പൊതിച്ചോറ്
കട്ടുതിന്നുന്ന
അധ്യാപകർ
ഇപ്പോഴുമുണ്ടോ?

ഒരു ജോലി എന്ന നിലയിൽ സാധ്യമാകുന്ന എല്ലാ എഫർട്ടും നൽകിയിട്ടും തക്കതായ പ്രതിഫലമോ പരിഗണനയോ ലഭിക്കാത്തവരായി ജീവിക്കുന്ന അധ്യാപക സമൂഹം നമുക്കിടയിലുണ്ട്, അവർ സ്വകാര്യ സ്‌കൂൾ അധ്യാപകരാണ്. സ്വകാര്യമേഖലയിൽ അർഹമായ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കാൻ സർക്കാർ ഇടപെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എഴുതുന്നു, അനന്തു കെ.

കാരൂരിന്റെ 'പൊതിച്ചോറ്' എന്ന കഥയിൽ വിദ്യാർത്ഥിയുടെ ഉച്ചഭക്ഷണം മോഷ്ടിച്ച് വിശപ്പടക്കേണ്ടിവരുന്ന അധ്യാപകൻ്റെ നിസ്സഹായവസ്ഥയുടെ ചിത്രമുണ്ട്. വർത്തമാനകാലത്ത് ഈ കഥയെ വിലയിരുത്തുമ്പോൾ, കാരൂരിൻ്റെ അധ്യാപകർ കഥയിൽ മാത്രം ജീവിക്കുന്നവരാണ് എന്ന വിലയിരുത്തലിലേക്കാണ് പൊതുവിൽ എത്തിച്ചേരുക.

ശരിയാണ്, സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്ക് സാമാന്യം ഭേദപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് സംവിധാനങ്ങൾ നൽകുന്നത്. എന്നാൽ ഒരു ജോലി എന്ന നിലയിൽ സാധ്യമാകുന്ന എല്ലാ എഫർട്ടും നൽകിയിട്ടും തക്കതായ പ്രതിഫലമോ പരിഗണനയോ ലഭിക്കാത്തവരായി ജീവിക്കുന്ന അധ്യാപക സമൂഹവും നമുക്കിടയിലുണ്ട്. അവർ സ്വകാര്യ സ്‌കൂൾ അധ്യാപകരാണ്.

‘പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവരാണ് അധ്യാപകർ’ എന്ന പൊതുബോധത്തിന്റെ പ്രതിഫലനങ്ങൾ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഒരിക്കലെങ്കിലും കേട്ടവരോ അനുഭവിച്ചവരോ ആയിരിക്കും ഈ രംഗത്ത് ജോലിചെയ്യുന്ന വലിയ വിഭാഗം പേരും. എന്നാൽ അധ്യാപകർ ഏർപ്പെടുന്ന മാനസികവും ശാരീരികവുമായ വ്യാപാരങ്ങൾ മിക്കപ്പോഴും അതിസങ്കീർണമാണ്. അധ്യാപകരുടെ ജോലികൾ എന്തെല്ലാമാണെന്ന് യാതൊരുധാരണയും ഇല്ലാത്തവർ മാത്രമാണ് ഇത്തരത്തിൽ ഒരു വിലയിരുത്തലിലേക്ക് എത്തിച്ചേരുന്നത്.

8000 രൂപയാണ് മിക്ക സ്വകാര്യ സ്കൂ‌ളുകളിലേയും അധ്യാപകരുടെ അടിസ്ഥാന വേതനം; പരമാവധി 15000. ഇത്ര കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടവരാണോ അധ്യാപകർ?.

സമൂഹത്തിൽ പ്രതിഫലനം സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ വരും തലമുറയെ പ്രാപ്തമാക്കാൻ സഹായിക്കുന്ന അധ്യാപകരോട് കേരളത്തിലെ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ വച്ചുപുലർത്തുന്ന മനോഭാവം എന്താണെന്നും അവർക്ക് ലഭിക്കുന്ന വേതനം എത്രയാണെന്നും സംബന്ധിച്ചുള്ള ആലോചനകൾ ഭരണവർഗ സമൂഹത്തിൽനിന്നോ അക്കാദമിക സമൂഹത്തിൽ നിന്നോ ഉണ്ടാകുന്നില്ല എന്നത് വിദ്യാഭ്യാസരംഗത്ത്‌ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും കേരളം ആർജിച്ചെടുത്ത നേട്ടങ്ങളുടേയും തൊഴിലവകാശങ്ങളുടെയും ശോഭകെടുത്തുന്നതാണ്.

കേന്ദ്ര സർക്കാരിന്റെ UDISE (Unified District Information System for Education) ഡേറ്റ പ്രകാരം, സംസ്ഥാന സിലബസിന് പുറമെ പ്രവർത്തിക്കുന്ന മറ്റെല്ലാ സ്വകാര്യ വിദ്യാലയങ്ങളും ( CBSE, ICSE ബോർഡുകൾക്ക് കീഴിലുള്ളവ) ഉൾപ്പെടുത്തുമ്പോൾ കേരളത്തിലെ സ്വകാര്യ (അൺ എയ്‌ഡഡ്) സ്‌കൂളുകളുടെ ആകെ എണ്ണം 3,222-ഉം അധ്യാപകരുടെ എണ്ണം സ്‌കൂളുകളുടെ എണ്ണത്തിന്റെ അഞ്ചിരട്ടിയുമാണ്. 8000 രൂപയാണ് മിക്ക സ്വകാര്യ സ്കൂ‌ളുകളിലേയും അധ്യാപകരുടെ അടിസ്ഥാന വേതനം; പരമാവധി 15000 (വളരെ ചുരുക്കം സ്കൂളുകളിൽ മാത്രം) രൂപയും. ഇത്ര കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടവരാണോ അധ്യാപകർ എന്നതാണ് ഇവിടെ ചർച്ചചെയ്യേണ്ടുന്ന പ്രധാന വിഷയം.

പാഠ്യപദ്ധതി മുന്നോട്ടുവയ്ക്കുന്ന പഠനലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ അധ്യാപകർ ചെയ്യുന്ന പ്രവർത്തനങ്ങളെ 'ക്ലാസ്സെടുക്കൽ' എന്ന പേരിൽ ചുരുക്കലാണ് പൊതുരീതി.  എന്നാൽ പാഠാസൂത്രണം (Leason plan ) തയ്യാറാക്കലിൽ തുടങ്ങി പഠന സഹായികളുടെ നിർമ്മാണം(Learning aids),ആവശ്യമായ നോട്ടുകൾ നൽകലും അവയുടെ പരിശോധനയും, ചോദ്യപേപ്പർ നിർമ്മാണവും മൂല്യനിർണയവും,സാങ്കേതികവിദ്യ ആവശ്യമായ രീതിയിൽ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പ്, സ്പോർട്സ് -ആർട്സ് തുടങ്ങിയവയ്ക്കായി കുട്ടികളെ തയ്യാറാക്കലും നടത്തിപ്പും തുടങ്ങി  നേരത്തെ തീർച്ചപ്പെടുത്തിയതും അല്ലാത്തതുമായ നിരവധിയായ പ്രവർത്തനങ്ങളിലാണ് അധ്യാപകർ ഏർപ്പെടുന്നത്. സ്വകാര്യ സ്കൂളുകളിൽ നിയമിക്കപ്പെടുന്ന വിഷയത്തിന് പുറമെ മറ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യാനും അധ്യാപകർ മിക്കപ്പോഴും നിർബന്ധിക്കപ്പെടുന്നു.

പാഠ്യപദ്ധതി മുന്നോട്ടുവയ്ക്കുന്ന പഠന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ അധ്യാപകർ ചെയ്യുന്ന പ്രവർത്തനങ്ങളെ 'ക്ലാസ്സെടുക്കൽ' എന്ന പേരിൽ ചുരുക്കലാണ് പൊതുരീതി.
പാഠ്യപദ്ധതി മുന്നോട്ടുവയ്ക്കുന്ന പഠന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ അധ്യാപകർ ചെയ്യുന്ന പ്രവർത്തനങ്ങളെ 'ക്ലാസ്സെടുക്കൽ' എന്ന പേരിൽ ചുരുക്കലാണ് പൊതുരീതി.

അധ്യാപകരെ സംബന്ധിച്ച് ഓരോ വിദ്യാർത്ഥിയും അവരവരുടേതായ രീതിയിൽ വ്യത്യസ്തരാണ്. ഓരോ കുട്ടിക്കും അവരവർക്ക് അനുസൃതമായ രീതിയിൽ പരിഗണനകൾ നൽകാൻ ഉത്തരവാദിത്തവുമുണ്ട്. ഈ വ്യത്യസ്തതകളെ പരിഗണിക്കാനുള്ള പാകപ്പെടൽ എളുപ്പമുള്ള കാര്യമേ അല്ല. ജോലിസ്ഥലംവിട്ട് വീട്ടിലെത്തിയാലും  വിദ്യാത്ഥികളുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളിൽ ഏർപ്പെടാനും ചിലപ്പോൾ സ്വന്തം ആരോഗ്യംപോലും പരിഗണിക്കാൻ കഴിയാതെ വിദ്യാർഥികൾക്കുവേണ്ടി പണിയെടുക്കാനും അധ്യാപകർ നിർബന്ധിതരാവാറുണ്ട്. ഇത്തരത്തിലെല്ലാമുള്ള സാഹചര്യങ്ങളിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് അർഹിച്ച വേതനവ്യവസ്ഥയും തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുവാൻ കേരളത്തിൽ സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടൽ നടത്തേണ്ടതുണ്ട്.

1958 ലാണ് കേരളത്തിൽ ആദ്യമായി Minimum Wages Rules നിലവിൽ വന്നത്. 1948ലെ Minimum Wages Act നെ തുടർന്ന് നിലവിൽവന്ന Kerala Minimum Wages rules ൽ തുടക്കത്തിൽ 13 തൊഴിൽ വിഭാഗങ്ങളായിരുന്നു ഉൾപ്പെട്ടിരുന്നത്. ഈ നിയമം വിവിധ ഘട്ടങ്ങളിൽ പരിഷ്‌കരിച്ച് 91 തൊഴിൽ വിഭാഗങ്ങളെ ആക്ടിന്റെ ഭാഗമായി ഉൾപ്പെടുത്തി, തൊഴിലാളി ചൂഷണം തടയുക, തൊഴിലാളികൾക്ക് നിയമപരമായ വേതന സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് Minimum Wages Act പ്രധാനമായും മുന്നോട്ടുവച്ചത്. കേരളത്തിൽ മാസവേതനാടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന വിഭാഗങ്ങളിലൊന്ന് ഏതാണ് എന്ന ചോദ്യത്തിന് നിസംശയം ഉത്തരമായി പറയാം അത് സ്വകാര്യ സ്‌കൂൾ അധ്യാപകരാണ്.

കേരളത്തിലെ സ്വകാര്യ സ്‌കൂൾ അധ്യാപകരെ ഇതുവരെയായും Minimum Wages Rules- ൻ്റെ പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല.

അത്ഭുതമെന്ന് പറയട്ടെ, കേരളത്തിലെ സ്വകാര്യ സ്‌കൂൾ അധ്യാപകരെ ഇതുവരെയായും Minimum Wages Rules പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. Minimum Wages Act ന്റെ പരിധിയിലേക്ക് സ്വകാര്യ സ്കൂൾ അധ്യാപകരെ ഉൾപ്പെടുത്തുകയും കുട്ടികളുടെ എണ്ണത്തിന്റെയും സ്കൂളിന്റെ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ സ്കൂളുകളെ തരംതിരിച്ച് സ്ഥിരവേതനവ്യവസ്ഥ നിലവിൽവരുത്താനും സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചാൽ മാത്രമേ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് അഭിമാനബോധമുള്ള ജീവിതം ഭാവിയിലെങ്കിലും സാധ്യമാകുകയുള്ളൂ.

കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ അധ്യാപകരുടെ വേതന വ്യവസ്ഥയും സ്വകാര്യ സ്കൂളുകളിലേതിൽനിന്നും ഏറെ വ്യത്യസ്തമല്ല. UGC നിർദേശപ്രകാരം കേരളത്തിലെ സർവകലാശാലകൾ NET(National Eligibility Test) യോഗ്യത നേടിയവർക്കോ PhD യോഗ്യത നേടിയവർക്കോ മാത്രമേ കോളേജുകളിൽ അധ്യാപകരായി തുടരാൻ കഴിയൂ എന്ന നിർദ്ദേശം കർശനമായി പാലിക്കാൻ പോകുകയാണ്. ഈ യോഗ്യതകളുള്ള അധ്യാപകർക്കും മിക്ക സ്വാശ്രയകോളേജുകളിൽനിന്നും ലഭിക്കുന്ന വേതനം 15,000 മുതൽ 20,000 രൂപവരെയാണ്. ഒരു വ്യക്തി തന്റെ ജീവിതത്തിലെ വലിയൊരുകാലയളവ് ചെലവഴിച്ചാണ് ഒരു വിഷയത്തിൽ നേടാൻ കഴിയുന്ന ഏറ്റവും ഉന്നത ബിരുദമായ ഡോക്ടറേറ്റിലേക്ക് എത്തിച്ചേരുന്നത്. എന്നാൽ സ്വാശ്രയ കോളേജുകളിലേക്ക് അധ്യാപകരായി എത്തുമ്പോൾ അധ്യാപകർ ഏറെ കാലത്തെ അധ്വാനത്തിന്റെ ഫലമായി നേടിയെടുത്ത യോഗ്യതയ്ക്ക് അനുസൃതമായ വേതന വ്യവസ്ഥ അവർക്ക് അന്യമാകുന്ന സ്ഥിതിയാണുള്ളത്.

2021-ലാണ് 'കേരള സ്വാശ്രയ കോളേജ് അധ്യാപക അനധ്യാപക ജീവനക്കാരുടെ നിയമവും സേവന വ്യവസ്ഥകളും' ബിൽ നിയമസഭ പാസ്സാക്കിയത്. അതുവരെയും സ്വാശ്രയ കോളേജ് അധ്യാപക നിയമനവുമായോ തൊഴിലിടത്തിൽ ലഭിക്കേണ്ടുന്ന ആനൂകൂല്യങ്ങളെ സംബന്ധിച്ചോ നിയമവ്യവസ്ഥ  ഇല്ലായിരുന്നു. ഒരു തൊഴിൽ എന്ന നിലയിൽ ചില സുരക്ഷിതത്വങ്ങൾ ഈ നിയമനിർമ്മാണം അധ്യാപകർക്ക് നൽകുന്നുണ്ടെങ്കിലും അധ്യാപകരുടെ വേതനത്തെ അഡ്രസ് ചെയ്യാൻ ഈ നിയമ ഭേദഗതിക്കും കഴിഞ്ഞില്ല. സ്വാശ്രയ കോളേജ് അധ്യാപകരുടെ വേതന വ്യവസ്ഥയിൽ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിയമ നിർമ്മാണം കൊണ്ടുവരാനും സർക്കാർ സംവിധാനങ്ങൾ ഊന്നൽ നൽകേണ്ടതുണ്ട്.

സ്വാശ്രയ കോളേജുകളിലേക്ക് അധ്യാപകരായി എത്തുമ്പോൾ അധ്യാപകർ ഏറെ കാലത്തെ അധ്വാനത്തിന്റെ ഫലമായി നേടിയെടുത്ത യോഗ്യതയ്ക്ക് അനുസൃതമായ വേതന വ്യവസ്ഥ അവർക്ക് അന്യമാകുന്ന സ്ഥിതിയാണുള്ളത്.
സ്വാശ്രയ കോളേജുകളിലേക്ക് അധ്യാപകരായി എത്തുമ്പോൾ അധ്യാപകർ ഏറെ കാലത്തെ അധ്വാനത്തിന്റെ ഫലമായി നേടിയെടുത്ത യോഗ്യതയ്ക്ക് അനുസൃതമായ വേതന വ്യവസ്ഥ അവർക്ക് അന്യമാകുന്ന സ്ഥിതിയാണുള്ളത്.

ഒരു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമ്പോൾ അതിന് നേതൃത്വം നൽകുന്ന മാനേജ്മെന്റ് എന്തുനയമാണ് സ്ഥാപനനടത്തിപ്പിലൂടെ മുന്നോട്ടവയ്ക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. 'നാളെയുടെ ഭാവിയെ വാർത്തെടുക്കാനെന്നും രാജ്യത്തിന്റെ ഭാവിക്ക് മുതൽക്കൂട്ടാകാനെന്നുമുള്ള ' വലിയ പരസ്യവാചകങ്ങൾ ഇത്തരം സ്ഥാപനങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും 'profit over people' എന്ന മുതലാളിത്തത്തിന്റെ യുക്തിമാത്രമാണ് ഇക്കൂട്ടരിൽ മിക്കവരും നടപ്പിലാക്കുന്നത്. ഈ നയം ഒരിക്കലും അവിടെ ജോലിയെടുക്കുന്ന അധ്യാപകർക്ക് അർഹിച്ച വേതനമോ തൊഴിൽചുറ്റുപാടോ നൽകാൻ തയ്യാറാകില്ല. ഇത്തരം സന്ദർഭങ്ങളിലാണ് ഭരണവർഗസമൂഹത്തിന്റെ സ്വകാര്യവൽക്കരണത്തോടുള്ള സമീപനരീതിക്ക് ഏറെ പ്രാധാന്യമേറുന്നത്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച് ഭരണവർഗ സമൂഹത്തിന് കൃത്യമായ കാഴ്ചപ്പാട് ഉണ്ടാവുകയും അത് നടപ്പിലാക്കാൻ ഗവണ്മെന്റുകൾ തയ്യാറാകുകയും ചെയ്താൽ മാത്രമേ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് അവരുടെ അധ്വാനത്തിനുള്ള പ്രതിഫലവും തൊഴിൽ എന്ന നിലയിലുള്ള പരിഗണനകളും ലഭിക്കുകയുള്ളൂ. 

കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഇനിയും ഇടപെടാൻ തയ്യാറാകുന്നില്ലെങ്കിൽ പൊതിച്ചോറു കട്ടുതിന്നുന്ന അധ്യാപകർ ഉണ്ടാവില്ലെങ്കിലും ഒരു തൊഴിൽ എന്നനിലയിലുള്ള പരിഗണനകൾ ഒന്നും ലഭിക്കാത്തവരായി കേരളത്തിലെ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന അധ്യാപകരുടെ സ്ഥിതി തുടരും.


Summary: An analysis of wages, working conditions and labour rights of private school teachers in Kerala, highlighting low pay, heavy workloads and the need for better protections.


അനന്തു കെ.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ- വലപ്പാട്- ബി എഡ് അവസാന വർഷ വിദ്യാർഥി.

Comments