‘ഈ സിസ്റ്റം ഞങ്ങളെ പുറന്തള്ളുകയാണ്’,
ആദിവാസി വിദ്യാർത്ഥികൾ
അനുഭവം പറയുന്നു

എങ്ങനെയാണ് കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനം ആദിവാസി- ദലിത് വിദ്യാർത്ഥികളെ അതിക്രൂരമായി പുറന്തള്ളുന്നത് എന്ന്, സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തുറന്നെഴുതുകയാണ് ആദിശക്തി സമ്മർ സ്കൂൾ പ്രവർത്തകരും വിദ്യാർത്ഥികളും: രേഷ്മ കെ.ആർ, സതിശ്രീ ദ്രാവിഡ്, അനൂപ്, മണി വിജയൻ എന്നിവർ എഴുതുന്നു.

ദിവാസി- ദലിത് വിദ്യാർത്ഥികൾ വളരെ ചെറിയ പ്രായം മുതലേ പലതരം പുറന്തള്ളലുകൾക്ക് വിധേയമാവുന്നുണ്ട്. SC/ST വിദ്യാർത്ഥികൾക്ക് എല്ലാം സൗജന്യമാണ്, അവർ സ്കൂളിൽ ചെന്നാൽ മാത്രം മതി, എല്ലാം അവിടെ നിന്ന് കിട്ടും എന്ന പൊതുബോധവും പൊതുമനോഭാവവുമാണ് നിലനിൽക്കുന്നത്. കുട്ടികളെ പിറകെ പോയി പിടിച്ച് കൊണ്ടുവന്ന് സ്കൂളിലെത്തിക്കണം, അവർ ഒരു പണിയും ചെയ്യാതെ മുറുക്കാനും മുറുക്കി ചുണ്ടും ചുമപ്പിച്ച് കുളിക്കാതെ വന്നിരിക്കുന്നവരാണ്, ക്ലാസ്സിൽ വരില്ല എന്നൊക്കെയുള്ള മോശം പ്രചാരണങ്ങളാണ് കുട്ടികളെക്കുറിച്ചും അവർക്കായി സാമൂഹ്യപ്രവർത്തനത്തിന് ഇറങ്ങുന്നവരെ കുറിച്ചുമുള്ളത്.

അവർക്ക് എന്തു തരം വിദ്യാഭ്യാസമാണ് നൽകേണ്ടത് എന്നതിൽ ഇത്ര കാലമായിട്ടും നയപരമായ ഇടപെടൽ ഉണ്ടായിട്ടുണ്ടോ? അവർക്കാവശ്യമായ വിദ്യാഭ്യാസ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാരുകൾക്ക് എത്രത്തോളം കഴിഞ്ഞിട്ടുണ്ട്?
മാറുന്ന സാഹചര്യത്തിനനുസരിച്ച് അവർക്കുവേണ്ട വിദ്യാഭ്യാസത്തെ എങ്ങനെ ക്രമീകരിക്കണം?
ഈ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ ആലോചനകളോ പഠനങ്ങളോ ഇതുവരെ നടന്നിട്ടില്ല. ഒരു ആദിവാസി കുട്ടി, പ്രത്യേകിച്ച് ഫസ്റ്റ് ജനറേഷനാണെങ്കിൽ, നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവരെ ചെറിയ ക്ലാസ്സിൽ തന്നെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ചേർക്കുന്നതോ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നതോ അല്ല ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം. ആദിവാസി വിഭാഗങ്ങളിൽ തന്നെ നല്ല വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളുണ്ട്. ഇവരുടെ പിന്തുണയോടെയും ഇടപെടലോടെയും, പ്രശ്നങ്ങൾക്ക് പരിഹാരം തേടാനുള്ള നടപടികൾ ഉണ്ടാകുന്നില്ല.

അങ്കണവാടി മുതൽ
തുടങ്ങുന്ന പ്രതിസന്ധി

ഭാഷയിൽ നിന്നുതന്നെ തുടങ്ങുന്നു ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ പ്രശ്നങ്ങൾ. അങ്കണവാടികളിലും മറ്റും പഠിപ്പിക്കാൻ വരുന്നത് കമ്മ്യൂണിറ്റിക്ക് പുറത്തുനിന്നുള്ളവരാണെങ്കിൽ, അവർ ഉപയോഗിക്കുന്നത് കുട്ടികളുടെ മാതൃഭാഷ അല്ലെങ്കിൽ അത് അവരെ ഒറ്റപ്പെടുത്തും. ഇപ്പോൾ ബഹുഭാഷാ കരിക്കുലം ഉണ്ടാക്കുന്നു എന്നതൊക്കെ ശരിയാണ്. എന്നാൽ, ഇതൊക്കെ എത്രത്തോളം വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിയിട്ടുണ്ട് എന്നത് വലിയ ചോദ്യമാണ്. MRS സ്കൂളുകളിൽ മെൻറർ ടീച്ചർമാരുടെ നിയമനം നടക്കുന്നുണ്ടെങ്കിലും, അതത് കമ്മ്യൂണിറ്റിക്ക് വേണ്ട അധ്യാപകരെ കണ്ടെത്തി നിയമിക്കുന്നില്ല. പണിയ കുട്ടികൾ കൂടുതലുള്ളിടത്ത് ചിലപ്പോൾ കുറിച്യ, കുറുമ ടീച്ചറായിരിക്കും ഉണ്ടായിരിക്കുക. അത്തരം പ്രശ്നങ്ങളുണ്ട്. പ്രീ പ്രൈമറി സ്കൂളിങ് മുതൽ കുട്ടികൾക്ക് അവരുടെ തനത് സംസ്കാരവും സ്വന്തം സമുദായവുമായി ഇഴുകിച്ചേരുന്ന പഠനരീതിയൊന്നും ഇതുവരെ വിഭാവനം ചെയ്തിട്ടില്ല. MRS സ്കൂളുകളിലും കമ്മ്യൂണിറ്റികളോട് ചേർന്ന സ്കൂളുകളിലും ഭാഷയുമായി ബന്ധപ്പെട്ടും സാംസ്കാരികമായും ഈ കുട്ടികൾ വ്യാപക ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. ഇതുമൂലം ഗുണമേന്മയുള്ള വിദ്യാഭ്യാസം ചെറിയ ക്ലാസ്സിൽ തന്നെ ഇവർക്ക് നിഷേധിക്കപ്പെടുന്നു. ഈ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൻെറ ഗുണനിലവാരം പരിശോധിക്കപ്പെടുന്നത് പത്താം ക്ലാസ്സിലെത്തുമ്പോഴാണ്. അതുവരെ, അവരുടെ നൈസർഗ്ഗികമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതടക്കമുള്ള വിഷയങ്ങൾ അഡ്രസ് ചെയ്യപ്പെടുന്നില്ല. പുതിയ വിദ്യാഭ്യാസനയത്തിൻെറ ഭാഗമായി നടപ്പിലാക്കുന്ന മാറ്റങ്ങൾ ഇത്തരം പ്രതിസന്ധികൾ രൂക്ഷമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഗുണനിലവാരം പരിശോധിച്ച്, അതുമായി ബന്ധപ്പെട്ട പരീക്ഷ നടത്തി, നിശ്ചിത മാർക്ക് നിശ്ചയിച്ച് അതിനനുസരിച്ച് വെക്കേഷനിൽ ഇരുത്തി പഠിപ്പിക്കുന്ന സംവിധാനം ഉണ്ടായിരുന്നു. എന്നാൽ, കുറച്ച് കാലമായി ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഗുണനിലവാര പരിശോധയ്ക്കുപകരം സ്ക്രൈബിനെ വെച്ച് പരീക്ഷയെഴുതിച്ച് സ്കൂളുകൾ നൂറു ശതമാനം വിജയം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. അങ്ങനെ ഈ വിദ്യാർത്ഥികൾ Intellectually and Educationally Disabled എന്ന് മുദ്രകുത്തപ്പെടുകയാണ്. എഴുതാനറിയുന്ന കുട്ടിയാണെങ്കിൽ പോലും തോറ്റാൽ സ്കൂളിൻെറ നിലവാരത്തെ ബാധിക്കുമെന്നതിനാൽ സ്ക്രൈബിനെ വെച്ച് പരീക്ഷ എഴുതിപ്പിക്കുകയാണ്. എട്ടും ഒമ്പതും ക്ലാസിൽ പഠിക്കുന്നവർക്ക് ചോദ്യോത്തരങ്ങൾ കൊടുത്ത് പഠിപ്പിച്ച്, അവരാണ് ഈ കുട്ടികൾക്ക് പകരം പരീക്ഷയെഴുതുന്നത്. പത്താം ക്ലാസിനുശേഷം ഇവരുടെ ഭാവി എന്താകും?

നന്നായി പഠിക്കണമെന്നാഗ്രഹിക്കുന്ന, ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കണമെന്നാഗ്രഹിക്കുന്നവരെ അവിടെ ചേർക്കാത്ത സാഹചര്യം നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ടായിട്ടുണ്ട്. അധ്യാപകരുടെ ജോലി സുരക്ഷിതാക്കാൻ തലയെണ്ണി വിദ്യാർത്ഥികളെ നിലനിർത്തുകയാണ്. ഞങ്ങൾക്കറിയാവുന്ന ഒരു ആദിവാസി കുട്ടിയെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കണമെന്ന് പറഞ്ഞപ്പോൾ, കുട്ടിയെ ആര് പഠിപ്പിക്കും എന്ന് ചോദിച്ച്, മലയാളം മീഡിയത്തിൽ തന്നെ ചേർക്കേണ്ട സാഹചര്യമുണ്ടായി. ഇങ്ങനെ പല അനുഭവങ്ങളുണ്ട്. നമ്പർ കാണിക്കാൻ മാത്രം മതി ആദിവാസികുട്ടിയെ, നൂറു ശതമാനം വിജയം ഉറപ്പാക്കാൻ സ്ക്രൈബിനെ വെച്ച് പരീക്ഷയും എഴുതിക്കും. റസിഡൻഷ്യൽ സ്കൂളുകളിൽ പോലും സ്ക്രൈബിനെ വെച്ച് പരീക്ഷ എഴുതിക്കുകയാണ്. മെൻറർ ടീച്ചർമാരെ വെച്ച് ക്ലാസ്സുകളുടെ സപ്പോർട്ട് വർധിപ്പിക്കുന്നു എന്ന് പറയുമ്പോൾ പോലും, മറ്റ് ടീച്ചർമാർ വരാത്ത ക്ലാസ്സുകളിലേക്ക് അവരെ അയക്കുകയും ചെയ്യുന്നുണ്ട്. ആദിവാസികളായ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിൽ അവരുടെ ശേഷി ഉപയോഗപ്പെടുത്താനാകുന്നില്ല.

ഇങ്ങനെ പുറത്തുവരുന്നവരിൽ 90 ശതമാനത്തിനും പത്താം ക്ലാസ്സിനുശേഷം പഠനം തുടരാനാകുന്നില്ല. പ്രത്യേകിച്ച് വയനാട്ടിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗം കുട്ടികളുടെ സാഹചര്യം ഇതാണ്. ഇനി, പത്താം ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ മുഴുവൻ ഉൾക്കൊള്ളാവുന്ന ഹയർ സെക്കന്റഡറി സീറ്റ് വയനാട് പോലുള്ള മേഖലകളിലില്ല. കുട്ടികൾ ആഗ്രഹിക്കുന്ന കോഴ്സുകൾ എടുക്കാനുള്ള അവസരവുമില്ല. ഇതിനെതിരെ 2019-ൽ, കോവിഡ് കാലത്ത് പോലും ആദിശക്തി സമ്മർ സ്കൂളിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കേണ്ടിവന്ന സാഹചര്യമുണ്ടായി.

പത്താം ക്ലാസ്സ് പരീക്ഷ പാസ്സായി ഹയർസെക്കൻഡറിയിൽ ചേരുന്ന 2000 ആദിവാസി വിദ്യാർത്ഥികളിൽ 300-400 കുട്ടികൾ മാത്രമാണ് ജയിക്കുന്നത്. ഭൂരിപക്ഷവും പഠനം ഉപേക്ഷിച്ച് തൊഴിൽ ചൂഷണത്തിന്റെ ഇരകളാകുന്നു. ചിലർ റിസോർട്ടുകളിൽ ക്ലീനിങ് സ്റ്റാഫായി പോകുന്നു. മറ്റു ചിലർ പരമ്പരാഗതമായി ചെയ്യുന്ന അടയ്ക്ക പറിക്കൽ, കാപ്പിച്ചോട് വെട്ടൽ തുടങ്ങിയ ജോലികളിലേക്കും പോവുന്നു.

2019- വരെ കുട്ടികൾക്ക് അഡ്മിഷൻ എടുക്കാൻ സ്പോട്ട് അഡ്മിഷൻ മേളയാണ് നടന്നിരുന്നത്. പല സ്കൂളുകളിൽ നിന്നും അധ്യാപകരും പ്രധാനാധ്യാപകരും വന്ന് കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം നൽകുന്നതാണ് സ്പോട്ട് അഡ്മിഷൻ. സ്വകാര്യ സ്ഥാപനങ്ങളിൽ കുട്ടികളെ ചേർക്കുക എന്നതാണ് ഇതിലൂടെ സംഭവിച്ചിരുന്നത്. ഇപ്പോൾ സർക്കാർ താൽക്കാലിക പ്രശ്നപരിഹാരത്തിന് പത്തോ ഇരുപതോ ശതമാനം സീറ്റ് വർധിപ്പിക്കുന്നു എന്നതല്ലാതെ, ഡിവിഷൻ കൂട്ടുന്നില്ല. ഒരു ഡിവിഷനിൽ തന്നെ 70- 75 വിദ്യാർത്ഥികളെ കുത്തിനിറക്കുകയാണ്. അതിൽ തന്നെ ഇവരുടെ അഡ്മിഷൻ വളരെ വൈകിയാണ് നടക്കുക. ആഗ്രഹിക്കുന്ന കോഴ്സ് കിട്ടില്ല. പലരും സ്ക്രൈബിനെ വെച്ച് പരീക്ഷയെഴുതി വന്നവരായിരിക്കും. അത്തരം കുട്ടികൾക്ക് കോഴ്സ് പൂർത്തിയാക്കാനുള്ള സാഹചര്യവും ഉണ്ടാവില്ല. അഡ്മിഷൻ നേടുന്നവരിൽ അഞ്ചു ശതമാനം മാത്രമാണ് ഉന്നതവിദ്യാഭ്യാസത്തിലേക്ക് പോവുന്നത്. പത്താം ക്ലാസ്സ് പരീക്ഷ പാസ്സായി ഹയർസെക്കൻഡറിയിൽ ചേരുന്ന 2000 പേരിൽ 300-400 കുട്ടികൾ മാത്രമാണ് ജയിക്കുന്നത്. ഭൂരിപക്ഷവും പഠനം ഉപേക്ഷിച്ച് തൊഴിൽ ചൂഷണത്തിന്റെ ഇരകളാകുന്നു. ചിലർ റിസോർട്ടുകളിൽ ക്ലീനിങ് സ്റ്റാഫായി പോകുന്നു. മറ്റു ചിലർ പരമ്പരാഗതമായി ചെയ്യുന്ന അടയ്ക്ക പറിക്കൽ, കാപ്പിച്ചോട് വെട്ടൽ തുടങ്ങിയ ജോലികളിലേക്കും പോവുന്നു. പെൺകുട്ടികളിൽ ഒരുവിഭാഗം തുണിക്കടകളിലും മറ്റും സെയിൽസ് ഗേളാകുന്നു. അവിടെയും ചൂഷണം തുടരുന്നു.

അങ്ങനെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ പുറന്തള്ളപ്പെടുകയാണ്, അവരുടെ അടിസ്ഥാന ഭരണഘടനാ അവകാശം നിഷേധിക്കപ്പെടുകയാണ്. പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളായ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗം വിദ്യാർത്ഥികളാണ് രൂക്ഷമായ വിവേചനം നേരിടുന്നത്.

ഇ ​ഗ്രാൻറ്സ് നിഷേധം
എന്ന ചൂഷണം

ഇ ഗ്രാന്റ്സ് നിഷേധമാണ് മ​റ്റൊരു പ്രധാന പ്രശ്നം. പ്രീ - മെട്രിക് അലവൻസ് മൂന്നോ നാലോ വർഷമായി ഏറെ വൈകിയാണ് ലഭിക്കുന്നത്. നിരവധി സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ വിദ്യാർത്ഥികൾക്ക് കൃത്യമായി ഇ-ഗ്രാൻറ്സിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനാലും കൃത്യമായി വിതരണം ചെയ്യപ്പെടാത്തതിനാലും ഈ സംവിധാനം അടിമുടി പ്രതിസന്ധിയിലാണ്. നേരത്തെ ഇത്തരം പല അലവൻസുകളും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷൻ വഴിയാണ് നേരിട്ട് വിതരണം ചെയ്തിരുന്നത്. സ്ഥാപനങ്ങളിൽനിന്നാണ് വിദ്യാർത്ഥികൾക്ക് സഹായം ലഭിച്ചിരുന്നത്. ഇപ്പോൾ നേരിട്ട് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയാണ്. എപ്പോഴെങ്കിലുമാണ് ഇ - ഗ്രാൻറ്സ് കിട്ടുക. ഡയറക്ട് ബെനിഫിഷ്യറി ആയതിനാൽ, രക്ഷിതാവിൻെറ അക്കൌണ്ടിലേക്കാണ് പണം എത്തുക. ഇത് കുട്ടിക്ക് ഉപയോഗപ്പെടുമോ എന്ന ആശങ്കയുള്ളതിനാൽ, കുട്ടി സ്കൂളിൽ ചേരുമ്പോൾ തന്നെ യൂണിഫോം, പുസ്തകം തുടങ്ങി എല്ലാത്തിൻെറയും ഫീസ് മുൻകൂറായി ഈടാക്കും. രക്ഷിതാക്കൾക്ക് ഇത് നൽകാനാകില്ല. അങ്ങനെ പുസ്തകവും യൂണിഫോമും വാങ്ങാനാകാതെ പഠനം ഉപേക്ഷിക്കേണ്ടിവരുന്നവർ നിരവധിയാണ്.

കുറച്ച് കാലത്തിനിടയിൽ എല്ലാ സംവിധാനങ്ങളും ഓൺലൈൻ മോഡിലേക്ക് മാറി. അപേക്ഷ നൽകുന്നതും അഡ്മിഷൻ എടുക്കുന്നതുമെല്ലാം ഓൺലൈനായാണ്. സെൻട്രൽ യൂണിവേഴ്സിറ്റികളും ന്യൂ ജനറേഷൻ കോഴ്സുകളും ഓട്ടോണോമസ് കോഴ്സുകളുമെല്ലാം ധാരാളമായി വരുന്നുണ്ട്. എന്നാൽ, ആദിവാസികുട്ടികൾക്ക് ഒരു പ്രീ അഡ്മിഷൻ സപ്പോർട്ട് സിസ്റ്റമുണ്ടോ?

നിരവധി സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ വിദ്യാർത്ഥികൾക്ക് കൃത്യമായി ഇ-ഗ്രാൻറ്സിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനാലും കൃത്യമായി വിതരണം ചെയ്യപ്പെടാത്തതിനാലും ഈ സംവിധാനം അടിമുടി പ്രതിസന്ധിയിലാണ്.
നിരവധി സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ വിദ്യാർത്ഥികൾക്ക് കൃത്യമായി ഇ-ഗ്രാൻറ്സിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനാലും കൃത്യമായി വിതരണം ചെയ്യപ്പെടാത്തതിനാലും ഈ സംവിധാനം അടിമുടി പ്രതിസന്ധിയിലാണ്.

ക്ലാസ് റൂമുക​ളി​ലെ ഒറ്റപ്പെടൽ

ക്ലാസ്സ് റൂം ജനാധിപത്യപരമായ ഇടമാവണമെങ്കിൽ, അവിടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സാഹചര്യം ഉണ്ടാവണം. അത്തരത്തിൽ നമ്മുടെ കരിക്കുലം മാറിയിട്ടുണ്ടോ? ആദിവാസി - ദലിത് വിഭാഗങ്ങളിൽ നിന്നുള്ള കവിതകളും മറ്റും പാഠപുസ്തകങ്ങളുടെ ഭാഗമായിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. എന്നാൽതന്നെയും ഒപ്പം പഠിക്കുന്നവർക്കോ വിദ്യാലയങ്ങളിലെ സ്റ്റാഫുകൾക്കോ ആദിവാസി - ദലിത് വിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് എത്ര ധാരണയുണ്ട്? ആദിവാസികളെക്കുറിച്ചുള്ള പൊതുധാരണകൾ മാത്രമാണ് വിദ്യാർത്ഥികൾക്കിടയിലുമുള്ളത്. ഈ വിദ്യാർത്ഥികളെ ഒപ്പം ചേർക്കാൻ എന്താണ് ചെയ്യേണ്ടത് എന്നൊന്നും നിലവിലെ വിദ്യാഭ്യാസ സംവിധാനത്തിനറിയില്ല. അക്കാദമിക്കായി ആദിവാസി - ദലിത് വിദ്യാർത്ഥികളുടെ നിലവാരം മെച്ചപ്പെടുത്താൻ പല പദ്ധതികളുമുണ്ടെങ്കിലും ക്ലാസ് മുറികളിലെ ഉൾക്കൊള്ളലിൻെറ കാര്യത്തിൽ ഏറെ മാറ്റമുണ്ടാവേണ്ടതുണ്ട്.

അട്ടപ്പാടിയിലെ മുദുക, കുറുമ്പ, ഇടുക്കിയിലെ മുതുവാൻ, ഹിൽ പുലയ, നിലമ്പൂരിലെ കാട്ടുനായ്ക്ക, വയനാട്ടിലെ കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വീട്ടിലെ സാഹചര്യങ്ങൾ കൊണ്ടും സാമൂഹിക സാഹചര്യങ്ങൾ കൊണ്ടും തങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കുന്നില്ല.

ക്ലാസ് മുറികളിൽ ഒറ്റപ്പെടുന്ന ആദിവാസി വിദ്യാർത്ഥികൾ മാനസികമായി വലിയ ആന്തരിക സംഘർഷത്തിലൂടെയാണ് കടന്നുപോവുന്നത്. ആദി ശക്തി സമ്മർ സ്കൂളിലെ കുട്ടികൾ അനുഭവം പങ്കുവെക്കുമ്പോൾ ഇക്കാര്യം ബോധ്യപ്പെടാറുണ്ട്. അട്ടപ്പാടിയിലെ മുദുക, കുറുമ്പ, ഇടുക്കിയിലെ മുതുവാൻ, ഹിൽ പുലയ, നിലമ്പൂരിലെ കാട്ടുനായ്ക്ക, വയനാട്ടിലെ കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വീട്ടിലെ സാഹചര്യങ്ങൾ കൊണ്ടും സാമൂഹിക സാഹചര്യങ്ങൾ കൊണ്ടും തങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കുന്നില്ല. നൈസർഗ്ഗിക ചോദനകളെ വളർത്തിയെടുക്കാൻ സാധിക്കുന്ന, രക്ഷിതാക്കളുടെ അടുത്ത് പോയിവന്ന് സ്കൂൾ വിദ്യാഭ്യാസം നടത്താനുള്ള സാഹര്യം എന്തുകൊണ്ട് ഇവർക്ക് നിഷേധിക്കപ്പെടുന്നു? മറ്റെല്ലാ വിഭാഗങ്ങൾക്കും അത് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് സുരക്ഷിതത്വബോധമുണ്ട്.

വിദ്യാഭ്യാസമേഖലയിൽ സമീപകാലത്ത് വലിയ മാറ്റങ്ങളുണ്ടായി. നാല് വർഷ ഡിഗ്രി കോഴ്സ് ഒരു ഉദാഹരണം. ധൃതി പിടിച്ച് ഇത് നടപ്പാക്കിയപ്പോൾ, അതിനെ ഉൾക്കൊള്ളുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടോ എന്നും അതിനനുസരിച്ചുള്ള സൗകര്യങ്ങളുണ്ടോ എന്നും കാര്യമായ ആലോചനകളുണ്ടായില്ല. നാലുവർഷ ബിരുദ കോഴ്സിന്റെ ഘടന മാറ്റുമ്പോൾ അത് ഇ - ഗ്രാൻറ്സിൻെറ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടോ? എസ്.സി - എസ്.ടി വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതിന് എന്തെങ്കിലും തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടോ? അവർക്ക് കോഴ്സുകളെക്കുറിച്ച് കൂടുതൽ ധാരണ പകരുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനും ഒരുവിധ ചർച്ചകളും നടന്നിട്ടില്ല. അങ്ങനെ വരുമ്പോൾ, പുതിയ മാറ്റങ്ങളും ദലിത് - ആദിവാസി കുട്ടികളുടെ പുറന്തള്ളൽ രൂക്ഷമാക്കാനേ സഹായിക്കൂ.

ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾക്കായി വർഷങ്ങളായി ഞങ്ങൾ തെരുവിൽ സമരം ചെയ്യുകയാണ്. ഭാവി സുരക്ഷിതമാക്കാൻ ഉപയോഗപ്പെടുത്തേണ്ട സമയമാണ് സമരം ചെയ്യുന്നതിന് മാറ്റിവെക്കേണ്ടിവരുന്നത്.
ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾക്കായി വർഷങ്ങളായി ഞങ്ങൾ തെരുവിൽ സമരം ചെയ്യുകയാണ്. ഭാവി സുരക്ഷിതമാക്കാൻ ഉപയോഗപ്പെടുത്തേണ്ട സമയമാണ് സമരം ചെയ്യുന്നതിന് മാറ്റിവെക്കേണ്ടിവരുന്നത്.

എം.ബി.ബി.എസിന് ചേർന്ന
പണിയ വിദ്യാർത്ഥിയുടെ അനുഭവം

ഈ അക്കാദമിക് വർഷം പണിയ വിഭാഗത്തിൽ നിന്ന് ഒരു വിദ്യാർത്ഥി എം.ബി.ബി.എസിന് ചേർന്നു. പണിയ വിഭാഗത്തിൽ നിന്ന് ഈ വർഷം നീറ്റ് കോച്ചിങ്ങിന് അവസരം ലഭിച്ചത് രണ്ട് കുട്ടികൾക്കു മാത്രമാണ്. നല്ല രാഷ്ട്രീയ - സാമൂഹ്യ ധാരണയുള്ള, വേലായുധൻ എന്നൊരാളുടെ കുടുംബത്തിൽ നിന്നാണ് ഈ വിദ്യാർത്ഥി വരുന്നത്. മുത്തങ്ങ സമരത്തിലൊക്കെ സജീവമായി പങ്കെടുത്തയാളാണ് വേലായുധൻ. ഈ വിദ്യാർത്ഥി രണ്ടു തവണ നീറ്റ് റിപ്പീറ്റ് ചെയ്ത് പാസ്സായി വന്നതാണ്. ചേരുന്ന സമയത്ത് വലിയ തുക അടയ്ക്കാനാവശ്യപ്പെട്ടു. ഇ - ഗ്രാൻറ്സ് പരിധിയിൽ വരുന്നതിനാൽ ഫീസ് അടയ്ക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ ഹോസ്റ്റൽ അലവൻസ് അടയ്ക്കാനാവശ്യപ്പെട്ടു. ഈ വിദ്യാർത്ഥിയ്ക്ക് അഡീഷണൽ ഫീസായി അടയ്ക്കേണ്ടിവന്നത് 78,000 രൂപയാണ്. ഈ തുക മുഴുവൻ അടച്ചാലേ അഡ്മിഷൻ നടപടി പൂർണമാവൂ എന്നാണ് സ്ഥാപനം പറഞ്ഞത്. എന്താണ് അഡീഷണൽ ഫീസ് എന്ന് അന്വേഷിച്ചപ്പോൾ, അവിടെ ഹോസ്റ്റൽ ഫീസ് 12,000 രൂപയാണെന്നും ഇ-ഗ്രാൻറ്സിൽ നിന്ന് 4000 രൂപയേ കിട്ടുകയുള്ളൂവെന്നുമാണ് പറഞ്ഞത്. ഇത്തരം സാഹചര്യം ഒഴിവാക്കാൻ ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. ജീവിതച്ചെലവ് വർധിക്കുന്നത് കണക്കിലെടുത്ത് ധനസഹായം വർധിപ്പിക്കണം. കൂടാതെ, സ്ഥാപനങ്ങളോട് വിദ്യാർത്ഥികളിൽനിന്ന് അമിത തുക ഈടാക്കരുതെന്ന് സർക്കാർ കർശനനിർദ്ദേശം നൽകണം. ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കാൻ എല്ലാ കടമ്പയും കടന്നെത്തുന്നവർ സാമ്പത്തികമായി പുറന്തള്ളപ്പെടുന്നത് ഒറ്റപ്പെട്ട സംഭവമല്ല.

യു.ജി, പി.ജി വിദ്യാർത്ഥികൾക്കും ഇത്തരം പ്രതിസന്ധികളുണ്ട്. സ്വകാര്യ ഹോസ്റ്റലായാലും മറ്റ് ഹോസ്റ്റലുകളായാലും 6000 രൂപ മുതൽ 9000 രൂപ വരെ അടയ്ക്കേണ്ടിവരും. ഇ- ഗ്രാൻറിൽ നിന്നല്ലാതെ അധികമായി വരുന്ന തുക കുട്ടികളോട് കയ്യിൽ നിന്നെടുത്ത് അടയ്ക്കാൻ ആവശ്യപ്പെടും. ചില സ്ഥാപനങ്ങൾ എല്ലാ മാസവും തുടക്കത്തിൽ തന്നെ ഫീസടയ്ക്കാൻ പറയും. തുക കണ്ടെത്താനാകാതെ വിദ്യാർത്ഥികൾ സമ്മർദ്ദത്തിലാവും. കടം വാങ്ങിയും മറ്റും ഫീസടച്ച്, പിന്നീട് അത് തിരിച്ച് നൽകാനാവാതെ മാനസിക സംഘർഷം കാരണം കോഴ്സ് നിർത്തിപ്പോയവർ നിരവധിയാണ്.

കോളനികളെ ഉന്നതികളാക്കി, അതിദാരിദ്ര്യം ഇല്ലാതാക്കി, ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കി- ഈ അവകാശവാദങ്ങൾക്കിടയിലും അടിത്തട്ടിലെ യഥാർത്ഥ ചിത്രം മനസ്സിലാക്കുന്നതിനുള്ള ആധികാരിക അന്വേഷണങ്ങൾ സർക്കാരിൻെറ പരിഗണനയിലില്ല.

SC വിഭാഗത്തിലുള്ളവർക്ക് സ്വകാര്യ ഹോസ്റ്റൽ ഫീസായി 1500 രൂപയും ST വിഭാഗക്കാർക്ക് 3000 രൂപയുമാണ് നൽകുന്നത്. അധികമായി വരുന്ന തുക ഇവർ കണ്ടെത്തേണ്ടിവരുന്നു. പോക്കറ്റ് മണി 200 രൂപയാണ്. 10 വർഷത്തിനിടയിൽ 10 രൂപയാണ് വർധിപ്പിച്ചത്. 2024-ന് ശേഷം ഈ ഗ്രാൻറ് SC ഹോസ്റ്റലുകളിൽ കൊടുക്കുന്നില്ല. ഇ - ഗ്രാൻറ്സ് കാലാനുസൃതമായി വർധിപ്പിക്കണമെന്ന് നിരവധി തവണ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഒന്നും സംഭവിച്ചില്ല. ഇ ഗ്രാൻറ്സ് കൃത്യമായി കിട്ടാതെ ഹോസ്റ്റൽ ഫീസടയ്ക്കാൻ സാധിക്കാതെ മാനസിക സംഘർഷത്തിലാവുന്നവർ നിരവധിയാണ്.

പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ കഴിയുന്നവർക്ക് ഡേ സ്കോളേഴ്സിന് കിട്ടുന്ന അലവൻസ് ലഭിക്കുന്നില്ല. കോളേജ് ഹോസ്റ്റലുകളായിരിക്കും കോളേജുകൾക്ക് അടുത്തുള്ളത്. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ സ്ഥാപനങ്ങളിൽ നിന്ന് ദൂരെയായിരിക്കും. അവർക്ക് ട്രാവൽ അലവൻസും ഇല്ല. കിട്ടുന്നത് തുച്ഛമായ പോക്കറ്റ് മണി മാത്രം.

മറ്റൊരു പ്രശ്നം പ്രായപരിധിയാണ്. കൺസെഷൻ കിട്ടാൻ 25 വയസ്സാണ് പ്രായപരിധി. SC- ST വിഭാഗങ്ങൾക്ക് ഇളവില്ല. ചില ആദിവാസി വിഭാഗങ്ങളിൽ നിന്ന് ഒരു തലമുറ വിദ്യാർത്ഥികൾക്ക് ഉപരിപഠന അവസരം ലഭിച്ചുവെന്നതൊഴിച്ചാൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ, ഇ ഗ്രാൻറ്സിന് രണ്ടര ലക്ഷം രൂപ വരുമാനപരിധി കൊണ്ടുവന്നിട്ടുണ്ട്. അതും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഗവേഷക വിദ്യാർത്ഥികൾക്ക് 40 വയസ്സാണ് പ്രായപരിധി. ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർ പിഎച്ച്.ഡി ചെയ്യണമെങ്കിൽ ജോലിസുരക്ഷിതത്വം വേണം. ഡിഗ്രിയും പിജിയും കഴിഞ്ഞ്, അധ്യാപകജോലിയൊക്കെ ചെയ്ത് അൽപം സാമ്പത്തിക സുരക്ഷിതത്വം നേടിയശേഷമാണ് ഇവർ പിഎച്ച്.ഡി ചെയ്യാനെത്തുക. അവർക്ക് പ്രായപരിധി വെച്ചാൽ എങ്ങനെയാണ് ഗവേഷകമേഖലയിൽ മുന്നോട്ട് പോവാൻ സാധിക്കുക?

 ചില ആദിവാസി വിഭാഗങ്ങളിൽ നിന്ന് ഒരു തലമുറ വിദ്യാർത്ഥികൾക്ക് ഉപരിപഠന അവസരം ലഭിച്ചുവെന്നതൊഴിച്ചാൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ, ഇ ഗ്രാൻറ്സിന് രണ്ടര ലക്ഷം രൂപ വരുമാനപരിധി കൊണ്ടുവന്നിട്ടുണ്ട്. അതും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ചില ആദിവാസി വിഭാഗങ്ങളിൽ നിന്ന് ഒരു തലമുറ വിദ്യാർത്ഥികൾക്ക് ഉപരിപഠന അവസരം ലഭിച്ചുവെന്നതൊഴിച്ചാൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ, ഇ ഗ്രാൻറ്സിന് രണ്ടര ലക്ഷം രൂപ വരുമാനപരിധി കൊണ്ടുവന്നിട്ടുണ്ട്. അതും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ആദിവാസി വിദ്യാർത്ഥിയെ പുറന്തള്ളുന്ന
കേരള മോഡൽ

സാമൂഹ്യ- സാമ്പത്തിക സാഹചര്യങ്ങൾ കാരണം ഹോസ്റ്റൽ മുറികളിലും ക്ലാസ്സ് മുറികളിലും ഒതുങ്ങിപ്പോകേണ്ടിവരുന്നവർക്ക് സ്വന്തം കഴിവുകൾ എത്രമാത്രം വികസിപ്പിക്കാനാകുമെന്ന ചോദ്യം ആദിവാസി വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒരിക്കലും ഉന്നയിക്കപ്പെടുന്നില്ല. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിൽ എത്രത്തോളം ഗുണകരമാവുന്നു എന്ന പഠനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഈ വ്യവസ്ഥ അതേപടി തുടരുകയാണ്. വിദേശങ്ങളിൽ ഇത്തരം സംവിധാനങ്ങൾ നിർത്തലാക്കിയിട്ടും, മോഡലായി വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ആദിവാസി വിദ്യാർത്ഥികൾക്കായി എന്ത് മാറ്റമാണുണ്ടായത്?

കേരളത്തിനു പുറത്തേക്ക് പോവുകയാണെങ്കിൽ കേന്ദ്ര പദ്ധതിയിലുള്ള സഹായമാണ് ലഭിക്കുക. മറ്റ് കുട്ടികൾക്ക് ലഭിക്കുന്ന ഇ-ഗ്രാൻറ്സ് ആനുകൂല്യം ലഭിക്കില്ല. അതുകൊണ്ട്, പുറത്തുപോകുന്നവർക്ക് വൻ തുക കണ്ടെത്തേണ്ടിവരും. അതുകൊണ്ടുതന്നെ, കേന്ദ്ര സർവകലാശാലകളിലും ഐ ഐ ടികളിലുമെല്ലാം വളരെ ചെറിയ ശതമാനം ആദിവാസി വിദ്യാർത്ഥികളാണ് എത്തിച്ചേരുന്നത്. തുടർപഠനത്തിന് ഒരു പിന്തുണയും ഇല്ലാത്തത്, വിദ്യാർത്ഥികൾ വൻതോതിൽ തഴയപ്പെടുന്നതിന് കാരണമാകുന്നു.

അട്ടപ്പാടിയിലെ കുട്ടികൾ അതിരൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. തങ്ങൾ രക്തക്കുറവും വിളർച്ചയും നേരിടുന്നതായി അവിടത്തെ കുട്ടികൾ നേരിട്ട് പറയാറുണ്ട്. പരമ്പരാഗതമായി കഴിച്ചിരുന്ന ഭക്ഷണം ഇന്ന് ലഭിക്കുന്നുണ്ടോ? എന്തുതരം ഭക്ഷണമാണ് അവർക്ക് ഹോസ്റ്റലുകളിൽ നിന്ന് ലഭിക്കുന്നത്? ഊരുകളിൽ ചെന്നാലും റാഗി, ചാമ പോലുള്ള പരമ്പരാഗത ഭക്ഷണവും വേണ്ടത്ര ലഭിക്കുന്നില്ല.

ആദിവാസികളുടെ പരമ്പരാഗത അറിവുകളെ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. തങ്ങളുടെ നോളജ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാനുള്ള എന്ത് അവസരമാണ് അവർക്ക് ലഭിക്കുന്നതെന്ന് ആലോചിക്കേണ്ടതുണ്ട്.

സാമൂഹ്യ- സാമ്പത്തിക സാഹചര്യങ്ങൾ കാരണം ഹോസ്റ്റൽ മുറികളിലും ക്ലാസ്സ് മുറികളിലും ഒതുങ്ങിപ്പോകേണ്ടിവരുന്നവർക്ക് സ്വന്തം കഴിവുകൾ എത്രമാത്രം വികസിപ്പിക്കാനാകുമെന്ന ചോദ്യം ആദിവാസി വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒരിക്കലും ഉന്നയിക്കപ്പെടുന്നില്ല.

ഇത്തരം പ്രശ്നങ്ങൾ ആദിശക്തി സമ്മർ സ്കൂളിന് ഇത്ര ആധികാരികമായി ചൂണ്ടിക്കാട്ടാനാകുന്നത്, ആറേഴ് വർഷമായി പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി, വേട്ടക്കുറുമ, കാടർ, മുതുവാൻ തുടങ്ങിയ ആദിവാസി വിഭാഗങ്ങൾക്കിടയിലും ദലിത് വിഭാഗങ്ങൾക്കിടയിലും യുവാക്കളെ ഉന്നതവിദ്യാഭ്യാസരംഗത്ത് മുന്നോട്ട് കൊണ്ടുവരാൻ അടിത്തട്ടിലിറങ്ങി പ്രവർത്തിച്ചതുകൊണ്ടാണ്. കോവിഡ് കാലത്തും പ്രളയകാലത്തുമെല്ലാം ഓൺലൈനായും മറ്റും ഈ വിദ്യാർത്ഥികൾക്കായി അഡ്മിഷൻ ഹെൽപ് ഡെസ്ക് പോലുള്ള പിന്തുണാസംവിധാനങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നു. ഓൺലൈൻ സിസ്റ്റവും സിസ്റ്റം ജനറേറ്റഡ് ഫീസ് ഘടനയുമെല്ലാം വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴാണ് മധ്യസ്ഥറോളിൽ ആദിശക്തി സമ്മർ സ്കൂൾ പ്രവർത്തനം ഏകോപിപ്പിച്ചത്. എസ്.സി- എസ്.ടി സ്പെഷ്യൽ അലോട്ട്മെൻറുകൾ സുതാര്യമായി എല്ലാ ഇൻസ്റ്റിറ്റ്യൂഷനിലും നടക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾക്ക് ക്രിയാത്മക പരിഹാരം കാണുന്ന തരത്തിലുള്ള ഇടപെടലുകൾ ഭരണകൂടങ്ങളുടെയോ അധികൃതരുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഉന്നതവിദ്യാഭ്യാസമന്ത്രിയെയും ഉന്നതവിദ്യാഭ്യാസ കമ്മീഷണറെയുമെല്ലാം കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. ഉന്നതവിദ്യാഭ്യാസ കൗൺസിലിന് മുൻപാകെ കാര്യങ്ങൾ വിശദമായി ഉന്നയിച്ചിട്ടുണ്ട്. എന്നിട്ടും പ്രശ്നപരിഹാരമില്ലെന്നു മാത്രമല്ല, പുതിയ വിദ്യാഭ്യാസ നയത്തിൻെറ അധികഭാരവും ഈ വിദ്യാർത്ഥികൾക്കുമേൽ ചുമത്തപ്പെടുന്നു. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ പരസ്പരം ആരോപണങ്ങളുന്നയിച്ച്, അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.

ഈയടുത്ത് പുറത്തുവന്ന CAG റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് ആദിവാസി` ദലിത് വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്. ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കാനോ സംവിധാനങ്ങൾ നവീകരിക്കാനോ ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല. പരിഹാരശ്രമം നടത്തുന്നുണ്ടെന്ന് പി.ആർ വർക്കിലൂടെ തോന്നിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

കോളനികളെ ഉന്നതികളാക്കി, അതിദാരിദ്ര്യം ഇല്ലാതാക്കി, ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കി- ഈ അവകാശവാദങ്ങൾക്കിടയിലും അടിത്തട്ടിലെ യഥാർത്ഥ ചിത്രം മനസ്സിലാക്കുന്നതിനുള്ള ആധികാരിക അന്വേഷണങ്ങൾ നമ്മുടെ സർക്കാരിൻെറ പരിഗണനയിലില്ല. 1.1 ശതമാനം മാത്രം ജനസംഖ്യയുള്ള ആദിവാസികളുടെ ജീവിതത്തിൽ എന്തുമാറ്റമാണ് നമ്മുടെ സർക്കാരുകൾക്ക് വരുത്താൻ സാധിച്ചിട്ടുള്ളത്?

SC വിഭാഗത്തിലുള്ളവർക്ക് സ്വകാര്യ ഹോസ്റ്റൽ ഫീസായി 1500 രൂപയും ST വിഭാഗക്കാർക്ക് 3000 രൂപയുമാണ് നൽകുന്നത്. അധികമായി വരുന്ന തുക ഇവർ കണ്ടെത്തേണ്ടിവരുന്നു. പോക്കറ്റ് മണി 200 രൂപയാണ്. 10 വർഷത്തിനിടയിൽ 10 രൂപയാണ് വർധിപ്പിച്ചത്.
SC വിഭാഗത്തിലുള്ളവർക്ക് സ്വകാര്യ ഹോസ്റ്റൽ ഫീസായി 1500 രൂപയും ST വിഭാഗക്കാർക്ക് 3000 രൂപയുമാണ് നൽകുന്നത്. അധികമായി വരുന്ന തുക ഇവർ കണ്ടെത്തേണ്ടിവരുന്നു. പോക്കറ്റ് മണി 200 രൂപയാണ്. 10 വർഷത്തിനിടയിൽ 10 രൂപയാണ് വർധിപ്പിച്ചത്.

ഞങ്ങളുടെ സ്വന്തം
അനുഭവങ്ങൾ

കൃത്യമായ Systemic Institutional Exclusion ഈ മേഖലയിൽ നടക്കുന്നുണ്ടെന്ന് ഓരോ വിദാർത്ഥിയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഞങ്ങളുടെ അത്തരം ചില അനുഭവങ്ങൾ കൂടി പങ്കുവെക്കാം:

“ഞാൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇ-ഗ്രാൻറ്സ് സമയത്തിന് കിട്ടുന്നില്ല എന്നതാണ്. ഇതുമൂലം നിരവധി പ്രതിസന്ധികൾ ഞാൻ നേരിടുന്നുണ്ട്. റൂം വാടക മാസം ഏകദേശം 2000 രൂപയാണ്. ഭക്ഷണവും മറ്റ് ചെലവുകളും കൂടി 4000-5000 രൂപയാവും. ഇ-ഗ്രാൻറ്സ് കിട്ടാതിരിക്കുമ്പോൾ ഈ തുക കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ്. പ്രതിസന്ധികളേറെയുള്ള ഒരു ആദിവാസി വിദ്യാർത്ഥിക്ക് ഇത്രയും വലിയ തുക കണ്ടെത്തുക ക്ലേശകരമാണ്. പുറത്തുനിന്നുള്ള പിന്തുണ ലഭിക്കാതെ പി.ജിയ്ക്കു പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് പിടിച്ചുനിൽക്കുക പ്രയാസമാണ്. ഞങ്ങൾക്കായി ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റൽ കൊണ്ടുവരണം. പരമാവധി പേർക്ക് അത്തരമൊരു സൗകര്യമൊരുക്കിയാൽ ഒരുപാട് ചെലവുകൾ കുറയ്ക്കാൻ സാധിക്കും. ഞങ്ങളുടെ മാനസികസംഘർഷം കുറയും. ആദിവാസി വിദ്യാർത്ഥികൾക്ക് ശാന്തമായി പഠിക്കാനും മുന്നോട്ട് പോവാനുമുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയാണ് ചെയ്യേണ്ടത്’’

  • അനൂപ്, പാലക്കാട് പൊട്ടിക്കല്ലൂ‍ർ സ്വദേശി. കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ എം.എസ്.സി ഇൻ വൈൽഡ് ലൈഫ് സ്റ്റഡീസിൽ പി.ജി സെക്കൻറ് ഇയർ വിദ്യാ‍ർത്ഥി.

അനൂപ്
അനൂപ്

അവകാശങ്ങൾക്കായി
ഞങ്ങൾ ഇപ്പോഴും
തെരുവിലാണ്…

‘‘പ്രാഥമിക വിദ്യാഭ്യാസം മുതലേ ആദിവാസി വിദ്യാർത്ഥികൾ എല്ലാതരത്തിലുള്ള വിവേചനവും നേരിടുന്നുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് എത്തുമ്പോൾ ഇവ രൂക്ഷമാകും. 2017-ൽ ഡിഗ്രി ചെയ്യുന്ന കാലത്ത്, വയനാട്ടുകാരിയായ ഞാൻ എറണാകുളത്തു നിന്നാണ് പഠിച്ചത്. പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉണ്ടായിരുന്നുവെങ്കിലും അവിടെ പെട്ടെന്ന് അഡ്മിഷൻ കിട്ടുമായിരുന്നില്ല. അത്തരം സാഹചര്യത്തിൽ മറ്റു ഹോസ്റ്റൽ സൗകര്യവും കൃത്യമായി ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നില്ല. നല്ല പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ നിലവിൽ എല്ലാ ജില്ലകളിലുമില്ല. ഉള്ളതിൽ അഡ്മിഷൻ കിട്ടാനും പ്രയാസമാണ്. ഇതിന് പരിഹാരം കാണണം. അഡ്മിഷൻ എടുക്കുന്ന സമയത്ത് സ്ഥാപനങ്ങൾ വൻതുകയാണ് ഈടാക്കുന്നത്. ട്യൂഷൻ ഫീസും ഹോസ്റ്റൽ അലവൻസും മാത്രമാണ് ഇ ഗ്രാൻറിൻെറ പരിധിയിൽ വരുന്നത്. മറ്റ് ചെലവുകളെല്ലാം സ്വയം കണ്ടെത്തണം. അത് പലപ്പോഴും വലിയ തുകയായിരിക്കും. 600 രൂപയും 700 രൂപയുമൊക്കെ പി.ടി.എ ഫണ്ടിലേക്ക് നൽകുക അസാധ്യമാണ്. ഇത്തരം അധിക തുകകൾ അടച്ചാലേ കോളേജിൽ അഡ്മിഷൻ ലഭിക്കൂ. ഫീസടക്കാനാകാതെ പഠനം ഉപേക്ഷിക്കുന്നവർ ധാരാളമാണ്. ഡിഗ്രി - പി.ജി. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് 3500 രൂപയാണ്. പ്രൊഫഷണൽ കോഴ്സുകൾക്ക് 4500 രൂപയും. എന്നാൽ, ഹോസ്റ്റലിലോ പി.ജിയിലോ 6000 രൂപയെങ്കിലും ഫീസ് വരും. അതിൻെറ പകുതി തുകയാണ് അനുവദിക്കുന്നത്. ഇതുതന്നെ കോഴ്സ് കഴിഞ്ഞ് പോവുമ്പോഴായിരിക്കും കിട്ടുക. അതിനാൽ മാസാമാസം ഹോസ്റ്റൽ ഫീസടയ്ക്കാൻ ഈ തുച്ഛമായ തുക പോലും ഉപകാരപ്പെടില്ല. എസ്.സി വിഭാഗം കുട്ടികൾക്ക് സ്വകാര്യ ഹോസ്റ്റൽ ഫീസായി നൽകുന്നത് 1500 രൂപയാണ്. അതുകൊണ്ട് ഒന്നും ചെയ്യാനാകില്ല. ഈ തുക വർധിപ്പിക്കണമെന്ന് ഞങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

പ്രൊഫഷണൽ വിദ്യാർത്ഥികൾ അധികഫീസ് കൊടുത്താണ് പഠിക്കുന്നത്. ഇതും ഇ-ഗ്രാൻറിൻെറ പരിധിയിൽ കൊണ്ടുവരണം. വലിയ ചെലവ് വരുന്നതിനാൽ മികച്ച പ്രൊഫഷണൽ കോഴ്സുകളോ ന്യൂ ജനറേഷൻ കോഴ്സുകളോ പഠിക്കാൻ ആദിവാസി വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ല. നല്ല ഹോസ്റ്റലിൽ താമസിച്ച് പഠിക്കാനും നല്ല സൗകര്യങ്ങൾ ലഭിക്കാനുമുള്ള അവകാശം എസ്.സി - എസ്.ടി വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുകയാണ്.

ഗവേഷണ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പും കൃത്യസമയത്തല്ല വരുന്നത്. അതിനാൽ പഠനം മുടങ്ങുന്ന സ്ഥിതിയാണ്. ഗ്രാൻറിനുള്ള വരുമാനപരിധി രണ്ടര ലക്ഷം രൂപയാണ്. ഇത് കൂടുതലാണ്. ഇങ്ങനെ പരിധി വെക്കുമ്പോൾ നിരവധി പേർക്ക് ഇ - ഗ്രാൻറ് അവകാശവും നിഷേധിക്കപ്പെടുകയാണ്.

വർഷാവസാനവും കോഴ്സ് കഴിഞ്ഞിട്ടുമൊക്കെ ഇ ഗ്രാൻറ് കിട്ടിയിട്ട് എന്താണ് കാര്യം? ഫീസ് പൂർണമായി അടച്ചാലേ സർട്ടിഫിക്കറ്റുകളും മറ്റും കിട്ടൂ. ഇല്ലെങ്കിൽ ടി.സി അടക്കം പിടിച്ചുവെക്കും. അതിനാൽ മറ്റൊരു കോഴ്സ് ചെയ്യാൻ പോലും സാധിക്കാതെ വരും.

നമ്മുടെ ക്യാമ്പസുകൾ പലതും ദലിത് - ആദിവാസി സൗഹൃദമല്ല. അധ്യാപകരുടെയും സഹവിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് ജാതിയുടെയും നിറത്തിൻെറയുമൊക്കെ പേരിൽ വലിയ വിവേചനം നേരിടുന്നുണ്ട്. ഇതുമൂലവും നിരവധിപേർ പഠനം ഉപേക്ഷിച്ച് പോവാറുണ്ട്.

ഓരോ ആദിവാസി വിഭാഗത്തിനും അവരുടേതായ ഭാഷയുണ്ട്. വീടുകളിൽ അവർ മാതൃഭാഷയാണ് സംസാരിക്കുന്നത്. ഒരു കുട്ടി സ്കൂളിൽ പോവുമ്പോഴാണ് മലയാളം എന്ന ഭാഷ പോലും ആദ്യമായി കേട്ടുതുടങ്ങുന്നത്. അവിടെ മുതൽ ഒരു ആദിവാസി വിദ്യാർത്ഥിയുടെ പ്രതിസന്ധി തുടങ്ങുകയാണ്. ഭാഷ പഠിച്ചെടുക്കാൻ ഒരുപാട് സമയം വേണ്ടിവരും. അതേസമയം സ്കൂളിൽ മെൻററിങ് സപ്പോർട്ടോ പ്രത്യേക പരിഗണനയോ ലഭിക്കുന്നില്ല. ആദിവാസി കുട്ടികൾക്ക് മാതൃഭാഷയിലല്ല അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കുന്നത്. അവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസമല്ല ലഭിക്കുന്നത്.

ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾക്കായി വർഷങ്ങളായി ഞങ്ങൾ തെരുവിൽ സമരം ചെയ്യുകയാണ്. ഭാവി സുരക്ഷിതമാക്കാൻ ഉപയോഗപ്പെടുത്തേണ്ട സമയമാണ് സമരം ചെയ്യുന്നതിന് മാറ്റിവെക്കേണ്ടിവരുന്നത്’’.

  • രേഷ്മ കെ.ആർ, ഫീൽഡ് റിസർച്ചറായി ജോലി ചെയ്യുന്നു. വയനാട്ടിലെ പണിയ ആദിവാസി വിഭാഗം.

രേഷ്മ കെ.ആർ.
രേഷ്മ കെ.ആർ.

മാനസികമായി
തകർത്ത ഫീസുകൾ

“ഇ - ഗ്രാൻറ് തന്നെയാണ് ഞങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധി. ഞാൻ അഡ്മിഷൻ എടുക്കുന്ന സമയത്ത് ഫ്രീഷിപ്പ് കാർഡുമെടുത്താണ് പോയത്. അഡ്മിഷൻ ഫീസായി 10,000 രൂപയും കോഷൻ ഡെപ്പോസിറ്റായി 50,000 രൂപയുമാണ് ആവശ്യപ്പെട്ടത്. ഇത്ര വലിയ തുക നൽകാനുള്ള ജീവിതസാഹചര്യമല്ല ഞങ്ങൾക്കുള്ളത്. കൃഷിയും കൂലിപ്പണിയും ചെയ്താണ് കുടുംബം കഴിയുന്നത്. ഒരുവിധം പണം സംഘടിപ്പിച്ച് അഡ്മിഷൻ ഫീസടച്ചു. എന്നാൽ കോഷൻ ഡെപ്പോസിറ്റ് തുക കണ്ടെത്തുക വലിയ പ്രയാസമായിരുന്നു. മറ്റുള്ളവരുടെ സഹായത്തോടെയാണ് ആ തുകയും അടച്ചത്. അതെന്നെ മാനസികമായി വല്ലാതെ നിരാശനാക്കി. ക്ലാസ് തുടങ്ങിയപ്പോൾ മുതൽ കോഷൻ ഡെപ്പോസിറ്റ് കണ്ടെത്താൻ എനിക്ക് പലയിടത്തും പോവേണ്ടതായും മറ്റും വന്നു. വല്ലാതെ ബുദ്ധിമുട്ടിയ ഘട്ടമായിരുന്നു അത്. ഇ - ഗ്രാൻറ് സമയത്തിന് ആർക്കും കിട്ടാറില്ല. ആദിവാസി കുട്ടികളുടെ പഠനം മുന്നോട്ട് പോവുന്നത് തന്നെ ഇ - ഗ്രാൻറ് മുന്നിൽ കണ്ടാണ്. തുക കിട്ടാത്തതിനാൽ മൂന്ന് സെമസ്റ്റർ ഫീസ് അടയ്ക്കാനാവാതെ പരീക്ഷ എഴുതാൻ പോലും ബുദ്ധിമുട്ടിലായ ഒരു ആദിവാസി വിദ്യാർത്ഥിയെ എനിക്കറിയാം.

മറ്റൊരു വിഷയം ഹോസ്റ്റൽ ഫീസാണ്. ഞാൻ പുറത്ത്, മാസം 6000 രൂപ വാടകയ്ക്കാണ് താമസിക്കുന്നത്. ഇ-ഗ്രാൻറിൽ കിട്ടുന്നത് 3500 രൂപ മാത്രം. ബാക്കി തുക സ്വയം കണ്ടെത്തണം.

ഞാൻ എം.ആർ.സിയിൽ പഠിച്ച വിദ്യാർത്ഥിയാണ്. അവിടെ നിന്ന് നിലവാരമുള്ള വിദ്യാഭ്യാസമാണ് ലഭിച്ചതെന്ന് എനിക്ക് അഭിപ്രായമില്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷ് അത്യാവശ്യമാണ്. അതിന് അടിത്തറ പാകുന്ന തരത്തിലുള്ള വിദ്യാഭ്യാസമല്ല എനിക്ക് കിട്ടിയത്. മെച്ചപ്പെട്ട ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക സാഹചര്യം കാരണം എനിക്ക് സ്വകാര്യ സ്ഥാപനങ്ങളിലൊന്നും പഠിക്കാനും കഴിഞ്ഞിരുന്നില്ല.

മണി വിജയൻ.
മണി വിജയൻ.
  • മണി വിജയൻ, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ഫോറസ്റ്റ് കോളേജിൽ വൈൽഡ് ലൈഫ് മാനേജ്മെൻറ് വിദ്യാർത്ഥി. മൂന്നാറിൽനിന്നുള്ള മുതുവാൻ വിഭാഗം.


Summary: Based on their own experiences, Adishakthi Summer School activists and students write openly about how Kerala’s education system harshly excludes Adivasi and Dalit students.


രേഷ്മ കെ.ആർ.

ചെയർപേഴ്സൺ, ആദിശക്തി സമ്മർ സ്കൂൾ. Field Researcher (National Law school of india university, Bangaluru).

സതിശ്രീ ​ദ്രാവിഡ്

സ്റ്റേറ്റ് കോ- ഓർഡിനേറ്റർ, ആദിശക്തി സമ്മർ സ്കൂൾ.

അനൂപ്

വൈസ് ചെയർമാൻ, ആദിശക്തി സമ്മർ സ്കൂൾ. കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ എം.എസ്.സി വിദ്യാ‍ർത്ഥി.

മണി വിജയൻ

കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഫോറസ്റ്റ് കോളേജിൽ എം.എസ്.സി വിദ്യാർത്ഥി.

Comments