Free to Think 2026 Report:
മോദി ഭരണത്തിൽ
റദ്ദാക്കപ്പെടുന്ന
അക്കാദമിക സ്വാതന്ത്ര്യം

യൂണിയൻ സർക്കാറിന്റെ കടുത്ത നിയന്ത്രണങ്ങൾ ഇന്ത്യൻ അക്കാദമിക മേഖലയെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചതായി സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക് (SAR) പുറത്തിറക്കിയ 'ഫ്രീ ടു തിങ്ക് 2026' റിപ്പോർട്ട് വ്യക്തമാക്കുന്നു. സമീപകാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത്തരം നിയന്ത്രണങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്- ആർ. അജയൻ എഴുതുന്നു.

അക്കാദമിക സ്വാതന്ത്ര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും സാമൂഹിക നീതിയ്ക്കും ഗവേഷണ സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങളോ ദുർബലപ്പെടുത്തലോ നേരിട്ട ഒരു പതിറ്റാണ്ടിനാണ് മോദി ഭരണകൂടത്തിന്റെ കീഴിൽ രാജ്യം സാക്ഷ്യം വഹിച്ചത്. ഉന്നതവിദ്യാഭ്യാസം സർക്കാർ മാത്രം രൂപപ്പെടുത്തുന്ന മേഖലയല്ല. അത് അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും സംയുക്ത സൃഷ്ടിയാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ രാജ്യം അക്കാദമിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക് (SAR) പുറത്തിറക്കിയ 'ഫ്രീ ടു തിങ്ക് 2026' റിപ്പോർട്ട് വ്യക്തമാക്കുന്നു. അക്കാദമിക സ്വാതന്ത്ര്യത്തിനെതിരെ ആഗോളതലത്തിൽ നടക്കുന്ന ആക്രമണങ്ങൾ നിരീക്ഷിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള സ്വതന്ത്ര സംഘടനയാണ് SAR.

നേരിട്ടുള്ള അടിച്ചമർത്തൽ മുതൽ അന്യായ തടങ്കൽ, വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരായ അക്രമങ്ങൾ, സർവകലാശാലാ കാര്യങ്ങളിലെ ഭരണകൂട ഇടപെടൽ വരെ വ്യാപിച്ചുകിടക്കുന്ന വിഷയങ്ങളാണ് SAR-ന്റെ അക്കാദമിക് ഫ്രീഡം മോണിറ്ററിംഗ് പ്രോജക്ട് നിരീക്ഷിക്കുന്നത്.

2025 ജൂലൈ 1 മുതൽ 2026 ജൂൺ 30 വരെയുള്ള ഒരു വർഷത്തിൽ 59 രാജ്യങ്ങളിലെ  അക്കാദമിക സമൂഹങ്ങൾക്കെതിരെ 382 ആക്രമണങ്ങൾ നടന്നതായി ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2025 ജൂലൈ 1 മുതൽ 2026 ജൂൺ 30 വരെയുള്ള ഒരു വർഷത്തിൽ 59 രാജ്യങ്ങളിലെ അക്കാദമിക സമൂഹങ്ങൾക്കെതിരെ 382 ആക്രമണങ്ങൾ നടന്നതായി ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2025 ജൂലൈ 1 മുതൽ 2026 ജൂൺ 30 വരെയുള്ള ഒരു വർഷത്തിൽ 59 രാജ്യങ്ങളിലെ അക്കാദമിക സമൂഹങ്ങൾക്കെതിരെ 382 ആക്രമണങ്ങൾ നടന്നതായി ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർധനവാണ് സൂചിപ്പിക്കുന്നത്. ആഗോള അക്കാദമിക് ഫ്രീഡം ഇൻഡക്‌സ് (AFI) പ്രകാരം, കഴിഞ്ഞ 10 വർഷത്തിനിടെ 179 രാജ്യങ്ങളിൽ 50 എണ്ണത്തിലും അക്കാദമിക സ്വാതന്ത്ര്യം ഗണ്യമായി കുറഞ്ഞപ്പോൾ, വെറും ഒമ്പത് രാജ്യങ്ങളിൽ മാത്രമാണ് പുരോഗതി രേഖപ്പെടുത്തിയത്. ഇന്ത്യ ഈ പട്ടികയിൽ അക്കാദമിക സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു എന്നത് ആശങ്കാജനകമാണ്.

'സെവിയർലി റെസ്ട്രിക്ടഡ്' അഥവാ 'കടുത്ത നിയന്ത്രണം' എന്ന വിഭാഗത്തിലാണ് ഇന്ത്യയെ റിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ്, ഇന്തോനേഷ്യ, പാകിസ്ഥാൻ, യുക്രെയ്ൻ എന്നിവയാണ് ഇതേ വിഭാഗത്തിലുള്ള മറ്റ് രാജ്യങ്ങൾ. ഇതിനെക്കാൾ കടുത്ത 'പൂർണ നിയന്ത്രണ'ത്തിലുള്ള (Completely Restricted) വിഭാഗത്തിൽ അഫ്ഗാനിസ്ഥാൻ, ചൈന, ഇറാൻ, റഷ്യ, തുർക്കി, സിറിയ, വെനിസ്വേല, സിംബാബ്‌വെ എന്നിവയാണുള്ളത്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള മുഖ്യ ഉപകരണമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനെ (UGC) ഭരണകക്ഷിയായ ബി ജെ പി ഉപയോഗിക്കുന്നു. സർവകലാശാലാ ഭരണസംവിധാനം, നിയമനങ്ങൾ, അക്കാദമിക മുൻഗണനകൾ എന്നിവയിൽ കേന്ദ്ര സർക്കാർ തങ്ങളുടെ അധികാരം വിപുലീകരിച്ചതായി റിപ്പോർട്ട് നിരീക്ഷിക്കുന്നു.

ഈ പട്ടികയിൽ ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യം ഉൾപ്പെടുന്നു എന്നത് വ്യാപക ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇന്ത്യയുടെ AFI സ്‌കോർ തുടർച്ചയായി ഇടിയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2022- ൽ 0.38 ആയിരുന്ന സ്‌കോർ 2024- ൽ 0.16 ആയും, 2025-26 കാലയളവിൽ 0.14 ആയും കുറഞ്ഞു. ഇന്ത്യയുടെ അക്കാദമിക സ്വാതന്ത്ര്യം ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയിലാണെന്നും, അടിയന്തരാവസ്ഥക്കാലത്തേക്കാൾ മോശമായ അവസ്ഥയാണ് നിലവിലുള്ളതെന്നും ചില വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

'സെവിയർലി റെസ്ട്രിക്ടഡ്' അഥവാ 'കടുത്ത നിയന്ത്രണം' എന്ന വിഭാഗത്തിലാണ് ഇന്ത്യയെ  'ഫ്രീ ടു തിങ്ക് 2026' റിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്.
'സെവിയർലി റെസ്ട്രിക്ടഡ്' അഥവാ 'കടുത്ത നിയന്ത്രണം' എന്ന വിഭാഗത്തിലാണ് ഇന്ത്യയെ 'ഫ്രീ ടു തിങ്ക് 2026' റിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗവേഷണം, അധ്യാപനം, പ്രസിദ്ധീകരണം, ക്യാമ്പസ് ചർച്ചകൾ എന്നിവയിലെ നിയന്ത്രണങ്ങളാണ് ഈ ഇടിവിന് പ്രധാന കാരണമായി റിപ്പോർട്ടിൽ പറയുന്നത്. അധ്യാപകരെ പിരിച്ചുവിടുക, അക്കാദമിക് പരിപാടികൾ റദ്ദാക്കുക, വിദ്യാർത്ഥികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന നയങ്ങൾ നടപ്പിലാക്കുക എന്നിവയുൾപ്പെടെയുള്ള നടപടികൾ പല സർവകലാശാലാ ഭരണാധികാരികളും രാജ്യത്തുടനീളം നടപ്പിലാക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള മുഖ്യ ഉപകരണമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനെ (UGC) ഭരണകക്ഷിയായ ബി ജെ പി ഉപയോഗിക്കുന്നു. സർവകലാശാലാ ഭരണസംവിധാനം, നിയമനങ്ങൾ, അക്കാദമിക മുൻഗണനകൾ എന്നിവയിൽ കേന്ദ്ര സർക്കാർ തങ്ങളുടെ അധികാരം വിപുലീകരിച്ചതായി റിപ്പോർട്ട് നിരീക്ഷിക്കുന്നു. വൈസ് ചാൻസലർമാർക്കുള്ള അക്കാദമിക യോഗ്യതാമാനദണ്ഡങ്ങൾ ലഘൂകരിച്ചതും, കരാർ അധ്യാപകരുടെ എണ്ണത്തിന് നേരത്തെ ഉണ്ടായിരുന്ന 10% പരിധി നീക്കം ചെയ്ത് അധ്യാപന മേഖലയിലെ കരാർവൽക്കരണം ത്വരിതപ്പെടുത്തിയതും UGC-യുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികൾക്ക് ഉദാഹരണമാണ്.

സർവകലാശാലകൾക്കുമേലുള്ള സർക്കാർ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളായാണ് ഈ നയങ്ങൾ വിലയിരുത്തപ്പെടുന്നത്. റിപ്പോർട്ടിൽ പരാമർശിക്കുന്ന ചില പ്രത്യേക കേസുകൾ ഇന്ത്യൻ അക്കാദമിക മേഖലയിലെ സമ്മർദ്ദത്തിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നു. സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റിയിലെ പ്രഫസർ സ്‌നേഹാശിഷ് ഭട്ടാചാര്യയെ, സർവകലാശാലയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പെരുമാറ്റം ചൂണ്ടിക്കാട്ടി 2025- ൽ പുറത്താക്കി. 2022- ലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സർവകലാശാല കൈകാര്യം ചെയ്ത രീതിയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് എഴുതിയ കത്തിൽ ഒപ്പുവച്ച 15 അധ്യാപകരിൽ ഒരാളായിരുന്നു അദ്ദേഹം എന്നത് ഈ പുറത്താക്കൽ കൂടുതൽ സംശയാസ്പദമാക്കുന്നു.

തമിഴ്‌നാട്ടിലെ SRM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രഫസർ ലോറ സന്തകുമാറിന്റെ കേസും റിപ്പോർട്ട് വിശദമായി പരാമർശിക്കുന്നു.ഇതിനുപുറമെ, 2026 മാർച്ച് 11ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവും റിപ്പോർട്ടിൽ പ്രത്യേകം ചർച്ച ചെയ്യുന്നുണ്ട്. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ പാഠ്യപദ്ധതി വികസനത്തിൽ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലുമായി (NCERT) സഹകരിച്ച മൂന്ന് അക്കാദമിക് വിദഗ്ധർക്ക് പൊതു ഫണ്ട് ലഭിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവായിരുന്നത്. ജുഡീഷ്യൽ സംവിധാനത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഈ പരാമർശം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അക്കാദമിക ഗവേഷണത്തിനും പാഠ്യപദ്ധതി രൂപീകരണത്തിനും മേലുള്ള നീതിന്യായ വ്യവസ്ഥയുടെ ഇടപെടലിന് ഉദാഹരണമായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്.

അധ്യാപകരെ പിരിച്ചുവിടുക, അക്കാദമിക് പരിപാടികൾ റദ്ദാക്കുക, വിദ്യാർത്ഥികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന നയങ്ങൾ നടപ്പിലാക്കുക എന്നിവയുൾപ്പെടെയുള്ള നടപടികൾ പല സർവകലാശാലാ ഭരണാധികാരികളും രാജ്യത്തുടനീളം നടപ്പിലാക്കുന്നു.
അധ്യാപകരെ പിരിച്ചുവിടുക, അക്കാദമിക് പരിപാടികൾ റദ്ദാക്കുക, വിദ്യാർത്ഥികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന നയങ്ങൾ നടപ്പിലാക്കുക എന്നിവയുൾപ്പെടെയുള്ള നടപടികൾ പല സർവകലാശാലാ ഭരണാധികാരികളും രാജ്യത്തുടനീളം നടപ്പിലാക്കുന്നു.

വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായതായി റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ദേശീയത, ജാതി, മതം, ചരിത്ര വ്യാഖ്യാനം തുടങ്ങിയ വിഷയങ്ങളിലെ അക്കാദമിക തീരുമാനങ്ങളും നയപരമായ മാറ്റങ്ങളും പല ക്യാമ്പസുകളിലും പ്രതിഷേധങ്ങൾക്ക് കാരണമായി. സർവകലാശാലാ അധികൃതരിൽ നിന്നും, പൊലീസിൽ നിന്നും, ചിലപ്പോൾ എതിർ വിദ്യാർത്ഥി സംഘടനകളിൽ നിന്നും സമ്മർദ്ദം നേരിടേണ്ടിവന്ന നിരവധി സംഭവങ്ങളും രാജ്യത്തുണ്ടായി.

ഗവേഷകരുടെയും അധ്യാപകരുടെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടാതെ, ഗുണനിലവാരമുള്ളതും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഒരു ഉന്നത വിദ്യാഭ്യാസ സംവിധാനം കെട്ടിപ്പടുക്കുക പ്രയാസകരമാണ്.

ഉന്നത വിദ്യാഭ്യാസത്തിൽ വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനും രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പിലാക്കാനുമുള്ള സർക്കാർ പ്രചാരണങ്ങളെക്കുറിച്ചും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ അക്കാദമിക സ്വാതന്ത്ര്യത്തിലെ ഇടിവ് ഒറ്റപ്പെട്ട സംഭവമല്ലെന്നും, വർഷങ്ങളായി തുടരുന്ന ഒരു പ്രക്രിയയാണെന്നും ഈ കണക്കുകൾ വ്യക്തമാക്കുന്നു. 2022 മുതൽ ഗവേഷണത്തിനും അധ്യാപനത്തിനും മേൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് ഇതിന് മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗവേഷകർ ഉയർത്തുന്ന മറ്റൊരു പ്രധാന വസ്തുത, ഇന്ത്യൻ അക്കാദമിക സമൂഹത്തിനുള്ളിൽ വളർന്നുവരുന്ന ഭയവും സ്വയം സെൻസർഷിപ്പുമാണ്. തുറന്ന ചർച്ചകൾക്കും വിമർശനാത്മക അഭിപ്രായപ്രകടനത്തിനും പകരം, പല അധ്യാപകരും ഗവേഷകരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് സെൻസിറ്റീവായ വിഷയങ്ങളിൽ മൗനം പാലിക്കുന്ന പ്രവണത വർധിച്ചുവരികയാണ്‌. ഇത്തരം സ്വയം സെൻസർഷിപ്പ്, നേരിട്ടുള്ള അടിച്ചമർത്തലിനെക്കാൾ ദീർഘകാലാടിസ്ഥാനത്തിൽ അക്കാദമിക സംസ്‌കാരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വിദ്യാർത്ഥികളുടെ രാഷ്ട്രീയാവകാശങ്ങളെയും അഭിപ്രായസ്വാതന്ത്ര്യത്തെയും റദ്ദ് ചെയ്യുന്നതാണ് Kerala University (Students’ Code of Conduct) Regulations, 2026 എന്ന കരട് രേഖ നിർദേശപ്രകാരം കോളജുകൾക്കുള്ളിൽ വിദ്യാർത്ഥികൾ ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിലും ഏർപ്പെടാൻ പാടില്ല.
വിദ്യാർത്ഥികളുടെ രാഷ്ട്രീയാവകാശങ്ങളെയും അഭിപ്രായസ്വാതന്ത്ര്യത്തെയും റദ്ദ് ചെയ്യുന്നതാണ് Kerala University (Students’ Code of Conduct) Regulations, 2026 എന്ന കരട് രേഖ നിർദേശപ്രകാരം കോളജുകൾക്കുള്ളിൽ വിദ്യാർത്ഥികൾ ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിലും ഏർപ്പെടാൻ പാടില്ല.

സർവകലാശാലകളുടെ സ്വയംഭരണം, സ്വതന്ത്ര ഗവേഷണം, വിമർശനാത്മക ചിന്ത എന്നിവ ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. അക്കാദമിക സ്വാതന്ത്ര്യം ചുരുങ്ങുമ്പോൾ അത് സർവകലാശാലകളെ മാത്രമല്ല ബാധിക്കുന്നത് അറിവ് ഉൽപാദനത്തിന്റെ ഗുണനിലവാരം, നയരൂപീകരണത്തിലെ വൈദഗ്ധ്യത്തിന്റെ പങ്ക്, പൊതുസമൂഹത്തിലെ വിമർശനാത്മക സംവാദത്തിന്റെ സാധ്യതകൾ എന്നിവയെയെല്ലാം ഇത് സ്വാധീനിക്കുന്നു. ഗവേഷകരുടെയും അധ്യാപകരുടെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടാതെ, ഗുണനിലവാരമുള്ളതും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഒരു ഉന്നത വിദ്യാഭ്യാസ സംവിധാനം കെട്ടിപ്പടുക്കുക പ്രയാസകരമാണ്.

സർവകലാശാലാ സ്വയംഭരണം ശക്തിപ്പെടുത്തുകയും, രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് അക്കാദമിക സ്ഥാപനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങൾക്ക്‌ മാത്രമേ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഒരു ഗവേഷണ-വിജ്ഞാന സംസ്കാരം ഇന്ത്യയിൽ വളർത്തിയെടുക്കാൻ കഴിയുകയുള്ളു എന്നതാണ് ഈ റിപ്പോർട്ട് അടിവരയിടുന്ന യാഥാർത്ഥ്യം.

ഇതേ കാലഘട്ടത്തിലാണ് കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കം സംസ്ഥാനത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. കാമ്പസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർവകലാശാലയുടെ സിൻഡിക്കേറ്റ് തയ്യാറാക്കിയ കരട് മാർഗരേഖയിലാണ് ഈ നിർദേശങ്ങളുള്ളത്. ഹൈക്കോടതി നിർദേശവും, ചാൻസലർ എന്ന നിലയിൽ ഗവർണർ അയച്ച കത്തുമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

കരട് നിർദേശപ്രകാരം കോളജുകൾക്കുള്ളിൽ വിദ്യാർത്ഥികൾ ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിലും ഏർപ്പെടാൻ പാടില്ല. രാഷ്ട്രീയ പാർട്ടികളുടെ നിർദേശപ്രകാരമോ അല്ലാതെയോ ഉള്ള സമരങ്ങൾ, ധർണകൾ, ഉപരോധങ്ങൾ എന്നിവ കാമ്പസിനുള്ളിൽ അനുവദിക്കില്ല. ക്ലാസ് മുറികളിലും ഓഫീസുകളിലും കാമ്പസിനുള്ളിലും രാഷ്ട്രീയ മുദ്രാവാക്യം മുഴക്കുന്നതും, ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള രാഷ്ട്രീയ പ്രചാരണവും സംഘാടനവും വിലക്കപ്പെടും. ചട്ടം ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ താക്കീത്, ടി.സി നൽകി ഒഴിവാക്കൽ, സസ്‌പെൻഷൻ, പുറത്താക്കൽ എന്നീ അച്ചടക്ക നടപടികൾക്കൊപ്പം പിഴയും ഏർപ്പെടുത്താൻ വ്യവസ്ഥയുണ്ട്.വിദ്യാർത്ഥിക്ക് 5,000 രൂപയും, ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് 10,000 രൂപയും. തുക അടയ്ക്കാത്തപക്ഷം റവന്യൂ റിക്കവറി നടപടി വരെ നേരിടേണ്ടി വരും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥ. കോളജുകളിൽ പ്രിൻസിപ്പലിനും, കാമ്പസിൽ വൈസ് ചാൻസലർക്കുമാണ് ഈ നടപടികൾ കൈക്കൊള്ളാനുള്ള അധികാരം നൽകിയിരിക്കുന്നത്.

സർവകലാശാലകളുടെ സ്വയംഭരണം, സ്വതന്ത്ര ഗവേഷണം, വിമർശനാത്മക ചിന്ത എന്നിവ ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.
സർവകലാശാലകളുടെ സ്വയംഭരണം, സ്വതന്ത്ര ഗവേഷണം, വിമർശനാത്മക ചിന്ത എന്നിവ ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.

ഈ നീക്കം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരളം പോലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന് ദീർഘ ചരിത്രമുള്ള ഒരു സംസ്ഥാനത്ത്, കലാലയ രാഷ്ട്രീയത്തെ നിയന്ത്രിക്കാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ല.

'ഫ്രീ ടു തിങ്ക് 2026' റിപ്പോർട്ട് ഉയർത്തുന്ന ചോദ്യങ്ങൾ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നയരൂപീകരണക്കാർ ഗൗരവമായി പരിഗണിക്കേണ്ടതാണ്. യൂണിവേഴ്‌സിറ്റികളുടെ ഭരണനിർവഹണത്തിൽ കൂടുതൽ സുതാര്യതയും സ്വയംഭരണവും ഉറപ്പുവരുത്തുക, വൈസ് ചാൻസലർ നിയമനങ്ങളിൽ അക്കാദമിക യോഗ്യതയ്ക്ക് മുൻഗണന നൽകുക, അധ്യാപകരുടെയും ഗവേഷകരുടെയും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, വിദ്യാർത്ഥി പ്രതിഷേധങ്ങളെ അക്രമരഹിതമായി കൈകാര്യം ചെയ്യാൻ വ്യക്തമായ മാർഗരേഖകൾ രൂപപ്പെടുത്തുക തുടങ്ങിയ നടപടികൾ ഈ പ്രവണത തിരുത്താൻ സഹായകകരമാകും. സർവകലാശാലാ സ്വയംഭരണം ശക്തിപ്പെടുത്തുകയും, രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് അക്കാദമിക സ്ഥാപനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങൾക്ക്‌ മാത്രമേ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഒരു ഗവേഷണ-വിജ്ഞാന സംസ്കാരം ഇന്ത്യയിൽ വളർത്തിയെടുക്കാൻ കഴിയുകയുള്ളു എന്നതാണ് ഈ റിപ്പോർട്ട് അടിവരയിടുന്ന യാഥാർത്ഥ്യം.

Comments