോ ആയ ഒരു കടലാസ് പോലും ഇല്ല. കാലങ്ങളായി മുടങ്ങി കിടക്കുന്ന അധ്യാപന തസ്തിക പരിഷ്കരണം നടത്തിക്കൊണ്ടോ, നാടകം-നൃത്തം തുടങ്ങിയ വിഷയങ്ങളിൽ അധ്യാപക തസ്തിക സൃഷ്ടിച്ചു കൊണ്ടോ കലാവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് അനിവാര്യതയാണ്. ഇതിനോടകം പുതിയ തസ്തികകൾ/നിയമനങ്ങൾ എന്നിവ നടത്താതിരിക്കാൻ നിരവധി ആലോചനകൾ നടന്നിട്ടുണ്ടാകാം. നിലവിൽ പല വിദ്യാലയങ്ങളിലും കലാതല്പരരായിട്ടുള്ള മറ്റ് വിഷയ അധ്യാപകർ, കലാ വിദ്യാഭ്യാസപുസ്തകം ക്ലാസ്സുകളിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നതായും അറിയുന്നു. വളരെ സന്തോഷം. ഇത്തരം കലാ തല്പരർ ആയിട്ടുള്ള അധ്യാപകരെ കണ്ടെത്തി തുടർന്നും പാഠപുസ്തകം പഠിപ്പിക്കുവാനുള്ള ശ്രമം നടന്നതായും നടക്കുന്നതായും ഒക്കെയുള്ള കരക്കമ്പി ഉണ്ട് താനും (അധിക അന്വേഷണ വിധേയം).

ഇൻഫർമേഷൻ ടെക്നോളജി പാഠ്യവിഷയമാക്കിയ ശേഷമുള്ള തമാശകൾ നമുക്ക് അറിയാവുന്നതാണ്. എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നവർ, ഇന്നും കേരളത്തിലെ സ്കൂളുകളിൽ IT പഠിപ്പിക്കുന്നുണ്ട്. ഹൈസ്‌കൂൾ വരെയുള്ള വിദ്യാർഥികളെ ഒരു വിഷയം പഠിപ്പിക്കാൻ അതാത് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയും, ബി.എഡും ഒക്കെ വേണമെന്ന് ഉണ്ടെങ്കിലും, കംപ്യൂട്ടർ- ഔദ്യോഗിക ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള ഏതെങ്കിലും അദ്ധ്യാപകൻ/അധ്യാപിക കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടോ എന്നത് സംശയമാണ്. ശരിക്കും അവിടെ ജനാധിപത്യപരമായ അവകാശമാണ് നിഷേധിക്കുന്നത്. കലാമേഖലയിലും ഇത്തരം അവകാശനിഷേധം അനുവദിക്കാൻ സമ്മതിക്കില്ല. ഒരു വ്യക്തി കല തങ്ങളുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയും, അതിനുവേണ്ടി ജീവിതത്തിന്റെ പ്രധാന സമയം മാറ്റി വെയ്ക്കുകയും ചെയ്യുന്നത്, ഭാവിയിൽ വിദ്യാലയങ്ങളിൽ പോയി പഠിപ്പിക്കാൻ അവസരം കിട്ടും എന്ന ചിന്തയിൽ അല്ല. പക്ഷെ, നമുക്ക് മാത്രം അവകാശമുള്ള ഒരു തൊഴിൽ മേഖലയ്ക്ക് സാധ്യത ഉയർന്ന് വരുമ്പോൾ മിണ്ടാതെ ഇരിക്കാൻ സാധിക്കുകയില്ലല്ലോ…

പ്രാഥമിക വിദ്യാഭ്യാസ മേഖലയ്ക്ക് കാലാനുസൃതമായ മാറ്റങ്ങൾ വരണം. കായികം, കല, തൊഴിൽ തുടങ്ങിയവയ്ക്ക് പാഠപുസ്തകങ്ങൾ വന്നുകഴിഞ്ഞു. ഇനി അധ്യാപകരാണ് വേണ്ടത്. തങ്ങളുടെ ജീവിതം, അധ്യയനം, പ്രവർത്തനം എല്ലാം കലയ്ക്കായി മാറ്റി വെച്ചിട്ടുള്ള ആയിരങ്ങൾ കേരളത്തിൽ ഉണ്ട്. അവർക്ക് വിദ്യാഭ്യാസ മേഖലയിൽ കൃത്യമായ പ്രാധാന്യം ഉണ്ടാകണം. ഡോക്ടറും എൻജിനീയറും സിവിൽ സർവന്റും, പോലീസും, പട്ടാളവും, ടെക്കികളും മാത്രമല്ല, നല്ല കഥപറച്ചിലുകാർ ഉണ്ടാകണം, അഭിനേതാക്കൾ, സംവിധായകർ, നർത്തകർ ഒക്കെ ഉണ്ടാകണം. ജോലി കഴിഞ്ഞു വരുന്നവർക്കും, കുട്ടികൾക്കും, ഒഴിവ് സമയം ആഘോഷിക്കാൻ എത്തുന്നവർക്കും ഒക്കെ നിത്യവും വൈകുന്നേരം ഇരുന്ന് മൂന്നൂറോ അഞ്ഞൂറോ രൂപ ടിക്കറ്റ് എടുത്ത് വന്ന് സ്ഥിരമായി നാടകം കാണാൻ കഴിയണം. കല തൊഴിലിടമാക്കി മാറ്റാൻ വേണ്ട തയ്യാറെടുപ്പുകൾ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ ആരംഭിക്കണം. അവർക്ക് വേണ്ട രീതിയിൽ പഠിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ സ്കൂളുകളിൽ നൽകണം. അവർക്ക് വിശാലമായി ചിന്തിക്കാൻ അവസരം ഉണ്ടാക്കണം. വിദ്യാഭ്യാസം ഒരു ട്രപ്പീസ് കളി അല്ലാ എന്ന് അവർക്ക് പറഞ്ഞു കൊടുക്കണം.

ഇൻഫർമേഷൻ ടെക്നോളജി പാഠ്യവിഷയമാക്കിയ ശേഷമുള്ള തമാശകൾ നമുക്ക് അറിയാവുന്നതാണ്. എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നവർ, ഇന്നും കേരളത്തിലെ സ്കൂളുകളിൽ IT പഠിപ്പിക്കുന്നുണ്ട്.
ഇൻഫർമേഷൻ ടെക്നോളജി പാഠ്യവിഷയമാക്കിയ ശേഷമുള്ള തമാശകൾ നമുക്ക് അറിയാവുന്നതാണ്. എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നവർ, ഇന്നും കേരളത്തിലെ സ്കൂളുകളിൽ IT പഠിപ്പിക്കുന്നുണ്ട്.

വജ്രജൂബിലി പോലെ ചെറിയ പദ്ധതി അല്ല സ്കൂളുകളിൽ നടപ്പിലാക്കേണ്ടത്. സ്ഥിരം അധ്യാപകരെ, ഹൈസ്‌കൂൾ അധ്യാപക തസ്തികയ്ക്ക് തത്തുല്യമായ രീതിയിൽ വിന്യസിക്കണം. ആദ്യ അഞ്ചു വർഷം എങ്കിലും, BRC തലത്തിൽ നിർദിഷ്ട കലാ അധ്യാപന യോഗ്യതയുള്ളവരെ ഡെപ്യൂട്ടേഷനിലോ അല്ലാതെയോ നിയമിച്ച് രണ്ടോ, മൂന്നോ പേരടങ്ങുന്ന അസ്സെസ്സ്മെന്റ് സമിതി ഉണ്ടാക്കി കലാ വിദ്യാഭ്യാസ പാഠ്യപദ്ധതി പ്രവർത്തനങ്ങൾ വളർത്തി കൊണ്ട് വരണം. കേരളത്തിലെ പ്രധാന കലാവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ കൂട്ടിയോജിപ്പിച്ചു കൊണ്ട് സർക്കാർ തരത്തിൽ കലാ വിദ്യാഭ്യാസ അധ്യാപകരുടെ തസ്തികയുടെ ഏകോപനം, യോഗ്യത മാനദണ്ഡം പുനർനിശ്ചയം, പാഠപുസ്തകത്തിന്മേലുള്ള നവീന മാർഗ രേഖ ഉണ്ടാക്കൽ തുടങ്ങിയവ ചർച്ച ചെയ്ത് പൂർത്തീകരിക്കണം. സംഗീതം, ചിത്രരചന എന്നിവയ്ക്കുള്ളത് പോലെ നൃത്തം, നാടകം, ചലച്ചിത്ര പഠനം എന്നിവയിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ തത്തുല്യമായ യോഗ്യതകളോ ഉള്ളവർക്ക് കെ-ടെറ്റ് പരീക്ഷ നടപ്പിലാക്കണം. കലാവിദ്യാഭ്യാസം നല്ല നാളെയ്ക്കായുള്ള കരുതലാണ്. നന്മയുള്ള മനുഷ്യരെ ഉണ്ടാക്കാനുള്ള രാഷ്ട്രീയ പ്രവർത്തനം. നമ്മുടെ കേരളത്തിൽ ഇനി അതുണ്ടായേ മതിയാകൂ...

Comments