മാതൃഭാഷയെ കുറിച്ച് ചിന്തിക്കുമ്പോഴും സംസാരിക്കുമ്പോഴും വികാരഭരിതരാകുന്നവരാണ് മലയാളികൾ. ‘തമിഴൻ’ എന്നും ‘മലയാളി’ എന്നും ‘ബംഗാളി’ എന്നും സ്വയം അടയാളപ്പെടുത്തുമ്പോൾ നിർവൃതിയടയുന്ന ഓരോ ജനവിഭാഗങ്ങളും മറ്റുള്ളവരെ ഇകഴ്ത്തുവാൻ ഭാഷയാലുള്ള അടയാളപ്പെടുത്തലുകൾ ഉപയോഗിക്കുന്നു എന്നത് വിരോധാഭാസം തന്നെ. മലയാളി എന്ന് സ്വയം അഭിമാനിക്കവേ, ബംഗാളിയെന്നും തമിഴനെന്നുമുള്ള വിളിയിൽ നിറയ്ക്കുന്ന പുച്ഛങ്ങളെ മറ്റെന്താണ് പറയുക? ഇത്തരത്തിൽ മാതൃഭാഷ പലവിധങ്ങളാകുന്ന ചിന്തകൾ മുന്നോട്ടുവയ്ക്കുന്നു.
സ്കൂൾ പഠനകാലത്ത് മാതൃഭാഷാപഠനത്തെ ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. മഹാത്മാഗാന്ധി ആവിഷ്കരിച്ച അടിസ്ഥാന വിദ്യാഭ്യാസപദ്ധതി എന്നറിയപ്പെടുന്ന 'വാർധ പദ്ധതിയിൽ' സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്ന ഒന്നാം പ്രമേയത്തിന് തൊട്ടുതാഴെയായ് അതീവ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന പ്രമേയം 'വിദ്യാഭ്യാസം മാതൃഭാഷയിലൂടെ’ എന്നതാണ്. കേരളീയരായ ബഹുഭൂരിപക്ഷവും മാതൃഭാഷയുടെ പരിലാളനയിലൂടെയായിരിക്കണം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ അത്ര രസകരമായല്ലാതെ മലയാളം പഠിക്കേണ്ടിവരുന്ന വിദ്യാർത്ഥികൾ കൂടി നമ്മുടെ വിദ്യാലയങ്ങളിലുണ്ട്. മാതൃഭാഷയിൽ വിദ്യാഭ്യാസം ലഭിക്കാൻ സാഹചര്യങ്ങളില്ലാത്ത, കവിഭാഷയിൽ പറഞ്ഞാൽ മലയാളഭാഷ 'കേവലം ധാത്രി'യായിട്ടുള്ള ഗോത്രജനത.

ഗോത്രജനതയുടെ ഭാഷാരീതികളെക്കുറിച്ചും ഭാഷാപഠന സാഹചര്യങ്ങളെക്കുറിച്ചും മലയാളഭാഷയോടുള്ള സമീപനങ്ങളെക്കുറിച്ചും ചിന്തിക്കാൻ നാം ഏറെ വൈകിയിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ബഹുഭൂരിപക്ഷം മലയാളികൾക്കും ഇംഗ്ലീഷ് , ഹിന്ദി ഭാഷകളോട് അന്യഭാഷാബോധം നിലനിൽക്കുന്നത് എങ്ങനെയാണോ അത്തരത്തിൽ അന്യബോധത്തോടെ മാത്രമേ ഗോത്രജനതയ്ക്ക് മലയാളത്തെയും കാണാനാവുകയുള്ളൂ. കുറേക്കൂടി വിമർശനാത്മകമായി സമീപിക്കുകയാണെങ്കിൽ ഗോത്രമേഖലയിലേക്ക് കടന്നുകയറുന്ന, ചൂഷണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഭാഷയാണ് അവരെ സംബന്ധിച്ച് മലയാളം. തമിഴിന്റെ സ്ഥിതിയും ഇതുതന്നെ. കാലങ്ങളായി വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി കൊണ്ടിരിക്കുന്നതും നാളിതുവരെയും ശാസ്ത്രീയമായ പരിഹാരരീതികൾ പ്രായോഗികമാക്കാനോ, ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാനോ സാധിക്കാത്തതുമായ വിഷയമാണ് ഗോത്രമേഖലയിലെ വിദ്യാലയങ്ങളിലെ ഭാഷാപഠനം അഥവാ മലയാള പഠനം.
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം ഏറെ മുന്നിട്ടു നിൽക്കുമ്പോഴും ഗോത്രമേഖലയിലെ വിദ്യാഭ്യാസത്തെക്കുറിച്ചും സാക്ഷരതയെ കുറിച്ചും തിരിഞ്ഞുനോട്ടം നടത്തുന്നത് ഉചിതമായിരിക്കും. ഗോത്രമേഖലയിലെ സ്കൂളുകളിൽ സംഭവിക്കുന്ന കൊഴിഞ്ഞുപോക്ക് (ഡ്രോപ്പ് ഔട്ട്) പരിഹരിക്കാൻ എന്നാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് പ്രാപ്തമാവുക?
ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന ഗോത്രവിദ്യാർത്ഥികൾക്ക് മലയാളം തീരെ പരിചിതമല്ലാത്ത വ്യവഹാരമാണ്. അവർക്കത് അധ്യാപകരിൽ നിന്നോ കടക്കമ്പോളങ്ങളിലെ ‘വരത്തൻ’മാരായ 'അള്ളാപള്ളിക്കാരിൽ' നിന്നോ കേൾക്കുന്ന ശബ്ദങ്ങൾ മാത്രമാണ്. ഗോത്രവിദ്യാർഥികൾക്ക് പരിചിതമല്ലാത്ത പുതിയൊരു ഭാഷയിൽ എങ്ങനെയാണ് അവർ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവയ്ക്കുന്ന ആശയരൂപീകരണ പഠനപ്രക്രിയ സാധ്യമാക്കേണ്ടത്? മെന്റർ ടീച്ചർമാരുടെയും മലയാള പാഠഭാഗങ്ങൾ ഗോത്രഭാഷയിൽ മറ്റൊരു ക്ലാസിലൂടെ പഠിപ്പിക്കുന്ന 'പഠിപ്പുറസി' പോലുള്ള പദ്ധതികളിലൂടെയും വിദ്യാഭ്യാസവകുപ്പ് പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തുന്നുവെങ്കിലും ഈ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തുന്നുണ്ടോ എന്നത് സംശയമാണ്. ‘പഠിപ്പുറസി’ എന്ന പദ്ധതിയിലൂടെ ഗോത്രഭാഷയോടുള്ള താല്പര്യം കൂട്ടുക എന്നതിനപ്പുറം എങ്ങനെയാണ് വിദ്യാർത്ഥികൾക്ക് മലയാളഭാഷയോടുള്ള അന്യഭാഷാബോധം മാറ്റാനാവുക? യഥാർത്ഥത്തിൽ മലയാള ഭാഷയുമായുള്ള ഗോത്ര ജനതയുടെ അകൽച്ച വർദ്ധിപ്പിക്കാനല്ലെ ഇത്തരം പദ്ധതികൾ ഉപകരിക്കുക?
ഭാഷാപഠനത്തിന്റെ ആദ്യഘട്ടത്തിൽ ഏതൊരു വിദ്യാർത്ഥിയും മൂന്നുതരം അറിവുകളാണ് പാഠ്യപ്രവർത്തനങ്ങളിലൂടെ നേടുക. ശബ്ദം, ആശയം, അക്ഷരം. ഈ പ്രവർത്തനങ്ങൾ എങ്ങനെയാണ് ഗോത്ര -ഗോത്രേതര മേഖലയിലെ വിദ്യാലയങ്ങളിൽ പ്രാവർത്തികമാക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഉദാഹരണത്തിന് ഒന്നാം ക്ലാസിലെ പാഠഭാഗത്ത് ഊഞ്ഞാലിനെ കുറിച്ച് പഠിക്കുമ്പോൾ ഊഞ്ഞാൽ എന്ന ശബ്ദവും അതിലൂടെ ലഭിക്കുന്ന ആശയവും തുടർന്ന് ആശയം രേഖപ്പെടുത്താനുള്ള അക്ഷരങ്ങളുമാണ് പാഠ്യപ്രവർത്തനത്തിലൂടെ വിദ്യാർത്ഥി നേടുന്ന പഠനനേട്ടങ്ങൾ. ഈ പഠനസാഹചര്യത്തിൽ മലയാളം മാതൃഭാഷയായ വിദ്യാർത്ഥിക്ക് ഊഞ്ഞാൽ എന്ന ശബ്ദവും അതിലൂടെ ലഭിക്കുന്ന ഊഞ്ഞാൽ എന്ന ആശയവും മുന്നറിവാണ് അഥവാ പരിചിത കാര്യങ്ങളാണ്. അവർക്ക് ഊ,ഞ്ഞാ,ൽ എന്നീ അക്ഷരങ്ങൾ മാത്രമേ പഠിക്കേണ്ടതായിട്ടുള്ളൂ. എന്നാൽ ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്ക് ഊഞ്ഞാൽ എന്ന ശബ്ദം പരിചിതമല്ല എന്നുമാത്രമല്ല അതിലൂടെ ഊഞ്ഞാൽ എന്ന ആശയത്തിലേക്ക് എത്തിച്ചേരാനും സാധ്യമല്ല. അതുകൊണ്ടുതന്നെ മലയാളിയായ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഗോത്ര വിദ്യാർത്ഥികളെ അപേക്ഷിച്ച് ക്ലാസ് മുറിയിൽ ഏറെ പ്രിവിലേജ്ഡ് ആയിരിക്കും എന്നതാണ് യാഥാർത്ഥ്യം. ചില മലയാള വാക്കുകൾക്ക് ഗോത്ര ഭാഷയിൽ മലയാള അർത്ഥത്തിന്റെ നേർ വിപരീതാർത്ഥങ്ങളാണുള്ളത്. മലയാളത്തിലെ 'കര' എന്ന പദത്തിന് ഗോത്ര ഭാഷയിൽ പുഴ എന്നാണർത്ഥം. രണ്ടു ഭാഷകളിലെയും സാമ്യമായ പല ശബ്ദരൂപങ്ങളും വ്യത്യസ്തമായ അർത്ഥങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല, പഠനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇത്തരം സങ്കീർണമായ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിവരുന്ന ഗോത്രവിദ്യാർത്ഥികൾക്ക് തുടർപഠനങ്ങളിലേക്കെത്താനുള്ള സാധ്യത എത്രത്തോളമുണ്ട് എന്ന് സങ്കൽപ്പിക്കാവുന്നതേയുള്ളു.
ഭാഷാപരമായ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ മാതൃഭാഷയായ ഗോത്ര ഭാഷയിലൂടെയുള്ള പഠനം സാധ്യമാകാത്ത സാഹചര്യത്തിൽ ഗോത്രഭാഷയെയും മലയാളഭാഷയെയും ഒരുപോലെ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠനപ്രവർത്തനങ്ങളാണാവശ്യം. ഉദാഹരണത്തിന് ഊഞ്ഞാൽ എന്ന മലയാളപദത്തിന് ഗോത്ര ഭാഷയായ ഇരുളയിൽ 'ധൂരി' എന്നാണ് പറയുക. ക്ലാസിൽ ഊഞ്ഞാൽ എന്ന പദത്തിനോടൊപ്പം തന്നെ ധൂരി എന്ന പദവും ഉപയോഗപ്പെടുത്തുകയാണെങ്കിൽ ധൂരി, ഊഞ്ഞാൽ എന്നീ ശബ്ദങ്ങളും, 'ധൂരി' എന്ന ശബ്ദത്തിലൂടെ അത് മുന്നോട്ടുവയ്ക്കുന്ന ആശയവും അവ രേഖപ്പെടുത്താൻ ധൂ,രി, ഊ, ഞ്ഞാ, ൽ എന്നീ മലയാള അക്ഷരങ്ങളും പഠിക്കാൻ സാധിക്കും. ഈ പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കാനുള്ള വെല്ലുവിളി പാഠഭാഗത്തിന് അനുയോജ്യമായ പദങ്ങൾ ഗോത്രമേഖലയിലുള്ള പ്രൈമറി തലത്തിലെ അധ്യാപകർ കണ്ടെത്തുക എന്നതാണ്. പ്രൈമറിതലത്തിൽ 95% ത്തോളം ഗോത്രവിഭാഗ അധ്യാപകരുള്ള അട്ടപ്പാടി മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ വെല്ലുവിളി സൃഷ്ടിക്കാൻ സാധ്യതയില്ല. മറ്റിടങ്ങളിൽ അധ്യാപകർക്കുള്ള അവധിക്കാല പരിശീലനങ്ങളിൽ (ക്ലസ്റ്റർ) പാഠഭാഗത്ത് ഉൾപ്പെടുത്താനാവശ്യമായ ഗോത്ര പദങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാവുന്നതേയുള്ളൂ.

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം ഏറെ മുന്നിട്ടു നിൽക്കുമ്പോഴും ഗോത്രമേഖലയിലെ വിദ്യാഭ്യാസത്തെക്കുറിച്ചും സാക്ഷരതയെ കുറിച്ചും തിരിഞ്ഞുനോട്ടം നടത്തുന്നത് ഉചിതമായിരിക്കും. ഗോത്രമേഖലയിലെ സ്കൂളുകളിൽ സംഭവിക്കുന്ന കൊഴിഞ്ഞുപോക്ക് (ഡ്രോപ്പ് ഔട്ട്) പരിഹരിക്കാൻ എന്നാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് പ്രാപ്തമാവുക? അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ തുല്യതാ പരീക്ഷകളിലൂടെ എത്രനാളാണ് നാം പിടിച്ചുനിൽക്കുക? അതിലുപരി രേഖപ്പെടുത്താത്ത, രേഖപ്പെടുത്താനാവശ്യമായ ലിപിവ്യവസ്ഥകൾ അന്യപ്പെട്ടുപോയ ഭാഷയുടേയും ഗോത്രജനതയുടെയും സമ്പന്നവും സമ്പുഷ്ടവുമായ പാരമ്പര്യത്തെയും വാമൊഴി സാഹിത്യത്തെയും അടയാളപ്പെടുത്താനാവശ്യമായ പിന്തുണ നൽകുക എന്ന ഉത്തരവാദിത്വം കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ മാത്രമേ നാം സ്വാഭിമാനത്തോടെ ഓർക്കുന്ന 'മലയാളി' എന്ന സംജ്ഞ അർത്ഥപൂർണ്ണമാവുകയുള്ളു.