നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിന്റെ വാദം സുപ്രീംകോടതിയിൽ തുടരുന്നതിനിടെ, പരീക്ഷാ നവീകരണത്തെക്കുറിച്ച് പഠിക്കുന്ന കെ. രാധാകൃഷ്ണൻ കമ്മിറ്റിക്കുമുമ്പാകെ നിരവധി നിർദേശങ്ങൾ. പരീക്ഷയുടെ പവിത്രതക്ക് കളങ്കമേറ്റതായി സംശയാതീതമായി തെളിഞ്ഞുവെന്ന് ഇന്നലെ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചിരുന്നു. ഇത്തരം വിമർശനങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ രീതികൾ പരിഗണിക്കുന്നത്. ഇലക്‌ട്രോണിക് മാധ്യമം വഴിയോ സാമൂഹ്യമാധ്യമം വഴിയോ ആണ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത് എങ്കിൽ, അത് വ്യാപകമാകാനിടയുണ്ടെങ്കിലും അത്തരമൊരു സാഹചര്യത്തിൽ പരീക്ഷ വീണ്ടും നടത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നുമുള്ള കോടതിയുടെ സൂചന, വിദ്യാർഥികൾ ആകാംക്ഷയോടെയാണ് കേട്ടത്.
ഇപ്പോൾ ഓഫ്‌ലൈനായി നടക്കുന്ന നീറ്റ് യു.ജി, ജെ.ഇ.ഇ മെയിൻ മാതൃകയിൽ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. അടുത്തവർഷം മുതൽ ഓൺലൈനാക്കുന്നതിനെക്കുറിച്ചുള്ള നിർദേശം പരീക്ഷയെക്കുറിച്ച് പഠിക്കുന്ന സമിതിക്കുമുന്നിലാണ്. അടിസ്ഥാന സൗകര്യങ്ങളുള്ള 4000 പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കുക എന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം. 14 ലക്ഷം പേർ എഴുതുന്ന ജെ.ഇ.ഇ- മെയിൻ രാജ്യത്തെ 570 കേന്ദ്രങ്ങളിലാണ് നടത്തുന്നത്.
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലായി നടത്തുന്ന എട്ട് ക്വാർട്ടർലി പരീക്ഷകളും രണ്ട് ഇന്റേൺഷിപ്പും അടങ്ങുന്ന നിർദേശവുമായി ഏതാനും അക്കാദമിക് വിദഗ്ധർ രംഗത്തുവന്നു. മുൻ വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം, ഐ.ഐ.ടി ജോധ്പുർ മുൻ ഡയറക്ടർ പ്രേം കൽറ, റിട്ട. ഐ.എ.എസ് ഓഫീസറും കോൾ ഇന്ത്യ മുൻ ചെയർമാനുമായ സുദീർഥ ഭട്ടാചാര്യ എന്നിവരാണ് രണ്ടു വർഷം നീളുന്നതും സ്‌കൂൾ വിദ്യാഭ്യാസത്തെയും സ്‌കൂൾ സംവിധാനങ്ങളെയും അടിസ്ഥാനമാക്കുന്നതുമായ പുതിയ നിർദേശം മുന്നോട്ടുവച്ചത്.
അക്കാദമിക് പ്രകടനം, സാമൂഹികവും പ്രൊഫഷനലുമായ അഭിരുചി, വൈജ്ഞാനിക മികവ് അളക്കാനുള്ള എക്‌സിറ്റ് എക്‌സാം എന്നിവയാണ്, 40:40:20 എന്ന അനുപാതത്തിലുള്ള പുതിയ സംവിധാനത്തിന്റെ അടിസ്ഥാന ഘടന. കണ്ടിന്യൂവസ് അസസ്‌മെന്റ് സിസ്റ്റം ഫോർ അഡ്മിഷൻ- സി.എ.എസ്.എ- എന്നാണ് ഇതറിയപ്പെടുക.
11, 12 ക്ലാസുകളിലായി എട്ട് ക്വാർട്ടർലി അക്കാദമിക് അസ്സസ്‌മെന്റുകളോ മിഡ് സെമസ്റ്റർ പരീക്ഷകളോ നടത്തും. ഇത് നിശ്ചിത ചോദ്യപേപ്പർ ബാങ്കുകളുപയോഗിച്ച് ഓൺലൈനായാണ് നടത്തുക. ഇതിന് 40 ശതമാനം വെയ്‌റ്റേജുണ്ട്. വിദ്യാർഥികൾക്ക് ഈ പരീക്ഷകൾക്ക് ഏതു ദിവസവും തെരഞ്ഞെടുക്കാം. അതിനായി, സ്‌കൂൾ ദിവസങ്ങൾ നഷ്ടമാകില്ല. എ.ഐ അടിസ്ഥാനമാകകിയുള്ള ഫ്രോഡ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ പരീക്ഷകൾ സുരക്ഷിതമാക്കും.
40 ശതമാനം വെയ്‌റ്റേജ് സാമൂഹികവും പ്രൊഫഷനലുമായ അഭിരുചിക്കാണ്. ഏതെങ്കിലും തെരഞ്ഞെടുത്ത ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന ആറാഴ്ച നീളുന്ന ഇൻേറൺഷിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെ മൂല്യനിർണയം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് എഡ്യുക്കേഷൻ, എൻ.ഐ.ടി തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ടുകളെ ഇൻേറൺഷിപ്പിനായി തെരഞ്ഞെടുക്കാം. ഇന്റേൺഷിപ്പ് സൗജന്യമായിരിക്കും.
ഇതിനുപുറമേ എൻ.എസ്.എസ്, എൻ.സി.സി പങ്കാളിത്തവും ഈ മൂല്യനിർണയത്തിന്റെ ഭാഗമാക്കാം.
മൂന്നാം ഘട്ടത്തിലെ മൂല്യനിർണയത്തിന് 20 ശതമാനം മാർക്കാണുള്ളത്. വർഷത്തിൽ രണ്ടു തവണ ഓൺലൈനായാണ് ഈ പരീക്ഷ നടത്തുക. അവസാന വട്ട പരീക്ഷ എന്ന നിലയിൽ വിദ്യാർഥികൾക്ക് പരമാവധി സ്‌കോർ നേടാൻ സഹായകമായ പരീക്ഷയായിരിക്കും ഇത്.
മാർക്കിന്റെ അടിസ്ഥാനത്തിൽ മെരിറ്റ് ലിസ്റ്റ് തയാറാക്കും. മൂന്നാം ഘട്ട പരീക്ഷയിലെ മാർക്കായിരിക്കും ടൈ ബ്രേക്കർ. അതേസമയം, ടൈ- ബ്രേക്കർ മൂലം മെരിറ്റിലെ ഏറ്റവും അടിയിലുള്ള വിദ്യാർഥിക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കും. ഇതിനായി വേണമെങ്കിൽ സൂപ്പർ ന്യൂമറി സീറ്റുകളും സൃഷ്ടിക്കാമെന്ന് നിർദേശത്തിലുണ്ട്.
നാഷനൽ ടെസ്റ്റിങ് ഏജൻസിക്കൊപ്പം സംസ്ഥാന സർക്കാറുകൾ, പരീക്ഷാകേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും പരീക്ഷാ നടത്തിപ്പിന്റെ ചുമതല വഹിക്കും. വിദ്യാർഥിയുടെ അക്കാദമികവും പ്രൊഫഷനലും സാമൂഹികവുമായി അഭിരുചിയുടെ അടിസ്ഥാനത്തിലായിരിക്കണം പ്രവേശനം എന്നും നിഷ്‌കർഷിക്കുന്നുണ്ട്.