സിദ്ധാർഥൻ ബാക്കിയാക്കുന്ന ചോദ്യങ്ങൾ

കലാലയങ്ങൾ പഠനത്തിനൊപ്പം പ്രണയത്തിൻ്റെ പൂന്തോട്ടമാണ്. അവിടെ സഹിഷ്ണുതാ ബോധത്തിൽ നിന്നാണ് സഹാനുഭൂതി വളരുന്നത്. വിദ്യാർത്ഥികളിൽ എന്തുകൊണ്ട് അത് വളരുന്നില്ല. ഒന്നിച്ച്‌ പഠിക്കുന്ന, കളിക്കുന്ന, ഭക്ഷണം കഴിക്കുന്ന, ഉറങ്ങുന്ന ഒരുവനെ ക്രൂരമായി മർദിക്കുമ്പോൾ കൂട്ടത്തിൽ നിന്ന് ഒരാൾക്കെങ്കിലും എതിർക്കാൻ കഴിയാതെ പോയതിൻ്റെ കാരണം എന്താണ്?

വിദ്യാർത്ഥി സമൂഹത്തെ കുറിച്ച് കേരളം അടുത്തകാലത്തൊന്നും ഇത്രയധികം ചർച്ച ചെയ്തിട്ടില്ല. ഇപ്പോഴത്തെ ചർച്ചക്ക് കാരണമായ സിദ്ധാർഥന്റെ ആത്മഹത്യ കേവലം ഒരു വിദ്യാർത്ഥിയുടെ അസാധാരണ മരണം മാത്രമല്ല. ആ കുടുംബത്തിന് ഉണ്ടായ നഷ്ടം തീർക്കാൻ കഴിയുന്നതുമല്ല. എന്നാൽ ക്രൂരമായ ഈ സംഭവം കേരളീയ സമൂഹത്തോട് നിരവധി ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അത് സിദ്ധാർഥൻ്റെ ചോദ്യങ്ങൾ കൂടിയാണ്. അതിനെ ക്രിമിനൽ പശ്ചാത്തലത്തിൽ മാത്രം കാണേണ്ടതല്ല. പകരം സാമൂഹ്യ രാഷ്ട്രീയ തലത്തിൽ കൂടി പരിശോധിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ പ്രതികളായി പിടിക്കപ്പെട്ടവരിൽ ഒളിഞ്ഞിരിക്കുന്ന ക്രിമിനൽ മനോഭാവത്തെ പുറത്തെടുത്ത് വിശകലനം ചെയ്യാൻ പറ്റൂ. അത് പുതുകാല കലാലയ ജിവിതത്തെ സ്വാധീനിച്ച അരാഷ്ട്രീയ ബോധത്തിൻ്റെ ആഴത്തെ ബോധ്യപ്പെടാന്‍ സഹായിക്കും.

സിദ്ധാർഥിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളുടെ സാമൂഹ്യബോധത്തെയും രാഷ്ട്രീയ നിലപാടിനെയും എങ്ങനെയാണ് പരിശോധിക്കേണ്ടത്? അവർ ഇതുവരെ ആർജ്ജിച്ചെടുത്ത ജ്ഞാന ബോധത്തിൻ്റെ സത്ത എന്താണ്? മനുഷ്യനെ മനുഷ്യനായി കാണാനുള്ള വ്യക്തിയുടെ ജൈവീകമായ ചോദന എങ്ങനെയാണ് ഇളംപ്രായത്തിൽ തന്നെ നഷ്ടമാവുന്നത്. പഠനകാലത്ത് ഇത്തരം സംഭവങ്ങളിൽപ്പെട്ടവരായിരിക്കും ഭൂരിപക്ഷവും. അതൊക്കെ എതാനും മണിക്കൂറുകള്‍ മാത്രം നിലനിൽക്കുന്ന വൈകാരിക പ്രകടനങ്ങൾ മാത്രമായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ ആ വൈര്യം അവസാനിച്ച് അവർ സൗഹൃദത്തിലാവുന്നു. എന്നാൽ വയനാട് പൂക്കാേട് വെറ്ററിനറി കോളേജിൽ നടന്നത് അങ്ങനെയല്ല. അത് തികച്ചും ആസൂത്രിതമായിരുന്നു. വീട്ടിലേക്ക് പോയ സിദ്ധാർഥനെ വിളിച്ചു വരുത്തുന്നു. പിന്നെ കലാലയങ്ങളിൽ കാണാത്ത സമാനാതകളില്ലാത്ത മർദ്ദനവും പീഡനവും. ഇത് തെളിയിക്കുന്നത് ഈ പ്രായത്തിൽ തന്നെ ക്രിമിനൽ മനോഭാവം വിദ്യാർത്ഥികളിൽ വളരുന്നു എന്നതാണ്. ഇത് എങ്ങനെ ഉണ്ടാകുന്നു എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

സിദ്ധാര്‍ഥ്

ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ട് പ്രകാരം രഹാനാണ് സിദ്ധാർഥനെ തിരിച്ച് വിളിച്ചത്. കാശിനാഥൻ എന്ന സഹപാഠിയാണ് ആദ്യം മർദ്ദിച്ചത്. പിന്നീട് 21 - നമ്പർ മുറിയിൽ വെച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദ്ദനം തുടർന്നു. പിന്നീടാണ് ഹോസ്റ്റലിലെ ശിക്ഷാരീതി എല്ലാവരും അറിയണം എന്ന അഭിപ്രായത്തിൽ നടുമുറ്റമായ ഷട്ടിൽ കോർട്ടിൽ എത്തിച്ചത്. ഹോസ്റ്റൽ മുറികളുടെ വാതിലുകൾ തുറക്കാൻ ആവശ്യപ്പെടുന്നു. മർദ്ദനം തുടരുന്നു. ഈ രീതി ഒരിക്കലും സ്വഭാവികമായ പ്രതികരണത്തിൻ്റെ ഭാഗമല്ല. ഇത്തരം ക്രൂരമായ നടപടികളിലേക്ക് എത്തിപ്പെടാൻ പാകത്തിൽ വിദ്യാർത്ഥികളിൽ മനുഷത്വ വിരുദ്ധതയുടെ ചിന്താപരിസരം എങ്ങനെ വളർന്നു.

ഇത് വ്യക്തി, കുടുംബം, സമൂഹം, എന്നതിലേക്ക് അതിവേഗം വ്യാപിക്കാനുള്ള സാധ്യതയുണ്ട്. കലാലയങ്ങൾ പഠനത്തിനൊപ്പം പ്രണയത്തിൻ്റെ പൂന്തോട്ടമാണ്. അവിടെ സഹിഷ്ണുതാ ബോധത്തിൽ നിന്നാണ് സഹാനുഭൂതി വളരുന്നത്. വിദ്യാർത്ഥികളിൽ എന്തുകൊണ്ട് അത് വളരുന്നില്ല. ഒന്നിച്ച്‌ പഠിക്കുന്ന, കളിക്കുന്ന, ഭക്ഷണം കഴിക്കുന്ന, ഉറങ്ങുന്ന ഒരുവനെ ക്രൂരമായി മർദിക്കുമ്പോൾ കൂട്ടത്തിൽ നിന്ന് ഒരാൾക്കെങ്കിലും എതിർക്കാൻ കഴിയാതെ പോയതിൻ്റെ കാരണം എന്താണ്?

ഭയംകൊണ്ടു മാത്രമാണ്. ഈ ഭയം ഇങ്ങനെയാണ് കലാലയ അന്തരീക്ഷത്തിൽ രൂപപ്പെടുന്നതും ശക്തി പ്രാപിക്കുന്നതും. ഈ ആലോചനയിലാണ് രാഷ്ട്രീയ മുൻതൂക്കങ്ങൾ ആധിപത്യ സ്വഭാവത്തിലേക്ക് വളർന്നാൽ അപകടകരമായി തീരുന്നത്. ഇവിടെ ആധിപത്യ സ്വഭാവം എസ്.എഫ്.ഐയുടെ കൈകളിലാണ്. അവരാൽ നിയന്ത്രിക്കപ്പെടുന്ന ഒരിടത്ത് അവരെ എതിർക്കാനുള്ള ശക്തി ദുർബലമാണ്. ആ ദുർബലതയാണ് തങ്ങളുടെ സഹപാഠിയെ കൊടുംക്രൂരമായി മർദ്ദിക്കുമ്പോൾ മൗനമായി വളർന്നത്. ഇത്തരം നിഷ്ക്രിയ യുവത്വങ്ങൾ എങ്ങനെയാണ് നാളത്തെ സാമൂഹ്യ വ്യവഹാരത്തിൻ്റെ ഭാഗമാവുക. സിദ്ധാർഥൻ എന്ന ഇരക്ക് മുമ്പേ ഇവരിൽ കോളേജിന്റെ ഉള്ളിലും പുറത്തും കുറ്റവിചാരണ നടത്താനുള്ള മനോഭാവം നിലനിന്നിട്ടുണ്ട്. അതുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് ആൾക്കൂട്ട കുറ്റ വിചാരണയുടെ നടത്തിപ്പുകാരാകാൻ എളുപ്പത്തിൽ കഴിഞ്ഞത്. വിദ്യാർത്ഥികളിൽ സമൂഹത്തിലെ പൊതുപ്രവണതകൾ എങ്ങനെ സ്വാധീനിക്കുന്നു എന്നത് കൂടി ഈ സമയത്ത് ചർച്ചയിലേക്ക് വരേണ്ടതുണ്ട്.

ഒരു വ്യക്തിക്ക് മറ്റൊരാളിൽ ഉണ്ടാകുന്ന ശത്രുതക്ക് പല കാരണങ്ങൾ ഉണ്ടാവാം. പക്ഷേ ഒരാൾക്കൂട്ടത്തിന് ഒരു വ്യക്തിയോട് ഉണ്ടാവുന്ന ശത്രുതക്ക് ഒരു കാരണമേ ഉണ്ടാകു. ആ കാരണം, വിചാരണയ്ക്ക് വിധേയമാകുന്ന വ്യക്തിയോടുള്ള പകയാണ്. വെറുപ്പാണ്. ഇഷ്ടക്കേടാണ്. സിദ്ധാർഥിന്റെ കാര്യത്തിൽ പറയപ്പെടുന്ന കുറ്റമൊന്നും ആ വിദ്യാർത്ഥി ചെയ്തിട്ടില്ല. പെൺകുട്ടിയോട് മോശമായി പെരുമാറിയതും സീനിയർ കുട്ടികളൊടൊപ്പം നൃത്തം ചെയ്തതും അത്ര വലിയ കുറ്റമല്ല. എന്നിട്ടും മരണത്തിലേക്ക് നയിക്കാൻ വിധം അതൊരു കുറ്റമായി മാറുന്നുണ്ടെങ്കിൽ അതിന് പിന്നിലെ മറ്റ് കാരണങ്ങൾ കൂടി കാണേണ്ടതാണ്. താൻ റിസർവേഷൻ്റെ ആനുകൂല്യത്തിലാണ് പഠിക്കുന്നത് എന്ന പരാമർശങ്ങൾ ഉണ്ടായതായി സിദ്ധാർഥന്റെ അച്ഛൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഈയൊരു കുറ്റപ്പെടുത്തൽ ഉണ്ടാക്കുന്ന അപകർഷത സിദ്ധാർഥന്റെ മനസ്സിൽ ഉണ്ടാവാം. അതിനോടൊപ്പം ഏറ്റ മാനഹാനിയും കൂടിയാകുമ്പോൾ എളുപ്പത്തിൽ തകർന്നു പോവുക സ്വാഭാവികം. ഇത്തരം ഘട്ടങ്ങളിലാണ് വിദ്യാർത്ഥികളിൽ വിവേക ബോധവും രാഷ്ട്രീയ തിരിച്ചറിവും ഉണ്ടാവേണ്ടത്. കലാലയ രാഷ്ട്രീയം നിർവ്വഹിക്കേണ്ടത് അതാണ്. വലിയ അളവ് വരെ അരാഷ്ട്രീയവൽക്കരണത്തെ ചെറുത്തുകൊണ്ട് രാഷ്ട്രീയ നിലപാടുകൾ ക്യാമ്പസുകളിൽ പ്രചരിപ്പിക്കുന്നതിൽ എസ്.എഫ്.ഐ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നിട്ടും, അതേ എസ്.എഫ്.ഐയുടെ നേതൃത്വത്തിന് എങ്ങനെ ഈ കൊടുംക്രൂരതക്ക് നേതൃത്വം നൽകാൻ കഴിഞ്ഞു എന്നുള്ളതാണ് തിരിച്ചറിയേണ്ടത്.

സിദ്ധാര്‍ഥിന്റെ കൊലപാതകത്തെ തുടര്‍ന്ന് വയനാട് വെറ്റിനറി കോളേജിന് മുന്നില്‍ സമരം നടത്തുന്ന കോണ്‍ഗ്രസ്‌

എന്തുകൊണ്ട് എസ്.എഫ്.ഐ ?

സിദ്ധാർഥന്റെ മരണത്തിൽ എസ്.എഫ്.ഐയുടെ നേതൃത്വ സ്ഥാനത്ത് ഉള്ളവരുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. അവർക്കൊപ്പം മറ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരും ഉണ്ട്. എന്നിട്ടും എസ്.എഫ്.ഐയെ കേന്ദ്രസ്ഥാനത്ത് നിർത്താൻ പല കാരണങ്ങളുണ്ട്. ഈ അവസരത്തിലാണ് കലാലയങ്ങളിലെ അരാഷ്ട്രീയതയെ പ്രതിരോധിക്കുന്നതിനിടയിൽ ഇതേ പ്രസ്ഥാനത്തിന് 33 ഓളം രക്തസാക്ഷികൾ ഉണ്ടായി എന്ന പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്. ഒരു ഭാഗത്ത് രക്തസാക്ഷിത്വത്തിന്റെ എണ്ണം വിളിച്ചു പറയുമ്പോൾ മറുഭാഗത്ത് ക്രിമിനൽ മനോഭാവം ഉള്ളവർ എസ്.എഫ്.ഐയുടെ സ്ഥാനത്ത് എത്തുകയാണ്. വയനാട്ടിലെ വെറ്റിനറി കോളേജിൽ ഉണ്ടായ അരാഷ്ട്രീയ പ്രവർത്തനത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുക എന്ന ഉത്തരവാദിത്തമാണ് എസ്.എഫ്.ഐയില്‍ അർപ്പിതമായിട്ടുള്ളത്.

അതിനുപകരം അവർ ചെയ്തുകൂട്ടിയ കൊടുംക്രൂരതക്ക് ശക്തി പകർന്നത് കോളേജ് പരിസരത്ത് അവർക്കുണ്ടായ ആധിപത്യ സ്വഭാവമാണ്.

എസ്.എഫ്.ഐക്ക് മുൻതൂക്കമുള്ള വിദ്യാലയങ്ങളിൽ മറ്റു സംഘടനകൾക്ക് പ്രവർത്തിക്കാനുള്ള പ്രയാസങ്ങളെക്കുറിച്ച് നേരത്തെ പല തവണ ചർച്ച ഉണ്ടായിട്ടുണ്ട്. ഇത് അധികാരബോധത്തിന്റെ ഭാഗമാണ്. ഭൂരിപക്ഷത്തിന്റെ ആധിപത്യ സ്വഭാവത്തിൽ ന്യൂനപക്ഷത്തെ അടിച്ചമർത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. ഒരു വിദ്യാർത്ഥിയെ മൃഗീയമായി മർദ്ദിച്ചും, പട്ടിണിക്കിട്ടും അപമാനിച്ചും ഭീഷണിപ്പെടുത്തിയും മാനസികമായി തളർത്തിയും മരണത്തിലേക്ക് തള്ളി വിടാൻ മാത്രം എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിലെ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ടെങ്കിൽ അത് നിസ്സാരമായി തള്ളേണ്ട വിഷയമല്ല. മറിച്ച് , അവരുടെ രാഷ്ട്രീയ ബോധത്തെ മനസ്സിലാക്കേണ്ടതുണ്ട്. ജനാധിപത്യത്തിൻ്റെയും സമത്വത്തിൻ്റേയും ആദ്യ പാഠവായന വിദ്യാർത്ഥി നേതാക്കൾക്ക് പകർന്നു നൽകേണ്ടതുണ്ട്. കാരണം, ഇത്തരത്തിലുള്ള വിദ്യാർത്ഥികൾ കലാലയ രാഷ്ട്രീയത്തിൽ നിന്നും സമൂഹ്യരാഷ്ട്രീയ വ്യവഹാരങ്ങളിലേക്ക് ഇറങ്ങി വരേണ്ടവർ ആണ്. നമ്മുടെ മുഖ്യമന്ത്രി പോലും വിദ്യാർഥി രാഷ്ട്രീയ കാലത്തെ അനുഭവത്തെക്കുറിച്ച് പറയാറുണ്ട്. ഇത്തരത്തിലുള്ള കലാലയ രാഷ്ട്രീയ നേതാക്കൾ എം എൽ എയും എംപിയും പാർട്ടിയുടെ നേതൃത്വത്തിലും എത്തുമ്പോൾ എന്തായിരിക്കും അവസ്ഥ. ഇതിൻ്റെ ചെറുതും വലുതുമായ ദൃഷ്ടാന്തങ്ങൾ ഇന്നത്തെ പല രാഷ്ട്രീയ നേതാക്കളിലും നാം കാണുന്നുമുണ്ട്. അഹിംസയ്ക്കും സഹിഷ്ണുതയ്ക്കും സഹാനുഭൂതിക്കും പകരം വെറുപ്പിന്റെ ഭാഷയിൽ വിഷയത്തെ സമീപിക്കുന്ന രാഷ്ട്രീയ നേതൃത്വം നമുക്ക് മുമ്പിൽ ഉണ്ട്. അതിൻ്റെ തണലിൽ വളരുന്ന കലാലയത്തിലെ 'രാഷ്ട്രീയ' കുട്ടികളിലേക്ക് അത്തരം സ്വാധീനം പെട്ടെന്ന് ഇടം പിടിക്കും. ഈയൊരു സാധ്യതയെ മനസ്സിലാക്കിയെങ്കിലും ഇപ്പോഴും വയനാട് സംഭവത്തെ ന്യായീകരിക്കുന്നവർ മറ്റൊരു ക്രിമിനൽ മനോഭാവത്തിനാണ് പാലൂട്ടുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

എസ്.എഫ്.ഐക്ക് മുൻതൂക്കമുള്ള വിദ്യാലയങ്ങളിൽ മറ്റു സംഘടനകൾക്ക് പ്രവർത്തിക്കാനുള്ള പ്രയാസങ്ങളെക്കുറിച്ച് നേരത്തെ പല തവണ ചർച്ച ഉണ്ടായിട്ടുണ്ട്. ഇത് അധികാരബോധത്തിന്റെ ഭാഗമാണ്. ഭൂരിപക്ഷത്തിന്റെ ആധിപത്യ സ്വഭാവത്തിൽ ന്യൂനപക്ഷത്തെ അടിച്ചമർത്തുന്നത് ജനാധിപത്യവിരുദ്ധമാണ്.

കേരളത്തിലെ നവോത്ഥാന മൂല്യങ്ങളും സാംസ്കാരിക സജീവതയും വിളഞ്ഞു നിൽക്കേണ്ടത് കലാലയങ്ങളിൽ തന്നെയാണ്. അവിടെ പിണക്കങ്ങൾ, സൗന്ദര്യ പിണക്കങ്ങൾ മാത്രമായി അവസാനിക്കണം. കൂട്ടത്തിൽ ഒരുവന് വരുന്ന അപകടത്തെ കൂട്ടത്തോടെ പ്രതിരോധിക്കാൻ കഴിയണം. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും വസന്തങ്ങൾ വറ്റാത്ത ക്യാമ്പസുകൾ ഇടിമുറികളായി മാറരുത്. അങ്ങനെ മാറുമ്പോൾ ആ ഇടിമുറികളിൽ നിന്നും ഇറങ്ങി വരുന്നവർ എങ്ങനെയാണ് സമൂഹത്തിന്റെ വെളിച്ചമായി മാറുക. അവരെ വെളിച്ചമായി മാറ്റുക എന്നുള്ളതാണ് സിദ്ധാർഥന്റെ അകാലവിയോഗത്തിന് മുമ്പിൽ നിന്നുകൊണ്ട് ഏതൊരു മനുഷ്യസ്നേഹിക്കും ചെയ്യാനുള്ളത്.


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments