പരീക്ഷയെഴുതാൻ
വ്യാജ SCRIBE;
ഇരകളാക്കപ്പെടുന്ന
ഗോത്ര വിദ്യാർത്ഥികൾ

സ്കൂളുകളുടെ വിജയം നൂറു ശതമാനത്തിലെത്തിക്കാൻ മാനസിക- ശാരീരിക വെല്ലുവിളികളുണ്ടെന്ന് വ്യാജമായി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സ്ക്രൈബുകളെ ഉപയോഗിച്ച് പരീക്ഷ എഴുതിക്കുന്ന തട്ടിപ്പിന്റെ ഏറ്റവും വലിയ ഇരകളായി മാറുകയാണ് വയനാട്ടി​ലെ പണിയ വിഭാഗം വിദ്യാർത്ഥികൾ. വംശീയമായ ഈ കുറ്റകൃത്യത്തിനെക്കുറിച്ച് ഒരന്വേഷണം, ഒപ്പം ഗോത്ര വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിലുള്ള പങ്കാളിത്ത പ്രശ്നങ്ങളും അന്വേഷിക്കുന്നു, ശ്രീനിജ് കെ.എസ്.

യനാട്ടിൽ, പ്രത്യേകിച്ച് പണിയ സമുദായത്തിൽപ്പെട്ട ഗോത്ര വിഭാഗ വിദ്യാർത്ഥികളെ ‘ബുദ്ധിപരമായ വൈകല്യമുള്ളവരായി’ തെറ്റായി ലേബൽ ചെയ്ത്, SSLC വിജയശതമാനം കൃത്രിമമായി വർദ്ധിപ്പിക്കുന്ന പ്രവണത വർധിക്കുകയാണ്. ഈ വർഷം ആയിരത്തോളം വിദ്യാർത്ഥികൾ സ്ക്രൈബിന്റെ (സഹായി എഴുത്തുകാർ) സഹാ​യത്തോടെ SSLC പരീക്ഷ എഴുതിയതിൽ ഭൂരിഭാഗവും ഗോത്ര വിഭാഗക്കാരാണെന്ന് ആദിവാസി സംഘടനകൾ പറയുന്നു. സ്കൂളുകളുടെ വിജയം നൂറു ശതമാനത്തിലെത്തിക്കാൻ മാനസിക- ശാരീരിക വെല്ലുവിളികളുണ്ടെന്ന് വ്യാജമായി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് സ്ക്രൈബുകളെ ഉപയോഗിച്ച് പരീക്ഷ എഴുതിക്കുന്നത്. ഈ വര്‍ഷം സ്‌ക്രൈബിനെ ഉപയോഗിച്ച് SSLC പരീക്ഷ എഴുതിയ അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കണമെന്നും ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി പുനഃപരീക്ഷ നടത്തണമെന്നും ആദിവാസി ഗോത്ര മഹാസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യാസം നൽകേണ്ട ചുമതലയുള്ള അധ്യാപകർ പ്രാഥമിക ക്ലാസുകൾ തൊട്ടുതന്നെ ഈ വിദ്യാർത്ഥികളെ അവഗണിക്കുകയും, പരീക്ഷയിൽ വിജയിപ്പിക്കാൻ സ്ക്രൈബുകളെ ഉപയോഗിക്കുകയും വ്യാജ വൈകല്യ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് വ്യാപകമാകുകയാണ്. വിദ്യാഭ്യാസ വകുപ്പിനും ആദിവാസി ക്ഷേമവകുപ്പിനും ഈ അനീതിയിൽ കാര്യമായ പങ്കുണ്ട്. ഇത് ഭരണഘടനയിലെ ആർട്ടിക്കിൾ 21A (വിദ്യാഭ്യാസ അവകാശം), ആർട്ടിക്കിൾ 14 (സമത്വാവകാശം) എന്നിവയുടെ ലംഘനവുമാണ്. ആദിവാസി വിദ്യാർത്ഥികൾക്കെതിരായ വ്യവസ്ഥാപിത വിവേചനമെന്ന നിലയ്ക്കുതന്നെ ഇതിനെതിരായി ശബ്ദമുയർത്തുകയും, ഇക്കാര്യത്തിൽ അടിയന്തര പുനഃപരിശോധന നടത്തുകയും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും​ വേണം.

പണിയ സമുദായത്തിൽപ്പെട്ട ഗോത്ര വിഭാഗ വിദ്യാർത്ഥികളെ ‘ബുദ്ധിപരമായ വൈകല്യമുള്ളവരായി’ തെറ്റായി  ലേബൽ ചെയ്ത്, SSLC വിജയശതമാനം കൃത്രിമമായി വർദ്ധിപ്പിക്കുന്ന പ്രവണത വർധിക്കുകയാണ്. (Representative Image)
പണിയ സമുദായത്തിൽപ്പെട്ട ഗോത്ര വിഭാഗ വിദ്യാർത്ഥികളെ ‘ബുദ്ധിപരമായ വൈകല്യമുള്ളവരായി’ തെറ്റായി ലേബൽ ചെയ്ത്, SSLC വിജയശതമാനം കൃത്രിമമായി വർദ്ധിപ്പിക്കുന്ന പ്രവണത വർധിക്കുകയാണ്. (Representative Image)

പ്രാദേശിക പഠനങ്ങൾ, റിപ്പോർട്ടുകൾ, സമാന കേസുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഈ വിഷയം പരിശോധിക്കുകയാണിവിടെ.

ഗോത്ര വിഭാഗ വിദ്യാഭ്യാസത്തിലെ പ്രതിസന്ധികൾ

ശാക്തീകരണത്തിന്റെ ആധാരമായ വിദ്യാഭ്യാസം, വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒരു വ്യവസ്ഥാപിത വഞ്ചനയുടെ ഉപകരണമായി മാറിയിരിക്കുന്നു. മേഖലയിലെ സർക്കാർ സ്കൂളുകളിൽ ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്ക് ‘ബുദ്ധിപരമായ വൈകല്യമുണ്ട്’ എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചെടുക്കുകയും SSLC പരീക്ഷയിൽ സ്ക്രൈബുകളെ ഉപയോഗിക്കാൻ അനുമതി വാങ്ങിയെടുക്കുകയുമാണ്. യഥാർത്ഥ വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് സഹായം ലഭ്യമാക്കാൻ രൂപകൽപ്പന ചെയ്ത ഒരു സംവിധാനത്തെയാണ് വിവേചനത്തിനുള്ള ഉപകരണമായി മാറ്റിയെടുക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന പണിയ സമുദായത്തിലെ വിദ്യാർത്ഥികളാണ് ഈ വിവേചനത്തിന്റെ ഇരകൾ.

വയനാട്ടിലെ സ്കൂളുകളിൽ വ്യാപകമാകുന്ന വ്യാജ വൈകല്യ സർട്ടിഫിക്കറ്റുകളും സ്ക്രൈബുകളുടെ ദുരുപയോഗവും വംശീയമായ വിവേചനം തന്നെയാണ്. ഇത് അവരുടെ വിദ്യാഭ്യാസ അവകാശത്തിന്റെ നിഷേധം മാത്രമല്ല, അരികുവൽക്കരണത്തെ ശാശ്വതീകരിക്കാനുള്ള സംവിധാനങ്ങളുടെ ഗൂഢാലോചന കൂടിയാണ്.

കേരളത്തിലെ സാക്ഷരത 94% -മായി ഉയർന്നിട്ടുണ്ട്. ആരോഗ്യ സൂചികകളും മികച്ചതാണ്. മാത്രമല്ല, മറ്റു മേഖലകളില്ലൊം അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്ന ഒരു സമൂഹം കൂടിയാണ് കേരളം. ഇവിടുത്തെ സ്കൂളുകളിൽ നിന്ന് പഠനമുപേക്ഷിച്ചുപോകുന്ന വിദ്യാർത്ഥികളുടെ നിരക്ക് രാജ്യത്തെ ഏറ്റവും കുറവാണ്- 0.53%.

എന്നാൽ, ഏറ്റവും കൂടുതൽ പട്ടികവർഗ ജനസംഖ്യയുള്ള വയനാട്ടിൽ, സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കൊഴിഞ്ഞുപോകൽ നിരക്കാണുള്ളത്. 2007-08ൽ വയനാട്ടിലെ ​ഗോത്ര വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 61.11% ആയിരുന്നു. 2011-12-ൽ 77.23%- ആയി ഉയർന്നു. (ജോയി, ശ്രീഹരി- 2014).

പട്ടികവർഗ പെൺകുട്ടികളുടെ വിദ്യാഭ്യാസ കൊഴിഞ്ഞുപോക്കുനിരക്ക് ഗൗരവമേറിയ പ്രശ്നമാണ്. 15,224 പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ പഠനം ഉപേക്ഷിച്ചു. ഇത് ആകെയുള്ള പട്ടികവർഗ പെൺകുട്ടികളുടെ 33.51% ആണ്. കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണം സെക്കൻഡറി ലെവൽ (ക്ലാസ് 9-10) വിദ്യാഭ്യാസമാണ്. ഈ ഘട്ടത്തിൽ കൊഴിഞ്ഞുപോകുന്ന പെൺകുട്ടികളുടെ നിരക്ക് 85.59% ആണ്, അതായത് സെക്കൻഡറി ലെവലിൽ പ്രവേശിച്ച പെൺകുട്ടികളിൽ 10-ൽ 9 പേർക്കും പഠനം തുടരാനാകുന്നില്ല. (Report on the Socio Economic Status of Scheduled Tribes- 2013).

വയനാട്ടിലെ ഗോത്ര ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന പണിയ സമുദായത്തിലെ 30 ശതമാനം വിദ്യാർത്ഥികളും സെക്കൻഡറി വിദ്യാഭ്യാസത്തിനുമുമ്പ് കൊഴിഞ്ഞുപോകുന്നു.
വയനാട്ടിലെ ഗോത്ര ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന പണിയ സമുദായത്തിലെ 30 ശതമാനം വിദ്യാർത്ഥികളും സെക്കൻഡറി വിദ്യാഭ്യാസത്തിനുമുമ്പ് കൊഴിഞ്ഞുപോകുന്നു.

ആകെയുള്ള ഗോത്ര വിഭാഗം കുട്ടികളുടെ 70.64% പേർ പ്രാഥമിക ക്ലാസുകളിൽ പഠിക്കുന്നുണ്ട്. സെക്കൻഡറി, ഹയർ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർത്ഥികൾ യഥാക്രമം 14.91%, 7.49% എന്ന നിലയിലാണ്. ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ 3.81% വിദ്യാർത്ഥികളും, പ്രൊഫഷണൽ കോഴ്സുകളിൽ വെറും 0.35% വിദ്യാർത്ഥികളുമാണുള്ളത്. പ്രാഥമിക, സെക്കൻഡറി, ഹയർ സെക്കൻഡറി ക്ലാസുകളിലെ മൊത്തം വിദ്യാർത്ഥികൾ 84,573. ഇത് ആകെയുള്ള ഗോത്ര വിഭാഗ വിദ്യാർത്ഥികളുടെ 93.04% ആണ്. ഈ വിഭാഗങ്ങളിലെ 80%-ൽ കൂടുതൽ വിദ്യാർത്ഥികൾ വയനാട്, പാലക്കാട്, ഇടുക്കി, കാസർഗോഡ്, കണ്ണൂർ എന്നീ 5 ജില്ലകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

കൊല്ലം, തൃശൂർ ജില്ലകളിൽ നിന്ന് എഞ്ചിനീയറിംഗിൽ ഗോത്ര വിഭാഗ വിദ്യാർത്ഥികളില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്ന് ആയുർവേദ / മെഡിക്കൽ കോഴ്സുകളിൽ ഗോത്ര വിഭാഗ വിദ്യാർത്ഥികളില്ല.

ഉയർന്ന സാക്ഷരതാ നിരക്കും പുരോഗമന വിദ്യാഭ്യാസ നയങ്ങളും കൊണ്ട് പ്രശംസിക്കപ്പെടുന്ന കേരളം, ആദിവാസി സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദിവാസി വികസന റിപ്പോർട്ട് (2022) പ്രകാരം, ഗോത്രവിഭാഗ വിദ്യാർത്ഥികൾ നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, അധ്യാപകരുടെ അഭാവം, സാംസ്കാരിക സംവേദനക്ഷമതയില്ലായ്മ തുടങ്ങിയ തടസ്സങ്ങൾ അവർ നേരിടുന്നു.

വയനാട്ടിലെ ഗോത്ര ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന പണിയ സമുദായത്തി​ലെ 30 ശതമാനത്തിലേറെ വിദ്യാർത്ഥികളും, സെക്കൻഡറി വിദ്യാഭ്യാസത്തിനുമുമ്പ് കൊഴിഞ്ഞുപോകുന്നു. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം 6-14 വയസ്സുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നു, എന്നാൽ ആദിവാസി പ്രദേശങ്ങളിൽ ഇത് നടപ്പാക്കുന്നതിൽ നമ്മുടെ സംവിധാനങ്ങൾ പരാജയപ്പെടുന്നു. കേരളത്തിലെ ഗോത്ര വിദ്യാർത്ഥികൾ പലപ്പോഴും ‘മൃദുവായ ഒഴിവാക്കൽ’ നേരിടുന്നതായി (soft exclusion) കണ്ടെത്തിയിട്ടുണ്ട് — അധ്യാപകരുടെ അവഗണന, പ്രതിവിധികളുടെ അഭാവം, പിന്തുണാസംവിധാനങ്ങളുടെ അപര്യാപ്തത, അക്കാദമികമായി പിന്നിലാണെന്ന സ്റ്റീരിയോടൈപ്പിംഗ് എന്നിവ.

06- 14 വയസ്സുള്ള ആദിവാസി കുട്ടികളുടെ
വിദ്യാഭ്യാസ സാഹചര്യം:

ഗോത്ര വിഭാഗങ്ങളുടെ ഘടന:
PVTGs: വിശേഷാ ദുർബല ഗോത്രങ്ങൾ (Particularly Vulnerable Tribal Groups).
ഗോത്രങ്ങൾ: എറവള്ളൻ, മലയാളി പണ്ടാരം, മുതുവൻ, പണിയൻ തുടങ്ങിയവർ.

06-14 വയസ്സ് പ്രായമുള്ളവർ സാധാരണ പ്രാഥമിക / സെക്കൻഡറി ക്ലാസുകളിലാണ് പഠിക്കേണ്ടത്. എന്നാൽ, ഈ പ്രായക്കാരിൽ 7,005 കുട്ടികൾ (9.75%) സ്കൂൾ ഉപേക്ഷിച്ചിട്ടുണ്ട്.

  • മൊത്തം ഗോത്ര വിഭാഗം
    കുട്ടികൾ (06-14 വയസ്സ്): 71,848.

  • സ്കൂളിൽ പഠിക്കുന്നവർ: 64,845 (90.25%).

  • സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന
    14 വയസ്സിന് മുകളിലുള്ളവർ: 6,274 (8.73%).

PVTGs (വിശേഷ ദുർബല ഗോത്രങ്ങൾ) കുട്ടികളുടെ പ്രതിസന്ധി:

PVTG കുട്ടികളിൽ 15.55% സ്കൂളിൽ പോകുന്നില്ല.

ഗോത്രവിഭാഗത്തിലെ ഡ്രോപ്പൗട്ട് നിരക്ക്:

  • ചോലനായ്ക്കൻ: 36.84%.

  • കൊറഗ: 23.85%.

  • കാടർ: 18.07%.

  • കുറുമ്പാർ: 17.80%.

  • കാട്ടുനായക്കൻ: 14.04%.

എറവള്ളൻ, മലയാളി പണ്ടാരം, മുതുവൻ, പണിയൻ തുടങ്ങിയ ഗോത്രങ്ങളിലും ഉയർന്ന ഡ്രോപ്പൗട്ട് നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ഹയർ സെക്കൻഡറി ഘട്ടത്തിലെ
ഗുരുതര പ്രശ്നം:

  • 15-17 വയസ്സുള്ള കുട്ടികൾ: 18,065.

  • ഹയർ സെക്കൻഡറിയിൽ പഠിക്കുന്നവർ: 37.67%.

  • (സാധാരണ ഗോത്രങ്ങൾ), 20.12%.

  • (PVTGs), ഏറ്റവും കുറഞ്ഞത്: പണിയൻ: 12.38%, മുതുവൻ: 18.23%, മലവെട്ടുവൻ: 21.67%.

ഗോത്രവിഭാഗം കുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിച്ചപോകുന്നത് ഹയർ സെക്കൻഡറി ഘട്ടത്തിൽ ഏറ്റവും ഗുരുതരമാണ്. വിശേഷാ ദുർബല ഗോത്രങ്ങൾ (PVTGs) പോലുള്ള സമൂഹങ്ങളിൽ ഇക്കാര്യത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ ആവശ്യമാണ്.

ബിരുദ / ബിരുദാനന്തര വിദ്യാർത്ഥികൾ:

  • ബിരുദ കോഴ്സ്: 3,198 വിദ്യാർത്ഥികൾ.

  • ബിരുദാനന്തര കോഴ്സുകൾ: 268 വിദ്യാർത്ഥികൾ.

  • ആകെ: 3,466.

ജില്ലാ അടിസ്ഥാനത്തിൽ:
60% വിദ്യാർത്ഥികൾ വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നാണ്. 27.07% ബിരുദ വിദ്യാർത്ഥികളും 57.46% ബിരുദാനന്തര വിദ്യാർത്ഥികളും ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ്.

ദുർബല ഗോത്രങ്ങളുടെ (PVTGs) പങ്കാളിത്തം:

ബിരുദ കോഴ്സുകളിൽ 3,198 ഗോത്രവിഭാഗ വിദ്യാർത്ഥികളിൽ 473 പേർ (14.79%) മാത്രമാണ് PVTGs, ചെറുഗോത്രങ്ങൾ (എറവള്ളൻ, മലയാളി പണ്ടാരം, മുതുവൻ തുടങ്ങിയവ) എന്നിവരിൽ പെട്ടവർ.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, അധ്യാപകരുടെ അഭാവം, സാംസ്കാരിക സംവേദനക്ഷമതയില്ലായ്മ തുടങ്ങിയ തടസ്സങ്ങൾ ഗോത്ര വിഭാഗ വിദ്യാർത്ഥികൾ നേരിടുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, അധ്യാപകരുടെ അഭാവം, സാംസ്കാരിക സംവേദനക്ഷമതയില്ലായ്മ തുടങ്ങിയ തടസ്സങ്ങൾ ഗോത്ര വിഭാഗ വിദ്യാർത്ഥികൾ നേരിടുന്നു.

ബിരുദാനന്തര കോഴ്സുകളിൽ 268 വിദ്യാർത്ഥികളിൽ 3 പേർ മാത്രമാണ് PVTGs-ൽ നിന്നുള്ളത്. 11 ഗോത്രങ്ങളിൽ (അരണാടൻ, കൊറഗ, ചോലനായ്ക്കൻ തുടങ്ങിയവ) ബിരുദാനന്തര വിദ്യാർത്ഥികളില്ല.

പ്രൊഫഷണൽ കോഴ്സുകളിലെ
ഗോത്ര പങ്കാളിത്തം:

  • എഞ്ചിനീയറിംഗ്: 234.

  • മെഡിക്കൽ: 60.

  • ആയുർവേദം: 19.

  • ഹോമിയോ: 8.


കൊല്ലം, തൃശൂർ ജില്ലകളിൽ നിന്ന് എഞ്ചിനീയറിംഗിൽ ഗോത്ര വിഭാഗ വിദ്യാർത്ഥികളില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്ന് ആയുർവേദ / മെഡിക്കൽ കോഴ്സുകളിൽ ഗോത്ര വിഭാഗ വിദ്യാർത്ഥികളില്ല. 83% പ്രൊഫഷണൽ വിദ്യാർത്ഥികൾ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ നിന്നാണ്.

PVTGs, ചെറുഗോത്രങ്ങൾ, വിദ്യാഭ്യാസത്തിൽ പിന്നാക്കമുള്ള സമൂഹങ്ങൾ എന്നിവയിലെ വിദ്യാർത്ഥികൾ പ്രൊഫഷണൽ / ഉന്നത വിദ്യാഭ്യാസത്തിൽ വളരെ പിന്നാക്കമാണ്. 5 ജില്ലകൾ (തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്) മാത്രമാണ് ഈ മേഖലകളിൽ മുന്നിൽ.

ഗോത്രവിഭാഗമനുസരിച്ചുള്ള ഡാറ്റ വെളിപ്പെടുത്തുന്നത്, 16 ഗോത്രങ്ങൾക്ക് എഞ്ചിനീയറിംഗ് ബിരുദ കോഴ്സുകളിൽ വിദ്യാർത്ഥികളില്ല എന്നാണ്. മെഡിക്കൽ ബിരുദത്തിൽ 26 ഗോത്രങ്ങൾക്കും, ഹോമിയോ ബിരുദത്തിൽ 29 ഗോത്രങ്ങൾക്കും പങ്കാളിത്തമില്ല. ആദിവാസി വിദ്യാർത്ഥികളുടെ പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ മറ്റൊരു ഗൗരവമേറിയ വസ്തുത, വിശേഷാ ദുർബല ഗോത്രങ്ങളായ 5 സമൂഹങ്ങളിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദത്തിന് ഒരു വിദ്യാർത്ഥി മാത്രമേ ഉള്ളൂ എന്നതാണ്.

അരണാടൻ, എറവള്ളൻ, ഹിൽ പുലയ, കുഡിയ, മഹാ മലസർ, മലയാളി പണ്ടാരം, മലയൻ, പളിയൻ, മലപ്പണിക്കർ, കാടർ, കൊറഗ, കുറുമ്പാർ, ചോലനായ്ക്കൻ തുടങ്ങിയ ഗോത്രങ്ങളിൽനിന്ന് പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളില്ല. പ്രൊഫഷണൽ കോഴ്സുകളിലെ 80% സീറ്റുകൾ പട്ടികവർഗ ഗോത്രങ്ങളിൽ പെട്ട 5 സമൂഹങ്ങൾ മാത്രം പങ്കുവെക്കുന്നു (Source : Kerala State Planning Board. (2022). Tribal Development Report).

അരണാടൻ, എറവള്ളൻ, ഹിൽ പുലയ, കുഡിയ, മഹാ മലസർ, മലയാളി പണ്ടാരം, മലയൻ, പളിയൻ, മലപ്പണിക്കർ, കാടർ, കൊറഗ, കുറുമ്പാർ, ചോലനായ്ക്കൻ തുടങ്ങിയ ഗോത്രങ്ങളിൽനിന്ന് പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളില്ല.

അവഗണന മറയ്ക്കാൻ
വൈകല്യ സർട്ടിഫിക്കറ്റ്

വയനാട്ടിൽ, ഗോത്ര വിഭാഗ വിദ്യാർത്ഥികൾ പഠിക്കുന്ന ഭൂരിഭാഗം സർക്കാർ സ്കൂളുകളും സർക്കാർ സഹായം ലഭിക്കുന്ന സ്കൂളുകളും SSLC വിജയം ഉറപ്പാക്കാൻ സ്ക്രൈബുകളെ ആശ്രയിക്കുന്നു. കർശന വിലയിരുത്തൽ കൂടാതെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് വിദ്യാർത്ഥികളെ ബുദ്ധിപരമായ വൈകല്യമുള്ളവരായി തരംതിരിക്കുന്നതിലാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്.
SSLC പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ (2022) പ്രകാരം, സ്ക്രൈബുകളുടെ ഉപയോഗം ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് ഇത്തരം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. യഥാർത്ഥ വൈകല്യമുള്ളവരുടെ സേവനത്തിനായാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ, ഗോത്ര വിഭാഗ വിദ്യാർത്ഥികളിൽ ഇതിന്റെ വ്യാപകമായ ദുരുപയോഗം നൈതികവും നിയമപരവുമായ നിരവധി പ്രശ്നങ്ങൾ ഉയർത്തുന്നു. ആദിവാസി മേഖലയിലെ ആക്റ്റിവിസ്റ്റുകളുടെ, അതായത് വയനാട്ടിലെ പണിയ സമുദായത്തിലുള്ള മണിക്കുട്ടൻ പണിയൻ തുടങ്ങിയവരുടെ പരിശോധനയിൽ കണ്ട വസ്തുതകൾ ഞെട്ടിപ്പിക്കുന്നതാണ്. വയനാട്ടിൽ ധാരാളം ഗോത്രവിഭാഗ വിദ്യാർത്ഥികൾക്ക് SSLC പരീക്ഷ എഴുതാൻ സ്ക്രൈബുകളെ ഉപയോഗിച്ചിട്ടുണ്ട്. പ്രാഥമിക തലങ്ങളിൽ നിന്നുതന്നെ ഈ വിദ്യാർത്ഥികൾ നേരിടുന്ന പഠന പ്രതിസന്ധികൾ പരിഹരിക്കാതെയും അതിനെ അവഗണിച്ചുമാണ് അധ്യാപകർ സ്ക്രൈബിനെ ഒരു എളുപ്പപ്പണിയായി സ്വീകരിക്കുന്നത്. മാത്രമല്ല, സ്കൂളിന്റെ വിജയശതമാനം വർദ്ധിപ്പിക്കാനുള്ള ഒറ്റമൂലിയായി സ്ക്രൈബിനെ മാറ്റുന്നു എന്ന കുറ്റകൃത്യം കൂടി ഇതിലുണ്ട്. തമിഴ്നാട് സംസ്ഥാന വിദ്യാഭ്യാസ റിപ്പോർട്ട് (2024) സമാനമായ ജാതി-അടിസ്ഥാനവിഭാഗ വിവേചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ ഈ അനീതി തുടരുന്നതിൽ വ്യക്തമാണ്. ആദിവാസി വകുപ്പാകട്ടെ, വിദ്യാഭ്യാസ സംവിധാനത്തിലെ ഇത്തരം പിന്തുണാ സംവിധാനങ്ങളുടെ ദുരുപയോഗത്തെ ചോദ്യം ചെയ്യാതെ ഈ അനീതിയെ പരോക്ഷമായി സംരക്ഷിച്ചുനിർത്തുകയും ചെയ്യുന്നു. വ്യവസ്ഥാപിതമായ ഒരു അവഗണന വഞ്ചനാത്മകമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വഴി മറയ്ക്കപ്പെടുകയാണിവിടെ.

വയനാട്ടിലെ പണിയ സമുദായത്തിലുള്ള മണിക്കുട്ടൻ പണിയൻ അടക്കമുള്ളവരുടെ പരിശോധനയിൽ കണ്ട വസ്തുതകൾ ഞെട്ടിപ്പിക്കുന്നതാണ്. വയനാട്ടിൽ ധാരാളം  ഗോത്രവിഭാഗ വിദ്യാർത്ഥികൾക്ക് SSLC പരീക്ഷ എഴുതാൻ സ്ക്രൈബുകളെ ഉപയോഗിച്ചിട്ടുണ്ട്. പ്രാഥമിക തലങ്ങളിൽ നിന്നുതന്നെ ഈ വിദ്യാർത്ഥികൾ നേരിടുന്ന പഠന പ്രതിസന്ധികൾ പരിഹരിക്കാതെയും അതിനെ അവഗണിച്ചുമാണ് അധ്യാപകർ സ്ക്രൈബിനെ ഒരു എളുപ്പപ്പണിയായി സ്വീകരിക്കുന്നത്.
വയനാട്ടിലെ പണിയ സമുദായത്തിലുള്ള മണിക്കുട്ടൻ പണിയൻ അടക്കമുള്ളവരുടെ പരിശോധനയിൽ കണ്ട വസ്തുതകൾ ഞെട്ടിപ്പിക്കുന്നതാണ്. വയനാട്ടിൽ ധാരാളം ഗോത്രവിഭാഗ വിദ്യാർത്ഥികൾക്ക് SSLC പരീക്ഷ എഴുതാൻ സ്ക്രൈബുകളെ ഉപയോഗിച്ചിട്ടുണ്ട്. പ്രാഥമിക തലങ്ങളിൽ നിന്നുതന്നെ ഈ വിദ്യാർത്ഥികൾ നേരിടുന്ന പഠന പ്രതിസന്ധികൾ പരിഹരിക്കാതെയും അതിനെ അവഗണിച്ചുമാണ് അധ്യാപകർ സ്ക്രൈബിനെ ഒരു എളുപ്പപ്പണിയായി സ്വീകരിക്കുന്നത്.

പണിയ വിഭാഗം വിദ്യാർത്ഥികളാണ് വ്യാജ സ്ക്രൈബിന്റെ ഏറ്റവും വലിയ ഇരകൾ. അവരെ ബുദ്ധിപരമായി വൈകല്യമുള്ളവർ എന്ന നിലയിൽ തരംതിരിക്കുന്നത് സമൂഹത്തിലും പുറത്തും അവരെ അയോഗ്യരാക്കുകയും അവരുടെ ഭാവി അവസരങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ദേശീയ ഷെഡ്യൂൾഡ് ട്രൈബൽ കമ്മീഷന്റെ (NCST) റിപ്പോർട്ട് (2021) ഇത്തരം പ്രവർത്തനങ്ങൾ ഗോത്ര വിഭാഗങ്ങൾക്കുമേലുള്ള സ്റ്റീരിയോടൈപ്പിങ്ങും സാമൂഹിക പുറന്തള്ളലും ശക്തിപ്പെടുത്തുമെന്നും ഭരണഘടനയിലെ അനുഛേദം 14-ലെ സമത്വാവകാശത്തെ ലംഘിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.

സ്ക്രൈബുകളെ ആശ്രയിക്കുന്നതിലൂടെ വിദ്യാർത്ഥികളെ യഥാർത്ഥ പഠനത്തിൽ നിന്ന് മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. അത് അവരുടെ വിദ്യാഭ്യാസാവകാശത്തെ ദുർബലപ്പെടുത്തുന്നു. യുനെസ്കോയുടെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ട് (2020), വിദ്യാഭ്യാസം ശാക്തീകരണത്തിന് കാരണമാകണമെന്ന് ഊന്നിപ്പറയുന്നുണ്ട്. എന്നാൽ വയനാട്ടിൽ, ഗോത്ര വിഭാഗ വിദ്യാർത്ഥികൾ ‘കണക്കിലെ കളി’യിലെ കരുക്കളായി മാറുന്നു. വിദ്യാഭ്യാസ- ആദിവാസി ക്ഷേമ വകുപ്പുകൾ ഈ അനീതിയെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് സ്ഥിതി രൂക്ഷമാക്കുന്നു.

ഫണ്ടിന്റെ ദുരുപയോഗം, കൊഴിഞ്ഞുപോക്ക്

അധ്യാപക പരിശീലനം, പാഠ്യപദ്ധതി വിദ്യാർത്ഥികേന്ദ്രിതമാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വിനിയോഗിക്കാതെ, ആദിവാസി ക്ഷേമ ഫണ്ട് ഉപരിതല നടപടികൾക്കായി മാറ്റിവെക്കപ്പെടുന്നു. ട്രൈബൽ സ്കൂളുകളിൽ അധ്യാപകരുടെ നീണ്ട അവധികളുടെ എണ്ണം വളരെ കൂടുതലാണ്. (2022-ലെ കേരള ലിറ്ററസി മിഷൻ പഠനപ്രകാരം വയനാട്ടിൽ 25%). ഇത് പഠന ഫലങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഗോത്ര വിഭാഗ ഭാഷയിലുള്ള അധ്യയനത്തിന്റെ അഭാവം (വയനാട്ടിൽ കുറിച്യ അല്ലെങ്കിൽ പണിയ പോലുള്ള ട്രൈബൽ ഭാഷകൾ) വിദ്യാർത്ഥികളുടെ പുറന്തള്ളൽ രൂക്ഷമാക്കുന്നു. ഇതിന്റെ ഫലമായി പ്രാഥമിക തലങ്ങളിലുള്ള സ്കൂളുകളിൽ കൊഴിഞ്ഞുപോക്ക് 40% അധികം കൂടുന്നു.

സ്ക്രൈബുകളെ ആശ്രയിക്കുന്നതിലൂടെ വിദ്യാർത്ഥികളെ യഥാർത്ഥ പഠനത്തിൽ നിന്ന് മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. അത് അവരുടെ വിദ്യാഭ്യാസാവകാശത്തെ ദുർബലപ്പെടുത്തുന്നു.
സ്ക്രൈബുകളെ ആശ്രയിക്കുന്നതിലൂടെ വിദ്യാർത്ഥികളെ യഥാർത്ഥ പഠനത്തിൽ നിന്ന് മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. അത് അവരുടെ വിദ്യാഭ്യാസാവകാശത്തെ ദുർബലപ്പെടുത്തുന്നു.

2023-ലെ CAG (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടു പ്രകാരം, കേരളത്തിൽ ട്രൈബൽ ക്ഷേമത്തിനുള്ള ഫണ്ടുകളുടെ 30%-വും ഉപയോഗിക്കപ്പെട്ടില്ല, അല്ലെങ്കിൽ ശരിയായ മേഖലകളിൽ ഉപയോഗിക്കപ്പെട്ടില്ല. ദുർബല സമുദായങ്ങൾക്കായി വിനിയോഗിക്കേണ്ട ട്രൈബൽ സബ്-പ്ലാൻ (TSP) ഫണ്ടുകൾ പലപ്പോഴും വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെ പൂർണമായും അവഗണിച്ച്, അടിസ്ഥാന സൗകര്യ വികസന (ഉദാ: റോഡുകൾ) പദ്ധതികളിലേക്ക് തിരിച്ചുവിടുന്നു.

എന്താണ് ചെയ്യേണ്ടത്?

  • പുനഃപരിശോധന: സ്ക്രൈബുകൾ ഉപയോഗിച്ച് പരീക്ഷയെഴുതിയ എല്ലാ ഗോത്ര വിഭാഗ വിദ്യാർത്ഥികൾക്കും സ്ക്രൈബ് സഹായമില്ലാതെ പുനഃപരീക്ഷ നൽകുക.

  • നിയമനടപടി: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിയ ഡോക്ടർമാർ, ഇതിൽ പങ്കാളികളായ അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ​നിയമനടപടിയെടുക്കുക.

  • അധ്യാപക ഉത്തരവാദിത്തം: ആദിവാസി വിദ്യാർത്ഥികളുടെ പഠന ഇടവേളകൾ പരിഹരിക്കാൻ പ്രത്യേക പരിശീലനം നൽകുക.

  • സ്വതന്ത്ര അന്വേഷണം: വ്യാജ സ്ക്രൈബ് വിഷയത്തിൽ നീതിന്യായതലത്തിൽ അന്വേഷണം, അല്ലെങ്കിൽ NCST നേതൃത്വത്തിൽ പരിശോധന നടത്തുക.

വയനാട്ടിലെ സ്കൂളുകളിൽ വ്യാപകമാകുന്ന വ്യാജ വൈകല്യ സർട്ടിഫിക്കറ്റുകളും സ്ക്രൈബുകളുടെ ദുരുപയോഗവും വംശീയമായ വിവേചനം തന്നെയാണ്. ഇത് അവരുടെ വിദ്യാഭ്യാസ അവകാശത്തിന്റെ നിഷേധം മാത്രമല്ല, അരികുവൽക്കരണത്തെ ശാശ്വതീകരിക്കാനുള്ള സംവിധാനങ്ങളുടെ ഗൂഢാലോചന കൂടിയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെയും അക്കാദമിക സമൂഹത്തിന്റെയും ഭരണകൂട സംവിധാനങ്ങളുടെയും അടിയന്തര ഇടപെടൽ ആവശ്യമാണ്.

Reference:

-Joy, J., & Srihari, M. (2014). A case study on the school dropout scheduled tribal students of Wayanad District, Kerala. Research journal of educational sciences, 2321, 0508.

-Kerala State Planning Board. (2022). Tribal Development Report.

-National Commission for Scheduled Tribes (NCST). (2021).

-UNESCO. (2020). Global Education Monitoring Report.

Comments