വിദ്യാർഥികളുടെ മാനസികനില തകർക്കുന്ന സ്വാശ്രയ അധോലോകം

എന്റെ അനുഭവത്തിലെ കോളേജിനെ കുറിച്ച് എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ഒരു ‘അധോലോകസംഘം.’ അല്ല; ഒരു അധോലോക സംഘത്തിൽ ഈ കോളേജിലെ അധികൃതർ ജോയിൻ ചെയ്യാൻ ചെന്നാൽ, അവർ പോലും ഇവരെ അംഗീകരിക്കില്ല.

ന്മ നിറഞ്ഞ നല്ലവരായ അധ്യാപകരേ,
കോളേജ് അധികൃതരെ, നിങ്ങൾ ഇങ്ങോട്ട് ശ്രദ്ധിക്കണ്ട. ഞാനിവിടെ പറയാൻ പോകുന്നത് നിങ്ങളെ കുറിച്ചല്ല.

എന്റെ അനുഭവത്തിലെ കോളേജിനെ കുറിച്ച് എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ഒരു ‘അധോലോകസംഘം.’ അല്ല; ഒരു അധോലോക സംഘത്തിൽ ഈ കോളേജിലെ അധികൃതർ ജോയിൻ ചെയ്യാൻ ചെന്നാൽ, അവർ പോലും ഇവരെ അംഗീകരിക്കില്ല. മാധ്യമങ്ങ​ളോടും വായനക്കാരോടുമുള്ള ബഹുമാനം കൊണ്ട് ഇത്ര സഭ്യമായ ഭാഷയിലേ തല്ക്കാലം എനിക്ക് ഇവരെക്കുറിച്ച് വിശദീകരിക്കാൻ നിവൃത്തിയുള്ളൂ.

ഒരു സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. മാരക മർദ്ദനങ്ങളോ ഇടിമുറികളോ ഒന്നും ഇവിടെയില്ല. പക്ഷെ, വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം കൊടുക്കാതെ തടവറയിലിട്ട് പഠിപ്പിച്ച്, അവകാശബോധവും പൗരബോധവും ജനാധിപത്യബോധവും എന്തെന്നറിയാതെ പതുക്കെ പതുക്കെ അവരുടെ മാനസികനില തകർക്കുന്ന പ്രക്രിയയാണ് അവിടെ നടക്കുന്നത്.

സമൂഹത്തിനുമുന്നിൽ മാന്യത നന്നായി അഭിനയിച്ച്​ വൃത്തിയായി തരികിട കളിക്കാൻ അറിയാവുന്നതുകൊണ്ട് ഇതൊന്നും ആരും അറിയുന്നില്ല എന്നതാണ് വാസ്തവം. ഒരു പക്ഷെ, അമൽജ്യോതി പോലെ ഭാവിയിൽ ഈ സ്ഥാപനവും അവിടെ നടക്കുന്ന അനധികൃത പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിയേക്കാം.

അമല്‍ ജ്യോതി കോളജ്

കുട്ടിക്കാലം മുതൽ എനിക്ക് സിനിമ ഒരുപാട് ഇഷ്ടമായിരുന്നു. വളർന്നപ്പോൾ ആ ഇഷ്ടം സാഹിത്യത്തിനും കൂടി പങ്കുവെച്ചു കൊടുത്തു. ഡിഗ്രി കഴിഞ്ഞ് കോളേജിൽ നിന്ന് പുറത്തിറങ്ങാറായ സമയം. ഒരു ചലച്ചിത്ര പ്രസിദ്ധീകരണം ആരംഭിക്കണമെന്ന കുറേ നാളായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം നടപ്പിലാക്കാമെന്ന തീരുമാനം മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ ഞാനും ചുരുക്കം ചില സുഹൃത്തുക്കളും ചേർന്ന് മാഗസിൻ യഥാർഥ്യമാക്കാനുള്ള ആലോചന തുടങ്ങി.

പ്രസിദ്ധീകരണം വ്യത്യസ്തവും ശ്രദ്ധേയവുമാക്കാൻ പുതിയ വഴികൾ അന്വേഷിച്ചു. അങ്ങനെയാണ് കോളേജിന്റെ ഭാഗമായി തന്നെ ചെയ്താലെന്തെന്ന് ആലോചിച്ചത്. കാരണം കേരളത്തിൽ ഇന്നേവരെ ഒരു സർവകലാശാലയുടെ ഭാഗമായി ഒരു ചലച്ചിത്ര പ്രസിദ്ധീകരണം ഇറങ്ങിയിട്ടില്ല. അതുകൊണ്ട് കേരളത്തിലെ ആദ്യത്തെ കോളേജ് ഫിലിം മാഗസിൻ എന്ന ലേബലിൽ ഇതിനെ പ്രൊമോട്ട് ചെയ്യാമെന്ന് കരുതി. മാത്രമല്ല, മാഗസിൻ പ്രവർത്തനത്തിനുവേണ്ടി കോളേജ് അധികൃതരിൽ നിന്നും അധ്യാപകരിൽ നിന്നും സഹായവും ലഭിക്കുമെന്ന് വിശ്വസിച്ചു. നാക്ക് (NAAC) അക്രെഡിറ്റേഷൻ പ്രവർത്തനം നടുക്കുന്ന സമയമായതുകൊണ്ട് കോളേജിനും താല്പര്യം. അങ്ങനെ കോളേജിന്റെ മീഡിയ ക്ലബ്ബിന്റെ ഭാഗമായി മാഗസിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.

മാഗസിൻ പുറത്തിറങ്ങാൻ ഒന്നരവർഷത്തോളം അധ്വാനിക്കേണ്ടി വന്നു. അധ്യാപകരുടെയോ കോളേജിന്റെയോ ഭാഗത്തുനിന്ന് കാര്യമായ സഹകരങ്ങളൊന്നും ലഭിച്ചില്ല എന്നതിലുപരി പലരും ഈ പ്രവർത്തനത്തോട് വിമുഖത പ്രകടിപ്പിക്കുകയും ചെയ്തു.

സിനിമാസംബന്ധമായ ലേഖനങ്ങൾ, അഭിമുഖങ്ങൾ എന്നിവയായിരുന്നു ഇതിലെ പ്രധാന ആശയങ്ങൾ. മാഗസിൻ കേരളം മുഴുവൻ എത്തിക്കാൻ വേണ്ടിയും കച്ചവട സാധ്യത വർദ്ധിപ്പിക്കാനും മികച്ച രചനകൾ ആവശ്യമായിരുന്നു. അങ്ങനെ തിരക്കഥകൃത്ത് ജോൺ പോൾ, നിരൂപകാരായ ജി. പി. രാമചന്ദ്രൻ, മധു ജനാർദ്ദനൻ ഉൾപ്പെടെ ഒരുപാട് ചലച്ചിത്ര പ്രവർത്തകർ ഞങ്ങൾക്ക് ലേഖനങ്ങൾ സന്തോഷപൂർവ്വം സൗജന്യമായി നൽകുകയും സംരംഭത്തിന്റെ വിജയത്തിനുവേണ്ട നിർദ്ദേശങ്ങൾ നൽകി ഒപ്പം നിൽക്കുകയും ചെയ്തു. ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷൻ എന്നിവിടങ്ങളിൽ നിന്നും ഉപദേശങ്ങൾ സ്വീകരിച്ചു. കോളേജിന്റെ പേര് വയ്ക്കുന്നതുകൊണ്ട് ചില വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്തി, പിന്നെ കുറച്ചു പുറത്തുനിന്നും സംഘടിപ്പിച്ചു. അങ്ങനെ മാഗസിൻ പ്രവർത്തനങ്ങൾ പുരോഗമിച്ചു. മാഗസിന് 'മാജിക്‌ ലാന്റേൺ' എന്ന് പേരും നൽകി.

ജോൺ പോൾ, ജി. പി. രാമചന്ദ്രൻ, മധു ജനാർദ്ദനൻ ഉൾപ്പെടെ ഒരുപാട് ചലച്ചിത്ര പ്രവർത്തകർ ഞങ്ങൾക്ക് ലേഖനങ്ങൾ സന്തോഷപൂർവ്വം സൗജന്യമായി നൽകുകയും ഒപ്പം നിൽക്കുകയും ചെയ്തു.

മാഗസിൻ പുറത്തിറങ്ങാൻ ഒന്നരവർഷത്തോളം അധ്വാനിക്കേണ്ടി വന്നു. അധ്യാപകരുടെയോ കോളേജിന്റെയോ ഭാഗത്തുനിന്ന് കാര്യമായ സഹകരങ്ങളൊന്നും ലഭിച്ചില്ല എന്നതിലുപരി പലരും ഈ പ്രവർത്തനത്തോട് വിമുഖത പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ എഡിറ്റിംഗ് ഉൾപ്പെടെ എല്ലാ ജോലികളും തൊണ്ണൂറ്റി ഒൻപത് ശതമാനവും ഞാൻ ഒറ്റയ്ക്ക് ചെയ്യേണ്ടിവന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പ്​ വകവെയ്ക്കാതെ മുന്നോട്ടുള്ള എന്റെ പഠനവും ഒന്നര വർഷത്തെ സമയവും ഞാൻ മാഗസിനുവേണ്ടി മാത്രം മാറ്റിവെച്ചു. സുഹൃത്തുക്കളുടെ പ്രോത്സാഹനവും ഇതുമൂലം ലഭിക്കാനിരിക്കുന്ന നല്ല ഭാവിയും മേൽവിലാസവും ഓർത്തപ്പോൾ ഇതൊരു നഷ്ടമായി തോന്നിയില്ല. അങ്ങനെ ഒരു വിധം മാഗസിന്റെ എഡിറ്റിംഗ് വർക്ക്​ പൂർത്തിയാക്കി ലേ ഔട്ട്‌ ആരംഭിച്ചു.
അന്നേരമാണ് പ്രിന്റിങ്ങിനെ കുറിച്ചുള്ള ആശങ്ക വല്ലാതെ അലട്ടിയത്. കോളേജിൽ ആവശ്യപ്പെട്ടപ്പോൾ ഫണ്ട് തരില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ‘അധ്യാപകർക്ക് മൂന്ന് മാസമായി ശമ്പളം കൊടുത്തിട്ടില്ല, ഇതൊന്നും ബഡ്ജറ്റിലുള്ള കാര്യമല്ല' എന്നൊക്കെയായിരുന്നു അവരുടെ ന്യായം. ഒടുക്കം കാമ്പസ് പരിസരത്ത് നിന്ന് അധ്യാപകർ തന്നെ മൂന്ന് പരസ്യങ്ങൾ സംഘടിപ്പിച്ചു. പ്രിൻറ്​ ചെയ്ത മാഗസിൻ കാണിച്ചാൽ പണം ലഭിക്കുമെന്ന ധൈര്യത്തിൽ പ്രിൻസിപ്പൽ, മീഡിയ ക്ലബ്ബ് കൺവീനർ എന്നിവർ പണം തരാൻ തയ്യാറായി. ഒന്നര വർഷത്തെ മാഗസിൻ പ്രവർത്തനത്തിൽ എനിക്കുണ്ടായ ചെലവിനുപുറമെ 12,000 രൂപ ഞാനും നൽകി. (മാഗസിൻ പ്രിന്റ് ചെയ്ത് കഴിഞ്ഞ്, അത് വിറ്റ് എല്ലാ നഷ്ടങ്ങളും നികത്താമെന്ന് കരുതി). പ്രിന്റിംഗ് സമയമായപ്പോഴേക്കും ‘നാക്കി’ന്റെ വിസിറ്റിംഗ് കഴിഞ്ഞിരുന്നു.

തിരുവനന്തപുരത്തെ ഒരു പ്രസ്സിലായിരുന്നു പ്രിന്റിംഗ്. അതോടെ കഥ മാറി. മാഗസിൻ ഒരെണ്ണം എഡിറ്ററായ എനിക്കുപോലും തരാതെ പ്രസ്സിൽ നിന്ന് എല്ലാം അധ്യാപകർ കൊണ്ടുപോയി. തിരുവനന്തപുരം പ്രസ്​ ക്ലബ്ബിൽ വെച്ച് ഞാൻ മാജിക്‌ ലാന്റേൺ റിലീസ് ചെയ്യാൻ തീരുമാനിച്ചു. അതിനുവേണ്ടി 100 കോപ്പി കോളേജിൽ നിന്ന് എടുത്തു. അത് മാഗസിൻ പ്രീ ബുക്ക്‌ ചെയ്തവർക്കും, മാഗസിൻ പ്രവർത്തനങ്ങളിൽ സഹായിച്ചവർക്കും, പ്രസ്​ ക്ലബ്ബിൽ റിലീസ് നടന്ന വേദിയിൽ മാധ്യമ പ്രവർത്തകർക്കും ഉൾപ്പെടെ സൗജന്യമായി നൽകിയപ്പോൾ തീരുകയും ചെയ്തു. റിലീസ് കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുശേഷം ക്യാമ്പസിലെ ചില വിദ്യാർത്ഥികൾ എന്നെ വിളിച്ചു.
‘‘നിങ്ങൾ മാഗസിൻ ഫെസ്റ്റിവൽസിന് പ്രദർശിപ്പിക്കും, വിൽക്കും എന്നൊക്കെയല്ലേ പറഞ്ഞത്. പക്ഷെ, ഇവിടെ എല്ലാവർക്കും അത് ഫ്രീയായി കൊടുക്കുന്നല്ലോ’’, അവർ പറഞ്ഞു. ഞാൻ അന്വേഷിച്ചപ്പോൾ സത്യമാണ്. മാജിക്‌ ലാന്റേൺ കോളേജ് മാഗസിനാണെന്നുപറഞ്ഞ് അത് സൗജന്യമായി വിതരണം ചെയ്തു, വിദ്യാർത്ഥികൾക്ക് മാത്രമല്ല.

ഒന്നര കൊല്ലം ഒരു തൊഴിലാളിയെ കൊണ്ട് കഷ്ടപ്പെട്ട് പണിയെടുപ്പിച്ചിട്ട് അവന് ശമ്പളം കൊടുക്കാതെ അവന്റെ കയ്യിലുള്ള പണം പോലും പിടിച്ചുവാങ്ങിച്ച് അവനെ നഷ്ടങ്ങളിലേക്ക് തള്ളിവിടുന്ന മുതലാളിമാരെ കണ്ടിട്ടുണ്ടോ? അതാണ് ഇവിടെ സംഭവിച്ചത്. അല്ലെങ്കിൽ അതിനേക്കാൾ വലുത്.

മാഗസിൻ പ്രസിദ്ധീകരിക്കാൻ ഫണ്ട്‌ കിട്ടാനില്ലാതിരുന്ന സമയം ഞങ്ങൾ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. അന്ന് പല തവണ അപേക്ഷിച്ചിട്ടും ഒരു കോപ്പി പോലും ബുക്ക്‌ ചെയ്യാത്ത, സാംസ്‌കാരിക ബോധമില്ലാത്ത അധ്യാപകർക്ക് ഉൾപ്പെടെയാണ് അവർ സൗജന്യമായി വിതരണം ചെയ്തത്. ഞാൻ അതിനെ എതിർത്തു. മീഡിയ ക്ലബ്ബ് കൺവീനർ കൂടിയായ അധ്യാപകൻ അതിനു മറുപടി പറഞ്ഞത്: ‘‘ഞങ്ങളാണ് കൂടുതൽ പണം ചെലവാക്കിയത്, അതുകൊണ്ട് ഞങ്ങൾ തോന്നിയപോലെ ചെയ്യും. നീ ആരാണ് ചോദിക്കാൻ’’ എന്നാണ്. പ്രിൻസിപ്പലിന് പല തവണ മെസ്സേജ് അയച്ചിട്ടും മറുപടി ലഭിച്ചില്ല.

എന്റെ ആശയം, എന്റെ അധ്വാനം, പണം, പ്രതീക്ഷ എല്ലാം ആ മാഗസിന് പുറത്താണ്. ഇതിൽ നിന്ന് ഒരു മേൽവിലാസം അല്ലെങ്കിൽ ജനശ്രദ്ധയൊക്കെ നേടിയെടുക്കാനാണ് ജീവിതത്തിലെ ഒന്നര വർഷം മറ്റെല്ലാം മാറ്റിവെച്ച് ഈ പ്രസിദ്ധീകരണത്തിന്റെ വിജയത്തിനായി ജീവിച്ചത്. ആ പുസ്തകമാണ് അവർ ഒരിക്കലും വായിക്കാനിടയില്ലാത്ത അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എറിഞ്ഞു കൊടുത്തത്.

60,000 രൂപയായിരുന്നു 1000 കോപ്പി മാഗസിൻ പ്രിന്റ് ചെയ്യാൻ വന്ന ചെലവ്. മാഗസിനിൽ അധ്യാപകർക്ക് ചെലവായ പണം പരസ്യത്തിൽനിന്ന് അവർ തിരികെ പിടിച്ചു. എന്നാൽ ഞാൻ പ്രിന്റിംഗിന് മാത്രം ചെലവാക്കിയ 12,000 രൂപയുടെ പാതി പണത്തിന്റെ കോപ്പികൾ പോലും എനിക്ക് ലഭിച്ചില്ല. കിട്ടിയ കോപ്പികൾ സൗജന്യമായി കൊടുത്തതുകൊണ്ട് എഴുത്തുകാർക്ക് പോലും മാഗസിൻ ലഭിച്ചില്ല എന്നതാണ് സത്യം.

ഒന്നര കൊല്ലം ഒരു തൊഴിലാളിയെ കൊണ്ട് കഷ്ടപ്പെട്ട് പണിയെടുപ്പിച്ചിട്ട് അവന് ശമ്പളം കൊടുക്കാതെ അവന്റെ കയ്യിലുള്ള പണം പോലും പിടിച്ചുവാങ്ങിച്ച് അവനെ നഷ്ടങ്ങളിലേക്ക് തള്ളിവിടുന്ന മുതലാളിമാരെ കണ്ടിട്ടുണ്ടോ? അതാണ് ഇവിടെ സംഭവിച്ചത്. അല്ലെങ്കിൽ അതിനേക്കാൾ വലുത്.

കാമ്പസിൽ ഫ്രീയായി വിതരണം ചെയ്തതിൽ ഇനി കോപ്പി ബാക്കിയുണ്ടെങ്കിൽ അതെങ്കിലും എനിക്ക് തരണമെന്ന് ഒന്നുകൂടി പറഞ്ഞു നോക്കി. അതിന് മറുപടിയായി മീഡിയ ക്ലബ്ബ് കൺവീനർ ഭീഷണി സ്വരത്തിൽ പറഞ്ഞത്: ‘‘ഒരു കോപ്പി പോലും നിനക്ക് കിട്ടില്ല’’ എന്നാണ്. ഡോക്ടറേറ്റ് നേടിയ, അധ്യാപനത്തിൽ എത്രയോ വർഷത്തെ അനുഭവ പരിചയമുണ്ടെന്ന് സ്വയം പറയുന്ന ഒരു അധ്യാപകൻ, ഒരു വിദ്യാർഥിയോടു പറഞ്ഞ വാക്കുകളാണിത്​.

അര്‍ജുന്‍ ജെ.എല്‍.

വിദ്യാർത്ഥികളെ നന്മയിലേക്ക് നയിക്കേണ്ടവർ, അവരുടെ സർഗാത്മക ശേഷിയെയും ആത്മവിശ്വാസത്തെയും ഇല്ലാതാകുന്ന അധോലോകത്തെക്കാൾ ഭീകരമാകുന്ന അവസ്ഥകളെ വെളിച്ചത്തേക്ക് കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചു. മാഗസിന്റെ ഭാഗമായി നിന്ന ചലച്ചിത്ര പ്രവർത്തകരുടെ പിന്തുണയോടെ ഞാൻ ഇത് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ശ്രമം നടത്തി. ധാരാളം മാധ്യമങ്ങളെ ഞാൻ വിവരം അറിയിച്ചു. ആരും റിപ്പോർട്ട്‌ ചെയ്യാൻ തയ്യാറായില്ല. ചലച്ചിത്ര പ്രവർത്തകരും എന്റെ കൂടെ ആശ്വാസമായി നിന്ന കുറച്ചു സുഹൃത്തുക്കളും ഒഴികെ പലരും എന്റെ തീരുമാനത്തെ എതിർക്കുകയും ചെയ്തു. ചിലരുടെ അഭിപ്രായം ഇങ്ങനെയായിരുന്നു: ‘‘കോളേജ് അധികൃതർ ഏകദേശം 50,000 രൂപ ചെലവാക്കിയല്ലോ, അപ്പോൾ നിങ്ങൾക്ക് ഇതിൽ ചെലവായ പണവും അർഹതപ്പെട്ട കോപ്പികളും കോളേജ് മാനേജ്മെന്റിനോടോ മറ്റോ റിക്വസ്റ്റ് ചെയ്ത് വാങ്ങിച്ചാൽ പോരേ?’’

പണം കൊണ്ട് മാത്രം ഇതുപോലൊരു മാഗസിൻ രൂപപ്പെടുത്താൻ കഴിയുമോ? എങ്കിൽ കയ്യിൽ പണമുള്ള എല്ലാവർക്കും ഇത് ചെയ്യാമല്ലോ. പണം കയ്യിലുണ്ടായിട്ടും ഇത്രയും നാൾ എന്തുകൊണ്ട് ഇങ്ങനെയൊരു ഫിലിം മാഗസിൻ ആ കോളേജിൽ ഉണ്ടായില്ല? എന്റെ ഒന്നര വർഷത്തെ അധ്വാനത്തിൽ രൂപം കൊണ്ട എന്റെ പുസ്തകം എനിക്ക് തിരിച്ചുലഭിക്കാൻ ഞാൻ ആരുടെ മുന്നിലാണ് അപേക്ഷയുമായി ചെല്ലേണ്ടത്. ശരി, ഞാൻ അപേക്ഷ സമർപ്പിച്ച് നഷ്ടപ്പെട്ട പണം തിരികെ വാങ്ങിയെന്നിരിക്കട്ടെ, എന്റെ ഒന്നര വർഷത്തെ കഷ്ടപ്പാടും നഷ്ടപ്പെട്ട സമയും എവിടെയാണ് ഞാൻ ചോദിക്കേണ്ടത്.

വിദ്യാർത്ഥികൾ മാത്രമല്ല അധ്യാപകരും പല രീതിയിൽ മാനസിക പീഡനങ്ങൾക്ക് ഇരയാക്കപ്പെടുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്നും ഓരോ അധ്യാപകർ പുതുതായി ജോയിൻ ചെയ്യുകയും മൂന്നു മാസം പോലും തികയ്ക്കാതെ രാജിവെച്ചു രക്ഷ​പ്പെട്ടുപോകുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ അന്വേഷിച്ചാൽ മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്.

അധികാരം കൊണ്ടും പണം കൊണ്ടും സ്വാധീനം കൊണ്ടും ഉയരത്തിൽ നിൽക്കുന്നവർക്ക് ബാക്കിയെല്ലാവരും തനിക്ക് കീഴിലാണെന്നും അവരോട് തനിക്ക് എന്ത് ക്രൂരതയും ആകാമെന്നുമുള്ള ഫ്യൂഡൽ മനോഭാവം പുലർത്തുന്ന കോളേജ് അധികൃതരെയും അധ്യാപകരെയും തുറന്നു കാട്ടാനാണ് ഞാൻ ശ്രമിച്ചത്. അതിനെയാണ് മറ്റുള്ളവർ നിസാരമായി കണ്ടത്.

നീണ്ട അപേക്ഷകൾക്കൊടുവിൽ ഒരു ചാനൽ ഇത് റിപ്പോർട്ട്‌ ചെയ്യാൻ തയ്യാറായി. അവർ ചെറിയൊരു എൻക്വയറി എന്ന നിലയിൽ പ്രിൻസിപ്പലിനെയും മീഡിയ ക്ലബ്​ കൺവീനറെയും വിളിച്ചു. അവർ വിഷയത്തെ കുറിച്ച് പറഞ്ഞത്: മാഗസിൻ അവരുടെ ആശയമാണെന്നും, ഞാൻ അതിനുവേണ്ടി പണമൊന്നും ചെലവാക്കിയിട്ടില്ല എന്നുമാണ്.

‘അധ്യാപകർക്ക് ശമ്പളം കൊടുത്തിട്ട് മൂന്ന് മാസമായി’, ‘മാനേജ്മെന്റ് പണം ഇതുവരെ അനുവദിച്ചിട്ടില്ല’ എന്നൊക്കെ പറഞ്ഞവരാണ് ‘എനിക്ക് പണം തന്നു’ എന്ന് പറയുന്നതെന്ന് ഓർക്കണം. അതും പണം ചെലവാക്കിയതിന്റെ തെളിവ് എന്റെ കയ്യിലുണ്ടായിട്ടുപോലും.

ഒരു വിദ്യാർത്ഥിയെ പറ്റിച്ച് അവന്റെ എല്ലാ സ്വപ്നങ്ങളും അടിച്ചെടുത്ത് അവന്റെ മാനസിക നിലയെപ്പോലും തകർത്ത് യാതൊരു കുറ്റബോധവുമില്ലാതെ നുണ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇത്തരക്കാർ അധ്യാപക മേഖലയിൽ നിൽക്കാൻ യോഗ്യരാണോ? വിദ്യാർത്ഥികൾ മാത്രമല്ല അധ്യാപകരും പല രീതിയിൽ മാനസിക പീഡനങ്ങൾക്ക് ഇരയാക്കപ്പെടുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്നും ഓരോ അധ്യാപകർ പുതുതായി ജോയിൻ ചെയ്യുകയും മൂന്നു മാസം പോലും തികയ്ക്കാതെ രാജിവെച്ചു രക്ഷ​പ്പെട്ടുപോകുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ അന്വേഷിച്ചാൽ മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്.

എന്റെ മാഗസിൻ കയ്യേറിയതും അതിലൂടെ എന്നെ ഒരു വിഷാദത്തിന്റെ മാനസികാവസ്ഥയിലെത്തിച്ചതും പ്രിൻസിപ്പലും മീഡിയ ക്ലബ്​ കൺവീനറും ചേർന്നാണ്. ബാക്കി അധ്യാപകർ ആരും ഇതിന് കൂട്ടുനിന്നു എന്ന് ഞാൻ കരുതുന്നില്ല. സംഭവം നടന്ന് രണ്ടോ മൂന്നോ മാസങ്ങൾക്കുശേഷം. കാമ്പസിലെ ഒരു വിദ്യാർത്ഥിയുമായി ഞാൻ ഫോണിൽ സംസാരിക്കുന്നിതിടയിൽ അയാൾ പറഞ്ഞു: ‘‘നിങ്ങളുടെ മറ്റേ മാഗസിനില്ലേ, പിള്ളേർക്ക് ഫ്രീയായി കൊടുത്തത്. അതിന്റെ പണം ഞങ്ങൾ ഫീസടച്ചപ്പോൾ അതിന്റെ കൂടെ എടുത്തു. റെസിപിറ്റിൽ ഉണ്ട് മാഗസിൻ റേറ്റ് എന്ന്.’’
ഞാൻ പറഞ്ഞു: അത് കോളേജ് മാഗസിന്റെ ഫീയായിരിക്കും.
‘‘എന്നിട്ട് കോളേജ് മാഗസിൻ എവിടെ? ഞങ്ങൾക്ക് കോളേജ് മാഗസിനും കിട്ടിയിട്ടില്ല, ഫിലിം മാഗസിനും കിട്ടിയിട്ടില്ല’’.

ശരിയാണ്. ഞാൻ മൂന്നു വർഷം പഠിച്ചതാണ്. അന്ന് ഞങ്ങളിൽ നിന്ന്​ അവർ ഫീസിന്റെ കൂടെ മാഗസിൻ ഫീ ഈടാക്കിയിരുന്നു. കോളേജ് മാഗസിൻ എന്നൊരു സാധനം ഈ മൂന്നു വർഷത്തിനിടയ്ക്ക് ഞങ്ങൾ കണ്ടിട്ടുപോലുമില്ല. ഞാൻ എനിക്ക് മുമ്പ് പഠിച്ച വിദ്യാർത്ഥികളോട് ചോദിച്ചു. അവരും കോളേജ് മാഗസിന് പണം കൊടുത്തിട്ടുണ്ട്. കിട്ടിയിട്ടില്ല. ഇതൊന്നും ഒരു സ്ഥലത്തെ മാത്രം പ്രശ്നങ്ങളാകണമെന്നില്ല. പലയിടങ്ങളിലും സംഭവിക്കുന്നുണ്ടാകാം. ഇവിടെ ഇങ്ങനെ, വേറൊരു സ്ഥലത്ത് വേറൊരു തരത്തിൽ.

സ്വാശ്രയ സ്ഥാപനങ്ങളിലടക്കം എല്ലാ കോളേജുകളിലും വിദ്യാർത്ഥി പരിഹാരസെല്‍ രൂപീകരിക്കാനും വിദ്യാര്‍ഥികളുടെ അവകാശരേഖ സര്‍വകലാശാലാ നിയമത്തിന്റെ ഭാഗമാക്കാനുമുള്ള ഉത്തരവ് തീർച്ചയായും ആശ്വാസകരം തന്നെയാണ്. അതിൽ ഞാൻ നന്ദിയും സന്തോഷവും അറിയിക്കുന്നു. വിദ്യാർത്ഥികളെ ചൂഷണം ചെയ്ത് അവരുടെ സ്വാതന്ത്ര്യം നിഷേധിച്ച് അവരുടെ പണം കൊണ്ട് നിലനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ നിരവധിയുണ്ട്. അവ യാതൊരു തടസ്സങ്ങളും ഇല്ലാതെ പുതുതലമുറയുടെ തലയ്ക്കു മീതെ ഉയരുന്നുമുണ്ട്. ദുരധികാരത്തിലൂടെ ഉയർന്നു വരുന്നതിനൊന്നും ശാശ്വതമായ നിലനിൽപ്പില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെങ്കിലും ഇതൊക്കെ നിലം പതിക്കും. പക്ഷെ, അതിന് ഇനിയൊരു ദുരന്തം കാരണമാകാതിരിക്കട്ടെ.

(സത്യസന്ധമായും ആത്മാർത്ഥമായും എല്ലാ പ്രതിസന്ധികളിലും എനിക്കൊപ്പം നിന്ന അധ്യാപകരുണ്ട്. അവരെ ഞാൻ വിമർശനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.)

Comments