ഹൈദരാബാദിൽ നിന്ന് കേരളം വരെയുള്ള ദൂരം

സവർണ്ണ ജാതി ലോബികൾ കീഴടക്കിയ ഒരു ഉന്നത വിദ്യാഭ്യാസ മേഖല കേരളത്തിലുമുണ്ട്. ഇതിനെയെല്ലാം എതിർക്കാൻ ശ്രമിക്കുന്നവരേ സ്വത്വവാദി എന്നു മുദ്രകുത്തി അടിച്ചമർത്താനാണ് കേരളത്തിലെ ജാതി മെക്കാനിസത്തിന്റെ ശ്രമം. 2016 ജനുവരി 17ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ രോഹിത് വെമുലയെ ആത്മഹത്യയിലേക്കെത്തിച്ച ജാതി മേധാവിത്വം നിലനിൽക്കുന്ന ഹൈദരാബാദിലെ അക്കാദമിക ഇടങ്ങളിൽ നിന്നും അത്രയൊന്നും അകലയല്ല കേരളവും എന്ന് പറഞ്ഞുവെക്കുകയാണ് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സാകിർ ഹുസൈൻ ഡൽഹി കോളജ് വിദ്യാർഥിയായ ലേഖകൻ

നുവരി 17! രോഹിത് വെമൂല എന്ന ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത ദിനം. ബ്രഹ്മണിക്കലായ ഒരു അക്കാദമിക്ക് സിസ്റ്റത്തിന്റെ ക്രൂരതകൾക്ക് വിധേയമായ രോഹിത്തിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല മറിച്ചു ഒരു ഇൻസ്റ്റിട്യൂഷണൽ മർഡർ ആണ്. പിതാവ് ഉപേക്ഷിച്ചു പോയ ബാല്യത്തിൽ കഠിനമായ ജോലികൾ ചെയ്തു അതിനെല്ലാം നടുവിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ചു രണ്ട് ജെ.ആർ.എഫ് നേടി കാറൽ സാഗനെ പോലെ ഒരു ശാസ്ത്ര എഴുത്തുക്കാരനാകാൻ ആഗ്രഹിച്ച രോഹിത് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശിച്ചത് മുതൽ തന്റെ പ്രൊഫസർമാരാൽ ജാതീയമായി അധിക്ഷേപിക്കപ്പെട്ടിരുന്നു. ഓരോ തവണയും അമ്മയെ കാണുമ്പോൾ തന്നോട് വിദ്യാഭ്യാസ സംവിധാനം പുലർത്തുന്ന ആയിത്തത്തെ കുറിച്ചു രോഹിത് പറയുമായിരുന്നു. മുഖ്യധാര ഇടതുപക്ഷ സംഘടനയിലും തന്റെ പ്രശ്‌നങ്ങൾ ഉയർത്താൻ വേണ്ട ഇടമില്ല എന്നു മനസിലാക്കിയ രോഹിത്, അംബേദ്കർ സ്റ്റുഡന്റ് അസോസിയേഷനിൽ ചേർന്നു. സ്വയം ഒരു അംബേദ്കറൈറ്റ് മാർക്‌സിസ്റ്റ് എന്നാണ് രോഹിത് വിശേഷിപ്പിച്ചിരുന്നത്. അംബേദ്കറും മാർക്‌സും വിമോചനത്തിലേയ്ക്ക് വഴിക്കാട്ടും എന്നു വിശ്വസിച്ചിരുന്നു.

അനിമൽ ബയോടെക്‌നോളജി പഠിക്കുന്ന സമയത്തു രോഹിത്തിനോട് അധ്യാപകൻ ആയ വിപിൻ ശ്രീവാസ്തവ കാണിച്ച ജാതി വിവേചനവും രോഹിത്തിന്റെ അനിയൻ പോണ്ടിച്ചേരിയിൽ അനുഭവിച്ച കഷ്ടതകളും രോഹിത്തിന്റെ അമ്മ രാധിക വെമുല വായിക്കുമ്പോൾ എത്രത്തോളം ജാതി മേധാവിത്വം അക്കാദമിക ഇടങ്ങളിൽ നിലനിൽക്കുന്നു എന്ന് മനസിലാകും. ഇത് ഹൈദരാബാദിലെ മാത്രം കഥയല്ല. സവർണ്ണ ജാതി ലോബികൾ കീഴടക്കിയ ഒരു ഉന്നത വിദ്യാഭ്യാസ മേഖല കേരളത്തിലുമുണ്ട്. ഇതിനെയെല്ലാം എതിർക്കാൻ ശ്രമിക്കുന്നവരേ സ്വത്വവാദി എന്നു മുദ്രകുത്തി അടിച്ചമർത്താനാണ് കേരളത്തിലെ ജാതി മെക്കാനിസത്തിന്റെ ശ്രമം. ഇനിയും ഒരു പ്രദീപൻ പാമ്പിരികുന്ന് ഉണ്ടാവരുത് എന്നു പലരും ഉറച്ച തീരുമാനം എടുത്ത പോലെയാണ്.

ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട രോഹിതും എ.എസ്.എ വിദ്യാർഥികളും യൂണിവേഴ്‌സിറ്റി ഷോപ്പിങ് കോംപ്ലക്‌സിൽ കുടിൽ കെട്ടി ദളിത് ചേരി എന്നർത്ഥം വരുന്ന വെളിവാഡ എന്ന് അതിനെ വിശേഷിപ്പിച്ചിരുന്നു.

എ.ബി.വി. പി പ്രവർത്തകനായ സുശീലുമായി ഉണ്ടായ ഒരു പ്രശ്നത്തിൽ ഏകപക്ഷീയമായ തീരുമാനം എടുത്ത് യൂണിവേഴ്സിറ്റി വി.സി അപ്പാറാവു കടുത്ത തീരുമാനങ്ങൾ രോഹിതിനും സുഹൃത്തുക്കൾക്കും നേരെ എടുക്കുകയും ഫെല്ലോഷിപ്പ് റദ്ദാക്കി ഹോസ്റ്റൽ, അഡ്മിനിസ്ട്രേറ്റീവ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കുന്നത് വിലക്കുകയും ചെയ്തു. സ്ഥലം എം.പിയായ ബംഗാരു ദത്താത്രേയ അഞ്ച് തവണയോ മറ്റോ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തെഴുതി രോഹിതിനു മേലെയുള്ള ശിക്ഷാനടപടികൾ ഉയർത്തി. ഇതിനെതിരെ രോഹിത് അയിത്തപ്പുര കെട്ടി പ്രതിഷേധം ആരംഭിച്ചു. പക്ഷേ ബ്രാഹ്മണിക്കൽ ഭരണകൂടം തന്റെ ഭാവിയെ നശിപ്പിക്കും എന്നു മനസിലാക്കിയ രോഹിത് നിരാശയോടെ ആത്മഹത്യ ചെയ്തു. രോഹിതിന്റെ ആത്മഹത്യ കുറിപ്പിൽ തന്റെ ജനനം തന്നെ വലിയൊരു തെറ്റായിരുന്നു എന്നു വേദനയോടെ എഴുതിയിട്ടുണ്ട്. വളരേ സിസ്റ്റമാറ്റിക്കായ രീതിയിലാണ് രോഹിതിനെ ബ്രാഹ്മണിക്കൽ സംവിധാനങ്ങൾ ഇല്ലാതാക്കിയത്.

രോഹിത്തിന്റെ മരണശേഷം ബാല്യത്തിൽ രോഹിതിനെ ഉപേക്ഷിച്ചു പോയ പിതാവിനെ കൊണ്ട് വന്ന് സംഘപരിവാർ ആദ്യം രോഹിത് ദളിതനല്ല എന്നു വരുത്തി തീർക്കാൻ ശ്രമിച്ചു. ശേഷം മറ്റു പല നുണ പ്രചരണങ്ങളും നടത്തി. പിന്നീട് നിഷ്പക്ഷത ചമഞ്ഞ് ആത്മഹത്യയുടെ ഭീരുത്വവും സസ്പെൻഷനുകളിലെ സാങ്കേതികത്വവും സംസാരിക്കാൻ ആരംഭിച്ചു. മനുവാദികളുടെ ഈയൊരു പ്രവർത്തന മോഡൽ വീക്ഷിക്കുമ്പോഴാണ് ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്ക് എത്ര ദൂരമെന്നു ചിന്തിച്ചു പോകുന്നത്.

വെമുലയുടെ മരണത്തെ ജാതിയുടെ കുടിലതയായി വിലയിരുത്തിയവർ തന്നെയാണ് ദേവിക എന്ന ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തപ്പോൾ സാങ്കേതികത്വം പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചത്. ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ നിന്ന് ദളിതർ പുറന്തള്ളപ്പെടുന്നു എന്ന സത്യം സമ്മതിച്ചു തരാൻ ആരും തയ്യാറാവുന്നില്ല. ദേവികയുടെ ആത്മഹത്യ ദൗർഭാഗ്യകരം എന്നു പറഞ്ഞു വിലപിക്കാനേ സമൂഹത്തിന് കഴിഞ്ഞുള്ളു. അതിലെ ജാതി പ്രശ്‌നം കണ്ടതായി ആരും നടിച്ചില്ല. എന്ത് കൊണ്ട് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പരീക്ഷണ ഘട്ടത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ദളിതയായത് ? ഈ ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ കാലങ്ങളായി ഈ സംവിധാനത്തിന് നിന്ന് അപരവത്കരിക്കപ്പെട്ടത് ദളിതരാണ്. ഇവിടെയും ശ്രേണീകൃതമായ അസമത്വമുണ്ട്. ദി ഹിന്ദു പത്രം, ശാസ്ത്ര സാഹിത്യ പരീക്ഷത്ത് തുടങ്ങി പല സംഘടനകളും തയ്യാറാക്കിയ റിപ്പോർട്ടിൽ ഇതെല്ലാം കൃത്യമായി പറയുന്നുണ്ട്.

ദേവികയുടെ വീട്

ദേവികയുടെ ആത്മഹത്യയിൽ ജാതിയില്ല എന്നു വരുത്തി തീർക്കാൻ ശ്രമിച്ചവർ രോഹിത്ത് വെമുല വിഷയത്തിൽ സംഘപരിവാർ ഉപയോഗിച്ച അതേ അടവുകൾ തന്നെയാണ് ഉപയോഗിച്ചത്. ആദ്യം തന്നെ എല്ലാ വിഷയങ്ങളിലും ജാതി കാണണോ ജാതിയൊക്കെ ഇപ്പോഴും ഉണ്ടോ എന്ന ജാതി അന്ധത നടിക്കുന്ന ചോദ്യം ഉന്നയിച്ചു. പിന്നീട് സാങ്കേതിക വശങ്ങൾ പറഞ്ഞു പ്രതിരോധിക്കാൻ ശ്രമിക്കും. നെയ്യാറ്റിൻകര ലക്ഷംവീട് കോളനി വിഷയത്തിലും ഇത് തന്നെയായിരുന്നു സംഭവിച്ചത്. രണ്ടര സെന്റിലേയ്ക്ക് അടിച്ചമർത്തപ്പെട്ട മനുഷ്യർക്ക് മിച്ചഭൂമി വിതരണം ചെയ്ത് കൊടുക്കണം എന്ന നീതിയെക്കുറിച്ചു സംസാരിച്ചപ്പോൾ അത് കണ്ടില്ല എന്നു നടിക്കാനാണ് പലരും ശ്രമിച്ചത്. ശ്രേണീകൃത അസമത്വത്തെ കുറിച്ചു പറഞ്ഞവർ എല്ലാം സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളായി. രോഹിത് വെമൂലയുടെ ഇൻസ്റ്റിട്യൂഷണൽ മർഡറിനെ അപലപിച്ചവർ തന്നെയാണ് ഇവിടെ ജാതി അന്ധത നടിച്ചത്. പോസ്റ്റ് ട്രൂത്ത് കാലഘട്ടത്തിൽ ജാതിയുടെ പ്രവർത്തനം ഇങ്ങനെയാണ്.

മുഖ്യധാര ഇടതുപക്ഷ പാർട്ടിയിൽ നിന്ന് രോഹിത് വെമുല അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷനിൽ ചേരാൻ എടുത്ത സമയമാണ് ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്കുള്ള ദൂരം.

Comments